എന്റെ അച്ചായത്തികുട്ടിക്ക്…
രചന: Aneesh Anu
നീണ്ട മൂന്ന് വര്‍ഷത്തെ പ്ര വാ സത്തിനുശേഷം നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. വാങ്ങിയ സാധനങ്ങള്‍ എല്ലാം പായ്ക്ക് ചെയ്തെന്നു ഒന്ന് കൂടി ഉറപ്പുവരുത്തി.
ഈ മണലാരണ്യത്തില്‍ വന്നിട്ട് ആറു വര്‍ഷം കഴിഞ്ഞു അതിനിടയില്‍ നാട്ടില്‍ പോകുന്നത് മൂന്നാമത്തെ തവണ.
ഇത്തവണത്തെ പോക്കിന്നൊരു ത്രില്ലുണ്ട് നേരെ പോക്കുന്നത് കണ്ണനെ കാണാന്‍ ആണ്, തന്റെ പ്രിയ സൗഹൃദം, ഓടി തീര്‍ത്ത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എന്നും തനിക്കു താങ്ങായും തണലായും നിന്നവന്‍.
പതിവുപോലെ ഇന്നലെ വിളിച്ചപ്പോഴും അവനോട് ചോദിച്ചു.
” ടാ ഞാന്‍ വരുമ്പോള്‍ നിനക്കെന്നാ കൊണ്ട് വരണ്ടേ” പതിവ് മറുപടി തന്നെ അവന്‍ ആവര്‍ത്തിച്ചു.
” നമ്മുടെ സൗഹൃദത്തിന് നീ ഒരു സമ്മാനം കൊണ്ട് വിലപറയരുത് കേട്ടോടി” തത്ക്കാലം ഒന്ന് കണ്ടാമതിയേ”
“ഓ എന്നാ അങ്ങനാവട്ടു ”
അങ്ങനെ പറഞ്ഞെങ്കിലും അവനു കൊടുക്കാന്‍ ഒരു മോതിരം വാങ്ങി വെച്ചിട്ടുണ്ട് ബാഗില്‍.
“നീതു നിന്റെ പാക്കിംഗ് എല്ലാം കഴിഞ്ഞാരുന്നോ കൊച്ചേ ?”
ബിന്‍സി ചേച്ചിയാണ് വിളിച്ചു കൂവുന്നെ..
” കഴിഞ്ഞാരുന്നു ചേച്ചി എല്ലാം ഒന്നുടൊന്നു നോക്കുവാരുന്നു”
” അവനുള്ളതും എടുത്തില്ലിയ്യോ, ഈ പോക്കില്‍ എങ്കിലും നീ പറയുവോടി അവനോട് ” ചേച്ചി സംശയത്തോടെ ഒന്ന് നോക്കി.
” അയ്യേ ഈ ചേച്ചിക്കിതെന്നാത്തിന്റെ കേടാ അവന്‍ ന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലിയോ, നിങ്ങക്കതിനിയും മനസിലായില്ലേ ?”
” ഉവ്വ് ഉവ്വ് ഞാന്‍ പോന്നു നല്ല ക്ഷീണവാ ഒന്ന് കിടക്കട്ടെ കൊച്ചേ” ഒരു കള്ളച്ചിരി ചിരിച്ചിട്ട് ചേച്ചിയങ്ങ് പോയി.
ഇവര്‍ക്കൊക്കെ എന്നാത്തിന്റെ കേടാ ഈശോയെ അവനെ കെട്ടാന്‍ നാട്ടില്‍ പോവ്വാന്ന് എല്ലാരുടെം വിചാരം.
അവരെ പറഞ്ഞിട്ട് കാര്യോല്ല ലീവ് കിട്ടിയപ്പോള്‍ ഉള്ള സന്തോഷത്തിന് കണ്ണനെ കാണാന്‍ പോവ്വാന്ന് കൊട്ടിഘോഷിച്ചത് ഞാന്‍ തന്നെ ആണ്. കിടക്കാന്‍ നേരം വീടിലോട്ടൊന്ന് വിളിച്ചു. അമ്മച്ചിയാന്നു ഫോണ്‍ എടുത്തേ.
” ആ മോളെ നീ ഇറങ്ങിയോടി, എപ്പോഴാ ഫ്ലൈറ്റ് ? ”
” ഇല്ലമ്മച്ചി, രാവിലെയാ ഫ്ലൈറ്റ്, കിടന്നില്ലാരുന്നോ, അപ്പനും ജോയും എന്തിയെ? ”
” അപ്പനും മോനും കൂടിവിടെ ടിവി കാണുവാ, നീ വന്നിട്ടുവേണം ഈ ചെറുക്കനെ കൂടങ്ങ് പിടിച്ചു കെട്ടിക്കാന്‍”
“ആദ്യം നിങ്ങളെന്നെ കെട്ടിക്കു എന്നിട്ട് മതി ബാക്കി, വയസ്സെത്ര ആയിന്നു വല്ല വിചാരോം ണ്ടോ നോക്കിയേ”
” ഓ അതോര്‍ത്ത് മോള് വിഷമിക്കണ്ടാട്ടോ നിനക്കുള്ളതെല്ലാം ഞാന്‍ നോക്കി വെച്ചിട്ടുണ്ട് ”
“എന്നാ ശരി ഞാന്‍ വെക്കുവാ അമ്മച്ചി ഒന്ന് ഉറങ്ങട്ടെ”
“ശരി മോളെ നീ ഇറങ്ങാന്‍ നേരം വിളി ”
അമ്മച്ചി ഇനി നാട്ടില്‍ ഇതു കുരുശിനെയാന്നോ കണ്ടു വച്ചേക്കുന്നെ.
ഇതോക്കെ ഉണ്ടോ അവന്‍ അറിയുന്നു വിളിച്ചു നോക്കട്ടെ ക്ഷീ ര ക ര്‍ഷകന്‍ നാട് നന്നാക്കലും കഴിഞ്ഞു വീട്ടില്‍ എത്തി കാണുവോ എന്തോ, ഫോണ്‍ അടിക്കുന്നുണ്ട് മറുതലയ്ക്കല്‍ അവന്റെ സ്വരം കേട്ടു….
“എന്താടി മോളെ നീ ഉറങ്ങിയില്ലാരുന്നോ”
” ദേ ദേഷ്യം പിടിപ്പിക്കല്ല് കേട്ടോ നിന്നെ വിളിക്കാതെ ഞാന്‍ ഉറങ്ങുവോടാ”
“ചൂടാവല്ല് മോളെ, നീ എല്ലാം എടുത്തു വച്ചായിരുന്നോ, അതോ കഴിഞ്ഞ തവണത്തെ പോലെ ഉള്ള ബെഡ് ഷീറ്റും തുണിയും ഒക്കെ പുറത്ത് ഇട്ടേക്കുവന്നോ”
“അയ്യോടാ നീ ചോദിച്ചപ്പോഴാ ഓര്‍മ്മ അതൊന്നും എടുത്തിട്ടില്ല”
“പോയെടുത്ത് വെക്ക്, ഞാന്‍ വയലില്‍ ഏറുമാടത്തില്‍ ആണ് പെണ്ണേ ഭയങ്കര പന്നി ശല്യം കാവല്‍ കിടന്നില്ലേല്‍ നെല്ലൊന്നും കൊയ്യാന്‍ ഉണ്ടാവുകേലാ”
” ഓ വല്യ ക ര്‍ ഷകന്‍ വന്നേക്കണു ഈ കറക്കമെല്ലാം നിര്‍ത്തിക്കോ ഞാന്‍ നാട്ടില്‍ വന്നിട്ട് വേണം നിന്റെ ഈ തെണ്ടലോക്കെ നിര്‍ത്തിക്കാന്‍ ”
” നീ ഇതെന്നാടി കൊച്ചേ പറയുന്നേ ഇന്നത്തെ കാലത്ത് ഏതേലും പെണ്‍കുട്ട്യോള്ക്ക് ഈ ഫാമും, പകലന്തിയോളം കൃ ഷി നോക്കി പാടത്തും പറമ്പിലും നടക്കുന്ന എന്നെപോലുള്ളവരെ ഒക്കെ ഇഷ്ടപ്പെടുവോ”
” അതൊക്കെ ഉണ്ടാവും ചെക്കാ നോക്കാം നമുക്ക് ഇത്തവണ അതിലൊരു തീരുമാനം ആക്കണം”. അങ്ങനെ ഒന്ന് നിന്റെ കണ്മുന്നില്‍ തന്നെ ഉണ്ടെടാ പൊട്ടാ എന്ന് മനസ്സില്‍ പറഞ്ഞു.
” ആദ്യം നീ നാട്ടില്‍ വാ എന്നിട്ടൊരു യാത്ര പോണം നമുക്ക് രണ്ടിനും കൂടി പഴയ പോലെ”
“ഓ അതിനെന്നാ, നാളെ ഞാന്‍ അങ്ങ് എത്തുവല്ലേ ഒരാഴ്ച വേറെ ഒരു പണിം വേണ്ട എല്ലാം ക്യാന്‍സല്‍ ചെയ്തോണം. ബിസിയാന്നു എങ്ങാനും പറഞ്ഞ എന്റെ തനി കൊണം നീ കാണും കേട്ടോ”
“ഉത്തരവുപോലെ തമ്പുരാട്ടി, ഉറങ്ങിക്കോ നീ”” ഫോണ്‍ കട്ട് ചെയല്ല് ഞാന്‍ ഉറങ്ങിട്ട് കട്ടാക്കിയ മതി ” അവനോട് ഒന്ന് ചിണുങ്ങി ഇതെന്നും ഉള്ളതാണ്.
“ശ്ശൊ ഈ പെണ്ണിന്റെ ഒരു കാര്യം , ശരി ശരി നീ ഉറങ്ങിക്കോ” ഫോണും ചെവിയില്‍ വച്ചങ്ങനെ ഉറങ്ങിപോയി.
രാവിലെ നേരത്തെ എഴുന്നേറ്റു. 12 മണിക്കാണ് ഫ്ലൈറ്റ്. ഇറങ്ങാന്‍ നേരം ബിന്‍സി ചേച്ചി വന്നു റൂമിലേക്ക്…
” പോയിട്ട് വരാം ബിന്‍സിയേച്ചി”
” വരണ്ടാന്നേ മോളെ പറയ്യു ഒന്ന് സെറ്റില്‍ ആവാന്‍ സമയം ആയി നിനക്ക്”
“അതൊക്കെ നമ്മുടെ കയ്യില്ലാന്നോ ചേച്ചി ഇരിക്കുന്നേ, ഇപ്പൊ എന്നയാണേലും പോയേച്ചും വരാം”
ബോര്‍ഡിംഗ് പാസ് എടുത്ത് ഉള്ളില്‍ കേറി കുറച്ചു സമയത്തിനകം ഫ്ലൈറ്റ് പറയുന്നുയര്‍ന്നു. കൂടെ എന്റെ സ്വപ്നങ്ങളും. കുട്ടിക്കാലം തൊട്ടു തന്റെ കൂടെ ഉണ്ട് കണ്ണന്‍, അവന്റെ കാര്യങ്ങളെക്കാള്‍ ശ്രദ്ധ പലപ്പോഴും എന്റെ കാര്യത്തില്ലാന്നു.
പ്ലസ്‌ടു വരെ ഒന്നിച്ചായിരുന്നു പഠിത്തം മിക്ക ദിവസങ്ങളിലും ഇന്റര്‍വെല്‍ സമയങ്ങളില്‍ എന്റെ തല്ലുപിരിക്കല്‍ ആരുന്നു അവന്റെ പണി.
ഉപരിപഠനം പ്രൊഫഷണല്‍ കോഴ്സ് ആയിക്കോട്ടെന്നു അവന്‍ തന്നെയാ പറഞ്ഞെ അങ്ങനെ നഴ്സിംഗ് കോഴ്സ് ജോയിന്‍ ചെയ്തു ഹൈദരാബാദ് ആരുന്നു പഠിത്തം.
അവന്‍ പതിയെ അച്ഛന്റെ കൂടെ ഫാം നോക്കാനും കൃഷി നോക്കാനും ഇറങ്ങി ആദ്യം ഒക്കെ അവനെ കളിയാക്കിയെങ്കിലും അവന്റെ താത്പര്യം ആവട്ടേന്നു വെച്ച് പിന്നീട്.
4 കൊല്ലത്തിനിടയില്‍ ഒരിക്കല്‍ പോലും അവനെ മിസ് ചെയുന്നു എന്ന് തോന്നിട്ടില്ല രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുനത് വരെ അവന്‍ കൂടെ ഉണ്ടാവും ഫോണ്‍ കാള്‍ ആയിട്ടും മെസ്സേജ് ആയിട്ടും എല്ലാം.
കോഴ്സ് കംപ്ലീറ്റ് ആയി നാട്ടിലോട്ട് വന്നതും ആദ്യം പോയത് അവനെ കാണാന്‍ ആരുന്നു. 2 വര്‍ഷത്തോളം നാട്ടിലെ ഹോസ്പിറ്റലില്‍ ജോലി ചെയ്തു.
അതുകഴിഞ്ഞ് പുറത്തേക്ക് നോക്കാന്‍ പറഞ്ഞതും അതിനുള്ള പേപ്പര്‍ എല്ലാം റെഡി ആക്കാനും അപ്പനേയും അമ്മച്ചിനേക്കാളും അധികം ഓടി നടന്നത് അവനായിരുന്നു.
എല്ലാം റെഡി ആയി പോകാന്‍ നേരം നിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കാന്‍ ആണ് പറഞ്ഞു വിടുന്നത് എന്ന് പറഞ്ഞപ്പോള്‍ ആദ്യമായി ആ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു.
ചെയ്തു തീര്‍ക്കാന്‍ ഒരുപാട് ഉണ്ടാരുന്നു ജോയിടേം ചിഞ്ചുവിന്‍റെം പഠിത്തം, അതിനിടയില്‍ വീടുപണി വായ്പ തിരിച്ചടവ് എല്ലാം തീരുന്നു. ആയിടക്കാണ് ചിഞ്ചുന് നല്ലൊരു ആലോചന വന്നത്,
അന്നത് നടത്താന്‍ പറഞ്ഞു കണ്ണന്‍ വിളിച്ചു അത് നടത്തം ഇപ്പൊ ആണേല്‍ നീ ജോലിയില്‍ ആയതു കൊണ്ട് വീട്ടുകാര്‍ക്ക് നല്ല സഹായം ആവും, നിന്റെ കെട്ടുകഴിഞ്ഞ അതൊന്നും നടന്നു എന്ന് വരില്ല എന്ന് പറഞ്ഞപ്പോ താനും തലകുലുക്കി.
അതിനു ഏറെ പഴി കേട്ടത് അവന്‍ ആയിരുന്നു നീതുമോളെ കണ്ണന്‍ കെട്ടാന്‍ നിക്കുവാണ് അതുകൊണ്ടാണ് ചെറിയ കുട്ട്യേ കെട്ടിച്ചു വിട്ടതെന്ന് വരെ നാട്ടുകാര്‍ പറഞ്ഞു. ഞാനും അവനും അതൊന്നും കാര്യമാക്കില്ല.
ചിഞ്ചുവിന്റെ കുഞ്ഞിനു 1 വയസ്സായി, ജോയിക്ക് നാട്ടില്‍ തന്നെ ജോലി ശരി ആയി, വീടും വീട്ടുകാരും എല്ലാം ഒരുവിധം സെറ്റില്‍ ആയി.
ഇതൊക്കെ കഴിഞ്ഞപ്പോഴെക്കും എനിക്ക് പ്രായം 29. കല്യാണം എന്നൊരു ചിന്ത ഒന്നും ഇല്ല ഇപ്പോള്‍ എന്തായാലും ഈ പോക്കിന് അവനോട് നേരിട്ട് ചോദിക്കണം നിനക്കെന്നെ കെട്ടവോടാന്ന്.
ഇതിനിടയില്‍ അവനും ഒരുപാട് വളര്‍ന്നു ഫാം ഹൗസ് ഇപ്പോള്‍ 3 ഇടത്തുണ്ട് സ്വന്തമായിട്ടും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന കുറെയേറെ വയലുകള്‍ തോട്ടം നിറയെ നില്‍ക്കുന്ന പച്ചക്കറികളും ശെരിക്കും അവനാ മണ്ണില്‍ ചുവടുറച്ചു.
ചെക്ക് ഔട്ട് കഴിഞ്ഞു പുറത്തിറങ്ങാന്‍ കുറച്ചു വൈകി, കാത്തുനില്‍ക്കുന്നുണ്ടായിരുന്നു അവന്‍.
“ഇതെന്താടി കിട്ടിയ കാശിനു മൊത്തം പര്‍ച്ചേസ് ആരുന്നോ ഇത്രേം ലഗ്ഗേജ്”
“പൊന്നേ അതില്‍ ഡ്രസ്സ് മാത്രേ ഉള്ളു പിന്നെ ലാപ്ടോപ് ഉം, നാട്ടില്‍ കിട്ടാത്ത എന്താടാ അവടെ ഉള്ളേ ”
“ആ നീ വണ്ടില്‍ കേറ് ബാക്കി വിശേഷം അവിടെ ചെന്ന് പറയാം ”
“ഇതേതാ പുതിയ വണ്ടി, നാട്ടില്‍ നിനക്കെന്നാ വല്ല ക ള്ള ക്കടത്തും ആന്നോ പണി”
” ഇത് കഴിഞ്ഞ ദിവസം എടുത്ത താ നിനക്കൊരു സര്‍പ്രൈസ് ആയിക്കോട്ടെന്നു. വീടിന്റെ ലോണ്‍ ഒക്കെ ക്ലോസ് ചെയ്തു അപ്പൊ പിന്നെ പുതിയത് എന്തെങ്ങിലും വേണ്ടേ കൊച്ചേ ? ”
” ഹും ഭാഗ്യവാന്‍, എനിക്ക് വിശക്കുന്നു നീയാ ഹോട്ടല്‍ അവടെ സൈഡ് ആക്കിയെ”
” ഓ നിര്‍ത്താലോ, ഭാഗ്യം ഒന്നുമല്ലേ കഷ്ടപ്പെട്ട് പാടത്തും പറമ്പിലും പണിയെടുത്ത് ഉണ്ടാക്കുന്നതാ”
” ഞങ്ങള് പിന്നെ അവിടുന്ന് വാരി കൊണ്ട് വരുവാന്നല്ലോ.. നിനക്ക് വിസ ശരിയാക്കാന്ന് പറഞ്ഞതല്ലേ ഞാന്‍”
“എടി മോളെ അത് നമുക്ക് സെറ്റ് ആവില്ല ഈ മണ്ണും കാറ്റും മഴയും, അപ്പനും അമ്മയും ഒന്നും വിട്ടു ഞാന്‍ എവിടേക്കും ഇല്ല ”
” ദുഷ്ടന്‍ എന്നെ പറഞ്ഞു വിട്ടിട്ട് നീ ഇവിടെ സുഖിക്കുവല്ലേ ”
“അതോണ്ടിപ്പോ എന്നാ പിള്ളേരുടെ പഠിപ്പു കഴിഞ്ഞു, നല്ലൊരു വീടായി, ഇനി ഒരു ചെക്കനെ കണ്ടുപിടിക്കണം അത് കൂടി ഞാന്‍ ഏറ്റു”
“ഇനിപ്പോ വേറെ ചെക്കന്‍ എന്നാത്തിനാ നീ തന്നെ അങ്ങ് കെട്ടിയേര് ” അവനെ ഒന്ന് പാളി നോക്കി കൊണ്ടവള്‍ പറഞ്ഞു.
“കര്‍ത്താവെ ഈ കുരിശ് എന്റെ തലേല്‍ ആവുമോ”
“നീ തന്നെ ചുമന്നോണം അതിനിനി വേറെ ആരും വരില്ലാട്ടോ” അല്ല നമ്മളിനി എങ്ങോട്ടാ വീട്ടിലോട്ടാ ?”
“അല്ലേടി കഴുതേ നേരെ പാലക്കാടിന് അവടെ വാങ്ങിയ പുതിയ സ്ഥലം ഒന്ന് കാണാം നിനക്ക്.
പിന്നെ ഒരു ട്രിപ്പ് നമ്മള്‍ രണ്ടും കൂടെ എന്തായാലും നിന്നെ കെട്ടാന്‍ പോവല്ലേ അതിനു മുന്നെ ഉള്ള അവസാനത്തെ ട്രിപ്പ് നിനക്ക് ഏറെ ഇഷ്ട്ടപ്പെട്ട സ്ഥലത്തേക്ക് തന്നെ ആകട്ടെ”
” ന്റെ പോന്നോ കൊള്ളാലോ പ്ലാന്‍ ഞാന്‍ സ്വപ്നം കാണുവൊന്നും അല്ലാലോ ലെ ”
” അല്ലേടി ബുദ്ധു ഇനിയും വൈകണ്ടാന്നു എനിക്കും തോന്നി, നേരിട്ട് പറയുന്നൊരു ഫീല്‍ കിട്ടില്ലലോ ഫോണില് അതാ അതൊഴിവാക്കിയെ ”
“കണ്ണാ നീ ആ കണ്ണൊന്നു അടച്ചെടാ എന്നിട്ടാ വിരലൊന്ന് കാണിച്ചേ ” ബാഗില്‍ അവനായി കരുതിയ മോതിരം കൈക്കുളില്‍ വെച്ചുകൊണ്ട് നീതു പറഞ്ഞു.
” എന്നാത്തിനാ കൊച്ചേ, ഉം അടച്ചു ”
” ഇനി കണ്ണ് തുറന്നോടാ ” അവന്റെ കൈയ്യില്‍ താന്‍ കൊണ്ടുവന്ന മോതിരം അവള്‍ അണിഞ്ഞു.
” പൊന്നു നീയാ ഡാഷ് ബോര്‍ഡ് തുറന്നെ അതിനകത്ത് ഒരു ബോക്സ് ഉണ്ട് അതെടുക്ക് ” അവള്‍ എടുത്തു കൊടുത്തു കണ്ണന്‍ അത് തുറന്നു ഒരു താലിമാലയും അതിനരുകില്‍ ഒരു മോതിരവും.
” നിനക്കായി ഞാന്‍ കരുതി വെച്ച സമ്മാനം ആണിത്, കാത്തിരിപ്പിന്‍റെ ഫലം” അവളുടെ മോതിര വിരലില്‍ അവന്‍ അതണിഞ്ഞു.ഇനി നമുക്ക് പോകാം കൊച്ചേ”
പെട്ടെന്നാണ് നീതുവിന്റെ ഫോണ്‍ അടിച്ചത്, അമ്മച്ചിയാണ് വിളിക്കുന്നേ അറ്റന്‍ഡ് ചെയ്തു.
” എന്നാ അമ്മച്ചി ”
” നീതുമോളെ എങ്ങനെ ഉണ്ടെടി ഞങ്ങളുടെ സമ്മാനം, കൊളളാവോ?”
“ശരിക്കും കിടുക്കിയമ്മച്ചി” ചിരിക്കിടയിലും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“എന്നാ മക്കള് പെട്ടെന്ന് ഇങ്ങു വന്നേക്കണേ”
“ഞങ്ങള്‍ വന്നോണ്ടിരിക്കുവാ അമ്മച്ചി” കണ്ണനാണ് മറുപടി പറഞ്ഞത്.
“പൊന്നുസേ പോകാം നമുക്ക് നെല്ലറയുടെ സ്വന്തം നാട്ടിലേക്ക് . നീ പണ്ട് ഹൈദരാബാദ് പോകുമ്പോ പറഞ്ഞ ഒരു ആഗ്രഹം ആണത് അവിടെക്കൊരു യാത്ര”.
ഒരു ചെറുപുഞ്ചിരി അവള്‍ക്ക് നല്‍കികൊണ്ട് വണ്ടി മുന്നോട്ട് എടുത്തു…..
ദൂരെ കണ്ണന്റെ തറവാട് വളപ്പില്‍ അന്നേരം ആഘോഷം തുടങ്ങിയിരുന്നു നാളെ നടക്കാന്‍ പോകുന്ന വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങള്‍…