May 6, 2021

അവളെ വിളിക്കാൻ മിനക്കെടാതെ വാതിലിനിട്ട് ഒരു ചവിട്ട് കൊടുത്തു അവൻ…

രചന: ദിവ്യ കശ്യപ്

ഇഷ്ടപ്പെട്ട നേതാവിൻ്റെയും അണികളുടെയും കൂടെ ഇലക്ഷൻ പ്രചരണവും കഴിഞ്ഞു കവലയിലെ തട്ടുകടയിൽ നിന്നും ദോശയും ഓംലറ്റും ആവോളം തട്ടിയിട്ടാണ് രാത്രി പന്ത്രണ്ട് മണ്യാകാറായപ്പോൾ അവൻ വീടെത്തിയത്. വീട്ടിലേക്കുള്ള വഴിയിൽ എത്തിയപ്പോൾ തന്നെ കണ്ടൂ…ഇരുട്ട് കുത്തിയടിച്ച് കിടക്കുന്ന വീട്….

“ഈ ലൈറ്റ് പോലും ഇടാതെ ഈ നശൂലം എവിടെ പോയി കിടക്കുന്നോ എന്തോ…”പിറുപിറുത്തു കൊണ്ടവൻ തിണയിലേക്ക് കയറി…

അവളെ വിളിക്കാൻ മിനക്കെടാതെ വാതിലിനിട്ട് ഒരു ചവിട്ട് കൊടുത്തു അവൻ. ഒറ്റ വിജാഗിരിയിൽ നിന്നിരുന്ന …കെട്ടിവലിച്ച് കയറൂ കൊണ്ട് കെട്ടി വെച്ചിരുന്ന ആ വാതിൽ ഒരു മൂളക്കശബ്ദത്തോടെ ഇളകിതുറന്ന് ആടി നിന്നു…

“ഡീ… “ഒന്നാക്രോശിച്ച് വിളിച്ചു കൊണ്ടവൻ ഭിത്തിയിലെ സ്വിച്ചിൽ പരതി…

“നാശം .. കറൻ്റും ഇല്ലെ…. ഓ…പേടി കാരണം ഒരുത്തി അപ്പുറത്തെ വീട്ടിൽ പോയിരിപ്പുണ്ടാവും ….”

അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി…..

എല്ലായിടത്തും വെട്ടമുണ്ടല്ലോ….അപ്പോ ഇവിടെ മാത്രമാണ് ഇല്ലാത്തത്… ഫ്യൂസ് ഊരിയോ ഇനി….

“ഏട്ടാ… കറൻ്റ് ബില്ല് അടക്കണ്ട അവസാന തിയതിയാ…ഇന്ന്…”മൂന്നാല് ദിവസം മുൻപ് അവള് പറഞ്ഞത് അവൻ്റെ മനസ്സിലേക്ക് തികട്ടിയെത്തി…

പോക്കറ്റിൽ നിന്ന് ഫോണെടുത്തു ഫ്ലാഷ് ലൈറ്റ് ഓൺ ആക്കാൻ നോക്കി…

“ഓ..ഇതും ചത്തോ…ചുവന്ന വര കാണിച്ച ബാറ്ററി ലൈൻ നോക്കി പറഞ്ഞുകൊണ്ട് തപ്പിതടഞ്ഞ് അവൻ അടുക്കളയിലേക്ക് ചെന്നു… മണ്ണെണ്ണ വിളക്ക് തപ്പിയെടുത്ത് കത്തിക്കാൻ നോക്കി …കത്തുന്നില്ല….അടുപ്പിൻ്റെ ചോട്ടിൽ നിന്നും മണ്ണെണ്ണ കുപ്പിയെടുത്ത് പുറത്തെ നിലാംവെട്ടത്തിൽ അത് വിളക്കിലേക്ക് ഒഴിക്കാൻ നോക്കി…

കാലി കുപ്പിയിൽ നിന്നും എന്ത് വീഴാൻ….

“നാശം…ഇതും തീർന്നോ…”അവനാ കുപ്പി വലിച്ചു ദൂരെ എറിഞ്ഞു…

“ഏട്ടാ… റേഷൻ കടയിൽ പോകാറായി കേട്ടോ… കുഞ്ഞനേം കൊണ്ട് എങ്ങനെ പോകാനാ…അല്ലേൽ ഞാൻ പോയേനെ…ഈ വിറകൊന്നു കത്തി കിട്ടണമെങ്കിൽ ഇച്ചിരി മണ്ണെണ്ണ വേണം….”വീണ്ടും അവളുടെ വാക്കുകൾ അവൻ്റെ ചേവിയോരം മുഴങ്ങി…

അടുപ്പിൻ്റെ അടുത്ത് വെച്ചിരുന്ന കരി പിടിച്ച കഞ്ഞികലം അവൻ തുറന്നു നോക്കി…

മൂട്ടിലേവിടോ ഇത്തിരി കഞ്ഞിയും വറ്റും കിടപ്പുണ്ട്…….അവള് കഴിച്ചു കാണ്വോ ..??? ആദ്യമായി അവനൊരു ഹൃദയനൊമ്പരം തോന്നി….

അവള് ഇരുട്ട് പേടിച്ച് അപ്പുറത്തെ ശാന്തമ്മ എട്ടത്തിയുമായി അവരുടെ വീട്ടിൽ ഇരിപ്പുണ്ടാവും…കുളിച്ചിട്ട് ചെന്നു വിളിച്ചോണ്ട് വരാം…

അവൻ ഉടുത്തിരുന്ന വെള്ളമുണ്ട് പുറത്തെ അയയിൽ ഇട്ട് ഒരു തോർത്തെടുത്ത് ഉടുത്ത് കൊണ്ട് കിണറ്റിൻ ചോട്ടിലേക്ക് നടന്നു…

തൊട്ടിയിട്ട് വെള്ളം കോരി…അത് മേൽപ്പോട്ട് ഉയർത്തി…കയ്യിലെത്തി നോക്കിയപ്പോൾ കാൽഭാഗം പോലും വെള്ളമില്ല…

“ഏട്ടാ…ഒരു പുതിയ തൊട്ടി വാങ്ങണം ഇതിൻ്റെ മൂടത്രയും തുരുമ്പെടുത്ത് ദ്രവിച്ചിരിക്കുവാ…പകുതി വെള്ളമേ കിട്ടൂ…കോരിയെടുത്ത് കഴീമ്പോ…”

അവളുടെ വാക്കുകൾ വീണ്ടും വിഷമുള്ളു പോലെ തന്നെ കുത്തിനോവിക്കുന്നത് അവനറിഞ്ഞൂ…

കിട്ടിയ വെള്ളത്തിൽ മുഖം കഴുകുമ്പോൾ …എന്നും കുളിക്കാൻ ചെല്ലുമ്പോൾ കുളിമുറിയിൽ വെള്ളം നിറഞ്ഞിരിക്കുന്ന രണ്ടു വലിയ ചരുവങ്ങൾ തന്നെ നോക്കി കളിയാക്കി ചിരിക്കുന്നത് അവൻ കണ്ടൂ…

വീണ്ടും അയയിൽ നിന്നും മുണ്ടെടുത്ത് ഉടുത്ത് വാതിൽ ചാരി പുറത്തേക്കിറങ്ങാൻ നേരം മുറ്റത്തൊരു നിഴലനക്കം…

മുറുക്കാൻ നീട്ടി തുപ്പി ശാന്തമ്മ ഏട്ടത്തി…

“ഫീസൂരി കൊണ്ടോയെഡാ ഇലക്ട്രിസിറ്റി കാരു….”

“മം മ്…”

“നീയിങ്ങനെ രാഷ്ട്രീയം കളിച്ചു നടന്നാലെങ്ങനാ ചെക്ക..കുടുമ്മം നോക്കണ്ടെ….നേതാക്കന്മാർ അവരുടെ കാര്യം കഴിഞ്ഞു പോകും…നിൻ്റെ കുടിയിൽ കഞ്ഞി വേകണമെങ്കിൽ നീ നോക്കണം ….അവള് കൊച്ചുമായി ആശൂത്രിലാ….നിന്നെ കൊറേ വിളിച്ചാരുന്ന് … ആ കൊച്ച്…അവിടെ കിടത്തീന്ന് പറയുന്ന കേട്ട്…കട്ടിലോന്നും കിട്ടില്ലെന്ന്… തറയില് ഷീറ്റ് വിരിച്ച് കിടക്കുന്നുന്നു കൊച്ചുമായിട്ട്…”

“ഏട്ടാ… കുഞ്ഞന് രണ്ടീസമായി ഒരു ജലദോഷം…പനിക്കുന്നുമുണ്ട്… ഒന്നാശൂത്രി കൊണ്ടോണം ..”അവളുടെ വാക്കുകൾ ആത്മനിന്ദ പടർത്തി അവനിൽ ഫണം വിരിച്ചാടി….

“വാ…അനിയൻ്റെ ഓട്ടോ ഉണ്ട്…അവനുമായി പോ ആശൂത്രിയിൽ…”ശാന്തമ്മ ഏട്ടത്തി മുന്നേ നടന്നു…

“ഗോപൻ ചേട്ടാ…ഓടി വാ… ദേ നമ്മുടെ പ്രശാന്തിനെ കവലയിലിട്ട് തല്ലുന്നു… മറ്റവന്മാർ…”തൻ്റെ പാർട്ടിയിലെ മനുവാണ്…

കാലും മനസ്സും അറിയാതെ മുന്നോട്ട് കുതിച്ചു…

“ഏട്ടാ….”അവളുടെ വിളി പോലെ….

ഞെട്ടിത്തിരിഞ്ഞു പുറകിലേക്ക് നോക്കി…

ശാന്തമ്മ ഏട്ടത്തി ഒന്ന് കൂടി മുറുക്കാൻ കാറി തുപ്പി…

അനുസരണയുള്ള മാൻകുഞ്ഞിനെ പോലെ അവൻ അവരുടെ പുറകെ നടന്നു…

ഇരുട്ടിൽ നിന്ന് എവിടുന്നോ ഒരാർത്തനാദം കേട്ടു….ഒപ്പം നായ്ക്കളും ഓരിയിട്ടു….പുകഞ്ഞുപാഞ്ഞു വീശി വന്ന കാറ്റിന് രക്തത്തിൻ്റെ ഗന്ധമുണ്ടായിരുന്നു….ആരൊക്കെയോ ഒടിയകലുന്ന ശബ്ദം….

“ആർക്ക് പോയി…നേതാവിനോ… അണികൾക്കോ…പാർട്ടിക്കോ… ആ കുടുമ്മത്തിന് പോയി… ആ അച്ഛനും അമ്മയ്ക്കും കെട്യോൾക്കും… പിള്ളർക്കും പോയി….”ശാന്തമ്മ ഏട്ടത്തി പിറുപിറുത്തു കൊണ്ട് മുന്നേ നടന്നു….അവൻ പിന്നിലും….❤️

Leave a Reply

Your email address will not be published. Required fields are marked *