June 14, 2021

സഖിയുടെ ചോദ്യം കേട്ടതും അവൻ അവളെ നോക്കി ഒന്നു ചിരിച്ചു മഴയിലേക്ക് ഇറങ്ങി.

സഖി

രചന: സന്തോഷ് അപ്പുക്കുട്ടൻ

“പഞ്ചസാരയും,മണ്ണെണ്ണയും എടുത്ത് തരാം. പക്ഷേ എന്നെ വീട്ടിലെത്തിച്ചു തരണം”

പകുതി താഴ്ത്തിയ ഷട്ടറിൽ പിടിച്ച് സഖി രാജീവനെ നോക്കി.

” കൂടെയുണ്ടായിരുന്നവൾ ദേ ഭർത്താവിനോടൊപ്പം ഇപ്പം തന്നെ ബൈക്കിനു പോയി. ഇനി ഞാനൊറ്റയ്ക്കേ ഉള്ളൂ”

പറഞ്ഞു തീർന്നതും അവൾ അക്ഷമയോടെ അവനെ നോക്കി.

രാജീവൻ എന്തു പറയണമെന്നറിയാതെ അവളുടെ മിഴികളിലേക്ക് നോക്കി നിന്നു.

റേഷൻകട അടയ്ക്കുമ്പോഴായിരുന്നു രാജീവൻ, സാധനങ്ങൾ വാങ്ങാൻ വേണ്ടി അവിടെയെത്തിയത്.

അവളുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയണമെന്നറിയാതെ അയാൾ കുഴങ്ങി.

ഒരു പെൺകുട്ടിയെയും ബൈക്കിലിരുത്തി, രാത്രി മഴയിലൂടെ….

ആൾക്കാർ കണ്ടാൽ എന്തു പറയും?

“ചേട്ടാ എന്തെങ്കിലുമൊന്നു പറയൂ…. സമയം പോണു “

സഖി ഒച്ചവെച്ചപ്പോൾ രാജീവൻ യാന്ത്രികമായി തലയാട്ടി.

അതു കണ്ടയുടൻ അവൾ പൊടുന്നനെ അകത്തേക്ക് കയറി, ബില്ലെഴുതി, പൈസ വാങ്ങി മേശവലിപ്പിലിട്ടു സാധനങ്ങൾ എടുക്കാൻ തുടങ്ങി.

അവൾ സാധനങ്ങൾ എടുക്കുന്ന വേഗത കണ്ട് അയാൾ കണ്ണിമ ചിമ്മാതെ നോക്കിനിന്നു.

ഒരഞ്ചു മിനിറ്റ് കൊണ്ട് അവൾ എല്ലാം എടുത്ത് ഇറങ്ങി, കട പൂട്ടി, സാധനങ്ങളുമായി രാജീവൻ്റ ബൈക്കിനരികിലേക്ക് നടന്നു.

ബൈക്കിനു പിന്നിൽ, രാജീവൻ്റെ അരിയും, ഗോതമ്പും, മണ്ണെണ്ണ ടിന്നും പിടിച്ച്, രണ്ട്സൈഡിലേക്കും കാലിട്ടിരുന്നു.

രാജീവ് ബൈക്ക് പതിയെ മുന്നോട്ട് എടുത്തതും, മുന്നിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണതും, അവൾ അവൻ്റെ ദേഹത്തേക്ക് അമർന്നതും ഒന്നിച്ചായിരുന്നു.

“ചേട്ടാ പതിയെ പോയാൽ മതി! റോഡ് നിറയെ കുഴികളാ.. “

വലിയൊരു മഴ ആദ്യം പെയ്തതു കാരണം റോഡിലെ കുഴികൾ മൊത്തം വെള്ളമായിരുന്നു.

അവൾ പറഞ്ഞു കൊടുക്കുന്ന വഴിയിലൂടെ ബൈക്ക് പതിയെ നീങ്ങികൊണ്ടിരുന്നു.

” എന്നും ഈ സമയത്താണോ വീട്ടിൽ പോകുന്നത്?”

ബൈക്കുമായി റോഡിലൂടെ തുഴയുമ്പോൾ രാജീവൻ ചോദിച്ചതും അവൾ പതിയെ മൂളി.

” എന്നും എന്നെ കൊണ്ടുപോകാൻ ഒരു ഓട്ടോ വരും… ആ ഓട്ടോ വർക്ക്ഷോപ്പിലാണെന്ന് ഇപ്പോഴാ അവൻ വിളിച്ചു പറഞ്ഞത് “

ആകാശത്തേക്ക് കാർമേഘങ്ങൾ ഇരച്ചുകയറുന്നതറിയാതെ അവർ കൂരിരുട്ടിലേക്ക് കണ്ണും നട്ടിരുന്നു.

” ഇത്രയും സമയം എന്തെടുക്കുകയായിരുന്നു ചേട്ടാ…?”

സഖിയുടെ ചോദ്യം കാതോരം ചൂട് പകർത്തിയതും, അവൻ ഉത്തരമില്ലാതെ ഇരുന്നു.

“വൈകീട്ട് റേഷൻ കടേൽക്ക് പറഞ്ഞയിച്ചിട്ടുണ്ടാവും. ആ സമയം കൂട്ടുക്കാരെ കണ്ടപ്പോൾ റേഷൻകടയ്ക്കു പകരം ബാറിലേക്ക് പോയിട്ടുണ്ടാവും.. അതല്ലേ നടന്നത്?”

കൃത്യമായി സഖി പറഞ്ഞപ്പോൾ അവൻ അമ്പരപ്പോടെ അവളെ തിരിഞ്ഞു നോക്കി.

” അതിൻ്റെ കൂ തറ മണം ചേട്ടനു ചുറ്റുമുണ്ട് “

അവൾ തലയാട്ടി പറഞ്ഞപ്പോൾ അവൻ ഒരു ചമ്മിയ ചിരി പാസ്സാക്കി.

“ക ള്ളുകുടിച്ച ഒരു പുരുഷൻ്റെ ഒപ്പം രാത്രിയിൽ ബൈക്കിന് വരുമ്പോൾ പേടിയില്ലേ?”

രാജീവിൻ്റെ ചോദ്യം കേട്ടതും അവൾ ചിരിച്ചു.

” ആണും,പെണ്ണിലും, മൂന്നാംലിം ഗത്തിലും പെടാത്ത ചില വികൃത ജന്മങ്ങളുടെ ഒപ്പം വരാൻ പേടിയുണ്ട്. പക്ഷേ ഒരു പുരുഷൻ്റെ ഒപ്പം വരാൻ പേടിയില്ല. കാരണം നട്ടെല്ലും ചങ്കൂറ്റവും ഉള്ള ഒരു പുരുഷനും, ഒരു സ്ത്രീയെ ഒറ്റയ്ക്കു കിട്ടിയാൽ ഉപദ്രവിക്കാൻ നിൽക്കില്ല. അവരെ സഹായിക്കുകയുള്ളൂ”

അവളുടെ സംസാരവും കേട്ട്, ഒരു പുഞ്ചിരിയോടെ മുന്നിലേക്ക് നീണ്ടു കിടക്കുന്ന ഹെഡ് ലൈറ്റിൻ്റെ വെട്ടത്തിലേക്ക് കണ്ണുംനട്ട് രാജീവൻ പതിയെ ബൈക്ക് ഓടിച്ചു.

പെട്ടെന്ന് ആകാശ കോണിൽ നിന്ന് ഭൂമിയിലേക്ക് മിന്നൽപ്പിണർ പാഞ്ഞു വന്നതും, പിന്നാലെ ഭൂമിയെ കുലുക്കുന്ന ഒരു ഇടിമുഴക്കവും ഉയർന്നു.

പൊടുന്നന്നെ,സഖി തൻ്റെ ശരീരത്തിലേക്ക് വന്നിടിച്ചതറിഞ്ഞ രാജീവൻ പതിയെ, അവളെ തിരിഞ്ഞു നോക്കി.

” ഇടിമുഴക്കത്തെ പേടിയാണോ?”

“അങ്ങിനെ വലിയ പേടിയൊന്നുമില്ല. ഒരു ചെറിയ പേടി. അത്രമാത്രം

ചമ്മലോടെ അവളത് പറയുമ്പോൾ, രാജീവൻ പുഞ്ചിരിയോടെ പതിയെ തലയാട്ടി.

“ഇനി ഇടിമുഴങ്ങുമ്പോൾ എന്നെ ബൈക്കിൽനിന്ന് തെറിപ്പിക്കരുത് ട്ടോ- റോഡിലെ ഗട്ടറിൽ വീണാൽ മുങ്ങിച്ചാകും. നീന്തലറിയില്ല”

“ഓ – സെൻസ് ഓഫ് ഹ്യൂമർ… അംഗീകരിച്ചു തന്നു. അല്ല ചേട്ടനെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ?”

ആ ചോദ്യം അവൻ്റെ മനസ്സിൽ ഒരു കാരമുള്ള് പോലെ കുത്തി കയറി.

“ഞാനിപ്പോൾ ഓട്ടോ ഓടിക്കുകയാണ്.ഈ റോഡിലൂടെ ഞാൻ വരാറുണ്ട് “

“ന്നിട്ട് ഞാൻ ഇതുവരെ കണ്ടില്ലല്ലോ?”

അവൾ സംശയത്തോടെ ചോദിച്ചതും, അവൻ ഒരു പുഞ്ചിരിയോടെ അവളെ തിരിഞ്ഞു നോക്കി.

“ഓട്ടോ ഓടിക്കാൻ തുടങ്ങീട്ട് രണ്ടാമത്തെ ദിവസമേ ആയുള്ളൂ.. കുവൈറ്റിലാ ജോലി… കൊറോണ കാരണം മടങ്ങി പോകാൻ കഴിയാത്തതുകൊണ്ട്, തിരിച്ചു പോകാൻ പറ്റുന്ന സമയം വരെ ഓട്ടോ ഓടിക്കാമെന്നു വെച്ചു. “

” അദ്ധ്വാനിയാണ് അല്ലേ? ചേട്ടൻ കെട്ടിയ പെണ്ണിൻ്റെ ഭാഗ്യം”

അവൾ പറഞ്ഞു തീർന്നതും, അവൻ്റെ ചുണ്ടിൽ ഒരു വരണ്ട ചിരിയുതിർന്നു.

അവരെ നനയിപ്പിച്ചു കൊണ്ടപ്പോൾ ആകാശത്ത് നിന്ന് മഴത്തുള്ളികൾ ഭൂമിയിലേക്ക് വീണു തുടങ്ങിയിരുന്നു.

മഴ പെയ്തു തുടങ്ങിയപ്പോൾ അവൾ ചുരിദാറിൻ്റെ ഷാൾ എടുത്തു അവൻ്റെ തലയിലൂടെ ഇട്ടപ്പോൾ മനസ്സിൽ ഒരു പനിനീർമഴ പെയ്യുന്നത് അവനറിഞ്ഞു.

“താൻ ഇങ്ങോട്ടേക്ക് നീങ്ങിയിരിക്ക്.. മഴ നനയണ്ട “

അവൻ പറഞ്ഞപ്പോൾ, അവൾ പതിയെ അവനോടു ചേർന്നിരുന്നു.

അവൻ്റെ ശരീരത്തിലെ ചെറുചൂട് തട്ടിയപ്പോൾ അവൾ എന്തോ ഓർത്തു ചിരിച്ചു.

“താനെന്താ ഈ റേഷൻ കടയിൽ ജോലിക്കു പോകുന്നേ?. വേറെ ഒരു ജോലിയും കിട്ടിയില്ലേ?”

“ഒരു കളക്ടറാകണമെന്നായിരുന്നു ആഗ്രഹം. അപ്പോൾ ദൈവം പറഞ്ഞു ഇപ്പോൾ നീ റേഷൻ കടയിലെ ബിൽ കളക്ടർ ആക്. ബാക്കിയൊക്കെ നമ്മൾക്ക് അടുത്ത ജന്മത്തിൽ ആകാമെന്ന് “

“താനും സെൻസ് ഓഫ് ഹ്യൂമറിൽ മോശമില്ലല്ലോ?”

രാജീവിൻ്റെ ചോദ്യം കേട്ടതും അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരിയുതിർന്നു’

“കരയാൻ തോന്നുമ്പോൾ മഴയത്ത് ഇറങ്ങി നിൽക്കണമെന്നും, സങ്കടം വരുമ്പോൾ തമാശ പറയണമെന്നും എപ്പോഴാണ് പഠിച്ചതെന്ന് എനിക്കോർമ്മയില്ല”

അവൾ അങ്ങിനെ പറഞ്ഞതോടെ, മറുത്തൊന്നും പറയാൻ കഴിയാതെ രാജീവ് നിശബ്ദത പാലിച്ചു.

കൂരിരുട്ടുപോലെ മൗനം അവർക്കിടയിൽ നിറയുന്നതുപോലെ തോന്നിയപ്പോൾ, രാജീവ് പുഞ്ചിരിയോടെ തിരിഞ്ഞൊന്നു സഖിയെ നോക്കി.

” വയറ്റിൽ കള്ള്…. അരികിൽ പെണ്ണ്….മാനത്ത് മഴ… നല്ല അറ്റ്മോസ്ഫിയർ… എനിക്ക് എന്തൊക്കെയോ തോന്നുന്നു “

” അധികം വല്ലതും തോന്നിയാൽ മുട്ടുകാൽ ഞാൻ വയറ്റിൽ കേറ്റും.. നേരെ നോക്കി വണ്ടി ഓടിക്കെടോ !”

സഖിയുടെ ഉറച്ച ശബ്ദം കേട്ടതോടെ ഒരു ചെറു പേടിയോടെ രാജീവ് ആക്സിലേറ്ററിൽ പിടിമുറുക്കി.

രാജീവിൻ്റെ ആ,ഭാവമാറ്റം കണ്ട് ഒരു ചെറു ചിരിയോടെ അവൻ്റെ ദേഹത്തേക്ക് ചാരിയിരുന്നു സഖി.

രാത്രിമഴ അവർക്കുമേൽ പതിയെ ചാറികൊണ്ടിരുന്നു….

“ബി.കോം കഴിഞ്ഞതാ മാഷെ… അപ്പോഴാണ് വിധി നേരിട്ടു വന്നു നമ്മളെ വെല്ലുവിളിക്കുന്നത്. അച്ഛൻ്റെ മരണം മുന്നിൽ കാണിച്ചു തന്നിട്ട് “

വാക്കുകൾ പൂർത്തിയാക്കാനാവാതെ അവൾ നിസഹായതയിലേക്ക് ചുരുങ്ങുന്നത് അവനറിഞ്ഞു.

“വിവാഹം?”

“അങ്ങിനെ ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആലോചനകൾ വരുന്നുണ്ട്. പക്ഷേ ആരെയും വിശ്വാസമില്ലാത്തതു പോലെ…. ഒരു പെണ്ണിന് സ്നേഹം കൊടുത്തിട്ട്, മറ്റൊരു സുന്ദരിയെ കാണുമ്പോൾ ശരീരം ആഗ്രഹിക്കുന്നവരാണധികവും “

അവളുടെ അവസാന വാചകം കേട്ടതോടെ തലച്ചോറിൽ ഒരു ഇടി കുടുങ്ങിയതുപോലെ അവനു അനുഭവപ്പെട്ടു.

അവൾ പറഞ്ഞു കൊടുത്ത വഴികളിലൂടെ, ഒരു ചെറിയ ഓടിട്ട വീടിനു മുന്നിൽ ബൈക്ക് ചെന്നു നിന്നു…..

“അമ്മേ “

അവൾ ഒരു കൊച്ചുകുട്ടിയെ പോലെ വാതിലിൽ മുട്ടി വിളിച്ചതും, രണ്ട് നിമിഷങ്ങൾക്ക് ശേഷം പഴയ ആ വാതിൽ ശബ്ദത്തോടെ തുറന്നതും, അകത്തെ ബൾബിൻ്റെ പ്രകാശത്തിൽ മൂന്നു സ്ത്രീകളെ കണ്ടു രാജീവൻ.

ചേച്ചിയുടെ ഒപ്പം ഒരു അന്യപുരുഷനെ കണ്ട് സഖിയുടെ അനിയത്തിമാർ പകപ്പോടെ പരസ്പരം നോക്കി.

“രാജീവല്ലേ മോൻ?”

കുറച്ചു നിമിഷം, അവനെ സൂക്ഷിച്ചു നോക്കി ജാനകി അത് ചോദിക്കുമ്പോൾ ആ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങുന്നത് അവൻ കണ്ടു.

അവൻ പതിയെ തലയാട്ടുമ്പോൾ, ആ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.

” മഴ നനയാതെ വേഗം അകത്തേക്ക് കയറ് മോനെ”

ജാനകിയമ്മ കൈപിടിച്ച് രാജീവനെ അകത്തേക്ക് കയറ്റുമ്പോൾ, കോട്ടൺ സാരിയുടെ തുമ്പെടുത്ത് അവൻ്റെ തലതുവർത്തി കൊണ്ടിരുന്നു.

അമ്മയുടെ ആ വാത്സല്യം കണ്ട് സഖിയുടെ അനിയത്തിമാർ, ആരാണെന്ന് ചോദ്യത്തോടെ സഖിക്കു നേരെ നോട്ടമയച്ചതും, അറിയില്ലെന്ന ഭാവത്തിൽ അവൾ തല ചലിപ്പിച്ചു.

“മോൻ എന്നാ വന്നത്?”

രാജീവനു നേരെ ചോദ്യമെറിഞ്ഞ്, ജാനകിയമ്മ തൻ്റെ പെൺമക്കളെ നോക്കി.

” ഇതു വലിയേടത്തെ പ്രഭാകരേട്ടൻ്റെ താഴെയുള്ള മോനാ… കുറേ വർഷങ്ങളായി നാട്ടിലേക്കു വരാറില്ലായിരുന്നു… “

” ഈ ചേട്ടനിക്കാണോ അമ്മേ ഗൾഫിൽ ഫിലിപ്പിനി ഭാര്യമാരും,, മക്കളും ഉണ്ടെന്ന് പറഞ്ഞത്?’

സഖിയുടെ തൊട്ടു താഴെയുള്ള അനിയത്തിയായ സംഗീതയുടെ ചോദ്യം കേട്ടതും രാജീവൻ ഒന്നു വിളറിയതും, ജാനകിയമ്മ അവളെ ദേഷ്യത്തോടെ ഒന്നു നോക്കി.

“നീയൊന്നു മിണ്ടാതിരിക്ക് സംഗീതേ…. അത് ആൾക്കാർ വെറുതെ പറഞ്ഞുണ്ടാക്കുന്നതാ…”

അതും പറഞ്ഞ് ജാനകിയമ്മ അവൻ്റെ കൈ പിടിച്ചു ആ കണ്ണുകളിലേക്ക് പുഞ്ചിരിയോടെ നോക്കി.

“എൻ്റെ സുഭദ്രയുടെ മകന് അങ്ങിനെയൊന്നും ആകാൻ കഴിയില്ല…. മോൻ്റെ അമ്മയും ഞാനും നാലാം ക്ലാസുവരെ ഒന്നിച്ചു പഠിച്ചവരായിരുന്നു’…. “

അതു പറഞ്ഞതോടെ ജാനകിയമ്മയുടെ കണ്ണിൽ നനവൂറുന്നത് അവൻ കണ്ടു.

” ആ സ്നേഹം കുറേക്കാലം ഉണ്ടായിരുന്നു ഞങ്ങൾ തമ്മിൽ… പിന്നെ പിന്നെ… ജീവതമല്ലേ മോനെ? ഇഷ്ടപ്പെട്ട പലരും പലയിടത്തേക്കുമായി പിരിഞ്ഞു പോകുന്നതും കണ്ട് സങ്കടപ്പെട്ടു നിൽക്കേണ്ട ജീവിതം… സുഭദ്ര മരിച്ചത് ആരോ പറഞ്ഞറിഞ്ഞ് അവളെ കാണാൻ ഞാൻ വന്നിട്ടുണ്ടായിരുന്നു “

അമ്മയുടെ ഓർമ്മ വന്നപ്പോൾ രാജീവൻ്റെ കണ്ണ് പതിയെ നിറഞ്ഞു.

ജീവിതത്തിൻ്റെ സൗഭാഗ്യം നഷ്ടപ്പെടുന്നത് അമ്മമാരുടെ മരണത്തോടെയാണെന്ന് തിരിച്ചറിഞ്ഞത്, അമ്മ പോയി കഴിഞ്ഞപ്പോഴാണ്..

ഇതിനു മുൻപ് നാട്ടിൽ വന്നത് പത്തുവർഷങ്ങൾക്കു മുൻപുള്ള അമ്മയുടെ മരണത്തോടെയായിരുന്നു

ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചുകയറവെ, പുറത്തെ മഴയ്ക്കു ശക്തി കൂടുന്നതയാൾ അറിഞ്ഞു.

പൊടുന്നനെ വലിയൊരു കാറ്റൂതിയതും, വീടിനുള്ളിൽ പ്രകാശം പറത്തിയിരുന്ന ബൾബുകൾ അണഞ്ഞു.

നിമിഷങ്ങൾക്കു ശേഷം കൂരിരുട്ടിൽ, ഒരു ചിമ്മിനി വെട്ടം തെളിഞ്ഞപ്പോൾ, അവൻ സഖിയെ കണ്ടു.

ചെറുകാറ്റിലുലയുന്ന ചിമ്മിനി വിളക്കിൻ്റെ പ്രകാശം അവളുടെ മുഖത്ത് വട്ടമിട്ടു കളിക്കുന്നു.

ഓർമ്മകൾ മഴപാറ്റകളെ പോലെ അവൾക്കു ചുറ്റും മൂളി പറക്കുന്നതവനറിഞ്ഞു.

” പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. കുറച്ചു കഴിഞ്ഞിട്ടു പോകാം മോന്

ജാനകിയമ്മ പറഞ്ഞപ്പോൾ നിരസിക്കാൻ അവനു കഴിഞ്ഞില്ല:

മുൻ വശത്തെ കോലായിൽ ചെന്നിരുന്നു അവൻ, കൊയ്ത്ത് കഴിഞ്ഞ പാടത്തേക്ക് നോക്കിയിരുന്നു.

മഴതുള്ളികളോടൊപ്പം മത്സരിച്ച് ഭൂമിയിലേക്കെത്തുന്ന മിന്നൽപ്പിണരുകൾ….

തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ കണ്ണുകൾ അടയുന്നത് പോലെ തോന്നിയപ്പോൾ അവൻ ആ തണുത്ത സിമൻ്റ് തറയിൽ മലർന്നു കിടന്നു…..

എവിടെയോ നഷ്ടപ്പെട്ട തൻ്റെ ബാല്യത്തെ കുറിച്ച് അവൻ സങ്കടത്തോടെ ഓർത്തു.

നിറയെ ആൾക്കാരുണ്ടായിരുന്ന… കുട്ടികൾ തമ്മിലുള്ള ഇണക്കങ്ങളും, പിണങ്ങളും മുഴങ്ങിയിരുന്ന തൻ്റെ വീടിൻ്റെ ഇന്നത്തെ അവസ്ഥയോർത്ത് അവൻ വിലപിച്ചു.

ആരും ഇല്ലാതെ,ആ പഴയ വീടും കൂടി പോയാൽ ഈ ഭൂമിയിൽ അനാഥനായി തീരും…..

ബന്ധങ്ങൾ ഒരു കാലം വരെയേ നിൽക്കൂ….

ഒരിക്കലും നമ്മൾ തമ്മിൽ പിരിയില്ലായെന്ന് പറയുന്ന സഹോദരങ്ങളായിരിക്കും ആദ്യം പിരിയുക…..

മദ്യം അവൻ്റെ സിരകളിൽ ലഹരി പടർത്തുമ്പോൾ ആ കണ്ണുകൾ താനേ അടഞ്ഞു പോകുന്നുണ്ട് ..

ഈ അവസ്ഥയിൽ ഇനി ജാനകിയമ്മയുമായി സംസാരിച്ചാൽ ശരിയാവില്ലെന്ന് അവന് മനസ്സിലായി….

എന്തെങ്കിലും പറയാൻ നാവുയർത്തിയാൽ കുഴഞ്ഞു പോകുകയുള്ളൂ…

അത് കൊണ്ട് ഉറങ്ങിയതു പോലെ ഇത്തിരിനേരം കിടക്കാമെന്നു വെച്ച് കണ്ണടച്ചതും അരികിൽ വാസന സോപ്പിൻ്റെ സുഗന്ധം പരക്കുന്നത് അവനറിഞ്ഞു.

“ചേട്ടാ “

കുലുക്കി വിളിക്കുന്നത്, സഖി ആണെന്നറിഞ്ഞ അവൻ ചിരിയമർത്തി കൂർക്കം വലിച്ചു തുടങ്ങി…

” അമ്മേ ആള് കൂർക്കം വലിച്ചു കിടന്നുറങ്ങാണ്”

സഖി ഒച്ചയെടുത്ത് പറഞ്ഞതും, ജാനകിയമ്മ അങ്ങോട്ടേയ്ക്ക് വന്നു.

” ഇത്തിരി നേരം കിടന്നോട്ടെ മോൻ… ശല്യപ്പെടുത്തണ്ട “

അതും പറഞ്ഞ് ജാനകിയമ്മ അകത്തേക്ക് പോയി ഒരു പുതപ്പെടുത്ത് വന്ന് അവനെ പുതപ്പിച്ചു.

എവിടെയോ നഷ്ടപ്പെട്ട വാത്സല്യം അവൻ അനുഭവിച്ചു തുടങ്ങുകയായിരുന്നു.

രാസ്നാദി പൊടി തൻ്റെ ശിരസ്സിൽ തൂവുന്നത്, വാസന സോപ്പിട്ട് ഇപ്പോൾ കുളിച്ചു വന്നവളാണെന്ന് മനസ്സിലായ അവൻ്റെ ഉള്ളം വല്ലാതെ തുടിച്ചു.

”മോളേ…. ഇങ്ങോട്ടു വാ … കുറച്ചു പണിയുണ്ട്… “

ജാനകിയമ്മ അകത്തുനിന്നു സഖിയെ വിളിച്ചപ്പോൾ അവൾ പതിയെ എഴുന്നേറ്റ് നടക്കാനൊരുങ്ങിയതും, അവൾ കൊയ്ത്ത് കഴിഞ്ഞ പാടത്തേക്ക് ഒരു നിമിഷം നോക്കി.

” അമ്മേ പാടത്ത് നിന്ന് വല്ല പാമ്പും കയറി വന്നാലോ…ബോധമില്ലാതെയല്ലേ കിടക്കുന്നത്?”

“ഒരു പാമ്പിനെ മറ്റൊരു പാമ്പും ഒന്നും ചെയ്യില്ല ചേച്ചി “

പരിഹാസത്തോടെ പറഞ്ഞു കൊണ്ട് ശിഖ അങ്ങോട്ടേയ്ക്കു വന്നതും അവിടുത്തെ കാഴ്ച കണ്ട് അവൾ അന്തം വിട്ടു.

കൊതുകുതിരിയും ,ചന്ദന തിരിയും വാശിയോടെ കത്തുന്നു…

” ചേച്ചീ എന്താ പാമ്പുംകളം നടത്താൻ വല്ല ഉദ്ദേശ്യവുമുണ്ടോ?”

“അടിച്ചു ബോധം പോയി പാമ്പായാലും ആണൊരുത്തനാ! ഒരു തരി പോറൽ ഏൽപ്പിക്കാതെ എന്നെ ഈ രാത്രിയിൽ ഇവിടം വരെ എത്തിച്ചില്ലേ?”

ശിഖയോടു തട്ടി കയറുന്ന സഖിയുടെ വാക്കുകൾ ഉറക്കം നടിച്ചു കിടക്കുന്ന രാജീവൻ്റെ കാതിൽ തേൻമഴയായി പെയ്തിറങ്ങി.

” അതു നല്ല കുടുംബത്തിൽ, നല്ല അച്ചനും അമ്മയ്ക്കും പിറന്നതിൻ്റെ ഗുണമാ….:

ജാനകിയമ്മയുടെ സ്വരം അടുത്തു വന്നപ്പോൾ, സഖി അവനിൽ നിന്നു ഇത്തിരി മാറി ഇരുന്നു.

“മോൾക്ക് അറിയില്ലേ ഈ മോനെ?”

ജാനകിയമ്മ ചോദിച്ചതും സഖി തലയാട്ടികൊണ്ട് പതിയെ ചിരിച്ചു.

“അറിയാം അമ്മേ… കുട്ടി കാലത്ത് ഒന്നിച്ചു പഠിച്ചതാ… എന്തെങ്കിലും കിട്ടിയാൽ എനിക്ക് കൊണ്ടുവരുന്ന ആളാ… ആ ധൈര്യത്തിലാണ് ഞാൻ ആളുടെ ബൈക്കിൽ കയറിയതും… പക്ഷേ പഴയതൊന്നും ഓർമ്മയില്ല പുളളിക്ക് …”

മഴയൊഴിഞ്ഞ പാടത്ത് മിന്നാമിനുങ്ങിൻ കൂട്ടം ഇറങ്ങുന്നതും നോക്കി അവളിരുന്നു.

“കാലം മാറി…. കോലം മാറി., പാവങ്ങളും പണക്കാരും എന്ന അന്തരമായി… ആ വഴിക്ക് തന്നെ പോട്ടെ അമ്മേ… പഴയ കഥകൾ പറഞ്ഞു അടുക്കരുത്…അവരൊക്കെ പുതിയ കഥകൾ തേടുന്നവരാ”

“അത്ര വലിയ പണക്കാരൊന്നും ആകില്ല… അങ്ങിനെയാണെങ്കിൽ റേഷൻ കടയിൽ വന്ന് അരിയും, ഗോതമ്പുമൊക്കെ വാങ്ങോ?”

ശിഖയുടെ സംശയം കേട്ട സഖി ചിരിയോടെ അവളെ നോക്കി.

“മോൾക്ക് എന്തറിയാം… റേഷനരി വാങ്ങി നമ്മൾ കഞ്ഞി വെച്ചു കുടിക്കുമ്പോൾ, ആ റേഷനരിയും, ഗോതമ്പും വാങ്ങി കോഴിക്കും താറാവിനും കൊടുക്കുന്നവരുണ്ടു “

ആ അമ്മയും, മൂന്നു മക്കളും തനിക്കു ചുറ്റും ഇരിക്കുന്നത് മനസ്സിലായ അവൻ കുട്ടികാലത്തേക്ക് ഊളിയിട്ടു…..

ഇതു പോലെ കഥകളും, കടങ്കഥകളും പറഞ്ഞ് എത്രയെത്ര രാത്രികൾ വെളുപ്പിച്ചിരിക്കുന്നു…..

” അമ്മേ വിളിച്ചെഴുന്നേൽപ്പിച്ച് ഭക്ഷണം കഴിപ്പിച്ചിട്ട് പറഞ്ഞയക്കാൻ നോക്ക്.. ആളെ കാണാതെ വീട്ടുകാർ പേടിച്ചിരിക്കാവും”

സഖിയുടെ പറച്ചിൽ കേട്ടപ്പോൾ, ഉറക്കം നടിച്ചു കിടന്നിരുന്ന രാജീവ് എഴുന്നേറ്റ് പതിയെ കണ്ണു തിരുമ്മി അവളെ നോക്കി.

” ആ കാര്യം ഓർത്ത് നിങ്ങളാരും പേടിക്കണ്ട. എന്നെ കാത്തിരിക്കാൻ ആരുമില്ല അവിടെ “

രാജീവിൻ്റെ സംസാരം കേട്ട അവർ അമ്പരപ്പോടെ അവനെ നോക്കി.

“അതേ അമ്മേ…. ഇന്ന് ഭാഗം വെയ്പായിരുന്നു. ഭാഗം കിട്ടിയ സന്തോഷത്തോടെ എല്ലാവരും പിരിഞ്ഞു … ഇന്നു തൊട്ട് ഞാനൊറ്റയ്ക്കാ ആ വീട്ടിൽ “

ഒരു ചിരിയോടെ അവൻ സഖിയെ നോക്കി.

” കോഴിയ്ക്കും, താറാവിനും തീറ്റ കൊടുക്കാനുള്ള അരി വാങ്ങാനല്ല ഞാൻ വന്നത് നിന്നോടൊരു ചോദ്യം ചോദിക്കാനാണ് “

” എന്നോട് എന്തു ചോദ്യം?”

സഖി അമ്പരപ്പോടെ അമ്മയെ നോക്കി.

“നാട്ടുകാർ പറയുന്നതുപോലെ എനിക്ക് കുവൈറ്റിൽ ഭാര്യമാരും, കുട്ടികളും ഉണ്ടോയെന്ന് നിനക്ക് സംശയമുണ്ടോ?”

“ഞാനെന്തിനാ അതിനെ പറ്റി ചിന്തിക്കുന്നത് ചേട്ടാ “

സഖി ഒരു ചിരിയോടെ രാജീവിനെ നോക്കി.

“വിവാഹം കഴിക്കേണ്ടായെന്ന് തീരുമാനിച്ചവനാ ഞാൻ… അതു കൊണ്ടു തന്നെയാണ് ഞാൻ നാട്ടിലേക്ക് വല്ലപ്പോഴും വന്നിരുന്നത്…. പക്ഷേ ഇപ്പോൾ ഒറ്റപ്പെട്ടു പോയപ്പോഴാണ് ആരുമില്ലാത്തതിൻ്റെ വേദന മനസ്സിലായത്,…”

അവൻ ഒരു നിമിഷം നിർത്തി സഖിയെ സൂക്ഷിച്ചു നോക്കി.

” അപ്രതീക്ഷിതമായാണ് നിന്നെ കാണുന്നത് … ഒറ്റപ്പെടുമ്പോൾ ഒരു കൂട്ട് തേടുകയാണെങ്കിൽ അത് നീയായിരിക്കണമെന്നു നിർബന്ധമുണ്ട്… അതു കൊണ്ട് ചോദിച്ചതാ….. “

രാജീവ് അത്രയും പറഞ്ഞ് പതിയെ എഴുന്നേറ്റു പുറത്തേക്ക് നടക്കാൻ തുടങ്ങിയതും, സഖി അവൻ്റെ കൈ പിടിച്ചു.

“അതിന് മാത്രം നമ്മൾ എന്തു ബന്ധമാ മാഷെ?”

സഖിയുടെ ചോദ്യം കേട്ടതും അവൻ അവളെ നോക്കി ഒന്നു ചിരിച്ചു മഴയിലേക്ക് ഇറങ്ങി.

മഴയിലേക്ക് ഇറങ്ങി ബൈക്കിനടുത്തേക്ക് ആടിയാടി പോകുന്ന അവൻ്റെ പിന്നാലെ അവൾ ചെന്നു.

” പറ-മാഷെ… നമ്മൾ തമ്മിൽ എന്താണ് ബന്ധം ?”

അവളുടെ ചോദ്യം കേട്ടതും, അവൻ ഇറയത്തിരിക്കുന്ന അമ്മയും അനിയത്തിമാരും കാണുന്നില്ലയെന്ന് ഉറപ്പു വരുത്തി, അവളെ നെഞ്ചിലേക്ക് വലിച്ചിട്ട് ആ ചുണ്ടുകളിൽ ഗാഢമായി നിമിഷങ്ങളോളം ചുണ്ടമർത്തി.

“ചെറിയ ക്ലാസിൽ ഇതുപോലെ ഒരു ഉമ്മ വെച്ചതിന്, പ്രസവിക്കുമെന്ന് പറഞ്ഞ് എന്നോട് കുറച്ചു കാലം മിണ്ടാതെ നടന്ന ഒരു പെൺകുട്ടിയുണ്ട്…. “

അവൻ്റെ ആ വാക്ക് കേട്ടപ്പോൾ സന്തോഷ കണ്ണീരോടെ അവൾ ആ നെഞ്ചോരം ചേർന്നു നിന്നു മന്ത്രിച്ചു.

” മറന്നിട്ടില്ല അല്ലേ?”

“നന്നായി ഓർത്തിട്ടുമില്ല… നന്നായി മറന്നിട്ടുമില്ല:. പിന്നെ വിവാഹം കഴിക്കണമെന്നും തോന്നിയിട്ടില്ല. ഇത് യാദൃശ്ചികം … വിധിയെന്നു പറയാം…..നമ്മൾ ഒന്നാകണമെന്ന വിധി”

അത്രയും പറഞ്ഞ് അവളുടെ ചുണ്ടുകളെ ഒരിക്കൽ കൂടി നുണഞ്ഞിട്ട് അവൻ ബൈക്കിൽ കയറിയപ്പോൾ, ഒരു ലഹരി തൻ്റെ ശരീരത്തിലൂടെ വ്യാപിക്കുന്നത് അവളറിഞ്ഞു.

“ഞാൻ നാളെ വരും… നിന്നെ പെണ്ണു ചോദിക്കാൻ ….”

പറഞ്ഞു തീർന്നതും അവൻ്റെ വിരലിൽ നിന്ന് മോതിരം ഊരി അവളുടെ വിരലിട്ട ശേഷം, അവനെയും കൊണ്ട് ബൈക്ക് മഴയിലൂടെ കുതിച്ചതും, തൻ്റെ തലകറങ്ങുന്നതു പോലെ സഖിയ്ക്ക് തോന്നി:…

ആടിയാടി അവൾ വരുന്നത് കണ്ട അമ്മ പേടിയോടെ മകളെ നോക്കി…..

“രാജീവേട്ടൻ കല്യാണം കഴിച്ചിട്ടില്ല അമ്മേ… വൃത്തികെട്ട നാട്ടുകാർ പറഞ്ഞുണ്ടാക്കുന്നതാ…”

കുഴഞ്ഞ ശബ്ദത്തിൽ അതും പറഞ്ഞ് കോലായിലെ തണുത്ത തറയിലേക്ക് കിടന്ന് ‘രാജീവേട്ടൻ എൻ്റെതാണ് ‘ എന്ന് മന്ത്രിക്കുന്ന അവളെയും നോക്കി അമ്മയും, അനിയത്തിമാരും അന്തം വിട്ടിരിക്കുമ്പോൾ, പാടത്തു വട്ടമിട്ടു പറക്കുന്ന മിന്നാമിനുങ്ങുകളെ പിടിക്കാനെന്നവണ്ണം കൈ നീട്ടുന്നുണ്ടായിരുന്നു അവളപ്പോൾ ……..!

ശുഭം….

Leave a Reply

Your email address will not be published. Required fields are marked *