July 31, 2021

വിവാഹശേഷം അധികം വൈകാതെ തന്നെ നീ എത്തി എന്ന് അറിഞ്ഞപ്പോത്തന്നെ എന്തോ വലിയ വിജയം നേടി കഴിഞ്ഞു….

ഉൾനാമ്പ് ~ രചന: അഞ്ജന

ഒരു കുഞ്ഞ് ജീവന്‍ ഉള്ളില്‍ മൊട്ടിടുമ്പോള്‍ തുടങ്ങും ആ കാത്തിരിപ്പ്. ഉദരത്തിനുള്ളിലെ ചെറുചലനങ്ങള്‍ പോലും ആ കുഞ്ഞുജീവനെ കാത്തിരിക്കുന്ന അച്ഛനും അമ്മയ്ക്കും നല്‍കുന്ന ആനന്ദം ഏറെ വലുതായിരിക്കും. ഒടുവില്‍ എല്ലാ കാത്തിരിപ്പുകള്‍ക്കും വിരാമമിട്ട് ആ കണ്‍മണി ഈ ലോകത്ത് പിറവിയെടുക്കുന്നതായിരിക്കും ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം.

പക്ഷേ കാത്തിരിപ്പിനു മേല്‍ കരിനിഴല്‍ പടര്‍ന്ന അനുഭവമാണ് എനിക്ക് പറയാനുള്ളത്. ഒരു അമ്മ ആവുന്നത് ഇൗ ലോകത്ത് ഏതൊരു പെണ്ണും കൊതിക്കുന്ന കാര്യമാണ്. തന്നിൽ ഒരു ജീവൻ ഉടലെടുക്ക്മ്പോൾ ഉണ്ടാകുന്ന സന്തോഷം അനുഭവിക്കാൻ സാധിക്കാത്ത അനവതി സ്ത്രീകളെ കണ്ടിട്ടുണ്ട്. അവരുടെ മാനസികാവസ്ഥ അറിയാൻ സാധിച്ചിട്ടില്ല എങ്കിലും ആ വിഷമത്തിൽ പങ്ക് കൊണ്ടിട്ടുണ്ട്. ആർക്കും അങ്ങനൊരു അവസ്ഥ വരരുത് എന്ന് പ്രാർത്ഥികകുകയും ചെയ്തിട്ടുണ്ട്.

വിവാഹശേഷം അധികം വൈകാതെ തന്നെ നീ എത്തി എന്ന് അറിഞ്ഞപ്പോത്തന്നെ എന്തോ വലിയ വിജയം നേടി കഴിഞ്ഞു എന്നു തോന്നിയ നിമിഷം. സന്തോഷം പറഞ്ഞറയിക്കാൻ സാധിക്കില്ല. നിന്നെ വിളിക്കാനും, നിനക്ക് എന്നെ വിളിക്കാനും കണ്ടെത്തിയ ആ പേരുകൾ ഏറ്റവും രഹസ്യമായി തന്നെ ഇനി തുടരട്ടേ…

അത്രമേൽ മധുരത്തോടെ ആ വിളികൾ പരസ്പരം കൈമാറാൻ നമുക്കല്ലാതെ മറ്റാർക്കാണ് കഴിയുക…

അതിനാൽ, അതിന് അവകാശികൾ നമ്മൾ മാത്രം ആവട്ടെ…ഇൗ വാർത്ത എത്രമാത്രം ഒരു കുടുംബത്തിൽ സ്വാധീനം ചെലുത്തി എന്നു നിനക്കറിയാമോ?

നിൻ്റെ ഹൃദയത്തിൻ്റെ മിടിപ്പുകൾ എത്ര പേരാണ് ഇവിടെ ഏറ്റെടുത്തതെന്നോ?

അത് ഇനിയും നിലച്ചിട്ടില്ല….

നിലയ്ക്കാതെ തുടരുമെന്ന്

നിന്നേക്കാൾ ആരാണ് മനസ്സിലാക്കിയിട്ടുള്ളത്…..

ഒറ്റയ്ക്കാവുമ്പോൾ നിറഞ്ഞൊഴുകുന്ന എന്റെ

കണ്ണിനു മുകളിൽ

നിൻ്റെ കുഞ്ഞു വിരലുകൾ മെല്ലെ തൊടുന്നത് അറിയുന്നുണ്ട് മുത്തേ….

നീ തുടിച്ചിരുന്ന ദിവസങ്ങളുടെ ഓർമ്മയുടെ ഇന്ധനം മതിയാവും ഇനിയും ഏറെ മുന്നോട്ട് പോകുവാൻ…

മയക്കങ്ങളിൽ നിന്ന് വിളിച്ചുണർത്തിയിരുന്ന നിൻ്റെ കുഞ്ഞു മുഖം, കുഞ്ഞുടുപ്പുകൾക്കും കളിപ്പാട്ടങ്ങൾക്കുമൊപ്പം ഇനിയും ഇനിയും കാണാതിരിക്കില്ല….

ഇനി വരുന്നവർ വരട്ടെ…

ആരും ആർക്കും പകരമാകാത്തതു പോലെ നീ എന്നും ആദ്യത്തെ ആളാവും….

അറിഞ്ഞും അറിയാതെയും നാംകൊണ്ട ചുംബനങ്ങൾ, ഉറങ്ങിയും ഉണർന്നും നാം കണ്ട സ്വപ്നങ്ങൾ, കുറുമ്പുകൾ, പിണക്കങ്ങൾ ഒക്കെയും കൈമാറാൻ ഏറ്റവും മനോഹരമായ ഒരു കണ്ടുമുട്ടൽ നമുക്കുണ്ടാവും അതുറപ്പ്….

ഇനി വരുന്നവർക്കും,

അമ്മക്കും

കരുതലാവാൻ,

ലോകാവസാനം വരെ

നീ

പിറക്കാതിരിക്കുക……

അവസാന നിമിഷം വരെ അമ്മയിൽ നിനക്കു ഒരു പ്രതീക്ഷ ഉണ്ടായിരുന്നില്ലേ!! പക്ഷേ അമ്മയുടെ നിസ്സഹായാവസ്ഥ നീ അറിഞ്ഞിരുന്നു.

ഓർക്കുന്നുണ്ടോ നീ നമ്മുടെ ആ സംഭാഷണം ഒരിക്കലും മനസ്സറിഞ്ഞ് എനിക്ക് നിന്നെ ഉപേക്ഷിക്കാൻ ആവില്ല കണ്മണി, അമ്മയെ നീ ശപിക്കരുത്. നീ ലോകത്ത് വരാൻ ഇടയായ വ്യക്തി തന്നെ നിന്നെ വേണ്ടെന്ന് വെക്കാൻ നിർബന്ധിക്കുന്നു, അയാളെ നിന്റെ അച്ഛനെന്നു പറയാൻ പോലും തോന്നുന്നില്ല. പക്ഷേ അമ്മയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ആ വ്യക്തി ആവശ്യമാണ്. തന്റെ സഹോദരിയുടെ അവസ്ഥ കണ്ട് സ്വന്തം രക്തത്തിൽ ജനിച്ച നിന്നെ ഇന്ന് അയാള് വേണ്ടെന്ന് വച്ചു എങ്കിൽ നാളെ എനിക്കും എന്താണ് ഗതി എന്നറിയില്ല??

ഇപ്പോഴും തന്റെ മോശം സാമ്പത്തിക അവസ്ഥയിൽ നിന്നെയും കൂടി നോക്കാൻ അയാൾക്ക് സാധിക്കില്ല പോലും. പരസ്പരം അറിഞ്ഞും അനുഭവിച്ചും അറിയാതെ പോയ നമ്മുടെ മനസ്സും ചിരിയും കളിയും ഒകെ ആ വ്യക്തി കാണാതെ പോയി. പറഞ്ഞിട്ടും മനസ്സിലാക്കിയില്ല. ജീവിതം കരുവാക്കി സ്വയം നിന്നിൽ നിന്നും വേർപിരിയാൻ എന്നെ തയ്യാറാക്കി. എന്നുമെന്നും നീ മാത്രം ആയിരിക്കും എന്റെ ജീവന്റെ തുടിപ്പ്. ഞാൻ ഒരിക്കൽ നിന്നിലേക്ക് എത്തും. നിന്നിൽ അലിയും.

Leave a Reply

Your email address will not be published. Required fields are marked *