June 13, 2021

തിരക്കുള്ള ബസിലായിട്ട് കൂടി ഞാൻ അവനെ ഒന്ന് കൂടി നെഞ്ചോട് ചേർത്ത് പിടിച്ചു. ആ യാത്ര അവസാനിക്കാതിരുന്നെങ്കിലെന്ന് അത്രമേൽ ആഴത്തിൽ ആഗ്രഹിച്ചു പോയി

അനുഭൂതി – രചന: രേഷ്മ രവീന്ദ്രൻ

അവന്റെ ആ വിരലുകൾ എന്റെ മാറിടത്തിൽ സ്പർശിച്ച ആ നിമിഷം…ആ ഒരു നിമിഷത്തിന്റെ അനുഭൂതിയ്ക്ക് പകരം വെയ്ക്കാൻ കഴിഞ്ഞ ഇരുപത്തിയാറു വർഷത്തെ ജീവിതത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.

ആ ഒരു നിമിഷം…തിരക്കുള്ള ബസിലായിട്ട് കൂടി ഞാൻ അവനെ ഒന്ന് കൂടി നെഞ്ചോട് ചേർത്ത് പിടിച്ചു. ആ യാത്ര അവസാനിക്കാതിരുന്നെങ്കിലെന്ന് അത്രമേൽ ആഴത്തിൽ ആഗ്രഹിച്ചു പോയി.

പുരുഷ സ്പർശമേൽക്കാതിരുന്നിട്ട് കൂടി, കന്യകയായിട്ടും, അവന്റെ കുഞ്ഞ് വിരലുകൾ എന്റെ മാറിടത്തിൽ സ്പർശിച്ചപ്പോൾ…പ്രസവിക്കാതെ…മുലയൂട്ടാതെ എന്റെ മാറിടം ചുരന്നത് പോലെ…നെഞ്ച് വിങ്ങുന്നത് പോലെ…അവനെ ഒന്ന് മുലയൂട്ടാൻ ഉള്ളം കൊതിക്കുന്നത് പോലെ…

തിരക്കുള്ള ബസിൽ സൈഡ് സീറ്റിൽ ഹെഡ് സെറ്റ് വെച്ച് പാട്ട് കേട്ടോണ്ടിരുന്നപ്പോഴാണ് ആ സ്ത്രീ ഒരു കൈക്കുഞ്ഞുമായി ബസിലേക്ക് കയറിയത്…എണീറ്റു കൊടുക്കേണ്ടി വരുമല്ലോ എന്നോർത്ത് കണ്ണടച്ച് സീറ്റിലേക്ക് ചാരി കിടന്നു.

അപ്പോഴാണ് അവർ തൊട്ട് വിളിച്ചത്. ഈർഷ്യയോടെ തിരിഞ്ഞു നോക്കിയപ്പോൾ മറുപടിക്ക് കാത്തു നിൽക്കാതെ അവനെ പിടിക്കാൻ എന്റെ കയ്യിലോട്ട് തരികയായിരുന്നു. അവളുടെ കണ്ണിലെ യാചന ഭാവം മാത്രമല്ല അവനെ ഏറ്റു വാങ്ങാൻ കാരണം.

അമ്മയുടെ കയ്യിൽ നിന്ന് അപരിചിതയായ ഒരു പെണ്ണിന്റെ കയ്യിലേക്ക് മാറിയിട്ടും കരയാതെ, നക്ഷത്ര കണ്ണുകളിൽ കുസൃതി നിറച്ചു പല്ലില്ലാത്ത മോണ കാട്ടിയുള്ള അവന്റെ ചിരി. അറിയില്ല…ഇത് വരെ അനുഭവിക്കാത്ത ഒരു ആനന്ദത്താൽ മനസ്സ് നിറഞ്ഞു തുളുമ്പി.

നിറഞ്ഞ മനസ്സോടെ ആ പൈതലിനെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ എന്നുള്ളിൽ നിന്ന് ഒരാൾ എന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു. അതെ…അത് മറ്റാരുമല്ല…ഞാൻ തന്നെ…ഞാൻ തന്നെയാണ് എന്നെ നോക്കി ചിരിക്കുന്നത്.

വിവാഹം കഴിക്കുന്നത് പെണ്ണിന്റെ അടിമത്തം ആണെന്ന് വാദിച്ച ഞാൻ. പ്രസവിക്കുന്നത് ശരീരത്തിന്റെ അകാരവടിവ് നശിപ്പിക്കും എന്ന് വാദിച്ച ഞാൻ. മുലയൂട്ടുന്നത് മാറിടത്തിന്റെ ഭംഗി നശിപ്പിക്കും എന്ന് വാദിച്ച ഞാൻ…ആ ഞാനാണ് എന്നെ നോക്കി ചിരിക്കുന്നത്…

പക്ഷെ എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ സമയം ഇല്ല…എന്റെ ശ്രദ്ധ മുഴുവൻ അവനിലാണ്…എന്റെ കയ്യിലിരുന്നു എന്നെ തന്നെ നോക്കുന്ന അവനിൽ…

ആ പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി…ദൈവമേ…ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ച. ചിരിക്കുമ്പോൾ ആ കുഞ്ഞ് വായിൽ നിന്ന് തേൻ ഒലിക്കുന്നു.

കുഞ്ഞി കൈകൾ തമ്മിലടിച്ചു കൊണ്ടുള്ള അവന്റെ പാൽപുഞ്ചിരി മതിവരാതെ നോക്കി കാണുമ്പോൾ എന്റെ മിഴികൾ എന്തിനോ നിറയുകയായിരുന്നു…

ആ കുഞ്ഞ് കവിളിൽ അമർത്തി ചുംബിച്ചപ്പോൾ ഈ ലോകം തന്നെ കീഴടക്കിയ പ്രതീതി. ഏറ്റവും വിലപ്പെട്ടത് എന്തോ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയെന്നത് പോലെ അവനെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു…

അവൻ പല്ലില്ലാത്ത വായ കൊണ്ട് എന്റെ കവിളിൽ കടിച്ചപ്പോൾ ആ തേനൊലിച്ചു എന്റെ കവിളിലാകെ പടർന്നപ്പോൾ എന്റെ ഹൃദയത്തിൽ ഒരു തണുപ്പ് പടരുകയായിരുന്നു…

ഒരു പഞ്ഞിക്കെട്ട് പോലെ അവനെന്റെ നെഞ്ചിൽ പറ്റിക്കിടന്നു. ആ കുഞ്ഞി കൈകൾ എന്റെ മാറിടത്തിൽ സ്പർശിച്ചപ്പോൾ ഞാൻ അനുഭവിച്ചറിയുകയായിരുന്നു ആ സത്യം.

എല്ലാ പെൺകുട്ടികളുടെ ഉള്ളിലും ഒരമ്മയുണ്ട്…ചുറ്റും നടക്കുന്നതൊന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. ഈ ബസിൽ ഞാനും അവനും മാത്രം…കൈവിട്ട് പോകാതിരിക്കാൻ ഒന്നുകൂടി അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു…

പക്ഷെ…പെട്ടന്ന്…രണ്ട് കൈകൾ എന്നിൽ നിന്ന് അവനെ വേർപെടുത്തി. അവന്റെ അമ്മ…

അനുവാദമില്ലാതെ എന്റെ കയ്യിൽ അവനെ തന്നത് പോലെ, അനുവാദമില്ലാതെ എന്നിൽ നിന്ന് അവനെ വേർപെടുത്തി ആ അമ്മ എനിക്ക് ഒരു പുഞ്ചിരിച്ചു സമ്മാനിച്ചു കൊണ്ട്, നിർത്തിയ ബസിൽ നിന്ന് അവർ ഇറങ്ങി പോയപ്പോൾ, എന്നിൽ നിന്ന് എന്റെ ജീവൻ പോയത് പോലെ…

കണ്മുന്നിൽ നിന്ന് മറഞ്ഞിട്ടും ആ കുഞ്ഞ് മുഖം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല…അവന്റെ സ്പർശമേറ്റ നെഞ്ചിൽ കയ്യമർത്തിയപ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു ഉള്ളിൽ തുടിയ്ക്കുന്ന ഹൃദയത്തിന്റെ നൊമ്പരം…

പെണ്ണാണ്…കന്യകയാണ്…പക്ഷേ…എന്നിലും ഒരമ്മയുണ്ട്…ഞാനും ഒരു അമ്മയാണ്.

NB: പ്രിയപ്പെട്ട വായനക്കാരെ…കാമം മൂത്ത് നൊന്ത് പെറ്റ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി കാമുകനൊപ്പം ഇറങ്ങി പോകുന്നവരെ “അമ്മ” എന്ന മഹനീയ പദം ഉപയോഗിച്ച് അഭിസംബോധന ചെയ്യരുത്..

Leave a Reply

Your email address will not be published. Required fields are marked *