പക്ഷേ അപ്പോഴൊക്കെയും എന്നോടുള്ള പ്രണയം കൊണ്ടാണ് എന്ന് പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചു

രചന : അപ്പു

:::::::::::::::::::::::::::

“ഇനി ഇവളെ ഇവിടെ വച്ച് വാഴിക്കാൻ പറ്റില്ല.. എന്റെ മോൻ ഇവിടെ ഇല്ലാത്ത നേരത്ത് നോക്കി ഇവൾ എന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് ആർക്കറിയാം..? വീട്ടിലെ ഡ്രൈവറിനെ പോലും വെറുതെ വിടില്ല എന്ന് പറഞ്ഞാൽ..”

അതിശയോക്തിയോടെ അവർ പറയുന്നത് കേട്ട് അനുവിന്റെ വീട്ടുകാരുടെ തല കുനിഞ്ഞു.

” ഞങ്ങൾ എന്തു വേണമെന്നാണ്..? “

ദയനീയമായിരുന്നു അനുവിന്റെ അച്ഛന്റെ സ്വരം.

” അതു കൊള്ളാം.. ഇവിടെ ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും ഇനി നിങ്ങൾ എന്തു വേണമെന്ന് ആണോ ചോദിക്കുന്നത്..? “

അനുവിന്റെ അമ്മായിയമ്മ ചോദിച്ചപ്പോൾ അനുവിന്റെ സഹോദരൻ ശ്രദ്ധിച്ചത് മുഴുവൻ അവളെയായിരുന്നു. ആരോടും ഒരു അക്ഷരം പോലും സംസാരിക്കാതെ തലകുനിച്ചു തന്നെ നിൽക്കുകയായിരുന്നു അനു.

നടന്നത് എന്താണെന്ന് അവളോട് ഒരു വാക്ക് പോലും ആരും ചോദിച്ചിട്ടില്ല. അതോർക്കുമ്പോൾ അവന് വല്ലാത്ത ദേഷ്യം തോന്നി.

അനുവിന്റെ സഹോദരൻ അരുൺ പിന്നീട് കണ്ണുകളാൽ തിരഞ്ഞത് അവളുടെ ഭർത്താവ് കിരണിനെ ആണ്. അവൻ ഇവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കുന്നത് പോലും ഇല്ലെന്ന് അരുണിന് തോന്നി.

അവൾക്ക് എന്ത് സംഭവിച്ചാലും അതൊന്നും തന്നെ ബാധിക്കില്ല എന്നൊരു ഭാവം ആണ് കിരണിന്റേത്..!

” നിങ്ങൾ എല്ലാവരും കൂടി കുറെ നേരമായല്ലോ അവൾ എന്തോ മഹാ അപരാധം ചെയ്ത പോലെ കുറ്റപ്പെടുത്താൻ തുടങ്ങിയിട്ട്..? അവൾക്ക് എന്താണ് പറയാനുള്ളതെന്ന് ആരെങ്കിലും അന്വേഷിച്ചോ..? “

ക്ഷമ നശിച്ചപ്പോൾ അരുൺ ചോദിച്ചു.

” ഇനി ഇതിൽ കൂടുതൽ അവൾക്ക് എന്താ പറയാൻ ഉള്ളത്..? അവളുടെ ബെഡ് റൂമിൽ നിന്നാണ് ഞങ്ങൾ ഇവരെ രണ്ടാളെയും കൂടി പിടിച്ചത്.. ഇത് കുറെ കാലമായി തുടങ്ങിയിട്ട് എന്ന് ഇവൻ തന്നെ സമ്മതിച്ചു. പിന്നെന്താ..? “

കിരണിന്റെ അമ്മ ദേഷ്യത്തോടെ പറഞ്ഞപ്പോൾ അരുണിന്റെ നോട്ടം ആ ഡ്രൈവറിന്റെ മേൽ ആയിരുന്നു. അയാൾ തല ഉയർത്തി നോക്കുന്നത് പോലും ഇല്ല..

” അയാൾ പറയുന്നത് മാത്രം വിശ്വസിക്കാൻ പറ്റില്ല.. അയാൾ നിങ്ങളുടെ ശമ്പളക്കാരൻ അല്ലെ..? അയാളുടെ വാക്കുകൾ വിശ്വസിക്കുന്ന നിങ്ങൾ എന്തുകൊണ്ട് ഈ കുടുംബത്തിലെ അംഗമായ അനുവിന്റെ വാക്കുകൾ കേൾക്കുന്നില്ല..? “

അരുൺ ദേഷ്യത്തോടെ ചോദിച്ചപ്പോൾ പുച്ഛമായിരുന്നു കിരണിന്റെ അമ്മയുടെ മറുപടി.

“ഇയാൾ ഞങ്ങളുടെ ശമ്പളക്കാരൻ ആണെങ്കിലും വിശ്വസ്തനാണ്.വർഷങ്ങളായി ഇവിടെ നിൽക്കുന്ന ഇയാളെ ഞങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ വിശ്വാസമാണ്.പക്ഷേ നിന്റെ ചേച്ചിയുടെ കാര്യം അതല്ല.അവൾ ഇവിടേക്ക് കയറി വന്നിട്ട് മൂന്നുമാസമല്ലേ ആയിട്ടുള്ളൂ..സ്വഭാവം എന്താണെന്ന് ആർക്കറിയാം..!”

കിരണിന്റെ അമ്മ പുച്ഛത്തോടെ തന്നെ മറുപടി പറഞ്ഞു.

“അങ്ങനെ വൃത്തികെട്ട രീതിയിൽ ജീവിക്കേണ്ട ആവശ്യം ഒന്നും എന്റെ ചേച്ചിക്ക് ഇല്ല. അവൾ മര്യാദയ്ക്ക് തന്നെയാണ് വളർന്നത്.”

അവരുടെ ചുണ്ടിലെ പുച്ഛം കാണുമ്പോൾ അരുണിന് തന്നെ നിയന്ത്രിക്കാനും ബുദ്ധിമുട്ട് തോന്നുന്നുണ്ടായിരുന്നു.

“അതെയതെ.. അതുകൊണ്ടാണല്ലോ കാശുള്ള വീട്ടിലെ ഒരുത്തനെ കണ്ണും കയ്യും കാണിച്ചു വശത്താക്കിയത്.”

കിരണിന്റെ സഹോദരി കാവ്യ അത് പറയുമ്പോൾ അരുൺ അവളെ രൂക്ഷമായി നോക്കി.

പക്ഷേ അത് ശരി വയ്ക്കുന്ന മുഖഭാവം ആയിരുന്നു കിരണിന്റെ അമ്മയുടെത്.

അത് കേൾക്കുമ്പോഴും കാണുമ്പോഴും തങ്ങളുടെ അഭിമാനം മുറിപ്പെടുന്നത് അരുണും കുടുംബവും അറിയുന്നുണ്ടായിരുന്നു. തന്റെ കുടുംബം അനുഭവിക്കേണ്ടി വരുന്ന നാണക്കേട് ഓർക്കുമ്പോൾ അനുവിനും തന്റെ ശരീരം തളരുന്നത് പോലെ തോന്നി.

ഇന്ന് എല്ലാവരും ഈ കുടുംബത്തിന് മുന്നിൽ തല താഴ്ത്തി നിൽക്കുന്നത് താൻ ഒരാൾ കാരണമാണ് എന്ന് അനുവിന് അറിയാമായിരുന്നു.

“അങ്ങനെ എല്ലാ കാര്യത്തിനും എന്റെ ചേച്ചിയെ മാത്രം കുറ്റം പറയാൻ പറ്റില്ല.എന്റെ ചേച്ചി പിന്നാലെ നടന്നു ഇഷ്ടം പിടിച്ചു വാങ്ങിയത് ഒന്നുമല്ല.പകരം നിങ്ങളുടെ മകനാണ് എന്റെ ചേച്ചിയുടെ പിന്നാലെ നടന്നു അവളെ ശല്യം ചെയ്തു അവളുടെ ഇഷ്ടം പിടിച്ചു വാങ്ങിയെടുത്തത്. അവൾ നിങ്ങളുടെ മകനോട് നല്ല രീതിയിൽ തന്നെ പറഞ്ഞതല്ലേ ഞങ്ങളുടെ ജീവിത സാഹചര്യങ്ങൾ..ആ സമയത്ത് അതൊന്നും പ്രശ്നമല്ല നിന്നെ മാത്രമാണ് ഞാൻ സ്നേഹിച്ചത് എന്ന് വലിയ വാക്കുകൾ നിങ്ങളുടെ മകൻ പറഞ്ഞത് എന്റെ കൂടി മുന്നില്‍ വെച്ചിട്ടാണ്.എന്നിട്ട് കല്യാണം കഴിഞ്ഞ് മാസം മൂന്ന് കഴിയുന്നതിനുമുമ്പ് ഇങ്ങനെ ഓരോരോ പ്രശ്നങ്ങളുണ്ടാക്കുന്നത് മോശമാണ്.”

അരുൺ അത് പറഞ്ഞപ്പോൾ കിരൺ അവനെ ഒന്ന് നോക്കി.

“അതിന് സാമ്പത്തികം കുറഞ്ഞു പോയതിന്റെ പേരിൽ ഇവിടെ ആരും അവളെ ഒന്നും പറഞ്ഞിട്ടില്ല.കിരൺ ഇവിടെ ഇല്ലാത്ത സമയത്ത് അവളുടെ റൂമിലേക്ക് ഇവിടത്തെ ഡ്രൈവറിനെ വിളിച്ച് കയറ്റിയത് എന്തിനാണ് എന്ന് മാത്രമേ ചോദിച്ചിട്ടുള്ളൂ..”

കിരണിന്റെ അമ്മ അത് പറഞ്ഞപ്പോൾ അരുൺ അവളെ ഒന്ന് നോക്കി.

“ഇനിയെങ്കിലും തലകുനിച്ചു നിൽക്കാതെ എന്താണ് ഉണ്ടായത് എന്ന് നിനക്ക് സത്യം പറയാൻ പാടില്ലേ..?”

അരുൺ അവൾക്ക് നേരെ ദേഷ്യപ്പെട്ടപ്പോൾ മാത്രം അനു തല ഉയർത്തി നോക്കി. അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അരുണിന് വല്ലാത്ത സങ്കടം തോന്നി.

“എന്ത് പ്രശ്നമുണ്ടായാലും നിന്നോടൊപ്പം ഞാനുണ്ട്.നീ ധൈര്യമായിട്ട് പറഞ്ഞോളൂ ചേച്ചി എന്താണ് കാരണമെന്ന്..”

അരുൺ ധൈര്യം കൊടുത്തപ്പോൾ അനു എല്ലാവരെയും നോക്കി.കിരൺ അവളുടെ മുഖത്തേക്ക് അസ്വസ്ഥതയോടെ നോക്കി നിൽക്കുകയായിരുന്നു.

അത് കണ്ടപ്പോൾ അനുവിന് വല്ലാതെ വേദനിച്ചു.പക്ഷേ തനിക്ക് ഏൽക്കേണ്ടി വന്ന അപമാനം ഓർത്തപ്പോൾ അവൾ എല്ലാം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു.

“നിങ്ങൾ കണ്ടതും പറഞ്ഞതും ഒക്കെ ശരിയാണ്.എന്റെ മുറിയിൽ നിന്നു തന്നെയാണ് രാകേഷ് ഏട്ടനെ നിങ്ങളെല്ലാവരും കൂടി കണ്ടെത്തിയത്.പക്ഷേ അയാൾ എന്നെ തേടിയാണ് വന്നത് എന്ന് നിങ്ങളോട് പറഞ്ഞോ..?”

അനു എല്ലാവരെയും നോക്കി ചോദിക്കുമ്പോൾ അവരൊക്കെ ഇവൾ എന്താണ് പറയാൻ പോകുന്നത് എന്നൊരു ആകാംക്ഷയോടെ അവളെ നോക്കി നിൽക്കുകയായിരുന്നു.

” നിങ്ങളൊക്കെ കരുതുന്നത് പോലെ രാജേഷ് ഏട്ടൻ എന്നെ തേടി വരുന്നതല്ല.എന്റെ ഭർത്താവ് കിരണിനെ തേടി വരുന്നതാണ്.”

അവൾ പറഞ്ഞപ്പോൾ കിരണിന്റെ അമ്മ അവളെ രൂക്ഷമായി നോക്കി.

” ഇനി എല്ലാം കൂടി എന്റെ മോന്റെ തലയിൽ ഇട്ടാൽ മതിയല്ലോ. “

അവർ അത് പറയുമ്പോൾ അനുവിന്റെ അച്ഛൻ അവരെ ഒന്നു നോക്കി. നേരത്തെ നിങ്ങൾ ചെയ്തതും അതുതന്നെയല്ലേ എന്നൊരു ഭാവത്തിൽ..!

“കിരൺ ഏട്ടൻ എന്തിനാണ് എന്നെപ്പോലെ പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയെ തേടി നടന്നു കണ്ടുപിടിച്ച വിവാഹം കഴിച്ചത് എന്ന് പലപ്പോഴും ഞാൻ അന്വേഷിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെയും എന്നോടുള്ള പ്രണയം കൊണ്ടാണ് എന്ന് പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചു.അതിനു പിന്നിലുള്ള യഥാർത്ഥ കാരണം ഞാൻ അറിഞ്ഞത് ഞങ്ങളുടെ വിവാഹത്തിനു ശേഷം ആയിരുന്നു.”

അവൾ അത് പറഞ്ഞപ്പോൾ എല്ലാവരും ആകാംക്ഷയോടെ അവളെ നോക്കി. പക്ഷേ അവൾ ആരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

കിരണിനും രാജേഷിനും മാത്രം ചെറിയൊരു പരിഭ്രമം തോന്നി.എല്ലാം ഇവിടെ അവസാനിക്കുകയാണ് എന്നൊരു തോന്നലിൽ കിരൺ തലകുനിച്ചു.

“അമ്മയുടെ മകന് ഒരിക്കലും സാധാരണ ഒരു ജീവിതം നയിക്കാൻ കഴിയില്ല.അത് നമ്മുടെയൊക്കെ കാഴ്ചപ്പാടിന്റെ പ്രശ്നം കൊണ്ടായിരിക്കണം. അമ്മയുടെ മകന് ഒരു പെൺകുട്ടിയെ ഒരിക്കലും പ്രണയിക്കാൻ ആവില്ല.. ഒരു പുരുഷനെ മാത്രം പ്രണയിക്കാൻ കഴിയുന്ന മനസ്സാണ് അദ്ദേഹത്തിന്റെ..”

അവൾ അത് പറഞ്ഞപ്പോൾ കിരണിന്റെ അമ്മ അവളെ ദേഷ്യത്തിൽ നോക്കി.

“പറഞ്ഞു പറഞ്ഞു എന്ത് തോന്ന്യാസവും പറയാം എന്ന് നീ കരുതരുത്..”

അവർ അലറുകയായിരുന്നു.

“ഞാൻ പറയുന്നത് തെറ്റാണെങ്കിൽ കിരൺ പറയട്ടെ.. അമ്മ കിരണിനോട് ഒന്ന് ചോദിച്ചു നോക്കൂ..”

അവൾ കിരണിനെ നോക്കിക്കൊണ്ട് അത് പറഞ്ഞപ്പോഴാണ് അമ്മയും അവനെ ശ്രദ്ധിച്ചത്.അവൾ പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കുന്നതുപോലെ തലകുനിച്ചു നിൽക്കുന്ന മകനെ കണ്ടപ്പോൾ അമ്മയ്ക്ക് വേദന തോന്നി.

“കിരണിന്റെ പ്രണയമാണ് രാജേഷേട്ടൻ.അവർ തമ്മിലുള്ള ഈ ബന്ധം തുടങ്ങിയിട്ട് കാലങ്ങളായി.. ഒരുപക്ഷേ ഞാൻ ഈ വീട്ടിലേക്ക് വരുന്നതിനേക്കാൾ മുന്നേ തുടങ്ങിയതാണ് അവരുടെ ബന്ധം. പക്ഷേ സമൂഹത്തിനു മുന്നിൽ ഒരിക്കലും കിരണിന് അങ്ങനെ ഒരു ജീവിതമാണ് നയിക്കുന്നത് എന്ന് തുറന്നു പറയാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് ആളുകൾക്ക് മുന്നിൽ പൊടിയിടാൻ വേണ്ടി മാത്രം അയാൾ എന്റെ കഴുത്തിൽ ഒരു താലി കെട്ടി.ഈ താലിയുടെ ബന്ധം അല്ലാതെ ഞങ്ങൾ തമ്മിൽ മറ്റൊരു ബന്ധവുമില്ല.”

അനു അത് പറഞ്ഞു നിർത്തുമ്പോൾ കിരണിന്റെ അമ്മയ്ക്ക് വല്ലാത്തൊരു തളർച്ച തോന്നി. അവളുടെ ആ വെളിപ്പെടുത്തലിൽ അവളുടെ കുടുംബവും തളർന്നു പോയി.

” ഇന്നും കിരൺ അവിടെയുണ്ട് എന്ന് കരുതിയാണ് രാജേഷേട്ടൻ അവിടേക്ക് വന്നത്. ഞാൻ മാത്രമേ അവിടെയുള്ളൂ എന്ന് കണ്ടപ്പോൾ അദ്ദേഹം റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതാണ്. പക്ഷേ അപ്പോഴാണ് കാവ്യ അവിടേക്ക് കയറി വന്ന് ബഹളമുണ്ടാക്കിയത്. “

അനു അതുകൂടി പറഞ്ഞു നടക്കുമ്പോൾ പറഞ്ഞതൊക്കെ ശരിയാണോ എന്ന് അർത്ഥത്തിൽ അരുൺ രാജേഷിനെ നോക്കി. അത് ശരി വയ്ക്കുന്നതുപോലെ രാജേഷ് തലയാട്ടി.

അതേ നിമിഷം തന്നെ അരുണിന്റെ കൈകൾ രാജേഷിന്റെ കവിളിൽ പതിഞ്ഞിരുന്നു. തൊട്ടടുത്ത നിമിഷം കിരണിന്റെയും.

“നിങ്ങൾ തമ്മിലുള്ള ബന്ധം ഒരിക്കലും ഒരു തെറ്റാണെന്ന് ഞാൻ പറയില്ല.പക്ഷേ അതിന് എന്റെ ചേച്ചിയെ ബലിയാടാക്കേണ്ടിയിരുന്നില്ല. ഇപ്പോൾ തന്നെ ഇവിടെ സംഭവിച്ചത് എന്താണെന്ന് കിരണിന് നന്നായി അറിയാമായിരുന്നു.എന്നിട്ടും അമ്മയും സഹോദരിയും കൂടി എന്റെ ചേച്ചിയെ ഇങ്ങനെ ക്രൂശിക്കുന്നത് കണ്ടിട്ടും ഒരക്ഷരം പോലും എതിർത്തു പറയാതെ നോക്കി നിന്നത് ക്രൂരതയായിപ്പോയി. നിങ്ങൾക്ക് രണ്ടാൾക്കും സത്യം എന്താണെന്ന് അറിയാമായിരുന്നു അത് ഒരിക്കൽപോലും പറയാത്തത് എന്റെ ചേച്ചിയെ മനപ്പൂർവം ദ്രോഹിക്കാൻ വേണ്ടി ആയിരുന്നില്ലേ..? അത് വേണ്ടിയിരുന്നില്ല..”

അരുൺ അത് പറഞ്ഞപ്പോൾ കിരണും രാജേഷും കുറ്റബോധത്തോടെ തല കുനിച്ചു.

” ഇനി എന്തായാലും ഞാൻ ഇവിടെ നിൽക്കുന്നില്ല.. എന്റെ ജീവിതം ഇവർക്ക് വേണ്ടി പാഴാക്കി കളയാൻ ഉള്ളതല്ലല്ലോ. എന്നോട് സ്നേഹവും ആത്മാർത്ഥതയും ഉള്ള ഒരാളായിരുന്നു കിരൺ എങ്കിൽ ഒരുപക്ഷേ ഇപ്പോഴും ഞാൻ വീട്ടിലേക്ക് മടങ്ങി പോകില്ലായിരുന്നു.പക്ഷേ എല്ലാവർക്കും മുന്നിൽ എന്നെ ഒരു കുറ്റക്കാരിയായി ഇട്ടു കൊടുത്തു കൊണ്ട് മനസ്സുകൊണ്ട് സന്തോഷിക്കുന്ന അയാളോടൊപ്പം ഒരു ജീവിതത്തിന് ഇനി ഞാൻ തയ്യാറല്ല.”

അനു അത് പറഞ്ഞു നിർത്തുമ്പോൾ അവളുടെ തീരുമാനം തന്നെയാണ് ശരി എന്ന് ഉറപ്പിച്ചു കൊണ്ട് അരുൺ അവളെ ചേർത്തു പിടിച്ചു.

കിരണിന്റെ വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ ഇത്രയും കാലം ഈ വീട്ടിൽ പല കാരണങ്ങളാൽ അവൾ അനുഭവിക്കേണ്ടി വന്ന കൈപ്പേറിയ അനുഭവങ്ങൾക്ക് കൂടി അവൾ വിട പറഞ്ഞു.