കണ്ണാ നീ ഇന്നലെ ട്യൂഷന് സന്ധ്യേച്ചി ക്ലാസ്സ് എടുക്കുന്ന സമയത്ത് എന്തോ ആക്ഷൻ കാണിക്കുന്നുണ്ടായല്ലൊ..

ട്യൂഷൻ ടീച്ചർ – രചന: സിയാദ് ചിലങ്ക

ചിന്തു നീ മെമ്മറി കാർഡ് എടുത്തൊ…?

ടാ ഞാൻ അത് കണ്ട് കഴിഞ്ഞിട്ടില്ല…ഇന്നലെ രാത്രി എല്ലാരും ഉറങ്ങിയിട്ട് കാണാമെന്ന് കരുതി, മൊബൈലിന്റെ വെട്ടം കണ്ട് അമ്മയുടെ വായിൽ ഉള്ളത് കേട്ടു…

മണ്ടാ നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല, അത് ഒരു നേക്കില് പുതപ്പിനുള്ളിൽ വെച്ച് കാണണം…മര്യാദക്ക് ഇന്ന് എനിക്ക് തന്നൊ….ഇന്ന് എനിക്ക് തകർക്കാനുള്ളതാണ്.

കണ്ണാ നീ ഇന്നലെ ട്യൂഷന് സന്ധ്യേച്ചി ക്ലാസ്സ് എടുക്കുന്ന സമയത്ത് എന്തോ ആക്ഷൻ കാണിക്കുന്നുണ്ടായല്ലൊ…എനിക്ക് മനസ്സിലായില്ല…

പൊന്ന് മോനെ ഇന്നലെ ചേച്ചി ഉടുത്ത ഡ്രസ്സ് കണ്ടൊ…കണ്ടിട്ട് ഒരു രക്ഷയില്ല മോനെ. ക്ലാസ്സ് ഒന്നും ശ്രദ്ധിക്കാനും പറ്റുന്നില്ല. നിനക്ക് കുഴപ്പം ഒന്നുമില്ലെ…?

ഉവ്വടാ ഞാൻ നിന്നോട് പറയാണ്ടാണ്…രാത്രിയിൽ ഒറ്റക്ക് കിടക്കുമ്പോഴെല്ലാം മനസ്സിൽ ഇങ്ങനെ ഓരോന്ന് കയറി വരും. ഇന്ന് ട്യൂഷൻ അവസാന ദിവസമാണ്…

ഇനി പ്ലസ് വണ്ണിൽ ആയാൽ സന്ധ്യ ചേച്ചിടെ അടുത്ത് ട്യൂഷൻ ഇല്ല അല്ലെ….ചേച്ചി ട്യൂഷൻ നിറുത്താൻ പോകുന്നു എന്ന് പറയുന്നത് കേട്ടു, ഒരു മാസം കഴിഞ്ഞിട്ട് കല്യാണം ഉണ്ടെന്ന് പറയുന്നുണ്ട്.

അവർ ട്യൂഷൻ ക്ലാസ്സിലേക്ക് ചെന്ന് കയറിയപ്പോൾ എല്ലാരും എത്തിയിട്ടുണ്ടായിരുന്നു. കണ്ണന്റെയും ചിന്തുവിന്റെയും സ്ഥിരം ഇരിപ്പിഠമായ സൈഡ് ബഞ്ച് കാലിയായി തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

സന്ധ്യ ടീച്ചറ് മഞ്ഞചുരിദാർ ടോപ്പും സ്കിൻ കളർ ലഗ്ഗിൻസും ആണ് ധരിച്ചിരുന്നത്…

ടാ ടീച്ചറ് ചുരിദാറിന്റെ കാല് ഇടാതെ വന്നിരിക്കുന്നടാ…

കണ്ണാ എന്താ ഒരു കുശ്കുശ്പ്പ്…? ഇന്നും കൂടി ഒന്ന് കഴിഞ്ഞാൽ എന്റെ ശല്യം തീരുമെന്നാണൊ രണ്ടാളും പറയുന്നത്….ടീച്ചറ് ഒരു ചെറുപുഞ്ചിരിയോടെ കുട്ടികളെ എല്ലാവരെയും മാറി മാറി നോക്കി.

നമ്മളെല്ലാവരും ഇത് പോലെ ഈ വീടിന്റെ വരാന്തയിൽ ഇങ്ങനെ ഒരുമിച്ച് ഇരിക്കാൻ കഴിയില്ല. നിങ്ങൾ എല്ലാവരും ഇനി മുതിർന്ന ക്ലാസ്സുകളിലേക്ക് പോകും. ഞാനും ഈ ട്യൂഷൻ എടുക്കുന്നത് അവസാനിപ്പിക്കുകയാണ്. വിവാഹം കഴിയുന്നതോടെ ഞാൻ അദ്ദേഹത്തിന്റെ ഹൈദരാബാദിലേക്ക് പോകും.

ആരുമില്ലാത്ത എനിക്കും എന്റെ അമ്മക്കും നിങ്ങൾ ഒക്കെയാണ് ഉള്ളത്. നിങ്ങളിൽ പലരും കുഞ്ഞും നാൾ തൊട്ടെ ഇവിടെ വന്ന് തുടങ്ങിയവരാണ്. നിങ്ങൾ സ്കൂൾ വിട്ട് വരുന്നതും കാത്ത് ആണ് ഞാനും അമ്മയും ഇത് വരെ ജീവിച്ചിരുന്നത് തന്നെ. അപ്പോഴേക്കും ടീച്ചറുടെ ശബ്ദം ഇടറി.

ടീച്ചറുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് ടീച്ചർക്ക് നിയന്ത്രിക്കാനായില്ല. ടീച്ചർ മുഖം പൊത്തി കരഞ്ഞു. മുന്നിലിരുന്ന പെൺകുട്ടികൾ ഓടി ടീച്ചറെ കെട്ടിപ്പിടിച്ചു കരഞ്ഞു. കുറേ നേരം എല്ലാവരും നിശബ്ദമായി കരഞ്ഞു.

എല്ലാ കുട്ടികളും അവിടെ നിന്ന് പോയതിന് ശേഷവും കണ്ണനും ചിന്തുവിനും അവിടെ നിന്ന് പോകാൻ തോന്നിയില്ല.

എന്താ രണ്ടാളും പോകുന്നില്ലെ…? പോകാൻ തോന്നുന്നില്ല അല്ലെ, സ്കൂളില് ഒന്നില് ചേർത്തിയ കണ്ണന്റെ അമ്മ, അന്ന് തന്നെ നിന്നെ ഇവിടെ കൊണ്ടാക്കിയതാ…

അമ്മയുടെ ഒക്കത്തിരുന്ന് ഇവിടെ വന്ന് കയറിയത് ദാ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. നിങ്ങൾ രണ്ടാളെയും ഞാൻ ഒത്തിരി എടുത്ത് നടന്നിട്ടുണ്ട്. ടീച്ചർ അവരുടെ രണ്ടു പേരുടെയും തലയിൽ തലോടി.

നല്ല വണ്ണം പടിച്ച് മിടുക്കൻമാരായി വളരണം ട്ടൊ എന്റെ മക്കള്…

കണ്ണന്റെയും ചിന്തുവിന്റെയും മനസ്സ് ഒന്ന് പിടഞ്ഞു, ആ പിടച്ചിൽ കണ്ണ്നീരായി കണ്ണിൽ നിന്ന് ഉതിർന്ന് വീണു.