തന്റേതല്ലാത്ത കാരണങ്ങളാൽ വിവാഹ മോചിതയായവൾ എന്നൊക്കെ പറയുമ്പോൾ പറയാം…

തന്റേതല്ലാത്ത കാരണങ്ങളാൽ

രചന: Vandana M Jithesh

:::::::::::::::::::

ശാന്തമായ ഒരു സായാഹ്നമായിരുന്നു അത്.. പതിഞ്ഞ കാറ്റും ആ കോഫി ഷോപ്പിലെ നേർത്ത സംഗീതവും അതിന്റെ മാറ്റു കൂട്ടി…

‘നിഷാ.. ‘ അവൾ നോട്ടമുയർത്തി.. ശ്യാം.. തനിക്കേറ്റവും പ്രിയപ്പെട്ട ഇളംനീല ഷർട്ടിൽ ഒന്നുകൂടി സുന്ദരനായിരിക്കുന്നു.

‘ ഹേയ്.. ഏതു ലോകത്താടോ.. ‘

ശ്യാം കസേര നീക്കിയിട്ട് ഒരു കോഫി ഓർഡർ ചെയ്തു. മൊബൈൽഫോൺ മേശ മേൽ വച്ചു, മുന്നോട്ടാഞ്ഞിരുന്നു.

‘ വെറുതെ.. ഞാൻ നോക്കുകയായിരുന്നു.. ശ്യാമിന് ഒരു മാറ്റവുമില്ലല്ലോ ന്ന്.. ഫോൺ പോക്കറ്റിലിട്ട് ഇരിക്കാനിപ്പഴും പേടിയാണല്ലേ.. ‘

ചിരിച്ചുകൊണ്ടാണ് അവൾ ചോദിച്ചത്… മറുപടിയായി അവനും ചിരിച്ചു
‘ ചിലതൊന്നും ഒരിക്കലും മാറില്ല നിഷാ..’

‘ മാറ്റാൻ പറ്റാഞ്ഞിട്ടല്ലല്ലോ.. വേണ്ടാന്ന് വച്ചിട്ടല്ലേ .? ഓരോ വട്ടുകള് ‘ അവൾ കുറുമ്പോടെ പറഞ്ഞു

‘ മാറ്റാൻ ഇഷ്ടമില്ലാത്ത ചിലതുണ്ടല്ലോ… ചില വട്ടുകളൊന്നും ചികിത്സിക്കാൻ പാടില്ല നിഷാ.. അതൊക്കെയാവും ജീവിതത്തിന്റെ താളം . അത് മാറുന്നതോടെ എന്തൊക്കെയോ നഷ്ടപ്പെട്ടു പോകും.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല.. ചില ഇഷ്ടങ്ങൾ പോലെയാണ്.. ‘ ശ്യാം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

മൗനം അവിടെ പരന്നു..

‘സർ . കോഫി..’

‘താങ്ക്യൂ ‘ ശ്യാം കോഫി പതിയെ കുടിച്ചു

അല്ല നിഷാ… കഴിഞ്ഞ സൺഡേ വന്നവർ വിളിച്ചോ. ?’

‘അത് ശരിയാവില്ല ശ്യാം.. അവർക്ക് സംശയം മാറുന്നില്ല.. തന്റേതല്ലാത്ത കാരണങ്ങളാൽ വിവാഹ മോചിതയായവൾ എന്നൊക്കെ പറയുമ്പോൾ പറയാം.. പെണ്ണിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും കുഴപ്പമില്ലാതെ ഒരു കല്യാണം ഒഴിയില്ലല്ലോ എന്ന്.. ‘

ശ്യാം മൂളി..

‘ അവരെ കുറ്റം പറയാനാകില്ലല്ലോ.. കൂടെ അവരുടെ നോട്ടവും ഭാവവും.. കൂട്ടത്തിൽ ഒരമ്മായിടെ കമന്റ് രസാരുന്നു ട്ടോ.. ‘

ശ്യാം കൗതുകത്തോടെ നോക്കി..
‘ അടങ്ങിയൊതുങ്ങി നിന്നാൽ കൊള്ളാം.. അല്ലെങ്കിൽ ഇനി മൂന്നാം കെട്ടിനും ഇങ്ങനെ നിക്കേണ്ടി വരുമെന്ന്..’

അവളുടെ ഒച്ച ഇടറിയിരുന്നു..

‘ നിന്റെ വീട്ടുകാരില്ലാരുന്നോ? നല്ല മറുപടി കൊടുക്കാരുന്നില്ലേ.? ‘ ശ്യാമിന്റെ മുഖം ചുവന്നു

‘ നല്ല കഥ.. ചിലപ്പോഴൊക്കെ മൗനമാണ് നല്ലതെന്ന് അവരും ഞാനും മനസ്സിലാക്കിക്കഴിഞ്ഞു ശ്യാം .. ‘ നിഷ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

‘ഇതിലും നല്ലത് ആദ്യ ഭർത്താവ് മരിച്ചു പോയി ന്ന് പറയുന്നതാണല്ലേ..’

‘ശ്യാം..’ നിഷ കിതപ്പോടെ അവനെ നോക്കി.. ‘ അങ്ങനെ തമാശയ്ക്ക് പോലും പറയരുതേ.. അകന്നിരുന്നാലും ദോഷം വരുന്നതൊന്നും ചിന്തിക്കാൻ പോലും കഴിയില്ല .. ‘

മൗനം പരന്നു …

‘അല്ലാ… എന്തായി അവിടുത്തെ കാര്യങ്ങൾ? ‘ നിഷ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു

‘എന്താവാൻ.. എല്ലാം അങ്കിൾ ഏറ്റെടുത്തിരിക്കല്ലേ… ഈ പറഞ്ഞ പോലെ തന്റേതല്ലാത്ത കാരണങ്ങളാൽ വിവാഹമോചിതനായ പുരുഷൻ എന്നും പറഞ്ഞു നടപ്പുണ്ട് ‘

‘ അത് നന്നായി.. അങ്കിൾ പുതിയ മിഷൻ ആയി കണ്ട് കൈകാര്യം ചെയ്തോളും.. ‘

അവർ ഇരുവരും ചിരിച്ചു ..

‘നമുക്കൊന്നു നടന്നാലോ നിഷാ ‘
‘ ഞാൻ പറയാൻ തുടങ്ങുകയായിരുന്നു ‘

ശ്യാം ബിൽ പേ ചെയ്തു വന്നു.. അവർ നടപ്പാതയിലേക്ക് നടന്നു… മൗനം അവർക്കിടയിൽ നിറഞ്ഞു

‘ശ്യാം… ‘

‘ പറ നിഷാ.. ‘

‘ ശ്യാം.. ഞാനൊരു കാര്യം പറയട്ടെ .. ‘

‘അതിനീ മുഖവുര വേണോ?’

‘പറയൂ ശ്യാം… ഞാൻ പറയട്ടെ..?’

‘പറ’

‘ ശ്യാം ഇനി വിവാഹം കഴിച്ചാൽ ഭാര്യയെ നന്നായി നോക്കണം കേട്ടോ.. ‘ അവൻ നടത്തം നിർത്തി അവളെ ഉറ്റു നോക്കി

‘ നോക്കുക എന്നു വെച്ചാൽ കണ്ണുകൊണ്ടല്ല.. മനസ്സു കൊണ്ട് .. ഞങ്ങൾ പെണ്ണുങ്ങൾക്ക് ഭർത്താക്കന്മാർ കൊഞ്ചിക്കുന്നതും ഓമനിക്കുന്നതുമൊക്കെ ഒത്തിരി ഇഷ്ടാണ്..

ഏറ്റവും കൂടുതൽ ഇഷ്ടം ആരെയാണെന്ന് എപ്പോഴും ചോദിക്കുന്നത് എന്തിനാണെന്നോ… അതെന്റെ പെണ്ണിനെയാണെന്ന് പറയുന്നത് കേൾക്കാൻ…

എപ്പോഴും എപ്പോഴും വഴക്കിടുന്നതും, വെറുതെ കരയുന്നതുമൊക്കെ എന്തിനാണെന്നോ.. കൂടുതൽ ചേർന്ന്നിൽക്കാനും പരസ്പരം അലിയാനും..

അപ്പോൾ ചുമ്മാ മസിലു പിടിക്കാതെ അങ്ങ് ചേർത്ത് പിടിച്ചേക്കണം കേട്ടോ.. ‘

നേർത്ത തേങ്ങലോടെ നിഷ പറഞ്ഞു നിർത്തി.. അവളുടെ കണ്ണിൽ നനവ് പടർന്നിരുന്നു.. ആ കണ്ണു തുടച്ച് അവളെ മാറോട് ചേർത്തണയ്ക്കാനും അവളുടെ പിടപ്പുകളെ തന്റേതാക്കാനും അവന്റെ മനം തുടിച്ചു..

പക്ഷേ എന്തോ ഒന്ന് അവനെ പിന്നോട്ടു വലിച്ചു..

‘നിഷാ… ‘ അവൻ അരുമയായി വിളിച്ചു..

‘ നിനക്കറിയാമോ… ജീവിതം മുന്നോട്ട് പോകുമ്പോൾ ചിലപ്പോഴൊക്കെ അതിന് നിറഭേദങ്ങളുണ്ടാവും.. എപ്പോഴും മധുരം മാത്രമല്ല.. അതിന്റെ കൂടെ തുഴയുമ്പോൾ പിറകോട്ട് നോക്കാഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ്..

ഞാൻ എങ്ങനെയാണെങ്കിലും എന്റെ കൂടെ എന്റെ പാതിയും ഉണ്ടാവുമെന്ന് ഞാൻ വിശ്വസിച്ചു.. അവളിൽ ഞാൻ എന്നെ തന്നെ കണ്ടു.. ഞാൻ ഞാനായി ജീവിച്ചു.. പാടില്ലായിരുന്നു.. അവൾക്ക് വേണ്ടി, അവളുടെ മോഹങ്ങൾക്ക് വേണ്ടി കൂടെ ജീവിക്കണമായിരുന്നു.. ‘

ശ്യാമിന്റെ കലങ്ങിയ കണ്ണുകൾ അവളുടെ ഹൃദയം തകർത്തു.. ആ മുഖം കൈകളിൽ കോരിയെടുത്ത് അലസമായി പാറുന്ന മുടിയിഴകളെ വകഞ്ഞുമാറ്റി , വാത്സല്യത്തോടെ ആ നെറ്റിയിൽ ചുംബിക്കാൻ മനസ്സു തുടിച്ചു.. പക്ഷേ ആ തൃഷ്ണ അവളിൽ തന്നെയൊതുങ്ങി.

‘ശ്യാം… ഞാൻ പോട്ടെ.. ‘

‘എത്തിയിട്ട് വിളിക്ക്..’

‘മം..’

അവൾ നടന്നകലുന്നതും നോക്കി അവൻ നിന്നു…

‘ശ്യാം… ‘

‘പറ നിഷാ.. എത്തിയോ.. ‘

‘എത്തി.. തിരക്കിലാണോ? ‘

‘എന്തോ പറയാൻ ഉണ്ടെന്നു തോന്നുന്നു ‘
‘ശ്യാം… ‘

‘പറയ് നിഷാ.. ‘

‘പറയാനല്ല.. ചോദിക്കാനാണ്… ‘

‘ ചോദിക്ക്…’

‘ നിനക്ക് എന്നിൽ നിന്നെ ഇനിയും കാണാൻ പറ്റുമോ? ‘

‘ നിഷാ… ‘

‘പറയൂ ശ്യാം.. ‘

‘ നിന്നിൽ മാത്രമേ എനിക്കെന്നെ കാണാൻ കഴിയുകയുള്ളൂ നിഷാ.. ‘

‘എങ്കിൽ എന്നെ കൂട്ടാൻ എപ്പൊ വരും? ‘

‘ നീ പറഞ്ഞാൽ ഇപ്പൊവരും ‘

‘ എന്നാ പറ.. ശ്യാമിന് ഏറ്റവും…’

‘നിന്നെ… നിന്നെ മാത്രമാണ് പെണ്ണേ.. ‘

അവരുടെ കണ്ണീരിൽ ചിരി പടർന്നു… ആ ചിരി മേശമേലിരുന്ന അവരുടെ പഴയ വിവാഹഫോട്ടോയിലും പ്രതിഫലിച്ചു…

വെളിച്ചം കാണാതെ ആ പരസ്യം ശേഷിച്ചു.. ‘ തന്റേതല്ലാത്ത കാരണങ്ങളാൽ…