June 14, 2021

അടുത്ത റൂമിലിരുന്ന് ഓൺലൈൻ ക്ളാസ്സ് അറ്റൻ്റ് ചെയ്തിരുന്ന വിവേക് അവരുടെ ഉറക്കെയുള്ള സംസാരം കേട്ട് ഞെട്ടി…

രചന : സജി തൈപ്പറമ്പ്

ആരാണവൾ? നിങ്ങളിത്രയൊക്കെ സിംപതി കാണിക്കാനും മാത്രം, എന്ത് ബന്ധമാണ് നിങ്ങൾ തമ്മിലുള്ളത്,

എൻ്റെ സീമേ..നിയെന്തിനാണിങ്ങനെ ഷൗട്ട് ചെയ്യുന്നത്, നീ കരുതുന്നത് പോലെ, ഞങ്ങൾ തമ്മിൽ തെറ്റായ ഒരു ബന്ധവുമില്ല ,അവളെൻ്റെ ക്ളാസ് മേറ്റായിരുന്നു, അവിവാഹിതയായ അവൾ കുറച്ച് നാളായി അർബുദ രോഗിയാണ്,ൻപ്രായമായ അവളുടെ അമ്മയല്ലാതെ ,ഫിനാൻഷ്യലി അവളെ സഹായിക്കാൻ മറ്റാരുമില്ല

അത് കൊണ്ട് ?,നിങ്ങളവളുടെ പഴയ ക്ളാസ്മേറ്റല്ലേ? അല്ലാതെ അവളുടെ ലോക്കൽ ഗാർഡിയനൊന്നുമല്ലല്ലോ ?നിങ്ങളുടെ സമ്പാദ്യം എനിക്കും എൻ്റെ മകനും അനുഭവിക്കാനുള്ളതാണ്, അതിൽ നിന്ന് ഒരു ചില്ലിക്കാശ് എടുത്ത് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല

സീമേ .. എൻ്റെ ക്ഷമയ്ക്കും അതിരുണ്ട്, നീ നിൻ്റെ കാര്യം നോക്ക്, എനിക്കറിയാം എൻ്റെ മുതല് ആർക്കൊക്കെ കൊടുക്കണമെന്ന്, അതിന് നിൻ്റെ അഭിപ്രായം ചോദിച്ചില്ല

രാജേന്ദ്രൻ ക്ഷുഭിതനായി പറഞ്ഞു.

അടുത്ത റൂമിലിരുന്ന് ഓൺലൈൻ ക്ളാസ്സ് അറ്റൻ്റ് ചെയ്തിരുന്ന വിവേക് അവരുടെ ഉറക്കെയുള്ള സംസാരം കേട്ട് ഞെട്ടി

ആദ്യമായാണ് അമ്മ അച്ഛനോടിത്ര ഉച്ചത്തിൽ സംസാരിക്കുന്നത്.

അമ്മ പറഞ്ഞ ആ സ്ത്രീ ആരായിരിക്കും? അച്ഛൻ പറഞ്ഞത് പോലെ അവരച്ഛൻ്റെ വെറുമൊരു ക്ളാസ് മേറ്റ് മാത്രമായിരിക്കുമോ ?അതോ അമ്മ സംശയിക്കുന്ന തരത്തിൽ എന്തെങ്കിലും …

ശ്ശെ ,അങ്ങനെയൊന്നുമുണ്ടാവില്ല

അച്ഛനെക്കുറിച്ച് ഇത് വരെ മോശം വാർത്തകളൊന്നും താൻ കേട്ടിട്ടില്ല,തനിക്കോർമ്മ വച്ച നാള് മുതൽ അമ്മയുമായി ഊഷ്മളമായൊരു ബന്ധമാണ് അച്ഛനുള്ളത്.

താനും അച്ഛനും തമ്മിൽ കൂട്ടുകാരെ പോലെയാണ് എന്തുണ്ടെങ്കിലും തന്നോട് തുറന്ന് പറയാറുണ്ട് ,പക്ഷേ …

ആ പതിനേഴ്കാരൻ്റെ മനസ്സിൽ ആശങ്കയുടെ വിത്ത് മുള പൊട്ടി.

അച്ഛൻ്റെ ശബ്ദമുയർന്നത് കൊണ്ടാവാം, പിന്നീട് അമ്മയുടെ സംസാരം നിലച്ച് പോയിരുന്നു.

പിറ്റേന്ന് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ, അമ്മയുടെ മുഖം നീര് വച്ചത് പോലെ വീർത്തിരുന്നു, കണ്ണുകൾ ചുവന്നിരിക്കുന്നു, രാത്രിയിൽ മുഴുവൻ ,അമ്മ കരയുകയായിരുന്നെന്ന് വിവേകിന് മനസ്സിലായി.

എന്താ അമ്മേ… ഇത്? എന്തിനാ ഇന്നലെ അച്ഛനുമായി വഴക്കിട്ടത്?

ഒന്നുമില്ല, നീയതൊന്നും അറിയാനുള്ള പ്രായമായിട്ടില്ല, നീ വെറുതെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ച് കൂട്ടണ്ട, ദാ ഈ ചായ കുടിച്ചിട്ട് ,വേഗം ട്യൂഷന് പോകാൻ നോക്ക്

തൻ്റെ ചോദ്യങ്ങളിൽ നിന്നും അമ്മ മനപ്പൂർച്ചം ഒഴിഞ്ഞ് മാറുകയാണെന്ന്, വിവേകിന് മനസ്സിലായി.

ട്യൂഷൻ ക്ളാസിലിരുന്നിട്ടും, അവൻ ടീച്ചർ പഠിപ്പിക്കുന്നതൊന്നും കേൾക്കുന്നില്ലായിരുന്നു.

ട്യൂഷൻ കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോൾ, അച്ഛൻ കാറെടുത്ത് പുറത്തേയ്ക്ക് പോകുന്നത് കണ്ടു.

അമ്മേ…അച്ഛനെങ്ങോട്ടാ പോയത് ?

ആ ആർക്കറിയാം നീ ചെന്നന്വേഷിക്ക്

അച്ഛനോടുള്ള പിണക്കം സീരിയസ്സാണെന്ന്, അമ്മയുടെ മറുപടിയിൽ നിന്നും വിവേകിന് മനസ്സിലായി.

അമ്മയ്ക്കും, അച്ഛനുമിടയിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന് വിവേകിന് തോന്നി.

എന്തായാലും അച്ഛനോട് തന്നെ നേരിട്ട് ചോദിക്കാമെന്ന് അവൻ മനസ്സിലുറപ്പിച്ചു.

രാത്രി ഏറെ വൈകിയാണ് രാജേന്ദ്രൻ വീട്ടിലേക്ക് തിരിച്ചെത്തിയത്.

സീമ പതിവ് പോലെ അയാളെ കാത്തിരിക്കാതെ നേരത്തെകയറി കിടന്നു.

വിവേക് പക്ഷേ, അച്ഛനെയും കാത്ത് ഉറക്കമിളച്ചിരുന്നു.

കോളിങ്ങ് ബെല്ലടിച്ചപ്പോൾ അവനാണ് മുൻവാതിൽ തുറന്ന് കൊടുത്തത്.

ഇത്രയും നേരം എവിടെയായിരുന്നച്ഛാ…?

ഹോസ്പിറ്റലിലായിരുന്നു മോനേ.. അച്ഛൻ്റെ പഴയൊരു ഫ്രണ്ടിന് ഒരു സർജറി ഉണ്ടായിരുന്നു ,ഓപറേഷൻ കഴിഞ്ഞപ്പോൾ, ഒരു പാട് വൈകി, പിന്നെ അവിടുത്തെ ബില്ലൊക്കെ സെറ്റിൽ ചെയ്തപ്പോഴേക്കും കുറച്ച് താമസിച്ചു

പഴയൊരു ഫ്രണ്ടിന് വേണ്ടി ഇത്രയൊക്കെ റിസ്കെടുക്കണമായിരുന്നോ അച്ഛാ …അതും അമ്മയുടെ എതിർപ്പിനെ വകവയ്ക്കാതെ, എൻ്റെ ഓർമ്മയിൽ നിങ്ങൾ തമ്മിൽ ഇത് വരെ പിണങ്ങിയിട്ടില്ല, അച്ഛൻ പുറത്ത് പോയാൽ തിരിച്ച് വരുന്നത് വരെ, കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന അമ്മ ഇന്നാദ്യമായി നേരത്തെ തന്നെ മുറിയിൽ കയറി കതകടച്ചു, അമ്മയെ ഇത്രയും പിണക്കിയിട്ട് സഹായിക്കാനും മാത്രം, ഒരു സാധാരണ ഫ്രണ്ട്ഷിപ്പ് മാത്രമാണോ അച്ഛാ.. അത്, അമ്മ സംശയിച്ചാലും തെറ്റ് പറയാൻ കഴിയില്ല, അതാ ചോദിച്ചത് ?

മകൻ്റെ ചോദ്യത്തിന് മുന്നിൽ അയാൾ പതറി.

മക്കൾക്ക് നേർവഴികാട്ടികൊടുക്കേണ്ട അച്ഛൻ തന്നെ , മകൻ്റെ മുന്നിൽ സംശയത്തിൻ്റെ നിഴലിൽ നില്ക്കുമ്പോൾ, നാളെ അവരൊരു തെറ്റ് കാണിച്ചാലും ശാസിക്കാൻ തനിക്ക് അവകാശമുണ്ടാകില്ല

ഇപ്പോൾ അവൻ്റെ മനസ്സിൽ അമ്മയാണ് ശരി ,താനിപ്പോൾ അമ്മയെ വഞ്ചിച്ച നികൃഷ്ട കഥാപാത്രമായെ അവന് തോന്നുകയുള്ളു

അവൻ്റെ മുന്നിൽ കളങ്കിതനാകാൻ അയാൾക്ക് കഴിയില്ലായിരുന്നു.

മോനേ.. നിനക്കറിയാത്ത ചില സത്യങ്ങളുണ്ട്, ഒരിക്കലും നീയും നിൻ്റെ അമ്മയുമറിയരുതെന്ന് കരുതിയ ചില ന ഗ്ന സത്യങ്ങൾ, ഞാനതിപ്പോൾ നിന്നോടെങ്കിലും പറഞ്ഞില്ലെങ്കിൽ, നീയെന്നെ ഒരു മോശം കഥാപാത്രമായിട്ട് കാണും, എന്നുള്ളത് കൊണ്ട് മാത്രം, ഞാനത് പറയാം, പക്ഷേ ഒരിക്കലും നിൻ്റെ അമ്മ അതറിയില്ലെന്ന് നീയെനിക്ക് വാക്ക് തരണം, കാരണം, അവളറിഞ്ഞാൽ അത് സഹിക്കാനുളള മനക്കട്ടി അവൾക്കുണ്ടാവില്ല, അവൾക്കെന്തെങ്കിലും സംഭവിച്ചാൽ, പിന്നെ അച്ഛൻ ജീവിക്കുന്നതിലർത്ഥമില്ല

അയാൾ വികാരാർദ്രരായി പറഞ്ഞു.

ഇല്ലച്ഛാ.. ഞാൻ ഒരിക്കലും അമ്മയോട് പറയില്ല

പത്ത് പതിനേഴ് വർഷങ്ങൾക്ക് മുമ്പ്, നിൻ്റെ അമ്മയെ ലേബർ റൂമിൽ കയറ്റിയ സമയത്ത് തന്നെയാണ് ,അച്ഛൻ്റെ ഫ്രണ്ടാണെന്ന് പറഞ്ഞ ശ്രീദേവിയെയും പ്രസവത്തിന് കൊണ്ട് വന്നത് ,സത്യം പറഞ്ഞാൽ അത് വരെ ആ സ്ത്രീയുമായി എനിക്ക് യാതൊരു പരിചയവുമില്ലായിരുന്നു ,നിൻ്റെ അമ്മ പ്രസവിക്കുന്നതും കാത്ത് പുറത്ത് ഉത്ക്കണ്oയോടെ നിന്ന എൻ്റെയടുത്ത്, ഡോക്ടർ വന്ന് പറഞ്ഞത്, നിൻ്റെ അമ്മ പ്രസവിച്ച കുഞ്ഞ് മരിച്ച് പോയെന്നാണ് ,മാത്രമല്ല അമ്മയുടെ യൂട്രസ്റ്റിനകത്ത് അപകടകാരിയായ ട്യൂമറുണ്ടെന്നും എത്രയും വേഗം യൂ ട്രസ് റിമൂവ് ചെയ്യണമെന്നും പറഞ്ഞപ്പോൾ, അച്ഛൻ തളർന്ന് പോയിമോനേ..അമ്മയുടെ ഓപ്പറേഷനുള്ള അനുമതി പേപ്പറിൽ വിറയ്ക്കുന്ന കൈകൾ കൊണ്ട് ഒപ്പിട്ട് കൊടുക്കുമ്പോൾ, കൂടെ നിന്നാശ്വസിപ്പിക്കാൻ അന്ന് അച്ചമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു, നിൻ്റെ അമ്മയ്ക്ക് ബോധം വീഴുമ്പോൾ, താൻ പ്രസവിച്ച കുഞ്ഞിനെയവൾ അന്വേഷിച്ചാൽ എന്ത് മറുപടി പറയുമെന്നറിയാതെ നില്ക്കുമ്പോഴാണ്, അച്ഛമ്മ ഓടി വന്ന് ഒരു കാര്യം പറഞ്ഞത്

അതെന്തായിരുന്നച്ഛാ …

ജിജ്ഞാസയോടെ വിവേക് ചോദിച്ചു.

അമ്മയോടൊപ്പം ലേബർ റൂമിൽ കയറിയ സ്ത്രീ ,ഒരു ആൺകുഞ്ഞിനെ പ്രസവിച്ചെന്നും, അവിവാഹിതയായ ആ സ്ത്രീ കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് ചെന്നാൽ, തറവാടിനുണ്ടാകുന്ന ദുഷ്പ്പേര് ഭയന്ന്, അവളുടെ അച്ഛൻ ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്നുമാണ് അമ്മ പറഞ്ഞത്

എങ്കിൽ ആ കുഞ്ഞിനെ നമുക്ക് വളർത്താമെന്ന് പറഞ്ഞപ്പോൾ, അമ്മയും അത് തന്നെ പറഞ്ഞു, അങ്ങനെ ഡോക്ടറുടെ കൂടി സമ്മതത്തോടെ, ആ കുഞ്ഞിനെ ഓപ്പറേഷൻ കഴിഞ്ഞ നിൻ്റെ അമ്മയോടൊപ്പം കൊണ്ട് കിടത്തി, അന്ന് മുതൽ മറ്റൊരു സത്രീ പ്രസവിച്ച കുഞ്ഞാണെന്നറിയാതെ, സ്വന്തം കുഞ്ഞിനെ പോലെ നിൻ്റെ അമ്മ അവനെ വളർത്തി ,ആ കുട്ടിയാണ് ഇപ്പോൾ എൻ്റെ മുന്നിൽ നില്ക്കുന്ന വിവേക് എന്ന നീ,

അച്ഛാ…?

അതെ മോനേ… നീയിതൊന്നും ഒരിക്കലുമറിയരുതെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു, പക്ഷേ അമ്മയെ പോലെ നീയും അച്ഛനെ സംശയിച്ചത് കൊണ്ടാണ്, എനിക്കിത് പറയേണ്ടി വന്നത്, മാത്രമല്ല നിന്നെ പ്രസവിച്ച അമ്മയെയും കഥയറിയാതെ നീ ശപിച്ചാലോ, എന്ന് ഞാൻ ഭയന്നു ,അമ്മയോടിതൊന്നും പറയാനുള്ള ധൈര്യമെനിക്കില്ല, പറഞ്ഞാൽ അവൾക്കത് താങ്ങാനാവില്ല

വേണ്ടച്ഛാ… അമ്മയെ വേദനിപ്പിക്കേണ്ട ,അവര് സന്തോഷമായിരുന്നോട്ടെ, പക്ഷേ നാളെ അച്ഛൻ എന്നയൊന്ന് ആശുപത്രിയിൽ കൊണ്ട് പോകണം, മരിക്കുന്നതിന് മുമ്പ് പ്രസവിച്ച മകനെ അവരൊന്ന് കണ്ടോട്ടെ ,എനിക്കും ആ അമ്മയെ ഒരു പ്രാവശ്യമൊന്ന് കാണണം, പിന്നെ ഒരിക്കലും ഞാൻ കാണണമെന്ന് പറയില്ല, എനിക്കെന്നും കാണാനും സ്നേഹിക്കാനും, എൻ്റെ സ്വന്തം അമ്മയുo അച്ഛനും ഇവിടെ തന്നെയുണ്ടല്ലോ? അത് മതിയെനിക്ക്

എൻ്റെ മോനേ … നീയാണ് ഞങ്ങളുടെ ലോകം ,നാളെ നമുക്കൊരുമിച്ച് പോകാം

അപ്പോൾ ഞാൻ വരണ്ടേ?

പുറകിൽ നിന്ന് ചോദ്യം കേട്ട് ഞെട്ടലോടെ അവർ തിരിഞ്ഞു നോക്കി.

സീമയായിരുന്നത്.

ഞാനെല്ലാം കേട്ട് കൊണ്ട് നില്ക്കുകയായിരുന്നു ,ഇത്രയും വലിയ രഹസ്യം എന്തിനാണ് മനസ്സിലിട്ട് കൊണ്ട് വേദനിച്ച് നടന്നത് ,എന്നെ വേദനിപ്പിക്കേണ്ടന്ന് കരുതിയാന്നെന്നറിയാം പക്ഷേ ഇപ്പോൾ എനിക്ക് വിഷമമൊന്നും തോന്നുന്നില്ല, അതൊക്കെ കഴിഞ്ഞ കഥകളല്ലെ, മാത്രമല്ല വിവേകിനെ ഞാൻ പ്രസവിച്ചില്ലെന്നേയുള്ളു, അവനെ മുലയൂട്ടിയതും വളർത്തിയതും ഞാനല്ലേ അവനെൻ്റെ മകനാ, ഒരിക്കലും ഈ അമ്മയെ വിട്ടവൻ പോകില്ലെന്ന് എനിക്കുറപ്പുണ്ട്

ഇല്ലമ്മേ.. ഞാനെങ്ങും പോകില്ല, ഈ നില്ക്കുന്ന നിങ്ങള് തന്നെയാണ്, എൻ്റെയും ലോകം, ഞാനുണ്ടാവും നിങ്ങളോടൊപ്പം, എന്നും

അവൻ അച്ഛനെയും അമ്മയെയും ചേർത്ത് പിടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *