January 29, 2022

ഇത്തിരിനേരം അതിലേക്ക് നോക്കിയിരുന്ന് അവളത് ആർത്തിയോടെ വലിച്ചുകുടിക്കുന്നത് കണ്ടു…

കാർത്തികേയൻ

രചന : അഞ്‌ജലി മോഹൻ

തെരുവിലെ ചളിയിൽ പുരണ്ട് അനക്കമറ്റ്‌ കിടക്കുന്ന ഒരു വയസ്സനരുകിൽ ഇരുന്ന് ആർത്തലച്ച് കരയുന്നവളെ ആദ്യമായാണ് അവനന്ന് കണ്ടത്……അവൾക്ക് മേലാകെ ചളി പുരണ്ടിട്ടുണ്ട്…..നീളമുള്ള മുടിക്ക് ചെമ്പൻ നിറം….മുന്നിൽ കിടക്കുന്നത് അവളുടെ അച്ഛനാണെന്ന് ഉറപ്പ്… അയാൾ മരിച്ചുവെന്നും ഉറപ്പ്……കൂടി നിൽക്കുന്നവരെല്ലാം കാഴ്ചക്കാരെപോലെ മാറി നിൽക്കുകയാണ്……വായിലേക്ക് വലിച്ചുകയറ്റിയ പുകച്ചുരുൾ പുറത്തേക്ക് ഊതിവിട്ടുകൊണ്ട് അവനും ഒരരുകിലേക്ക് നിന്ന് ആ പെണ്ണിന്റെ കണ്ണുനീർ കണ്ടാസ്വദിച്ചു……ഹൃദയമില്ലാത്തവൻ….

കാർത്തികേയൻ……

പോലീസ് വാഹനം എത്തുമ്പോഴേക്കും അവളുടെ കണ്ണുനീരിന്റെ ഒഴുക്കും ശബ്ദവും കുറഞ്ഞിരുന്നു…. അവളാകെ തളർന്നിരുന്നു…..അവളെയും, അവളുടെ അച്ഛന്റെ ശവശരീരത്തെയും പോലീസുകാർ ചേർന്ന് വാഹനത്തിലേക്ക് തള്ളി കയറ്റുന്നതും നോക്കി ഒരുപറ്റം ആളുകൾ പോലീസ് ജീപ്പിനു ചുറ്റും തടിച്ചുകൂടി….ചുരുങ്ങിയ ഒരു മണിക്കൂർ അതിനുള്ളിൽ അതേ ജീപ്പിൽ അതേ സ്ഥലത്ത് അവർതന്നെ അവളെ കൊണ്ടിറക്കുന്നതും കണ്ടു……അവനവളെ സൂക്ഷ്മതയോടെ നോക്കി….അവൾക്ക് നടക്കുമ്പോൾ ചെറുതായി മുടന്തുണ്ട്…..ഉടുത്തിരിക്കുന്ന സാരിയും ബ്ലൗസും പിന്നിയിട്ടുണ്ട്…തളർച്ചയോടെ അവളൊരു പീടികയുടെ പടിയിൽ ചെന്നിരുന്നു………

“ആ അച്ഛനും മോളും മാത്രേ ഉണ്ടായിരുന്നുള്ളു…. ഇവിടെ പാട്ടൊക്കെ വച്ച് സൈക്കിളിന്റെമേൽ ഓരോ അഭ്യാസം കാണിച്ച് അന്നന്നത്തെ ഭക്ഷണോം തിന്ന് ജീവിച്ചോണ്ടിരുന്നതാ…. ഇനിപ്പം ആ കുട്ടീടെ ഗതി എന്താവ്വോ….” ചായക്കടക്കാരൻ നാരായണേട്ടൻ വേപഥുവോടെ അവളെനോക്കി ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു…..കാർത്തികേയന്റെ കണ്ണുകൾ വീണ്ടും അവൾക്കുമേൽ തറഞ്ഞു വീണു……ഇപ്പോഴും ആ രണ്ട് കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്……

നാരായണേട്ടൻ നടന്നുചെന്ന് ഒരു ഗ്ലാസ്‌ ചൂട് പാൽചായ അവൾക്കരുകിൽ വച്ചുകൊടുത്തു….. ഇത്തിരിനേരം അതിലേക്ക് നോക്കിയിരുന്ന് അവളത് ആർത്തിയോടെ വലിച്ചുകുടിക്കുന്നത് കണ്ടു….അവന്റെ ചുണ്ടുകളിൽ പുച്ഛം നിറഞ്ഞു…..

“ഇന്നേരം വരെ അതൊന്നും കഴിച്ചിട്ടില്ല….” അയാൾ പറഞ്ഞവസാനിക്കുമ്പോഴേക്കും അവളുടെ ശരീരം ബോധമറ്റ് പൊടിമണ്ണിലേക്ക് വീണിരുന്നു……മിഴികൾ വലിച്ചു തുറക്കുമ്പോൾ സർക്കാർ ആശുപത്രിയിലെ പൊടിപിടിച്ച ഫാൻ മുകളിൽ കറങ്ങുന്നുണ്ടായിരുന്നു….എന്തോ പറയാനായി വാ തുറന്നതും ചുണ്ടിലും നാവിലും നീറ്റലേറ്റ് അവളുടെ കണ്ണൊന്ന് കലങ്ങി…..

‘വാ തുറക്കണ്ട…. ചൂട് ചായ മോന്തുമ്പോ ഓർക്കണായിരുന്നു…. നാവിനല്പം പൊള്ളലുണ്ട്….’ കാർത്തികേയന്റെ കണ്ണുകൾ ഇരുണ്ടു….അടുത്തൊരു പ്ലാസ്റ്റിക് സ്റ്റൂളിൽ ഇരിക്കുന്ന കാർത്തികേയനെയവൾ സംശയത്തോടെ നോക്കി…..പിന്നെയവളുടെ മിന്നാമിനുങ്ങ് കണ്ണുകളൊന്ന് തിളങ്ങി….. ആ കണ്ണുകൾ കൊണ്ടവൾ അവനോട് നന്ദി പറഞ്ഞു…..പോക്കറ്റിൽ നിന്നും ഒരു സിഗരട്ടും തീപ്പെട്ടിയും എടുത്ത് പുറത്തെ വരാന്തയിലേക്ക് മുറുമുറുത്തുകൊണ്ടവൻ നടന്നു…..ഇടയ്ക്ക് അണഞ്ഞും തെളിഞ്ഞും കത്തുന്ന ചുമരിലെ മഞ്ഞവെളിച്ചത്തിലേക്ക് നോക്കി നോക്കിയവളുടെ കണ്ണുകളടഞ്ഞു….

‘എണീക്കാനുള്ള ഭാവമില്ലേ അതോ ഈ നാറ്റത്തിൽ തന്നെ കിടക്കാൻ പോവാണോ…..’ അലർച്ചയോടുള്ള ശബ്ദം കേട്ട് മയങ്ങിത്തുടങ്ങിയ കണ്ണുകളെ അവൾ പ്രയാസപ്പെട്ട് വേർപെടുത്തി….. കയ്യിൽ നിന്നും ക്യാനുല അപ്പോഴേക്കും അഴിച്ചുമാറ്റപെട്ടിരുന്നു…. പരവേശത്തോടെയവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് മുന്നിൽ വേഗത്തിലായി നടക്കുന്നവന്റെ പിന്നാലെ പാഞ്ഞു…..

ഹോസ്പിറ്റലിന് പുറത്തെത്തിയപ്പോഴാണ് ഇരുട്ടിയെന്നും രാത്രിയായെന്നും മനസിലായത്…..അവന്റെ ഓട്ടോയ്ക്ക് പിന്നിൽ നിശബ്ദമായിരിക്കുമ്പോൾ ഇനിയെന്ത് എന്നൊരു ചോദ്യം മുന്നിൽ കുരുങ്ങി നിന്നു…..ഒട്ടും സംശയമോ സങ്കോചമോ ഇല്ലാതെ അവന്റെ വണ്ടി അതേ പീടിക തിണ്ണയ്ക്കരുകിൽ ചവിട്ടി നിർത്തി…..സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിലേക്ക്, വിജനമായ റോഡിലേക്കവൾ വേദനയോടെ ഇറങ്ങി നിന്നു…..ദൂരേയ്ക്ക് ആ ഓട്ടോ പോകുന്നതും നോക്കിയവൾ നടുറോഡിലേക്ക് പടഞ്ഞിരുന്നു……അങ്ങിങ്ങായി തെരുവുനായ്ക്കൾ കിടന്നുറങ്ങുന്നുണ്ട് മെല്ലെയെഴുന്നേറ്റ് പീടിക വരാന്തയിലേക്ക് കയറി കിടന്നു…… ചുണ്ടുകൾ അച്ഛനെയോർത്ത്, വിധിയെ ഓർത്ത് വിതുമ്പി കൊണ്ടിരുന്നു…..

അച്ഛനുള്ളപ്പോഴും ഇതേ വരാന്തയിലായിരുന്നു കിടന്നിരുന്നത്… പക്ഷേ ഇപ്പൊ ഉള്ളിലൊരു ഭയം പോലെ….ഒറ്റപ്പെടൽ ആ പെണ്ണിനെ കാർന്നു തിന്നുകൊണ്ടിരുന്നു……ഉറക്കമുണർന്നൊരു തെരുവുപട്ടി അവൾക്ക് മേൽ മണംപിടിച്ച് അവിടെത്തന്നെ തിരിഞ്ഞു കളിച്ചു…..കണ്ണുകൾ അടയ്ക്കാതെ അവളാ റോഡിലേക്ക് നോക്കി കിടന്നു…..ദൂരെനിന്ന് എവിടെനിന്നോ ഒരു വണ്ടിയുടെ ശബ്ദം അടുത്തടുത്ത് വരുന്നതുപോലെ…. ഓടി പീടികവരാന്തയുടെ ഓരത്തേക്ക് ചുരുണ്ടുകൂടി ഒളിച്ചിരുന്നു……

“വരുന്നെങ്കിൽ വാടി….” വീണ്ടും അതേ അലർച്ച…ആശുപത്രി വാർഡിൽ നിന്നും കേട്ടവന്റെ അതേ ശബ്ദം….മിഴികളുയർത്തി നോക്കി…. അതേ… അവൻ തന്നെ….എന്തോ ഒരു നേർത്ത ആശ്വാസം വന്നണഞ്ഞതുപോലെയവൾ ശ്വാസം എടുത്തുവിട്ടു…. വീണ്ടും അതേ ചോദ്യം അലർച്ചയ്‌ക്കൊപ്പം ആവർത്തിക്കപ്പെട്ടപ്പോൾ ഓടിച്ചെന്ന് ഓട്ടോയിലേക്ക് കയറിയിരുന്നു…..

വണ്ടി മണ്ണിട്ട ഇടവഴികളും വളവുകളും താണ്ടി ചെറിയൊരു ഓടിട്ട വീടിനുമുന്നിൽ ചെന്ന് നിന്നു…. തുരുമ്പു പിടിച്ച താഴ് തുറന്നവൻ അകത്തേക്ക് കയറി… ഒന്ന് ശങ്കിച്ച് നിന്ന് അവളും അവന് പിന്നിലായി നടന്നു…..രണ്ട് മുറികൾ ഉള്ള കുഞ്ഞ് വീട്…. ആദ്യം കണ്ട മുറിയിൽ തന്നെ കയറിയവൻ വാതിലടച്ചിരുന്നു…. അവശേഷിച്ച മുറിയിലേക്ക് അവളും കയറി വാതിലിന്റെ കൊളുത്തിട്ടു…പൊട്ടിയ ഓടിലൂടെ സൂര്യപ്രകാശം അടിച്ചപ്പോഴാണ് നേരം വെളുത്തെന്നറിഞ്ഞത്….. പുറത്തേക്കിറങ്ങിയപ്പോൾ അവൻ പോയെന്ന് മനസിലായി……

പിന്നിലെ മുറ്റത്തേക്കിറങ്ങിയപ്പോൾ തുരുമ്പിച്ച് പാതിപൊട്ടിയ വാതിലുള്ള കുളിമുറി കണ്ടു…. അതിനകത്തെ മൺകുടത്തിൽ നിറയെ വെള്ളവുമുണ്ട്…. ഉടുത്തിരുന്ന സാരിയും ബ്ലൗസും അഴിച്ചുമാറ്റി തണുത്തവെള്ളത്തിലൊന്ന് കുളിച്ചു…… വീണ്ടും അതേ സാരിത്തന്നെ എടുത്തുടുത്തു……അഴുക്കായി കിടന്ന വീടെല്ലാം അടുക്കിപെറുക്കി ഒതുക്കി വച്ചു….. അടുക്കളയിൽ ഭക്ഷണസാധനങ്ങൾ ഒന്നും തന്നെയില്ലായിരുന്നു…..പട്ടിണികിടന്ന് നല്ല ശീലമുള്ള വയറായതുകൊണ്ടാവാം അത് വിശന്ന് കരയാതിരുന്നത്….. വീണ്ടും ചെന്ന് അതേ മുറിയിൽ കിടന്നു……ഇടയ്ക്ക് വിശപ്പ് തോന്നിയപ്പോഴെല്ലാം കിണറിൽ നിന്നും വെള്ളം വലിച്ചെടുത്ത് ഓരോ ഗ്ലാസ്സായി കുടിച്ചുകൊണ്ടിരുന്നു……

അവൻ തിരികെ വരുമ്പോൾ രാത്രിയായിരുന്നു….. വാഴയിലയിൽ പൊതിഞ്ഞ ഒരില അവൾക്ക് നേരെ ഇട്ടുകൊടുത്തുകൊണ്ടവൻ ആടിയാടി മുറിക്കുള്ളിലേക്ക് കയറി…. ആ കുഞ്ഞുവീട്ടിൽ മദ്യത്തിന്റെ ദുർഗന്ധം പരന്നു….ആവേശത്തോടെയവൾ പൊതിതുറന്നുകൊണ്ട് ഉള്ളിലുണ്ടായിരുന്ന ദോശയും ചമ്മന്തിയും ആർത്തിയോടെ കഴിച്ചു……

ദിവസത്തിൽ ഒരുനേരത്തെ ആഹാരം മാത്രമവൾക്ക് പതിവായി…… പകൽ മുഴുവനവൾ കൊതിയോടെ രാത്രിയിലെ ദോശയ്ക്കും ചമ്മന്തിയ്ക്കുമായ് കാത്തിരിക്കും….. ഒരിക്കൽ കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റവളുടെ കയ്യിലവന്റെ പിടി വീണിരുന്നു…. മിഴികളുയർത്തി ആ പെണ്ണവനെ ഭയപ്പാടോടെ നോക്കി….അരികിലേക്ക് ചേർത്തുപിടിച്ചപ്പോൾ വീണ്ടുമാ പളുങ്കുമിഴികൾ വിടർന്നു….അവന്റെ കൈകളിൽ കിടന്ന് ഒന്ന് കുതറാനാവാതെ അവൾ വിറങ്ങലിച്ചു…..പുറത്തെ കോരിച്ചൊരിയുന്ന മഴ കാർത്തികേയന്റെ മുറിക്കുള്ളിലേക്ക് ഇറ്റുവീണു…

‘നിന്റെ പേരെന്താടി….??’ വീണ്ടുമവന്റെ ശബ്ദത്തിന് മൂർച്ഛയേറി…..

‘ശിവകാമി…’ നേർമയിൽ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…..അവന്റെ കണ്ണുകളിൽ വന്യത തിളങ്ങി…..അവളുടേതിൽ പ്രണയവും….ആ മിഴിക്കുള്ളിൽ ആ പെണ്ണിന്റെ ഉടലാകെ നിറഞ്ഞു….അവളുടെ ശരീരം ഇരുട്ടിൽ ഞെരിഞ്ഞുടഞ്ഞു….പിഞ്ചികീറിത്തുടങ്ങിയ സാരി എവിടെയൊക്കെയോ വീണ്ടും കീറി മുറിഞ്ഞു……മൃ ഗം…ഹൃദയമില്ലാത്തവൻ…കാർത്തികേയൻ…..

കാലത്ത് മിഴികൾ തുറന്നവൾ അരികിലേക്ക് നോക്കി…. ശൂന്യമായി കിടക്കുന്ന ഇടംഭാഗം അവളെ നൊമ്പരപ്പെടുത്തി…..ഏറെനേരം ആ കിടക്കയിൽ തന്നെ അനങ്ങാതെ കിടന്നു……അന്ന് പതിവിലും ഉത്സാഹത്തോടെ അവളവനെ കാത്തുനിന്നു……വിശപ്പിനേക്കാൾ മുകളിൽ മറ്റെന്തോ നിറഞ്ഞു നിൽക്കുന്നതവൾ പരവേശത്തോടെ തിരിച്ചറിഞ്ഞു…..രാത്രിയിരുട്ടിൽ എപ്പോഴോ അവൻ വന്ന് കയറുമ്പോൾ അവൾ ഉമ്മറ വാതിൽക്കൽ തന്നെ പതുങ്ങി നിന്നിരുന്നു……പതിവുപോലൊരു പൊതി മേശയിലേക്ക് ഇട്ടുകൊടുത്ത് ഒരുനോക്കവളെ നോക്കാതെ മുറിക്കുള്ളിൽ കയറി വാതിൽ കൊട്ടിയടച്ചു…..പരിഭവം കൊണ്ടവളുടെ ചുണ്ടുകൾ വളഞ്ഞു……കണ്ണിലൊരു സാഗരവും….ഇടയ്ക്കിടെ അടഞ്ഞ വാതിൽ പൊളിയിലേക്ക് നോക്കിക്കൊണ്ടവൾ എങ്ങനെയൊക്കെയോ കഴിച്ചു തീർത്തെന്നു വരുത്തി……

‘ഓർമകാണില്ലെ… മറന്നു കാണുമോ……..’ അവൾക്കന്ന് ഉറങ്ങാനായില്ല…..ദിവസങ്ങൾ പോകെ മനസിലായി കാർത്തികേയന്റെ ജീവിതത്തിലെ ഒരുപാട് പെൺശരീരങ്ങളിൽ ഒന്ന് മാത്രമാണ് അവളെന്ന്……ആദ്യം അവളൊന്ന് പകച്ചു…..ഇടയ്ക്കിടെ കണ്ണുകൾ നിറഞ്ഞു….ഹൃദയത്തിൽ പ്രണയം വിങ്ങി…..

ഒരുരാത്രി ഊണ് പൊതിക്കൊപ്പം അവന്റെ കൂടെ ഒരു പെണ്ണുമുണ്ടായിരുന്നു……ചുണ്ടിൽ ചായം തേച്ച വാസനത്തൈലത്തിന്റെ കുത്തണ മണമുള്ളൊരു പെണ്ണ്……അവളൊരു പതർച്ചയോടെ ആ പെണ്ണിനെ തന്നെ നോക്കി….മേശമേലേക്ക് ഊണ് പൊതി വച്ചുകൊടുത്തുകൊണ്ട് അവനാ പെണ്ണിന്റെ കൈകളിൽ പിടിച്ചു വലിച്ചുകൊണ്ട് മുറിക്കുള്ളിലേക്ക് കയറി…..

ഒരുനിമിഷത്തേക്ക് ഹൃദയം നിലച്ചു…..അതേ മുറി….താൻ തനിക്കും അവനുമായി ഒതുക്കി വൃത്തിയാക്കി പുതിയ പുതപ്പുകൾ മാറ്റി വിരിയ്ക്കുന്ന മുറി….അവന്റെ വിയർപ്പിനൊപ്പം തന്റേതും കൂടെ കലർന്ന മുറി…..അവളുടെ നെഞ്ച് വിങ്ങി….

അന്ന് കൊണ്ടുവന്ന ഊണ് പൊതി തുറന്ന് നോക്കാൻപോലും ആവാതെയവൾ ചുമരിലൂടെ ഊർന്നിറങ്ങി…..ബ്ലൗസിലേക്ക് തിരുകിവച്ച പൈസയുമായി കാലത്ത് ആ പെണ്ണ് ഇറങ്ങുമ്പോഴും വെറും നിലത്ത് ഒരേ ഇരിപ്പായിരുന്നു ശിവകാമി……പിന്നാലെ ഇറങ്ങിവന്ന കാർത്തികേയന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് മേശമേൽ തുറക്കാതെ വച്ച ഊണ് പൊതിയിലായിരുന്നു….. അരിച്ചു കയറിയ ദേഷ്യത്തിൽ അവൻ ആ പൊതി നിലത്തേക്ക് വലിച്ചെറിഞ്ഞു…..പുളിച്ച ദോശയുടെയും ഒഴുകിയൊലിച്ച പഴകിയ ചമ്മന്തിയുടെയും മണം നടുമുറിയിൽ നിറഞ്ഞു…..അവളുടെ കണ്ണുകൾ അവനെനോക്കി പെയ്തു……നിസ്സഹായത…പരിഭവം….നോവ്…..എന്തൊക്കെയോ ആ കണ്ണീരിൽ ഇറ്റു വീണു……

അവളുടെ കണ്ണുനീരിലേക്ക് ഒരു നോട്ടം പായിച്ചുകൊണ്ടവൻ ചവിട്ടി തുള്ളി പുറത്തേക്കിറങ്ങി……അവളൊന്ന് ആർത്തുകരഞ്ഞു…..ഒരു രാത്രി മുഴുവൻ നോവ് കടിച്ചുപിടിച്ചവളുടെ വേദന……

അവനിലെന്നും പുതിയ പുതിയ പെണ്ണിന്റെ വാസന തൈലതിന്റെ സുഗന്ധം നിറഞ്ഞു നിന്നു….പക്ഷേ പിന്നീടൊരിക്കൽ പോലും ശിവകാമിയല്ലാതെ മറ്റൊരു പെണ്ണ് ആ വീടിന്റെ മുറിക്കുള്ളിൽ കടന്നില്ല…….

രണ്ടുമാസക്കാലമായി മാസത്തിൽ ചുവക്കാതെയായി….. വെള്ളം കുടിച്ചുമാത്രം വിശപ്പിനെ ശമിപ്പിക്കാനാവാതെ വന്നു…..രാവിലത്തെ ആഹാരം കൂടെയവൾ അവനോട് ചോദിച്ച് ഇരന്നു വാങ്ങി കഴിച്ചു……അവൾക്ക് ഇക്കാര്യം അവനോട് പറയാൻ പേടി തോന്നി…..വേണ്ടെന്ന് പറഞ്ഞാലോ….ഇല്ലാതാക്കാൻ പറഞ്ഞാലോ….അല്ലെങ്കിൽ ‘തന്നെ’ പറഞ്ഞു വിട്ടാലോ….അവൾ വാ മൂടിക്കെട്ടി….

ഒളിച്ചു വയ്ക്കാനാവാതെ അവളുടെ വയറൊന്ന് വീർത്തു….ക്ഷീണവും ഛർദിലും ഏറിയേറി വന്നു…..അവന്റെ കണ്ണുകൾ കൂർത്തു….അവളുടെ കണ്ണുകൾ പെയ്തു തുടങ്ങി…..

“വളർച്ചയെത്തി… ഇനി നശിപ്പിക്കാൻ ആവില്ല” ഡോക്ടർ പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ ചുവന്നു കല്ലിച്ചു…..”രണ്ടുപേരുണ്ട്…” അവളൊന്ന് പുഞ്ചിരിച്ചു… ഇടം കണ്ണാലെ അരികിലിരിക്കുന്ന കാർത്തികേയനെ നോക്കി….ആ കണ്ണിലപ്പോഴും ചുവപ്പ്…ദേഷ്യം….വെറുപ്പ്…..

ഒൻപത് മാസങ്ങൾ എങ്ങനെയോ ചട്ടുകാലും വച്ച് തള്ളി നീക്കി….. വേദന വന്ന രാത്രി അലറിക്കരഞ്ഞപ്പോൾ അവൻ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി….. ഇരുണ്ട വിളക്കെണ്ണയുടെ നിറമുള്ള രണ്ട് ആൺകുഞ്ഞുങ്ങൾ……അവൾ ആ കുഞ്ഞുങ്ങളിൽ കാർത്തികേയനെ തേടിക്കൊണ്ടിരുന്നു……ദിവസത്തിൽ രണ്ട് നേരം അവൻ ആശുപത്രിയിൽ വരും…എന്തെങ്കിലും വേണോ എന്ന് മറ്റെവിടേക്കെങ്കിലും നോക്കി ചോദിക്കും….ഒന്നും മിണ്ടാതെ അവളവന്റെ മുഖത്തേക്ക് നോക്കി കിടക്കും…..

ആശുപത്രി വിടണ ദിവസം രണ്ട് പൂപോലത്തെ കുഞ്ഞുങ്ങളെ ഇരു കയ്യിലും മുറുകെ പൊതിഞ്ഞു പിടിച്ചുകൊണ്ടവൾ നടന്നു…..മുന്നിലെ മുറ്റത്ത് ഓട്ടോയുമായി നില്കുന്നവനെ ഒന്ന് നോക്കിക്കൊണ്ട് പ്രയാസപ്പെട്ട് എങ്ങനെയോ അതിനകത്തു കയറിയിരുന്നു…..

വീടിനുള്ളിലെ കുഞ്ഞ് കട്ടിലിൽ അവൾ കുഞ്ഞുങ്ങളെ ശ്രദ്ധയോടെ കിടത്തി….തലചെരിച്ച് പിന്നിൽ നിൽക്കുന്നവനെ ഒന്ന് നോക്കിയപ്പോഴേക്കും അവൻ നടന്നകന്നിരുന്നു……പിന്നത്തെ വരവിൽ ഒരു സഞ്ചിയിൽ നിറയെ പലചരക്ക് സാധനങ്ങളവൻ മുറിക്ക് പുറത്ത് കൊണ്ടുവച്ചു…..മനസ്സ് നിറഞ്ഞൊരു സന്തോഷം അവൾക്കുള്ളിൽ അലയടിച്ചു….ഇനി വിശക്കുമ്പോഴെല്ലാം കഴിക്കാമല്ലോ…. കുഞ്ഞുങ്ങൾക്ക് നല്ല മുലപ്പാല് കൊടുക്കാല്ലോ….അവളൊന്ന് പുഞ്ചിരിച്ചു……

അന്ന് കുളിക്കാനായി കുളിമുറിയിലേക്ക് നടക്കുമ്പോൾ ഒരു ആണിയും ചുറ്റികയും കയ്യിൽ പിടിച്ചിരുന്നു….. അതുവച്ചവൾ കുളിമുറിയുടെ വാതിലിന്റെ പാതി മുറിഞ്ഞ തകര അടിച്ചു നിവർത്തി ഉറപ്പിച്ചു വച്ചു….ഇനി പഴയതുപോലെ വേഗത്തിലുള്ള കുളി നടക്കില്ല…..തിളയ്ക്കണ വെള്ളത്തിൽ കുളിച്ച് കഴിഞ്ഞതും കാർത്തികേയന്റെ ഒരു ഷർട്ടും മുണ്ടും എടുത്തിട്ടു……

കുഞ്ഞുങ്ങൾക്ക് രണ്ടുപേർക്കും അവന്റെ തന്നെ മുണ്ടുകൾ വെട്ടിയെടുത്ത് ശീലകൾ ഉണ്ടാക്കി…..അന്ന് രാത്രിയും അവൻ വരുമ്പോഴും കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു….. മേശയിലേക്ക് പതിവുപോലത് എറിഞ്ഞുകൊണ്ടവൻ മുറിയിലേക്ക് നടന്നു…..

“ഞാൻ ഇച്ചിരി ചോറ് എടുത്ത് തരട്ടെ…??” അവളൊരു ചുമരിലേക്ക് ചാഞ്ഞു….

‘എന്നതാടി പെണ്ണേ… പ്രേമമോ….?? ഉണ്ടായ രണ്ടിനേം നോക്കി അവിടെ എവിടേലും കിടന്നോ….. കാർത്തികേയന്റെ മനസ്സിൽ ഒരുത്തിക്കും സ്ഥാനമില്ല…..വെറുതെ ഓരോന്ന് മോഹിച്ച് മോങ്ങണ്ട….’ ആടികുഴഞ്ഞുകൊണ്ടവൻ മുറിവാതിൽ വലിച്ചടച്ചു…..നേരിയ പുഞ്ചിരിയോടെയവൾ പൊതി തുറന്ന് ദോശ നുള്ളിയെടുത്ത് കഴിച്ചു……

ആ കുഞ്ഞുവീട്ടിൽ രണ്ട് കുഞ്ഞുങ്ങളുടെ പുഞ്ചിരിയും കരച്ചിലും അലയടിച്ചു തുടങ്ങി…..ഒരിക്കൽപോലും കുഞ്ഞുങ്ങളെ നോക്കാൻ അവനൊന്ന് വന്നില്ല….

“അവനെങ്ങനെ സ്നേഹിക്കാനാ…. ഇതുപോലത്തെ എത്രയെണ്ണം ഏതൊക്കെ വീട്ടിൽ ഉണ്ടെന്ന് ആർക്കറിയാം….” വേലിക്കപ്പുറം നിന്ന് ഉയരുന്ന മുറുമുറുപ്പുകൾ കേട്ട് അവളുടെ ഉള്ളൊന്ന് ആളി…..അന്ന് രാത്രിയവൻ വരുന്നത് കണ്ടപ്പോൾ രണ്ട് കുഞ്ഞുങ്ങളെയും അവന്റെ മുറിക്കുള്ളിൽ കൊണ്ടുചെന്ന് കിടത്തി…..കട്ടിലിൽ കാലിട്ടടിച്ച് കൊഞ്ചിച്ചിരിക്കുന്ന രണ്ടുപേരെ നോക്കിക്കൊണ്ട് അവനല്പനേരം വാതിൽക്കൽ നിന്നു… പിന്നെ പിന്തിരിഞ്ഞ് അടുത്ത മുറിയിലേക്ക് നടന്നു…..

‘ന്താ…. ന്താ ന്റെ കുഞ്ഞുങ്ങളെ ഒന്ന് നോക്കാത്തെ….?? എന്താ ഒരിത്തിരി നേരം പോലും അവർടൊപ്പം ഇരിക്കാത്തെ….?? അവർ രണ്ടും നിങ്ങടേത് തന്നെയാ…..ന്നിട്ടും ഒട്ടും സ്നേഹം തോന്നണില്ലേ….?? ഒട്ടും വാത്സല്യം തോന്നണില്ലേ….??’ അവളുടെ നെഞ്ചോന്നിടറി…. “എല്ലാരും പറയണപോലെ ഇതുപോലെ നിറെ കുഞ്ഞുങ്ങളുണ്ടോ നിങ്ങക്ക്….??” അവളുടെ തല താഴ്ന്നു…..അവന്റെ കണ്ണുകൾ ഒരുനിമിഷം അവളുടെ കുനിഞ്ഞ ശിരസ്സിൽ തറഞ്ഞു നിന്നു…..മുഖം കനത്തു വന്നു….കൈമുഷ്ടി ചുരുട്ടി പിടിച്ചുകൊണ്ടവൻ അടുത്ത മുറിയിലേക്ക് നടന്നു……

“എനിക്ക് സ്നേഹിക്കാനും… കൊഞ്ചാനും… കിണുങ്ങാനുമൊന്നുമറിയില്ല…….ഞാൻ ഇങ്ങനൊന്നും ഒരിടത്തും ഒരുത്തിക്കും, കുഞ്ഞുങ്ങൾക്കും നാല് നേരം തിന്നാൻ കൊണ്ടുചെന്ന് കൊടുക്കാറുമില്ല…..” അവന്റെ ശബ്ദം കടുത്തു… അവളുടെ കുനിഞ്ഞ മുഖം ഉയർന്നു…. കണ്ണുനീർ തിങ്ങിയ മിഴികൾ രണ്ടും തിളങ്ങി…..ചുണ്ടുകൾ പുഞ്ചിരിക്കാൻ തുടങ്ങുമ്പോഴേക്കും ആ മുറിവാതിൽ അടക്കപ്പെട്ടു കഴിഞ്ഞിരുന്നു……

രാത്രി കുഞ്ഞുങ്ങൾ നിലവിളിച്ചു കരഞ്ഞു….. പുറത്ത് കനത്തമഴ പെയ്യുന്നുണ്ട്….. മണിക്കൂറൊന്ന് കഴിഞ്ഞിട്ടും കരച്ചിൽ നിലക്കാഞ്ഞത് കേട്ട് കാർത്തികേയൻ മുറിക്കുള്ളിലേക്ക് ചെന്ന് നോക്കി…..മുറി ചോർന്നൊലിക്കുന്നുണ്ട്…കുഞ്ഞുങ്ങളുടെ മേൽ തണുത്ത വെള്ളം ഇറ്റുവീഴുന്നുണ്ട്…..അവന്റുള്ളിൽ ആദ്യമായ് ഒരു നോവ് കുരുങ്ങി…..ശിവകാമി രണ്ട് കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിക്കാൻ ശ്രമിച്ച് പാടുപെടുന്നു…. അരികിലേക്ക് ചെന്നിരുന്ന് ആദ്യമായവൻ ഒരു കുഞ്ഞിനെ കൈകുഴിക്കുള്ളിലേക്ക് ഒതുക്കിപിടിച്ചു……ആാാ പെണ്ണിന്റെ കണ്ണുകളൊന്ന് വിടർന്നു…..അല്പസമയം കൊണ്ട് കുരുന്നുകൾ മയക്കം പിടിച്ചിരുന്നു…..പുറത്ത് മഴപെയ്യുന്നതോ ഇടിവെട്ടുന്നതോ കുഞ്ഞുങ്ങൾ ഉറക്കത്തിൽ ഞെട്ടുന്നതോ പിന്നീട് ശിവകാമിയെ അലട്ടിയില്ല…. അവളൊരു കുഞ്ഞിനെ മടിയിലായി കിടത്തിക്കൊണ്ട് കാർത്തികേയന്റെ തോളിലേക്ക് ചാഞ്ഞു…..ഉറക്കത്തിൽ ചിണുങ്ങുന്ന കുഞ്ഞുങ്ങൾക്ക് ഇടവിട്ടവൾ അവന്റെ അരികിലിരുന്ന് മുലയൂട്ടി……

പിറ്റേന്ന് കാലത്ത് ഉറക്കമുണരുമ്പോൾ പുരപ്പുറത്ത് എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു….. ഉമ്മറവാതിൽ തുറന്ന് ഇന്നലെ പെയ്തവശേഷിച്ച ചെളിയിലേക്ക്‌ ഇറങ്ങിനിന്നവൾ മേലോട്ട് നോക്കി…..പൊട്ടിയ ഓടുകൾ എടുത്തുമാറ്റി പുതീത് വച്ചുപിടിപ്പിക്കുന്ന തിരക്കിലായിരുന്നു കാർത്തികേയൻ……ഇത്തിരിനേരം അങ്ങോട്ട് നോക്കി നിന്ന ശേഷം അടുപ്പത്തേക്ക് കട്ടൻചായയ്ക്കുള്ള വെള്ളം എടുത്തുവച്ചു……

അന്ന് രാത്രി മുറിവാതിലിന് പുറത്ത് തിരിഞ്ഞുകളിക്കുന്ന കാർത്തികേയനെ കാണെ ശിവകാമി ഊറിച്ചിരിച്ചു…..’ഇന്നും ഇരുന്നുറങ്ങാൻ വയ്യ… ചെറിയ മേല് വേദനയുണ്ട്….’ രണ്ടുപേർക്ക്‌ കഷ്ടിച്ച് കിടക്കാവുന്ന കട്ടിലിലേക്ക് നോക്കിയവൾ അവന് കേൾക്കാൻ പാകത്തിന് പറഞ്ഞു….എന്തോ നിരാശ തട്ടിയതുപോലെ അവനന്നും അടുത്ത മുറിയിലേക്ക് ചെന്ന് കിടന്നു……അവന്റെ ദേഹത്തുനിന്നും മ ദ്യത്തിന്റെയും വാസനതൈലത്തിന്റെയും മണം മാഞ്ഞുതുടങ്ങുന്നതവൾ അറിയുന്നുണ്ടായിരുന്നു…..കാർത്തികേയനും പ്രണയം…..അവൾക്കന്ന് കണ്ണടയ്ക്കാനായില്ല….അവനും…..

പിറ്റേന്ന് ഉച്ചയാവുമ്പോൾ ഒരാശാരി വന്നു…. മുറിയിലെ കട്ടിലിന് പട്ടികയടിച്ച് നീട്ടി അല്പം കൂടി വീതി കൂട്ടി…..’ഇപ്പോൾ മൂന്ന് നാല് പേർക്ക് ഒന്നിച്ച് കിടക്കാം എന്താ പോരെ….??’ അയാൾ കാർത്തികേയനോടായ് ചോദിക്കുമ്പോൾ ശിവകാമി പിടയ്ക്കുന്ന മിഴികളോടെ വാതിൽമറവിലേക്ക് ഒളിച്ചിരുന്നു…..അയാൾ പൊയ്ക്കഴിഞ്ഞയുടൻ കുഞ്ഞുങ്ങൾക്കരുകിൽ ചെന്നിരുന്നവൻ പോക്കറ്റിൽ നിന്നും നേർത്ത രണ്ട് സ്വർണമാലയെടുത്ത് അവരുടെ കഴുത്തിൽ ഇട്ടുകൊടുത്തു…..ഒന്ന് രണ്ട് ജോഡി ഉടുപ്പുകളും അവർക്കരികിലായ് വച്ചു….ശിവകാമിയുടെ കണ്ണൊന്ന് നിറഞ്ഞു….മുറിവിട്ട് ഇറങ്ങാൻ തുടങ്ങിയവൻ അവൾക്ക് നേരെയും ഒരു കവർ നീട്ടിപിടിച്ചു……

“ന്നാ… ചേരുമോന്ന് അറിയില്ല…. കൊള്ളില്ലെങ്കിൽ മാറ്റി വാങ്ങാം….” മറുപടിയ്‌ക്കോ മറ്റൊന്നിനുമൊ കാത്തുനിൽക്കാതെ ഓട്ടോയെടുത്ത് പോകുന്നവനെ നോക്കിക്കൊണ്ട് ചുമരിലേക്ക് ചാഞ്ഞു നിന്നു…..

അന്ന് രാത്രിയ്ക്കും മുൻപവൻ തിരികെ വന്നിരുന്നു…..മുറിയിലെ നിലത്ത് പായയിൽ കിടന്ന് കളിക്കുന്ന കുഞ്ഞുങ്ങൾക്കൊപ്പം അവനും ചെന്നിരുന്നു…..അടുക്കളയിൽ നിന്ന് കാർത്തികേയന്റേയും കുഞ്ഞുങ്ങളുടെയും കളിചിരികൾ കേട്ട് ശിവകാമി സന്തോഷം കൊള്ളുന്നുണ്ടായിരുന്നു…അവനൊരാളെ വീരനെന്നും മറ്റൊരാളെ കുട്ടിക്കൊമ്പനെന്നും കൊഞ്ചിച്ചു വിളിക്കുന്നത് കേട്ടു…..കാർത്തികേയന്റെ ചിരിക്കുന്ന മുഖം കാണാനായവൾ വാതിൽ മറവിലൂടെ മുറിക്കുള്ളിലേക്ക് നോക്കി…..അന്നാദ്യമായി ഇരുവരും ഒന്നിച്ചിരുന്ന് ഊണ് കഴിച്ചു…..നാല് പേരും ചേർന്ന് ഒരേ മുറിയിൽ കിടന്നു……

പിറ്റേന്ന് കാലത്തവൻ ഇറങ്ങാൻ നേരം രണ്ട് കുഞ്ഞുങ്ങളുമായവൾ വാതിൽക്കലേക്ക് ചെന്നു….പടിയിലേക്ക്‌ ഇറങ്ങി നിന്നുകൊണ്ട് രണ്ടുപേർക്കുമവൻ ഓരോ നനുത്ത മുത്തം നൽകി….ഇത്തിരിനേരം ശിവകാമിയെ കൺമറയാതെ നോക്കി നിന്നു…..അവന്റെ കൈകൾ അറിയാതെ തന്നെ അവളുടെ കവിൾത്തടങ്ങളെ തലോടി…..

‘നേരത്തെ വരില്ലേ…??’ അവളുടെ സ്വരം നേർത്തു…അവന്റെ ചുണ്ടുകൾ പ്രണയത്തോടെ അവളുടെ തിരുനെറ്റിയിൽ അമർന്നു…..

‘മ്മ്ഹ്…’ പുഞ്ചിരിച്ചുകൊണ്ട് അവനൊന്ന് മൂളി…..നാണത്തോടെയവൾ അവനെ നോക്കിക്കൊണ്ട് വാതിൽ മറവിലേക്ക് ഒളിഞ്ഞുനിന്നു…

അവസാനിച്ചു

Leave a Reply

Your email address will not be published.