September 14, 2021

പെട്ടന്ന് അയാളുടെ ഓർമ്മയിൽ വെളുത്ത് തുടുത്ത ഒരു കൗമാരക്കാരിയുടെ രൂപം ഓർമ്മ വന്നു…

സോഫിയുടെ രണ്ടാം വരവ് ~ രചന: ഷാജി മല്ലൻ

വൃശ്ചികത്തിലെ  ഒരു മഞ്ഞുവീണ വെളുപ്പാൻ കാലം. രാത്രികളിലെ അത്യുഷ്ണത്തിൻമേൽ നടത്തുന്ന പ്രാക്കിനു പണി തരുന്ന സീലിങ്ങ് ഫാനിന്റെ തണുത്തുറഞ്ഞ കാറ്റിനെ വെല്ലാൻ ഉടുമുണ്ട് അഴിച്ചെടുത്ത് അപാദചൂഡം മൂടാൻ ഒന്നു  S ആ കൃതിയിൽ വളഞ്ഞൊടിഞ്ഞ് കിടന്നപ്പോഴാണ് മൊബൈൽ ആദ്യമൊന്ന് ചിലച്ചത്. ശരിക്കു പറഞ്ഞാൽ എല്ലാ നവംബറിലെ പോലെയും മഞ്ഞുറഞ്ഞ വെൺപുലരികളിൽ നഷ്ട പ്രണയങ്ങളുടെ മർമ്മരം നിറഞ്ഞ ഷോർട്ട് ഫിലിമുകളുടെ ക്ലൈമാക്സ് സീനുകളുടെ ആലസ്യത്തിലായതു കൊണ്ടോയെന്തോ ഇങ്ങനെ അസ്ഥാനത്ത് കേട്ട റിംഗ്ടോൺ ആദ്യം കേട്ടില്ലാന്ന് നടിക്കാനാണ് അയാൾക്ക് തോന്നിയത്. വീണ്ടും വീണ്ടുമുള്ള ഫോണിന്റെ മണിയടി അസഹനീയമായതോടെ പിറുപിറുക്കാതിരിക്കാൻ തോന്നിയില്ല.

മുണ്ടു വാരി ചുറ്റി ഫോൺ ചെവിയോടടുപ്പിച്ചു.ഗർഫ് കാളാണെന്നറിഞ്ഞപ്പോൾ വീണ്ടും കട്ടക്കലിപ്പാണു തോന്നിയത്. സമയം 6.00 ആയില്ല!!!  ഇവനൊന്നും അവിടെ ഉറക്കമില്ലേ!!!.” എടാ ഞാനാണ് ബുൾ… മസ്കറ്റിൽ നിന്നാന്ന്. അളിയാ ഒരു സഹായം വേണം” “എന്താടാ മനുഷ്യനെ ഉറക്കില്ലേ ?”  ആദ്യം തന്നെ നാക്കിൽ വന്ന അസ്വാരസ്യം വെളിയിൽ ചാടി.”എന്നാടാ ചൂട്, പെണ്ണുംപിള്ള കെട്ടിപ്പിടിച്ചു കിടന്നു മതിയായില്ലേ?” അവൻ എല്ലില്ലാത്ത നാവ് തുറന്നതുകൊണ്ട് ഒന്നടങ്ങാൻ അയാൾക്ക് തോന്നി.” ആ പറയെടാ ക്യാ കബർ ?” സ്വരത്തിലെ മര്യാദരാമനെ തിരിച്ചറിഞ്ഞു കൊണ്ടോയെന്തോ മറുതലയ്ക്കലെ ബഹളം നിന്നപോലെ തോന്നി.” ഒന്നൂല്ലാ അളിയാ, നിനക്കു നമ്മുടെ സോഫിയെ അറിയില്ലേ ?”ഏതു സോഫിയെന്നു ചോദിക്കാൻ ധൈര്യപ്പെടാത്തോണ്ട് ചോദിച്ചില്ല,അല്ല എത്ര പെണ്ണുങ്ങൾ  ഈ പത്തുനാല്പതു കൊല്ലത്തിനിടയിൽക്കൂടി മനതാരിൽക്കൂടി കടന്നുപോയിരിക്കുന്നു. അതിൽ ഒരു സോഫി?

കോളേജ് ഓർമ്മകൾ ക്ലാവു പിടിച്ചു തുടങ്ങിയിരിക്കുന്നു. അവനെ പിണക്കാതെ മനസ്സിലാക്കാം, അതെയുള്ളു രക്ഷ.” അളിയാ ഇപ്പോഴും നീ പിടി വിട്ടിട്ടില്ലേ അവളുടെ പുറകീന്ന്” വെറുതെ ഒന്നു കീറി നോക്കി.”പോടാ പൊട്ടാ… ഈ തോമ ഏതേലും പെണ്ണിന്റെ പുറകിൽ നടന്നിട്ടുണ്ടെങ്കിൽ അവളെന്റെ തോളിൽ വേതാളം പോലെ കാണുമെടാ…  ഇപ്പൊ തോളിലല്ലാ…ബെഡിലാ ദേ മുക്രയിട്ട് കിടക്കുന്നു”. അയാൾ പെട്ടന്ന് അറിയാതെ ചിരിച്ചു പോയി. തോമസ് മാത്യു എന്ന ഈ ‘ബുൾ’ അല്ലേലും ഇതൊക്കെ തന്നെ.. ക്ലാസിലെ അല്ല ബാച്ചിലെ തന്നെ ഏറ്റവും വെറളി!!” എടാ ഇത് നമ്മുടെ ജൂനിയറായി ഇലക്ട്രിക്കലിൽ പഠിച്ച സോഫിയെന്ന സോഫിയാ റഹ്മാനെ അറിയില്ലേ? അവളുടെ പാവാടയും അടിയുടുപ്പുമൊക്കെ ഇട്ടല്ലെ അന്നു ഞാൻ ഫൈനലിയേഴ്സ് ഡേയ്ക്കു ‘ചോളിക്കി പീച്ചേ ‘ കളിച്ചേ!! നിനക്ക് അൽഷിമേഴ്സ് ആയോടാ… അല്ല ഇങ്ങനെ കോളേജ് കാലത്തെ ചരക്കുകളെയൊക്കെ മറക്കാൻ? അന്നു നിനക്കു അവളെ ലൈൻ ഒപ്പിച്ചു തരാൻ കഷ്ടപ്പെട്ടു നടന്ന എന്നോടു തന്നെ വേണം ഇതു പറയാൻ”!!!

പെട്ടന്ന് അയാളുടെ ഓർമ്മയിൽ വെളുത്ത് തുടുത്ത ഒരു കൗമാരക്കാരിയുടെ രൂപം ഓർമ്മ വന്നു..അവളുടെ പേരിൽ തോമ അടിച്ചു മാറ്റിയ ബുൾസൈകളും!! ലൈനടിക്കാൻ നടത്തിയ തന്റെ പരിശ്രമങ്ങൾ അവസാനം നാഷണൽ സർവീസ് സ്കീമിന്റെ ക്യാമ്പ് ഫയറിൽ അവളും കൂട്ടുകാരനുമായി സല്ലപിച്ചിരുന്ന മരക്കൊമ്പ് ഒടിഞ്ഞു വീണതോടെ വീണുടഞ്ഞിരുന്നു. വർഷങ്ങളുടെ വിസ്മൃതിയിൽ അത് എന്നേ എടുത്തെറിയെപ്പട്ടതുകൊണ്ട് സോഫിയ അയാളുടെ ഓർമ്മയിൽ മാഞ്ഞു പോയിരുന്നു.” എടാ അവൾ നാളെ നിന്റെ ഓഫീസിൽ വരും, അവളുടെ കെട്ടിടത്തിന്റെ എന്തോ വിഷയം, നീ ഒന്നു സഹായിക്കണേ, ആ പിന്നെ അവളിപ്പെഴും അടിപൊളിയാടാ!”! അവന്റെ കത്തിക്കലു കണ്ട് അയാൾക്ക് ചിരി പൊട്ടി,” എടാ ചക്കരെ ഇതിന്റെ പേരിൽ നിന്റെ ഫീസെത്രയാടാ.. നീ ഒന്നും അങ്ങനെ ഫ്രീയായി ചെയ്യില്ലല്ലോ? ” ഇല്ലളിയാ അവളുടെ ബ്രദർ ഇവിടെ മസ്ക്കറ്റിലുണ്ട്. അവനാ വിഷയം പറഞ്ഞത്. അവളും ഫാമിലിയും ദോഹയിലാണ്. ഇപ്പോൾ അവൾ നാട്ടിലുണ്ട്, നിന്നെ ഇന്നു വന്നു കാണും ഒന്നു സഹായിക്കെടേ, മാത്രമല്ല നിനക്കു  അവളെ ഒറ്റയ്ക്കു കിട്ടുന്നതല്ലെ പഴയ ഓർമ്മകളൊക്കെ ഒന്നു പൊടിതട്ടി കുടയുകയുമാകാം! അവന്റെ കുലുങ്ങിച്ചിരി ഫോണിന്റെ അങ്ങേ തലക്കൽ മുത്തു വാരി വിതറി!!

“എന്താ രാവിലെ കണ്ണാടിക്കുമ്പിലൊരു ആന ചമയം?” പതിവില്ലാത്ത അയാളുടെ ഒരുക്കവും ഉച്ചിയിലെ കഷണ്ടി മറക്കാൻ കുറചു നേരമായുള്ള പരിശ്രമവും ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടതയാൾ അറിഞ്ഞില്ല.” പെൺപിള്ളേരു വളർന്നു വരുന്നെന്നോർമ്മ വേണം, രാവിലെ എണിറ്റു പത്തടി നടന്നാൽ പ്രഷറിന്റെ മരുന്നു കുറയ്ക്കാരുന്നു”. ഭാര്യയുടെ അരം വെച്ചുള്ള വർത്തമാനത്തിന് അയാളുടെ നാക്ക് മറുപടി പറയാൻ വളഞ്ഞെങ്കിലും സോഫിയയുമായി ഒരുമിച്ച് മെട്രോ നഗരം കറങ്ങാനിരിക്കുന്ന  ദിവസം വഴക്കിനവധി കൊടുക്കാൻ അയാളിലെ അഴകിയ രാവണൻ ശ്രദ്ധിച്ചു.

“സാറിന്ന് പൊടി ഒരുക്കത്തിലാന്നല്ലോ” റൂമിലെത്തിയ ജൈനമ്മ സൂപ്രണ്ട് ഫയൽ മുമ്പിലേക്ക് നീക്കിവെച്ച് വെളുക്കെ ചിരിച്ചു.” ഹും ആണോ” വെറുതെ ഒരു ലോഹ്യം ചോദിക്കുമ്പോഴും അയാളുടെ കണ്ണുകൾ റൂമിന്റെ ഹാഫ് ഡോറിലേക്കായിരുന്നു.” സാറിതെവിടാ ധൃതിപ്പെട്ട് നോക്കി കൊണ്ടിരിക്കുന്നത്, പതിവു പോലെ  ഷിഫോൺ സാരി വലിച്ചു തുള്ളി നിൽക്കുന്ന മാറിടങ്ങൾക്ക് പുറത്തേക്കിട്ടുകൊണ്ട് സൂപ്രണ്ട് കുണുങ്ങി. “എന്റെ ഒരു ഫ്രണ്ട് വരുന്നുണ്ട്. ഞങ്ങളൊന്നു കറങ്ങാൻ പോണു. മുറിക്ക് പുറത്ത് ബനിയനും ബർമുഡയുമൊക്കെ ഇട്ട പെണ്ണുങ്ങൾ വല്ലതും നില്പുണ്ടോ?” അയാൾ  സൂപ്രണ്ടിനെ ഒന്നു മൂപ്പിക്കാനെന്നോണം ചോദിച്ചു.

“ഇല്ലല്ലോ, അവിടെ സാറിന്റെ ഒപ്പു വാങ്ങാൻ വന്ന വിധവാ പെൻഷൻ അപേക്ഷകരെയുള്ളല്ലോ സാറേ, പെണ്ണുങ്ങൾക്കൊക്കെ സാർ ഒപ്പിട്ടു കൊടുക്കുന്നതാ ഇഷ്ടം!!. സൂപ്രണ്ടു തന്നെയൊന്നു ആക്കി പറഞ്ഞതു പോലെ അയാൾക്ക് തോന്നി. ഓഫീസിൽ വെറെയും ഓഫീസറൻമാരുണ്ടേലും തന്റെ മുറിക്ക് ആളു കൂടുന്നതിനു ചെറുതായി പരിഹസിച്ചതാണ്. പിന്നെ താമസിച്ചില്ല, കോളേജ് ജീവിതം അല്പം പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്തു പറഞ്ഞിട്ടേ അയാളിലെ പുരുഷു അടങ്ങിയുള്ളു!!.

സോഫിയയും താനുമായുള്ള ചൂടൻ കഥകളുടെ ക്ലൈമാക്സ് പറയുമ്പോൾ രസചരട് പൊട്ടിക്കാനെന്നവണ്ണം ഹാഫ് ഡോർ മുട്ടി അനുവാദം വാങ്ങാതെ തലയകത്തേക്ക് നീട്ടിയ പർദ കാരിയോട് വെളിയിൽ വെയിറ്റു ചെയ്യാൻ പറയാനും മറന്നില്ല. പെൻഷൻ അപേക്ഷകരെക്കൊണ്ട് താൻ പൊറുതി മുട്ടിയിരിക്കുകയാണെന്ന് അയാൾക്ക് തോന്നി. അല്പം അനിഷ്ടത്തോടെയാണെങ്കിലും അയാളിലെ ഹിറോയിസം കേട്ടു വെളിയിലിറങ്ങിയ ജൈനമ്മ സൂപ്രണ്ട് തിരികെയെത്തി അയാളുടെ തോളിൽ മുപ്പത്തിയെട്ടിഞ്ച് മാറിടമമർത്തി കൊഞ്ചി” ആളു വന്നിട്ടുണ്ട്…

വിളിക്കെട്ടെ?” ഹാഫ്‌ഡോർ തുറന്നു തന്റെ നേർക്ക് ചെറുചിരിയുമായി കടന്നുവരുന്ന പർദ കാരിയെ കണ്ട അയാളുടെ മുഖത്തെ അമ്പരപ്പു മാറും മുൻപേ റൂമിൽ നിന്നു പുറത്തിറങ്ങിയ സൂപ്രണ്ട് ചെറുചിരിയോടെ വിളിച്ചു പറഞ്ഞു.” ലുലുവിൽ പോകുവാണേൽ ഞാനുമുണ്ടേ!!

Leave a Reply

Your email address will not be published. Required fields are marked *