മഴയായതു കൊണ്ട് ബൈക്കില്‍ കയറി വരേണ്ട എന്നു പറഞ്ഞിട്ടും ചാടിക്കയറി വരാന്‍ തോന്നിയ ആ നിമിഷത്തെ അവന്‍ ശപിച്ചു കാണണം.

ഗൂഗിള്‍ മാപ്പിന്‍റെ കൊലചതി

രചന: ദിപി ഡിജു

:::::::::::::::::::::::

കെട്ടിയോന്‍റെ കൂടെ ജോലി ചെയ്യുന്ന ‘ഭാവി മണവാളന്‍’ (Groom to be) ചടങ്ങുണ്ടായിരുന്നു ഇന്നലെ വൈകിട്ട്. പണ്ടൊക്കെ മ്മള് ‘അത്താഴൂട്ട്’ ന്നൊക്കെ പറയും ഇപ്പോ ഹല്‍ദി ആയി ബാച്ചിലര്‍ പാര്‍ട്ടി ആയി! തൃപ്പൂണിത്തുറ സൈഡില്‍ എവിടെയോ ആണ് വീടെന്ന് മാത്രം അറിയാം. ചെറുക്കനെ വിളിച്ചു വഴി അറിയില്ല എന്നു പറഞ്ഞപ്പോള്‍ അവന്‍ വീടിന്‍റെ ലൊക്കേഷന്‍ അയച്ചു തന്നു.

ഞങ്ങളുടെ പോര്‍ക്കുതിരയായ ഹോണ്ട ഷൈന്‍ ബൈക്കില്‍ കെട്ടിയോനും മ്മടെ ഇളയസന്താനവും പിന്നെ ഞാനും കെട്ടിയൊരുങ്ങിയിറങ്ങി.

തോന്നും പോലെ പെയ്തും പെയ്യാതെയും ഇരിക്കുന്ന മഴമേഘങ്ങളേ കണ്ണടച്ചു വിശ്വസിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കെട്ടിയോന്‍റെയും എന്‍റെയും മഴക്കോട്ട് മടക്കിയോതുക്കി ഒരു ബാഗില്‍ ഇട്ട് പുറം വഴി തൂക്കി. ഇടയ്ക്ക് വച്ച് ഇറങ്ങി കോട്ടിടാനൊന്നും എന്നെ കിട്ടില്ല എന്നു പറഞ്ഞു മ്മടെ സന്തതി കോട്ടും ഇട്ട് തന്നെ വണ്ടിയില്‍ കയറി ഇരുന്നു.

ഗൂഗിള്‍ അമ്മായിയെ കണ്ണുമടച്ച് വിശ്വസിച്ച് അങ്ങനെ ഞങ്ങള്‍ അവര്‍ പറഞ്ഞ വഴിയിലൂടെ യാത്ര തുടങ്ങി. എത്ര മനോഹരമായ വഴികള്‍! ഇങ്ങനെ മനോഹരമായ വഴികള്‍ ഇനിയും ഉണ്ടോ ചേച്ചീ എന്ന് ചോദിക്കണം എന്നു തോന്നി. കുണ്ടിലും കുഴിയിലും ചാടി നടുവിന്‍റെ ഊപ്പാടിളകി.

സാധാരണഗതിയില്‍ അര മണിക്കൂറില്‍ എത്തേണ്ട സ്ഥലങ്ങള്‍ ഷോട്ടസ്റ്റ് റൂട്ട് എന്നു പറഞ്ഞു പറ്റിച്ച അമ്മച്ചി ഒരു മണിക്കൂര്‍ ആക്കി സഹായിച്ചു.

ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ ഇടത്തോട്ട് തിരിയാന്‍ അമ്മച്ചി പറഞ്ഞു. ചെന്നു നിന്നത് ഒരു കനാലിന് മുന്‍പില്‍. വീണ്ടും മുന്നോട്ട് പോകാന്‍ ആണു പുള്ളിക്കാരി പറയുന്നത്. ഇവിടുന്ന് ഇനി അപ്പുറം പോകാന്‍ ഞങ്ങള്‍ വന്നത് പുഷ്പകവിമാനത്തിലൊന്നും അല്ല തള്ളേ എന്നും പറഞ്ഞ് വണ്ടി വന്ന വഴി തിരിച്ചു വിട്ടു. അതാ ചേച്ചി വീണ്ടും റീഡയറക്ടിങ്ങ്. ആഹാ! പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി വീണ്ടും യാത്ര!

ഏതൊക്കെയോ ഇടവഴികള്‍ കയറി അവസാനം മിന്നാമിന്നി ലൈറ്റുകള്‍ ഇട്ട് മുഴുവന്‍ മിന്നിത്തിളങ്ങുന്ന ഒരു വീട് കണ്ടു.

‘ഹാ… ഇതു തന്നെ ആകുള്ളൂ സ്ഥലം…’ എന്നും പറഞ്ഞ് കെട്ടിയോന്‍ വണ്ടിയൊതുക്കി മുടിയെല്ലാം ചീകി കുട്ടപ്പനായി.

‘പപ്പാ… അവിടെ ബിരിയാണി ആയിരിക്കുമോ…???’

‘അല്ലടാ ചോറും സാമ്പാറും ആയിരിക്കും…’

മഴയായതു കൊണ്ട് ബൈക്കില്‍ കയറി വരേണ്ട എന്നു പറഞ്ഞിട്ടും ചാടിക്കയറി വരാന്‍ തോന്നിയ ആ നിമിഷത്തെ അവന്‍ ശപിച്ചു കാണണം.

‘ഹാ… എന്നാല്‍ സാരമില്ല… എനിക്ക് ബിരിയാണി ആണേല്‍ വേണ്ടെന്ന് പറയാനാര്‍ന്നു…’

ജാള്യത മുഖത്ത് കാട്ടാതെ എട്ടു വയസ്സുകാരന്‍ മാസ്സ് ഡയലോഗ് വിട്ടു.

‘അതേ… ചേട്ടാ വീട് ഇതു തന്നെ ആണോ എന്നൊന്നു ചോദിക്കണേ ഗൂഗിള്‍ മാപ്പില്‍ ഇനിയും 350 മീറ്റര്‍ കാണിക്കുന്നുണ്ട്…’

വീണ്ടും കാണുന്ന 350 മീറ്റര്‍ സ്ട്രെയ്റ്റ് എന്ന ഗൂഗിള്‍ അമ്മായിയുടെ രോദനം അങ്ങനെ കേള്‍ക്കാതിരിക്കുന്നത് ശരിയല്ലല്ലോ.

‘ഹേയ്… ഇതു തന്നെ ആകുള്ളൂ… ആ ആളുകളെ ഒക്കെ കണ്ടിട്ട് അവന്‍റെ ബന്ധുക്കളെ പോലെ തന്നെയുണ്ട്…’

കെട്ടിയോന്‍റെ അപാര കോണ്‍ഫിഡന്‍സ് കണ്ടപ്പോളും ഒരു സംശയം.

‘എന്നാലും ഒന്നു ചോദിച്ചേര്… പോയാല്‍ ഒരു വാക്കല്ലേ…???’

‘ചേട്ടാ… ഇത് ശ്യാമിന്‍റെ വീടല്ലേ…???’

വീടിന് മുന്നില്‍ നിന്ന നീല ഷര്‍ട്ടിട്ട ചേട്ടനെ തോണ്ടി വിളിച്ചു ചോദിച്ചു.

‘അതേല്ലോ… ഓട്ടോറിക്ഷ ഓടിക്കണ ശ്യാം അല്ലേ…???’

ചേട്ടന്‍റെ പുഞ്ചിരിയോടെയുള്ള മറുപടി കേട്ട് ഞങ്ങള്‍ ഒന്നു ഞെട്ടി.

‘ഏഹ് ശ്യം ഓട്ടോറിക്ഷ ഓടിക്കുമോ…??? ഞങ്ങള്‍ അറിഞ്ഞില്ലല്ലോ…’

‘എടാ ശ്യാമേ… ഇങ്ങട് വന്നേ…’

ചേട്ടന്‍റെ വിളി കേട്ട് ആജാനുബാഹുവായ ഏതോ ഒരു ശ്യാം ഞങ്ങള്‍ക്ക് നേരെ വന്നു. ഞങ്ങള്‍ അന്വേഷിച്ച ശ്യം അങ്ങേരെ തല്ലുന്ന തോട്ടിയുടെ അത്രേ ഉണ്ടാര്‍ന്നുള്ളു.

‘അയ്യോ… ചേട്ടാ ഇതല്ല… മണവാളന്‍ ശ്യാം…’

‘ഹേയ്… ഇത് മണവാട്ടീടെ വീടാ… ശ്യം ആങ്ങളയാണ്…’

അല്ല സത്യത്തില്‍ ഇതാരുടേയാ കല്ല്യാണം! എന്ന മട്ടില്‍ ഞാന്‍ കെട്ടിയോനെ നോക്കി. അവിടെ ഇളിച്ച ചിരിയുമായി നില്‍ക്കുന്നുണ്ട്.

‘ചേട്ടാ… വീട് മാറിയതാണ്… സോറി…’

മുന്നും പിന്നും നോക്കാതെ തിരിഞ്ഞു നടന്നു.

‘അല്ല പപ്പാ… അപ്പോള്‍ ചോറും സാമ്പാറും…???’

മോന്‍റെ ചോദ്യം കേട്ട് ഞങ്ങള്‍ രണ്ടും പൊട്ടിച്ചിരിച്ചു.

350 മീറ്റര്‍ എന്നു കണ്ടത് നന്നായി. ഇല്ലേല്‍ അവര്‍ ഓസിനു പുട്ടടിക്കാന്‍ കുടുംബം അടക്കം ഇറങ്ങിയതാണെന്ന് കരുതിയേനെ. വീണ്ടും മുന്നോട്ട് പോയി.

പനയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിന് അടുത്തു കൂടെയുള്ള ഇടുങ്ങിയ വഴിയാണ് ഗൂഗിള്‍ അമ്മായി പിന്നെ കാണിച്ചു തന്നത്. കഷ്ടിച്ച് ബൈക്ക് പോകാന്‍ പറ്റുന്ന വഴിയില്‍ തിരുകി കയറ്റി ബൈക്ക് മുന്നോട്ട് പോയി 50 മീറ്റര്‍ കഴിഞ്ഞപ്പോള്‍ ഗൂഗിള്‍ അമ്മായി പറയുവാണ് ‘യൂ ഹാവ് റീച്ച്ഡ് യുവര്‍ ഡെസ്റ്റിനേഷന്‍ പൊക്കാളി ഫീല്‍ഡ്’ എന്ന്. പകച്ചു പോയ് എന്‍റെ യൗവനം!

‘അല്ല… അപ്പോള്‍ ചേട്ടാ… ആ ചെറുക്കന്‍ പൊക്കാളിപ്പാടത്ത് ഫോട്ടോ ഷൂട്ടിനോ മറ്റോ നില്‍ക്കുമ്പോഴാണോ ലൊക്കേഷന്‍ അയച്ചേ…???’

വണ്ടിയില്‍ നിന്ന് ഒന്നു ഇറങ്ങി നില്‍ക്കാനുള്ള ഗ്യാപ്പ് പോലുമില്ല. പാവം എന്‍റെ കെട്ടിയോന്‍ ഒത്തിരി സര്‍ക്കസ്സ് കാട്ടി വണ്ടി എങ്ങനെയോ തിരികെ റോഡില്‍ എത്തിച്ചു.

റോഡില്‍ ഇറങ്ങി നിന്ന് ഹെല്‍മറ്റ് വണ്ടിയുടെ സൈഡില്‍ തൂക്കിയിട്ട് ഫോണ്‍ എടുത്ത് വഴി കൃത്യമായി പറഞ്ഞു തരാന്‍ പറഞ്ഞ് കല്ല്യാണച്ചെറുക്കനെ വിളിച്ചു നോക്കിയിട്ട് വല്ല രക്ഷയുണ്ടോ. അവിടെ മഞ്ഞപ്പട്ടണിഞ്ഞ് മഞ്ഞളില്‍ കുളിച്ച് നില്‍ക്കുവല്ലേ ആള്. ഫോണ്‍ അടിക്കുന്നത് അറിയുന്നു പോലും ഇല്ലായിരുന്നു. അവസാനം വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചെറുക്കന്‍ പോസ്റ്റ് ചെയ്ത കല്ല്യാണക്കുറി തപ്പി പിടിച്ചു അനിയന്‍റെ നമ്പറിലേയ്ക്ക് വിളിച്ചു. ഫോണ്‍ മറുവശം റിങ്ങ് ചെയ്തു തുടങ്ങിയപ്പോളേയ്ക്ക് കുടം കമിഴ്ത്തിയതു പോലെ പെരുമഴ. ‘മോങ്ങാന്‍ ഇരുന്ന പട്ടീടെ തലയില്‍ തേങ്ങ വീണെന്ന്’ പറഞ്ഞാല്‍ മതിയല്ലോ. കയറി നില്‍ക്കാന്‍ ഒരു കടപോലും ഇല്ല. മഴക്കോട്ടിടാന്‍ നേരവുമില്ല. വണ്ടി എങ്ങോട്ട് തിരിക്കണം എന്നറിയാന്‍ വഴിയുമില്ല. വണ്ടിയില്‍ നിന്നും ഇറങ്ങിയിട്ടില്ലാതിരുന്നതു കാരണം കെട്ടിയോന്‍റെ തല സേഫ് ആയിരുന്നു. ഹെല്‍മറ്റ് ഉണ്ടല്ലോ. ഏതായാലും ‘കണ്ടകശനി കൊണ്ടേ പോകൂ’. ഒരു തുള്ളി പോലും പുറത്തു കളയാതെ മുഴുവന്‍ മഴയും ഞാന്‍ നിന്നങ്ങു കൊണ്ടു.

ചെറുക്കന്‍റെ അനിയന്‍ ഫോണ്‍ എടുത്തതും ഫോണ്‍ കെട്ടിയോന്‍റെ ചെവിയിലങ്ങു വച്ചു കൊടുത്തു. ആം… ആം… എന്നുള്ള ശബ്ദങ്ങള്‍ മാത്രം കേള്‍ക്കാം. ഫോണ്‍ തിരികെ വാങ്ങാന്‍ നോക്കി നിന്ന ഞാന്‍ നോക്കുമ്പോള്‍ കെട്ടിയോന്‍ വണ്ടിയും സ്റ്റാര്‍ട്ട് ചെയ്ത് ദേ പോണു.

‘പപ്പാ… അമ്മ കയറിയില്ല…’

മോന്‍ അത് പറഞ്ഞില്ലാര്‍ന്നേല്‍ അങ്ങേര് എന്നെ ആ പൊക്കാളി പാടത്തിട്ടങ്ങ് പോയേനെ (അവസരം മുതലാക്കിയതും ആവാം).

‘അയ്യോ നീ കേറില്ലേ…???’

ഇളിച്ചോണ്ടു നോക്കുമ്പോള്‍ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി നില്‍ക്കുന്നുണ്ട് എന്നിലെ പാവം ഭാര്യ.

‘അല്ലേലും എനിക്കറിയാം…’

ചാടി വീണ്ടും വണ്ടിയില്‍ കയറി ഇരുന്നു. അനിയന്‍ ചെക്കന്‍ പറഞ്ഞപ്പോഴാ മനസ്സിലായെ പോക്കാളി പാടം കല്ല്യാണവീട്ടില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ ഇപ്പുറം ആണ്. എന്നാലും വല്ലാത്ത ഒരു കൊലചതി ആയി പോയി.

ഏതായാലും കുറെ കറങ്ങിയതല്ലേ. അതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ കല്ല്യാണവീട്ടില്‍ ചെന്ന് രണ്ടു വട്ടം ചോറും തിന്ന് ചെറുക്കന്‍റെ കൂടെ നിന്ന് അഞ്ചാറ് സെല്‍ഫിയും എടുത്ത് തിരികെ ഇറങ്ങി.

‘എടി തിരിച്ചു പോകാന്‍ ഉള്ള റൂട്ട് ഗൂഗിള്‍ മാപ്പില്‍ നോക്കിയേ…’

‘അയ്യോ വേണ്ടായേ… ഇനി അത് വല്ല അറബിക്കടലിലും കൊണ്ടിടും… നമുക്കങ്ങ് ചോയ്ച്ചു ചോയ്ച്ച് പോകാം…’