September 13, 2021

നീ മാത്രം ~ അവസാനഭാഗം, രചന: സിയ യൂസഫ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“” ദ്രുപയെന്താ ഉദ്ധേശിക്കണേ…. എന്തൊക്കെയോ ഉണ്ട് നിന്റെ ഉള്ളില്… നിക്കത് പലപ്പോഴും സംശയം തോന്നീണ്ട്..”” ഏടത്തി എന്നെതന്നെ നോക്കി നിൽക്കുകയായിരുന്നു….

“”” അനസൂയ ഗർഭിണിയാണെങ്കി, അതിന് ഉത്തരവാദി അവരുടെ ഭർത്താവ് തന്നെയാണ്… ജയേട്ടൻ! “”” ഞാൻ പറഞ്ഞു.

“”അത്… അത് കുട്ടിക്കെങ്ങന്യാ അറിയാ??”””

മറുപടി പറയും മുൻപേ, എന്തുകൊണ്ടോ എന്റെ മിഴികൾ തൂവിത്തുടങ്ങിയിരുന്നു….

“”” എനിക്കറിയാം ഏടത്തീ, എല്ലാം എനിക്കറിയാം….”” ഞാൻ കണ്ണുകൾ തുടച്ച്, ഏടത്തിയെ നോക്കി….അവരെന്നെ ഉദ്വോഗത്തോടെ നോക്കി നിൽക്കുകയാണ്….

“”” അവൻ… അവൻ നിന്നെ ചതിക്കുകയായിരുന്നല്ലേ ദ്രുപേ?? “””

“” ഇല്ല ഏടത്തീ… ജയേട്ടനെന്നെ ചതിച്ചിട്ടില്ല! എന്നെ ചതിക്കാൻ ന്റെ ജയേട്ടന് കഴിയില്ല…എല്ലാം…എല്ലാം ഞാനറിഞ്ഞോണ്ടാ…””” ഞാൻ പറഞ്ഞു.

“”” എല്ലാം നീയ് അറിഞ്ഞോണ്ടാണെന്നോ?? നിക്ക്… നിക്കൊന്നും മനസ്സിലാവണില്ല കുട്ടീ…നീയൊന്നു തെളിച്ചു പറ “””

“”” ജയേട്ടൻ, കമ്പനി ടൂറ് കഴിഞ്ഞിട്ടും ഇങ്ങോട്ടൊന്നും വരാതിരുന്നത് ഓർക്കണില്ലേ ഏടത്തി? അന്ന് ജയേട്ടനെ തിരഞ്ഞ് ഞാൻ ചെങ്ങോത്തേക്ക് ചെന്നപ്പോ, അവടെ ജയേട്ടൻ തനിച്ചേ ഉണ്ടാർന്നുള്ളൂ….ഒരുപാട് വിളിച്ചിട്ടും കേൾക്കാതിരുന്നപ്പോ ഞാനകത്തു കയറി…ചെന്നപ്പോ കണ്ട കാഴ്ച! മുറിയിലെ ഫാനില് കയറുകെട്ടി, മരിക്കാൻ തയ്യാറായി നിൽക്കുവാരുന്നു ജയേട്ടൻ!

എന്റെ ശ്വാസം നിലച്ചുപോയി….ഓടിച്ചെന്ന്, ജയേട്ടനെ പിടിച്ചു വലിച്ച് കട്ടിലിലേക്കിരുത്തി….ആ രൂപം കണ്ടപ്പോ തന്നെ എന്റെ നെഞ്ച് കലങ്ങിപ്പോയി ഏടത്തീ….എന്റെ പഴയ ജയേട്ടനേ അല്ല…വല്ലാത്തൊരു കോലം!

“” എന്താ… എന്താ പറ്റ്യേ ജയേട്ടന്??എന്തിനാ എന്നെ ഒറ്റയ്ക്കാക്കി മരിക്കാൻ നോക്കിയേ….എത്ര ദിവസായി, ജയേട്ടനെന്നെ വിളിച്ചിട്ട് എന്ന് ഓർമ്മയുണ്ടോ…..ഈ ശബ്ദൊന്ന് കേൾക്കാതെ, ഞാനെത്രമാത്രം വേദനിക്കണുണ്ടെന്ന് അറിയോ ??? എന്തിനാ എന്നോടിങ്ങനെ അകൽച്ച കാട്ടണേ…??”” ഞാൻ കരഞ്ഞു പോയിരുന്നു..

ജയേട്ടൻ, കൈകൾ രണ്ടും തലയിൽ വച്ച്, കുമ്പിട്ട് ഇരിക്കുകയായിരുന്നു…ഞാനാ മുടിയിഴകളിലൂടെ നേർമയിൽ തഴുകിയതും,, ഏട്ടനെന്റെ കൈകൾ കൂട്ടിപ്പിടിച്ച് നെഞ്ചിൽ ചേർത്തണച്ചു….ആ കണ്ണുകൾ വല്ലാതെ കലങ്ങി മറിഞ്ഞിരുന്നു…..

“” ദ്രുപേ, നിനക്ക് എന്റെ കൂടെ മരിക്കാൻ പേടിയുണ്ടോ?? “” ഏട്ടൻ ചോദിച്ചു…

“”” മരിക്കാനോ, എന്തിന്??””

“” ഒരുമിച്ച് ജീവിക്കാൻ വിധിയില്ലെങ്കിൽ, ഒരുമിച്ച് മരിച്ചൂടേ നമുക്ക്?? “””

“” എനിക്കൊന്നും മനസ്സിലാവണില്ലല്ലോ ജയേട്ടാ…എന്താ ഏട്ടന് പറ്റ്യേ… എന്നോട് പറഞ്ഞൂടേ?”””

“” ഞാനിപ്പോ നിന്റെ ആ പഴയ ജയേട്ടനല്ല ദ്രുപേ… ഞാനിപ്പോ, ഒരു.. ഒരു കള്ളനാണ്! “”

“” കള്ളനോ? “”ഞാൻ,ഒന്നും മനസ്സിലാവാതെ ജയേട്ടനെ നോക്കി..

“”” കമ്പനിയുടെ എക്കൗണ്ട്സിൽ നിന്നും, ലക്ഷങ്ങളുടെ തിരുമറി നടന്നിട്ടുണ്ട്….ഞാനറിയാതെ ഒന്നും, എവിടേയും പോകില്ലെന്നാണ് ആരോപണം…..പണം അടച്ച്, എക്കൗണ്ട് ക്ലോസ് ചെയ്തില്ലെങ്കിൽ, കമ്പനി എനിക്കെതിരെ കേസ് കൊടുക്കും…ഞാൻ… ഞാനകത്തു പോകേണ്ടി വരും!

ടൂറിനു പോയ സമയത്താണ് ഇക്കാര്യം ഞാനറിയുന്നത്….അപ്പോ തന്നെ എനിക്കു ചിലരെ സംശയം തോന്നിയിരുന്നു….”””

“” ആരെ?””

“” അനസൂയ! അവളാണ് ഇപ്പോ എന്നെ അസിസ്റ്റ് ചെയ്യുന്നത്…. അവളറിയാതെ ഒന്നും സംഭവിക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു…ചോദ്യം ചെയ്തപ്പോ അവളത് സമ്മതിക്കുകയും ചെയ്തതാണ്…..”””

“” എങ്കിൽ പിന്നെ അവളെ പോലീസിലേൽപ്പിച്ചാ പോരേ..?””

“” അങ്ങനെ ചെയ്യാമായിരുന്നു.. പക്ഷേ, ,, അവിടേയും അവളെന്നെ തളർത്തിക്കളഞ്ഞു….സംഭവം അറിഞ്ഞ രാത്രി ഞാൻ വല്ലാത്ത ടെൻഷനിലായിരുന്നു….ടെൻഷൻ മാറ്റാൻ വേണ്ടിയാ, അവളും മാനേജർ സാറും കൂടി എന്നെ മദ്യപിക്കാൻ പ്രേരിപ്പിച്ചത്….ഞാൻ കുടിച്ചു… ബോധം മറയുവോളം കുടിച്ചു….പിന്നെ… പിന്നെ സംഭവിച്ചതൊന്നും എനിക്ക് ഓർമ്മയില്ല ദ്രുപേ….

അനസൂയയെ ചോദ്യം ചെയ്തപ്പോഴാണ്, കഴിഞ്ഞ രാത്രി ഞാൻ ചെയ്ത തെറ്റിനെ കുറിച്ച് അവളെന്നോട് പറഞ്ഞത്….അതു വച്ചാണ്, അവളെന്നെ വീണ്ടും ബ്ലാക്ക് മെയിൽ ചെയ്തത്….”””

“”” എന്താത്? എന്തു തെറ്റാ ജയേട്ടൻ ചെയ്തേ??””” എന്റെ നെഞ്ചടിപ്പ് വർധിച്ചുകൊണ്ടിരുന്നു….

“” ഞാനെങ്ങനെയാ നിന്നോടത് പറയാ ദ്രുപേ… നീയെന്നെ വെറുത്തു പോവില്ലേ…””

“”ഏട്ടൻ പറഞ്ഞോളൂ “”

“” ഞാൻ… ഞാനവളെ…. ഞാനവളെ ഇല്ലാതാക്കീത്രേ…

എങ്ങനെ സംഭവിച്ചൂന്ന് എനിക്കറിയില്ല ദ്രുപേ… എനിക്കൊന്നും ഓർമ്മയില്ല…മ ദ്യം ഇത്ര ല ഹരിയാണെന്ന് എനിക്കറിയില്ലായിരുന്നു…”” ജയേട്ടൻ , എന്റെ മുന്നിൽ ആദ്യമായി പൊട്ടിക്കരഞ്ഞു…

ഒന്നു ചലിക്കാൻ പോലും കഴിയാത്ത വിധം മരവിച്ചു പോയിരുന്നു എന്റെ മനസ്സും ശരീരവും! സ്വന്തമാണെന്നറിഞ്ഞിട്ടും, ഒരിക്കൽ പോലും അതിരുകടന്നിട്ടില്ല ഞങ്ങൾക്കിടയിലുള്ള ബന്ധം….അങ്ങനെയൊരു മനസ്സുമായി, ജയേട്ടനെന്നെ ഇതുവരെ സമീപിച്ചിട്ടില്ല….ആ ജയേട്ടൻ….ബോധത്തോടെയല്ലെങ്കിലും, മറ്റൊരുവളെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയെന്നു പറഞ്ഞാൽ..,,, എനിക്കു വിശ്വസിക്കാൻ കഴിയുമായിരുന്നില്ല….

“”ഇല്ല, ഞാനിതു വിശ്വസിക്കില്ല! അവര്… അവര് പറഞ്ഞ് പറ്റിക്ക്യാ ജയേട്ടനെ അല്ലാതെ ന്റെ ജയേട്ടനൊരിക്കലും…..”” ഞാൻ വിങ്ങിപ്പൊട്ടി…

“” ഞാനും അങ്ങനെ വിശ്വസിക്കുമായിരുന്നു, അവളൊന്നും ഷൂട്ട് ചെയ്തിട്ടില്ലായിരുന്നെങ്കിൽ…..””

“”ഛേ..”” ഞാൻ വെറുപ്പോടെ മുഖം തിരിച്ചു..

“”” പക്ഷേ ഒന്നുണ്ട്….ല ഹരിയിൽ ബുദ്ധി മറഞ്ഞു പോയിരുന്നെങ്കിലും,, എന്റെ ചുണ്ടുകൾ മന്ത്രിച്ചിരുന്നത് നിന്റെ പേരായിരുന്നു ദ്രുപേ…നീയാണ് എന്റെ അരികിൽ കിടക്കുന്നതെന്നാണു ഞാൻ…..”””

ബാക്കി കേൾക്കാൻ നിൽക്കാതെ, ഞാനെന്റെ ഇരു ചെവിയും കൊട്ടിയടച്ചു….കണ്ണുകൾ ഇറുക്കിയടച്ചു…..ജയേട്ടന്റെ മുഖം കാണാനുള്ള ത്രാണിയില്ലാതെ ഞാൻ തിരിഞ്ഞു നിന്നു…അവിടെനിന്നും എത്രയും വേഗം ഓടിപ്പോരാനാണെനിക്കു തോന്നിയത്….പക്ഷേ,, അപ്പോഴും ജയേട്ടൻ വീണ്ടും അവിവേകം കാണിക്കുമോ എന്ന ഭയമെന്നെ തളർത്തിയിട്ടു…..

“”” അവൾക്കെതിരെ ഞാനെന്തെങ്കിലും ചെയ്താൽ, ആ നിമിഷം അവളെന്നെ മറ്റുള്ളവർക്കു മുന്നിൽ മോശക്കാരനായി ചിത്രീകരിക്കും….വിവാഹ വാഗ്ദാനം നൽകി, രഹസ്യമായി പീ ഢിപ്പിച്ചെന്ന് പരാതി നൽകും…..രണ്ടായാലും, എന്റെ ജീവിതം ജയിലിൽ തീരേണ്ടി വരും….ഞാൻ കാരണം എന്നെ സ്നേഹിക്കുന്നവർ പോലും, തലകുനിച്ചു നടക്കേണ്ടി വരും….അതിനേക്കാളേറെ നിന്നോട്….നിനക്കു തന്ന വാക്കിനോട്…..നമ്മള് കണ്ട സ്വപ്നങ്ങളോട്…

എല്ലാത്തിനും ഒരു മറുപടിയേ ഉള്ളൂ… എന്റെ മരണം! “””

“” ജയേട്ടന്റെ മരണം കൊണ്ട് എല്ലാം അവസാനിക്കും എന്നാണോ കരുതിയേക്കണേ??നിങ്ങള് പോയാലും, ഇവിടെ ബാക്കിയാവുന്ന ചിലരുണ്ട്… മറന്നു പോയോ അവരെ കുറിച്ച്?? അവരുടെ കണ്ണീരിന് ആരു സമാധാനം പറയും?? നിങ്ങള് ചെയ്ത തെറ്റിന്, ഇനിയുള്ള കാലം മുഴുവനും ആ പാവങ്ങളെ തീ തീറ്റിക്കണോ??”” എന്റെ ചോദ്യത്തിനൊന്നും ജയേട്ടന്റെ കയ്യിൽ മറുപടി ഉണ്ടായിരുന്നില്ല!

ഉള്ളിൽ, ഇളകിമറിയുന്ന നോവിന്റെ ആഴക്കടൽ…..പുറത്ത് തിരിമുറിയാതെ പെയ്തുകൊണ്ടിരുന്ന കണ്ണീർ തുള്ളികൾ….ആശ്വസിപ്പിക്കാനോ, സ്വയം ആശ്വസിക്കാനോ കഴിയാതെ ഞാൻ പടിയിറങ്ങി…..

ജയേട്ടനെ പറ്റി ഓർക്കുന്തോറും മനസ്സ് ഉരുകുകയായിരുന്നു…..എനിക്ക് ചെയ്യാൻ കഴിയുന്നത് ഒന്നേ ഉള്ളൂ…അനസൂയയെ നേരിട്ട് കാണുക!അവരുടെ കാലു പിടിച്ചിട്ടാണെങ്കിലും, ജയേട്ടനെ രക്ഷിക്കണം എന്ന ചിന്തയും പേറിയാണ് ഞാൻ, അവർ താമസിക്കുന്ന ക്വാർട്ടേഴ്സിലെത്തിയത്…..പക്ഷേ, ഞാൻ ചെല്ലുമ്പോ അവിടെ അവര് മാത്രല്ല, ജയേട്ടനും ഉണ്ടായിരുന്നു….അവരു തമ്മിൽ നടന്ന വാക്കേറ്റത്തിന് അറിയാതെയാണെങ്കിലും, ഞാനും സാക്ഷിയായി!

“”” നീയിനി ഒരക്ഷരം പറയരുത്! നീയൊറ്റ ഒരുത്തിയാ എന്റെ ജീവിതം തുലച്ചത്…..എന്റെ ദ്രുപ… അവൾ… അവളെല്ലാം അറിഞ്ഞു….ഒന്നൊഴിച്ച്…! ഞാൻ ചെയ്ത പാപത്തിന്റെ കർമ്മഫലം നിന്റെ വയറ്റിൽ കുരുത്ത വിവരം മാത്രം ഞാനവളോട് പറഞ്ഞിട്ടില്ല! അതുകൂടി അറിഞ്ഞാൽ,, ആ നിമിഷം ചങ്ക് പൊട്ടി ചത്തുപോകും എന്റെ ദ്രുപ….പക്ഷേ,, എനിക്കറിയാം ചാകേണ്ടത് അവളോ ഞാനോ അല്ല, നീയാണ്….എന്റെ സ്വൈര്യവും സമാധാനവും തകർത്ത നീയിനി ഈ ഭൂമുഖത്ത് ഉണ്ടാവാൻ പാടില്ല! “”

“” ഞാൻ ചെയ്തത് തെറ്റാണ്….എന്നോട് ക്ഷമിക്കണം… എല്ലാം, ആ മാനേജർ സാറിനു വേണ്ടിയാ ഞാൻ…..അയാളു പറഞ്ഞിട്ടാ ഞാനന്നു രാത്രി തന്റെ കൂടെ കേറിക്കിടന്നത്…..പക്ഷേ,, അതിനു ഞാൻ സമ്മതിച്ചത് എനിക്കു നിങ്ങളെ ഇഷ്ടമായതു കൊണ്ട് മാത്രമാണ്….എല്ലാവരും എനിക്കു പിന്നാലെ ചുറ്റിത്തിയുമ്പോഴും, നിങ്ങളു മാത്രം ഒരു നോട്ടംകൊണ്ടു പോലും എന്നെ ആഗ്രഹിച്ചിരുന്നില്ലെന്ന് എനിക്കറിയാം….അതുകൊണ്ടു തന്നെയാണ് എനിക്ക് നിങ്ങളോട് ഇഷ്ടവും ബഹുമാനവും തോന്നിയതും……സത്യങ്ങളൊക്കെ ഞാൻ കമ്പനിഹെഡിനെ അറിയിച്ചോളാം….എനിക്ക്… എനിക്ക് നിങ്ങളേയും നമ്മുടെ കുഞ്ഞിനേയും മാത്രം മതി! നിങ്ങളെന്നെ വിവാഹം കഴിച്ചാൽ മാത്രം മതി!””” അനസൂയ കരയുകയായിരുന്നു….

“” എനിക്ക് സാധ്യമല്ല! എനിക്ക് നിന്നെയോ നിന്റെ കുഞ്ഞിനേയോ ആവശ്യമില്ല….അതിനേക്കാളൊക്കെ അന്തസ്, നിന്നെ കൊന്നിട്ട് ജയിലിൽ പോകുന്നത് തന്നെയാടീ… ദാ ഇതു കണ്ടോ ആസിഡ്…. ഇതൊഴിച്ച് നിന്നെ ഞാൻ പച്ചയ്ക്ക് കത്തിക്കാൻ പോവാടീ…എല്ലാം ഇതോടെ തീരട്ടെ!”””

എല്ലാം കേട്ട് തരിച്ച് നിൽക്കുകയായിരുന്നു ഞാൻ….ജയേട്ടന്റെ കൈകൊണ്ട് അനസൂയയും അവളുടെ കുഞ്ഞും, ഇല്ലാതാവാൻ പോവാണെന്ന് കേട്ടപ്പോ എന്തുകൊണ്ടോ,, എനിക്കത് സഹിച്ചില്ല…ഞാൻ, വാതിൽ തള്ളിത്തുറന്ന് അകത്തേക്കോടി…. ജയേട്ടൻ, എന്തെങ്കിലും ചെയ്യും മുമ്പ് അവർക്കിടയിലേക്ക് കയറി നിന്നു….അവരെ രക്ഷിക്കണമെന്നേ കരുതിയുള്ളൂ.. പക്ഷേ,, അതിനു മുന്‍പ് ആ ആസിഡ് എന്റെ മുഖത്തേക്ക് വീണിരുന്നു! “”

***********************

തിരിഞ്ഞു നോക്കുമ്പോൾ,, ഏടത്തി നിശ്ശബ്ദയായി കരയുകയായിരുന്നു….

“”ഏടത്തീ “” ഞാൻ വിളിച്ചു

ഏടത്തിക്കൊന്നും സംസാരിക്കാൻ കഴിയുമായിരുന്നില്ല…. അവർ, ബെഡിലേക്ക് തളർന്നിരുന്നു….

“”” പിന്നെ… പിന്നെ നീയവനെ കണ്ടിട്ടില്ല്യാലേ?””” ഏടത്തി ചോദിച്ചു.

“” കണ്ടിരുന്നു… അന്ന് ഹോസ്പിറ്റലിൽ വച്ച്…അന്ന് ആരും കാണാതെ ഒരുപാട് കരഞ്ഞു… എന്റെ കാലുപിടിച്ച് പൊട്ടിക്കരഞ്ഞു….അനസൂയ തിരിച്ചു പോയെന്നും, നമുക്ക് പഴയതെല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങണമെന്നും എന്നോട് പറഞ്ഞു….ഞാൻ സമ്മതിച്ചില്ല!

ജയേട്ടന് ഞാൻ മാപ്പ് കൊടുത്താലും, ആ കുഞ്ഞ്….അതിനെ ഇല്ലാതാക്കാനോ, അനാഥനാക്കാനോ എന്റെ മനസ്സ് അനുവദിച്ചില്ല….

ജയേട്ടനോട് അനസൂയയെ വിവാഹം കഴിക്കാനും, എന്നെ വേണ്ടെന്ന് തീർത്തു പറയാനും ഉപദേശിച്ചത് ഞാനാണ്….ജയേട്ടൻ ശക്തമായി എതിർത്തു. …എന്നെവിട്ട് എവിടേയും പോകില്ലെന്ന് വാശിപിടിച്ചു….പക്ഷേ,, എന്റെ വാശിക്കു മുന്നിൽ ജയേട്ടന് തോൽവി സമ്മതിക്കേണ്ടി വന്നു….

ഒരു പെണ്ണിനെ ചതിച്ച് ഗർഭിണിയാക്കിയ ഒരാളെ എനിക്ക് ഭർത്താവായി വേണ്ടെന്ന് ഞാൻ തീർത്തു പറഞ്ഞു….ഞാൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ,,പിന്നെ ഞാൻ ജീവനോടെ കാണില്ലെന്ന് ഭീഷണിപ്പെടുത്തി….

എനിക്ക്… എനിക്ക് അതായിരുന്നു ശരി! ഒരു കുഞ്ഞിന് അച്ഛനില്ലാതാക്കീട്ട്, എനിക്കൊരു ഭാര്യാപദവി വേണ്ടെന്ന് തോന്നി ഏടത്തീ… സ്വന്താക്കണതു മാത്രല്ലല്ലോ, വിട്ടു കൊടുക്കണതും സ്നേഹാണെന്നല്ലേ പറയാറ്…..ഈ ജന്മത്തില് ഞാൻ വിട്ടു കൊടുത്താലും,, ഇനിയുള്ള ജന്മങ്ങളൊക്കെ എനിക്കെന്റെ ജയേട്ടനെ ഇരട്ടി സ്നേഹത്തോടെ ദൈവം എനിക്ക് തിരിച്ചു തരും….അല്ലേ ഏടത്തീ…”””

ഞാൻ, ഏടത്തിയുടെ ചുമലിലേക്ക് വീണ് പൊട്ടിക്കരഞ്ഞു…എന്നെ ആശ്വസിപ്പിക്കാനാവാതെ,ഏടത്തിയും കരയുകയായിരുന്നു….

“”ഇതൊന്നും ആരും അറിയരുതെന്നാ കരുതീത്….അതുകൊണ്ടാ, അവരും അന്നെന്നെ അറിയാത്ത ഭാവം നടിച്ചത്…..പക്ഷെ,, ആരോടെങ്കിലും പറഞ്ഞില്ലെങ്കി ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകുമെന്ന് തോന്നി….എല്ലാവരുടേയും ശാപം എന്റെ ജയേട്ടന്റെ തലയിൽ വീഴരുതെന്ന് തോന്നി….അതോണ്ടാ….

പക്ഷേ ഏടത്തീ…ഇതൊരിക്കലും ഏട്ടൻ അറിയരുത്…. അറിഞ്ഞാൽ,, ന്റെ ഏട്ടനത് താങ്ങാൻ പറ്റില്ല! എന്നെയോർത്ത് അത്ര വേദനിക്കണുണ്ട് ആ മനസ്സ്..”” പറഞ്ഞ് തീർന്നപ്പോഴാണ് കതകിനു മറവിലെ നിഴൽരൂപം ഞാൻ ശ്രദ്ധിച്ചത്..

ഏട്ടൻ!

“” ഏട്ടാ ഞാൻ…”” ഓടിച്ചെന്ന് ആ മാറിലേക്ക് വീണു….

“” ന്നോട് ക്ഷമിക്കണേ ഏട്ടാ…. ഏട്ടന്റെ ദ്രുപ, ഏട്ടനെ പറ്റിക്ക്യായിരുന്നൂന്ന് തോന്നരുത് ട്ടോ…”” ഞാൻ വിതുമ്പി..

“” എന്തിന്?? എന്റെ കുട്ടിയെ ഏട്ടൻ അറിഞ്ഞില്ലെങ്കി, ദൈവം ഏട്ടനോട് പൊറുക്ക്വോ…വലിയ മനസ്സാ ന്റെ കുട്ടീടെ….ഞങ്ങളൊക്കെ നിന്റെ മുന്നില് ഒരുപാട് ചെറുതിയി പോവാണല്ലോ മോളേ…”” ഏട്ടനെന്റെ നെറുകിൽ അമർത്തി ചുംബിച്ചു…ഏട്ടന്റെ കണ്ണുനീർ, എന്റെ ശിരസ്സിലേക്ക് ഇറ്റുവീണു…..എന്റെ ഏട്ടന്റെ കറകളഞ്ഞ സ്നേഹത്തിന്റെ പര്യായമായി, ഞാനാ കണ്ണുനീർ തുള്ളികൾ എന്റെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി….

ദ്രുപയ്ക്കൊരിക്കലും ജയന്തനെ മറന്ന് മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ലായിരിക്കാം….എങ്കിലും,, കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലന്നല്ലേ പറയാറ്….മാഞ്ഞു പോയേക്കാം…..പുതിയൊരാള് ദ്രുപയുടെ ജീവിതത്തിലേക്ക് കടന്നു വന്നേക്കാം….എല്ലാം ദൈവത്തിന്റെ തീരുമാനം…!

ദ്രൗപതി!

അവൾ, സ്നേഹത്തിന്റെ പര്യായമാണ്…ആഗ്രഹിച്ചത് നേടിയെടുക്കാനായി എന്തും ചെയ്യാൻ മടിക്കാത്ത കാലത്ത്, അവളുടെ സ്നേഹമെന്നും മുഴച്ചു നിൽക്കും……അവളുടെ നാമമെന്നും ജ്വലിച്ചു നിൽക്കും….

സ്നേഹത്തെ, സ്നേഹത്തെക്കൊണ്ട് തോൽപ്പിക്കുക….!ദൈവം കൂടെത്തന്നെ ഉണ്ടായിരിക്കും…തീർച്ച!

ശുഭം❤️❤️

അഭിപ്രായം പറയണം ട്ടോ…

Leave a Reply

Your email address will not be published. Required fields are marked *