June 13, 2021

കൊണ്ട് പോകണമെങ്കിൽ കൊണ്ട് പൊയ്‌ക്കോട്ടെ. പക്ഷേ അത് അവനെ കരയിച്ചുകൊണ്ട് വേണോ…

അമ്മ

രചന: നൈയാമിക മനു

മീരയുടെ കവിൾ തടങ്ങളിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടേയിരുന്നു. അപ്പു ഇപ്പോഴും മീരയുടെ മാറോടു ചേർന്ന് കിടന്ന് വാവിട്ട് കരയുന്നുണ്ടായിരുന്നു.

“നോക്കിനില്ക്കാതെ കുഞ്ഞിനെ എടുക്ക് ” കിരൺ ആക്രോശിച്ചു.

കാവ്യ ബലം പ്രയോഗിച്ചുതന്നെ അപ്പുവിനെ മീരയിൽ നിന്നും അടർത്തി മാറ്റി.മുറ്റത്തേക്ക് നടന്നു. അപ്പു അപ്പോഴും അമ്മേ എന്ന് വിളിച്ചു വാവിട്ട് കരയുന്നുണ്ടായിരുന്നു. കാവ്യ കാറിൽ കയറിയതും കിരൺ കാറെടുത്തു. കാറിലിരുന്ന് കരയുന്ന അപ്പു മോനെ ഇമചിമ്മാതെ നോക്കുമ്പോഴും മീരയുടെ കവിളിനെ കണ്ണുനീർ തഴുകുന്നുണ്ടായിരുന്നു. കാർ ഗേയ്റ്റ് കടന്നതും. മീര പുറകിൽ നിന്ന ആനന്ദിന്റെ മാറിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. അവൻ അവളുടെ മുടിയിൽ തഴുകി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“പ്രസവിച്ചു എന്ന് കരുതി ആരും അമ്മയാകില്ല അവന്റെ അമ്മ നീയാണ്. അവന് നിന്നെ കാണാതെ ഇരിക്കാൻ കഴിയില്ല. നാളെ നേരം വെളുക്കും വരെ പോലും അവനെ നോക്കാൻ അവൾക്ക് കഴിയില്ല. “

ആനന്ദിന്റെ അടുത്ത്‌ നിന്ന അഭി പറഞ്ഞു. അഭിയുടെ കണ്ണുകളിൽ കാവ്യയോടുള്ള അടങ്ങാത്ത ദേഷ്യവും വെറുപ്പും കാണാമായിരുന്നു.

“അവനിങ്ങു തന്നെ വരും മോളെ. നീ സമാധാനിക്ക് “

“കൊണ്ട് പോകണമെങ്കിൽ കൊണ്ട് പൊയ്‌ക്കോട്ടെ. പക്ഷേ അത് അവനെ കരയിച്ചുകൊണ്ട് വേണോ “

ആരും അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. ആനന്ദ് അവളെ മുറിയിലേക്ക് കൊണ്ട് പോയി.

വൈകുന്നേരം മുറിയിൽ ആനന്ദിന്റെ അമ്മയുടെ മടിയിൽ കിടക്കുകയായിരുന്നു മീര. മുറ്റത്ത് കാർ വരുന്ന ശബ്ദവും ഒപ്പം കുഞ്ഞിന്റെ കരച്ചിലും കേട്ട് മീര മുറിയിൽനിന്നിറങ്ങി വേഗം താഴേക്കൊടി. മീര വരാന്തയിലെത്തുമ്പോൾ കിരൺ കുഞ്ഞിനെ ആനന്ദിന്റെ കൈയിൽ കൊടുക്കാൻ മുതിരുകയായിരുന്നു. അപ്പു അപ്പോഴും കരച്ചിലാണ്. മീര വേഗം കുഞ്ഞിനെ വാങ്ങി. അവനെ തുരുതുരെ ചുംബിച്ചു. മീരയുടെ കൈകളിൽ എത്തിയതും അവൻ നിശബ്ദനായി കഴിഞ്ഞിരുന്നു. അവൻ മീരയുടെ മാറിൽ പറ്റി കിടന്നു. മീര അപ്പുവുമായി അകത്തേക്ക് പോയി.

മീര പോയി കഴിഞ്ഞതും അഭി കിരണിനുനേരെ തിരിഞ്ഞു.

“എന്തുപറ്റി നിന്റെ അനിയത്തിക്ക് ഇവനെ അഞ്ചുമണിക്കൂർ തികച്ച് നോക്കാൻ കഴിഞ്ഞില്ലേ.എന്തായിരുന്നു അവളുടെ ഈ നാടകത്തിനു പിന്നിലെ ഉദ്ദേശം. ഇതുപോലുള്ള വരവ് വരാൻ ഇനി അവൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് നിയപരമായി തന്നെ വരാൻ പറയണം. അല്ലാതെ എന്റെ സ്വത്തിനുവേണ്ടി മോനെ വച്ച് വിലപേശാനാണെങ്കിൽ നടക്കില്ലെന്ന് അവളോട്‌ പറഞ്ഞേക്ക്. “

അത്രയും പറഞ്ഞതും കിരൺ തലകുനിച്ചുകൊണ്ട് കാറെടുത്ത് തിരിച്ചു പോയി.

ആനന്ദ് അകത്തേക്ക് പോയപ്പോൾ മീര അപ്പുവിന് ഭക്ഷണം കൊടുത്തു കൊണ്ട് അവനോട് എന്തൊക്കെയോ സംസാരിക്കുകയാണ്.

“അച്ഛെടെ മുത്ത് മാമൂണ്ണുകയാണോ “

ആനന്ദിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അപ്പു ആനന്ദിന്റെ ദേഹത്തേക്ക് ചാടി. ആനന്ദ് അവനെ എടുത്ത് കൊഞ്ചിച്ചു.ഇതെല്ലാം കണ്ട്‌ കൊണ്ട് നിൽക്കുകയായിരുന്നു അഭിയും അഭിയുടെ സുഹൃത്ത് രാജേഷും.

“മീരയും ആനന്ദും അപ്പുമോനെ നോക്കുന്നത് കണ്ടാൽ അവരുടെ കുഞ്ഞല്ല അവനെന്ന് ആർക്കും തോന്നില്ല.”

“അപ്പു അവരുടെ മകൻ തന്നെയാണ്, അവനെ മകനായി കിട്ടാനുള്ള അർഹത അവർക്ക് മാത്രമേ ഉളളൂ “

“നീയും കാവ്യയും എങ്ങനെയാണ് പിരിഞ്ഞത്”

“കാവ്യയെ എനിക്ക് വേണ്ടി അച്ഛനും അമ്മയും തന്നെയാണ് കണ്ടെത്തിയത്.വിവാഹം കഴിഞ്ഞ് ആദ്യമൊക്കെ എനിക്ക് വലിയ പ്രയാസമായിരുന്നു അവളുടെ സ്വഭാവവുമായി ഒത്തുപോകാൻ. എല്ലാ കാര്യത്തിലും ഒരുതരം പിടിവാശിയും ആഡംബരവും. പിന്നീട് ഞാൻ അതൊക്കെ കണ്ടില്ലായെന്ന് നടിച്ചു. അത് അവൾക്ക് വളം വച്ചു കൊടുക്കുന്നതിന് തുല്യമായി. അവൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഒരു അച്ഛനാകുന്നു എന്നതിലുപരി അവളുടെ സ്വഭാവം മാറും എന്ന പ്രതീക്ഷയാണ് എന്നിൽ സന്തോഷം നിറച്ചത്. പക്ഷേ അതിന് ശേഷം അവളുടെ സ്വഭാവത്തിൽ എന്തോ മാറ്റമുള്ളതുപോലെയായിരുന്നു. എന്നോടും വയറ്റിൽ വളരുന്ന കുഞ്ഞിനോടും എന്തോ വെറുപ്പ് പോലെ.

അവൾ 6 മാസം ഗർഭിണിയായിരുന്നപ്പോൾ ആണ് ആനന്ദ് മീരയെ വിവാഹം കഴിക്കുന്നത്. മീരയ്ക്ക് കുട്ടികൾ എന്ന് വച്ചാൽ ജീവനാണ്. അതുകൊണ്ട് തന്നെ കാവ്യക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാൻ അവൾക്ക് വലിയ ഉത്സാഹമായിരുന്നു. അത് പ്രയോജനപ്പെടുത്തി കാവ്യ മീരയെ ഒരുപാട് കഷ്ട്ടപെടുത്തി. ഏഴാം മാസത്തിൽ അവൾ വീട്ടിലേക്ക് പോകുന്നില്ല പ്രസവം വരെ ഇവിടെ തന്നെ നിൽക്കാം എന്ന് പറഞ്ഞപ്പോൾ അമ്മയുൾപ്പടെ എല്ലാവർക്കും അതിശയമായിയുന്നു. അവളുടെ സ്വഭാവം അനുസരിച്ച് ആരും അത് പ്രതീക്ഷിച്ചിരുന്നില്ല.എനിക്ക് തോന്നിയ സന്തോഷം പോകാൻ കുറച്ചു ദിവസം മതിയായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാനില്ലാത്ത ഒരു ദിവസം അവൾ കിരണിനോടൊപ്പം പുറത്ത് പോയിരുന്നു. എനിക്കത് ഒരു പ്രശ്നമല്ലായിരുന്നു. പക്ഷേ അവളെ കുടുംബകോടതി വക്കീലിന്റെ ഓഫീസിൽ വച്ച് കണ്ടു എന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ദിവസങ്ങൾക്കു ശേഷം മ്യൂച്ചൽ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് കൊടുക്കണമെന്നും അവൾക്ക് എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നും തല്ക്കാലം വീട്ടിൽ ആരോടും പറയരുതെന്നും ആവശ്യപ്പെട്ടു. ആദ്യംഎതിർപ്പ് പറഞ്ഞെങ്കിലും എന്നെ വേണ്ടാത്തവളെ എനിക്കെന്തിനാ എന്ന് ഞാനും വിചാരിച്ചു. ഞാൻ ഒപ്പിട്ട് നൽകി. അവളോടും കുഞ്ഞിനോടും പതിയെ എന്റെ മനസ്സിൽ വെറുപ്പ് രൂപപ്പെട്ട് കഴിഞ്ഞു.

പ്രസവത്തിനായി അവളെ ലേബർ റൂമിൽ കയറ്റിയപ്പോൾ എനിക്ക് ഏതൊരു വികാരവും തോന്നിയില്ല. അപ്പു മോനെ അമ്മയാണ് കൈകളിൽ വാങ്ങിയത്. അവളുടെ അമ്മ അവനെ ഒന്ന് വാങ്ങുക പോലും ചെയ്തില്ല. മൂന്നാം ദിവസം അവളെ ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് കുഞ്ഞിനെ കട്ടിലിൽ കിടത്തിയിട്ട് അവൾ എന്റെ അമ്മയോട് പറഞ്ഞു, കുഞ്ഞിനെ അവൾക്ക് വേണ്ട. എന്റെ കുഞ്ഞിന്റെ പ്രസവ ചിലവ് ഞാൻ വഹിക്കാൻ വേണ്ടിയാണ് അവൾ ഇവിടെ ഇത്രയും നാൾ നിന്നതെന്നും. ഞങ്ങൾ ഡിവോഴ്സ്ന് അപേക്ഷ കൊടുത്തുവെന്നും. ഇനി കോടതിയിൽ കാണാമെന്നും പറഞ്ഞ് അവൾ പോയി. അത് കേട്ട് അമ്മ ബോധം കേട്ട് വീണു. അപ്പോൾ വാവിട്ട് കരഞ്ഞ കുഞ്ഞിനെ മീര കൈയിലെടുത്തു. അന്ന് മുതൽ ഇന്ന് വരെ അവൻ അവളുടെ കൈകളിൽ സുരക്ഷിതനാണ്. പിന്നീട് കോടതിയിൽ അവൾ കുഞ്ഞിനെ വേണ്ടെന്ന് പറഞ്ഞു. അപ്പുവിനോട് അന്നും ഇന്നും എനിക്ക് ഒരു അകൽച്ചയാണ് കാരണം എനിക്കറിയില്ല. അതുകൊണ്ട് തന്നെ അവനെ വേണ്ടെന്നോ വേണമെന്നോ ഉറപ്പിച്ച് പറയാൻ എനിക്കറിയില്ലായിരുന്നു. അന്ന് മീര എന്നോട് പറഞ്ഞു കുഞ്ഞിനെ നമുക്ക് തന്നെ വേണം എന്ന്. അപ്പുവിനെ വേണ്ട എന്ന് പറഞ്ഞ കാവ്യയ്ക്ക് കുഞ്ഞിനെ കൊടുത്താൽ അവന്റെ ഭാവി എന്താകുമെന്ന് അവൾ ഭയപ്പെട്ടു. അവനെ അവൾ ജീവനുള്ളടുത്തോളം കാലം പൊന്നു പോലെ നോക്കിക്കൊള്ളാം എന്ന് അവൾ പറഞ്ഞു. കോടതിയിൽ മോനെ വേണം എന്ന് ഞാൻ പറഞ്ഞു. കാവ്യയ്ക്ക് കുഞ്ഞിനെ വേണ്ട എന്ന് പറഞ്ഞതുകൊണ്ട് കുഞ്ഞിനെ എനിക്ക് തന്നു. കോടതിയിൽ ഒപ്പിട്ടതിനു ശേഷം അവൾ അവനെ തിരക്കി വന്നിട്ടില്ല. വന്നത് ഇന്നാണ് അതും വീണ്ടും എന്റെ സ്വത്തിനുവേണ്ടി. “

അഭി പറഞ്ഞു നിർത്തി.

“അപ്പു നിന്നെ അച്ഛാ എന്ന് വിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല എന്താ അത് “

“അപ്പുവിനോട് എനിക്ക് ഒരു അകൽച്ചയാണെന്ന് ഞാൻ പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ അവൻ സംസാരിച്ചു തുടങ്ങിയപ്പോൾ അമ്മ അവനെ കൊണ്ട് എന്നെ അച്ഛാ എന്ന് വിളിക്കാൻ പഠിപ്പിച്ചു.അവൻ അങ്ങനെ വിളിക്കാൻ ശ്രമിക്കുമ്പോഴൊക്കെ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി ഞാനത് പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ അമ്മ ആ ശ്രമം ഉപേക്ഷിച്ചു. അമ്മ അവനെക്കൊണ്ട് മീരയെ അമ്മേ എന്ന് വിളിപ്പിച്ചു. അവന് അത് വഴങ്ങി വന്നപ്പോൾ ആനന്ദ് തന്നെ അപ്പുവിനെ കൊണ്ട് അവനെ അച്ഛാ എന്ന് വിളിപ്പിച്ചു.”

“അപ്പോൾ അപ്പുവിന്റെ അച്ഛനും അമ്മയും മീരയും ആനന്ദുംതന്നെയാണ്.അല്ലേ?”

“അതേ, മീരയില്ലാതെ അപ്പുവിന് കുറച്ച് സമയം പോലും ഇരിക്കാൻ കഴിയില്ല. ആനന്ദിന് അപ്പുവിനെ കാണാതെ ഇരിക്കാനും കഴിയില്ല.”

“അവൻ വലുതാകുമ്പോൾ മീരയെ തള്ളി പറഞ്ഞാൽ അത് അവൾക്ക് താങ്ങാൻ കഴിയുമോ “

“അവൻ അങ്ങനെ തള്ളി പറയില്ല. “

“ഉറപ്പാണോ? കാരണം “

“എനിക്ക് 99%ഉറപ്പാണ്. 1% ഉറപ്പില്ലാത്തതിന്റെ ഒറ്റ കാരണം, അവന്റെ ബിയോളോജിക്കൽ പേരെന്റ്സ് ഞാനും കാവ്യയുമാണ് എന്നതുതന്നെയാണ്. ഞങ്ങളുടെ സ്വഭാവം വച്ച് അവൻ തള്ളിപ്പറയാൻ സാധ്യത ഉണ്ട്.”

“99% ഉറപ്പിന്റെ കാര്യം? “

“അവന്റെ അമ്മ മീരയാണ്. അവൾ അവന് പകർന്ന് നൽകുന്ന സംസ്കാരം അവനെ അതിന് അനുവദിക്കില്ല.”

ശുഭം

Leave a Reply

Your email address will not be published. Required fields are marked *