September 14, 2021

കുറുക്കൻ ~ ഭാഗം 02, രചന: ഷിജു കല്ലുങ്കൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു പോരുക!

“അതു കൊള്ളാമെടാ .. രണ്ടുണ്ട് ഗുണം ടോമി നാണം കെടും എന്റെ ചെറുക്കൻ തലയുയർത്തി നടക്കും ” കുര്യച്ചന് അതങ്ങോട്ട് പിടിച്ചു.

” പക്ഷേ എന്റെ അഭിപ്രായത്തിൽ കുര്യച്ചൻ തന്നെ പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു വന്ന് ചെറുക്കന്റെ മുന്നിലങ്ങു നിറുത്തണം. അവന്റെ മുന്നിൽ കുര്യച്ചന്റെ കഴിവു തെളിയിക്കാൻ കിട്ടിയ സുവർണ്ണാവസരം അല്ലിയോ..? പിന്നെ റോയിച്ചന്റെ മുന്നിൽ നിങ്ങൾക്ക് ജീവിതകാലം മുഴുവൻ രാജാവിനെപ്പോലെ തലയുയർത്തി നടക്കാം “

“ആഹാ ഇതു സംഗതി കൊള്ളാം… പക്ഷേ ഞാൻ വിളിച്ചാൽ ആ പെണ്ണു വരുമോ സുനീ “

“അത് എനിക്ക് വിട്ടേര്…. റോയിച്ചൻ കാത്തിരിക്കും, ഇറങ്ങി വരണം എന്നൊരു മെസ്സേജ് അവൾക്ക് എത്തിച്ചു കൊടുക്കാനുള്ള ആളൊക്കെ എന്റെ കസ്റ്റഡിയിലും ഒണ്ട് കുര്യച്ചാ..”

അവളെ മുന്നിൽക്കൊണ്ട് നിറുത്തിക്കൊടുത്തിട്ടു വേണം ചെറുക്കൻ ഞായറാഴ്ച വലിച്ചെറിഞ്ഞു കളഞ്ഞ പോത്തിറച്ചിയുടെ കണക്കു ചോദിക്കാൻ. കുര്യച്ചൻ ഒന്നൂറിച്ചിരിച്ചു .

ഒരാഴ്ച സമയം കൊണ്ട് മനസമ്മതത്തിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ തിരക്കുപിടിച്ചുള്ള ഓട്ടത്തിൽ ആയിരുന്നു ടോമി. എന്നാൽ മനസമ്മതത്തിന് രണ്ടു ദിവസം മുൻപുള്ള വ്യാഴാഴ്ച കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. അയാൾ ഉറക്കമുണർന്നത് ലിസിയുടെ നെഞ്ചത്തടിച്ചുള്ള നിലവിളി കേട്ടു കൊണ്ടാണ്.

റിയയെ കാണാനില്ല!

അവളുടെ മുറിയിൽ നിന്ന് കിട്ടിയ തുണ്ടു പേപ്പറിൽ,പപ്പയും മമ്മിയും ക്ഷമിക്കണം, ഞാൻ റോയിച്ചനൊപ്പം പോകുന്നു എന്ന് എഴുതിയിരുന്നു.

ടോമി ഒന്നും മിണ്ടാനാവാതെ തളർന്ന് കട്ടിലിൽത്തന്നെ ഇരുന്നു.

ലിസിയുടെ കരച്ചിൽ കേട്ട് അയല്പക്കത്തുള്ളവർ ഓടിവന്നു. വിവരമറിഞ്ഞ് ഉച്ചയായപ്പോഴേക്കും തങ്കച്ചനും അയാളുടെ ഭാര്യ സിസിലിയും ടോമിയുടെ വീട്ടിൽ എത്തി. അവരെ ആശ്വസിപ്പിച്ചു കൊണ്ട് അയല്പക്കത്തെ ചിലർ അവിടെത്തന്നെയുണ്ടായിരുന്നു. തങ്കച്ചനെ കണ്ടതും ടോമി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.

ലിയ അയാളുടെ അടുത്തിരുരിപ്പുണ്ടായിരുന്നു. പപ്പ ഇങ്ങനെ കൊച്ചു കുട്ടികളെപ്പോലെ കരയുന്നത് അവൾ ജീവിതത്തിൽ ആദ്യം കാണുകയായിരുന്നു.

“ആ കൊച്ചനോട് ഞാനിനി എന്നാ സമാധാനം പറയും തങ്കച്ചാ…. എന്റെ മോളിങ്ങനെ ഒരു പണി കാണിക്കുമെന്ന് ഞാൻ ഓർത്തില്ലടോ..”

“സാരമില്ല ടോമി…. എന്നാ ചെയ്യാനാ.. എന്റെ ചെറുക്കൻ ഭാഗ്യമില്ലാത്തോനാ… ഇനി അടുത്ത വരവിനു വേറെ എവിടെയെങ്കിലും ആലോചിക്കണം..”

“തങ്കച്ചാ…. എന്താടോ ഞാനിപ്പോ ചെയ്യുക… അവനൊരു പെങ്കൊച്ചിനെ തപ്പി എത്ര ദൂരം വേണമെങ്കിലും ഞാനും വരാടോ… എനിക്കിപ്പോ അവൻ എന്റെ മോനെപ്പോലാ…. നമുക്ക് ഇത്തവണ തന്നെ അവന്റെ കല്യാണം നടത്തണമെടോ…” ടോമി കരഞ്ഞുകൊണ്ടു തന്നെ ദൃഢനിശ്ചയത്തോടെ തങ്കച്ചന്റെ കയ്യിൽ പിടിച്ചു.

“ഓ… ടോമിച്ചായനിതെന്നതാ പറയുന്നേ …ഇനി എന്നാ ഒണ്ട് കഷ്ടിച്ചു മൂന്നാഴ്ച്ച… അതിനുള്ളിൽ ഈ ഒറ്റക്കാലും വച്ചോണ്ട് ഞാൻ എവിടെപ്പോയി തപ്പിപ്പിടിച്ചു കൊണ്ടുവരാനാ അവന് പറ്റിയ പെണ്ണിനെ?” തങ്കച്ചൻ തന്റെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞു.

“അങ്ങനാണേൽ തിരഞ്ഞ് ഒത്തിരി ദൂരം പോകുന്നതെന്തിനാ ടോമിച്ചാ .. ഇവിടെത്തന്നെ ഉണ്ടല്ലോ ഒരു പെങ്കൊച്ച് നമുക്കൊന്ന് ആലോചിച്ചു കൂടെ?” ലിയയുടെ നേരെ നോക്കിക്കൊണ്ട് തങ്കച്ചന്റെ ഭാര്യ സിസിലി പറഞ്ഞു.

ലിയ ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു.

“അതുവേണ്ട സിസിലി…. എന്റെ മക്കൾ അപ്പനെ അനുസരിച്ചു ജീവിക്കുന്നവർ ആണെന്നാ ഞാൻ കരുതിയിരുന്നത്…. ദാ ഇപ്പൊ കണ്ടില്ലേ മൂത്തവൾ കാണിച്ച പണി… ഇവൾക്കും കാണും ഞാൻ അറിയാതെ മനസ്സിൽ ആരെങ്കിലുമൊക്കെ…. ഇനിയും നാണം കെടാൻ എനിക്ക് വയ്യ പെങ്ങളേ..” ടോമി തല കുനിച്ചു.

ലിയയ്ക്ക് കരച്ചിൽ വന്നു.

“പപ്പ എന്നെപ്പറ്റി അങ്ങനാണോ കരുതിയത്..?” അവൾ ടോമിയുടെ തോളിൽ പിടിച്ചു കൊണ്ട് അയാളോട് ചേർന്നിരുന്നിട്ട് തങ്കച്ചനെ നോക്കി.

“തങ്കച്ചായാ…. ജിൻസിന് ഇഷ്ടമാണെങ്കിൽ ചേച്ചിയുടെ കല്യാണം നിശ്ചയിച്ച മുഹൂർത്തത്തിൽ എന്റെയും ജിൻസിന്റെയും വിവാഹം നടന്നിരിക്കും… ഞാൻ ഈ പപ്പേടെ മോളാ…”

ടോമി ലിയയെ ചേർത്തുപിടിച്ചു വീണ്ടും കരഞ്ഞു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ജിൻസിന് എതിർപ്പൊന്നും ഇല്ലാ എന്ന് തങ്കച്ചൻ അറിയിച്ചു. ശനിയാഴ്ച ലിയയുടെയും ജിൻസിന്റെയും മനസമ്മതം നടന്നു.

“ഇതിപ്പോ പണ്ടാരാണ്ടു പറഞ്ഞപോലെ ടോമി തോറ്റു തോറ്റില്ല എന്നങ്ങോടു വന്നിട്ട് ഒടുക്കം കുര്യച്ചൻ തോറ്റു അല്ല്യോ കുര്യച്ചാ…” ഒടക്ക് സുനി കട്ടൻ കാപ്പി ഊതിക്കുടിച്ചു കൊണ്ട് കുര്യച്ചന്റെ കണ്ണിലേക്കു നോക്കി.

“ഞാനെവിടെയാടാ സുനീ തോറ്റത്..? അവന്റെ പെണ്ണല്ല്യോ എന്റെ ചെറുക്കന്റെ കൂടത്തിൽ പൊറുക്കുന്നത്?”

” പറഞ്ഞിട്ട് കാര്യമില്ലല്ലോ കുര്യച്ചാ… ഞായറാഴ്ച അവന്റെ പെണ്ണിന്റെ കല്യാണം അല്ല്യോ… രണ്ടു വിളിച്ചു ചൊല്ലി അന്തസായിട്ട് കല്യാണം നടത്തുന്നതോടെ ടോമി ജയിച്ചില്ലേ? കല്യാണം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്ന നമ്മടെ റോയിച്ചനും പെണ്ണും നാട്ടുകാരുടെ മുന്നിൽ ആരായി? “

തനിക്കു സംഭവിക്കാൻ പോകുന്ന നാണക്കേടിന്റെ ആഴം അപ്പോഴാണ് കുര്യച്ചന് പിടികിട്ടിയത്.

“ടാ സുനിയേയ്…. ചാടിപ്പോന്ന പെണ്ണിന് മനസമ്മതത്തിന്റെ ആവശ്യം ഉണ്ടോടാ..?”

“ഇല്ലെന്നാണ് എനിക്കു തോന്നുന്നത് “

“എന്നാ എന്റെ പിള്ളേരുടെ കല്യാണോം ഞാൻ നടത്തുമെടാ… എത്രയും പെട്ടെന്നു തന്നെ. മെത്രാനച്ചന്റെ അനുമതി പത്രം ഞാൻ കൊണ്ടു കൊടുക്കാം പള്ളീലച്ചന്…” കുര്യച്ചൻ ചാടി എഴുന്നേറ്റു.

അടുത്ത ഞായറാഴ്ച പള്ളിയിൽ ഒരേസമയം രണ്ടു കല്യാണങ്ങൾ നടന്നു.

ജിൻസ് ലിയയുടെ കഴുത്തിൽ താലി ചാർത്തുന്നതിന് തൊട്ടു മുൻപ് റോയിച്ചൻ റിയയുടെ കഴുത്തിൽ താലി ചാർത്തി. ക്ഷണിച്ചെത്തിയ ആളുകൾ ആരുടെ സദ്യ ഉണ്ണും എന്നറിയാതെ തലങ്ങും വിലങ്ങും നടന്ന് രണ്ടിടത്തു നിന്നുമായി മൂക്കുമുട്ടെ കഴിച്ചു തിരിച്ചു പോയി.

ക്ഷണിക്കപ്പെട്ടു വന്നവരെല്ലാം പിരിഞ്ഞു. ലിയയും ജിൻസും ജിൻസ് പുതുതായി പണികഴിപ്പിച്ച വീട്ടിൽ ആദ്യരാത്രി ആഘോഷിക്കാൻ തീരുമാനിച്ചു.

തന്റെ കൊച്ചു വീടിന്റെ അടുക്കളയുടെ പിന്നിലുള്ള വാതിൽപ്പടിയിൽ ഓരോന്നോർത്ത് മൂക്കുപിഴിഞ്ഞിരിക്കുകയായിരുന്നു ലിസി. ടോമി അവളുടെ അടുത്തു വന്നിരുന്നു.

“എന്നതാ ലിസ്യേ ഇത്….നിർത്താറായില്ലേ നിന്റെ കരച്ചിലും മൂക്കു ചീറ്റലും?”

“ഓ….എന്തോർത്തിട്ടാ ടോമിച്ചാ…. എങ്ങനെ വളർത്തീതാ നമ്മള് നമ്മടെ മക്കളെ?”

“അതിനിപ്പോ എന്തുണ്ടായി ലിസീ?”

“ഇത്രയൊക്കെ ഉണ്ടായാൽ പോരേ?

മൂത്തവൾ ഒരുത്തന്റെ കൂടെ ചാടിപ്പോയി… രണ്ടാമത്തവൾ മൂത്തവളെ കെട്ടാൻ വന്നവനെ കെട്ടി അന്യദേശത്തേക്ക് പോകാൻ പോകുന്നു… നമുക്ക് ആരുമില്ലാതായി..”

അവർ ടോമിച്ചന്റെ തോളിലേക്ക് ചാരിക്കിടന്ന് വിമ്മിക്കരയാൻ തുടങ്ങി.

“ഓഹോ…. ഇങ്ങനെയൊക്കെയാണോ നീയും ആലോചിച്ചു കൂട്ടിയിരിക്കുന്നത്? എന്നാ എന്റെ സൈഡിൽ നിന്നിട്ട്, എനിക്ക് പറയാനൊള്ളതും കൂടി നീയൊന്നു കേൾക്ക്…”

ലിസി ഒന്നും മിണ്ടിയില്ല.

” കുര്യച്ചൻ കൊടുക്കാനുള്ള 10 ലക്ഷം രൂപയ്ക്ക് എന്തെങ്കിലും ഒരു നീക്കുപോക്ക് ഉണ്ടാക്കാൻ വേണ്ടിയാ അയർലൻഡിൽ നിന്ന് ജിൻസ് വന്നിട്ടൊണ്ടെന്നറിഞ്ഞു ഞാനവനെ കാണാൻ ചെന്നത്.”

“അവിടെച്ചെന്ന് കാര്യങ്ങൾ സംസാരിച്ചപ്പോൾ ആണ് അവൻ ഒരു കാര്യം സൂചിപ്പിക്കുന്നത് . നമ്മുടെ മോളു ലിയയെ അവൻ വഴിയിൽ എവിടെയോ വച്ചു കണ്ടെന്നും അവളെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും ഈ വിവാഹം നടന്നാൽ ആ 10 ലക്ഷം രൂപയുടെ കാര്യം മറന്നേക്കാമെന്നും അവൻ പറഞ്ഞു.”

“ലിയ അല്ല ടോമിച്ചാ… റിയ..” ലിസി ഇടയ്ക്കു കയറി തിരുത്തി.

“റിയ അല്ല ഭാര്യേ… അവനിഷ്ടപ്പെട്ടത് ലിയയെ ആയിരുന്നു…”

“നിങ്ങളിത് എന്തു കുന്തമാ ടോമിച്ചാ ഈ പറയണത്…? ജിൻസ് ഇവിടെ പെണ്ണുകാണാൻ വന്നത് റിയയെ അല്ലേ?”

“നീ കുറച്ചു നേരത്തേക്ക് ചോദ്യങ്ങൾ ചോദിക്കാതെ ഞാൻ പറയുന്നത് കേൾക്ക്..”

“പത്തുലക്ഷം രൂപയുടെ കാര്യത്തിൽ ഒരു സമാധാനം മാത്രമല്ല ലിയയെ അവൻ കെട്ടിക്കോളാം എന്നു കൂടി പറഞ്ഞപ്പോ ഞാൻ ശെരിക്കും പെട്ടു. കാരണം ജിൻസ് നല്ല ചെറുപ്പക്കാരൻ ആണെന്നും അതിനേക്കാൾ നല്ലൊരു ബന്ധം മോൾക്ക് കിട്ടാൻ ബുദ്ധിമുട്ട് ആണെന്നും എനിക്കറിയാമായിരുന്നു.

പക്ഷേ മൂത്തവൾ നിൽക്കുമ്പോൾ ഇളയവളെ കെട്ടിക്കാൻ പറ്റില്ലല്ലോ. റിയ റോയിച്ചനെ അല്ലാതെ ആരേയും കെട്ടില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. പക്ഷേ അതും പറഞ്ഞു എനിക്ക് കുര്യച്ചന്റെ അടുത്തേക്ക് ചെല്ലാൻ പറ്റുമോ? അയാളുടെ നക്കിത്തരത്തിന് എത്രയാ സ്ത്രീധനം ചോദിക്കുകയെന്ന് അറിയാൻ പറ്റില്ലല്ലോ. നമ്മടെ കയ്യിൽ എന്നാ ഇരിക്കുന്നെടീ എടുത്തു കൊടുക്കാൻ…?
അതുകൊണ്ട് ഞാനാ ജിൻസിനോട് പറഞ്ഞത് റിയയെ കാണാൻ വരുമ്പോലെ വന്ന് ലിയയെ കണ്ടിട്ട് പോകാൻ.. “

“എന്റെ കർത്താവേ…. അപ്പോ റോയിച്ചനെങ്ങാനും വന്ന് റിയ മോളെ ഇറക്കിക്കൊണ്ട് പോയില്ലെങ്കിൽ നിങ്ങളെന്തു ചെയ്തേനെ മനുഷ്യാ..?”

“റോയിച്ചൻ അല്ലെടീ കുര്യച്ചനാ അവളെ വന്നു വിളിച്ചോണ്ട് പോയത് ..”

“ആരാ… കുര്യച്ചനോ..?”

“അതേന്ന്… വ്യാഴാഴ്ച വെളുപ്പിന് 2.30 ന് അവൾ ശബ്ദമുണ്ടാക്കാതെ പിൻവാതിൽ തുറന്ന് ഇറങ്ങിപ്പോകുമ്പോൾ ദാ ഈ അടുക്കള ജനലിനരുകിൽ ഞാൻ നിൽപ്പുണ്ടായിരുന്നു. പുറത്ത് കുര്യച്ചനും ഒടക്ക് സുനിയും നിൽക്കുന്നത് കണ്ടിട്ടല്ലേ ഞാൻ വന്നു കിടന്നത്.”

“എന്നാലുമെന്റെ ടോമിച്ചാ കെട്ടാനുള്ള പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ട് പോകാനുള്ള തന്റേടം പോലുമില്ലാതെ പോയല്ലോ നമ്മുടെ റോയിച്ചന്..”

“റോയിച്ചൻ റിയയെ വിളിച്ചുകൊണ്ടു ചെന്നിരുന്നെങ്കിൽ അറുപിശുക്കാനായ കുര്യച്ചൻ ജീവിതകാലം മുഴുവൻ സ്ത്രീധനക്കാര്യം പറഞ്ഞ് നമ്മടെ മോളെ ഉപദ്രവിക്കില്ലേ…. ഒടക്കു സുനിയെക്കൊണ്ട് അവൻ പോലുമറിയാതെ കുര്യച്ചനിട്ട് കൊടുത്ത ഒരു പണി…റോയിച്ചന് പകരം കുര്യച്ചൻ വന്നു പെണ്ണിനെ കൊണ്ടുപോകാൻ ..”

“അയ്യോ…. ഒടക്ക് സുനിയോ… അപ്പൊ അവൻ നിങ്ങളെ ചതിച്ചു അല്ലേ?”

“എടീ ഈ നാട്ടിൽ ഇത്രയും ആണുങ്ങൾ ഉണ്ടായിട്ടും ഒരു കല്യാണക്കാര്യം വന്നപ്പോ ഞാൻ എന്തിനാ സുനിയേ കൂടെ കൂട്ടിയേ?”

“ആഹ്… എന്തിനാ?”

“നാട്ടിൽ എന്തു മംഗളകാര്യം നടന്നാലും അതിന് ഒടക്കു വയ്ക്കുന്ന സുനി നമ്മടെ മോൾടെ കല്യാണകാര്യത്തിനും ഒടക്കു വയ്ക്കുമെന്ന് എനിക്കുറപ്പായിരുന്നു. അതിന് അവൻ കൂട്ടുകൂടാൻ സാധ്യത കുര്യച്ചൻ അല്ലെങ്കിൽ റോയിച്ചൻ ആയിരിക്കും എന്ന് ഊഹിക്കാൻ വല്ല്യ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ഭാര്യേ..”

“അപ്പൊ അവൻ പണി തരുന്നുണ്ട് എന്നറിഞ്ഞിട്ടും നിങ്ങൾ അവനെ കൂടെ കൊണ്ടു നടക്കുവാരുന്നോ ടോമിച്ചാ..?”

“ഇല്ലെങ്കിൽ നിന്റെ രണ്ടു പെൺമക്കടേം കല്യാണം ഒരുമിച്ചു കൂടാനുള്ള യോഗം നിനക്കുണ്ടാകുമായിരുന്നോ?”

“എന്നതാ നിങ്ങളീ പറയണത്? തെളിച്ചു പറ മനുഷ്യാ…”

“എടീ ലിയയുടെ മനസമ്മതം കഴിഞ്ഞ ദിവസം ഞാനും സുനിയും ഇവിടിരുന്നു കള്ളു കുടിച്ചില്ലേ?”

“ഉവ്വ്… “

“അന്നേരം ഞാൻ സുനിയോട് പറഞ്ഞു, ‘ ഡാ സുനീ ഇപ്പഴും ടോമിച്ചനാടാ ജയിച്ചു നിക്കുന്നേ… മൂത്തവള് ചാടിപ്പോയാ പോട്ടെടാ…..എന്റെ ലിയമോൾടെ കല്യാണം ഞാൻ അന്തസ്സായി പള്ളിയിൽ വച്ചു നടത്തും. കുര്യച്ചന് വിളിച്ചിറക്കിക്കൊണ്ട് പോയി ചുമ്മാ കൂട്ടിതാമസിപ്പിക്കാനല്ലേ പറ്റിയുള്ളു ‘ എന്ന് “

“എന്നാലും കുര്യച്ചനെ സമ്മതിക്കണം, ആ വാശിക്ക് അരമനേന്നു അനുവാദം മേടിച്ച് ലിയയെക്കാൾ രണ്ടു മിനിറ്റ് മുൻപ് റിയയുടെ കഴുത്തിൽ താലി കെട്ടിച്ചില്ലേ അങ്ങേര് ..”

“പിന്നേ…. ഓടിച്ചെല്ലുന്നതേ എടുത്തിങ്ങോട്ട് തരാൻ അനുവാദം എഴുതി വച്ചോണ്ട് മെത്രാൻ കാത്തിരിക്കുവല്ലായിരുന്നോ കുര്യച്ചൻ വരുന്നുണ്ടോന്നു നോക്കി…. എടീ പെമ്പിളേ.. നമ്മുടെ മൂത്തമകളുടെ കെട്ടിന് നമ്മളും കൂടി അടുത്തുണ്ടാവണം എന്ന് നമുക്കും ആഗ്രഹം ഇല്ലേ…. അതുകൊണ്ട് നമ്മുടെ വികാരിയച്ചനെക്കൊണ്ട് ഞാൻ വിളിച്ചു പറയിച്ചു കിട്ടിയതാ ആ അനുവാദം.”

ലിസി ജീവിതത്തിൽ ആദ്യമായി ടോമിയെ കാണുന്ന പോലെ മിഴിച്ചു നോക്കി.

“എന്നാലും എന്റെ ടോമിച്ചാ…. റിയ ഇറങ്ങിപ്പോയാൽ ലിയ ജിൻസിനെ കെട്ടാൻ തയ്യാറാകുമെന്ന് നിങ്ങളെങ്ങനെ ഒറപ്പിച്ചു…?”

“യാതൊരു ഉറപ്പും ഇല്ലാരുന്നെടീ… ഒന്നു ശ്രമിച്ചു നോക്കി.. അതിന് ഇത്തിരി ബലം കിട്ടാൻ തങ്കച്ചനെയും സിസിലിയെയും വരുത്തേണ്ടി വന്നു.”

“കർത്താവേ…. അപ്പോ അവരേം നിങ്ങള് വിളിച്ചു വരുത്തിതാരുന്നോ?”

“പിന്നല്ലാതെ…” ലിസിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ടോമി ഒരു കുറുക്കൻ ചിരി ചിരിച്ചു.

“ചുരുക്കം പറഞ്ഞാൽ ഒരു പൈസ പോലും ചിലവില്ലാതെ രണ്ടു പെണ്മക്കളെയും നാട്ടിലെ ഏറ്റവും നല്ല ചെറുപ്പക്കാരെക്കൊണ്ട് കെട്ടിച്ചു….ഇനിയിപ്പോ ബാധ്യതകൾ ഒന്നുമില്ലാതെ കുറച്ചു കാലം സ്വസ്ഥമായി ജീവിക്കണം അല്ലേ ടോമിച്ചാ..?”

“അതെങ്ങനെയാണ് ലിസ്യേ…. ദാ ജിൻസ് പോയി മൂന്നു മാസത്തിനുള്ളിൽ ലിയയെ കൊണ്ടോവും എന്നാ പറഞ്ഞത്. രണ്ടുപേരും പോയാൽപ്പിന്നെ കൊട്ടാരം പോലുള്ള അവന്റെ വീട് നോക്കി സംരക്ഷിക്കണ്ടത് നമ്മളല്ലേ… അതുകൊണ്ട് സ്വസ്ഥമാകുമോ…. ഈ അയർലൻഡിൽ ഒക്കെ പിള്ളേരെ നോക്കാൻ ആളെക്കിട്ടില്ല എന്നാ അവൻ പറഞ്ഞേ.. വെല്യ താമസം ഇല്ലാതെ നമ്മള് പോകേണ്ടി വരും ഭാര്യേ.”

“പക്ഷേ എന്റെ റിയ മോളെ അങ്ങനെ ഉപേക്ഷിച്ചു കളയാൻ എന്നെക്കൊണ്ട് പറ്റത്തില്ല ടോമിച്ചാ..” ലിസി വീണ്ടും മൂക്കു പിഴിയാൻ തുടങ്ങി.

“ഉപേക്ഷിക്കാനോ…? നല്ല കാര്യം. അവള് നമ്മുടെ മൂത്ത മോളല്ല്യോടീ..?”

“പക്ഷേ കുര്യച്ചൻ…..?”

“എന്തോന്ന് കുര്യച്ചൻ എന്റെ ഭാര്യേ… ജിൻസ് നമ്മുടെ മരുമോൻ ആയിട്ട് ഉള്ളിടത്തോളം, അവന്റെ കയ്യിൽ ഇഷ്ടം പോലെ കാശ് ഉള്ളിടത്തോളം…. തമ്മിൽ തമ്മിൽ നേരെ കാണുമ്പോ ‘ന്റെ കുര്യച്ചാ…. എന്നാലും നീയെന്നോട് ഇങ്ങനെയൊക്കെ ചെയ്തതല്ലോടാ’ എന്നും പറഞ്ഞ് ഒന്നു കെട്ടിപ്പിടിച്ചാൽ മൂക്കും കുത്തി വീഴില്ലേ കുര്യച്ചൻ….. അഥവാ വീണില്ലേൽ ഒടക്കു സുനിയല്ലെടീ ജീവനോടെ ഒള്ളത്…. നീ പേടിക്കണ്ട… കൂടിയാൽ പത്തു ദിവസം… അതിനുള്ളിൽ രണ്ടു മരുമക്കൾക്കും നീ ഒരുമിച്ച് വിരുന്നൊരുക്കേണ്ടി വരും ” ടോമി പൊട്ടിച്ചിരിച്ചു.

“എന്നാലുമെന്റെ ടോമിച്ചാ… എങ്ങനെയാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ?”

ലിസി മൂക്കുപിഴിച്ചിൽ നിർത്തിയിട്ട് ചിരിക്കാൻ തുടങ്ങി.

“രണ്ടു പെണ്മക്കളെ കെട്ടിക്കാറായി നിൽക്കുമ്പോ അഞ്ചുപൈസപോലും കയ്യിലില്ലാത്തവന്റെ തലേലേക്കു പത്തു ലക്ഷം രൂപയുടെ ബാധ്യത കേറ്റി വച്ചു കൊടുത്തുനോക്ക് അപ്പൊക്കാണാം……ആരാണേലും ഇങ്ങനെയൊക്കെ ചിന്തിച്ചു പോകുമെന്റെ ഭാര്യേ..”

Leave a Reply

Your email address will not be published. Required fields are marked *