June 13, 2021

ഇവിടിപ്പോ ആർക്കാ ഫൈസീ സംശയം, എത്ര കൊല്ലമായി നമ്മൾ ഇതു കാണാൻ തുടങ്ങിയിട്ട്….

കാവ്യനീതി

രചന: ഷിജു കല്ലുങ്കൻ

“ആ പെങ്കൊച്ചിനെ പി ച്ചിച്ചീ ന്തിയിട്ട് ശ്വാസം മുട്ടിച്ചു കൊന്നത് ഇവന്മാരു മൂന്നുംകൂടിയാണെന്നുള്ള കാര്യത്തിൽ നിനക്കു സംശയമുണ്ടോ രഘുവേ..?

ജയിലിന്റെ നീളൻ വരാന്തയിൽ രണ്ടു ബ്ലോക്കുകൾക്കിടയിലുള്ള ഇടനാഴിയിൽ സിമന്റു ഭിത്തിയിലേക്കു ചാരി നിന്ന് തന്റെ കയ്യിലിരിക്കുന്ന ബാറ്റൺ താളത്തിൽ ഭിത്തിയിൽ മുട്ടിക്കൊണ്ട് ഫൈസൽ ചോദിച്ചു.

“ഇവിടിപ്പോ ആർക്കാ ഫൈസീ സംശയം, എത്ര കൊല്ലമായി നമ്മൾ ഇതു കാണാൻ തുടങ്ങിയിട്ട്…. പോലീസുകാരു പിടിച്ചു കൊണ്ടുവരുന്നു, വക്കീലന്മാർ ഇറക്കിക്കൊണ്ടു പോകുന്നു.”

ഇടനാഴിയുടെ അങ്ങേയറ്റത്ത് ഭാർഗ്ഗവന്റെ തലവെട്ടം കണ്ടതേ ഫൈസൽ തന്റെ ബാറ്റന്റെ താളം ഒന്നു മാറ്റി.

“ഭാർഗ്ഗവേട്ടാ, നിങ്ങടെ സെല്ല് ഒടനെ കാലിയായേക്കുമെന്നു കേക്കണൊണ്ടല്ലോ…”

“അപ്പോ ഇവന്മാർക്കും ശിക്ഷയില്ല അല്ലേ….? റിട്ടയറാകുന്നതിനു മുന്നേ പീ ഡനക്കേസിൽ പിടിക്കുന്ന ഒരുത്തനെയെങ്കിലും ശിക്ഷിക്കുന്നതു കാണാമെന്ന് വെറുതെ ആശിച്ചു…!!”

“എന്തു ചെയ്യാനാ ഭാർഗ്ഗവേട്ടാ, ആ കെളവൻ വക്കീല്, രണ്ടു ബൈപാസ് കഴിഞ്ഞതാ എന്നിട്ടും തട്ടിപ്പോകാതെ ജീവിച്ചിരിക്കുന്നത് ഇതുപോലുള്ള കിരാതകൻമാരെ രക്ഷിക്കാൻ വേണ്ടി മാത്രമാണ്… ഇന്നും കോടതിയിൽ അയാൾ നമ്മുടെ പബ്ലിക് പ്രോസിക്യൂട്ടറെ നക്ഷത്രമെണ്ണിച്ചാ വിട്ടേ.. ഇവന്മാർ പുല്ലു പോലെ ഊരിപ്പോകുമെന്നു സാരം…” രഘു വായിൽക്കിടന്ന ച്യുയിങ് ഗം തുപ്പണോ വേണ്ടയോ എന്ന് ആലോചിച്ചുകൊണ്ടു പറഞ്ഞു.

“പക്ഷേ ഈ കേസില് ആ പെങ്കൊച്ച് ഇവന്മാരുടെ പേര് നേരിട്ടു പറഞ്ഞതല്ലേ രഘൂ….. പിന്നെങ്ങനാ ഊരിപ്പോകുന്നേ..?”

“പറഞ്ഞൂന്നൊള്ളത് ശരിയാ പക്ഷേ നെഞ്ചിൽ അവശേഷിച്ചിരുന്ന ഇത്തിരി തുടിപ്പുമായി ആ കൊച്ചു രക്ഷപെട്ടു വന്നതും ഇവന്മാരുടെ പേരു പറഞ്ഞതും സ്വന്തം അച്ഛനോടല്ലേ..? പോലിസ് മൊഴി എടുക്കുന്നതിനു മുന്നേ അതു മരിച്ചു. സ്വന്തം അച്ചന്റെ മൊഴി കോടതിയിൽ തെളിവായി നിലനിൽക്കാൻ സാധ്യതയില്ലത്രേ…!!”

“അല്ലടാ രഘു ഇവന്മാരെ ഇടിക്കാതിരിക്കാൻ നിനക്കെത്ര കിട്ടി…?” ഫൈസൽ ഇടയ്ക്കു കയറി ചോദിച്ചു.

“ഫൈസീ, രഘു ഇടിയൻ തന്നെയാ.. ത ന്തയില്ലാത്തരം കാണിച്ചിട്ട് ഇതിനകത്തേക്ക് വരുന്നവന്മാർക്ക് പൊറത്തു പരിക്കു കാണാതെ അകത്തു ചോര കിനിയണ പണി കൊടുക്കാൻ രഘുവിനറിയാം… കാശു മേടിച്ചിട്ട് ചെയ്യാതിരുന്നിട്ടുമുണ്ട്… പക്ഷേ ഇവന്മാരുടെ കാര്യത്തിൽ….”

“നിന്നേക്കാൾ മോളിൽ പിടി പോയി അല്ലേ രഘു…? ഭാർഗ്ഗവൻ ചോദിച്ചു. “…റിമാൻഡ് സെല്ലിന്റെ പരിസരത്തു പോലും രഘുവിനെ കണ്ടു പോകരുതെന്ന് ജയിലറുടെ ഓർഡറുണ്ട്…” ചിരിച്ചു കൊണ്ട് അയാൾ പൂർത്തിയാക്കി.

“അതു വിട് ഭാർഗ്ഗവേട്ടാ… നിങ്ങടെ കൊച്ചു മോൾടെ കാര്യം എന്തെങ്കിലും വിവരം കിട്ടിയോ?”

ഭാർഗ്ഗവൻ ഒന്നും മിണ്ടിയില്ല. അയാളുടെ കണ്ണുകൾ പിടഞ്ഞു. സുനീലയെ കാണാതെയായിട്ടു നാലു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.

ഭാർഗ്ഗവന്റെ മകന്റെ ഒരേയൊരു മകൾ. പ്ലസ്‌ വണ്ണിന്റെ പരീക്ഷ കഴിഞ്ഞു കിട്ടിയ അവധിക്കാലം അച്ഛമ്മക്കും മുത്തച്ഛനുമൊപ്പം ആഘോഷിക്കാൻ വന്നതായിരുന്നു. ഒരു വൈകുന്നേരം വീടിനു വെളിയിലെ തൊടിയിലേക്കിറങ്ങിയ സുനീല പിന്നെ തിരിച്ചു വന്നില്ല. വീടിന്റെ മുന്നിൽ നിന്നും പഞ്ചായത്തു റോഡിലേക്കുള്ള ഇടവഴിയിൽ നിന്നു കിട്ടിയ കുറേ പൊട്ടിയ വളച്ചില്ലുകളും ഒരു വെള്ളിപ്പാദസ്വരവും കുട്ടിയേ ആരോ ബലാൽക്കാരമായി തട്ടിക്കൊണ്ടു പോയതിന്റെ അവശേഷിപ്പുകളായി പോലീസിനു കിട്ടി.

“ശ്ശേ… നീ വെറുതെ ചോദിച്ചു വിഷമിപ്പിക്കണ്ടായിരുന്നു അങ്ങേരെ… പാവം…” ഫൈസൽ രഘുവിനോടു പറഞ്ഞു.

പിറ്റേന്നു രാത്രി മടക്കി വെച്ച കയ്യുടെ മുകളിലേക്കു തല ഉയർത്തി വച്ച് ബെഡിൽ വെറുതെകിടക്കുന്ന ഭാർഗ്ഗവന്റെയരുകിലേക്ക് ഗൗരിയമ്മ ചേർന്നു കിടന്നു. മകനും മരുമകളും ജോലി സ്ഥലത്തേക്കു തിരിച്ചു പോയിക്കഴിഞ്ഞിരുന്നു.

“നമ്മുടെ സുനിക്കുട്ടിയെ നമുക്കു തിരിച്ചു കിട്ടുമെന്നു നിനക്കു തോന്നാണൊണ്ടോ ഗൗരീ…?”

ഒരു തേങ്ങൽ മാത്രമായിരുന്നു ഗൗരിയമ്മയിൽ നിന്നു മറുപടിയായി ഉയർന്നത്.

“ഞാനിന്ന് ഒരിടം വരെ പോയിരുന്നു… അവന്മാരു പീഡിപ്പിച്ചു പി ച്ചിച്ചീ ന്തിയ ആ നേഴ്സ് കൊച്ചിന്റെ വീടു വരെ….”

“ജയിലിൽ റിമാൻഡിൽ കിടക്കുന്ന അവന്മാരു കൊന്ന കൊച്ചിന്റെ വീട്ടിലോ…?” അവരുടെ നനഞ്ഞ ശബ്ദത്തിൽ ഒരുപാട് ഉദ്ദ്വേഹം നിറഞ്ഞിരുന്നു.

“ഉം…. നമ്മുടെ പോലൊരു കൊച്ചു വീട്… റോഡിൽ നിന്ന് ഇരുന്നൂറ്‌ മീറ്റർ കാണും നമ്മുടെ വീട്ടിലേക്കുള്ള പോലൊരു ഇടവഴി… ഒരു രാവും പകലും കോവിഡ് രോഗികൾക്കുള്ള സ്പെഷ്യൽ ഡ്യൂട്ടി കഴിഞ്ഞ് സന്ധ്യക്ക്‌ റോഡിൽ ബസിറങ്ങി ആ ഇടവഴിയിലൂടെ നടന്നു വരുമ്പോഴാണ് ആ കുട്ടിയെ അവന്മാർ എടുത്തുകൊണ്ടു പോയത്…”

ഗൗരിയമ്മ ഭയപ്പാടോടെ ഭാർഗ്ഗവന്റെ നെഞ്ചിലേക്കു കൈകൾ ചേർത്തു വച്ചു.

“… അവൾക്ക് അച്ഛൻ മാത്രമേയുള്ളൂ. സ്വന്തം മകളുടെ കേസ് വിസ്താരമായിട്ടുപോലും ഇന്നലെ അയാൾ കോടതിയിൽ ഹാജരായില്ല!”

“അയ്യോ അതെന്നാ പറ്റി…?”

“… ആരും തിരിഞ്ഞു നോക്കാനില്ലാതെ ആ കൊച്ചു വീടിനുള്ളിൽ ഒരു കട്ടിലിൽ ഒരു പഴന്തുണിക്കെട്ടു പോലെ അയാൾ കിടപ്പുണ്ടായിരുന്നു.”

“ഈശ്വരാ…!! അയാൾക്കു മറ്റു ബന്ധുക്കൾ ആരുമില്ലേ…?”

“ഉണ്ടാവും ഗൗരി..പക്ഷേ അയാൾക്കിനി ജീവിക്കണ്ട എന്ന്…. “

“നിനക്കു മരിക്കാൻ ഭയമുണ്ടോ ഗൗരീ…?” ഭാർഗ്ഗവൻ പെട്ടെന്നു ചോദിച്ചു.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അയാളുടെ നെഞ്ചിൽനിന്ന് കൈത്തലം വലിച്ചെടുത്തിട്ട് മലർന്നു കിടന്ന് ചെറിയ സ്പീഡിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ഇതളുകളിലേക്ക് നോട്ടം കേന്ദ്രീകരിച്ചു അവർ.

” നമ്മുടെ സുനിക്കുട്ടിയെ കാണാതായതിനു ശേഷം നമ്മൾ എന്നെങ്കിലും ജീവിച്ചിട്ടുണ്ടോ ഭാർഗ്ഗവേട്ടാ..? അവൾക്ക് നമ്മളെ ഒരുപാടിഷ്ടമായിരുന്നു, ഒരു പക്ഷേ അവളുടെ അച്ഛനമ്മമാരെക്കാൾ അധികം….”

അവധിക്ക് അവൾ വന്നതിന്റെ രണ്ടാം നാളായിരുന്നു ക്ഷേത്രത്തിൽ ഉത്സവം. ഉത്സവപ്പറമ്പിലെ കാഴ്ചകൾ കണ്ടുനടക്കുന്നതിനിടയിൽ അവൾ കൊഞ്ചി.

“മുത്തച്ഛാ.. എനിക്ക് ഒരൂട്ടം വാങ്ങണം പൈസ തര്വോ..?” ഉത്തരത്തിനു കാത്തുനിൽക്കാതെ തന്റെ പോക്കറ്റിൽ നിന്ന് കാശുമെടുത്ത് ഓടിപ്പോയവൾ തിരിച്ചു വരുമ്പോൾ ചുരുട്ടിപ്പിടിച്ച കയ്യിൽ എന്തോ ഉണ്ടായിരുന്നു.

ഒരു അരിമണി!

അരിമണിയിൽ അക്ഷരങ്ങൾ എഴുതുന്ന കലാകാരന്റെ കയ്യിൽ നിന്ന് ഭൂതക്കണ്ണാടി വാങ്ങി അവൾതന്നെയാണ് അതിൽ എഴുതിയിരുന്ന അക്ഷരങ്ങൾ കാണിച്ചു തന്നത്.

ഭാർഗ്ഗവന്റെ ‘ഭ ‘ യും ഗൗരിയുടെ ‘ഗ ‘ യും!!

“ഇതു വെറും അക്ഷരങ്ങളല്ല എന്റെ ‘ഭാഗ്യ ‘ മാണ്… എന്റെ മുത്തച്ഛനും അച്ഛമ്മയും…” രണ്ടാൾക്കും നടുവിൽ നിന്ന് അവരുടെ കൈകൾ കവിളത്തു ചേർത്തുവച്ച് അവൾ കുറുകി.

ആ സ്നേഹത്തിനു മുന്നിൽ അങ്ങനെ തോറ്റു കൊടുക്കാൻ അവരും തയ്യാറായില്ല. ആ അരിമണി ടൗണിലെ ജ്വല്ലറിയിൽ ഏല്പിച്ച് അതിനെ ഒരു പച്ചക്കല്ലിൽ പൊതിഞ്ഞ് സ്വർണ്ണ ലോക്കറ്റിലാക്കി ഒരു കൊച്ചു സ്വർണ്ണ മാലയിൽ ചേർത്ത് അവളുടെ കഴുത്തിലിട്ടു കൊടുത്തു.

ഒരു നെടുവീർപ്പോടെ ഭാർഗ്ഗവൻ ഗൗരിയുടെ നീർച്ചാലുകൾ ഒഴുകിയിറങ്ങിയ മുഖത്തേക്ക് നോക്കി. പിന്നെ ഒന്നും പറയാതെ അവരുടെ മുഖം തന്റെ നെഞ്ചിലേക്കു ചേർത്തു വച്ച് കണ്ണുകൾ ഇറുക്കിയടച്ചു.

പിറ്റേന്ന് ജയിലിന്റെ വിശാലമായ കോമ്പോണ്ടിലെ വാട്ടർ ടാങ്കുകളിൽനിന്ന് വെള്ളം കോരിയെടുത്ത് തടവുകാർ അലക്കുകയും കുളിക്കുകയും ചെയ്യുന്നതു നോക്കിയിരുന്ന രഘുവിന്റെ അടുത്തു നിന്ന് അല്പം മാറി ഭാർഗ്ഗവൻ ഇരുന്നു.

“മനുഷ്യന്റെ ശ്വാസകോശം എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് നിനക്കറിയാമോ രഘു…?”

“ഇടിക്കാനറിയാവുന്ന പോലീസുകാരന് ഡോക്ടറെക്കാൾ നന്നായി മനുഷ്യന്റെ ശരീരത്തെ അറിയാം ഭാർഗ്ഗവേട്ടാ..!!” രഘു ചിരിച്ചു.

“പുറത്തു കാണാൻ പറ്റാത്ത രീതിയിൽ നമുക്ക് ഒരാളുടെ ശ്വാസകോശം ഇടിച്ചു ചതക്കാൻ പറ്റുമോ രഘു..?”

“അല്ല ഭാർഗ്ഗവേട്ടാ… എന്താ നിങ്ങടെ ഉദ്ദേശം…?”

“ഹേയ്… ചുമ്മാ ചോദിച്ചുവെന്നേയുള്ളു… ഇതൊക്കെ നിന്റെയൊക്കെ പ്രായത്തിൽ മാത്രം സാധിക്കുന്ന കാര്യമല്ലേ… എന്നെപ്പോലുള്ള വയസ്സന്മാർ ഇടിച്ചാൽ നമ്മുടെ കൈ പോകും എന്നല്ലാതെ….”

“അയ്യോ കയ്യോ….. ആരിടിക്കുന്നു കൈകൊണ്ട്..? ദാ ഇങ്ങോട്ടു നോക്ക്…”

രഘു ഭാർഗ്ഗവന്റെ കഴുത്തിൽ ചുറ്റിയിരുന്ന കാക്കി നിറമുള്ള ഷാൾ വലിച്ചെടുത്തു.

“ദാ ഇതിനകത്തേക്ക് മണലിന്റെ നല്ല നൈസായിട്ടുള്ള തരികൾ വാരിയിട്ടു പാതി നിറക്കണം. എന്നിട്ട് തുണിക്ക് പുറത്തു നിന്ന് വെള്ളം ഒഴിച്ചു കൊടുക്കണം. ഇതിനെയിങ്ങനെ നമ്മുടെ വലം കയ്യിൽ ചുറ്റിപ്പിടിച്ചാൽ ഇരുമ്പു തോൽക്കും. രണ്ടിടി… രണ്ടേ രണ്ടിടി.. ദാ ഇവിടെ, ഇതുകൊണ്ടു കൊടുത്താൽ നമ്മുടെ കൈ വേദനിക്കത്തില്ല, ഇടി കൊണ്ടിടത്തു പാടും കാണില്ല, പക്ഷേ മൂന്നാം നാൾ ഏതു കൊലകൊമ്പനും ശ്വാസത്തിൽ ചോ ര കിനിയും…” രഘു ഭാർഗ്ഗവന്റെ ചങ്കിനു താഴെ ഭാഗത്ത്‌ കൈ കൊണ്ട് അമർത്തിക്കാണിച്ചു.

“അല്ല, നിങ്ങള് ആർക്കിട്ടാ ഇപ്പൊ ഇടിക്കാൻ പോണത്…?”

“ഞാനോ…. എന്റെ സെല്ലുകളിൽ ആകെ ആ മൂന്നു പേരല്ലേയുള്ളൂ..ഞാനെങ്ങാനും കൈ വച്ചാ അവന്മാരു കാറിക്കൂവി ഈ ജയിലു നടുക്കും…”

“ഉവ്വുവ്വേ… വൈകിട്ടു നിങ്ങള് ഡ്യൂട്ടി കഴിഞ്ഞു പോയാൽ മതി അവിടെനിന്ന് ക ഞ്ചാവിന്റെയും മ ദ്യത്തിന്റെയും മണം ഉയരാൻ…. അന്നേരത്ത് എന്റെ കയ്യിലെങ്ങാനും കിട്ടണം കിറുങ്ങിയിരിക്കുന്നവൻമ്മാരുടെ പക്കവാരിക്ക് രണ്ടെണ്ണം കൊടുത്താൽ ഇക്കിളിയിട്ടപോലെ ചിരിക്കത്തെയുള്ളു, പിറ്റേന്നു കെട്ടിറങ്ങണം വേദനയറിയാൻ”

“അവന്മാർക്ക് ജയിലിനുള്ളിൽ എവിടുന്നു കിട്ടുന്നു ഇമ്മാതിരി സാധനം?” ഭാർഗ്ഗവൻ നെറ്റി ചുളിച്ചു.

“ഇവിടെയെല്ലാരും നിങ്ങളെപ്പോലല്ല ഭാർഗ്ഗവേട്ടാ… എന്തിന് നമ്മുടെ ഫൈസി വരെ ആവശ്യക്കാർക്ക് സാധനം എത്തിച്ചു കൊടുക്കുന്നുണ്ടല്ലോ..”

“ഉം…” ഒന്ന് അമർത്തി മൂളിയിട്ട് ഭാർഗ്ഗവൻ എഴുന്നേറ്റു.

പോകുന്ന പോക്കിൽ ഭാർഗ്ഗവൻ ഫൈസലിനെ കണ്ടു.

“ഫൈസലേ ഞാൻ രണ്ടാഴ്ച നൈറ്റ് എടുത്തോളാം.. നീയ് സൂപ്രണ്ട് സാറിനെക്കണ്ട് അഡ്ജസ്റ്റ് ചെയ്തോട്ടൊ….”

” ങ്ങള് മ്മ്‌ടെ മുത്താണ് ഭാർഗ്ഗവേട്ടാ… പതിനഞ്ചു ദിവസം….., നമ്മടെ ബീവിടെ സങ്കടം കുറച്ചു മാറ്റണൊണ്ട്… ” അയാൾ ഉറക്കെച്ചിരിച്ചു.

*********************************

ഇരുളിന്റെ നീണ്ട വഴികൾ ചവിട്ടിത്തളർന്നും ശ്വാസം കിട്ടാതെ പിടഞ്ഞും നീണ്ട ഒരു യാത്രയ്ക്കൊടുവിൽ ഭാർഗ്ഗവന്റെ കണ്ണിലേക്ക് പ്രകാശത്തിന്റെ ഒരു തരി വീഴുമ്പോൾ മുന്നിൽ അന്യഗ്രഹജീവികളെപ്പോലെ കുറച്ചു പേർ ഉണ്ടായിരുന്നു.

“ഡോക്ടറേ…. ദാ ഈ പേഷ്യന്റ് കണ്ണു തുറന്നിട്ടുണ്ടേ…” അവ്യക്തമായ ശബ്ദത്തിൽ ആരൊക്കെയോ സംസാരിക്കുന്നു. അയാളുടെ കണ്ണുകൾ അറിയാതെ വീണ്ടും അടഞ്ഞു പോയി.

പിന്നീട് എപ്പോഴോ ആരോ വിളിക്കുന്നതു കേട്ടു കണ്ണു തുറക്കുമ്പോൾ അരികത്തു മാലാഖയെപ്പോലെ ഒരു നേഴ്സ് ഇരിപ്പുണ്ടായിരുന്നു.

“അമ്മാവാ… അമ്മാവന്റെ ടെസ്റ്റ്‌ റിസൾട്ട്‌ വന്നു കേട്ടോ… കോവിഡ് നെഗറ്റീവാണ്, ഇനി പേടിക്കാൻ ഒന്നുമില്ല. ഇന്നുതന്നെ വാർഡിലേക്കു മാറ്റിയേക്കും, കുറച്ചു ക്ഷീണം കുറഞ്ഞാൽ വീട്ടിൽ പോകാൻ പറ്റിയേക്കും. “

“ഗൗരി….?” അയാളുടെ വരണ്ട ചുണ്ടുകൾ വിറച്ചു.

“അമ്മച്ചിക്കു പ്രശ്നമൊന്നുമില്ല, പല വട്ടം വന്നിരുന്നു കേട്ടോ, ഇങ്ങ് അകത്തേക്കു കയറി വരാൻ പറ്റില്ലല്ലോ .. പിന്നെ……” അവർ എന്തോ പറയാൻ വന്ന് മുഴുമിപ്പിക്കാതെ റൂമിനു വെളിയിലേക്കു നടന്നു.

പകലിന്റെ അന്ത്യത്തിൽ റൂമിലെ ഇലക്ട്രിക് ബൾബുകൾ പ്രകാശം പരത്തിയ നേരത്ത് അവർ വീണ്ടും വന്നു.

“ഇവിടെ അഡ്മിറ്റാക്കിയത് അമ്മാവന് ഓർമ്മയുണ്ടോ…?”

ഭാർഗ്ഗവൻ വെറുതെ തലയാട്ടി.

“കോവിഡ് പോസിറ്റീവായി അത്യാസന്ന നിലയിൽ ഒരു പ്രായമുള്ള രോഗി….രക്ഷപെട്ടാൽ പെട്ടു അത്രേയുള്ളൂ….. പക്ഷേ നിങ്ങൾ ആരാണെന്നറിഞ്ഞ നിമിഷം മുതൽ നിങ്ങളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയെന്നത് ഞങ്ങളുടെ ഒരു വാശിയായിരുന്നു….”

ഭാർഗ്ഗവൻ ചോദ്യഭാവത്തിൽ അവളെ നോക്കി.

“നിങ്ങളിൽ നിന്ന് അവർക്കാണോ അതോ അവരിൽ നിന്ന് നിങ്ങൾക്കാണോ കൊറോണ പടർന്നതെന്നറിയില്ല, പക്ഷേ നിങ്ങളുടെ സെല്ലിൽ കിടന്ന,ഞങ്ങളുടെ സഹോദരിയെ ക ടിച്ചു കീ റിയ, ആ മൂന്നുപേരിൽ രണ്ടു പേർ മരിച്ചു.”

സന്തോഷത്തിന്റെ ഒരു മിന്നാലാട്ടം ഭാർഗ്ഗവന്റെ മുഖത്തുണ്ടായി.

“മൂന്നാമത്തെ ആള്…?” അയാളുടെ ഉദ്ദ്വേഹം കണ്ട് നേഴ്സ് ചിരിച്ചു.

“ഓ… വെല്യ താമസമൊന്നുമില്ല.. അവന്മാരെപ്പോലെ തന്നെ. ഇരിത്തിരി ശ്വാസത്തിനു വേണ്ടി വലിച്ചു വലിച്ചു പിടഞ്ഞു നരകിക്കുന്നു.. മൂക്കിന്റെ മുകളിലിരിക്കുന്ന ഓക്സിജൻ മാസ്ക് ഒന്നു മാറ്റിയാൽ തീരും..”

“ഞങ്ങളുടെ മാലാഖയ്ക്ക് നീതി നടത്തിയ ദൈവദൂതനെ അങ്ങനെ മരണത്തിനു വിട്ടുകൊടുക്കാൻ ഞങ്ങൾക്കു മനസ്സിലായിരുന്നു.” അവൾ ചിരിച്ചു.

ചിരിക്കിടയിലൂടെ പടരുന്ന കണ്ണുനീർ കാഴ്ചയെ മറയ്ക്കുന്നത് ഇരുവരും അറിഞ്ഞു.

ഡിസ്ചാർജായി വീട്ടിലേക്ക് കൊണ്ടുപോകാൻ രഘുവും ഫൈസലും വന്നിട്ടുണ്ടായിരുന്നു.

“എന്നാലുമെന്റെ ഭാർഗ്ഗവേട്ടാ.. ഇടിച്ച് ഇഞ്ച പോലെ ചതച്ചു കളഞ്ഞുവല്ലേ മൂന്നെണ്ണത്തിന്റേം ശ്വാസകോശം…. അങ്ങനെയോള്ളപ്പോ കൊറോണ പിടിച്ചാൽ ചത്തു പോകുമെന്ന് നിങ്ങൾക്കറിയാരുന്നു അല്ലേ…?” രഘു ഭാർഗ്ഗവന്റെ ചെവിയിൽ അടക്കിപ്പിടിച്ചു ചോദിച്ചു.

“കൊറോണ പിടിച്ചു മരിച്ചാൽ പോസ്റ്റ്മോർട്ടം ചെയ്യില്ല എന്നും…” ഭാർഗ്ഗവൻ അടക്കിപ്പിടിച്ചു തന്നെ മറുപടി പറഞ്ഞു.

“ഭാർഗ്ഗവേട്ടാ….!!” രാത്രി കിടക്കുമ്പോൾ പതിഞ്ഞ ഒരു വിളിയോടെ ഗൗരി അയാളോടൊട്ടി.

“ഞാൻ ഒരൂട്ടം ചോദിച്ചാൽ നിങ്ങള് സത്യം പറയുവോ..?”

“ഉം… കള്ളം പറയില്ല..”

“ആ കുട്ടിയുടെ അച്ഛന് കൊറോണ ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെയല്ലേ നിങ്ങൾ അയാളെ ശുശ്രൂഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്…?”

അയാൾ വെറുതെ ചിരിച്ചതേയുള്ളു.

” മുഖത്തെ മാസ്ക് ഊരി മാറ്റി, വെറും കൈകളിൽ കോരിയെടുത്ത്, അരുകിലിരുത്തി ആ മനുഷ്യനെ നിങ്ങൾ ശുശ്രൂഷിച്ചുവെന്ന് .. കൊറോണ ബാധിച്ചു ശ്വാസം മുട്ടി മരിക്കുന്നതിനു മുൻപ് അയാൾ ആ ഹോസ്പിറ്റലിലെ നഴ്സിനോടു പറഞ്ഞു…..!!”

തന്റെ ഇടതു കൈത്തലം കൊണ്ട് ഗൗരിയുടെ തലമുടിയിലൂയിടെ അയാൾ വെറുതെ തലോടിക്കൊണ്ടിരുന്നു.

“ഈശ്വരാ…. ആ രോഗം സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങി അവർക്ക് എത്തിച്ചു കൊടുത്തു നിങ്ങൾ… നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാലോയെന്നു കൂടി ആലോചിക്കാതെ…. അത്രയ്ക്കു പക നിങ്ങളുടെ മനസ്സിൽ അവന്മാരോടെങ്ങനെ വന്നു ഭാർഗ്ഗവേട്ടാ…?”

ഭാർഗ്ഗവൻ ഒന്നും പറയാതെ കിടക്കയിൽ നിന്നെഴുന്നേറ്റു പുറത്തേക്കു നടന്നു.

മുറ്റത്തിന്റെ അതിരിൽ പടർന്നു പന്തലിച്ചു നിന്ന പ്ലാവിന്റെ ശിഖരത്തിൽ ഒരു ഊഞ്ഞാലു കെട്ടിയിരുന്നു. കൊച്ചുമോൾക്ക് ആടാൻ അയാൾ കെട്ടിക്കൊടുത്തത്. ആ ഊഞ്ഞാലിന്റെ പടിക്കടിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു വസ്തു അയാൾ കയ്യിലെടുത്തു.

മേഘങ്ങൾക്കിടയിൽ നിന്ന് തല നീട്ടിയ ചന്ദ്രന്റെ പ്രകാശത്തിൽ അയാളുടെ കയ്യിലിരുന്ന സ്വർണ്ണ ലോക്കറ്റിലെ പച്ചക്കല്ല് ഒരു വട്ടം തിളങ്ങി.

അപ്പോൾ രഘുവും ഫൈസലും ഹോസ്പിറ്റലിൽ കിടന്നു മരിച്ച മൂന്നാമത്തെ പ്രതി ജയിലിൽ വന്നപ്പോൾ അഴിച്ചെടുത്തു മാറ്റിയ വസ്ത്രത്തോടൊപ്പം വച്ച വസ്തുക്കളുടെ കൂട്ടത്തിൽ നിന്ന് ഒരു പച്ചക്കല്ലു പതിപ്പിച്ച സ്വർണ്ണ ലോക്കറ്റ് കാണാതെ പോയതിനെപ്പറ്റി ജയിലിനുള്ളിലിരുന്നു സംസാരിക്കുകയായിരുന്നു

Cover Photo credit

Leave a Reply

Your email address will not be published. Required fields are marked *