September 18, 2021

ഷോപ്പിലുള്ള മുഴുവൻ തുണികൾ എടുത്തു നിരത്തിയിട്ടും അവർക്ക് ഒന്നും തൃപ്തി ആയില്ല…

പെണ്മനസ്സ്

രചന: നീരജ

“എവിടെയാണ്… “

മൊബൈൽ ഫോൺ ചെറുതായി വിറച്ചപ്പോൾ എടുത്ത് നോക്കി. മറുപടി ടൈപ്പ് ചെയ്തു.

“ബസ്സിൽ… “

“സൈഡ് സീറ്റ്‌… ??”

“യെസ്… “

“കമ്പിയിലേക്ക് ചാരി ഉറങ്ങിക്കോ.. സ്വപ്നം കാണാം.. “

“ആയിക്കോട്ടെ.. “

“See u later.. “

ഫോൺ പെട്ടെന്ന് ലോക്ക് ചെയ്ത് ബാഗിലിട്ടു… ചുറ്റിനും നോക്കി ആരെങ്കിലും നോക്കുന്നുണ്ടോ…

തന്നെപ്പോലെ ഒരാൾ ബസ്സിൽ ഇരുന്നു ഫോണിൽ ടൈപ്പ് ചെയ്യുന്നത് ശ്രദ്ധിക്കാൻ പലരും കാണും.. ആരുടേയും മനസ്സിൽ തന്നെക്കുറിച്ച് ഒരു ചീത്ത ചിന്ത വരാൻ ആഗ്രഹിക്കുന്നില്ല…

കമ്പിയിലേക്ക് ചാരി സ്വപ്നംകാണാൻ പറ്റിയ നേരം തന്നെ…

അമ്മ പകൽ പലതവണ വിളിച്ചിരുന്നു… എന്തായിരിക്കും ഇത്രയും അത്യാവശ്യ കാര്യം.? വീട്ടിൽ ചെന്നിട്ട് വിളിക്കാം. ഇന്ന് പതിവിലും അര മണിക്കൂർ താമസിച്ചു….

ഹോ! ഇറങ്ങാൻ തുടങ്ങിയപ്പോൾ കടയിൽ വന്ന ഫാമിലി ജീവനെടുത്തു. ഷോപ്പിലുള്ള മുഴുവൻ തുണികൾ എടുത്തു നിരത്തിയിട്ടും അവർക്ക് ഒന്നും തൃപ്തി ആയില്ല..

ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി വീട്ടിലേക്ക് ഓടിയും നടന്നുമായി വേഗത്തിലെത്തി..

ഏഴുമണി ആകുന്നു.. അമ്മയുടെ സീരിയൽ ഇപ്പോൾ തുടങ്ങും… അതിന് മുൻപ് എന്നും വീട്ടിൽ എത്തുന്നതാണ്…. ഏട്ടന്റെ അമ്മ ജോലിയൊന്നും ചെയ്തില്ലെങ്കിലും മക്കൾ വരുമ്പോൾ വീട്ടിൽ ആളുള്ളത് ഒരു ആശ്വാസമാണ്.

മുറിയിലിരുന്നു പഠിക്കുന്ന മക്കളെ കണ്ടു വിശേഷങ്ങൾ ചോദിച്ചു ഒരഞ്ചു മിനിറ്റ്… വേഗം ഡ്രസ്സ്‌ മാറി അടുക്കളയിലേക്ക്….

അരി കഴുകി കുക്കറിലിട്ട് ഗ്യാസ് അടുപ്പിൽ വച്ചു. പെട്ടെന്ന് ഒരു ചമ്മന്തി അരച്ചു… പയർ അരിഞ്ഞു തോരനുള്ളതും അടുപ്പത്തു വച്ചു.. അമ്മ ഇട്ട് വച്ചിരുന്ന ചായ തണുത്തിരിക്കുന്നു ചൂടാക്കാൻ തോന്നിയില്ല… മക്കളുടെ രണ്ടു ബിസ്ക്കറ്റ് കൂടി എടുത്തു. പകൽ മുഴുവൻ ഷോപ്പിൽ നിൽപ്പാണ്… നടുവും കാലും വേദനകൊണ്ട് പുകയുന്നു.

അടുക്കളയിൽ ജോലി ചെയ്യുമ്പോൾ മൊബൈലിൽ ഇഷ്ടഗാനങ്ങൾ വയ്ക്കും.. ഒരു ദിവസത്തിൽ പാട്ട് കേൾക്കാൻ ആകെ കിട്ടുന്ന സമയം അതാണ്… പാട്ടിന്റെ വരികൾ ഉള്ളിൽ നിറയുമ്പോൾ ചിന്തകൾ മാറി നിൽക്കുകയും ചെയ്യും…

ചായ കുടിക്കാൻ ഇരിക്കുമ്പോഴാണ് സോഷ്യൽ മീഡിയയിൽ ഒരു ഓട്ട പ്രദക്ഷിണം നടത്തുക… പതിവ് മെസ്സേജ്….

” വീട്ടിൽ എത്തിയോ… “

“ഇന്ന് താമസിച്ചല്ലോ… ഇപ്പോഴാ ഒന്നിരുന്നത്… “

“നിനക്ക് അത് തന്നെ വേണം…. ജീവിക്കണമെങ്കിൽ കഷ്ടപ്പെടണം.. “

“ആയിക്കോട്ടെ ഗുരു… ഉപദേശത്തിന് നന്ദി.. “

“സ്ഥിരം സ്ഥലത്ത് ആണോ…. ആൽച്ചുവട്ടിൽ… വായിനോട്ടം… “

“അതെ.. “

“ഓഹോ.. നടക്കട്ടെ… “

ചായ എടുത്ത് ഒറ്റവലിക്ക് കുടിച്ച് എഴുന്നേറ്റു…. മക്കൾ എന്തെടുക്കുവാണോ..അവരെ ഹോംവർക്ക് ചെയ്യാൻ അൽപനേരം സഹായിച്ചു…. ഇടയ്ക്കു അടുക്കളയിലും വന്ന് പോയി…. കഞ്ഞിയും തോരനും ചമ്മന്തിയും എടുത്ത് പത്രങ്ങളിൽ ആക്കി ഊൺമേശയിൽ വച്ചു…. അടുക്കള തൂത്തുവാരി.. പാത്രവും കഴുകി വച്ചു…

അമ്മയെ വിളിക്കാൻ മറന്നിരിക്കുന്നു…ഫോൺ എടുത്ത് അമ്മയെ വിളിച്ചു… പരാതികളുടെ ഒരു പ്രളയം തന്നെ ഉണ്ടായിരുന്നു….

ബിരുദം എടുത്ത മോൾ തുണിക്കടയിൽ പോകുന്നു എന്നറിഞ്ഞാൽ അത് മതി അമ്മക്ക് കരഞ്ഞു വിളിച്ചു നടക്കാൻ… അതുകൊണ്ട് പറയാൻ പോയില്ല…. മരുമകളുടെ കുറ്റങ്ങൾ ഏറെ ആയപ്പോൾ പറഞ്ഞു..

“അമ്മേ…. എന്തോരം പേരാണ് മക്കൾ ഉപേക്ഷിച്ചു വൃദ്ധസദനങ്ങളിൽ കിടക്കുന്നത്…. അമ്മ ഇപ്പോഴും അമ്മയുടെ വീട്ടിൽ അമ്മയുടെ മുറിയിൽ തന്നെ അല്ലേ കിടക്കുന്നത്…. ദൈവത്തിന് നന്ദി പറ അമ്മേ…. “

കുറെ കുറ്റങ്ങളുടെ മുന ഒടിഞ്ഞെങ്കിലും പിന്നെയും പരിഭവം പറച്ചിൽ നീണ്ടു….. ഒരിക്കൽ പോലും മോളെ നിനക്ക് സുഖമാണോ എന്ന് അമ്മ ചോദിച്ചില്ല…

അമ്മയോട് വിഷമങ്ങൾ എല്ലാം പറഞ്ഞ് ഒന്ന് കെട്ടിപ്പിടിച്ചു കരയണം എന്ന് തോന്നാറുണ്ട്…. അമ്മയെ വിഷമിപ്പിക്കണ്ട എന്നോർക്കുന്നതു കൊണ്ട് ഒരിക്കലും തന്റെ വിഷമങ്ങൾ അമ്മയോട് പറയാനും പോകുന്നില്ല…..എങ്കിലും ആ ചോദ്യമില്ലായ്മയിൽ കണ്ണുകൾ നിറഞ്ഞു….

മണി ഒൻപത് ആയി… ഏട്ടൻ ഇപ്പോൾ വരും… പാവം പകൽ മുഴുവൻ ഓട്ടോ ഓടിച്ചിട്ടുള്ള വരവാണ്… എങ്കിലും പതിവായുള്ള മ ദ്യസേവ മാത്രം സഹിക്കാനാവില്ല…

പേടിയാണ്… മ ദ്യത്തിൽ മുങ്ങി ജീവിച്ച് കരൾ പോയി മരിച്ച അച്ഛന്റെ ഓർമയിൽ ഇടയ്ക്കു പതറി നിൽക്കാറുണ്ട്… ഏട്ടൻ അതൊന്നും മുഖവിലയ്ക്ക് എടുക്കാറില്ല…. വഴക്ക് ഉണ്ടാക്കിയിട്ട് എന്ത് കാര്യം…സമാധാനം ആണല്ലോ വലുത്… ബാക്കി എല്ലാം തന്റെ വിധി പോലെ…

എല്ലാമറിഞ്ഞാലും സഹനങ്ങളിലാണ് കുടുംബത്തിന്റെ നിലനിൽപ്പ്, പെണ്ണ് ഒച്ചയിട്ടു തുടങ്ങിയാൽ ഇടിഞ്ഞുപോകുന്ന അഭിമാനത്തിന്റെ മേൽക്കൂര താങ്ങികളാണ് നാമെന്നും…. ആ വിഡ്ഢിത്തത്തിൽ ബാക്കിയാകുന്നതാണ് പല കുടുംബങ്ങളും.

എല്ലാവർക്കും ഭക്ഷണം കൊടുത്തു… പത്രവും കഴുകി വച്ചു കുളിച്ചിട്ടു വന്ന് ഭക്ഷണം കഴിച്ചു… രാവിലത്തേക്കുള്ള ദോശ മാവ് അരച്ച് വച്ചു…. കതകുകൾ എല്ലാം അടച്ചു എന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തി.. അമ്മയെയും മക്കളെയും നോക്കി മുറിയിൽ കയറിയപ്പോൾ പത്തര ആകുന്നു…. ഇനി അതിരാവിലെ എഴുന്നേൽക്കാൻ ഉള്ളതാണ്….

ഫോൺ മുരളുന്ന ശബ്‌ദം…..

“Good night.. “

“ആഹാ ഉറങ്ങാൻ പോകുവാണോ… “

“അല്ല… പറഞ്ഞോ…. “

“എന്ത്… “

“ഇന്നത്തെ വിശേഷങ്ങൾ പോരട്ടെ… “

“പാവങ്ങൾക്ക് എന്നും ഒരുപോലെ…. “

“എന്നാലും… “

“ചോദ്യം ചോദിക്കാം… ഉത്തരങ്ങൾ വേണം. “

“വേറെ തൊഴിലൊന്നും ഇല്ലല്ലോ… അറിയാമെങ്കിൽ പറയാം.. “

ഏതെങ്കിലും പെണ്മനസ്സുകളുടെ അകത്തളങ്ങളിൽ കൂടി നടന്നിട്ടുണ്ടോ…. എപ്പോഴെങ്കിലും..”

“ഞാൻ പറഞ്ഞിട്ടില്ലേ…. എനിക്ക് ഇഷ്ടമുണ്ടായിരുന്ന കുട്ടിയെ പറ്റി… അവളുടെ മനസ്സ് കാണാൻ ശ്രമിച്ചിരുന്നു… ആ മനസ്സ് നന്നായി പഠിച്ചിരുന്നു എന്നാണ് തോന്നുന്നത്… “

“വെറും തോന്നലാണ്… ഓരോ പെണ്മനസുകളും ഓരോ അത്ഭുതങ്ങൾ ആണ്… ഒന്നുപോലെയാണ് മറ്റൊന്ന് എന്ന് ധരിക്കുമ്പോഴാണ്, അത് പോലെ ആകണം എന്ന് ശഠിക്കുമ്പോഴാണ് ജീവിതം പരാജയമായി തീരുന്നത്… “

“പക്ഷെ നിങ്ങൾ പുരുഷന്മാരുടെ മനസ്സിലേക്ക് നോക്കിയാൽ…ഒരേ പോലെ മനസ്സുള്ള ഒത്തിരിപേരെ കാണാം…..”

“ഓ പിന്നെ….. മഹത്തായ കണ്ടുപിടുത്തം… അനക്ക് എന്റെ വക ഒരു കുതിരപ്പവൻ “

“കളിയാക്കണ്ട…ഉദാഹരണത്തിന് ഒരു മദ്യപാനിയെ നോക്കിയാൽ. അയാളുടെ മനസിന്റെ അകത്തളത്തിൽ…. അയാൾ ഒരുക്കി വച്ചിരിക്കുന്ന മേശ കാണാം…അതിൽ മ ദ്യപാനത്തിന് ആവശ്യമായ സാമഗ്രികൾ അടുക്കി വച്ചിരിക്കും. ഒരു കോണിലായി കുടുംബത്തെ മാറ്റി നിർത്തിയിട്ടുണ്ടാവും…. സ്ഥിരം മ ദ്യം മേടിച്ചു കൊടുക്കുന്നവരോടുള്ള സ്നേഹവും കടപ്പാടും നിറഞ്ഞ മനസ്സ് …. “

” ഇനി പ്രണയ നൈര്യാശ്യത്തോടെ ജീവിക്കുന്ന ഒരാൾ… അകത്തളത്തിൽ ഒരു ബെഞ്ചിന്റെ രണ്ടറ്റത്തായി ഭാര്യയും കാമുകിയും ഉണ്ടാവും നടുക്ക് അയാളും… ഭാര്യ എന്തെങ്കിലും ഇഷ്ടക്കേട് കാണിച്ചാൽ അപ്പോൾ തന്നെ കാമുകിയുടെ നേർക്കാവും കണ്ണ്… താരതമ്യം ചെയ്തു പഠിച്ചു കൊണ്ടിരിക്കും…. “

“നിങ്ങളിൽ ഒരേ പോലെ മനസ്സുള്ള ഒന്നിലധികം പേരെ കണ്ടെത്താൻ സാധിക്കും… പക്ഷെ പെണ്മനസ്സുകൾ…ഒരേ പോലുള്ള ഒത്തിരി പേരെ വേണ്ട രണ്ട് പേരെ കാണിച്ചു തരാമോ… ?”

“ഞാൻ സുല്ലിട്ടു…. പെണ്ണുങ്ങളുടെ മനസ്സ് സൂപ്പർ മാർക്കറ്റ് ആണ്… സമ്മതിച്ചു.. പോരെ….”

“അത്ര കഷ്ടപ്പെട്ട് സമ്മതിക്കേണ്ട… ഉള്ളത് പറയുമ്പോൾ അല്ലേലും അങ്ങനെയാ…. “

“അല്ല ഇതൊക്കെ പറയാൻ ഇവിടിപ്പോ എന്താ ഉണ്ടായത്…. ?”

“ആ… എനിക്കറിയില്ല…. തോന്നി പറഞ്ഞു “

“നന്നായി… കിടന്നോ….. അതിരാവിലെ എഴുന്നേൽക്കാൻ ഉള്ളതല്ലേ…..”

“കേട്ടിരുന്നതിനു താങ്ക്സ്… Good night “

“Good night “

മനസ്സ് ശാന്തമായിരിക്കുന്നു…. ഏട്ടന്റെ കൂർക്കം വലി ശബ്ദം ഇപ്പോൾ ശല്യമായി തോന്നാറില്ല… ചിലതെല്ലാം കഷ്ടപ്പെട്ടു ഇഷ്ടപ്പെടാൻ പഠിച്ചാൽ ജീവിതം സുന്ദരം തന്നെ.. കാണാമറയത്തുള്ള തന്റെ സുഹൃത്ത് ഇപ്പോൾ ഭാര്യയെയും മകളെയും ചേർത്ത് പിടിച്ച് ഉറക്കത്തിലേക്ക് ഇറങ്ങി നടന്നിട്ടുണ്ടാകും.

സ്നേഹവും കരുതലും നഷ്ടപ്പെട്ടിരിക്കുന്ന നോവുന്ന മനസ്സിന്…..ആശ്വസിക്കാനായി ഒരു സൗഹൃദ തണൽ… അദൃശ്യമായ നിയന്ത്രണ രേഖയ്ക്ക് അപ്പുറവും ഇപ്പുറവും… ജീവിതം മടുപ്പാകുമ്പോൾ… പാതി വഴിയിൽ അവസാനിപ്പിക്കാതെ മുന്നോട്ട് പോകാനുള്ള പ്രേരണ….

പെണ്ണിനെ പലപ്പോഴും കൂടെ ജീവിക്കുന്നവർക്കെന്നല്ല ദൈവത്തിനു പോലും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്…. മരുഭൂമിയിലെ മരീചിക പോലെ….

ചിലർക്ക് തോന്നാം അതൊരു സൂപ്പർ മാർക്കറ്റ് ആണെന്ന്… മുളക് പൊടിയും, സോപ്പും, ഉപ്പും, പഞ്ചസാരയും, കത്തിയും, ചൂലും, തീപ്പെട്ടിയും തുടങ്ങി എല്ലാ രസവസ്തുക്കളും രാസ വസ്തുക്കളും കൂടിയും കുറഞ്ഞും നിറഞ്ഞ ഒരു മാർക്കറ്റ്…….

അവിടെ വാങ്ങുന്നതിലും വിൽക്കുന്നതിലും സ്നേഹം തിരയുന്ന….വാശിയുള്ള ഒരു ഉടമസ്ഥയാകുന്നു അവൾ.

Leave a Reply

Your email address will not be published. Required fields are marked *