എല്ലാം കണ്ട് പേടിച്ച് എന്റെ കുഞ്ഞ് എന്റെ കയ്യിൽ മുറുക്കിപ്പിടിച്ചു ഞാൻ അവളെ എന്നോട് ചേർത്തുപിടിച്ചു ഒന്നും ഇല്ല…

സ്റ്റോറി By ഇഷ

“”” എടി ഒരുമ്പട്ടോളെ നീയിതിന് അനുഭവിക്കും!!””
എന്ന് അയാളുടെ അമ്മ എന്നെ നോക്കി വിളിച്ചു പറയുന്നുണ്ടായിരുന്നു പക്ഷേ അത് കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല..

എല്ലാം കണ്ട് പേടിച്ച് എന്റെ കുഞ്ഞ് എന്റെ കയ്യിൽ മുറുക്കിപ്പിടിച്ചു ഞാൻ അവളെ എന്നോട് ചേർത്തുപിടിച്ചു ഒന്നും ഇല്ല എന്ന മട്ടിൽ അവളുടെ കുഞ്ഞു മിഴികൾ നിറയുന്നുണ്ടായിരുന്നു. അത് എനിക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

ചെറുപ്പത്തിലെ അച്ഛൻ മരിച്ചതായിരുന്നു എന്റെ.. അതുകൊണ്ട് തന്നെ അമ്മ അന്യരുടെ വീട്ടിലെ പാത്രം കഴുകിയാണ് എന്നെ വളർത്തിയത്…
അമ്മാവന്മാർ ഒരുപാട് പേർ ഉണ്ടായിരുന്നു… അവർക്ക് പെങ്ങളും മകളും ഒരു ബാധ്യതയാകാതിരിക്കാനാണ് കുറച്ച് സ്ത്രീധനം മാത്രം ചോദിച്ചുവന്ന ഒരുത്തന്റെ തലയിൽ എന്നെ കെട്ടിവെച്ചത്…

അയാളുടെ വീട് ജപ്തിയുടെ വക്കിൽ ആയിരുന്നു അതിൽ നിന്ന് വീട് സംരക്ഷിക്കാൻ ഒരു മാർഗ്ഗമായിരുന്നു അയാളുടെ വീട്ടുകാർക്ക് ഈ വിവാഹം..

അതുകൊണ്ടുതന്നെ എന്റെ കല്യാണം കഴിഞ്ഞതും അടുത്ത ദിവസം തന്നെ എന്റെ സ്വർണം എല്ലാം വിറ്റ് ബാങ്കിലെ കടം വീട്ടി.. ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അതൊന്നും സാരമില്ല ഇനി നിന്റെ വീട് അതല്ലേ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു..

ഞാനും അങ്ങനെ തന്നെയാണ് കരുതിയത്.. പക്ഷേ ക്രമേണ എനിക്ക് അവിടുത്തെ സ്ഥിതിഗതികൾ ഏകദേശം മനസ്സിലായി വെറും ഒരു കുടിയൻ ആയിരുന്നു അയാൾ..
കുടി മാത്രമല്ല പിന്നെയും എന്തൊക്കെയോ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ട്…

സത്യത്തിൽ ആരെങ്കിലും നേരാംവണ്ണം അന്വേഷിച്ചിട്ടുണ്ടായിരുന്നെങ്കിൽ ആരും അയാൾക്ക് പെണ്ണ് കൊടുക്കില്ല ഇത് പിന്നെ ബാധ്യത ഒഴിവാക്കാൻ വേണ്ടിയുള്ള വിവാഹം ആയതുകൊണ്ടാണ് എന്റെ അമ്മാവന്മാർ അതൊന്നും വലിയ കാര്യമാക്കാതെ അയാൾക്ക് എന്നെ കല്യാണം കഴിച്ചു കൊടുത്തത്…

അയാളുടെ കള്ളുകുടിയും ദേഹോപദ്രവവും കൊണ്ട് മടുത്തിട്ടാണ് ഞാൻ എന്റെ വീട്ടിലേക്ക് ഇറങ്ങിപ്പോയത്…

വീട്ടിൽ എത്തിയതിനുശേഷം ആണ് ഞാൻ ഗർഭിണിയാണ് എന്നുള്ള സത്യം അറിഞ്ഞത്..
അവിടെ എനിക്ക് ഉണ്ടായ ദുർവിധികൾ പറഞ്ഞപ്പോൾ അമ്മയും എന്റെ കൂടെ നിന്നു… അയാൾക്ക് തല്ലാനായി അവിടെ നിൽക്കണ്ട എന്ന് പറഞ്ഞു..

എന്റെ വീട് എന്ന് പറയുന്നത് ഒരു ചെറിയ കുടിലായിരുന്നു.. വെറുതെ നാലഞ്ചു കവുങ് വച്ച് അതിനു മുകളിൽ ടാർപ്പായ വലിച്ച് കെട്ടിയത്..

എങ്കിലും സമാധാനം ഉണ്ടാവും.. അവിടെ സ്വർഗ്ഗമായിരുന്നു എനിക്ക്.
അന്യരുടെ വീട്ടിൽ പോയി കഷ്ടപ്പെട്ടിട്ടാണെങ്കിലും അമ്മ എന്നെ നന്നായി നോക്കി ഞാനും അടുത്തുള്ള ഒരു ചെറിയ ഷോപ്പിൽ ജോലിക്ക് പോയി… ഖാദിയുടെ തുണിക്കട ആയിരുന്നു വലിയ കച്ചവടം ഒന്നുമില്ല വെറുതെ ഇരുന്നാൽ മതി.. മാസം ആറായിരം രൂപ കിട്ടും..!!

അതും കൂടി ആയപ്പോൾ പിന്നെ ഞങ്ങൾക്ക് അത്യാവശ്യം നന്നായി കഴിയാം എന്നായി എങ്കിലും കിട്ടുന്നത് ഒന്നും ചെലവാക്കാതെ ഞാനും അമ്മയും എടുത്തു വച്ചിരുന്നു പ്രസവത്തിനും മറ്റുമായി..

അയാളുടെ വീട്ടിൽ നിന്ന് ഒരിക്കൽപോലും ആരും അന്വേഷിച്ചു വന്നില്ല പറയുമ്പോൾ എന്റെ സ്വർണം കൊണ്ടാണ് ആ വീട്ടിൽ ഇന്നും അവർ കേറി കിടക്കുന്നത്..

നന്ദിയില്ലാത്ത കൂട്ടരാണെന്ന് അപ്പോഴേ മനസ്സിലായിരുന്നു… മാസങ്ങൾ കഴിഞ്ഞതും ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി… കുറച്ചുനാൾ ജോലിക്ക് പോകാൻ പറ്റിയില്ല പക്ഷേ അവൾ ഇത്തിരി വലുതായപ്പോൾ അവളെയും കൊണ്ട് ഞാൻ ആ കടയിലേക്ക് പോകുമായിരുന്നു…

അംഗനവാടിയിൽ പോയിരിക്കാൻ ആയപ്പോൾ അവളെ അവിടെ കൊണ്ടാക്കി..

ഇതിനിടയിലാണ് അമ്മയ്ക്ക് അസുഖം വരുന്നതും പെട്ടെന്ന് തന്നെ അമ്മ ഞങ്ങളെ വിട്ടു പോകുന്നതും..
അതുവരെ ഇല്ലായിരുന്ന അരക്ഷിതാവസ്ഥ ഞങ്ങളെ പിടികൂടി ഇപ്പോഴാണ് വീടിന് അടച്ചുറപ്പില്ല എന്ന കാര്യം ഞങ്ങൾ ശ്രദ്ധിക്കുന്നത് ഒരു നല്ല വീട് വേണം എന്നത് മോഹമായിരുന്നു പഞ്ചായത്തിൽ അപേക്ഷ കൊടുത്തപ്പോൾ കുറച്ചു രൂപ കിട്ടി…
കുറച്ചുകൂടി കിട്ടും പക്ഷേ ബാക്കി പണി മുഴുവൻ ചെയ്തു കാണിക്കണം..

ഈ സമയത്താണ് അയാൾ വീണ്ടും വന്നത് എല്ലാ തെറ്റിനും മാപ്പ് പറഞ്ഞുകൊണ്ട്…
അമ്മ മരിച്ചതിനു ശേഷം പാതിരാത്രിയിൽ പലരും ഞങ്ങളുടെ വീടിന്റെ വാതിൽ തട്ടാറുണ്ടായിരുന്നു അയാൾ വന്നപ്പോൾ ഇനി അങ്ങനെ ഒരു കാര്യം നേരിടേണ്ടല്ലോ എന്ന് കരുതി ഞാൻ അയാളെ സ്വീകരിച്ചു..

എല്ലാ ദുശീലങ്ങളും നിർത്തി എന്ന് പറഞ്ഞപ്പോൾ അത് വിശ്വസിച്ചു..
അപ്പോഴേക്കും പഞ്ചായത്തിൽ നിന്ന് കിട്ടിയ പൈസ കൊണ്ട് വീടിന്റെ വാർപ്പ് വരെ കഴിച്ചിട്ടു… ഇനി വാതിൽ വെക്കണം നിലം പണിയും ചെയ്യണം എങ്കിലേ ബാക്കി കിട്ടു…

അതിനായി ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുതലാളിയോട് പോയി ചോദിച്ചപ്പോൾ അദ്ദേഹം കുറച്ചു പണം എടുത്തു തന്നു… അല്പാല്പമായി ശമ്പളത്തിൽ നിന്ന് പിടിച്ചോളാം എന്നും പറഞ്ഞു..

ആടിനെ വളർത്തുന്നുണ്ട് കോഴിയും ഉണ്ട് അതുകൊണ്ടുതന്നെ ആ പൈസയിൽ നിന്ന് അല്പം അങ്ങേര് പിടിച്ചാലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാം എന്ന് ഞാനും കരുതി..

ആ പണം വീട്ടിൽ കൊണ്ടുപോയി വച്ചു.. അടുത്തദിവസം ജോലിക്ക് പോയി ഞാൻ തിരികെ വന്നപ്പോൾ കാണുന്നത് ആ പണം എടുത്തു കൊണ്ടുപോയി കുടിച്ച്,

എന്റെ കുഞ്ഞുമോളുടെ ദേഹത്തേക്ക് പടർന്നു കയറുന്ന അവളുടെ അച്ഛൻ എന്നു പറയുന്ന ആ മഹാപാപിയെ ആണ്..

പിന്നെ നിയന്ത്രിക്കാൻ പറ്റിയില്ല അവിടെ ഇരിക്കുന്ന ഒരു സ്റ്റൂൾ എടുത്ത് അയാളുടെ തലയ്ക്ക് നോക്കി അടിച്ചു..
എന്റെ മോള് ഓടി എന്റെ അരികിൽ വന്നു…

വീടിന് വാതിൽ വയ്ക്കാൻ വച്ച പൈസ…
അയാളുടെ സ്വന്തം മകളോട് ചെയ്ത തെറ്റ്… എനിക്ക് നിയന്ത്രണങ്ങൾ വീണ്ടും തെറ്റിപ്പോകുന്നുണ്ടായിരുന്നു..
അവിടെയുള്ള വെട്ടുകത്തി എടുത്ത് ഞാൻ അയാളുടെ നേരെ വീശി..

പക്ഷേ അപ്പോഴേക്കും അയാൾ ഇറങ്ങിയോടി അടുത്തുള്ളവരെല്ലാം അത് കണ്ട് നിന്നു… ആരോ പോലീസിനെ വിളിച്ചു പോലീസ് വന്നതും ഉണ്ടായതെല്ലാം ഞങ്ങൾ തുറന്നു പറഞ്ഞു അയാളെ പോലീസ് പിടിച്ചു കൊണ്ടുപോയി പോക്സോ ആയതുകൊണ്ട് തന്നെ അയാളെ പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടു ഒപ്പം ചീത്തപ്പേരും..

പോലീസുകാരന്റെ അടുത്ത് ചെന്ന് അയാളിൽ നിന്ന് ഉണ്ടായ എല്ലാ അനുഭവങ്ങളും ഞാൻ പറഞ്ഞു ഗാർഹിക പീ ഡനത്തിനും പോക്സൊക്കും എല്ലാം കൂടി അടുത്തകാലത്തൊന്നും പുറത്തിറങ്ങാത്ത വിധം അയാളെ ജയിലിൽ പൂട്ടിയിട്ടോളാം എന്നവർ ഉറപ്പു തന്നു.

അതോടെയാണ് ഇത്തിരി സമാധാനമായത് കോടതിയിൽ ഹാജരാക്കുമ്പോൾ ഞങ്ങളോടും ചെല്ലാൻ പറഞ്ഞിരുന്നു അയാളുടെ അമ്മയും പെങ്ങളും എല്ലാം അവിടേക്ക് വന്നിരുന്നു അവർ ഞങ്ങൾക്ക് നേരെ ശാപങ്ങൾ ചൊരിഞ്ഞു..

കോടതിയിൽ വച്ച് കണ്ടപ്പോൾ അയാൾക്ക് നേരാംവണ്ണം നടക്കാൻ പോലും പറ്റുന്നില്ലായിരുന്നു പോലീസുകാർ കൊടുത്ത സമ്മാനമാവും.

അവരിലും പെൺകുഞ്ഞുങ്ങളുള്ള അച്ഛന്മാർ ഉണ്ടാകുമല്ലോ… ഇതൊന്നും കേൾക്കാൻ പോലും കഴിയാത്തവർ..

എന്തായാലും വീട്ടിലേക്ക് തിരിച്ചു പോകുന്നത് സമാധാനത്തോടുകൂടി തന്നെയാണ്… എന്റെയും മോളുടെയും കാതിൽ കിടക്കുന്നതും മറ്റും വിറ്റ് അടച്ചുറപ്പുള്ള വാതിൽ വച്ചു വീടിന് ആദ്യം അതാണ് വേണ്ടത് എന്ന് മനസ്സിലായിരുന്നു പ്രത്യേകിച്ച് ഒരു പെൺകുട്ടിയെയും കൊണ്ട് താമസിക്കുമ്പോൾ..

ഇനി ജീവിച്ചു തുടങ്ങണം എന്റെ കുഞ്ഞിനെ ഈ ചിറകനടിയിൽ വച്ചുകൊണ്ട് ഒരു പരുന്തിനും റാഞ്ചാൻ കൊടുക്കാതെ..

Leave a Reply

Your email address will not be published. Required fields are marked *