August 2, 2021

പ്രണയത്തോടെ ആ വായില്‍ ഓരോ ഉരുള വച്ചു കൊടുക്കുമ്പോഴും ആ കണ്ണുകള്‍ സ്നേഹത്താല്‍ അവളെ തഴുകി കൊണ്ടിരുന്നു.

പാട്ടുപെട്ടി ~ രചന: ദിപി ഡിജു

‘ന്‍റുമ്മൂമ്മാ…. കാലം മാറിയതൊന്നും ഇങ്ങളറിഞ്ഞില്ലാ…??? ഈ കുന്ത്രാണ്ടം നന്നാക്കാനറിയണ ആരും ഈ ദുനിയാവിലുണ്ടാവൂല്ല ഇപ്പോ…’

മാറോടടുക്കി നടന്നിരുന്ന ആമിനയുടെ പഴയ റേഡിയോ കേടായി. എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ അതില്‍ പാട്ടു കേള്‍ക്കുന്നത് ഒരു ശീലമായി പോയിരുന്നു. പെട്ടെന്ന് കേടായപ്പോള്‍ മനസ്സിന് എന്തോ ഒരു വയ്യായ്ക പോലെ. അതു കൊണ്ടാണ് കൊച്ചു മോന്‍റെ അടുത്ത് അതുമായി ചെന്നത്.

‘ഇയ്യ് വല്ല്യ വല്ല്യ കോളാമ്പികളൊക്കെ നന്നാക്കണോനല്ലേ…??? നീയ്യ് ഒന്നു നോക്കു പുള്ളേ… നന്നാക്കാന്‍ പറ്റും… ഒരു കൊഴപ്പോം ഇല്ലാണ്ടിരുന്നതാ… രാവിലെ മൊതല്‍ പാടണില്ല…’

‘അത് കോളാമ്പി അല്ല ഉമ്മൂമ്മാ… അതൊക്കെ വല്ല്യ മിഷ്യന്‍സ് ആണ്…അതൊന്നും ഉമ്മൂമ്മയ്ക്ക് മനസ്സിലാവില്ല… അത് പോലെ ആണോ ഈ പാട്ട…??? കൊണ്ടു പോയി കളയാന്‍ നോക്കൂ ഉമ്മൂമ്മാ…’

അവന്‍ കൈയ്യിലിരുന്ന പഴയ റേഡിയോ ഒരു മൂലയിലേയ്ക്ക് എറിഞ്ഞു. തന്‍റെ ജീന്‍സും ഷര്‍ട്ടും വലിച്ചു കയറ്റി പുറത്തേക്കിറങ്ങി ബൈക്കില്‍ കയറി യാത്രയായി.

അവന്‍ പോകുന്നത് കണ്ട ആമിനയുടെ മിഴികള്‍ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു. അവര്‍ മെല്ലെ വേച്ചു വേച്ചു അവന്‍റെ ഏറില്‍ പൊളിഞ്ഞു പോയ ആ റേഡിയോ മാറോടടക്കി തന്‍റെ മുറിയിലേക്ക് പോയി.

കട്ടിലില്‍ ചരിഞ്ഞു കിടന്നു അവര്‍ ആ റേഡിയോ ഒന്നു തലോടി.

‘ഇക്കാ….!!!’

അവരുടെ ശബ്ദത്തോടൊപ്പം കണ്ണീര്‍ക്കണങ്ങള്‍ മിഴികളില്‍ നിന്നു പെയ്തിറങ്ങി.

‘ആമീ… ആമിനാ…’

സിലോണില്‍ നിന്ന് വന്നപാടെ അടുക്കളയില്‍ പണിയിലായിരുന്ന ആമിനയുടെ പുറകില്‍ നിന്ന് കെട്ടി പിടിച്ചു കൈകളില്‍ കോരിയെടുത്ത് അവളെ വട്ടം കറക്കി ഉസ്മാന്‍.

‘ഇക്കാ… വിടു ഇക്കാ… അയ്യേ… ആരേലും കാണും കേട്ടോ… ന്നാലും ന്‍റെ റബേ…ഇങ്ങളിദെപ്പോ വന്നു… ഞാന്‍ അറിഞ്ഞില്ലല്ലാ… കത്തൊന്നും ഇടാഞ്ഞതെന്താ…???’

‘ഞാന്‍ അനക്ക് ഒരു സപ്പ്രൈസ് തന്നേല്ലേ…’

‘ന്നാലും ഇജ്ജാതി സപ്പ്രൈസ്… ന്‍റെ ബദരീങ്ങളെ നല്ലതൊന്നും ഇല്ലാല്ലോ കഴിക്കാന്‍… കൊറച്ച് പഴങ്കഞ്ഞി മാത്രൂള്ളൂ…’

‘ഇജ്ജ് ആ പഴങ്കഞ്ഞില് കൊറച്ച് കാന്താരി അരച്ച് ചേര്‍ത്ത് ഇങ്ങട് എടുക്കെടി… നിട്ട് ഇക്കാക്ക് വാരി താ… അന്‍റ കൈ കൊണ്ട്…’

പ്രണയത്തോടെ ആ വായില്‍ ഓരോ ഉരുള വച്ചു കൊടുക്കുമ്പോഴും ആ കണ്ണുകള്‍ സ്നേഹത്താല്‍ അവളെ തഴുകി കൊണ്ടിരുന്നു.

‘ഇത് അനക്കുള്ളതാ…’

കൊണ്ടു വന്ന തകരപ്പെട്ടിയില്‍ നിന്ന് അവന്‍ ഒരു റേഡിയോ പുറത്തെടുത്തു. അവര്‍ ഇരുവരും രാവിരുളുവോളം ഒരുമിച്ചിരുന്നു ആ പാട്ടുപെട്ടിയില്‍ പാട്ടുകള്‍ കേട്ടിരുന്നു.

‘ന്‍റെ ഖല്‍ബാണിത്… അനക്ക് എന്നെ കാണണോന്നു തോന്നുമ്പോള്‍ ഇതില്‍ പാട്ടു വച്ചാല്‍ മതി… ഞാന്‍ അന്‍റെ അടുത്തു വന്നിരിക്കും…. ഒരുമിച്ചു പാട്ടു കേക്കും… ഇജ്ജ് ഇത് പൊന്നു പോലെ കാത്തോളണം…’

തിരികെ പോകുന്ന നേരം അവന്‍ അവളുടെ കൈയ്യില്‍ ആ റേഡിയോ ഏല്‍പ്പിച്ചു.

തന്‍റെ ഉദരത്തില്‍ ഉരുവായ കുഞ്ഞു ജീവനെ കുറിച്ച് അറിയിച്ച് അവള്‍ അവന് കത്തയച്ചു.

‘ഞാന്‍ വേഗം പോരുവാടീ പെണ്ണെ… ന്‍റെ പെണ്ണിനേം കുഞ്ഞിനേം കാണാന്‍ ഉള്ളു തുടിക്കുവാ…’

അവന്‍റെ മറുപടിയുമായി അവള്‍ കാത്തിരുന്നു വര്‍ഷങ്ങളോളം. എന്നാല്‍ ഉസ്മാന്‍ തിരികെ വന്നില്ല. തമിഴ് പുലികളുടെ ആക്രമണത്തില്‍ കാണാതായി എന്നൊരു കമ്പി മാത്രം ലഭിച്ചു.

അവള്‍ പ്രസവിച്ച മകള്‍ക്കുവേണ്ടിയായിരുന്നു പിന്നെയുള്ള ജീവിതം.

അന്യന്‍റെ അടുപ്പില്‍ കരി പുരണ്ട ജീവിതം നയിക്കുമ്പോഴും ഉസ്മാന്‍റെ ഓര്‍മ്മയ്ക്കായി അവള്‍ ആ റേഡിയോ മാറോടു ചേര്‍ത്തു വച്ചിരുന്നു.

മകളെ വളര്‍ത്തി വലുതാക്കി നല്ലൊരുവന്‍റെ കൈകളില്‍ ഏല്‍പ്പിച്ചു.

വിധി പിന്നെയും ആ ഉമ്മയെ പരീക്ഷിക്കുകയായിരുന്നു. ഒരു ആക്സിഡന്‍റിന്‍റെ രൂപത്തില്‍ മകളെയും ഭര്‍ത്താവിനേയും തിരികെ എടുത്തപ്പോള്‍ ഒരു തരി വെട്ടമായി സുബൈറിനെ ജീവനോടെ അവര്‍ക്ക് കിട്ടി.

കൊച്ചു മോനു വേണ്ടിയായി പിന്നെയുള്ള ഓട്ടം. അവനേയും പഠിപ്പിച്ചു. പഠിക്കാന്‍ മിടുക്കനായിരുന്ന അവന്‍ കുറച്ചു വലുതായപ്പോള്‍ പഠിത്തത്തോടൊപ്പം ജോലികളും ചെയ്തു തുടങ്ങിയത് ആ വൃദ്ധയ്ക്ക് ഒരു ആശ്വാസം ആയിരുന്നു.

‘ന്നാലും ന്‍റെ സുബൈറിന് എങ്ങനെ തോന്നി ഇതെടുത്ത് എറിയാന്‍…???’

അവര്‍ ഒന്നു കൂടി ചുരുണ്ട് കിടന്നു. ചുളിവു മൂടിയ കവിളുകളിലൂടെ കണ്ണീല്‍ ചാലിട്ടൊഴുകി.

‘ഉമ്മൂമ്മാ… ദേ… ഞാന്‍ ഉമ്മൂമ്മായ്ക്ക് പുതിയ ഒരു റേഡിയോ വാങ്ങിയിട്ടുണ്ട്… ഇനി ഉമ്മൂമ്മ ഇതില്‍ പാട്ടു കേട്ടാല്‍ മതി… ന്നോട് വഴക്കിട്ട് കിടക്കുവാണോ… ദേ ഒന്നു തിരിഞ്ഞു നോക്കിയേ ഇങ്ങള്…’

പുതിയ റേഡിയോ വാങ്ങി വന്ന അവന്‍ കട്ടിലില്‍ റേഡിയോ കെട്ടിപിടിച്ചു ചരിഞ്ഞു കിടക്കുകയായിരുന്ന ആമിനയെ തിരിച്ചു കിടത്തി.

എന്നാല്‍ അവര്‍ മറ്റൊരു ലോകത്ത് ഉസ്മാനൊടൊപ്പം ആ തോളില്‍ ചാരിയിരുന്നു പാട്ടുപെട്ടിയില്‍ പാട്ടു കേള്‍ക്കുകയായിരുന്നു.

“‘നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്… അതില്‍ നാരായണക്കിളിക്കൂടു പോലുള്ളൊരു നാലുകാലോലപ്പുരയുണ്ട് ഒരു നാലുകാലോലപ്പുരയുണ്ട്…'”

Leave a Reply

Your email address will not be published. Required fields are marked *