September 13, 2021

രുദ്രാക്ഷ ~ 02 ,രചന: ദേവ സൂര്യ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“”ഇയാൾ ഇത് വരെ കിടന്നില്ലേ??… “”

മുറിയിലേക്ക് വരുമ്പോൾ…ജനലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി ഇരിക്കുന്ന രുദ്രയെ കണ്ടതും… ദേവൻ പതിയെ അരികിലേക്കായി ചെന്നു…

“”എന്തിനാ സാർ ഈ നാടകം…എല്ലാം അറിയുന്ന സാർ ഇതിന് കൂട്ട് നിൽക്കുമെന്ന് കരുതിയില്ല… “”

അവളുടെ വിതുമ്പൽ പുറത്തേക്ക് വന്നതും.. അവൻ പതിയെ അരികിലേക്കായി ചേർത്ത് പിടിച്ചു…

“”തന്റെ കാര്യങ്ങൾ എല്ലാം എനിക്കറിയാം… എന്നാൽ എന്റെ കാര്യങ്ങൾ ഒന്നും തനിക്കറിയില്ലല്ലോ… “”

അവന്റെ വാക്കുകൾ കേൾക്കെ ഒന്നും മനസിലാവാതെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി…

“”രുദ്രാ… എനിക്ക് തന്നോട് സംസാരിക്കണം…എന്നിലെ എന്നെ താൻ അറിയണം… ഞാ.. “”

പറഞ്ഞു മുഴുവിപ്പിക്കും മുൻപേ… ദേവന്റെ ഫോൺ ബെല്ലടിച്ചു….ഫോണെടുത്ത് ചെവിയോട് ചേർത്ത്… അൽപ്പനേരം മിണ്ടാതെ നിൽക്കുമ്പോളും… ദേവൻ പറഞ്ഞ വാക്കുകളുടെ പൊരുൾ തേടുകയായിരുന്നു രുദ്ര…

“”വിഷ്ണു ആയിരുന്നു രുദ്രാ… നമുക്ക് അത്യാവശ്യമായി ഇയാളുടെ വീട്ടിൽ ഒന്ന് പോണം… അമ്മക്ക് തീരെ സുഖമില്ല… കാല് വഴുതി ഒന്ന് വീണു….ഇയാൾ പെട്ടെന്ന് റെഡി ആയി വാ.. “”

കൂടുതൽ ഒന്നും പറയാതെ പുറത്തേക്ക് പോകുന്നവനെ… സംശയത്തോടെ നോക്കി നിന്നു….

“”നോക്കി നടക്കണ്ടേ അമ്മേ…എന്തേലും പറ്റിയിരുന്നെങ്കിലോ…””

ആധിയോടെ അമ്മക്കരികിലായി വന്നിരുന്നു പറയുന്നവന്റെ സ്വരം മാത്രം മതിയായിരുന്നു..മകൾക്ക് ചേരുന്നവൻ ആണ് തങ്ങൾ കണ്ട് പിടിച്ചു കൊടുത്തതെന്ന് മനസ്സിലാക്കാൻ….

ഇടക്ക് അമ്മയെ കാണാൻ വന്ന വിച്ചേട്ടനെ കണ്ടതും…മുഖം കുനിഞ്ഞു പോയി…പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും…കേട്ടു വർഷങ്ങൾക്ക് ശേഷം ആ സ്വരം…

“”ഒളിച്ചോട്ടം ഇനിയും നിർത്തിയില്ലേ രുദ്രേ നീയ്…എല്ലാം മറന്ന വിച്ചു ആണ് രുദ്രേ ഞാനിന്ന്…അഞ്ജലിയെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്നവൻ…നീ ഇന്ന് എന്നിൽ നിന്നും ഒരുപാട് അകലെയാണ്….അതുപോലെ തന്നെയാവണം നിനക്ക് ഞാനും…ദേവനപ്പുറം ഈ വിച്ചുവിന് സ്ഥാനം നൽകരുത് മനസ്സിൽ….””

തന്നെ നോക്കി പറയുന്നവനെ നോക്കി പതിയെ ഒന്ന് പുഞ്ചിരിച്ചു…ഒരു പുഞ്ചിരി മാത്രമേ തിരികെ മറുപടിയായി നൽകാനുണ്ടായിരുന്നുള്ളു….

“”കല്യാണം കഴിഞ്ഞു ഒരുപാടായില്ലേ കുഞ്ഞാ..അമ്മ കാല് വഴുതി വീണ അന്ന് വന്നതല്ലേ നിങ്ങള്….അമ്മേടെ കുഞ്ഞ് പൊക്കോ ദേവന്റെ കൂടെ..അമ്മക്ക് ഇവിടെ കൂട്ടിന് അമ്മാവനും ഏടത്തിയും ഒക്കെയില്ലേ…””

തന്നെ നോക്കി പറയുന്ന അമ്മയെ ചേർത്ത് പിടിച്ചു വിതുമ്പാനെ കഴിഞ്ഞുള്ളൂ…അച്ഛനോട് യാത്ര പറഞ്ഞ് തിരികെ പോകുമ്പോളും ഉള്ള് നീറുന്നത് താൻ അറിഞ്ഞിരുന്നു…

ആ വീട്ടിൽ ദേവൻ സാറും അമ്മയും മാത്രമാണ് ഉള്ളത്…അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയതാണ്…ഒരു പാവം അമ്മ…എപ്പോളും പുഞ്ചിരിയോടെ മാത്രമേ കാണാറുള്ളു…നെറ്റിയിലെ ഭസ്മം പോലെ തന്നെ നൈർമല്യതയുള്ള ഒരു പാവം..ചിന്തിച്ചു വെറുതെ മുറിയിൽ ഇരുന്നു…

“”താൻ കിടന്നോ ടൊ…യാത്ര ചെയ്ത് ക്ഷീണിച്ചതല്ലേ…””

മുറിയിൽ എത്തിയപ്പോൾ തന്നോടായി പറയുന്നവനെ വെറുതെ ഒന്ന് നോക്കി നിന്നു..ശരീരം തീരെ വയ്യാത്തത് കൊണ്ട് ഒന്ന് കിടന്നു…

“”ഏയ്യ്…എഴുന്നേൽക്കണ്ട..കിടന്നോ…ദാ ഈ ചുക്ക് കാപ്പി കുടിക്ക്…””

തന്നെ ചേർത്ത് പിടിച്ചു പറയുമ്പോളും..ശരീരമാകെ ചുട്ടുപൊള്ളുന്നത് താനറിഞ്ഞിരുന്നു…

“”ഇന്നാടൊ ഈ മരുന്ന് കഴിച്ചേ…എന്തൊരു പനി ആയിരുന്നു ഇന്നലെ രാത്രി ഓരോന്ന് പിച്ചും പേയും പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ പേടിച്ചു പോയി ട്ടോ…””

ആ സംസാരം കേട്ടപ്പോൾ മനസ്സിലായി ആൾ ഇന്നലെ ഉറങ്ങിയിട്ടില്ല എന്നത്…പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ താൻ അറിയുകയായിരുന്നു ആളുടെ സ്നേഹം…ഓരോ വാക്കുകളിലൂടെയും പരിപാലനത്തിലൂടെയും അറിയുകയായിരുന്നു ഭർത്താവ് എന്ന വാക്കിന്റെ അർത്ഥം…ഒരു കൂട്ടുകാരനപ്പുറം തെറ്റായ ഒരു വാക്കോ നോട്ടമോ നൽകാത്തവനോട് വല്ലാത്ത ബഹുമാനം തോന്നി….

“”ഈ ഫോട്ടോ ആരുടെയാ ദേവേട്ടാ??…””

ഒരിക്കൽ ആള് എന്തോ വായിച്ചു കൊണ്ടിരിക്കുമ്പോൾ…അരികിലായി ചെന്ന് മേശമേൽ ഇരുന്ന ചെറുപ്പക്കാരന്റെ ഫോട്ടോ ചൂണ്ടികാണിച്ചു ചോദിച്ചു….

പറഞ്ഞു കഴിഞ്ഞാണ്…പറ്റിയ അബദ്ധം മനസ്സിലാക്കി നാവ് കടിച്ചത്…ദേവൻ സാർ എന്നതിൽ നിന്ന് ദേവേട്ടാ എന്നുള്ള വിളി…ആൾക്കും അത്ഭുതമായി എന്ന് തോന്നുന്നു…തന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്..ആ കണ്ണുകൾ നിറയുന്നുണ്ട്….

പിന്നീട് ആൾക്ക് ഇഷ്ട്ടപെട്ട ഭക്ഷണം ഉണ്ടാക്കാനുള്ള ഉത്സാഹവും…ആളുടെ കാര്യങ്ങൾ ചെയ്ത് കൊടുക്കാനുള്ള ആകാംഷയും നിറഞ്ഞ ദിനങ്ങൾ കടന്ന് വരുന്നതും താൻ അറിയുകയായിരുന്നു…

“”ഇന്നത്തെ മാമ്പഴപുളിശ്ശേരിക്ക് പ്രത്യേക സ്വാദ് ഉണ്ടല്ലോ അമ്മേ…””

“”അത് രുദ്ര മോൾ ഉണ്ടാക്കിയതാ ടാ…””

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ആ കടുംകാപ്പി മിഴികൾ തന്നിലേക്ക് പാറി വീഴുന്നത് അറിഞ്ഞു….എവിടെ നിന്നോ ആ പഴയ രുദ്ര ആയി മാറുന്നത് താനറിഞ്ഞു…വിച്ചേട്ടന് വേണ്ടി ചുവന്നിരുന്നു തന്റെ മുഖം ദേവേട്ടന് വേണ്ടി ചുവക്കുന്നതും താനറിഞ്ഞു…..

“”ഇതിട്ടാൽ മതിട്ടോ ദേവേട്ടാ ഇന്ന്….””

ഭാര്യയുടെ അധികാരം സ്വയം ഏറ്റെടുക്കുമ്പോൾ പോലും ഒരു പുഞ്ചിരിക്കപ്പുറം…ഒരു നോട്ടത്തിനപ്പുറം ആൾ ഒന്നും മിണ്ടാറില്ലായിരുന്നു….ഇടക്ക് അരികിലേക്കായി ചെല്ലുമ്പോൾ പറയുന്ന വാക്കുകൾ ഒഴിച്ച്….

“”തന്നെ പറ്റി എനിക്കെല്ലാം അറിയാം രുദ്രാ…എന്നാൽ എന്നിലെ എന്നെ താൻ ഇത് വരെ അറിഞ്ഞിട്ടില്ല…എന്ന് അതറിയും വരെ തനിക്ക് ഞാൻ നല്ല സുഹൃത്ത് മാത്രമാണ് എന്ന്….””

ഉറങ്ങി കഴിയുമ്പോൾ…ആ കരവലയത്തിൽ കിടക്കാൻ വല്ലാത്ത മോഹം തോന്നാൻ തുടങ്ങി…മനസ്സിനുള്ളിൽ ആള് നെഞ്ചോട് കൊണ്ട് നടക്കുന്ന ആ പെൺകുട്ടി ആവാനായി മോഹം തോന്നി…പതിയെ വിച്ചേട്ടന്റെ മുഖത്തിന്‌ പകരം പ്രണയം എന്ന് ചോദിക്കുമ്പോൾ ആളുടെ മുഖം വരുന്നത് കൗതുകത്തോടെ താൻ അറിഞ്ഞിരുന്നു….

“”മോളെ ഇതൊക്കെ അവന്റെ പഴയ പുസ്തകങ്ങളാണ്….കുറേ ഉണ്ട്…പൊടി പിടിച്ചു കിടക്കയിരുന്നു…മോൾ ഒന്ന് അലമാരയിലേക്ക് അടുക്കി വക്കണേ…””

ഒരിക്കൽ അമ്മ ഒരു കെട്ട് പുസ്തകങ്ങൾ തനിക്കായി നൽകിയപ്പോൾ ആയിരുന്നു…പുസ്തകപുഴുവായ ദേവനെ പറ്റിയും താനറിയുന്നത്…സ്കൂളിൽ എന്നും പഠിക്കാൻ മിടുക്കൻ ആയ…ടീച്ചർമാരുടെ ഇഷ്ട്ടപെട്ട സ്റ്റുഡന്റ്….കോളേജിലെ പെൺകുട്ടികളുടെ ഹീറോ…കോളേജ് ചെയർമാൻ ദേവൻ…വിപ്ലവങ്ങളും പ്രണയവും ചേർന്നലിഞ്ഞ കോളേജ് ദിനങ്ങളെ പറ്റി അറിയുകയായിരുന്നു താൻ….

സഖാവ് ദേവന്റെ പ്രണയം…മുറപെണ്ണായ രേണുക….കോളേജ് മുഴുവൻ അസൂയയോടെ നോക്കിയിരുന്ന പ്രണയം…ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ പ്രണയം…

അതോടൊപ്പം തന്നെ ദേവേട്ടന്റെ സൗഹൃദം ജസ്റ്റിൻ…ഒരേ മനസ്സും ഇരുശരീരങ്ങളും ആയ സൗഹൃദം….എന്തിനും ഏതിനും രേണുകയും ജസ്റ്റിനും മാത്രം നിറഞ്ഞൊരു ലോകം…അതായിരുന്നു ദേവൻ….

പിന്നീട്…രേണുവിന്റെ അവഗണനയും….ജസ്റ്റിന്റെ കൂടെ കൂടി മുഴു കുടിയൻ ആയതും…ജസ്റ്റിൻ എന്ന സൗഹൃദത്തിലേക്ക് ഒതുങ്ങിയ തനിക്കായി മയക്ക് മരുന്നും തന്ന ജസ്റ്റിനെ കുറിച്ച് വായിക്കും തോറും…ദേവേട്ടന് കിട്ടേണ്ട ഒരു നല്ല സൗഹൃദം അല്ല ജസ്റ്റിൻ എന്ന് പലപ്പോഴും തോന്നി പോവുന്നു..ഡയറികൾ മാറും തോറും അറിയുകയായിരുന്നു…സാധുവായ ദേവനെ പറ്റി….

പുഞ്ചിരിയോടെ പേജുകൾ മറിക്കുമ്പോൾ..എഴുതി ചേർത്ത വാക്കുകൾ വിശ്വസിക്കാൻ ആയില്ല….കണ്ണുകൾ തന്നെ ചതിക്കുന്ന പോലെ….പുഞ്ചിരി പതിയെ ചുണ്ടിൽ നിന്ന് മാഞ്ഞു പോകുന്നു….കണ്ണുകൾ ഈറനണിയുന്നു…ചുണ്ടുകൾ വിതുമ്പുന്നു….

“”മോനെ ദേവാ….ഒന്ന് വേഗം വായോ….രുദ്ര മോൾ…കൈ നരമ്പ് മുറിച്ചു…””

ക്ലാസ്സ് ടൈമിൽ വന്നൊരു ഫോൺ കോൾ…കേട്ട വാക്കുകൾക്ക് തറഞ്ഞു നിന്നു പോയി…യാന്ത്രികമായി സ്കൂളിൽ നിന്ന് വീട്ടിലേക്ക് ഓടുമ്പോളും…””എന്റെ രുദ്രക്ക് ഒന്നും വരുത്തല്ലേ ഈശ്വരാ…””എന്ന് മാത്രമേ പ്രാർത്ഥിച്ചുള്ളു…

വീട് പൂട്ടി ഇട്ടിരിക്കുന്നത് കണ്ടപ്പോളും..അടുത്ത ഹോസ്പിറ്റലിലേക്ക് കുതിക്കുമ്പോളും തന്നെ കാണും നേരം വിടരുന്ന ആ കണ്ണുകൾ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ….

“”എങ്ങനെ ഉണ്ടമ്മേ രുദ്രക്ക്??….””

ചോദിക്കുമ്പോൾ വാക്കുകൾ കണ്ണീരാൽ ഇടറുന്നതറിഞ്ഞു. വിതുമ്പുന്നതറിഞ്ഞു….

“”കുഴപ്പം ഇല്ല മോനെ…സമയത്തിന് എത്തിച്ചത് കൊണ്ട്…പ്രശ്നം ഒന്നും ണ്ടായില്ല.ചെല്ല് മുറിയിൽ ഉണ്ട്…സംസാരിക്ക്…””

അമ്മയുടെ വാക്കുകൾ കേൾക്കെ ഇടറുന്ന കാലടികളോടെ ഉള്ളിലേക്ക് ചെന്നു…തന്റെ സാമിപ്യം അറിഞ്ഞപോലെ…അവശതയിൽ കണ്ണുകൾ തുറന്നു…

“”എന്നെ കൂട്ടാതെ ഒറ്റക്ക് പോകാം ന്ന് കരുതിയോടി…ഏഹ്ഹ്….””

ആ മുഖം കാൺകെ നിയന്ത്രണം വിട്ട് മുഖമടച്ചു കൊടുത്തു…തന്റെ വാക്കുകൾ കേൾക്കെ വിതുമ്പലോടെ തന്റെ കൈ തട്ടി മാറ്റുന്നുണ്ട്….

“”ചതിക്ക്യ അല്ലായിരുന്നോ എല്ലാരും ചേർന്ന്..എന്നെ പറ്റിക്ക്യ അല്ലായിരുന്നോ…എല്ലാം പറഞ്ഞിട്ടുള്ളതല്ലേ ഞാൻ…അന്ന് പറഞ്ഞൂടായിരുന്നോ…മുഖം പോലും നോക്കാതെ തന്നെ ഭോഗിച്ചിരുന്നത് ദേവേട്ടൻ ആയിരുന്നു ന്ന്….വെറും കള്ളിന്റെ പുറത്ത് ആയിരുന്നു ന്ന്….ക്ഷമിക്കില്ലായിരുന്നോ ഞാൻ….””

തന്റെ നെഞ്ചിലായി വേദനിപ്പിച്ചു പറയുന്നവളെ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു…ആ വാക്കുകൾ നെഞ്ച് പൊള്ളിക്കുന്ന പോലെ….

“”അന്ന് അങ്ങനെ നടന്നുവെങ്കിലും…ഇന്ന് എന്റെ ജീവനേക്കാൾ ഇഷ്ട്ടാണ് നിക്ക്…അറിഞ്ഞിരുന്നേൽ ഇത്തിരി മിണ്ടാണ്ട് ഇരിക്കുമെങ്കിലും…എന്റെ പ്രാണൻ ആണ്…ഇന്ന് മനസ്സിൽ നിങ്ങൾ അല്ലാതെ ആരുല്ല…പറ്റിച്ചില്ലേ എന്നെ…എല്ലാം മറച്ചു വച്ച് ചതിച്ചില്ലേ എന്നെ….””

നെഞ്ചിൽ തല്ലി പറയുന്നവളെ കാൺകെ…നെഞ്ച് നീറി പോകുന്നു…ചുണ്ടുകൾ വിതുമ്പുന്നു…

“”ഞാനല്ല രുദ്രേ…നീ പറയുന്നത് ഒന്ന് കേൾക്ക്…””

അവളെ ചേർത്തണച്ചു പറയുമ്പോൾ…കുതറി വീണ്ടും ഓരോന്ന് പുലമ്പുന്നത് കേൾക്കെ…ദേഷ്യത്തോടെ അലറി….

“”ആ ഡയറി വായിച്ചിട്ടാണ് നീയിങ്ങനെ പറയുന്നതെങ്കിൽ ഒന്ന് കേട്ടോ…അത് എന്റെ ഡയറി അല്ല….നിന്നെ ഞാൻ ഒരു നോട്ടം കൊണ്ട് പോലും അന്നും ഇന്നും തെറ്റായി കണ്ടിട്ടില്ല…എല്ലാ സത്യങ്ങളും നീയറിഞ്ഞതിനു ശേഷം മാത്രേ ഒരു ജീവിതം തുടങ്ങിയാൽ മതി എന്ന് ചിന്തിച്ചിരുന്നവനാ ഞാൻ…അന്ന് ആദ്യരാത്രിയുടെ അന്ന് എല്ലാം പറയാൻ നിന്നതാ…പറ്റിയില്ല….പിന്നീട് പലപ്പോഴും പറയാനായി വന്നതാ…എന്നെകൊണ്ട് പറ്റിയില്ല….കാരണം എല്ലാം അറിഞ്ഞാൽ ഒരുപക്ഷെ നിന്നെ നഷ്ടപ്പെടുമോ എന്നുള്ള പേടി…അത്രയേറെ നിന്നെ ഇഷ്ട്ടാടി എനിക്ക്…എന്റെ ജീവനാണ് നീ….'”

ഒഴുകുന്ന കണ്ണീരോടെ അവളെ മാറോട് ചേർത്ത് പറയുമ്പോൾ…അവളും പൊട്ടിക്കരയുകയായിരുന്നു….

“”ന്നെ പറ്റിക്ക്യ അല്ലേ ദേവേട്ടാ….ദേവേട്ടൻഅല്ലേ ന്നെ…””

അവൾ വിശ്വാസം വരാതേ വിതുമ്പിയപ്പോൾ…ചേർത്ത് നെഞ്ചോട് അടക്കി പിടിച്ചു വീണ്ടും പറഞ്ഞു….

“”എന്റെ പ്രാണനായ നീയാണെ സത്യം…നിനക്ക് പരിചിതമായ ആ ഗന്ധം ഞാനല്ല രുദ്രാ….നിന്നെ നിന്റെ വിച്ചേട്ടനിൽ നിന്ന് അകറ്റിയവൻ ഞാൻ അല്ല….പക്ഷെ വർഷങ്ങളായി എന്റെ ഉറക്കം കളഞ്ഞ ആ പെൺകുട്ടി നീയാണ്….മനസ്സിൽ കുറ്റബോധത്തിപ്പുറം പ്രണയം തോന്നിയത് നിന്നോട് മാത്രമാണ്….ജീവിതത്തിലേക്ക് കൂടെ കൂട്ടാനായി അലഞ്ഞു നടന്നത് നിനക്ക് വേണ്ടിയായിരുന്നു….””

അവന്റെ വാക്കുകളിലെ പൊരുൾ അറിയാതെ അവനെയവൾ ഉറ്റുനോക്കി…
അവന്റെ വാക്കുകൾക്കായി കാതോർത്തു….

“”അറിയാം നിനക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ വ്യക്തമായില്ല എന്ന്…എല്ലാം പറയാം ഞാൻ അതിന് മുൻപേ ഒരു സ്ഥലം വരെ നമുക്ക് പോകണം രുദ്രാ…ഒരുപക്ഷെ അവിടെ ആണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം…””

“”ഇനി എന്ത് തന്നെ വന്നാലും ഈ ദേവനിൽ നിന്ന് ഈ രുദ്രാക്ഷക്ക് ഒരു മടക്കം ഉണ്ടാവില്ല. അത്രയേറെ നീ എന്നിൽ വേരുറച്ചിരിക്കുന്നു രുദ്രാ…എന്നിലെ പ്രണയം ഞാനിപ്പോൾ അറിയുന്നു…””

അവന്റെ വാക്കുകൾ കേൾക്കെ നിറമിഴികളോടെ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു അവൾ…ചുണ്ടുകൾ അറിയാതെ ഒന്ന് വിതുമ്പി….

“”വാ…ഇറങ്ങ്…””

കാർ ഒരു വലിയ പള്ളിക്ക് മുൻപിൽ നിർത്തുമ്പോളും…രുദ്രയുടെ മുഖത്ത് ഒരായിരം സംശയങ്ങൾ മാത്രം ബാക്കിയായിരുന്നു…പള്ളിക്ക് പിന്നിലെ സെമിത്തേരിയിലേക്ക് അവന്റെ പിന്നാലെ നടക്കുമ്പോളും നൂറു നൂറു ചോദ്യങ്ങൾ അവളുടെ ഉള്ളിൽ നിറഞ്ഞിരുന്നു…

കല്ലറകൾക്കിടയിൽ ജസ്റ്റിൻ എന്ന പേരിന് മുൻപിൽ എത്തിയതും…അവൾ സംശയത്തോടെ ദേവനെ ഒന്ന് നോക്കി…അവളുടെ നോട്ടത്തിനർദ്ധം മനസ്സിലായ പോലെ അവൻ പതിയെ പറഞ്ഞു തുടങ്ങി….

നീ വായിച്ച ഡയറികൾക്കിടയിൽ…ആ നീല പുറംചട്ടയുള്ള ഡയറി ഇവന്റെയായിരുന്നു…അന്ന് നീ ചോദിച്ചില്ലേ…മേശമേൽ ഉണ്ടായിരുന്ന ഫോട്ടോ ആരായിരുന്നു എന്ന്..അത് ഇവൻ ആയിരുന്നു…ജസ്റ്റിൻ…എന്റെ സൗഹൃദങ്ങളിൽ ചങ്ക് പറിച്ചു സ്നേഹിച്ചവൻ..അവന്റെ മരണശേഷം ഞാനാണ് ആ ഡയറിയിൽ അന്നത്തെ കാര്യങ്ങൾ എഴുതി ചേർത്തത്…അവൻ…ജസ്റ്റിന്റെ കല്ലറ നോക്കി…പറഞ്ഞു തുടങ്ങി….

“”അന്ന് നിങ്ങൾ ടൂർ പോയ ആ ഹോട്ടലിൽ…ഞാനും ജസ്റ്റിനും ഉണ്ടായിരുന്നു രുദ്ര…കുടിച്ചു ബോധം ഇല്ലാതെ ഇരുന്നു ഓരോന്ന് സംസാരിക്കുകയായിരുന്നു…വിഷയം പെണ്ണ് തന്നെയായിരുന്നു…മദ്യം വിവേകത്തെ കാർന്ന് തിന്നിരുന്ന നേരം….””

അവനിൽ പുച്ഛത്തോടുള്ള ഒരു ചിരി വിരിഞ്ഞു…

“”അപ്പോളായിരുന്നു…നീ ആ പയ്യന്റെ കരണം നോക്കി പൊട്ടിക്കുന്നത് ഞാൻ കണ്ടത്…ഒരുത്തിയെ ഒരു രാത്രിക്ക് കിട്ടുമോ എന്ന് അന്വേഷിച്ചു ആരോടോ സംസാരിക്കുന്ന ജസ്റ്റിൻ ഫോൺ വച്ചപ്പോൾ…തമാശ പോലെ ഞാൻ പറഞ്ഞു….കൂടെ കിടക്കാൻ ദാ അത് പോലൊരു കാന്താരി വേണം…അല്ലാതെ ശവത്തിനെ പോലെ ഒരുത്തിയെ അല്ല വേണ്ടത് എന്ന്…””

എന്റെ സംസാരം കേട്ടപ്പോൾ ആണ്.. ജസ്റ്റിനും നിന്നെ ശ്രദ്ധിക്കുന്നത്…പക്ഷെ…
പിന്നീട് ബോധം മറയും വരെ കുടിച്ചു…റൂമിൽ പോയി കിടക്കുമ്പോളും ഞാൻ അറിഞ്ഞില്ല…നിനക്കായി അവൻ വല വിരിച്ചു എന്ന്…നീ തല്ലിയവന്മാരോടൊപ്പം കൂടി…നിന്നെ ബോധം കെടുത്തിയതും…ഇരുട്ടിൽ നിന്നെ മുഖം പോലും നോക്കാതെ…ആണിന്റെ മുഖത്തടിച്ചു എന്ന് വാശിയിൽ…അതിക്രൂരമായി ഭോഗിച്ചതും ഒരു വീരസാഹസ കഥ പോലെ…തിരികെ റൂമിൽ വന്ന്…തന്നെ വിളിച്ചുണർത്തി പറഞ്ഞപ്പോ..സത്യത്തിൽ ഞെട്ടി പോയി ഞാൻ….

അവനെ വഴക്ക് പറഞ്ഞ്….നിന്നെ കാണാനായി ഓടി എത്തിയപ്പോളേക്കും കാണുന്നത്….മിഴിനീരോടെ എല്ലാം നഷ്ട്ടപെട്ടവളെ പോലെ പോകുന്ന നിന്നെയാണ്….

മനസ്സിൽ കുറ്റബോധം നിറയുന്നത് താനറിഞ്ഞു…തന്റെ വാക്ക് കാരണം ഒന്നും അറിയാത്ത ഒരു പാവം പെൺകുട്ടിയെ പച്ചക്ക് പിച്ചിച്ചീന്തി…നുരഞ്ഞു പൊന്തിയ ദേഷ്യം സഹിക്കവയ്യാതെ അവനോട് പോയി വഴക്കിട്ടു….അവനെ കലി തീരുംവരെ അടിച്ചു…ഞാൻ സ്നേഹിച്ചിരുന്ന ജസ്റ്റിൻ ഒരിക്കലും ഇങ്ങനെ അല്ല…വെറുമൊരു അനാഥനായ അവന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ…ഇടക്ക് കിട്ടിയ കൂട്ടുകെട്ടിൽ നിന്ന് വേണ്ടാത്ത ശീലങ്ങൾ പഠിച്ചെടുത്തപ്പോൾ താനും അവനെ ഉപദേശിച്ചിരുന്നു…പിന്നീട് രേണുവിന്റെ അവഗണന സഹിക്കാൻ പറ്റാതായപ്പോൾ താനും അവക്കെല്ലാം അടിമപ്പെടുകയായിരുന്നു….ഒടുവിൽ അന്നത്തെ വാക്കേറ്റം പിടിയിലും വലിയിലും എത്തി നിന്നപ്പോൾ…ദേഷ്യത്തോടെ തന്നോട് വെല്ലുവിളിച്ചു ഇറങ്ങി പോയതാണ് അവൻ…

അന്ന് രാത്രി പിന്നീട് വന്ന ഫോൺ കോളിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾക്ക് ഞെട്ടലോടെ..അവന്റെ അരികിലേക്ക് പോയപ്പോൾ…വെള്ളപുതച്ച അവന്റെ ശരീരം മാത്രമേ എനിക്ക് കിട്ടിയുള്ളൂ….ബൈക്ക് ആക്‌സിടെന്റ് ആയിരുന്നു…ലോറിക്കടിയിൽ പെട്ടതാണത്രേ…ദേവന്റെ കണ്ണുകൾ പതിയെ ഈറനണിഞ്ഞു….

അതിന് ശേഷം വല്ലാത്ത മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ…എല്ലാത്തിനും കാരണക്കാരൻ ഞാൻ ആണെന്ന തോന്നൽ വല്ലാതെ തളർത്തിയിരുന്നു…ആ ഭ്രാന്തമായ അവസ്ഥയിൽ നിന്ന് മോചിക്കാൻ ഒരുപാട് നാളുകൾ എടുത്തു…നീയെന്ന ഓർമ എന്നെ വല്ലാതെ തളർത്തിയിരുന്നു…പിന്നീട് നിനക്കായുള്ള അലച്ചിലായിരുന്നു….

സ്കൂളിൽ ജോയിൻ അന്ന് നിന്നെ കണ്ടതും വല്ലാത്ത മരവിപ്പായിരുന്നു എനിക്ക്…പിന്നീട് നീയെന്ന സൗഹൃദം എന്നിൽ വേരുറച്ചപ്പോളും…നീയെന്ന പ്രണയവും എന്നിൽ വളരുന്നത് ഞാൻ അറിയുകയായിരുന്നു…..

ദേവൻ ചെറുകിതപ്പോടെ പറഞ്ഞു നിർത്തി..രുദ്രയെ ഒന്ന് നോക്കി…അവളുടെ കണ്ണുകൾ പേമാരി പോലെ പെയ്തിറങ്ങിയിരുന്നു…കണ്ണിലെ ഞെട്ടൽ വ്യക്തമായി കാണാമായിരുന്നു…

“”കൂട്ടുകാരന് വേണ്ടി ത്യാഗം ചെയ്തതാണ് ല്ലേ ദേവേട്ടാ….””

അവളുടെ ചുണ്ടിൽ പരിഹാസചിരി വിരിഞ്ഞു….

“”ഒരിക്കലുമല്ല രുദ്രാ….ഇന്ന് ജസ്റ്റിനും നീയും തമ്മിലെ ബന്ധം ഒരിക്കൽ പോലും ഞാൻ ചിന്തിക്കുന്നില്ല…നീയെന്ന പ്രണയം അത്രമേൽ എന്നിൽ അലിഞ്ഞിരിക്കുന്നു…ശരീരത്തിനപ്പുറം നിന്റെ മനസ്സിനെ ഞാൻ സ്നേഹിക്കുന്നു…ആ കാരണം കൊണ്ട് തന്നെയാണ് ഈ കാര്യം നിന്നിൽ നിന്നും മറച്ചു വച്ചത് പോലും….എല്ലാം അറിഞ്ഞു കഴിയുമ്പോൾ നിന്നിലെ അവഗണന എനിക്ക് താങ്ങാൻ കഴിയില്ല…അത്രമേൽ നീ എനിക്ക് ജീവനാണ് രുദ്രാ….””

തന്റെ മുൻപിൽ മുട്ട് കുത്തിയിരിക്കുന്ന ദേവനെ അവൾ കണ്ണീരോടെ നോക്കി…

“”എല്ലാവരുടെ ഭാഗത്തും ന്യായമുണ്ട് ദേവേട്ടാ…പക്ഷെ എന്റെ ഭാഗത്ത്….””

അവളൊന്ന് വിതുമ്പി…

“”വേണ്ട ദേവേട്ടാ…ചേരാത്തത് ചേർക്കാൻ പാടില്ല…നമുക്ക് പിരിയാം….””

“”രുദ്രാ…””

അവൻ വിശ്വാസം വരാത്ത പോലെ അവളെയൊന്ന് വിളിച്ചു…

“”അതേ ദേവേട്ടാ…എല്ലാവരുടെയും ഭാഗം ന്യായമാണ് എന്റെ ഒഴിച്ച്…നല്ലൊരു ഭാര്യയാവാൻ എനിക്ക് ഇനി കഴിയുമെന്ന് തോന്നുന്നില്ല…നമുക്ക് പിരിയാം..എന്നെ അന്വേഷിച്ചു വരണ്ടാ ഇനി….””

അവന്റെ വാക്കുകൾക്ക് കാത്ത് നിൽക്കാതെ പിന്തിരിഞ്ഞു പോകുമ്പോൾ അവളുടെ കണ്ണുകൾ വാശിയോടെ പെയ്തിറങ്ങുന്നുണ്ടായിരുന്നു….ചുണ്ടുകൾ വിറകൊള്ളുന്നുണ്ടായിരുന്നു….

സന്ധ്യക്ക്‌ ജനലഴികളിൽ കൈ ചേർത്ത്…മാസങ്ങൾക്കു മുൻപ് നടന്ന കാര്യങ്ങൾ ഓർത്തെടുത്ത് കൊണ്ട് അവളൊന്ന് തേങ്ങി..

“”മോളെ…””

പിന്നിൽ നിന്ന് അമ്മയുടെ വിളിയാണ് അവളെ ഭൂതകാലത്ത് നിന്ന് തിരികെ കൊണ്ട് വന്നത്…

“”നേരം ഇത്രയുമായിട്ടും ദേവൻ വന്നില്ലല്ലോ…ഇനി കുടിച്ച് റോട്ടിൽ
കിടക്കുന്നുണ്ടാവുമോ??…””

അമ്മയുടെ ചോദ്യത്തിൽ ചെറുതായി ഒന്ന് പതറി…അമ്മക്കറിയില്ലല്ലോ താൻ ജനലഴികൾക്കിപ്പുറം ആ മുഖം പ്രതീക്ഷിച്ചു ഇരിക്കയാണ് എന്ന്….

അന്നത്തെ സംഭവത്തിന് ശേഷം…താൻ തന്റെ വീട്ടിലേക്ക് വന്നതും…ദേവേട്ടൻ വീണ്ടും മദ്യത്തിന് അടിമപെട്ടത് ഓർത്തു…എന്നും കുടിച്ചു ലക്ക് കെട്ട് വീടിനു മുൻപിൽ വന്ന് നിൽക്കുമ്പോളും…വാശി കാരണം ആ മുഖമൊന്ന് കാണാൻ താൻ ശ്രമിക്കാറില്ലായിരുന്നു…പിന്നീട് എപ്പോളോ വാശി മാറുന്നതും…ആൾ വരുമ്പോൾ ഒളിച്ചു നിന്ന് ജനലിനിപ്പുറം നിൽക്കാൻ തുടങ്ങി…ആ രൂപം കാണുമ്പോൾ…വിതുമ്പലോടെ പതിയെ വിളിക്കുമായിരുന്നു…. “”എന്റെ ദേവേട്ടൻ “”എന്ന്….

ഇന്ന് ഇത്ര നേരമായിട്ടും കാണാത്തപ്പോൾ നെഞ്ചിൽ ഒരാളൽ വന്നു. ദ്രിതിയോടെ ഉമ്മറത്തേക്ക് നടന്നപ്പോൾ…മുറ്റത്ത് ഒരു നിഴൽ രൂപം.. ആൾക്കരികിലേക്കായി ഓടിച്ചപ്പോൾ….വിച്ചേട്ടൻ ആയിരുന്നു….

“”ആരെയാ നീയീ നോക്കുന്നത്…ദേവനെ ആണോ??….എന്നാൽ ഒരു സന്തോഷവാർത്ത ഉണ്ട്…””

വിച്ചേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ സംശയം നിറഞ്ഞ മുഖത്തോടെ ആളെ നോക്കി…

“”ഇനി ദേവന്റെ ശല്യം ഉണ്ടാവില്ല നിനക്ക്…പട്ടിയെ പോലെ ഇവിടെ വന്ന് നിൽക്കില്ല അവൻ….””

വിച്ചേട്ടന്റെ വാക്കുകൾ കേട്ടതും ഒന്നും മനസ്സിലാവാതെ മുഖത്തേക്ക് ഉറ്റുനോക്കി…

“”ദേവന് ഒരു ആക്സിടെന്റ്….ഇത്തിരി സീരിയസ് ആണ്…ഇവിടെ വന്ന് വിവരം പറഞ്ഞു പോവാം എന്ന് വിചാരിച്ചു…””

വിച്ചേട്ടന്റെ വാക്കുകൾ തീച്ചൂള പോലെ ചെവികളിൽ മുഴങ്ങുന്നു…കണ്ണുകൾ നിറഞ്ഞൊഴുകി…പിന്തിരിഞ്ഞു പോകാൻ നിന്ന വിച്ചേട്ടന്റെ കയ്യിൽ തന്റെ കൈകൾ അമർന്നു….

“”എന്താ…എന്താ എന്റെ ദേവേട്ടന്…പറയ്…പറയ് വിച്ചേട്ടാ…എന്റെ ദേവേട്ടന് എന്താ പറ്റിയെ??…””

“നിന്റെ ദേവേട്ടനോ?… ആ പാവം എത്ര ഇവിടെ വന്ന് വിളിച്ചിട്ടുണ്ട് രുദ്രേ…പോയോ നീയ്…??ഏഹ്ഹ്?? നിങ്ങടെ കല്യാണത്തിന് മുൻപേ അവൻ എല്ലാം എന്നോട് പറഞ്ഞതാ…മരണം വരെയും വിഷ്ണുവിനെക്കാൾ സ്നേഹിച്ചോളാം രുദ്രാക്ഷയെ എന്ന് പറഞ്ഞവനാ….ആ സ്നേഹം കണ്ടോ നീയ്…ഇല്ലാലോ….ഇനിയങ്ങോട്ടും അങ്ങനെ മതി..”

ദേഷ്യത്തോടെ അവൾക്ക് നേരെ കയർക്കുമ്പോളേക്കും സമനില നഷ്ട്ടപെട്ടവളെ പോലെ അവന് നേരെ വിതുമ്പിയിരുന്നു രുദ്ര…

“”എന്നെയൊന്നു കൊണ്ട് പോ വിച്ചേട്ടാ…നിക്ക്…നിക്ക് കാണണം..എന്റെ ദേവേട്ടനെ..””

വിച്ചുവിന്റെ കോളറിൽ പിടിച്ചുലച്ചു കരഞ്ഞു പറഞ്ഞുമ്പോൾ ആയിരുന്നു പിന്നിലായി നടന്നു വരുന്നവനെ അവൾ കാണുന്നത്…

പുഞ്ചിരിയോടെ അവർക്കരികിലേക്കായി വരുന്നവന്റെ അടുത്തേക്ക് നിമിഷനേരം കൊണ്ട് ഓടിയണച്ചു…കണ്ണീരോടെ ആ മുഖത്തും ശരീരത്തും കൈകൾ കൊണ്ട് പരതി…

“”ന്നെ പറ്റിച്ചതാ ല്ലേ…ഇത്തിരി നേരം കൊണ്ട് ഞാൻ എത്ര തീ തിന്നു ന്ന് അറിയുവോ…ഏഹ്ഹ്??…””

വേദനയില്ലാതെ നെഞ്ചിൽ തല്ലി പറഞ്ഞുകൊണ്ട്…മുഖം വീർപ്പിച്ചു ഉളിലേക്ക് പോയി…

“”അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ…കാലാകാലം…കുടിച്ചു ബോധം ഇല്ലാതെ ഞാൻ ഇവിടെ മാനസമൈനേ പാടി നടക്കേണ്ടി വരൂലേ ടി…””

കട്ടിലിൽ ദേഷ്യപ്പെട്ട് തിരിഞ്ഞു കിടക്കുമ്പോൾ…പുറംകഴുത്തിലായി പടർന്ന നിശ്വാസത്തിൽ അവളൊന്ന് പിടഞ്ഞു…

“”പൊക്കോ…നിക്ക് കാണണ്ടാ….പറ്റിച്ചില്ലേ എന്നെ….പൊക്കോ…””

തിരിഞ്ഞുകിടന്ന് അവനെ തള്ളിമാറ്റി പറയുമ്പോൾ…കുസൃതിയോടെ അവൾക്കരികിലേക്കായി ചേർന്ന് കിടന്നു…

“”അപ്പൊ…ന്നെ കാണണം ന്ന് പറഞ്ഞു വിച്ചൂനോട് തല്ലുണ്ടാക്കിയതോ??…””

അവളുടെ കവിളിൽ പതിയെ മുഖം ഉരസി പറഞ്ഞതും അവളുടെ മുഖം ചുവന്ന് തുടുത്തു….

“”എന്തിനാ എന്നെ പറ്റിച്ചേ….ഞാൻ എത്ര പേടിച്ചു ന്ന് അറിയുവോ…ഞാൻ നിമിഷനേരം കൊണ്ട് ഉരുകി തീർന്നു പോയി…പറ്റില്ല ദേവേട്ടാ നിക്ക്…എന്റെ ഏട്ടനില്ലാതെ പറ്റില്ല നിക്ക്….””

ചുണ്ട് പിളർത്തി കൊച്ചു കുട്ടികളെ പോലെ കരഞ്ഞു അവനെ ഇറുകെ കെട്ടിപിടിച്ചു പറഞ്ഞത് കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു….

“”വിച്ചു പറഞ്ഞു തന്ന ഐഡിയ ആയിരുന്നു…അത് കൊണ്ടെന്താ…ഈ കാന്താരിയെ നിക്ക് തന്നെ കിട്ടിയില്ലേ…””

“”അല്ലേലും ഈ കാന്താരി എന്നും ഇയാൾക്ക് തന്നെ ഉള്ളതല്ലേ…””

നാണത്തോടെ അവന്റെ നെഞ്ചിൽ നുള്ളി പറയുന്നത് കേട്ടപ്പോൾ കുസൃതിയോടെ അവൻ അവളെയൊന്ന് നോക്കി…ആ കണ്ണിലെ തിളക്കം പറയുന്നുണ്ടായിരുന്നു….””എന്നും അവനായി മാത്രമാണ് അവളെന്ന്..”” അവരെ നോക്കി ഇരുന്ന നക്ഷത്രങ്ങൾ നാണത്താൽ കണ്ണ് ചിമ്മി…അവക്ക് കൂട്ടായി..മുറിയിലേക്ക് വന്ന മിന്നാമിനുങ്ങുകൾ എന്തെല്ലാമോ കളി പറഞ്ഞിരുന്നു…നാണത്തോടെ കണ്ണടച്ചിരുന്നു….

അവസാനിച്ചു…..

രുദ്രയെയും ദേവനെയും ഇഷ്ട്ടമായി എന്ന് കരുതുന്നു….ഇഷ്ട്ടമായാലും ഇല്ലെങ്കിലും എനിക്കായി ഒരു വാക്ക് കുറിക്കണേ

Leave a Reply

Your email address will not be published. Required fields are marked *