May 6, 2021

ഒരു കയ്യിൽ അവനുള്ള ചായയും മറുകയ്യിൽ ലഞ്ച് ബോക്സുമായി വന്ന നീലിമ മറുപടിയൊന്നും പറഞ്ഞില്ല…

ഓർമ്മപ്പെടുത്തൽ

രചന: സീമ ബിനു

“ഇന്നു ചോറെടുക്കുമ്പോൾ കറികളൊക്ക കുറച്ചു കൂടുതൽ എടുത്തോ വിഷ്ണൂനും കൂടി കൊടുക്കണം .”

ചപ്പാത്തിയിലേക്ക് കറി ഒഴിക്കുന്നതിനിടയിൽ അടുക്കളയിലേക്കു നോക്കി കിഷോർ വിളിച്ചു പറഞ്ഞു

ഒരു കയ്യിൽ അവനുള്ള ചായയും മറുകയ്യിൽ ലഞ്ച് ബോക്സുമായി വന്ന നീലിമ മറുപടിയൊന്നും പറഞ്ഞില്ല .

“ഞാൻ പറഞ്ഞത് നീ കേട്ടില്ലേ ?”

“ഇതൊക്കെയൊന്നു നേരത്തേ പറയണ്ടേ കിച്ചേട്ടാ ?”

“അതുകൊണ്ട്‌ ?

അവന്റെ ശബ്ദം കനത്തു

“അതുകൊണ്ടൊന്നൂല്ല .. വേറെ പാത്രത്തിലാക്കി തരാം പോരേ ?”

“ങാ എന്നാൽ പെട്ടെന്നെടുക്ക് എനിക്കിന്നു കുറച്ചു നേരെത്തെ ഇറങ്ങണം ..”

അവൻ ധൃതി കൂട്ടി .

“നീ അതിനെന്തിനാ ഇങ്ങനെ മുഖം കറുപ്പിക്കുന്നത് . ഇന്നൊരു ദിവസത്തേക്കു മാത്രം മതി . അവന്റെ വൈഫിന് തീരെ സുഖമില്ലെന്ന് . ക്യാന്റീനിന്ന് കഴിച്ചോളാമെന്ന് അവൻ പറഞ്ഞപ്പോ ഞാനാ പറഞ്ഞത് അതിന്റെ ആവശ്യമൊന്നുമില്ലെന്ന് . നിനക്കിവിടെ അധികം ജോലിയൊന്നുമില്ലല്ലോ. മാത്രോമല്ല ഒരാൾക്കൂടെ ഇത്തിരി ആഹാരം കൊടുക്കുന്നത് ഒരു നല്ല കാര്യമല്ലേ ?” അവൻ ഒന്നു നിർത്തി വീണ്ടും തുടർന്നു .

” ഞാനീ പറഞ്ഞ വിഷ്ണൂന്റെ വൈഫുണ്ടല്ലോ ? ആളേതോ വല്യ വീട്ടിലേ കൊച്ചാ . രാജകുമാരിയേ പോലെയാ അതിന്റച്ഛൻ കൊണ്ടുനടന്നിരുന്നതെന്ന് . എന്നിട്ടെന്താ ഇവനെ കണ്ടപ്പോൾ ഒക്കെ മറന്നു . “

അവൻ കൈ കഴുകാനായി എഴുനേറ്റു .

വല്യ വീട്ടിലേത് ഒന്നുമല്ലെങ്കിലും ഞാനും എന്റച്ഛന്റെ രാജകുമാരി ആയിരുന്നു എന്നവളുടെ മനസു മന്ത്രിക്കുന്നുണ്ടായിരുന്നു . പക്ഷേ ചോദിച്ചത് മറ്റൊന്നാണ്

“കിച്ചേട്ടൻ കണ്ടിരുന്നോ ആ കുട്ടിയേ?” പ്രതീക്ഷിക്കാത്ത ചോദ്യമായതു കൊണ്ടാവാം ഉത്തരം പറയാൻ കിഷോർ ഇത്തിരി വൈകി

“ഞ ഞാൻ എവിടെ കാണാൻ ? വിഷ്ണു പറഞ്ഞുള്ള അറിവേ എനിക്കുള്ളൂ .നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിച്ചെന്റെ സമയം കളയാതെ ഇതൊക്കെ ആ വണ്ടീല് കൊണ്ടു വയ്ക്കാൻ നോക്ക് .”

എന്റെ ചോദ്യങ്ങളൊക്കെ എന്നേ തീർന്നു പോയതല്ലേ. ? അവനേ ഒന്നു നോക്കി നിശബ്ദമായി ചോദിച്ചു കൊണ്ട് ലഞ്ചു ബാഗുമെടുത്ത്‌ അവൾ പുറത്തേയ്ക്ക് നടന്നു .

ഉച്ചയൂണു കഴിഞ്ഞു സഹപ്രവർത്തകർക്കൊപ്പം സംസാരിച്ചു കൊണ്ടു നിന്ന കിഷോറിന്റെ ഫോണിലേക്ക് നീലിമയുടെ കോളെത്തി .

“കിച്ചേട്ടാ ഇന്നാണ് ഉണ്ണീടെ സ്കൂളിൽ പി ടീ മീറ്റിംഗ് . ആറു മണിക്കു മുൻപെങ്കിലും നമുക്കവിടെ എത്തണം . വൈകിട്ട് കുറച്ചു നേരത്തേ വരണേ .”

“അതിന് ഞാൻ വരണോ നീ പോയാൽ പോരേ ?”

“ഇന്ന് എന്തായാലും അച്ഛൻ കൂടി ചെല്ലണം എന്ന് അവന് ഒരേ വാശി . എന്നും ഞാനല്ലേ ചെല്ലുന്നത് ? അവനും എന്നേ മടുത്തു കാണും. “

അവളുടെ ശബ്ദം തീരെ നേർത്തിരുന്നു .

“ആരാ കിഷോർ സാറേ ചേച്ചിയാണോ ? ആണെങ്കിൽ ഒരു സ്പെഷ്യൽ താങ്ക്സ് പറഞ്ഞേക്കണേ .”

കൂടെ ജോലി ചെയ്യുന്ന വിഷ്ണുവാണ് .

“താങ്ക്‌സോ ?? എന്തിന് ?? “

കിഷോറിന് അത്ഭുതമായി .

“ഇന്നു ചേച്ചി തന്നു വിട്ട കറികളില്ലേ ? ഒരു രക്ഷേമില്ല കേട്ടോ .അപാര ടേസ്റ്റാ . ഗായത്രിയേ കുറച്ചു ദിവസം ചേച്ചീടടുത്തു വിട്ടാലോന്നാ ഇപ്പോഴത്തെ എന്റെ ചിന്ത . ആ കൈപ്പുണ്യത്തിൽ നിന്നൊരിത്തിരി അവൾക്ക് കൂടി പകർന്നു കൊടുക്കാൻ ഒന്നു റെക്കമെന്റ് ചെയ്തേക്കണേ ..”

“എന്നാൽ പിന്നെ വൈകണ്ടാ .. നാളെത്തന്നെ വിട്ടേര് . നിന്റെ ഗായത്രിയേ പാചകരത്നമാക്കി തരുന്ന കാര്യം ഞാനേറ്റു”

“സാറേറ്റന്നോ ?എന്തോന്ന് ? ഒന്നു പോ സാറേ ..ആ കാര്യത്തിൽ നിങ്ങടെ പാർട്ടിസിപ്പേഷൻ എത്രയുണ്ടെന്ന് എനിക്ക്‌ ഊഹിക്കാവുന്നതല്ലേ ഉള്ളൂ ?”

വിഷ്ണു പൊട്ടിച്ചിരിച്ചു . ആ ചിരിയിൽ പങ്കു ചേർന്നു കിഷോർ തന്റെ ജോലിയിലേക്ക് തിരിഞ്ഞു .

പിറ്റേന്നു കാലത്ത് ഭാര്യയേം കൂട്ടി വീട്ടിലെത്തിയ വിഷ്ണുവിനെ കണ്ട് കിഷോർ കണ്ണു മിഴിച്ചു .

“അപ്പൊൾ ഇന്നലെ സീരിയസ് ആയിട്ട് പറഞ്ഞതായിരുന്നോ ? എന്നാൽ പിന്നെ താൻ തന്നെ അവളോട് കാര്യങ്ങളൊക്കെ വിശദമായിട്ട് അങ്ങു പറഞ്ഞേര് . “

പുറത്തേയ്ക്കു വന്ന നീലിമയേ നോക്കി കിഷോർ പറഞ്ഞു .

“അതൊക്കെ ഗായത്രി പറഞ്ഞോളുമെന്നേ .

ഇപ്പോഴേ ലേറ്റ് ആയി . നമുക്കിറങ്ങാം . അപ്പൊൾ ശരി ചേച്ചീ .. ഗായൂ . എന്നാൽ പിന്നെ എല്ലാം പറഞ്ഞതു പോലെ ..”

കുക്കിംഗ് പഠിക്കാൻ ഒരാള് തന്റടുത്തേക്കോ ?? കേട്ടപ്പോൾ നീലിമയ്ക്ക് ചിരി വന്നു .

“ചേച്ചി എന്നതാന്നെ ഈ പറയുന്നേ ? പിന്നെ ഈ കൈപ്പുണ്യമെന്നു പറയുന്ന സാധനമുണ്ടല്ലോ ?അതേ… അതെല്ലാർക്കുമൊന്നും കിട്ടുകേല കേട്ടോ .”

രാവിലെ വന്നപ്പോൾ മുതൽ ഓരോ ചോദ്യങ്ങളും സംശയങ്ങളുമായി നീലിമയുടെ കൂടെത്തന്നെയാണ് ഗായത്രി .ആളിനു പക്ഷേ പാചകത്തിലൊന്നും വല്യ താത്പര്യമില്ലെന്ന് നീലിമയ്ക്കു മനസിലായി. എങ്കിലും അവൾക്കിഷ്ടമായി ആ കിലുക്കാംപെട്ടിയേ ..

“അങ്ങനെയൊന്നൂല്ല മോളേ . .നമ്മൾ എന്തുണ്ടാക്കിയാലും അതിന് പാകത്തിനുള്ള ഉപ്പും എരിവും പുളിയും ഒക്കെ ഉണ്ടായിരിക്കണം . കിച്ചണിൽ കയറുമ്പോൾ ഇതൊക്കെയൊന്ന് മനസ്സിൽ ഉണ്ടായിരിക്കണമെന്നു മാത്രം . അത്രേള്ളൂ. അല്ലാതെ ഇതിലൊന്നും ഒരു മാജിക്കുമില്ല.”

നീലിമ അവളേ വാത്സല്യത്തോടെ നോക്കി .

തിരികെ വീട്ടിലെത്തിയ ഗായത്രി അന്നു മുഴുവൻ സംസാരിച്ചത് നീലിമയേ പറ്റി മാത്രമാണ് . പിന്നീട് ഓഫീസിൽ കിഷോറിനെ കാണുമ്പോഴൊക്കെ ഗായത്രി പറഞ്ഞത് വിഷ്ണുവിന് ഓർമ്മ വരും . ആ ഓർമയിൽ അറിയാതെ ചോദിച്ചു പോയി.

“സാറേ നിങ്ങളുടേത് ലവ് മാര്യേജ് ആയിരുന്നോ ? “

“അല്ല .. അച്ഛനും അമ്മേം കൂടി കണ്ടു പിടിച്ചതാ അവളേ . അല്ല താനെന്താ അങ്ങനെ ചോദിച്ചത് ?”

“ഏയ് ഒന്നുമില്ല .. ഞാൻ വെറുതേ ചോദിച്ചതാ . പക്ഷേ ഗായത്രിയുണ്ടല്ലോ ?അവളു പറയുവാ ആ ചേച്ചി എന്തൊരു സുന്ദരിയാ , ഇത്രേം നല്ല മനസ്സുള്ളോരൊക്ക ഇപ്പൊഴും ഉണ്ടോ പിന്നെ പാചകത്തിന്റെ കാര്യം പറയാനുമില്ല . ആളുണ്ടാക്കുന്നത് ഒരിക്കൽ കഴിച്ചാൽ പിന്നവിടുന്നു പോരാനേ തോന്നില്ല അങ്ങനെ എന്തൊക്കെയോ ഒത്തിരി കാര്യങ്ങൾ പറഞ്ഞു. പക്ഷേ സാറേ വേറൊരു കാര്യം എന്താന്നു വച്ചാൽ അവളുടെ ഒരു കാഴ്ചപ്പാടിൽ നിങ്ങൾ അത്രയ്ക്ക് അങ്ങോട്ടു പോരാ കേട്ടോ . “

അവൻ ഒളികണ്ണിട്ടു കിഷോറിനെ നോക്കി .

“അതെന്താടോ ഞാൻ അത്രയ്ക്ക് മോശമാ?”

“അ ബെസ്‌റ് .. പോരാന്നു പറഞ്ഞാൽ മോശമെന്നാ അർത്ഥം ?പണ്ട് കണക്കു മാഷാണോ നിങ്ങളേ മലയാളം പഠിപ്പിച്ചത് ?”

“എന്നാൽ പിന്നെ കാര്യം എന്താന്നു വച്ചാൽ താൻ പറയടോ .”

“ദാ കാര്യം ഇത്രേയുള്ളൂ . സാറൊരു സുന്ദരനല്ല .. തീരെ റൊമാന്റിക് അല്ല പോരാഞ്ഞിട്ട് ഒരുമാതിരി മൊരട്ടു സ്വഭാവോം .. പിന്നെ പ്രായോം കുറച്ചു കൂടുതൽ അല്ലേ …. ന്നും ഒരു ചെറിയ സംശയം അവൾക്ക് ഇല്ലാതില്ല .. “

വിഷ്ണു ഒന്നു നിർത്തി .

“നിങ്ങളെക്കാൾ കുറച്ചുകൂടി സ്മാർട്ട് ആയ എനെർജറ്റിക് ആയ ഒരാളല്ലേ ആ ചേച്ചീടെ ഹസ്ബൻഡ് ആവേണ്ടിയിരുന്നത് എന്നാ അവളുടെ ഒരിത് ..അല്ല ഒരു കണക്കിന് അവളേം തെറ്റു പറയാൻ പറ്റുമോ ?” വിഷ്ണു കുസൃതിയിൽ ചിരിച്ചു .

നോക്കിക്കൊണ്ടിരുന്ന ഫയൽ അടച്ചു കിഷോർ മെല്ലെ വിഷ്ണുവിനു നേരേ തിരിഞ്ഞു .

“തനിക്കറിയോ വിവാഹ സമയത്ത് ഞാൻ അവളേക്കാൾ ഒട്ടും പിന്നിലായിരുന്നില്ല തന്റെ ഗായത്രി പറഞ്ഞ ഈ സ്മാർട്നെസ്സിന്റെയും ഗ്ളാമറിന്റേം ഒക്കെ കാര്യത്തിൽ . ഇപ്പൊ പ്രായമായില്ലേടോ ? പിന്നെ റൊമാൻസ് .. ഈ പ്രായത്തിൽ ഇനി ഞാൻ റൊമാന്റിക്കും കൂടാകണോ ? മൂത്ത മോനു വയസു പത്തു കഴിഞ്ഞു “

ഒരു നെടുവീർപ്പോടെ കിഷോർ തന്റെ സീറ്റിലേക്ക് ചാഞ്ഞിരുന്നു .വിഷ്ണു മെല്ലെ എഴുനേറ്റ് കിഷോറിന്റെ അടുത്തു വന്നു .

“എല്ലാ വീക്കെന്റിലും രണ്ടര മണിക്കൂർ യാത്ര ചെയ്തു ഞാനെന്റെ വീട്ടിൽ പോകും . ഗായത്രിയേം കൊണ്ട്.

എന്തിനാന്നറിയോ ? അവളെന്താ പറയുന്നത് എന്നറിയോ സാറിന് ? എന്റച്ഛന്റേം അമ്മയുടേം സ്നേഹം ഒളിഞ്ഞു നിന്നു കാണുന്നതാ അവൾക്ക് ഞങ്ങളുടെ പ്രണയത്തേക്കാൾ ഇഷ്ടമെന്ന് . അതൊരു പരമാർത്ഥമാ സാറേ . മല്ലികേ എന്നുള്ള അച്ഛന്റെ ഒരു വിളി അല്ലെങ്കിൽ ഒരു നോട്ടം .. അതു മാത്രം മതി അമ്മയുടെ കണ്ണിൽ ഇന്നും പ്രണയം പൂക്കാൻ .അതു മറഞ്ഞു നിന്നിട്ടാണെങ്കിൽ കൂടി കാണുമ്പോൾ ഉള്ള ഒരു സന്തോഷമുണ്ടല്ലോ അതൊന്നും പറഞ്ഞു തരാൻ പറ്റില്ല .ചില കാര്യങ്ങളെങ്കിലും നമ്മൾ അനുഭവിച്ചു തന്നെ അറിയണം .നമ്മുടെയൊക്കെ ഉള്ളിൽ ഒരു ധാരണയുണ്ട് .വിവാഹത്തോടെ പ്രണയം ഒക്കെ അതിന്റെ വഴിക്കു പോകുമെന്ന് !! എന്നാൽ അങ്ങനെയല്ല . കേട്ടിട്ടില്ലേ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞിനേപ്പറ്റി .

അതുപോലെ തന്നെയാണ് ഈ പ്രണയവും .

അതു കൂടുതൽ മനോഹരവും ഗാഢവും ആകുന്നത് വയസുകാലത്താണെന്ന് മഹാന്മാര് പറയുന്നത് വെറുതെയാണെന്നാ നിങ്ങളുടെ വിചാരം ?”

“അതേതു മഹാൻ ? “

കിഷോർ ചിരിച്ചു പോയി .

“പേരൊന്നും പറയാൻ പറ്റില്ല വേണേൽ തൊട്ടു കാണിക്കാം “

കള്ളച്ചിരിയോടെ വിഷ്ണു തുടർന്നു .

“അതെ .. പിന്നൊരു കാര്യം കൂടി .

ചേച്ചിയെപ്പോലൊരു സുന്ദരിമോളുടെ കുറവ് ആ വീട്ടിലുണ്ടെന്നും കൂടി ഗായത്രി പറഞ്ഞു കേട്ടോ . “

വിഷ്ണു പൊട്ടിച്ചിരിച്ചു .

കിഷോർ ഓർക്കുകയായിരുന്നു. എല്ലാർക്കും എന്തിഷ്ടമാ അവളേ ? കൊച്ചേ എന്നുള്ള ഒറ്റ വിളിയിൽ അറിയാം അച്ഛന് അവളോടുള്ള വാത്സല്യം ..

അമ്മയാണേൽ മോളേ എന്നു തീർത്തു വിളിക്കില്ല .

അമ്മ എന്തു ക്യൂട്ടാ അല്ലേ അച്ഛാ ?എന്നു മക്കൾ

ഓ ഇതു് കിഷോറിന്റെ വൈഫാ ?യു ആർ സൊ ലക്കി !! അരുന്ധതി മാഡത്തിന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നു … അങ്ങനെ എത്ര പേർ ??

എനിക്കെന്താ ഇഷ്ടമല്ലേ അവളേ ?

ആണല്ലൊ .. എന്റെ ജീവൻ തന്നെ അവളല്ലേ ? പിന്നെന്താ ? അതോ ഇനി എനിക്ക് അവളോട് സ്നേഹമില്ലെന്ന് എപ്പോഴെങ്കിലും അവൾക്കു തോന്നിയിട്ടുണ്ടാവുമോ ? സ്വയം ചോദിച്ച ആ ചോദ്യത്തിനു പക്ഷേ അവന്റെ പക്കൽ ഉത്തരം ഉണ്ടായിരുന്നില്ല .

ആകെ ഭ്രാന്തു പിടിക്കുന്ന അവസ്ഥ . നോക്കിക്കൊണ്ടിരുന്ന ഫയൽ അടച്ച് അവൻ എഴുനേറ്റു .

എന്തു പറ്റി സാറേ ? ഇന്നു നേരത്തേ ആണല്ലോ ? ചോദിച്ചത് ആരാണെന്ന് നോക്കിയില്ല .

“അത് .. അത് മോന്റെ സ്കൂളിൽ എന്തോ പേരെന്റ്സ് മീറ്റിംഗ് . വൈഫ് വിളിച്ചിരുന്നു .”

കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുൻപ് തിടുക്കത്തിൽ ഇറങ്ങി .

കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്ന നീലിമ കിഷോറിനെ കണ്ട് അത്ഭുതപ്പെട്ടു .

“കിച്ചേട്ടനോ ? എന്താ ഇത്ര നേരത്തേ ? മുഖം ഒക്കെ വല്ലാതിരിക്കുന്നല്ലോ ? എന്തു പറ്റി ? എന്തെങ്കിലും പ്രശ്നം ഉണ്ടോ ? “

അവൾ ഓടി അവന്റെ അടുത്തെത്തി. പെയ്യാൻ വെമ്പുന്ന ആ കണ്ണുകളിൽ അവൻ കണ്ടു അവളുടെ ഉത്കണ്ഠ .. സങ്കടം ഒക്കെ .

“നേരത്തേ വരാൻ പറഞ്ഞത് നീയല്ലേ ?എന്നിട്ടിപ്പോ എന്തിനാ വന്നതെന്നോ ?”

“അയ്യോ അതു ഞാൻ ഇത്രേം നേരത്തേ വരാൻ വേണ്ടി പറഞ്ഞതല്ലാരുന്നു . എന്താലയാലും വന്നതല്ലേ . സാരമില്ല . ഞാൻ ചായ എടുക്കാം . ഒരു രണ്ടു മിനിട്ട്.”

അവൾ തിരിഞ്ഞ് അകത്തേയ്ക്കു നടന്നു .

“നീലൂ …”

അവളുടെ കാലുകൾ ഒരു മാത്ര നിശ്ചലമായി . മറന്നു പോയിരുന്നു അവൾ ആ വിളി പോലും . നിറഞ്ഞ കണ്ണുകൾ അവൻ കാണാതെ പുറം കൈ കൊണ്ടു തുടച്ചു മെല്ലെ അവൾ അവനു നേരേ തിരിഞ്ഞു .

“നീയെന്താ അവിടെ നിൽക്കുന്നത് . ഇങ്ങടുത്തു വന്നേ . എനിക്കിപ്പോൾ ചായയൊന്നും വേണ്ടാ .ലഞ്ചു കഴിച്ച ഉടനെ ഇറങ്ങിയതാ ഞാൻ. .നീയീ ബാഗ് എടുത്ത് റൂമിൽ വച്ചേ .”

റൂമിലെത്തി ബാഗു വെച്ചു തിരിഞ്ഞ നീലിമ തൊട്ടു പിന്നിൽ കിഷോറിനെ കണ്ട് ഞെട്ടി .

“ഇതെന്താ മനുഷ്യനേ പേടിപ്പിക്കാനായിട്ട് “

“ഞാൻ അടുത്തു വരുന്നത് നിനക്കു പേടിയാ ?? “

ആ നോട്ടം നേരിടാൻ ആവാതെ അവൾ മുഖം കുനിച്ചു .

“ഏട്ടൻ ഒന്നു മാറിക്കേ .. എന്റെ ജോലിയൊന്നും കഴിഞ്ഞിട്ടില്ല.”

തിടുക്കത്തിൽ മുറി വിട്ടു പോകാൻ തുടങ്ങിയ അവളേ കിഷോർ തനിക്കു നേരേ തിരിച്ചു നിർത്തി .

“എനിക്ക് …എനിക്കു നിന്നോടു സ്നേഹമില്ലെന്ന് നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?

“ഇതെന്താ ഇപ്പൊ ഇങ്ങനൊരു സംശയം ?”

അവളുടെ ശബ്ദം തീരെ നേർത്തിരുന്നു .

“ഇല്ലല്ലോ .. അങ്ങനെ തോന്നേണ്ട കാര്യമില്ലല്ലോ . “

അവൾ പതിയെ പറഞ്ഞു സ്വയം ബോധ്യപ്പെടാൻ എന്ന പോലെ .

“അതേ .. അങ്ങനെ തോന്നേണ്ട കാര്യമില്ല. ആർക്കു തോന്നിയാലും നിനക്കു തോന്നാൻ പാടില്ല .

കാരണം എന്താന്നറിയോ ? എന്റെ ആത്മാവ് തന്നെ നീയാണ് . ആ നിന്നെയല്ലാതെ വേറെയാരെയാ ഞാൻ സ്നേഹിക്കുക ? നീയല്ലാതെ വേറേയാരാ എനിക്കുള്ളത് ?”

കിഷോർ അവളേ നെഞ്ചോടു ചേർത്തു പിടിച്ചി ആ നെറുകയിൽ ചുംബിച്ചു . അലിവോടെ .. വാത്സല്യത്തോടെ അതിലേറെ ആർദ്രമായ പ്രണയത്തോടെ .. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു .

“ഞാൻ മാത്രമല്ലല്ലോ ? അച്ഛനും അമ്മയും ഇല്ലേ ? നമ്മുടെ മക്കളില്ലേ ?”

കണ്ണീരടക്കി നിന്നവൾ പെട്ടെന്ന് കുറുമ്പിയായി .

അവൻ കാണുകയായിരുന്നു പഴയ കുസൃതി .. പരിഭവം ഒക്കെ അവളുടെ ആ നക്ഷത്ര കണ്ണുകളിൽ ..

“ഡീ നിന്നേ ഞാൻ .. “

തന്നിലേക്ക് വീണ്ടും അണയ്ക്കാനൊരുങ്ങിയ അവനു പിടി കൊടുക്കാതെ അവൾ ഓടി ..

“നിന്നേ പോലെ സുന്ദരിയായൊരു മോളുടെ കുറവുണ്ട് ഇവിടെന്ന് പലരും പറയുന്നുണ്ട് കേട്ടോ .. “

അവൻ ഉറക്കെ വിളിച്ചു പറഞ്ഞു .

അകന്നു പോകുന്ന അവളുടെ പൊട്ടിച്ചിരിക്ക്‌ കാതോർത്ത് പെയ്തൊഴിഞ്ഞ മനസുമായി അവൻ നിന്നു ….

അതേ പ്രണയം എന്നും മനോഹരമാണ് .. ചിലപ്പോൾ അത് പുഴപോലെ ശാന്തമായ് ഒഴുകും … മറ്റു ചിലപ്പോൾ ചെറു മഴയായ് മെല്ലെ പെയ്തലിയും….അതിനു പക്ഷേ ഇടയ്ക്ക് എപ്പോഴെങ്കിലും ഒക്കെ ചെറിയ ചില ഓർമപ്പെടുത്തലുകൾ വേണ്ടി വരുമെന്നു മാത്രം .

Leave a Reply

Your email address will not be published. Required fields are marked *