June 13, 2021

വീട്ടിൽ എല്ലാവരും സമ്മതം മൂളിയപ്പോൾ ഹരിത മാത്രം അതിന് എതിരായിരുന്നു…

കൂടെപ്പിറപ്പ്

രചന: Ajan Anil Nair

ഒരേട്ടന് സ്വന്തം സഹോദരിയോട്‌ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമോ?എല്ലാവരുടെയും മനസ്സിൽ അപ്പോൾ അത് മാത്രമായിരുന്നു ചിന്ത

ഹരിതയുടെ വിവാഹം മൂന്നാം തവണയും മുടങ്ങിയിരുന്നു

“ഹരിക്ക് അവളോട് ദേഷ്യം കാണും, ഹരിയുടെ വിവാഹം നടക്കാതെ പോയത് അവൾ കാരണമായിരുന്നല്ലോ ” മാതാപിതാക്കളുടെ അതേ സംശയം തന്നെയായിരുന്നു പല ബന്ധുക്കളുടെ മനസിലും

അവർക്ക് അങ്ങനെ ചിന്തിക്കാൻ കാരണങ്ങൾ ഏറെ ആയിരുന്നു

കുറച്ച് നാൾ മുൻപ് നടന്ന ചില സംഭവ വികാസങ്ങൾക്ക് ഇതിനോടൊക്കെയും ബന്ധമുണ്ടെന്ന് പലരും കൂട്ടി വായിക്കുകയായിരുന്നു

ഹരിയും മറ്റൊരു പെൺകുട്ടിയും പ്രണയത്തിലായിരുന്നു, പ്രണയം വളർന്നു വിവാഹാലോചനയിലേക്ക് എത്തിയിരുന്ന സമയം

വീട്ടിൽ എല്ലാവരും സമ്മതം മൂളിയപ്പോൾ ഹരിത മാത്രം അതിന് എതിരായിരുന്നു

ആരെത്ര ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല, എന്ത് വന്നാലും ഏട്ടന്റെ ഈ ബന്ധം അനുവദിക്കില്ല എന്ന അവളുടെ കടുംപിടുത്തതിന് കാര്യമായ എന്തോ കാരണം ഉണ്ടാവും എന്നോർത്ത് തന്നെയാണ് മാതാപിതാക്കളും ചുവടു മാറ്റി ചവിട്ടിയത്

കുടുംബത്തോട് ഏറെ അടുപ്പം പുലർത്തിയിരുന്ന അവൻ ഹൃദയം നുറുങ്ങുന്ന വേദനയോടെ ആ ബന്ധത്തിന് തിരശീലയിടാൻ നിര്ബന്ധിതനാവുകയായിരുന്നു

കളിയും ചിരികളും നഷ്ടപ്പെട്ട് തന്റെ മുറിക്കുള്ളിൽ അവൻ ഒതുങ്ങിക്കൂടി

ആരും തന്റെ ഇഷ്ടങ്ങൾക്ക് വില തന്നില്ല എന്ന് അവനു തോന്നാതിരുന്നില്ല

വീടിനുളിൽ പരസ്പരം കണ്ടുമുട്ടുമ്പോൾ പോലും നിസ്സംഗതയോടെ നടന്നകലുന്ന അവന്റെ ഭാവമാറ്റം ആ ചെറിയ കുടുംബത്തെ ചെറുതായൊന്നുമല്ല നോവിച്ചത്

ഹരിതയുടെ വിവാഹാലോചനകൾ ആരംഭിച്ച നാളുകൾ

ഏറെ നാളത്തെ മൗനം ഭഞ്ജിച്ച് ഹരി അന്നതിനെ എതിർത്തു ..ഒടുക്കം അവന്റെ വാശിക്ക് മുൻപിൽ ആലോചനകൾ അനിശ്ചിതമായി നീണ്ടു

ഏറെ കാലങ്ങൾക്ക് ശേഷവും സമാനമായ രീതിയിൽ ഹരിയുടെ എതിർപ്പിനൊടുവിൽ അവൾക്ക് വന്ന വിവാഹാലോചനകൾ മുടങ്ങി

ഇത്തവണ ഇത് മൂന്നാം വട്ടമാണ്… നേരിട്ടല്ലെങ്കിലും ഇത്തവണയും ഒരു വിവാഹാലോചന മുടങ്ങിയതിനു പിന്നിൽ സ്വന്തം മകന്റെ കരങ്ങളാണ് എന്നറിഞ്ഞപ്പോൾ ആ മാതാപിതാക്കളുടെ വേദന പറഞ്ഞറിയിക്കാവുന്നതിൽ അപ്പുറമായിരുന്നു

“മഹാപാപീ, അവൾ നിന്നോട് എന്ത് തെറ്റ് ചെയ്തു ” അതായിരുന്നു അവനോട് അവർക്ക് ചോദിക്കാനുണ്ടായിരുന്നത്

എല്ലാ സംഭവങ്ങളും മറ്റുള്ളവർ കൂട്ടിവായിച്ചത് തന്റെ വിവാഹം മുടക്കിയ സഹോദരിയോട്‌ പകവീട്ടുന്ന സഹോദരന്റെ ചെയ്തികൾ ആയും

മാതാപിതാക്കളുടെ രൂക്ഷമായ പ്രതികരണമോ, അതോ പകയടങ്ങിയ മനസോ !

ആ സംഭവങ്ങൾക്ക് ശേഷം ഹരി സ്വതവേ ശാന്തനായിരുന്നു

ഹരിതയുടെ പഠിപ്പ് കഴിഞ്ഞിരുന്നു, തെറ്റില്ലാത്ത ഒരു ജോലിയും അവൾ കരസ്ഥമാക്കിയിരുന്നു

വീണ്ടും ആശങ്കകളോടെ ആ കുടുംബം അവൾക്ക് വേണ്ടി ഒരു വരനെ തിരയുവാൻ ആരംഭിച്ച നാളുകൾ

എല്ലാവരുടെയും മനസ്സിൽ ആശങ്ക നിറയ്ക്കാൻ ഹരി ഒരാൾ മാത്രം മതിയായിരുന്നു

ഹരിതയുടെ മനസ്സിനിണങ്ങിയ ഒരു വരനെ തന്നെ കണ്ടെത്തിയ നിമിഷങ്ങൾ

എല്ലാം മംഗളമായി നടക്കുമെന്ന വേളയിലും ഹരിയുടെ ഭാവപ്പകർച്ചകൾ പലരും ശ്രദ്ധിക്കാതിരുന്നില്ല

ഒരു നിരാശയുടെ, ഒരു ദുഖത്തിന്റെ ഭാവം അവന്റെ മുഖത്ത് ആലേപനം ചെയ്തു കഴിഞ്ഞിരുന്നു

ഹരിതയുടെ വിവാഹദിവസം….

സുമംഗലിയായ മകളെ കൺ നിറയെ കണ്ട് സന്തോഷിക്കുകയായിരുന്നു ആ അച്ഛനും അമ്മയും

അവൾക്ക് പുറപ്പെടാൻ നേരമായി , നവ വരന്റെ കൈ പിടിച്ച് യാത്ര പറയുവാൻ നേരം അവളുടെ കണ്ണുകൾ ആരെയോ തിരക്കി

ഒരു കോണിൽ മറഞ്ഞു നിന്ന് എല്ലാം വീക്ഷിക്കുന്ന ഏട്ടന്റെ അടുത്തേക്ക് അവൾ ഓടിയെത്തി

” എല്ലാം നിന്റെ ആഗ്രഹം പോലെ നടന്നില്ലേ , പഠിത്തവും ,ജോലിയും ഒക്കെ , ഞാൻ ഇത്തിരി വഴക്ക് കേട്ടെങ്കിലും സാരമില്ല, ആരും ഒന്നും അറിയണ്ട “

“ശെരിയാ ഏട്ടാ, അവയിൽ ഏതെങ്കിലും ഒന്ന് നടന്നിരുന്നു എങ്കിൽ ഏതെങ്കിലും ഒരു അടുക്കളപ്പുറത്ത് വെച്ച് വിളമ്പി പാത്രം മോറി കഴിയേണ്ടി വരുമായിരുന്നു എനിക്ക്, അച്ഛനോടും അമ്മയോടും എത്ര കെഞ്ചി പറഞ്ഞതാ ഇനിയും പഠിക്കണം ,ജോലി വാങ്ങണം എന്നിട്ട് മതി കല്യാണം എന്ന്, അവർക്ക് ആധിയായിരുന്നല്ലോ എത്രയും വേഗം എന്റെ കല്യാണം നടന്നു കാണാൻ,എനിക്ക് വേണ്ടിയാണല്ലോ ഏട്ടൻ ഈ പഴികൾ ഒക്കെയും കേട്ടത് എന്നോർക്കുമ്പോ ” അവളുടെ കണ്ഠം ഇടറി

“വൈകാതെ ഇറങ്ങാൻ നോക്ക് , ഇരുട്ടും മുന്നേ എത്തേണ്ടത് അല്ലേ അവിടെ , പോയിട്ട് വാ ” അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു …ഒരു ചിരി കഷ്ടപ്പെട്ടാണെങ്കിലും മുഖത്ത് വരുത്തുവാൻ ഹരി ശ്രമിച്ചു

“ഏട്ടാ, ആ കുട്ടി, അവൾക്ക് മറ്റൊരു…. “

“ഒന്നും പറയണ്ട, വൈകി ആണെങ്കിലും എല്ലാം ഞാൻ അറിഞിരുന്നു, എനിക്ക് ദോഷം വരുന്നതൊന്നും നീ ചെയ്യില്ല എന്നെനിക്ക് അറിയാം, നീയെന്റെ കൂടെപ്പിറപ്പ് അല്ലേ , നീ പോവുകയാണല്ലോ എന്നൊരു സങ്കടം മാത്രമേ ഉള്ളു “

അവളെ ഇരുകൈകൾ കൊണ്ടും ഹരി ചേർത്ത് നിർത്തി, നിറുകയിൽ ചുംബിച്ചു , അവൾക്ക് ഏട്ടന്റെ ഹൃദയമിടുപ്പുകളുടെ താളം കേൾക്കാമായിരുന്നു …

ഹരിയുടെ മിഴികൾ ചുവന്നു കലങ്ങിയിരുന്നു

“ഏട്ടൻ കരയുകയാണോ “

“ഏയ് , എന്തോ പൊടി പാറി വീണത് പോലെ ” ദൂരെയെവിടേക്കോ നോട്ടം പായിച്ച് അവൻ കണ്ണുകൾ തുടച്ചു

വാഹനം അകന്നു പോയപ്പോൾ അവൾ പിന്നിലേക്ക് നോക്കി

അച്ഛൻ, ‘അമ്മ , ഏട്ടൻ , അവർ അവളെ തന്നെ നോക്കി നിന്നിരുന്നു … മിഴികൾ നിറഞ്ഞു, സ്ഫടിക ഗോളങ്ങൾ ആ കാഴ്ച മറച്ചു.

Leave a Reply

Your email address will not be published. Required fields are marked *