June 14, 2021

അടുത്ത നിമിഷം അയാൾ അടുക്കളവാതിൽ തുറന്നു പുറത്തേക്കിറങ്ങിയിട്ടും അനങ്ങാനാവാതെ നിന്നു….

ഇര

രചന: സൂര്യകാന്തി

മുറിയിൽ വെളിച്ചം തെളിഞ്ഞതും മനു കണ്ണുകൾ ഒന്ന് കൂടെ ഇറുക്കിയടച്ചു..അമ്മയാവും.. വേറെയാര്..

“ന്റെ മനൂ ഇങ്ങനെ കെടന്നാൽ എങ്ങിനെയാ ശരിയാവുന്നെ.. ന്ന് കഴിക്കാൻ പോലും ഇറങ്ങി വന്നില്ല്യാലോ നീയ്യ്..”

കണ്ണുകൾ തുറക്കാതെ തന്നെ മനു പറഞ്ഞു..

“വേണ്ടാഞ്ഞിട്ടാ അമ്മേ.. ഒട്ടും വിശപ്പില്ല..”

ഒന്നും പറയാതെ അമ്മ കട്ടിൽ അരികെ വന്നിരുന്നു.. പതിയെ തലയിൽ തലോടി..

“താടീം മുടീം ഒക്കെ വളർന്നു പ്രാന്തനെപ്പോലുണ്ട്…”

അമ്മ പറഞ്ഞതു കേട്ടിട്ടും ഒന്നും മിണ്ടിയില്ല.. മറുപടി അമ്മയും പ്രതീക്ഷിച്ചു കാണില്ല..പതിയെ കണ്ണുകൾ തുറന്നപ്പോൾ ലൈറ്റിന്റെ വെളിച്ചം കണ്ണുകളിലേക്ക് കുത്തിക്കയറി..വെളിച്ചം അസഹ്യമാണിപ്പോൾ.. ഇരുട്ടാണ്.. അകത്തും.. പുറത്തും..മെല്ലെ മേശമേൽ വെച്ചിരിക്കുന്ന ഫോട്ടോയിലേക്ക് മിഴികൾ നീണ്ടു..മീനുട്ടിയുടെ ചിരിക്കുന്ന മുഖം.. മീനുട്ടി..ന്റെ മോള്.. ഒന്ന് കണ്ടിട്ട് മാസം രണ്ടു കഴിഞ്ഞിരിക്കുന്നു..നെഞ്ചിലെന്തോ കൊളുത്തിയത് പോലെ മനു ഒന്ന് പിടഞ്ഞു..

മനസ്സിൽ മറ്റൊരു മുഖം തെളിഞ്ഞു.. സുന്ദരിയായ ഒരു സ്ത്രീയുടെ ചിരിക്കുന്ന മുഖം..രേണുവേടത്തി…തന്റെ ജീവിതം ഇരുട്ടിലാക്കിയവൾ..

സ്വർഗം.. അതായിരുന്നു ഈ വീടിന്റെ പേര്.. അമ്മയും താനും സാന്ദ്രയും മീനുട്ടിയും.. അതായിരുന്നു തന്റെ ലോകം.. പിന്നെപ്പോഴാണ് ഇവിടം നരകമായത്..സാന്ദ്രയുടെ പരിഭവങ്ങളും പരാതികളും മീനുട്ടിയുടെ കൊഞ്ചലും കുറുമ്പുകളും തനിക്കന്യമായത്…

തനിക്കു പത്തുവയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്.. പോലീസിലായിരുന്നു.. ഒരു വൈകുന്നേരം സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ അച്ഛന്റെ മൃതദേഹം രാത്രിയിൽ ആംബുലൻസിൽ ഈ മുറ്റത്തെത്തിയപ്പോൾ പകച്ചു നിന്ന അമ്മയെ ചേർത്തു പിടിച്ചത് താനായിരുന്നു.. വെളുക്കുവോളം അമ്മയ്ക്ക് കാവലിരുന്നു..ആ കരുതൽ ജീവിതത്തിലുടനീളമുണ്ടായിരു ന്നു.. ഒരു കുരുത്തക്കേടുകൾക്കും പോവാതെ ചീത്ത കൂട്ടുകെട്ടുകളിൽ പെടാതെ പഠിത്തത്തിൽ മാത്രം ശ്രെദ്ധിച്ചു.. തനിക്കെന്തെങ്കിലും പറ്റിയാൽ അമ്മ തനിച്ചാവുമല്ലോയെന്ന പേടിയായിരുന്നു എപ്പോഴും..

കുട്ടികൾക്ക് വിദ്യ പകർന്നു നൽകിയ അമ്മയ്ക്ക് നല്ലൊരു മകനായി, ഉയർന്ന മാർക്കോടെ തന്നെ പഠിച്ചു പാസ്സായി, നല്ലൊരു വിദ്യാർത്ഥിയായി.. ഒടുവിൽ അമ്മ ആഗ്രഹിച്ചത് പോലെ തന്നെയൊരു അദ്ധ്യാപകനായി.. കോളേജ് അദ്ധ്യാ പകൻ..

താൻ കോളേജിൽ ജോയിൻ ചെയ്ത അന്ന് തന്നെ സാന്ദ്ര തന്നെ നോട്ടമിട്ടിരുന്നു..പ്രണയം പറഞ്ഞു പിറകെ വന്നപ്പോൾ ആദ്യം ചിരിയാണ് വന്നത്.. പിന്നെ ദേഷ്യവും..വിദ്യാർത്ഥിയ്‌ക്ക് അദ്ധ്യാ പകനോട് തോന്നിയ പ്രണയത്തിന്റെ ഔചിത്യമില്ലായ്മയെ പറ്റി മണിക്കൂറുകളോളം ക്ലാസ്സെടുത്തിട്ടും സാന്ദ്ര പിന്മാറിയില്ല..

സമ്പന്നതയുടെ മടിത്തട്ടിൽ വളർന്ന പക്വതയില്ലാത്ത പെണ്ണിന്റെ ചാപല്യങ്ങളായി ഒക്കെയും തള്ളിക്കളഞ്ഞെങ്കിലും എപ്പോഴോക്കെയോ ആ കുസൃതികളും കുറുമ്പുകളുമൊക്കെ മനസ്സിലേക്ക് കയറിയിരുന്നു..

പക്ഷെ താനൊരു അദ്ധ്യാപകനാണെന്ന ചിന്ത അനുകൂലമായൊരു ചിരി പോലും അവൾക്ക് നൽകുന്നതിൽനിന്ന് പിന്തിരിപ്പിച്ചു.. പിജിയ്ക്ക് വീണ്ടും അവൾ ഈ കോളേജിൽ ചേർന്നത് തന്നെ കാണുവാൻ വേണ്ടി മാത്രമായിരുന്നുവെന്ന് അറിയാമായിരുന്നെങ്കിലും അപ്പോഴും അവളെ അവഗണിച്ചതേയുള്ളൂ…

പഠിത്തം കഴിഞ്ഞു പോയിട്ടും അവൾ തന്നെ പിന്തുടർന്നു കൊണ്ടേയിരുന്നു.. ഒരു ഞായറാഴ്ച പുറത്തു പോയി വന്ന താൻ കണ്ടത് വീട്ടിൽ തന്റെ മുറിയുടെ വാതിൽക്കൽ പരുങ്ങി കളിക്കുന്ന സാന്ദ്രയെയായിരുന്നു.. അമ്മയെയും അവൾ പാട്ടിലാക്കിയിരുന്നുവെന്ന് അറിഞ്ഞത് വൈകിയായിരുന്നു..ഒടുവിൽ അമ്മയെ കൊണ്ട് തന്നെ അവൾ പറയിപ്പിച്ചു,മരുമകളായി തനിക്ക് ഇവളെ മതിയെന്ന്..വിജയച്ചിരിയുമായി നിന്നിരുന്ന അവൾക്ക് മുന്നിൽ ചിരിയോടെ തന്നെ കീഴടങ്ങുമ്പോൾ തന്റെയുള്ളിലും സന്തോഷം തന്നെയായിരുന്നു..

സാന്ദ്രയുടെ വീട്ടുകാർക്ക് ഈ ബന്ധം താല്പര്യമായിരുന്നില്ല.. വലിയൊരു ബിസിനസ്സ്കാരനെയോ ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥനെയോ ഒക്കെ മകളുടെ വരനായി സങ്കല്പിച്ചിരുന്ന അവർക്ക് വെറുമൊരു കോളേജ് അദ്ധ്യാപകൻ അനുയോജ്യനായിരുന്നില്ല…

പക്ഷെ അവസാനം സാന്ദ്രയുടെ പിടിവാശി തന്നെ ജയിച്ചു. ഉള്ളിലെവിടെയോ ഉണ്ടായിരുന്ന പേടിയെ തകർത്തെറിഞ്ഞു കൊണ്ട് അവൾ തന്റെ മനസ്സ് അറിയുന്ന പങ്കാളിയായി..അമ്മയ്ക്ക് നല്ലൊരു മരുമകളായി..മനസ്സിൽ ഒളിച്ചു വച്ചിരുന്ന പ്രണയം മുഴുവനും അവൾക്കായി പകുത്തുനൽകി തന്റെ നല്ല പാതിയാക്കി.. ഏറെ വൈകാതെ ഈ സ്വർഗ്ഗത്തിലേക്ക് മീനൂട്ടി കൂടി വന്നതോടെ കൈവന്ന സൗഭാഗ്യങ്ങളിൽ മനസ്സ് തെല്ല് അഹങ്കരിച്ചു കാണണം….

അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക് തുണയായത് അച്ഛന്റെ രണ്ട് ഏട്ടന്മാരും അവരുടെ കുടുംബങ്ങളുമായിരുന്നു. അടുത്തടുത്ത വീടുകളിലായിരുന്നു രണ്ടു വല്യച്ഛന്മാരും താമസിച്ചിരുന്നത്. എന്തിനും ഏതിനും തനിക്ക് കൂട്ടായി ഏട്ടന്മാർ ഉണ്ടായിരുന്നു.. വല്യച്ഛന്റെ മക്കൾ..എങ്കിലും തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നത് രവിയേട്ടനോടായിരുന്നു..കൃഷ്ണൻ വല്യച്ഛന്റെ മകൻ..

രവിയേട്ടന് ഒരു പ്രണയമുണ്ടായിരുന്നു രേണുക.. രേണുവേച്ചി..ഇരുവർക്കുമിടയിലെ ഹംസമായിരുന്നു താൻ പലപ്പോഴും .. ഏട്ടന് ഒരു ജോലി കിട്ടുന്നതുവരെ മനസ്സുകളുടെ അടുപ്പം പുറത്തറിയാതെ സൂക്ഷിക്കാൻ അവർക്കായി. അവരുടെ വിവാഹനിശ്ചയം കഴിഞ്ഞ അന്ന് ഏറെ സന്തോഷിച്ചിരുന്നു.. അവരുടെ വിവാഹം കഴിഞ്ഞന്ന് രേണുവേച്ചിയെ ചേർത്തുനിർത്തി ഏട്ടൻ പറഞ്ഞിരുന്നു.

“എടാ നീയെപ്പോഴും പറയാറില്ലേ പെങ്ങന്മാരില്ലാത്ത വിഷമം.. ഇതാ ഞാൻ നിനക്കൊരു ചേച്ചിയെ തരുന്നു…”

നിറഞ്ഞു ചിരിച്ച രേണുവേച്ചിയെ എന്നേ ഏട്ടത്തിയായി മനസ്സിൽ സങ്കൽപ്പിച്ചു കഴിഞ്ഞിരുന്നു. തന്റെ കോളേജിലെ കഥകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന,തനിക്കിഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി തരാൻ ഉത്സാഹം കാണിക്കുന്ന രേണുവേച്ചിയുടെ സ്ഥാനം മനസ്സിൽ അമ്മയ്ക്കൊപ്പം ആയിരുന്നു..

വിവാഹം കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാവാൻ വൈകിയതുകൊണ്ട് വിഷമത്തിലായിരുന്ന രേണുവേച്ചിയുടെയും രവിയേട്ടന്റെയും ജീവിതത്തിൽ,സോനമോൾ കാത്തിരിപ്പിനൊടുവിൽ കിട്ടിയ നിധിയായിരുന്നു.. തലയിലും താഴത്തും വെയ്ക്കാതെ ചെറിയച്ഛന്റെ അധികാരത്തോടെ താനവളെ കൊണ്ടു നടന്നു.. രവിയേട്ടന്റെ അനുജന്മാരായ അജയനെയും പ്രവീണിനെയുംകാൾ സോനമോൾക്ക് കൂടുതൽ അടുപ്പവും ഇഷ്ടവുമൊക്കെ തന്നോടായിരുന്നു..

മിക്ക സമയങ്ങളും അമ്മയോടും തന്നോടുമൊപ്പം അവളിവിടെയായിരിക്കും.. തന്റെ നെഞ്ചിൽ ചേർന്നുറങ്ങിയിരുന്ന കുഞ്ഞ്…

മനുവിന് നെഞ്ച് പൊടിയുന്നത് പോലെ തോന്നി…

മീനുട്ടി ജനിച്ചതിൽ പിന്നെ പലപ്പോഴും സാന്ദ്ര കളിയായി പരിഭവം പറഞ്ഞിട്ടുണ്ട്.. മീനുട്ടിയെക്കാളും ഇഷ്ടം സോനമോളോടാണെന്ന്.. അപ്പോഴൊക്കെ താനും പറയും തന്റെ മൂത്തമോൾ അവളാണെന്ന്…

തറവാട് രവിയേട്ടനായിരുന്നു. രവിയേട്ടന് റെയിൽവേയിലായിരുന്നു ജോലി..അജയനും പ്രവീനും കുടുംബമായി താമസം മാറിയതോടെ രേണുവേടത്തി കിടപ്പിലായ വല്യമ്മയെ നോക്കാനായി രവിയേട്ടന്റെ കൂടെ ജോലിസ്ഥലത്ത് നിൽക്കാതെ തറവാട്ടിൽ തന്നെ നിന്നു…

അന്ന് സാന്ദ്രയും മീനുട്ടിയും അവളുടെ വീട്ടിൽ പോയിരുന്നു.. കോളേജിൽ സമരമായിരുന്നത് കൊണ്ടാണ് ഉച്ചയ്ക്ക് വീട്ടിലേക്ക് പോയത്..വീട്ടിലേക്ക് കയറുന്നതിനു മുൻപേ രവിയേട്ടന്റെ വീട്ടിലേക്ക് പോയത് സോനമോളോട് വാക്ക് പറഞ്ഞത് പോലെ അവൾക്ക് കൊടുക്കാനായി വാങ്ങിയ ടെഡിബിയറും ചോക്ലേറ്റുമായായിരുന്നു..

പൂമുഖ വാതിൽ ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ.. ഹാളിൽ ആരെയും കണ്ടില്ല.. വെക്കേഷനായത് കൊണ്ട് സോനമോൾ വീട്ടിൽ തന്നെയാണ്..വല്യമ്മയുടെ മുറിയിലേക്ക് കയറിയപ്പോൾ ആൾ മയക്കത്തിലാണ്.. വിളിക്കണ്ടെന്ന് കരുതി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ മുന്പിലെ കസേരയിൽ തട്ടിപ്പോയി..ശബ്ദം കേട്ടപ്പോഴേക്കും വല്യമ്മ കണ്ണുകൾ തുറന്നിരുന്നു..

“ഹാ.. മനുവോ.. ന്താ ഈ നേരത്ത്..?”

“ഇന്ന് സമരമായിരുന്നു വല്യമ്മേ.. എവിടെ രേണുവേച്ചിയും മോളും..കണ്ടില്ല..”

“അടുക്കളയിലെങ്ങാനും ഉണ്ടാവും.. ഞാനൊന്ന് മയങ്ങിപ്പോയി.. ഇപ്പോൾ കഴിച്ചു കഴിഞ്ഞാൽ ഒരുറക്കം പതിവാണ്.. കണ്ണങ്ങടഞ്ഞു പോകും.. മിക്കപ്പോഴും സോനമോളും എന്റൊപ്പം ഇവിടെ കിടന്നുറങ്ങും ഈ നേരത്ത്..”

“ഞാൻ ഇതൊന്നു കൊടുക്കാൻ വന്നതാ വല്യമ്മേ.. കഴിഞ്ഞാഴ്ച്ച വാങ്ങിക്കൊടുക്കാമെന്ന് വാക്ക് കൊടുത്തതാ .. ഇന്നലെ എന്നെ ചെവിതല കേൾപ്പിച്ചിട്ടില്ല കാന്താരി..”

“നീയിങ്ങനെ അവള് പറയുന്നത് കേട്ട് തുള്ളാൻ നിന്നോ.. നീയാ അവളെ ലാളിച്ചു വഷളാക്കുന്നതെന്നാണ് രവി പറയുന്നത്..”

“അവള് നമ്മുടെ പുന്നാരയല്ലേ വല്യമ്മേ ..”

വല്യമ്മ ചിരിയോടെ പറഞ്ഞു..

“ഉം.. ഉം.. അടുക്കളയിലെങ്ങാനും കാണും അമ്മയും മോളും.. ഇന്ന് ഉറങ്ങാൻ വന്നിട്ടില്ല..ചെന്നു നോക്ക്..”

തിരിഞ്ഞു അടുക്കളയിലേക്ക് നടക്കുമ്പോൾ കൈയിലെ കവറുകൾ പിറകിലേക്ക് പിടിച്ചു.. പക്ഷെ അടുക്കളവാതിൽക്കൽ എത്തിയപ്പോൾ കണ്ട കാഴ്ച്ച.. കയ്യിലെ കവറുകൾ താഴെ വീണ ശബ്ദം കേട്ടാണ് കെട്ടിപ്പുണർന്നു നിന്നവർ അകന്നു മാറിയത്.. അപ്പോഴും വിശ്വസിക്കാനാവുന്നില്ലായിരുന്നു കണ്മുന്നിലെ കാഴ്ച്ച..

രവിയേട്ടനല്ലാത്ത ഒരു പുരുഷന്റെ കരവലയത്തിനുള്ളിൽ രേണുവേച്ചി..കണ്ണുകൾ ഇറുകെ ചിമ്മിത്തുറന്ന് വീണ്ടും നോക്കി..വിശ്വേട്ടൻ.. അയൽപ്പക്കകാരിയും രേണുവേച്ചിയുടെ അടുത്ത കൂട്ടുകാരിയുമായ മിനിയേച്ചിയുടെ ഭർത്താവ്..

അടുത്ത നിമിഷം അയാൾ അടുക്കളവാതിൽ തുറന്നു പുറത്തേക്കിറങ്ങിയിട്ടും അനങ്ങാനാവാതെ നിന്നു.. പിന്നെ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നിരുന്ന രേണുവേച്ചിയെ ഒന്ന് നോക്കി നിലത്ത് വീണുകിടന്നിരുന്ന കവറുകൾ മറികടന്നു പുറത്തേക്ക് നടന്നു..

രവിയേട്ടന്റെ ബെഡ്‌റൂമിന്റെ വാതിൽ ചാരിയിരുന്നു.. സോനമോൾ അതിനുള്ളിൽ ഉറങ്ങുന്നുണ്ടാവണം..അവിടെയും ഒരു പക്ഷെ ഇവർ…മനുവിന് ഛർദിക്കാൻ വരുന്നുണ്ടായിരുന്നു..

ധൃതിയിൽ പൂമുഖവാതിൽ കടക്കാൻ തുടങ്ങുമ്പോഴേക്കും കാറ്റ് പോലെ പാഞ്ഞെത്തിയ രേണുവേച്ചി കയ്യിൽ പിടിച്ചു..

“മനു.. പറ്റിപ്പോയെടാ.. ആരോടും പറയരുത്..”

കരച്ചിലോടെ പറയുന്ന അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ അറപ്പാണ് തോന്നിയത്.. കൈകൾ തട്ടിമാറ്റി നടക്കാൻ തുടങ്ങവേ പെട്ടെന്നവർ കാലിൽ വീണു..

“രവിയേട്ടൻ അറിയരുത്.. പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല…”

ഒന്ന് നിർത്തി ഏങ്ങലോടെ അവർ കൂട്ടിച്ചേർത്തു..

“സോനമോളും…”

ഒരു തെറ്റ്‌ പറ്റിപ്പോയതാണെന്നും ഇനി ആവർത്തിക്കില്ലെന്നും നൂറാവർത്തി അവർ പറഞ്ഞപ്പോൾ ഉറപ്പൊന്നും കൊടുത്തില്ലെങ്കിലും രവിയേട്ടനെ അറിയിക്കില്ലെന്ന ഭാവത്തിൽ തന്നെയാണ് അവിടെ നിന്ന് ഇറങ്ങിയത്..

നെഞ്ച് പൊടിയുകയായിരുന്നു.. അമ്മയുടെ സ്ഥാനം നൽകിയ രേണുവേടത്തി.. ജീവന് തുല്യം അവരെ സ്നേഹിക്കുന്ന രവിയേട്ടൻ.. ആരോടും ഒന്നും പറയാൻ തോന്നിയില്ല.. സാന്ദ്രയോട് പോലും..

പിന്നെ രവിയേട്ടന്റെ വീട്ടിലേക്ക്‌ വല്ലപ്പോഴും പോകും.. പോയാൽ തന്നെ പഴയത് പോലെ രേണുവേച്ചിയോട് സംസാരിക്കാൻ തോന്നില്ല… വീണുടഞ്ഞു പോയ ഒരു പളുങ്ക് പാത്രം പോലെയായിരുന്നു അവരുമായി ഉണ്ടായിരുന്ന ബന്ധം.. ഒന്നും സംഭവിക്കാത്തത് പോലെയുള്ള രേണുവേച്ചിയുടെ സംസാരവും പെരുമാറ്റവും ഉള്ളിലെ വെറുപ്പ് കൂട്ടിയതേയുള്ളൂ..

ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന ഒരു വൈകുന്നേരമാണ് എടിഎം കൗണ്ടറിനരികെ റോഡിന്റെ സൈഡിലേക്കായി കാർ നിർത്തി ഇറങ്ങിയത്.. എടിഎം കൗണ്ടറിൽ നിന്നും ഇറങ്ങി വന്ന സ്ത്രീ തൊട്ട് മുന്പിലെ കാറിന്റെ ഡോറിൽ കൈ വെച്ചപ്പോഴാണ് ശ്രെദ്ധിച്ചത്.. രേണുവേച്ചി..ഡോർ തുറന്നു അകത്തേക്ക് കയറാൻ തുടങ്ങും നേരമാണ് അവരും തന്നെ കണ്ടത്.. അവരുടെ മുഖം വിളറി..കാറിൽ ഇരുന്നിരുന്ന വിശ്വേട്ടനും തന്നെ കണ്ടിരുന്നു.. അവർ കയറി വണ്ടി അകന്നു പോയിട്ടും നിമിഷങ്ങൾ കഴിഞ്ഞാണ് താൻ മുൻപോട്ട് നടന്നത്..

കള്ളമാണ് അവർ പറഞ്ഞതൊക്കെ.. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല…

സന്ധ്യയ്ക്കാണ് വീട്ടിലെത്തിയത്.. വീട്ടിലേക്ക് കയറുന്നതിനു മുൻപേ കണ്ടു തന്നെ കാത്തെന്നോണം വീടിന്റെ പൂമുഖത്തു രേണുവേടത്തി..

ദേഷ്യവും സങ്കടവും അറപ്പും വെറുപ്പുമൊക്കെ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്നു. താൻ മുറ്റത്തെത്തിയതും അവർ വിളിച്ചു..

“മനു…”

കയ്യെടുത്ത് വിലക്കിക്കൊണ്ടാണ് പറഞ്ഞത്..

“മതി.. ഇനിയെനിക്കൊന്നും കേൾക്കണ്ടാ.. എല്ലാം ഞാൻ രവിയേട്ടനോട് പറയും.. ആ പാവം മനുഷ്യനെ ഇനിയും ചതിക്കാൻ ഞാൻ സമ്മതിക്കില്ല..”

തിരിഞ്ഞു നോക്കാതെ നടക്കുമ്പോൾ അവരുടെ മുഖത്തെ ഭാവം ഞാൻ കണ്ടില്ല..

എന്റെ മുഖഭാവം കണ്ട് ആവണം സുഖമില്ലേയെന്ന് അമ്മയും സാന്ദ്രയും പലയാവർത്തി ചോദിച്ചിട്ടും ഞാൻ ഒന്നും വിട്ടു പറഞ്ഞില്ല..ആദ്യം രവിയേട്ടനെ വിളിച്ചു സംസാരിക്കാം എന്നായിരുന്നു മനസ്സിലെ തീരുമാനം..

പക്ഷെ എത്ര ശ്രമിച്ചിട്ടും രവിയേട്ടനെ വിളിച്ച് എല്ലാം പറയാനുള്ള ധൈര്യം കൈ വന്നില്ലന്ന്..

പിറ്റേന്ന് കോളേജിൽ വെച്ചാണ് ഞാൻ രവിയേട്ടനെ വിളിക്കുന്നത്. രണ്ട് തവണ വിളിച്ചിട്ടും കോൾ അറ്റൻഡ് ചെയ്യപ്പെട്ടില്ല.. വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴാണ് സാന്ദ്ര പറയുന്നത് രവിയേട്ടൻ വന്നിരുന്നുവെന്നും അവരെല്ലാം കൂടി കാറിൽ കയറി പോയെന്നും.. വല്യമ്മയെയും കൊണ്ടുപോയെന്ന് പറഞ്ഞപ്പോൾ ഉള്ളിൽ ആധി കയറി.. സാന്ദ്ര ചോദിച്ചിട്ട് ഒന്നും വിട്ടു പറഞ്ഞില്ലയെന്നും കൂടെ പറഞ്ഞപ്പോൾ ഞാൻ വീണ്ടും രവിയേട്ടനെ വിളിച്ചു.. എടുക്കുന്നില്ല..

അജയനെയും പ്രവീണിനെയും വിളിച്ചപ്പോൾ അവർക്കും വിവരമൊന്നുമറിയില്ല..പിറ്റേന്ന് കോളേജിൽ എത്തിയിട്ടും മനസ്സിൽ രവിയേട്ടനായിരുന്നു..ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നതിനിടെ യാണ് പ്യൂൺ വന്നു പ്രിൻസിപ്പൽ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്..

പ്രിൻസിപ്പലിന്റെ മുന്നിലെ ചെയറിൽ ഒരു പോലീസുകാരനെ കണ്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..

“മനുവിനെ തിരക്കിയാണ് സാർ വന്നത്..”

“എന്നെയോ…? എന്തിന്..?”

“സാർ ഒന്ന് സ്റ്റേഷൻ വരെ വരണം..”

എഴുന്നേറ്റു കൊണ്ട് അയാൾ പറഞ്ഞു..പ്രിൻസിപ്പൽ എന്റെ മുഖത്ത് നോക്കാതെ മുന്പിലെ ഫയലിലേക്ക് ശ്രെദ്ധ തിരിക്കുന്നത് കണ്ടു..കാര്യമെന്താന്ന് പറഞ്ഞില്ലെങ്കിലും ജീപ്പിന് പിറകെ എന്റെ വണ്ടിയിൽ തന്നെ വന്നാൽ മതിയെന്ന് അയാൾ പറഞ്ഞു..കോളേജ് വരാന്തയിൽ ആരൊക്കെയോ നോക്കി നിൽപ്പുണ്ടായിരുന്നു..സ്റ്റേഷനിൽ എത്തിയിട്ടും ഏറെ നേരം കഴിഞ്ഞാണ് എസ് ഐ വിളിപ്പിച്ചത്..

“സാർ…”

“മനു നാരായണൻ.. അല്ലെ.. എം സി കോളേജ് അധ്യാപകൻ..?”

അയാളുടെ മുന്പിലെ കസേരയിൽ ഇരിക്കുമ്പോൾ രവിയേട്ടന്റെ മുഖം മനസ്സിലേക്ക് വന്നു.. ഈശ്വരാ..

“അതെ സാർ…?”

“നിങ്ങളുടെ പേരിലൊരു പരാതി കിട്ടിയിട്ടുണ്ട്..”

“പ.. പരാതിയോ..?”

“വെറും പരാതിയല്ല.. പോ ക്സോ കേസാണ്…”

തന്നെ അടിമുടി നോക്കുന്നതിനിടെ ഇത്തവണ അയാളുടെ ശബ്ദം കനത്തിരുന്നു..

“വാട്ട്‌…?”

ചാടിയെഴുന്നേൽക്കുകയായിരുന്നു.. എസ് ഐ എഴുന്നേറ്റു തന്റെ അരികിലെത്തി..

“കൂൾ മിസ്റ്റർ മനു.. ഇരിക്ക്.. ചോദിക്കട്ടെ..”

കണ്ണിലിരുട്ട് കയറുന്നുണ്ടായിരുന്നു..

“സാർ എന്തൊക്കെയാ ഈ പറയുന്നത്.. പോ.. പോക്സോ കേസോ.. ആരാ..?’

അടിമുടി വിറച്ചുകൊണ്ടാണു ചോദിച്ചത്..

“പരാതിക്കാരൻ തന്റെ ബന്ധു തന്നെയാ.. രവിചന്ദ്രൻ…”

കുഴഞ്ഞു വീണുപോകാതിരിക്കാൻ മേശയിൽ പിടിക്കുമ്പോൾ എസ് ഐ പറയുന്നുണ്ടായിരുന്നു..

“അയാളുടെ മകൾ ഏഴു വയസ്സുകാരി സോനാ രവിചന്ദ്രനെ പീഡിപ്പിച്ചുവെന്നാണ് പരാതി…”

“കുട്ടിയ്ക്ക് നിങ്ങൾ സ്ഥിരമായി കളിപ്പാട്ടങ്ങളും സ്വീറ്റ്സുമൊക്കെ കൊടുക്കാറുണ്ടായിരുന്നോ..?”

എസ് ഐ ചോദിക്കുന്നത് കേൾക്കുന്നുണ്ടായിരുന്നില്ല.. തലയിൽ വണ്ടുകൾ മുരളുന്നത് പോലെ…

ആ രാത്രി പോലീസ് സ്റ്റേഷനിലായിരുന്നു.. സ്ഥിരബുദ്ധി നഷ്ടമായത് പോലെയായിരുന്നു തന്റെ പെരുമാറ്റം..അതിരാവിലെ അമ്മയായിരുന്നു പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അമ്മയുടെ കയ്യിൽ പിടിച്ചത്..കണ്ണീരോടെ നിന്ന അമ്മയോട് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ തളർന്നു പോയിരുന്നു..അമ്മയൊന്ന് ഇരുത്തി മൂളി..

“നീ ടെൻഷനടിക്കാതിരിക്ക്.. ഞാനൊന്ന് രേണുവിനോട് സംസാരിക്കട്ടെ..”

“അമ്മേ… സാന്ദ്രയും മോളും….?”

അമ്മ മറുപടിയൊന്നും പറഞ്ഞില്ല. ആ മുഖം കല്ലിച്ചിരുന്നു..

അമ്മ എന്ത് മാജിക്കാണ് പ്രവൃത്തിച്ചതെന്ന് എനിക്കിന്നും അറിയില്ല..ഉച്ചയ്ക്ക് മുൻപേ എല്ലാം തീർന്നിരുന്നു.. അവർ പരാതി പിൻവലിച്ചു.. പണമുണ്ടെങ്കിൽ എല്ലാം ഒതുക്കിതീർക്കാൻ കഴിയുമെന്ന് വീണ്ടും തെളിഞ്ഞു..

എന്ത് പറഞ്ഞെന്നറിയില്ല,രേണുവേച്ചി വാശി പിടിച്ചാണ് എല്ലാം ഒതുക്കിത്തീർത്തതെന്ന് ഞാനറിഞ്ഞു.. പരാതി കൊടുക്കാൻ പ്രേരിപ്പിച്ചതും അതിനായി രവിയേട്ടനോടൊപ്പം സ്റ്റേഷനിൽ എത്തിയത് വിശ്വനാഥനായിരുന്നുവെന്നും ..

കേസ് പിൻവലിച്ചെങ്കിലും വിവരങ്ങളെല്ലാം നാട്ടിൽ പടർന്നിരുന്നു.. പോ ക്സോ കേസിൽ കോളേജ് അധ്യാപകനെ അറസ്റ്റ് ചെയ്ത വാർത്ത നാടൊട്ടുക്കും പ്രചരിച്ചു..പീ ഡനമല്ലേ.. അതും കുഞ്ഞിനെ, ആരും മറുപുറം ചിന്തിക്കില്ലല്ലോ..

സാന്ദ്രയും മോളും തിരികെ വന്നില്ല.. ഫോൺ വിളിച്ചപ്പോൾ എടുക്കാതെ ബ്ലോക്ക്‌ ചെയ്തു.. മകളെ ശല്യപ്പെടുത്തരുതെന്നും അവൾക്ക് തന്നെയിനി വേണ്ടെന്നും അവളുടെ അച്ഛൻ പറഞ്ഞു.. മീനുട്ടിയെ പറ്റി ചോദിച്ചപ്പോൾ എന്ത് ധൈര്യത്തിലാണ് കുഞ്ഞിനെ നിന്റടുത്ത് കൊണ്ടുവരികെയെന്ന് അയാൾ ചോദിച്ചപ്പോൾ ഞാൻ പൂർണ്ണമായും തകർന്നു പോയിരുന്നു..

എന്റെ മുറിയിൽ ഞാൻ എന്നെ തളച്ചിട്ടു.. ജീവനോടെ ദഹിക്കുന്ന അവസ്ഥ..തെറ്റൊന്നും ചെയ്തില്ലെങ്കിൽ പോലും പുറത്തിറങ്ങാൻ ഞാൻ ഭയപ്പെട്ടു..മോളെപ്പോലെ സ്നേഹിച്ച കുഞ്ഞിനെ മോശമായൊന്നു നോക്കിയെന്ന് പറയുന്നത് പോലും എനിക്ക് സഹിക്കാനാവില്ലായിരുന്നു.. എന്തിന് വേണ്ടിയായാലും തിരിച്ചറിവായിട്ടില്ലാത്ത ആ കുഞ്ഞിനെ അങ്ങനെയൊക്കെ പറഞ്ഞു പഠിപ്പിച്ച രേണുവേച്ചിയുടെ മനക്കട്ടി എനിക്ക് ഊഹിക്കാൻ പോലുമാവില്ലായിരുന്നു..

എരിഞ്ഞടങ്ങുമായിരുന്ന എന്റെ ജീവിതം തിരികെ തന്നത് കാലമായിരുന്നു.. ഏറെയൊന്നും കഴിഞ്ഞില്ല.. മനസ്താപം കൊണ്ടാണോയെന്നറിയില്ല..ഒരുനാൾ രേണുവേച്ചി രവിയേട്ടനോട് എല്ലാം തുറന്നു പറഞ്ഞു.. ആട്ടും തുപ്പും ഏറ്റുവാങ്ങിയ അവർ പിന്നൊരു പുലരിയ്ക്കായി കാത്ത് നിൽക്കാതെ സാരിത്തുമ്പിൽ ജീവിതം അവസാനിപ്പിച്ചു..

രവിയേട്ടൻ എന്റെ കാലിൽ വീണു മാപ്പ് പറഞ്ഞൂ.. സത്യങ്ങൾ എല്ലാവരോടും വിളിച്ചു പറഞ്ഞതും എന്നെ ജീവിതത്തിലേക്ക് തിരികെ നടത്തിയതും രവിയേട്ടനായിരുന്നു..തിരികെ വന്നിട്ടും സാന്ദ്രയെ അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. വർഷങ്ങളെടുത്തു ക്ഷമയോടെ കാത്തിരുന്ന അവളെ വീണ്ടും പൂർണ്ണമായും ജീവിതത്തിലേക്ക് ചേർത്തുവെക്കാൻ..

വിശ്വേട്ടന്റെ കുടുംബം തകർന്നു..മിനിയേച്ചി കുഞ്ഞുങ്ങളെയും കൊണ്ട് ഇറങ്ങിപ്പോയി.. കാലത്തിന്റെ കാവ്യനീതിയെന്ന പോലെ തൊണ്ടയിൽ ക്യാൻസർ വന്നു ആരും നോക്കാനില്ലാതെ നരകിച്ചാണയാൾ മരിച്ചത്..

ഇന്ന് കവലയിലേക്ക് ഇറങ്ങിയപ്പോൾ കേട്ട വാക്കുകളാണ് ഇതൊക്കെ വീണ്ടും ഓർമ്മയിലേക്കെത്താൻ കാരണം…

രാവിലെയാണ് അമ്മ പറഞ്ഞത്..

“നീയറിഞ്ഞോ.. രേണുവിന്റെ അനിയത്തിയില്ലേ.. ജ്യോതി.. അവളെ ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന ആരോ ഉപദ്രവിച്ചെന്ന്.. അവര് കേസൊക്കെ കൊടുത്തു വല്യ പ്രശ്നമായിട്ടുണ്ട്…”

വൈകുന്നേരം ദാസേട്ടന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി നടക്കുന്നതിനിടെയാണ് ആ വാക്കുകൾ ചെവിയിലെത്തിയത്..

“ഇവളുടെ ചേച്ചിയല്ലേ അവിഹിതം പുറത്തറിയാതിരിക്കാൻ കുഞ്ഞിന്റെ പേരിൽ ആ മാഷിനെ കുടുക്കിയത്.. ആർക്കറിയാം ഇതും എന്തോ കാര്യസാധ്യത്തിന് വേണ്ടിയാണോന്ന്.. പെണ്ണല്ലേ വർഗ്ഗം..”

ബൈക്കിലേക്ക് കയറുമ്പോൾ ഉള്ളിലെന്തൊക്കെയോ തികട്ടി വന്നു…

“കാര്യസാധ്യത്തിന് വേണ്ടി, പെൺവർഗ്ഗത്തിന് തന്നെ അപമാനമാവുന്ന ചിലർ.. അവർ ചെയ്യുന്നതിന് പഴി കേൾക്കുന്നത് നിസ്സഹായരായ മറ്റുള്ള സ്ത്രീകളും…”

മനസ്സിലോർത്തു…

സൂര്യകാന്തി 💕(ജിഷ രഹീഷ് )

Leave a Reply

Your email address will not be published. Required fields are marked *