എന്തോ ഓർത്തെന്നവണ്ണം അവൾ കണ്ണ് തുറന്ന് തെക്കേ തൊടിയിലേക്ക് നോക്കി…

കൃഷ്ണവേണി

രചന: സന്തോഷ് അപ്പുക്കുട്ടൻ

“നീ ഈ മുച്ചക്രവും ഉരുട്ടി എന്തിനാണ് പോകുന്നതെന്ന് എല്ലാവർക്കും അറിയാം. ഇങ്ങിനെ അന്വേഷിച്ച് നടന്ന് വശംകെടുന്നതിലും നല്ലത്, അവരെ ഇങ്ങോട്ട് വരുത്തുന്നതല്ലേ? “

കാക്കി ഷർട്ടുമണിഞ്ഞ് വീടിനു പുറത്തേക്കിറങ്ങിയ കൃഷ്ണ, ദിവാകരൻ്റെ വാക്കുകൾ കേട്ടപ്പോൾ പടിയിൽ ഒരു നിമിഷം നിശ്ചലം നിന്നു.

അവളുടെ കൺകോണുകളിൽ ഒരു പുഞ്ചിരിയൂറി .

” കസ്റ്റമേഴ്സിനെ ഞാൻ ഇവിടേക്ക് എത്തിക്കാം. കമ്മീഷൻ തന്നാൽ മതി”

ദിവാകരൻ്റെ വാക്ക് കേട്ടതും,അവൾ പതിയെ തിരിഞ്ഞു, വാതിൽപ്പടിയിൽ ചാരി നിൽക്കുന്ന അയാളുടെ അടുത്തേക്ക് നടന്നു.

കുനിഞ്ഞു ദിവാകരൻ്റെ കാൽപാദം തൊട്ടു ഒരു നിമിഷം നിന്നതും, പെട്ടെന്നു ഉയർന്ന, അവളുടെ കൈ, അയാളുടെ ഇരുകവിളിലും വളരെ ശക്തിയോടെ മാറി മാറി വീണു.

ഒരു പറ്റം പൊന്നീച്ചകൾ തലയ്ക്കകത്ത് മുരളുന്നതു പോലെ തോന്നിയപ്പോൾ അയാൾ രണ്ടു കണ്ണും അടച്ച് രണ്ട് നിമിഷം നിന്നു.

കണ്ണിൽ നിന്ന് അവസാന പൊന്നീച്ചയും പറന്നകന്നപ്പോൾ, അയാൾ ദയനീയതോടെ കണ്ണുതുറന്ന് കൃഷ്ണയെ നോക്കി.

” പെണ്ണുങ്ങളെ അപമാനിക്കുന്നത്, തലയ്ക്ക് മൂത്ത ആണുങ്ങളാണെങ്കിൽ കാലിൻമേൽ ഒന്നു തൊട്ട് അടിക്കാമെന്ന് എൻ്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് “

കൃഷ്ണയുടെ തീ പടർന്ന വാക്കുകൾക്ക് ഒപ്പം, ആ കണ്ണിൽ പകയുടെ ഒരു സമുദ്രം ഇളകുന്നത് കണ്ട ദിവാകരൻ്റെ നോട്ടം, വീടിൻ്റെ തേയ്ക്കാത്ത ചുമരിലേക്ക് നീണ്ടു.

ചില്ലിനകത്ത്, അവ്യക്തതയിൽ അഭയം പ്രാപിക്കാനെന്നവണ്ണം കാത്തിരിക്കുന്ന ഒരു ബ്ലാക്ക് ആൻ്റ് വൈറ്റ് ഫോട്ടോയിൽ കാണുന്ന ആൾ, അഭിമാനത്തോടെ ചിരിക്കുന്നതു പോലെ അയാൾക്കു തോന്നി.

“എന്താ ഇവിടെയൊരു ശബ്ദം ?”

അടുക്കളയിൽ നിന്ന് തവിയുമായി പുറത്തേക്കിറങ്ങിയ ശാരദ, ദിവാകരനെയും, കൃഷ്ണയെയും മാറി മാറി നോക്കി.

” വിഷുവിന് പടക്കം പൊട്ടിച്ച ശബ്ദമല്ല കേട്ടത്. നിങ്ങടെ രണ്ടാം കെട്ടുക്കാരൻ്റെ മുഖത്തിനിട്ട് ഞാൻ ഒന്നു പൊട്ടിച്ചതിൻ്റെ ശബ്ദാ”

ശാരദയെ നോക്കി പരിഹാസത്തോടെ കൃഷ്ണ പറഞ്ഞപ്പോൾ, അവൾ ദിവാകരനെ കടുപ്പിച്ചൊന്നു നോക്കി .

” ഇങ്ങിനെ നോക്കി പേടിപ്പിച്ചിട്ടൊന്നും ഇനി കാര്യമില്ല. പട്ടിയുടെ വാൽ പോലെ അത് വളഞ്ഞു തന്നെ ഇരിക്കുകയുള്ളൂ.”

കൃഷ്ണ രണ്ടടി വെച്ച് ശാരദയുടെ മുന്നിൽ ചെന്ന് നിന്ന്, പരിഹാസത്തോടെ ആ മുഖത്തേക്ക് നോക്കി.

“രണ്ടാം കെട്ടു നടത്തുന്നത് കൊണ്ട് കുഴപ്പമില്ല.പക്ഷെ നന്നായി ചിന്തിച്ചിട്ട്, ആളെ മനസ്സിലാക്കി നിങ്ങൾ അത് ചെയ്യണമായിരുന്നു. അതിനു പകരം അച്ഛൻ മരിച്ച് ഒരു ആണ്ട് തികയും മുൻപേ ഇതുപോലൊരു മകളെ തിരിച്ചറിയാൻ കഴിയാത്ത നാറിയെയാണല്ലോ നിങ്ങൾ?”

“അധികപ്രസംഗി “

ദിവാകരനെ ചീത്ത വിളിക്കുന്നത് കേട്ടപ്പോൾ ശാരദ കലികയറി കൃഷ്ണയുടെ അടുത്തേക്ക് പാഞ്ഞു.

“മക്കളെ തെരുവ് പെണ്ണെന്നും, ആണുങ്ങളെ വലവീശിപ്പിടിക്കാൻ പോകുന്നവളുമാണെന്ന് അയാൾക്ക് വിളിക്കാം. അതിനൊരു കുഴപ്പമില്ല. പക്ഷേ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് വലിയ അപരാധം “

കൃഷ്ണ മുറുമുറുത്തു കൊണ്ട് ശാരദയെ നോക്കി.

” എല്ലാം കേട്ട് ക്ഷമയോടെ ഇരിക്കാൻ എന്നെ കിട്ടില്ലായെന്ന് അയാളോടു പറഞ്ഞേക്ക്. ഒന്നു കിട്ടിയാൽ പത്ത് തിരിച്ചു കൊടുക്കും ഈ കൃഷ്ണ.അങ്ങിനെ ചെയ്യണമെന്ന് പഠിപ്പിച്ചിട്ടാണ് എൻ്റെ അച്ചൻ പോയത് “

കൃഷ്ണയുടെ വാക്ക് കേട്ടതും, ശാരദയുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു.

“നിങ്ങൾ ചിരിക്കും. എനിക്ക് അറിയാം. അച്ഛൻ മരിച്ച രണ്ട് പെൺമക്കളുടെ ജീവിതത്തേക്കാളും, നിങ്ങൾക്കേറ്റവും വലുത് നിങ്ങളുടെ സംതൃപ്തിയായിരുന്നു. നിങ്ങളെ പോലെയുള്ള വൃത്തികെട്ട സ്ത്രീകളാണ് പത്തു മാസം ചുമന്ന കഷ്ടപ്പാടിൻ്റെ കഥ വെറുമൊരു തമാശ കഥയാക്കി മാറ്റിയത് “

“നീ ഇവിടെ നിന്ന് കവല പ്രസംഗം നടത്താതെ പോകാൻ നോക്ക് “

ശാരദ അതും പറഞ്ഞ് തിരിഞ്ഞപ്പോൾ, അവരുടെ കൈയ്യിൽ പിടിച്ചു കൃഷ്ണ.

” ഒന്നു നിങ്ങൾ ഓർത്തോ? ഇതേപോലെ പോകാനാണ് നിങ്ങൾ രണ്ട് പേരുടെ ഭാവമെങ്കിൽ, വീടിൻ്റെ ചായ്പിൽ ഒരു അരിവാൾ ഞാൻ വെച്ചിട്ടുണ്ട്. ബന്ധം നോക്കാതെ രണ്ടിൻ്റെം കഴുത്ത് കണ്ടിക്കും ഞാൻ

“ഓ പിന്നേ. ഒന്നു പോയേ ടീ”

ശാരദയുടെ ധൈര്യത്തിൽ ദിവാകരൻ അത് പറയുമ്പോൾ, അകത്തെ മുറിയിൽ നിന്ന്, എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് കൃഷ്ണ കാതോർത്തു.

ആ നിമിഷം കൃഷ്ണയുടെ കണ്ണുനിറഞ്ഞു.

നീരണിഞ്ഞ കണ്ണുകളോടെ അവൾ ദിവാകരനെ നോക്കി.

“നിനക്കും, അരിവാളിനുമായിൽ തടസ്സം നിൽക്കുന്നത് അരുതേയെന്നുള്ള ആ ശബ്ദമാണ്. ഗതികെട്ടാൽ അതും നോക്കില്ല ഞാൻ.ഓർമ്മയിൽ വെച്ചോ “

രണ്ടിനെയും മാറി മാറി നോക്കി അവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ, അവളെ തണുപ്പിക്കാനെന്നവണ്ണം മഴ ചാറിതുടങ്ങിയിരുന്നു.

തണുത്ത കാറ്റോടൊപ്പം, വെള്ളത്തുള്ളികൾ മുഖത്തേക്ക് വീണപ്പോൾ, അവൾ കുളിർമയോടെ ആകാശത്തേക്ക് നോക്കി.

കാറ്റിനൊപ്പം നീങ്ങുന്ന മേഘങ്ങളെയും നോക്കി അവൾ ഒരു നിമിഷം കണ്ണടച്ചു നിന്നു.

എന്തോ ഓർത്തെന്നവണ്ണം അവൾ കണ്ണ് തുറന്ന് തെക്കേ തൊടിയിലേക്ക് നോക്കി.

മൺകൂനയ്ക്ക് മുന്നിലായ്,ചെറുകാറ്റിലുലയുന്ന ദിപം പ്രകാശം പൊഴിക്കുന്നതും നോക്കി അവൾ ഒരു ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു.

അച്ഛനെന്ന മഹാസാഗരം മനസ്സിലിളകി തുടങ്ങിയതും, അവളുടെ കണ്ണുനിറയാൻ തുടങ്ങി.

ഏത് ഇരുട്ടിലും, ഒരു മെഴുകുതിരി വെട്ടമായി മക്കൾക്ക് പ്രകാശം പൊഴിച്ചുക്കൊണ്ടിരുന്ന അച്ഛൻ, വീശിയടിച്ച വിധിയുടെ കൊടുങ്കാറ്റിൽ പെട്ടെന്ന് അണഞ്ഞുപോകുകയായിരുന്നു.

ഓർമ്മകൾ തന്നെ പൊട്ടി കരയിപ്പിക്കുമെന്ന് തോന്നിയ അവൾ, കണ്ണീർ തുടച്ചുക്കൊണ്ട് ചെറിയ പൂന്തോട്ടത്തിൽ നിന്ന് നന്ത്യാർവട്ട പൂക്കൾ പറിച്ച് മുടിയിൽ തിരുകി, ഓട്ടോയിലേക്ക് കയറി.

ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ച്, അവൾ കിക്കർ വലിച്ചതും, ഒരു മുരൾച്ചയോടെ വണ്ടി സ്റ്റാർട്ട് ആയി.

വണ്ടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ, വെളുത്ത കുറിഞ്ഞി പൂച്ച വണ്ടിയിലേക്ക് കയറി, അവളുടെ മടിയിലേക്ക് ചാടിയിരുന്നു.

ഓട്ടോ,ചരലിട്ട പാതയുടെ അവസാനമെത്തിയതും കൃഷ്ണ, പൂച്ചക്കുട്ടിയെ നിലത്തേക്ക് വെച്ചു.

കൃഷ്ണയെ ഒന്നു നോക്കി, പൂച്ചക്കുട്ടി വീട്ടിലേക്ക് ഓടിയതും, അവൾ വണ്ടി മുന്നോട്ട് എടുത്തതും ഒരു ബുള്ളറ്റ് അവളുടെ ഓട്ടോക്ക് കുറുകെ വന്നു നിന്നു.

ബുള്ളറ്റിൽ നിന്നിറങ്ങിയ അയാൾ, ഓട്ടോയുടെ ഡ്രൈവിങ്ങ് സീറ്റിനടുത്ത് എത്തിയതും, കൂളിംങ്ങ് ഗ്ലാസ്സിനു മീതേ കൂടി അവളെ ആപാദചൂഢം ഒന്നു നോക്കി പുഞ്ചിരിച്ചു.

“എന്നെ ഇങ്ങിനെ വഴിയിൽ തടയരുതെന്ന് അഭിയോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് “

കത്തുന്ന കണ്ണുകളോടെ കൃഷ്ണ അഭിയെ നോക്കി.

” ആ പൂച്ച കുട്ടിയ്ക്ക് കൊടുക്കുന്ന സ്നേഹത്തിൻ്റെ നൂറിലൊന്ന്. അതുമതി എനിക്ക്‌. നീ ഒന്നു സമ്മതം മൂളിയാൽ പിന്നെ ഒരിക്കലും നിന്നെ തേടി ഞാൻ വരില്ല. പക്ഷേ നി എന്നെ തേടി വരുന്നത് വരെ ഞാൻ കാത്തിരിക്കും “

അയാൾ ഓട്ടോയുടെ റെക്സിനിൽ കൈ ഓടിച്ചു കൊണ്ട് പതിയെ പുഞ്ചിരിച്ചു.

” വരാൻ നിനക്ക് ഉദ്ദേശ്യമില്ലെങ്കിൽ തട്ടോടെ ഞാൻ താങ്ങും. അമ്മച്ചിയാണെ സത്യം”

അതും പറഞ്ഞ് പുഞ്ചിരിയോടെ നടന്ന് ബൈക്കിൽ കയറിയ അവനരികിലേക്ക്, കൃഷ്ണ, ഓട്ടോയിൽ നിന്നിറങ്ങി ചെന്നു.

“തട്ടോടെ താങ്ങാൻ ഞാനെന്താ തലചുമടാണോ? ഇത്തരം ഡയലോഗുമായി ദയവായി എൻ്റെ അടുത്തേക്ക് വരരുത് പ്ലീസ്- ജീവിച്ചു പൊയ്ക്കോട്ടെ ഞാൻ “

അതും പറഞ്ഞ് തിരിഞ്ഞു നടന്ന അവൾ ഒരു നിമിഷം അവനെ തിരിഞ്ഞു നോക്കി.

“ഈ പ്രേമംന്ന് പറയുന്നത് അതിരാവിലെ കൂറ ബ്രാ ൻഡിയും അടിച്ച്, പാതി ബോധത്തിൽ, പെണ്ണിനെ തടഞ്ഞു നിർത്തി മാസ്സ് ഡയലോഗും അടിച്ചു നേടേണ്ട ഒന്നല്ല. നീ നല്ലതാണെങ്കിൽ, നിൻ്റെ വഴി നേരെയാണെങ്കിൽ പെണ്ണു വന്നു തന്നെ പ്രൊപ്പോസ് ചെയ്യും നിന്നെ. അതാണ് പ്രണയം!

അവൻ താടിയും ഉഴിഞ്ഞ് അവളെ പുഞ്ചിരിയോടെ നോക്കി നിന്നു.

” അപ്പോൾ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാൽ നമ്മൾ രണ്ടു പേരും സഞ്ചരിക്കുന്നത് സമാന്തര രേഖയിലൂടെയാണ്.ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖയിലൂടെ “

പറഞ്ഞു കഴിഞ്ഞ് അവൾ കയറി ഓട്ടോസ്റ്റാർട്ടാക്കിയതും, അവൻ വീണ്ടും കൃഷ്ണയുടെ അരികത്തേക്ക് വന്നു.

” ചെമ്മീൻ ചാടിയാൽ എന്നൊരു ക്ലീഷേ ഡയലോഗ് ഞാൻ പറയുന്നില്ല. കാരണം നീ ഹൈ വോൾട്ട് ആണ്. പക്ഷെ എനിക്ക് ഇതൊരു വെല്ലുവിളിയാണ്. അതിന് വേണ്ടി എന്തു മാർഗ്ഗവും ഞാൻ സ്വീകരിക്കും”

അവളെയൊന്ന് കൂർപ്പിച്ച് നോക്കി, ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് വലിയൊരു ശബ്ദത്തോടെ അവൻ പറന്നു പോയപ്പോൾ, അവൾ ഓട്ടോ-സ്റ്റാർട്ട് ചെയ്തു.

ഹൈവേയിലൂടെ നീങ്ങിയ ഓട്ടോ പെട്രോൾ പമ്പിനു മുന്നിൽ നിർത്തി.

” ഒന്നോ, രണ്ടോ?”

പെട്രൊൾ അടിക്കുന്ന പയ്യൻ മുന്നിലേക്ക് വന്ന് പുഞ്ചിരിയോടെ ചോദിച്ചപ്പോൾ, അവൻ്റെ കാത് പിടിച്ചു കൃഷ്ണ പതിയെ ഇറുക്കി.

“കാലത്ത് തന്നെ ചേച്ചിയെ കളിയാക്കുവാണല്ലേ?”

“ഞാൻ ഇവിടെ വന്നിട്ട് മൂന്നുമാസമായി ഇതുവരെ ചേച്ചി ഒറ്റതവണ രണ്ട് ലിറ്ററിൽ കൂടുതൽ അടിക്കുന്നത് കണ്ടിട്ടില്ല”

അവൻ ചിരിയോടെ പറഞ്ഞിട്ട് നോസിൽ, ടാങ്കിലേക്ക് വെച്ചു.

“എന്തു ചെയ്യാം മോനെ .. ഉള്ളതുകൊണ്ടല്ലേ ഓണം നടത്താൻ പറ്റൂ. ഇപ്പോൾ നീ രണ്ട് അടിച്ചോ?”

ഫുൾ ടാങ്ക് അടിച്ചോളാൻ പറയുന്ന ഗമയോടെ അവളത് പറഞ്ഞ് പേഴ്സിൽ നിന്നും പൈസ എടുത്ത് അവന് കൊടുത്തു.

ഇനി ഇത്തിരി നാണയങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു എന്ന് കണ്ട അവൾ ഒന്നു പുഞ്ചിരിച്ചു.

യാത്രക്കാരന് ബാലൻസുകൊടുക്കാൻ പോലും ഇല്ലാത്ത അവസ്ഥ.

ഒരു ശരാശരി ഓട്ടോക്കാരൻ്റെ പാതയിലൂടെയാണ് താനും സഞ്ചരിക്കുന്നതെന്ന് അവൾ ഓർത്തു.

” ചേച്ചിക്ക് ഈ പഴഞ്ചൻ ഓട്ടോമാറ്റിയിട്ട് പുതിയ ഡീസൽ എഞ്ചിൻ വാങ്ങികൂടെ?”

“ഈ ഓട്ടോ,മാറ്റാൻ മനസ്സ് സമ്മതിക്കില്ല മോനെ. അച്ചൻ ഓടിച്ചിരുന്നതാണ് ഈ ഓട്ടോ- അച്ചൻ്റെ വിയർപ്പ് വീണ സീറ്റിലിരിക്കുമ്പോൾ അച്ഛൻ അടുത്ത് ഉണ്ടെന്ന ഒരു തോന്നൽ “

അവൾ പറഞ്ഞ് തീർന്നതും കണ്ണ് നിറഞ്ഞതും ഒന്നിച്ചായിരുന്നു.

അവനൊരു പുഞ്ചിരിയും കൊടുത്ത്, പെട്രോൾ പമ്പിൽ നിന്നും ഇറങ്ങുമ്പോൾ മഴയ്ക്ക് ശക്തിയേറിയിരുന്നു.

ഓട്ടവീണ സൈഡ്കർട്ടനിലൂടെ വെള്ളം മുഴുവൻ അകത്തേക്കു വീഴുന്നത് കണ്ട, നെഞ്ചിടിപ്പോടെ ഒന്നു ആകാശത്തേക്ക് നോക്കി.

വാഹനങ്ങൾക്കിടയിലൂടെ അവളുടെ ഓട്ടോ പതിയെ നീങ്ങുമ്പോൾ, പിന്നിൽ നിന്ന് ബുള്ളറ്റിൻ്റെ ശബ്ദം കേട്ടപ്പോൾ, കൃഷ്ണ മിററിലൂടെ നോക്കിയതും, അവളുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചെത്തി.

“ഇവിടെ അന്നം കിട്ടാൻ പാടുപെടുമ്പോൾ, അവിടെ അന്നമ്മയെ കിട്ടാനുള്ള പെടാപാട് “

മനസ്സിൽ അങ്ങിനെ മന്ത്രി ച്ചതും, ചുണ്ടിൽ പുഞ്ചിരി വിടർന്നതും ഒന്നിച്ചായിരുന്നു.

ആ പുഞ്ചിരിയോടെ വലതുവശത്തേക്ക് നോക്കിയതും, നോട്ടം ചെന്നെത്തിയത് അഭിയുടെ കണ്ണുകളിലേക്കായിരുന്നു.

മഴനൂലുകൾക്കിടയിലൂടെ കൃഷ്ണയുടെ പുഞ്ചിരി കണ്ടതും, അഭി-വല്ലാത്തൊരു സന്തോഷത്തോടെ ബുള്ളറ്റ് വളരെ വേഗതയിൽ ഓടിച്ചു പോയി.

പുഞ്ചിരിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് അവൾ വണ്ടി മുന്നോട്ട് പായിച്ചു.

ദേവിയുടെ അമ്പലത്തിൽ കയറി തൊഴുത് , വണ്ടിയിൽ ചന്ദനം ചാർത്തി പേട്ടയിലേക്കു പോകുമ്പോഴാണ് ഒരാൾ വണ്ടിക്കു കൈ കാണിക്കുന്നത് കണ്ടത്.

“മോളേ മെഡിക്കൽ കോളജ് വരെ ഒന്നു പോകണം. കുറേ നേരമായ് ഞാൻ ഇവിടെ നിൽക്കുന്നത്. അവിടേയ്ക്ക് ഉള്ള റോഡ് മോശമാണെന്നു പറഞ്ഞു ആരും വരുന്നില്ല”

“ചേട്ടൻ കേറിക്കോ?”

അവൾ സന്തോഷത്തോടെ പറഞ്ഞപ്പോൾ അയാൾ കുടയും മടക്കി ഒരു ആശ്വാസത്തോടെ വണ്ടിയിൽ കയറി.

“വീട്ടിലേക്ക് ഒന്നു പോയിട്ട് അമ്മയെ എടുത്തിട്ടു വേണം ഹോസ്പിറ്റലിലേക്ക് പോകാൻ “

അവൾ തലയാട്ടിക്കൊണ്ട്, അയാൾ പറഞ്ഞ വഴിയിലൂടെ വണ്ടി ഓടിച്ചു വലിയ വീടിനു മുന്നിലെത്തിയതും, അകത്ത് പോർച്ചിൽ വിലയേറിയ രണ്ട് കാർ കിടക്കുന്നത് കണ്ട് അയാളെ അമ്പരപ്പോടെ നോക്കി.

“നല്ല മഴയല്ലേ? ചെളിത്തെറിച്ച് കാറ് വൃത്തികേടാകണ്ടാന്ന് വിചാരിച്ചിട്ടാ “

അയാൾ അതും പറഞ്ഞ് അകത്ത് കയറി, കുനിഞ്ഞു നടക്കുന്ന ഒരു വൃദ്ധയുമായി പുറത്തേക്ക് വന്നു ഓട്ടോയിൽ കയറി.

തടിച്ച ഒരു സ്ത്രീ വന്ന് ഒരു ബാഗ് ഓട്ടോയിലേക്ക് വെച്ചു വീട്ടിലേക്ക് തന്നെ മടങ്ങിപോയ്.

പോക്കറ്റ് റോഡിലെ ചെളിവെള്ളത്തിലൂടെ ഓട്ടോ കിതച്ചു കൊണ്ടു മുന്നോട്ടു പോകുമ്പോൾ അവൾ, പിന്നിലിരിക്കുന്ന യാത്രക്കാരനെ പറ്റി ചിന്തിക്കുകയായിരുന്നു.

ദുഷ്ടയാണെങ്കിലും, അമ്മ ഇന്നലെ രാത്രി നടുവേദന എന്നു പറഞ്ഞപ്പോൾ, അപ്പോൾ തന്നെ വണ്ടിയുമായി മരുന്ന് വാങ്ങാൻ പാഞ്ഞു.

അതു കൊണ്ട് തന്നെയാണ് ഇന്ന് പെട്രോൾ അടിച്ചപ്പോൾ കൈയിൽ ബാക്കി ഒന്നും ഇല്ലാതിരുന്നത്.

ഓട്ടോ, ടാറിട്ട നിരത്തിലേക്ക് കടന്നതും, മെഡിക്കൽ കോളേജിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് വളരെ വേഗതയിൽ പോകുമ്പോൾ, അവൾ വീണ്ടും അഭിയുടെ ബുള്ളറ്റിൻ്റെ ശബ്ദം കേട്ടു .

മിററിലൂടെ നോക്കുമ്പോൾ, മഴയിലൂടെ അഭി ബുള്ളറ്റിൽ പാഞ്ഞു വരുന്നത് കണ്ട്, അവൾ ഓട്ടോയുടെ വേഗത കുറച്ചു.

അടുത്തെത്തിയതും, കൃഷ്ണയുടെ തീ പാറുന്ന കണ്ണുകൾ കണ്ട് അഭി പുഞ്ചിരിച്ചു.

“കണ്ണുരുട്ടി,പേടിപ്പിക്കണ്ട സമാന്തര രേഖകൾ കൂട്ടിമുട്ടുമോ എന്നറിയണമല്ലാ?”

അതും പറഞ്ഞ് മുന്നോട്ട് പോയ അഭി പെട്ടെന്നു തന്നെ തിരിച്ചു വന്ന് “ചെക്കിങ്ങ് ” എന്നു പറഞ്ഞതും അവൾ ദൂരെ സൈഡിലേക്ക് നോക്കി.

ഇര പിടിക്കാൻ കാത്തു നിൽക്കുന്ന കടുവകളെ പോലെ ഒരു മൂലയിൽ പോലീസുകാരെ കണ്ടതും, അവൾ പൊടുന്നനെ ചുരിദാറിനു മീതേ കാക്കി ഷർട്ടിട്ടു.

മഴയിലൂടെ മുപ്പത് കിലോമീറ്ററോളം, കുണ്ടും കുഴിയിലൂടെ ഓടി മെഡിക്കൽ കോളേജിൻ്റെ പോർച്ചിലേക്ക് എത്തുമ്പോൾ അവൾക്ക് തളർച്ച അനുഭവപ്പെട്ടു.

“ഇതൊരു ഓട്ടോയാണോ? പെയ്യുന്ന മഴ മുഴുവൻ അകത്തേക്കാണല്ലോ വീഴുന്നത്? കസ്റ്റമർ കെയറിൽ കംപ്ലെയിൻ്റ് കൊടുക്കുന്നുണ്ട് ഞാൻ “

ആ വൃദ്ധയെ പോർച്ചിൽ നിർത്തി അയാൾ വണ്ടി നമ്പർ എഴുതിയെടുക്കുന്ന തിരക്കിലായിരുന്നു.

അവൾ ക്ഷീണത്തിലും അയാളെ നോക്കി പുഞ്ചിരിച്ചു.

“എല്ലാം എഴുതിയെടുത്തോ. പക്ഷേ വാടക കുറക്കുമെന്ന് കരുതണ്ട “

അവളുടെ ചങ്കൂറ്റത്തോടെയുള്ള വാക്കുകൾ കേട്ടപ്പോൾ അയാൾ തലയുയർത്തി.

” താൻ വാടക വിളിച്ചിട്ട് മറ്റു ഓട്ടോക്കാർ വരാതിരുന്നതിൻ്റെ കാരണം ഇപ്പോഴാണ് പിടികിട്ടിയത് “

” മൈൻഡ് യുവർ വേർഡ്സ് ഞാൻ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനാണ് “

” ആരായാലും ഈ സമയം വരെ സാർ ഈ വണ്ടിയിലെ യാത്രക്കാരനായിരുന്നു. ആ വാടക കിട്ടിയാൽ എനിക്ക് പോകാമായിരുന്നു.”

അവളുടെ ശബ്ദത്തിലുള്ള സംസാരം കേട്ട് അയാൾ ഒന്നു ചുറ്റും നോക്കിയപ്പോൾ, തങ്ങളെ നോക്കി നിൽക്കുന്ന ജനത്തെ കണ്ടതും, പൊടുന്നനെ പോക്കറ്റിൽ നിന്ന് പൈസ എടുത്ത് കൊടുത്തു.

ആ മുത്തശ്ശിയോടു യാത്ര പറഞ്ഞു അവൾ ഓട്ടോയിൽ കയറി.

മെഡിക്കൽ കോളേജിൻ്റെ പടി കടന്നതും, മഴയുടെ ശക്തി കൂടി.

തുള്ളിക്കൊരു കുടം പോലെ വീഴുന്ന മഴയിൽ വൈപ്പർ പോലും പ്രയാസപ്പെട്ട് പ്രവർത്തിക്കുന്നതു പോലെ!

കുറച്ചു ഓടിക്കഴിഞ്ഞപ്പോൾ, ദൂരെ ആരോ വണ്ടിക്ക് കൈകാണിക്കുന്നത് മഴയിലൂടെ അവൾ കണ്ടു.

വണ്ടി അടുത്തെത്തിയതും, അയാളെ സൂക്ഷിച്ചു നോക്കി കൃഷ്ണ’

മദ്യപിച്ച് ബോധംകെട്ട് റോഡിൽ വീണ് കാലും, കൈയും, മുഖവുമൊക്കെ പൊട്ടിയിട്ടുണ്ട്.

അഴിഞ്ഞു പോകുന്ന മുണ്ട് അയാൾ കൈയിൽ കോരിയെടുത്തിട്ടുണ്ട്.

” പ്ലീസ് എന്നെ ഒന്നു വീട്ടിലാക്കി തരോ?”

കെഞ്ചുന്നതു പോലെ അയാൾ പറഞ്ഞപ്പോൾ അവൾക്ക് സമ്മതിക്കാതിരിക്കാനായില്ല.

അയാളെയും കൊണ്ട്, ഒരു മണിക്കൂറോളം അയാൾ പറഞ്ഞ വഴികളിലൂടെ ഓടിയ,അവൾ ആൾ താമസമില്ലാത്ത ഭാഗത്ത് എത്തിയപ്പോൾ ഒരു മാത്ര തിരിഞ്ഞു.

“എന്നെയും കൊണ്ട് ചേട്ടൻ എങ്ങോട്ടാണ് പോകുന്നത്?”

അവളുടെ ചോദ്യത്തിന് പകരം അയാളിൽ നിന്ന് പൊട്ടിച്ചിരിയോടൊപ്പം, വല്ലാത്തൊരു ശബ്ദമുയർന്നു.

“എൻ്റെ സ്വർഗ്ഗത്തിലേക്ക് “

വനനിബിഡതയിൽ ആ ശബ്ദം വല്ലാതെ മുഴങ്ങിയപ്പോൾ, പുഞ്ചിരിയോടെ, കൃഷ്ണയുടെ കൈ ഓട്ടോയുടെ സീറ്റിനടിയിലേക്ക് നീണ്ടു.

ചെറിയൊരു വാളിൻ്റെ കൈ പിടിയിൽ, കൃഷ്ണയുടെ കൈ തടഞ്ഞതും, അവൾ പിടിമുറുക്കി.

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…