സാദിയ
രചന: Navas Amandoor
:::::::::::::::::
ഉമ്മയുടെ നിർബന്ധമാണ് എന്റെ കല്യാണത്തിന് ആദ്യം സാദിയയെ ക്ഷണിക്കണമെന്ന്.
വീടിനു മുൻപിൽ കാർ നിർത്തി അവളുടെ വീട്ടിലേക്ക് കയറി. നിറഞ്ഞ പുഞ്ചിരിയോടെ അവൾ എന്നെ സ്വീകരിച്ചു.
എനിക്കിഷ്ടമുള്ള ഓറഞ്ച് ജ്യൂസ് അവൾ എന്റെ നേരെ നീട്ടി. ജ്യൂസ് കുടിച്ചുകൊണ്ടിരിക്കെ അവളുടെ മോളെ നോക്കി ഞാൻ പുഞ്ചിരിച്ചു കണ്ണിറുക്കി.
” ഇക്കാ ആദ്യമായിട്ടല്ലെ ഇവിടെ വരുന്നത്. വാ ഞാൻ ഇവിടെയൊക്കെ കാണിച്ചു തരാം. ”
ഞാൻ കസേരയിൽ നിന്നും എണീറ്റ്.. അവളോടപ്പം പുറത്തിറങ്ങി.
കാപ്പിയും കുരുമുളകും വിളഞ്ഞു നിൽക്കുന്ന തോട്ടത്തിലൂടെ ഞാനും സാദിയയും പതുക്കെ നടന്നു.
നല്ല തണുത്ത കാറ്റ് ഉണ്ടായിട്ടും അവളുടെ മൂക്കിൻ തുമ്പിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞുനിന്നു.
“ഷാനുക്കാ ഞാൻ ഒരു കാര്യം പറയട്ടെ..?”
“പറഞ്ഞോളു.”
“എനിക്ക് ഷാനുക്കാടെ പെണ്ണായി ജീവിക്കാൻ ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നു. ഇന്ന് ഇത് ഞാൻ പറഞ്ഞില്ലങ്കിൽ ഇനിയൊരിക്കലും പറയാൻ പറ്റില്ല ”
അവൾ പറഞ്ഞത് ആകാശത്തിലൂടെ പാഞ്ഞു പോകുന്ന വാൽനക്ഷത്രത്തെ പോലെ എന്റെ നെഞ്ചിലൂടെ പാഞ്ഞു പോയി.“ഇക്കാ എന്താണ് മിണ്ടാത്തത് ദേഷ്യമയോ എന്നോട്…?”
“ഇല്ല… ”
“ഇക്ക എന്നെ അങ്ങനെയൊന്നും മനസ്സിൽ ചിന്തിച്ചു കാണില്ലെന്നറിയാം.. എങ്കിലും ഒരാഗ്രഹം.. ഒരു മഴത്തുള്ളിയുടെ അത്രയെങ്കിലും ഇക്കാടെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നോന്ന് അറിയാൻ..?”
“ഇല്ല…”
ഇല്ല എന്നല്ലാതെ ആ വാക്കിനൊപ്പം വേറൊരു വാക്ക് ചേർത്ത് വെക്കാൻ എനിക്ക് കഴിയാത്തത് എന്തുകൊണ്ടാണ്…?
“ഇക്കാനെ വാപ്പാക്കും ഇഷ്ടമായിരുന്നു.. ഉമ്മയില്ലാതെ ഞാൻ വളർന്നപ്പോൾ ഇക്കാടെ ഉമ്മ എന്റെ ഉമ്മയായി…
ഒരുപാട് സ്‌നേഹം തന്നു… സ്‌നേഹം മാത്രമല്ല.. എന്നെ വളർത്തി പഠിപ്പിച്ചു…
അങ്ങനെ ഒരു സ്‌നേഹം തന്ന വീട്ടിലേക്ക് ആ ഉമ്മയുടെ മകന്റെ കൈപിടിച്ചുകയറാൻ ആഗ്രഹിച്ചത്., വലിയൊരു നന്ദികേടായാലോന്ന് വാപ്പ പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി.”
അവൾ പറയുന്നത് കേൾക്കുന്നുണ്ട്. അതിന്റെ ഒപ്പം കണ്മുന്നിലൂടെ ഓടി നടന്നിരുന്ന പാവാടക്കാരിയുടെ ചിത്രങ്ങൾ തെളിഞ്ഞു.
കാപ്പിച്ചെടിയുടെ ഇലകളിൽ ആദിത്യകിരണങ്ങൾ പതിച്ചിട്ടും ബാക്കിയായ മഞ്ഞുതുള്ളിയിൽ അവളുടെ പുഞ്ചിരി പ്രതിഫലിച്ചു.
“സാദിയ നിന്നെ ഞങ്ങളിൽ ഒരാളായിട്ടേ ഞങ്ങൾ കണ്ടിട്ടുള്ളൂ.. നീ എപ്പോഴും എന്റെ ഉമ്മയുടെ മോളാണ്…”
ഇടറുന്നുണ്ടോ… വാക്കുകൾ…?
ചങ്കടിപ്പ് കൂടി വാക്കുകൾ തൊണ്ടയിൽ ശ്വാസം മുട്ടി മരിക്കുന്നുണ്ടോ…?
കണ്ണുകൾ നിറയുന്നുണ്ടോ…?
“ഞാൻ… പോട്ടെ.. സാദി..?”
“ഇത്രയും ദൂരം വന്നിട്ട് എന്തെ പെട്ടെന്ന്..?”
“പോണം…”
“ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാണോ…? നെഞ്ചിൽ ഒരു കനം പോലെയാണ് എന്നും ഈ ഇഷ്ടം. വെറുതെയെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ.,… നോവ് മരിക്കുവോളം മാറില്ല ഇക്കാ.”
“സാരമില്ല… എനിക്ക് നിന്നോട് ദേഷ്യമില്ല..”
ഇനി ഒരു മിനിറ്റ് അവളുടെ അരികിൽ നിന്നാൽ പറഞ്ഞ നുണകൾ ഒക്കെയും തിരുത്തേണ്ടി വരുമെന്ന് തോന്നി. ഒന്നും മിണ്ടാതെ തിടുക്കത്തിൽ കാറിന്റെ അരികിലേക്ക് നടന്നു.
സത്യം പറയായിരുന്നില്ലേ.. വേറെ എന്തിനെക്കാളും ഈ ഷാനു സാദിയയെ ഇഷ്ടപ്പെട്ടിരുന്നെന്ന്.
കടപ്പാടിന്റെ പേരിൽ പെണ്ണ് ചോദിക്കാൻ മടിച്ച ഉമ്മയുടെ മുന്നിൽ സാദിയ നഷ്ടപ്പെടുന്ന വേദനയിൽ കണ്ണുകൾ നിറഞ്ഞ പോലെ ഇപ്പോൾ വീണ്ടും നിറയുന്നു.
അവളുടെ കല്യാണത്തിന് ശേഷം നാട്ടിൽ നിന്നും എല്ലാവരിൽ നിന്നും അകന്ന് നിന്നതും അവളുടെ ഓർമ്മകൾ വേദനിപ്പിക്കുന്നത് കൊണ്ടല്ലേ..?
വേണ്ട അവൾ അതൊന്നും അറിയണ്ട.. ഇപ്പോൾ അവളുടെ മനസ്സിലുള്ളതെല്ലാം പറഞ്ഞപ്പോൾ ഒരു പെരുമഴ പെയ്തു തോർന്നപോലെ അവളുടെ മനസ്സ് ശാന്തമായിട്ടുണ്ടാകും.
അവളെ സ്വന്തമാക്കാൻ മോഹിച്ച ഒരുമനസ്സ് എനിക്കുമുണ്ടായിരുന്നെന്ന് അവളറിഞ്ഞാൽ അവളുടെ മനസ്സിലെ വേദനയുടെ പെരുമഴ ജീവിതവസാനം വരെ തോരില്ല.
കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഉമ്മ വന്ന് വാതിൽ തുറന്നു.
ചുമന്നു കലങ്ങിയ കണ്ണുകൾ ഉമ്മയിൽ നിന്നും ഒളിപ്പിക്കാൻ ശ്രമിച്ചു.
“ഷാനു എല്ലാം കഴിഞ്ഞില്ലേ… അവൾ വേറെ ഒരുത്തന്റെതായി… കുറച്ചു ദിവസം കഴിഞ്ഞാൽ നിന്റെ ജീവിതത്തിലും ഒരു പെണ്ണ് വരും.. ഇനിയെങ്കിലും ന്റെ മോൻ എല്ലാം മറക്കണം..”
“പറഞ്ഞതല്ലേ ഉമ്മാനോട് ഒരു വാക്ക് ചോദിക്കാൻ.. കരഞ്ഞു പറഞ്ഞില്ലേ അവളെ എനിക്ക് വേണമെന്ന്…
നമ്മൾ ചെയ്ത സഹായങ്ങൾക്ക് പകരമായി ചോദിക്കുകയാണെന്ന് അവർക്കു തോന്നുമെന്ന് പറഞ്ഞ്..
എല്ലാരും കൂടി അവളെ എന്നിൽ നിന്നകറ്റി…. ഉമ്മാ അവളും എന്നെ ഒരുപാട് ആഗ്രഹിച്ചിരുന്നു… അറിഞ്ഞില്ലല്ലോ നമ്മൾ.”
മുറിയിൽ കട്ടിലിൽ വന്നിരുന്ന നേരത്ത് ഉമ്മയും അരികിൽ വന്നിരുന്നു. ഉമ്മയുടെ വിരലുകൾ എന്റെ സങ്കടത്തെ തലോടി തണുപ്പിക്കാൻ ശ്രമിച്ചു.
“ഷാനു.. പടച്ചോൻ അവളെക്കാൾ നല്ലതിനെ തരാനാവും എന്റെ മോന്റെ അരികിൽ നിന്നും അവളെ അടർത്തി മാറ്റിയത്..”
“അവളെക്കാൾ നല്ല പെണ്ണിനെ കിട്ടുമായിരിക്കും.. പക്ഷെ അവളെ കിട്ടില്ലല്ലോ ഉമ്മാ…”
ഉമ്മ അരികിൽ ഇരിക്കുമ്പോൾ മനസ്സിലേക്ക് വരുന്ന ചിത്രങ്ങളിൽ അവളുടെ രൂപം തെളിയുന്നുണ്ട്.
കാണാൻ ആഗ്രഹിക്കുന്ന നേരം കണ്മുന്നിൽ വരുന്ന സാദിയ.മിണ്ടാൻ കൊതിക്കുന്ന നേരത്ത് പുഞ്ചിരിയോടെ അരികിൽ എത്തിയിരുന്ന അവളുടെ മനസ്സ് അന്ന് മനസ്സിലാക്കാൻ കഴിയാതെ പോയി.
ഇന്നിതാ ഓരോ നിമിഷത്തിന്റെ ഓർമ്മയിലും പ്രണയത്തിന്റെ മഴവില്ല് വിരിയുന്നു.
“മോൻ അവളെ കല്യാണം വിളിച്ചോ…?”
“ഇല്ല…”
“സാരമില്ല… വിളിച്ചില്ലെങ്കിലും അവൾക്ക് വരാതിരിക്കാൻ കഴിയില്ലല്ലോ.”
“ഉമ്മാ ഞാൻ അവളിൽ നിന്നും മറച്ചു വെച്ച എന്റെ ഇഷ്ടം ഒരുനാളും അവൾ അറിയാതിരിക്കട്ടെ. അറിഞ്ഞാൽ എന്നെപ്പോലെ പറയാതെ..,
അറിയാതെ പോയ ഇഷ്ടത്തിന്റെ നോവിൽ അവളുടെ ഖൽബും തേങ്ങും.”
എന്റെ മനസ്സിലെ കിത്താബിൽ ഞാൻ വരച്ചത് സാദിയയുടെ മുഖമായിരുന്നങ്കിൽ പ ടച്ചവന്റെ കിത്താബിൽ വരച്ചിട്ട എന്റെ ഇണയുടെ മുഖം വേറെയായിരുന്നു.