February 23, 2021

ജീവിതം എന്താണെന്ന് അറിഞ്ഞ് തുടങ്ങുന്നതിനുമുമ്പേ കൗമാരപ്രായത്തിലെ ചോരത്തിളപ്പിൽ നടത്തിയ ഒരു എടുത്തുചാട്ടം…

ദത്തുപുത്രൻ ~ രചന: നിമ്മി സേവ്യർ

അനാഥാലയത്തിൽ നിന്നും കിട്ടിയ വിവരങ്ങൾ വെച്ച് ഭാമ പുറപ്പെട്ടു , തൻറെ മകനെ തേടി …….

നാലു വർഷങ്ങൾക്കു മുൻപ്, താൻ ഉപേക്ഷിച്ചുപോയ തന്റെ മകനെയോർത്ത് കരഞ്ഞ ദിവസങ്ങൾ ഭാമയുടെ കൺമുന്നിൽ തെളിഞ്ഞു വന്നു ……തിരിച്ചു വരാൻ കഴിയുമോ എന്നുപോലും ഉറപ്പില്ലാത്ത യാത്രയിൽ, താൻ ഉപേക്ഷിച്ചത്, തന്റെ ജീവിതം തന്നെയായിരുന്നു എന്ന് സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് തന്റെ ജീവനെ ത്തേടി ഭാമ ഇന്ന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്……….

മകനെ നഷ്ടപെട്ട ഒരമ്മയുടെ വേദന അല്ല , അവനെ നഷ്ടപ്പെടുത്തിയ അവന്റെ അച്ഛനോടുള്ള വാശിയാണ്,.. പകയാണ് ,തന്നെ ഇത്ര നാളും ജീവിക്കാൻ പ്രേരിപ്പിച്ചത് ……..

ജീവിതം എന്താണെന്ന് അറിഞ്ഞ് തുടങ്ങുന്നതിനുമുമ്പേ കൗമാരപ്രായത്തിലെ ചോരത്തിളപ്പിൽ നടത്തിയ ഒരു എടുത്തുചാട്ടം……. തന്നെ സ്നേഹിക്കുന്നവന്റെ വാക്കുകളിൽ പതിയിരിക്കുന്നത്, പ്രണയമല്ല കാ മമാണെന്നു തിരിച്ചറിയാൻ കഴിയാതെ പോയ പ്രായത്തിൽ നടത്തിയ ഒരു ഒളിച്ചോട്ടം……..

അന്ന് അതൊരു തരം ധീരതയായിരുന്നു……. തങ്ങളെ എതിർക്കുന്നവരെ എല്ലാം നിശബ്ദരാക്കാൻ, മരണം വരെ തനിക് ജീവിക്കാൻ , അവന്റെ പ്രണയം മാത്രം മതി എന്ന ചിന്തയിൽ……… താൻ സ്നേഹിച്ചവരെയും ,,തന്നെ സ്നേഹിച്ചവരെയും തനിക് പ്രിയപ്പെട്ടതെല്ലാം വേണ്ട എന്ന് വെച്ച് കൊണ്ട് …തന്റെ ഇനിയുള്ള ലോകം മുഴുവനും തന്റെ പ്രണയം പങ്കിട്ടവൻ മാത്രമാണെന്നുമുള്ള മിഥ്യബോധത്തിൽ അവന്റെ കൂടെ ഇറങ്ങി പോയതാണ് താൻ ……പക്ഷേ പ്രണയം പങ്കിട്ടവൻ ആഗ്രഹിച്ചത് ,തന്റെ ശരീരം പങ്കിടാനുള്ള മോഹം മാത്രം ആയിരുന്നു എന്ന അറിവ് തന്നെ തളർത്തുമ്പോഴേക്കും, തന്റെ മകൻ തന്റെ വയറ്റിൽ ജന്മം എടുത്തിരുന്നു……

കൂടെ വന്നവന് ,തന്റെ കൂട്ട് മതിയായിയെന്നു പറഞ്ഞവൻ പിരിയുമ്പോൾ , തനിക്ക് കൂട്ടായ് മറ്റൊരാൾ വരാൻ തയ്യാറെടുക്കുകയായിരുന്നു ..തൻറെ മകൻ……..

പി ഴച്ചു പോയ വഴികളിൽ, ആരോ നീട്ടിയ കൈ പിടിച്ച് എത്തിയതായിരുന്നു ആ അനാഥാലയത്തിൽ….. അമ്മയാകാൻ പോകുന്ന പെണ്ണിനോടുള്ള സഹതാപം കൊണ്ട് മാത്രം , തനിക് അഭയം നൽകിയ ആ മനസ്സുകളോട് നന്ദിയുണ്ട് …

അമ്മ എന്നത് വെറും ഒരു വികാരമല്ല എന്ന സത്യം തിരിച്ചറിഞ്ഞു തുടങ്ങി…..അച്ഛൻ എന്ന വിശ്വാസത്തെ ചൂണ്ടിക്കാണിക്കാൻ, ‘അമ്മ എന്ന സത്യത്തിനു കഴിയില്ലെങ്കിൽ അമ്മ എന്ന അവസ്ഥ ഒരു പരാജയമാണ്…. ആ തോന്നൽ ശക്തമായപ്പോൾ അവിടെനിന്ന് ഇറങ്ങിയതാണ്…..

അത് പക്ഷേ അവൻറെ അച്ഛനെ തേടിയായിരുന്നില്ല …അനാഥൻ എന്ന മേൽവിലാസത്തിൽ നിന്നും,, അവനെ രക്ഷപ്പെടുത്താനുള്ള ഒരു വഴി
തേടിയായിരുന്നു …വർഷങ്ങൾക്കിപ്പുറം തന്റെ മകന് നല്ലൊരു ജീവിതം നൽകാൻ കൊതിച്ചു കൊണ്ട് വന്നിറങ്ങിയപ്പോൾ പക്ഷെ അറിഞ്ഞത് ,അവനെ ആരോ ദത്തെടുത്തു എന്നാണ്……തൻറെ മകൻ എന്ന അനാഥനിൽ നിന്നും ദത്തു പുത്രൻ എന്ന സനാഥനിലേക്കു അവൻ മാറിയിരിക്കുന്നു…

തിരിച്ചു കിട്ടണം തനിക് അവനെ ….തിരിച്ചു വാങ്ങും താൻ അവനെ …..,അത് ആരിൽ നിന്നായാലും ……..ഇല്ലെങ്കിൽ താൻ അനാഥയായി പോകും …

എഴുതി തന്ന അഡ്രസിലേക്കു ഒരിക്കൽ കൂടി കണ്ണോടിച്ചു ….അവന്റെ അച്ഛന്റെ പേര് വായിച്ചപ്പോൾ ഹൃദയത്തിൽ കൂടി ഒരു മിന്നൽ പിണർ കടന്നു പോയത് പോലെ …..ശ്രീഹരി …….തന്നെ സങ്കടകടലിൽ ആഴ്ത്തിയവന്റെ പേരും ഇത് തന്നെ ആയിരുന്നു എന്ന് ഭാമ ഓർത്തു …..

മേൽവിലാസത്തിലെ വീട്ടിലേക്ക് നടന്നു കയറുമ്പോൾ ,ഭാമയുടെ മനസ്സിൽ പഴയ ഓർമ്മകൾ ഇരച്ചുകയറി വന്നു ……വീടിൻറെ മുറ്റത്ത് സൈക്കിളിൽ ഒരു കുഞ്ഞു……. അവനെ അത് ഓടിക്കാൻ പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു യുവതിയും…ഭാമയെ കണ്ടപ്പോൾ തലയുയർത്തി നോക്കി, ആ യുവതി ആരാണെന്ന് ചോദിച്ചു……..പക്ഷേ ഭാമയുടെ നോട്ടം ആ കുഞ്ഞിലേക്ക് ആയിരുന്നു……..തന്റെ മകൻ………അമ്മിഞ്ഞപ്പാലിന്റെ മണമുള്ള അവൻറെ മുഖം ആയിരുന്നു അവളുടെ മനസ്സിൽ ഇതുവരെ….. അവൻ വളർന്നിരിക്കുന്നു….സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളാൽ , ഭാമ അവനെ എടുക്കാനായി കൈകൾ നീട്ടിച്ചെന്നു .. പക്ഷേ പേടിച്ചുപോയ ആ കുഞ്ഞു , ആ യുവതിയുടെ അടുത്തേക്ക് നീങ്ങി നിന്നു .. അതുകണ്ട ഭാമ സങ്കടത്തോടെ വീണ്ടും അവന്റെ അടുത്തേക്ക് ചെന്നു , അതുകണ്ട യുവതി കുഞ്ഞിനെ കൈകളിൽ എടുത്തു കൊണ്ട് ഒരിക്കൽ കൂടി ഭാമയോട് ആരാണെന്ന് ചോദിച്ചു…………..

അമ്മ ………ഇവൻറെ അമ്മ………….ഭാമയുടെ ഉത്തരം ആ യുവതിയെ ഭയചകിതയാക്കി . അവൾ കുഞ്ഞിനെയുമെടുത്ത് വീട്ടിനുള്ളിലേക്ക് കയറി പോയി…..

ഭാമ അവിടെ തന്നെ കാത്തു നിന്നു …. അവൾക്കറിയാമായിരുന്നു തന്റെ ഈ വരവ് , അവിടെയുള്ളവരുടെ മനസ്സമാധാനം കെടുത്തുമെന്നു …..

ആരാ നിങ്ങൾ ……..?എന്തു വേണം..? എന്ന് ചോദിച്ചു കൊണ്ട് ഇറങ്ങി വന്ന യുവാവ് ഭാമയെ കണ്ടപ്പോൾ ജീവച്ഛവമായി അവസ്ഥയിലായിരുന്നു…..

ഭാമ …..?

ആ ചോദ്യം കേട്ട് നോക്കിയ ഭാമയും യുവാവിനെ കണ്ടപ്പോൾ അമ്പരന്നു നിന്നു…….

ശ്രീയേട്ടൻ ……..? എന്തുപറയണമെന്നറിയാതെ അവർ രണ്ടുപേരും നിശ്ചലരായി നിന്നു തേടിയെത്തിയ ഓർമ്മകൾ അവരെ പൊള്ളിക്കുകയായിരുന്നു……

ഈ ശ്രീയേട്ടനോടുള്ള വാശിയാണ്, മകനെ ഉപേക്ഷിച്ച് പോകാനും , ഒരു ജോലി നേടി നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കാനും തന്നെ പ്രേരിപ്പിച്ചത്…….ഒരിക്കൽക്കൂടി ശ്രീയേട്ടന്റെ മുന്നിലേക്ക് മടങ്ങി വരുമ്പോൾ, തന്റെ മകൻ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു ……….. നിങ്ങൾ ഉപേക്ഷിച്ച ഞങ്ങൾ തെരുവുതെണ്ടികൾ ആയില്ല എന്ന് കാണിച്ചു കൊടുക്കാൻ ,ഞങ്ങൾ നിങ്ങൾക്ക് ഒരിക്കലും ഒരു ഭാരം ആകില്ല എന്ന് ഉറക്കെ പറയാൻ ……. വിധി തന്നെ വീണ്ടും ശ്രീയേട്ടൻ മുൻപിൽ എത്തിച്ചിരിക്കുന്നു ആഗ്രഹിച്ചതുപോലെ മകനുണ്ട് കൂടെ ….. പക്ഷേ തന്റെ മകൻ ആയിട്ടല്ല ശ്രീയേട്ടന്റെ തന്നെ മകനായിട്ടാണെന്ന വിധിവൈപരീത്യത്തിൽ ഭാമ നടുങ്ങി പോയി ……

ഭാമയെ ഉപേക്ഷിച്ച് സ്വന്തം ജീവിതത്തെ തിരിച്ചു പിടിക്കാൻ ഇറങ്ങിയ ശ്രീഹരി എല്ലായിടത്തും വിജയിച്ചു…….. പഠനം ,ജോലി , വിവാഹം ,കുടുംബം ഒന്നിനും ഒരു കുറവും ഉണ്ടായില്ല തനിക്കെന്ന് ശ്രീഹരിയും ചിന്തിക്കുകയായിരുന്നു…….ഒന്നൊഴിച്ചു …….തന്നെ അച്ഛാ എന്ന് വിളിക്കാൻ തന്റെ സ്വന്തമായ ഒരു കുഞ്ഞു ……. അതുമാത്രം. ഒരു സ്വപ്നമായി അവശേഷിച്ചു…. തന്റെ ഭാര്യയായ ലക്ഷ്മിക്ക് അതിനുള്ള കഴിവില്ല എന്ന് അറിഞ്ഞപ്പോൾ തകർന്നുപോയതാണ് താൻ ….. ഭാമയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോയതിന് ദൈവം തന്ന ശിക്ഷ ആയിരിക്കാം എന്ന ചിന്തയും കുറ്റബോധവും കൊണ്ടാണ് , ലക്ഷ്മി ഉൾപ്പെടെ പലരും മറ്റൊരു വിവാഹത്തിനു നിർബന്ധിച്ചെങ്കിലും താൻ അതിനു സമ്മതിക്കാതെ ഒരു കുഞ്ഞിനെ ദത്തെടുത്താൽ മതിയെന്ന് ആവശ്യം നിറവേറ്റിയത് ..ലക്ഷ്മിക്കും അത് ഒരു ആശ്വാസമായിരുന്നു……അങ്ങനെ താൻ ദത്തെടുത്ത മകനെ തേടി വന്നിരിക്കുന്നത് അവന്റെ സ്വന്തം ‘അമ്മ തന്നെയാണോ ….?

ഭാമ പറഞ്ഞത് സത്യമാണെങ്കിൽ ,. തന്റെ ദത്തുപുത്രൻ, തന്റെ സ്വന്തം മകൻ തന്നെയാണോ ….!!! . ആ സത്യം ശ്രീഹരിയെ വല്ലാത്തൊരു മാനസിക അവസ്ഥയിൽ എത്തിച്ചു …

ഭാമ ……….ശ്രീഹരി ……….നിങ്ങൾ എന്ത് തീരുമാനിച്ചു….. കൗൺസിലറുടെ വാക്കുകൾ കേട്ട് രണ്ടുപേരും ഒന്നും മിണ്ടാതെ നിന്നു … കുഞ്ഞിന്റെ യഥാർത്ഥ അമ്മ ഭാമയും അച്ഛൻ ശ്രീഹരിയും തന്നെയാണെന്ന സത്യം കോടതിക്ക് ബോധ്യപ്പെട്ടതിനാൽ, കുഞ്ഞിന്റെ പ്രായം പരിഗണിച്ച് അമ്മയുടെ കൂടെ
വിടാൻ ആയിരിക്കും കോടതി ഉത്തരവ് ഉണ്ടാവുക ….ഒരുമിച്ച് ജീവിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഒഴിഞ്ഞു തരാൻ ഒരുക്കമാണെന്ന് ലക്ഷ്മി പറഞ്ഞിട്ടുണ്ട്………. തീരുമാനം നിങ്ങളുടെതാണ്………..

ലക്ഷ്മിയെ ഉപേക്ഷിക്കാൻ ശ്രീഹരിക്കു കഴിയുമായിരുന്നില്ല അത്രയ്ക്കും പ്രിയപ്പെട്ടതാണ് തനിക്കവൾ ….. മകനെ വിട്ടുകൊടുക്കാൻ ഭാമയും തയ്യാറല്ലായിരുന്നു………

പരസ്പരമുള്ള ആ യുദ്ധത്തിൽ അവസാനം അമ്മയെന്ന സത്യം തന്നെയാണ് ജയിച്ചത്…….. മകനെ ഭാമക്ക് തന്നെ വിട്ടു കൊടുത്തു കൊണ്ട് കോടതി ഉത്തരവ് ഉണ്ടായി ……… കരഞ്ഞു തളർന്ന ലക്ഷ്മിയെ വീഴാതെ ചേർത്തുപിടിക്കുമ്പോൾ …,സ്വയം വീണു പോകുമോ എന്ന പേടിയിൽ ശ്രീഹരി പതറി ……മകന്റെ കൈപിടിച്ചു, കോടതി വരാന്തയിലൂടെ നടന്നു വന്ന ഭാമ ശ്രീഹരിയെ കണ്ട് ഒരു നിമിഷം നിന്നു………. വിജയശ്രീലാളിതയെ പോലെ അവനെ നോക്കി …ദത്തുപുത്രൻ ആയിരുന്ന ഇവൻ , നിങ്ങളുടെ സ്വന്തം മകൻ ആണെന്നറിഞ്ഞിട്ടും , ഇവനെ താലോലിക്കാൻ കഴിയാതെ ജീവിക്കുന്ന നിങ്ങളുടെ ഈ അവസ്ഥയാണ് , എന്റെ വിജയം … ഞങ്ങൾ ഒരിക്കലും നിങ്ങൾക്കൊരു ഭാരമാവില്ല………. പക്ഷേ……വേദനയാകും …….പറയാതെ പറഞ്ഞ ആ വാക്കുകളോട് , ഭാമ മകനെയും കൊണ്ട് നടന്നു മറഞ്ഞു , പുതിയ ഒരു ജീവിതത്തിലേക്ക്……………….

Leave a Reply

Your email address will not be published. Required fields are marked *