June 14, 2021

അവധി ദിനത്തിന്റെ ആലസ്യത്തിൽ കമ്പിളി ചൂടിൽ സുഖമുള്ളൊരു ഉറക്കം ആസ്വദിക്കുമ്പോഴാണ്…

സുമംഗല

രചന: മാരീചൻ

അവധി ദിനത്തിന്റെ ആലസ്യത്തിൽ കമ്പിളി ചൂടിൽ സുഖമുള്ളൊരു ഉറക്കം ആസ്വദിക്കുമ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത് .സുഖം നഷ്ടമായതിന്റെ മുറുമുറുപ്പോടെയാണ് ഫോൺ എടുത്തത്. നാട്ടിൽ നിന്ന് അമ്മയാണ്.

“മോനേ സുമ മരിച്ചു. “

മറുവശത്ത് നിന്ന് കേട്ട വാർത്ത ഉള്ളിലെ ആലസ്യത്തെ ഇല്ലാതാക്കാൻ ശേഷിയുള്ളതായിരുന്നു.

” എപ്പോൾ ?”

“ഇന്ന് പുലർച്ചേ മലയടിവാരത്തെ കാവില്ലേ അതിനടുത്ത് മരിച്ചു കിടക്കുന്നത് കണ്ടെന്നാ പറഞ്ഞത്. “

“ഉം”

” നീ വരുന്നുണ്ടോ?” അമ്മയുടെ ചോദ്യം വന്നു.

” ഉം.”

“നിനക്ക് വരാൻ പറ്റുമോ? അപ്പുവിന് സ്കൂളിൽ പോണ്ടേ? ഭാമയ്ക്കും നിനക്കും ഓഫീസിൽ പോണ്ടേ?”

” ഞാൻ വരും അമ്മേ.”

”ഇവിടത്തെ പൊതുശ്മശാനത്തിലാണ് അടക്കം. കാത്തിരിക്കാൻ ആളില്ലാലോ അതു കൊണ്ട് എത്രയും പെട്ടെന്ന് നടത്തും “

” ഞാൻ എത്താം എത്രയും പെട്ടെന്ന്. അടക്കം അതു കഴിഞ്ഞ് മതിയെന്ന് പറയു”

” അതു പിന്നെ മോനേ… ” അമ്മ എന്തോ പറയാൻ തുടങ്ങിയത് കേൾക്കാൻ നിന്നില്ല ഫോൺ വെച്ചു.

ഭാമയോട് കാര്യം പറയുമ്പോൾ പതിവു മറുപടികൾ വന്നു തുടങ്ങി.ഓഫീസിലെ തിരക്ക്. അപ്പുവിന്റെ പഠിത്തം.തർക്കിക്കാൻ നിന്നില്ല. അല്ലെങ്കിലും തോറ്റു കൊടുത്ത് ശീലമായിക്കഴിഞ്ഞിരുന്നു.

“എന്തായാലും ഞാൻ പോകുന്നു. നാളെ പുലർച്ചെമടങ്ങി എത്താം” അത്ര മാത്രം പറഞ്ഞ് വണ്ടി എടുത്തു.

” ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യണ്ട അത് ശരിയാകില്ല. ഡ്രൈവറേം കൂട്ടി പോയാൽ മതി”.

കാറിന്റെ ഡോറിൽ കൈവച്ച് അവൾ പറഞ്ഞു. എന്റെ യാത്രയുടെ നീരസം അവളുടെ മുഖത്ത് പ്രകടമായിരുന്നു. എന്തോ അവളുടെ ആ നിർദ്ദേശം തള്ളാൻ തോന്നിയില്ല. തല കുലുക്കി സമ്മതമറിയിച്ചു.അല്ലെങ്കിലും ഈ യാത്രയിൽ മനസ്സ് പിടി തരില്ല ഉറപ്പാണ്. ഭാമ ഫോണെടുത്ത് ഡ്രൈവറെ വിളിക്കുന്നത് കണ്ടു.

പത്തുമിനിട്ടു നുളളിൽ ഡ്രൈവറെത്തി .കാറിന്റെ കീ അവനു കൊടുത്ത് പിൻസീറ്റിൽ ഇരുന്നു. യാത്ര പറച്ചിൽ ഉണ്ടായില്ല.മനസ്സിൽ നിറഞ്ഞു നിന്നത് മുല്ലപ്പൂമാലയുമായി മലയടിവാരത്തിലെ കാവിലേക്ക് നടന്നു പോകുന്ന ഒരു പെണ്ണിന്റെ മുഖമായിരുന്നു. കണ്ണൂകളിൽ പ്രതീക്ഷകൾ നിറച്ച് നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് മലയടിവാരത്തിലേക്ക് അവൾ നടന്നു പോകുന്നു. കൂടെ അവൾക്ക് കൂട്ടായി ഒരു പത്തു വയസ്സുകാരനും…

കാർ മുന്നോട്ട് പോകുന്നതിനേക്കാൾ വേഗത്തിൽ ഓർമ്മകൾ പിന്നോട്ട് ഓടുന്നുണ്ടായിരുന്നു.കാർ മൂന്നാമത്തെ വളവ് പിന്നിട്ടതും മഴ പെയ്യുവാൻ തുടങ്ങി.ശക്തമായ മഴ. ഈ യാത്രയിലുടനീളം മഴ കൂട്ടിനുണ്ടാകുമെന്ന് തോന്നി….ഉണ്ടാവണം…. അവളുടെ ഓർമ്മകൾക്ക് എപ്പോഴും മഴയുടെ അകമ്പടി ഉണ്ടായിരുന്നു..

ഒരു മഴ ദിനത്തിലാണ് അവൾ കടന്നു വന്നത്.പുതിയ സ്കൂളിൽ പഠനം തുടങ്ങിയതിന്റെ ആദ്യ ദിനം… സ്കൂൾ പരിചയമായിട്ടില്ലാത്തതു കൊണ്ട് അന്ന് വൈകിട്ട് അച്ഛൻ വിളിക്കാൻ വന്നു. അച്ഛന്റെ കൈ പിടിച്ച് സ്കൂൾ മുറ്റം കടന്നതും മഴ തുടങ്ങി. തുള്ളിക്കൊരു കുടം കണക്കെ ശക്തമായി പെയ്യുന്ന മഴ. കുട ഉണ്ടായിരുന്നിട്ടും വീശിയടിക്കുന്ന കാറ്റിൽ മഴത്തുള്ളികൾ ദേഹത്തേക്ക് ചിതറി വീണു കൊണ്ടിരുന്നു.മറ്റു മാർഗ്ഗമില്ലാഞ്ഞിട്ടാവണം അച്ഛൻ എന്നേയും പിടിച്ച് അടുത്തുള്ള റഫീക്ക് ഇക്കായുടെ ചായക്കടയിലേക്ക് കയറി.

ചായക്കട സജീവമായിരുന്നു. മഴയിൽ നിന്ന് രക്ഷപെട്ടുവന്നർ ചൂടു ചായയുമായി ബഞ്ചുകളിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. മഴയെക്കുറിച്ചുള്ള ചർച്ചകളും വിലയിരുത്തലുകളും നടക്കുന്നുണ്ടായിരുന്നു. ഒഴിഞ്ഞ ഒരു ബഞ്ചിൽ എന്നെ ഇരുത്തി അച്ഛനും ചർച്ചകളിൽ സജീവമായി.മച്ചിലെ ഓലയുടെ വിടവിലൂടെ വീഴുന്ന മഴത്തുള്ളികൾ കയ്യെത്തിച്ച് പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴേക്കും അച്ഛൻ ഓർഡർ ചെയ്ത പഴംപൊരിയും ചായയും എത്തി. മഴയുടെ നേർത്ത തണുപ്പിൽ ചൂട് പഴംപൊരിയുടെ സ്വാദ് ആസ്വദിച്ച് കഴിക്കുന്നതിനടയിലാണ് എതിർവശത്തിരിക്കുന്ന പെണ്ണിനെ ശ്രദ്ധിച്ചത്. മുടി രണ്ടു വശവും പിന്നിയിട്ട് നിറമുള്ള റിബണുകൾ കെട്ടി ദാവണി ഉടുത്ത ഒരു പെണ്ണ്. കടുംനിറത്തിലുള്ള ഷാളാണ് ധരിച്ചിരിക്കുന്നത്. അവളുടെ ഉടുപ്പുമായി തീരെ യോജിക്കാത്ത നിറത്തിലുള്ള ഷാൾ.ഒറ്റ നോട്ടത്തിൽ മുത്തശ്ശി തലേ ദിവസം പറഞ്ഞ കഥയിലെ പഞ്ചവർണ്ണക്കിളിയെയാണ് ഓർമ്മ വന്നത്. ഞാൻ കഴിക്കുന്നത് കൗതുകത്തോടെ അവൾ നോക്കി ഇരിക്കുന്നു. വല്ലാത്തൊരു അസ്വസ്ഥത തോന്നി. എന്റെ സ്വാതന്ത്ര്യത്തിലേക്ക് ഒരു കടന്നുകയറ്റം പോലെ. പണ്ടേ ഞാൻ ആഹാരം കഴിക്കുന്നത് മറ്റുള്ളവർ നോക്കി ഇരിക്കുന്നത് എനിക്കിഷ്ടമല്ല. മാത്രമല്ല പുറത്തുനിന്ന് ആഹാരം വാങ്ങിത്തരുന്ന ശീലം അച്ഛനില്ല. ഇന്നിപ്പോൾ തീരെ ഒഴിവാക്കാനാകാത്തതു കൊണ്ട് മാത്രം വാങ്ങിത്തന്നതാണ്.പഴംപൊരിയാണേൽ എന്റെ ഇഷ്ട ഭക്ഷണവും. ഒരു പാട് ആഗ്രഹിച്ച് കിട്ടിയ ഒരു സന്ദർഭം അലങ്കോലമാക്കിയതിന്റെ ദേഷ്യമാണ് മനസ്സിൽ നിറഞ്ഞത്.എന്റെ അനിഷ്ടം പരമാവധി മുഖത്ത് വരുത്തി ഞാനവളെ കൂർപ്പിച്ച് നോക്കി. പക്ഷേ അവളപ്പോഴും ചെറിയൊരു ചിരിയോടെ എന്നെ നോക്കി ഇരുന്നു..

പിന്നീട് പലപ്പോഴായി മൂന്നാല് പ്രാവശ്യം പല സ്ഥലത്ത് വെച്ച് അവളെ കണ്ടു.കൂട്ടുകാർക്കൊപ്പം കലപില കൂട്ടി റോഡിലൂടെ നടന്നു പോകുമ്പോഴോ, കടയിൽ സാധനം വാങ്ങാൻ പോകുമ്പോഴോ ഒക്കെ യാദൃശ്ചികമായി അവൾ മുന്നിൽ വന്നു പെട്ടു. ഏത് ആൾക്കൂട്ടത്തിനിടയിലും അവളുടെ നിറപ്പകിട്ട് അവളെ എടുത്ത് കാട്ടിയിരുന്നു. കയ്യിൽ എപ്പോഴും ഒരു ഭാണ്ഡക്കെട് കാണും.എന്നെ കാണുമ്പോഴെല്ലാം അവളുടെ കണ്ണിൽ വാൽസല്യമോ സ്നേഹമോ ഒക്കെ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എങ്കിലും അവളോട് കൂടുതൽ അടുക്കാൻ തോന്നിയില്ല. ഉള്ളിലെപ്പോഴോ അവളോട് തോന്നിയ കുഞ്ഞു ദേഷ്യം അവളെ കാണുമ്പോഴൊക്കെ അറിയാതെ തല പൊക്കുന്നതുകൊണ്ടാവാം.

കാർ ജംഗ്ഷനിൽ എത്തിയിരുന്നു. ഏതോ യുവജന നേതാവിന്റെ ജാഥ പോകാനായി വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുന്നു. ഡ്രൈവർ കാർ ഓഫ് ചെയ്തു.

“പത്തിരുപത് മിനിട്ട് എടുക്കുമെന്ന് തോന്നുന്നു സാർ”. ഡ്രൈവർ റോഡിലേക്ക് നോക്കി വിലയിരുത്തി.

“ഉം”

ഒരു മുളക്കത്തിൽ ഞാൻ മറുപടി ഒതുക്കി. ഡ്രൈവർ ഒരു ചർച്ച പ്രതീക്ഷിച്ചെന്ന് തോന്നി. അയാളുടെ മുഖത്ത് നിരാശ തെളിഞ്ഞു.

മഴ തുടരുകയാണ്….കണ്ണടച്ച് പതുക്കെ സീറ്റിലേക്ക് തല ചായ്ച്ച് കിടന്നു….

“കുഞ്ഞൂട്ടാ” കാതിലാരോ അരുമയായി വിളിക്കുന്നതു പോലെ….

മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ഓർമ്മകളിൽ അപ്പോഴും മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു..

ഒരു പെരുമഴയത്ത് റോഡിലെ കുഴിയിൽ കാലുടക്കി വീണ പത്തു വയസ്സുകാരൻ.. രണ്ട് കാൽമുട്ടിലും രക്തത്തിന്റെ ചുവപ്പ് പടരുന്നു …. വല്ലാത്ത നീറ്റലും… വേദനയോടെ തേങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ചുറ്റും നിന്ന കൂട്ടുകാരെ വകഞ്ഞു മാറ്റി കമ്പികൾ ഒടിഞ്ഞ ഒരു ശീലക്കുടയുമായി അവൾ അവിടേക്ക് വന്നത്. എന്നെ കണ്ടതും ഹയ്യോ ന്ത് പറ്റി എന്ന് പറഞ്ഞവൾ അടുത്തിരുന്നു. കൂട്ടുകാരെയൊക്കെ അവൾ വഴക്കു പറയുന്നത് കേട്ടു. ഞാൻ അപ്പോഴാണ് അവളുടെ സംസാരം ശ്രദ്ധിച്ചത് മൂക്കു കൊണ്ട് സംസാരിക്കുന്ന പെണ്ണ്…. അവൾ വഴക്കു പറയുമ്പോഴും കുട്ടികൾ ആ സംസാരം കേട്ട് ആർത്ത് ചിരിക്കുന്നുണ്ടായിരുന്നു. നീറ്റൽ സ്വല്പം നല്ല രീതിയിൽ ഉണ്ടായിരുന്നു ഇല്ലേൽ ഞാനും ചിരിച്ചു പോയേനെ … കുട്ടികളെ ആട്ടിപ്പായിച്ച് അവൾ എനിക്ക് നേരെ തിരിഞ്ഞു. എന്റെ വേദന അവളുടെ കണ്ണിലും പടരുന്നത് കണ്ടു. ആദ്യമായി എനിക്കവളോട് ചെറിയൊരു ഇഷ്ടം തോന്നി. മഴ അപ്പോഴേക്കും പെയ്ത് തോന്നിരുന്നു.എന്നെ താങ്ങിപ്പിടിച്ച് അവൾ ചായക്കടയുടെ തിണ്ണയിലിരുത്തി. കടയിൽ നിന്ന് വെള്ളം വാങ്ങി മുറിവ് കഴുകി.കമ്മ്യൂണിസ്റ്റ് പച്ച പിഴിഞ്ഞ് നീര് ഒഴിച്ചു…

എനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് അവൾ എന്തോ വല്യ അത്യാഹിതം പോലെ ചായക്കടയിൽ ഇരിക്കുന്നവരോട് പറയുന്നു.. ആൾക്കാർ അവളുടെ സംസാരം ആസ്വദിക്കുന്നത് പോലെ തോന്നി. ഓരോ തവണ അവൾ സംസാരം നിർത്തുമ്പോഴും ആൾക്കാർ എന്തെങ്കിലുമൊക്കെ ചോദിക്കും.അവൾ വീണ്ടും വിശദീകരണം തുടങ്ങും.ഇതിനിടയിൽ എന്റെ മുറിവിൽ ഊതുന്നുണ്ട്. രണ്ട് കാലിലും തടവുന്നുണ്ട്. അവളുടെ സംസാരത്തിൽ നിന്നാണ് അവളുടെ പേര് സുമംഗല എന്നാണെന്നറിഞ്ഞത്. സുമഹ് ല എന്നാണവൾ പറയുക. സംസാരത്തിനിടയ്ക്ക് അവൾ എഴുന്നേറ്റ് കടയിലെ കണ്ണാടി ഭരണിയിൽ നിന്ന് പഴംപൊരി എടുത്ത് എനിക്കു തന്നു. കട നടത്തുന്ന റഫീക്കേട്ടൻ ചിരിയോടെ അനുവാദം കൊടുക്കുന്നത് കണ്ടു. എനിക്ക് അവൾ ഒരു അതിശയമായി മാറുന്നുണ്ടായിരുന്നു. ഒടുവിൽ എന്നെ ചുമലിൽ എടുത്തു അവൾ എന്റെ വീട്ടുപടിക്കൽ കൊണ്ടാക്കി.

ഒരു പുതിയ സൗഹൃദം അവിടെ തുടങ്ങി . ഞാനും സുമംഗലയും….എല്ലാവരുടേയും കുഞ്ഞൻ അവളുടെ കുഞ്ഞൂട്ടനായി. .പ്രായത്തിൽ അവൾ എന്നേക്കാൾ എട്ടോ പത്തോ വയസ്സ് മൂത്തത് ആയിരുന്നിട്ടും ഒരിക്കലും അവളെ ചേച്ചി എന്ന് വിളിക്കാൻ തോന്നിയില്ല. അവൾ…. അവൾ… എനിക്കെന്റെ കൂട്ടുകാരിയായിരുന്നു….

സ്കൂൾ വിട്ടു വരുമ്പോൾ സ്കൂൾ ഗേറ്റിനടുത്ത് അവൾകാത്തു നിന്നു…. എനിക്ക് തരാൻ എന്തേലും ഒരു പലഹാരവും ആ കയ്യിൽ കാണും. അതും കഴിച്ച് അവൾക്കൊപ്പം ഒരു നടത്തം… വഴിയിൽ കാണുന്ന എല്ലാവരോടും കാര്യങ്ങൾ പറഞ്ഞ് അങ്ങനെയങ്ങനെ…..

അവളെ നോക്കുന്ന കണ്ണുകളിൽ പലപ്പോഴും തെളിഞ്ഞത് സഹതാപമായിരുന്നു.- ഒരു കാലത്ത് നല്ല സമ്പത്തുണ്ടായിരുന്ന ഒരു തറവാട്ടിലെ കുട്ടിയായിരുന്നു അവൾ. അച്ഛൻ മരിച്ചതോടെ എല്ലാം നശിച്ചു. മനോനില തെറ്റിയ ഒരു അമ്മയും ചേച്ചിയുമായി സമ്പാദ്യം ചുരുങ്ങി.. എന്നിട്ടും സന്തോഷവതിയായവൾ നടന്നു….അവളുടെ അമ്മ അവളെ ശകാരിക്കുമ്പോഴും ചേച്ചി തല്ലുമ്പോഴും എല്ലാം എന്നെ നോക്കി കുസൃതിയോടെ കണ്ണടച്ച് ചിരിച്ചു…

നെറ്റിയിൽ വട്ടത്തിലൊരു സിന്ദൂരപൊട്ടു തൊട്ട് കണ്ണുകൾ വാലിട്ടെഴുതി നാട്ടുകാർ നൽകുന്ന നിറമുള്ള ഷാളുകൾ അണിഞ്ഞ് അവൾ ഒരുങ്ങി നടന്നു…. ഓരോ ഷാൾ കിട്ടുമ്പോഴും അവളുടെ മുഖം സന്തോഷം കൊണ്ട് വിടരും. നാട്ടുകാർക്ക് അവൾ എന്തേലുമൊക്കെ സഹായം ചെയ്തു കൊടുക്കും.അവർ നൽകുന്ന ബിസ്ക്കറ്റുകളും ഷാളുകളും അവളുടെ ഭാണ്ഡത്തിൽ തിരുകി വയ്ക്കും. ഭക്ഷണം അമ്മയ്ക്കും ചേച്ചിക്കും വേണ്ടി കരുതി വയ്ക്കുന്നതാണ്…. എല്ലാവർക്കും വേണ്ടി ജീവിച്ചവൾ..,, എല്ലാവരോടും കുശലം ചോദിക്കും. നാട്ടുകാർ അവളുടെ സംസാരം ആസ്വദിച്ചിരുന്നതുകൊണ്ട് അവർ എപ്പോഴും അവളോട് സംസാരിച്ചിരുന്നു..

കാറിന്റെ ഹോൺ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. യുവജന നേതാവിന്റെ റാലി കടന്നു പോയിരിക്കുന്നു. ഡ്രൈവർ എന്തൊക്കെയോ പിറുപിറുത്ത് കാർ മുന്നോട്ടെടുത്തു. കുറച്ചു ദൂരം പോയപ്പേഴേ ദൂരെ മലയുടെ തലകൾ കാണാൻ തുടങ്ങി.

മലയടിവാരത്തെ കാട്ടുമുത്തിയുടെ കാവ് ഓർമ്മയിലേക്ക് വന്നു…. . മുല്ലപ്പൂവും കനകാംബരവും ചേർത്തു കെട്ടിയ മാല മുത്തിയമ്മയ്ക്ക് ചാർത്തി സുമംഗല പ്രാർത്ഥിക്കുന്നത് .. പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങുമ്പോൾ അവളുടെ മുഖത്ത് നിറയുന്ന സന്തോഷം … കാട്ടു മുത്തിക്ക് കാക്കതൊള്ളായിരം ദിവസം മാലയിട്ടാൽ കല്യാണം നടക്കുമെന്ന് വിശ്വസിച്ചവൾ…കാക്കത്തൊള്ളായിരം എത്രയാണെന്ന് അവൾക്കറിയില്ല .എനിക്കും. അതു കൊണ്ട് പറ്റുമ്പോഴെല്ലാം ഞങ്ങൾ മാലയുമായി മലയടിവാരത്തിലേക്ക് പോയി.

ബാല്യവും കടന്ന് ഓർമ്മകൾ കൗമാരത്തിലെത്തി. .എന്നിലെ മാറ്റങ്ങൾ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു…. “വലിയ ചെറുക്കനായി “, “ദേ നെഞ്ചൊക്കെ വിരിഞ്ഞു, ” മീശയൊക്കെ വന്നല്ലോ” അവൾ പറയുമ്പോൾ അത് കേട്ട് എന്നിലെ കൗമാരക്കാരന് ഗൂഡമായി ആനന്ദിച്ചു. ഞാനൊരു പുരുഷനാണ് എന്ന തോന്നൽ എന്നിൽ നിറഞ്ഞു..തന്നേക്കാൾ പ്രായമുള്ള അവിവാഹിതരായ പുരുഷൻമാർ എതിരെ വരുമ്പോൾ സുമംഗലയുടെ കവിളിൽ തെളിയുന്ന ചുവപ്പിന്റെ അർത്ഥം ഞാൻ മനസ്സിലാക്കി തുടങ്ങി.. “കിഴക്കേടത്തെ രാധ ചേച്ചിക്ക് കല്യാണ ചെറുക്കൻ കുപ്പിവള വാങ്ങി കൊടുത്തു എന്ന് പറഞ്ഞപ്പോൾ “കല്യാണം കഴിച്ചാൽ അങ്ങനാ കുഞ്ഞു ട്ടാ കുപ്പിവളയും ചാന്തും ഒക്കെ വാങ്ങിത്തരും” എന്നവൾ പറയുമ്പോൾ ആദ്യമായി അവളുടെ മുഖത്ത് കണ്ട വിഷാദഛായ…അതെന്റെ ചിന്തകളിൽ കുരുങ്ങിക്കിടന്നു. പിന്നീടെപ്പോഴോ കൗമാരക്കാരന്റെ ചിന്തകളുടെ പരിധിയിൽ നിന്ന് ” നിന്നെ ഞാൻ വിവാഹം ചെയ്യട്ടെ ” എന്നവളോട് ചോദിച്ചത്..” ചെക്കൻ വളർന്നല്ലോ “എന്നു പറഞ്ഞ് ചിരിയോടെ അവളെന്റെ ചെവിയിൽ പിടിച്ചത് …

പിൻമാറാൻ തയ്യാറാകാതിരുന്ന എന്റെ കൗമാര മനസ്സ്… ഒരിക്കൽ മുത്തിയമ്മയ്ക്ക് ഇടാൻ കൊണ്ടുവന്ന മുല്ലമാല അവളുടെ കയ്യിൽ കടന്നുപിടിച്ച് നിർബന്ധിച്ച് എന്റെ കഴുത്തിൽ ഇടീപ്പിച്ചത്… പിന്നെ പ്രായത്തിലെ മൂപ്പിനെ മറികടക്കാൻ ഉള്ള കൗമാരക്കാരന്റെ ശ്രമങ്ങൾ.. ഞാനും അവളും മാത്രമാകുന്ന അവസരങ്ങളിൽ ടീ എന്ന് അധികാരത്തോടെ വിളിച്ച് ഞാൻ അവൾക്കു മുന്നിൽ വലുതാവാൻ ശ്രമിച്ചത്… ആദ്യമായി മുണ്ടുടുത്ത് അവൾക്കൊപ്പം കാവിലെ പൂരത്തിന് പോയത്…. ഒടുവിൽ പൂരത്തിന്റെ കൊടിയിറങ്ങിയതിന്റെ പിറ്റേന്ന് മഴയുള്ളൊരു സന്ധ്യയ്ക്ക് സമ്പാദ്യക്കുടുക്കയിലെ കാശു കൊണ്ട് വാങ്ങിയ കുപ്പിവളകൾ അവളുടെ കയ്യിൽ അണിയിച്ചു കൊടുത്തത് … മാനത്തെ ചുവപ്പ് അവളുടെ കവിളിൽ പടരുന്നത് കണ്ടത്… അതിനു മുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീർ ചാലുകൾ തുടയ്ക്കാൻ ആഞ്ഞ കൈകൾ തട്ടിമാറ്റി അവൾ ഓടിപ്പോയത്… . പിന്നീടൊരിക്കലും അവൾ മുത്തിയമ്മയ്ക്ക് മാല ചാർത്തിയില്ല. കൗമാരക്കാരന്റെ ചെയ്തികളെ പ്രോത്സാഹിപ്പിച്ചുമില്ല…. എങ്കിലും എനിക്കറിയാമായിരുന്നു ഞാൻ അവൾക്ക് ആരൊക്കെയോ ആണെന്ന്….

മഴ പൂർണ്ണമായും മാറിയിരുന്നു. കാർ ഒരു കരിക്കുവിൽപനക്കാരനരികിൽ നിർത്തി ഡ്രൈവർ വിലപേശുന്നത് കണ്ടു. ഒരു പറ്റം കോളേജ് കുമാരൻമാരും കുമാരിമാരും റോഡിലൂടെ എന്തോ പറഞ്ഞ് പൊട്ടിച്ചിരിച്ച് നടന്നു പോകുന്നു.

ഓർമ്മയിലേക്ക് ഒരു കോളേജ് കാലം കടന്നു വന്നു. ജീവിതം ഹോസ്റ്റലിലേക്ക് പറിച്ചുനട്ട കാലം..എന്റെ ലോകത്തേക്ക് പുതിയ വർണ്ണങ്ങൾ വന്ന കാലം….. എപ്പോഴോ സുമംഗലയുടെ കടും വർണ്ണങ്ങൾ അരോചകമായി തോന്നി തുടങ്ങി…. അവധിക്കാലത്ത് നാട്ടിൽ വന്നപ്പോൾ കുഞ്ഞു ട്ടാന്ന് വിളിച്ച് ഓടി വന്നവൾ കയ്യിൽ പിടിച്ചു….അവളുടെ കടുംനിറം ഉളവാക്കിയ മനം പിരട്ടലിൽ ശക്തിയോടെ ഞാൻ കൈ വലിച്ചെടുത്തപ്പോൾ നിറഞ്ഞ അവളുടെ കണ്ണുകൾ … അതിൽ പിന്നെ അവൾ എന്റെ അടുത്തേക്ക് വരാതെയായി. ഒരു പക്ഷേ എന്റെ മാറ്റങ്ങൾ എന്നേക്കാൾ നന്നായി അവൾ മനസ്സിലാക്കിയിട്ടുണ്ടാവണം എന്നെ കാണുമ്പോൾ അവൾ തല കുനിച്ച് ഒഴിഞ്ഞ് മാറി നടന്നു.എനിക്കത് പ്രശ്നമേ അല്ലായിരുന്നു.

കാറിലെ ഗ്ലാസ്സിൽ മഴ തുള്ളികൾ പറ്റി പിടിച്ചിരിക്കുന്നു ചെറിയ കുരുക്കൾ പോലെ..

ഓർമ്മയിലേക്ക് കുരുക്കൾ ദേഹത്ത് പൊന്തിയ ഒരു പനിക്കാലം വന്നു..ഹോസ്റ്റലിൽനിന്ന് ചിക്കൻപോക്സ് പിടിപെട്ട് വീട്ടിലെത്തിയ ദിവസം വൈകിട്ട് അവൾ അസുഖവിവരം തിരക്കി വീട്ടിൽ വന്നു… തുറന്നു കിടന്ന വാതിലിലേക്ക് അവളുടെ കണ്ണുകൾ പലപ്പോഴായി എന്നെ തേടി അലയുന്നത് കണ്ടു. അന്നു മുതൽ എനിക്ക് വേണ്ടി പച്ചിലമരുന്ന് അരയ്ക്കാനും മഞ്ഞൾ അരയ്ക്കാനും കഞ്ഞി വയ്ക്കാനും അവൾ അമ്മയോടൊപ്പം കൂടി .പകർച്ച വ്യാധി ഭയന്ന് ബന്ധുക്കൾ പോലും വരാൻ മടിച്ചു നിന്ന ദിവസങ്ങൾ പലപ്പോഴും എന്നെ ഉണർത്തിയിരുന്നത് തുറന്നിട്ട ജനലിനടുത്തു നിന്നും കേൾക്കുന്ന അവളുടെ ശബ്ദമായിരുന്നു.” പകർച്ചവ്യാധിയാണ് പകരും ” എന്നൊക്കെ അമ്മ ഉപദേശിക്കുമ്പോഴും”ഓ അത് സാരല്യ” ന്ന് മൂക്കു കൊണ്ട് പറഞ്ഞ് അവൾ കൂടെ നിന്നു.ആ ദിവസങ്ങളിലെല്ലാം പനിച്ചൂടിനേക്കാൾ എന്നെ പൊള്ളിച്ചത് കുറ്റബോധത്തിന്റെ ചൂടായിരുന്നു.

പനി മാറി മടങ്ങാൻ നേരം അവളെ കണ്ടിരുന്നു ഉള്ളിലെ കുറ്റബോധമോ ചമ്മലോ കൊണ്ട് അവളെ അഭിമുഖീകരിക്കാൻ കഴിഞ്ഞില്ല. എനിക്ക് തരാനായി അവൾ അമ്മയെ ഏൽപ്പിച്ച പൂജിച്ച ചരട് ഞാൻ കയ്യിൽ കെട്ടിയത് കണ്ടപ്പോൾ അവളുടെ മുഖം വിടരുന്നത് കണ്ടു. എങ്കിലും അവൾ അടുത്തേക്ക് വന്നതേ ഇല്ല. പതിവുപോലെ ഒഴിഞ്ഞുമാറി നടന്നു…പലപ്പോഴും അവൾ മുത്തിയമ്മയുടെ കാവിനു സമീപം ഇരിക്കുന്നത് കണ്ടു…. ആ കാവും മലയും ഉള്ളിലെ കൗമാരക്കാരനെ ഉണർത്തും എന്ന് തോന്നിയതുകൊണ്ട് കണ്ടില്ലെന്ന് നടിച്ച് നടന്നു… അവൾ എനിക്ക് ആരുമായിരുന്നില്ല എന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള പാഴ്ശ്രമം…

കോളേജിലെ സഹപാഠികൾ നാടുകാണാൻ വന്ന ദിവസം… വഴിയരികിലൂടെ ഒതുങ്ങി നടന്നു പോയ അവളെ നോക്കി കൂട്ടത്തിലൊരുവൻ അശ്ളീല ചുവയുള്ള കമന്റ് പറഞ്ഞപ്പോൾ ഉള്ളിലൊരു അഗ്നി എരിഞ്ഞതാണ്. ഒടുവിൽ എന്തോ ഒരു നിസ്സാര കാര്യത്തിന് വഴക്കിട്ട് ഭ്രാന്തമായ രീതിയിൽ അവനെ തല്ലിയപ്പോൾ ഞാൻ അറിഞ്ഞു ഒരാൾക്കും പറിച്ചെറിയാനാകാത്ത വിധം അവളെന്റെ ഉള്ളിൽ പതിഞ്ഞു കിടപ്പുണ്ടെന്ന്…

ജീവിതം വേഗത്തിൽ ഓടിത്തുടങ്ങിയതോടെ ഗ്രാമത്തിലേക്കുള്ള എന്റെ വരവ് കുറഞ്ഞു. ഇടയ്ക്കുള്ള ഫോൺ വിളികളിൽ എപ്പോഴോ അമ്മ പറഞ്ഞറിഞ്ഞു സുമംഗലയുടെ അമ്മയും സഹോദരിയും എല്ലാം മരിച്ചു എന്ന്. അവൾ അനാഥയായി എന്ന് .സഹതാപങ്ങൾക്കും ദു:ഖങ്ങൾക്കും ഒരു നിമിഷാർദ്ധത്തിന്റെ ആയുസ്സ് മാത്രം ഉള്ള വേഗതയിലേക്ക് എന്റെ ജീവിതം മാറിത്തുടങ്ങിയെങ്കിലും അവളൊരു നീറ്റലായി ഉള്ളിലെവിടെയോ നിന്നു .

എന്റെ വിവാഹത്തിനാണ് പിന്നെ നാട്ടിലേക്ക് വന്നത്.നാട് ഒരുപാട് മാറിപ്പോയിരുന്നു. നാട്ടുകാരും.റഫീക്ക് ഇക്കയുടെ ചായക്കട മകൻ ഏറ്റെടുത്തു അതോടെ സുമംഗല അവിടെ നിന്നും പുറത്തായി.അവിടെ നിന്ന് മാത്രമല്ല ഗ്രാമത്തിന്റെ മനസ്സിൽ നിന്നും…. അവരുടെ കണ്ണിൽ അവൾ ഭ്രാന്തിയായി. ഭംഗിയുള്ള ഷാളുകൾ അവൾക്ക് കിട്ടാതെയായി. എങ്കിലും അവൾ എല്ലാവരേയും നോക്കി ചിരിച്ചു. അവളപ്പോഴും കടുംനിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു… ഒരുങ്ങി ച്ചമഞ്ഞ് നടന്നു…

വിവാഹത്തിന് ബന്ധുക്കൾക്ക് വസ്ത്രങ്ങൾ എടുത്ത കൂട്ടത്തിൽ അവൾക്കും ഞാനൊരു ജോഡി എടുത്തു.നേരിട്ട് കൊടുക്കാൻ സാധിച്ചില്ല. എങ്കിലും നിറഞ്ഞ കണ്ണുകളോടെ അവളത് അമ്മയുടെ കയ്യിൽ നിന്നും വാങ്ങുന്നത് ഒരു ജനാലയ്ക്കപ്പുറം നിന്ന് ഞാൻ കാണുന്നുണ്ടായിരുന്നു. നിറമുള്ള മോഹങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന അവൾക്കരികിലേക്ക് എല്ലാം നേടിയവനെപ്പോലെ കടന്നു ചെല്ലാൻ എനിക്ക് സാധിക്കില്ലായിരുന്നു.

വിവാഹത്തിന് ഞാൻ കൊടുത്ത വസ്ത്രമണിഞ്ഞ് അവൾ വന്നു.ഭാമയുടെ കഴുത്തിൽ ഞാൻ താലിചാർത്തുമ്പോൾ അവളും പൂക്കൾ വാരി എറിയുന്നത് കണ്ടു. അതിൽ ഒരു അമ്മയുടെ വാൽസല്യമുണ്ടായിരുന്നു. ഒരു ചേച്ചിയുടെ സന്തോഷമുണ്ടായിരുന്നു… പിന്നെ…പിന്നെയും എന്തൊക്കെയോ…എനിക്കറിയാൻ പാടില്ലാത്ത എന്തൊക്കെയോ വികാരങ്ങൾ… ഉളളിൽ അത്രയും നാൾ ഞാൻ അടക്കി നിർത്തിയത് അണ പൊട്ടി ഒഴുകുന്നതറിഞ്ഞു. ഭാമയോടൊപ്പം അവളുടെ കാലിൽ തൊട്ടത് അനുഗ്രഹം തേടാനായിരുന്നില്ല മനസ്സുകൊണ്ട് മാപ്പു പറയാനായിരുന്നു… അന്ന് എന്നെ കെട്ടിപ്പിടിച്ചവൾ കരഞ്ഞു…. ഭ്രാന്തമായി… ഞാനും കരയുന്നുണ്ടായിരുന്നു.

പക്ഷേ പിന്നീടൊരിക്കലും അവളെന്നെ തേടി വന്നില്ല. മുമ്പ് കാട്ടാറുള്ളതുപോലെ അകലം കാണിച്ചു. എന്നെ കാണുമ്പോഴേ ഒരു ചിരി സമ്മാനിച്ച് തല കുമ്പിട്ടവൾ വഴി മാറിപ്പോകും.. പതുക്കെ പതുക്കെ ഞാനും മാറി… ഭാമയുടെ പരിഭവങ്ങളിൽ അപ്പുവിന്റെ കുസൃതികളിൽ എപ്പോഴോ അവൾ മുങ്ങിത്താഴ്ന്നു പോയി…

“സാർ, വീടെത്തി” ഡ്രൈവറിന്റെ വാക്കുകളാണ് ചിന്തയിൽ നിന്നുണർത്തിയത്. അമ്മ വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു.

” കുഞ്ഞാ നീ കരഞ്ഞോ?കണ്ണൊക്കെ ചുവന് വീങ്ങിയല്ലോ?”

ഞാൻ കരയുകയായിരുന്നോ? അറിഞ്ഞില്ല.തലവേദന ഉണ്ടായിരുന്നു

“എവിടെയാണ്?” ആ ചോദ്യമേ വായിൽ നിന്ന് വന്നുള്ളു

” ആ അഗതിമന്ദിരത്തിന്റെ ഹാളിലാണ് കിടത്തിയിരിക്കുന്നത്. നീ എത്തും എന്ന് രാഘവേട്ട നോട് പറഞ്ഞിട്ടുണ്ട് ഞാൻ “

പിന്നെ നിന്നില്ല. ധൃതി പിടിച്ചിറങ്ങി.അഗതിമന്ദിരത്തിന് മുന്നിൽ കാറിൽ വന്നിറങ്ങുമ്പോൾ പല കണ്ണുകളും അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. ഹാളിൽ ഒരു വാഴയിലയിൽ അവൾ ഒരുങ്ങിക്കിടക്കുന്നു. വെറുതെ ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കി. ചുറ്റുമുള്ള കണ്ണുകളിലൊന്നും ദു:ഖത്തിന്റെ ലാഞ്ഛന പോലും കണ്ടില്ല.

” കാൽക്കൽ ചെന്ന് ഒന്ന് തൊട്ടു തൊഴുതോളു കുഞ്ഞാ “രാഘവേട്ടനാണ്.
ഞാൻ പതുക്കെ മുന്നോട്ട് ചെന്നു.

സ്വപ്നങ്ങൾ ഒളിപ്പിച്ച കണ്ണുകൾ അടച്ച് അവൾ കിടക്കുന്നു… ഒരു നിമിഷം.. അവൾ കണ്ണടച്ച് എന്നെ പറ്റിക്കുവാണെന്ന് തോന്നി… എന്നെ നോക്കി കണ്ണടച്ച് വെറുതെ എന്നവൾ പറയും പോലെ… എന്റെ ഉള്ളിലെ പൊടിമീശക്കാരൻ കുസൃതിയോടെ തല പൊക്കി… പ്രണയം നിറച്ച കണ്ണുകളോടെ അവൻ അവളുടെ അടുത്തേക്ക് ചെന്നു .. ഉള്ളിലെ പ്രണയം മുഴുവനെടുത്ത് അവളുടെ നെറ്റിയിലെ സിന്ദൂരപൊട്ട് പടരുമാറ് അമർത്തിയൊരു ചുംബനം…

” കുഞ്ഞാ, എന്താ കുട്ടി നീയി കാണിക്കണേ”

രാഘവേട്ടൻ എന്നെ ബലമായി പിടിച്ചു മാറ്റുമ്പോഴും ഞാൻ കണ്ടു അവളുടെ ചുണ്ടിലെ പുഞ്ചിരി….. എല്ലാം നേടിയെടുത്ത വളുടെ സന്തോഷത്തോടെയുള്ള ചിരി…

Leave a Reply

Your email address will not be published. Required fields are marked *