എല്ലാരുടെയും മുന്നിൽ വച്ച് ഒരുത്തന്റെ ബൈക്കിൽ കയറിപ്പോയാൽ അതെങ്ങനെ ഒളിച്ചോട്ടമാകുമെന്നു ചോദിച്ചിട്ട്…

വിശ്വാസം… അതല്ലേ എല്ലാം..?

രചന: ഷിജു കല്ലുങ്കൻ

“കയ്യേലും ചങ്കത്തും മസിലും പെരുപ്പിച്ചു കേറ്റിക്കൊണ്ട് അപ്പൻ കോളേജിന്റെ മുന്നിൽക്കൂടെ വിലസി നടന്നപ്പഴേ ഞാൻ പറഞ്ഞതാ ഇതിനൊക്കെയൊള്ളത് അനുഭവിക്കുമെന്ന്…. ഇപ്പൊ എങ്ങനെയൊണ്ട്? സമാധാനമായല്ലോ..?”

ഐവിൻ തീപ്പൊരി പോലെ നിന്നു ചിതറി.

“ഡാ ഡാ…. ഒന്നു പതുക്കെ… വെറുതെ ഒച്ച കൂട്ടി നാട്ടുകാരെക്കൂടി കേൾപ്പിക്കാൻ നിക്കണ്ട….” അനിത മകനെ സമാധാനിപ്പിക്കാൻ ഒരു ശ്രമം നടത്തി.

“ആഹാ…. കുറച്ചു മണ്ണിട്ടു മൂടിയിട്ട് മുകളിൽ അഞ്ചാറു കരിയിലയും കൂടി വാരിയിട്ടാൽപ്പിന്നെ നാട്ടുകാർക്കാർക്കും കാണാൻ പറ്റാത്ത കാര്യമാണല്ലോ നടന്നേക്കുന്നത്…. സ്വന്തം മകൾ ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയിയെന്നു കേട്ടിട്ട് ഒരു കുലുക്കവുമില്ലാതെ നടക്കുന്ന തന്തേം തള്ളേം ഈ ലോകത്തിൽ നിങ്ങളല്ലാതെ വേറെയാരും കാണത്തില്ല…”

“നീയെന്നതാ പറഞ്ഞത്..? കുലുക്കമില്ലെന്നോ… ദാ ഞാൻ ഓടിച്ചാടി നടന്ന് ഈ വീടു മൊത്തം അടിച്ചു വാരി തുടച്ചിട്ടത് ഒരു കുലുക്കവുമില്ലാതെയാണെന്നോ..? ആരാടാ നിന്റെ സയൻസ് ടീച്ചർ..?” അനിത ചൂൽ ഉയർത്തിക്കാണിച്ചു.

“കുലുക്കമാണത്രേ കുലുക്കം… എന്നെക്കൊണ്ട് അധികം പറയിപ്പിക്കല്ലേ.. ഒളിച്ചോടിപ്പോയ പെണ്ണിന്റെ അപ്പനും കുലുങ്ങുന്നുണ്ടാവും മണിക്കൂർ ഒന്നു കഴിഞ്ഞില്ലേ ജിമ്മിലോട്ട് കയറീട്ട്…”

എന്തൊക്കെയോ ഉച്ചത്തിൽ പിറുപിറുത്തു കൊണ്ട് ഐവിൻ വരാന്തയിലേക്കു നടന്നു.

അവന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടുകൊണ്ടാണ് ടി വിക്കു മുന്നിൽ നിന്ന് ഷിന്റോച്ചന്റെ അമ്മ മോളിക്കുട്ടി എഴുന്നേറ്റു വന്നത്. മോളിക്കുട്ടിക്കും ഐപ്പച്ചായനും ഒരേ ഒരു മകനാണ് ഷിന്റോച്ചൻ . അവന് ഇരുപത്തിയഞ്ചു വയസ്സുള്ളപ്പോൾ അന്ത്യകൂദാശയും സ്വീകരിച്ച് ഷിന്റോച്ചന്റെ അപ്പൻ ഐപ്പച്ചായൻ മുകളിലേക്കു പോയതാണ്.

ഷിന്റോച്ചനും അനിതയ്ക്കും രണ്ടു മക്കൾ. മൂത്ത മകൾ ഐറിൻ പോസ്റ്റ്‌ ഗ്രാജുവേഷന് പഠിക്കുന്ന അതേ കോളേജിൽ ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുകയാണ് ഇളയവനായ മകൻ ഐവിൻ.

“എന്തോന്നാടീ അനിതേ ഈ ചെറുക്കൻ കോളേജിൽ നിന്നു വന്നപ്പോൾ മുതൽ വാവിന്റെ പക്കത്തിലുള്ള കന്നിപ്പശുവിനേപ്പോലെ കിടന്നു കാറുന്നത്…?”

“ആഹാ ബെസ്റ്റ്….!! ആ കന്നിപ്പശുവേ ഞാനല്ല അമ്മാമ്മേടെ മകന്റെ മോള്…. കാറിച്ചയും കൂവിച്ചയും ഒന്നുമില്ലായിരുന്നു തക്കം കിട്ടിയപ്പോ വേലി ചാടി… അത്രേയുള്ളൂ..”

“ആരു വേലി ചാടിയ കാര്യമാടീ ഇവനീ പറയുന്നത്….? കളിച്ചു പിടിച്ച് ഷിന്റോച്ചൻ കന്നിനെ വാങ്ങിയോ…?”

“ഓ….. എന്റെ അമ്മേ കന്നുമില്ല പോത്തുമില്ല…. ഐറിന്റെ കാര്യമാ അവനീക്കിടന്നു കാറുന്നത്…” അനിത കയ്യിലിരുന്ന ചൂല് ഉയർത്തിയെടുത്ത് അതിന്റെ മൂടിനിട്ടൊരു കുത്തു കൊടുത്തു.

“എന്തിയേ അവള്…. അവക്കെന്നാ പറ്റി..?”

“അവള് കോളേജിൽ നിന്ന് ഏതോ ഒരു ചെറുക്കന്റെ കൂടെപ്പോയിയെന്ന്… ഒളിച്ചോടിപ്പോയെന്നാ കോളേജിലെ പിള്ളേര് മൊത്തം പറയുന്നതെന്ന്…”

“എന്റെ കർത്താവെ…. എന്നിട്ടാണോടീ നീയിങ്ങനെ ഒരു ദെണ്ണവുമില്ലാതെ തറേം തൂത്തോണ്ട് നടക്കുന്നേ…?” മോളിക്കുട്ടി നെഞ്ചത്തു കൈ വച്ചു.

“ഓഹോ…. എനിക്കിപ്പോ ദെണ്ണവുമില്ലാത്തേന്റെയാണോ അമ്മയ്ക്ക്…. ആണ്ടെ പെങ്കൊച്ചിന്റെ അപ്പൻ ആ മുറിക്കകത്തു കിടന്നു കസർത്തെടുക്കുന്നുണ്ട്… എന്തോരം ദെണ്ണമുണ്ടെന്നു നോക്ക്.. അങ്ങേരുടെ പ്രിയ പുത്രി അല്ലേ ചാടിപ്പോയേ…?”

“ഇപ്പറഞ്ഞപോലെ ഷിന്റോച്ചൻ എന്നാ പണിയാടീ…? നിങ്ങള് അവനോട് പറഞ്ഞില്ലേ…?”

“പറഞ്ഞതാ അമ്മാമ്മേ… ചേച്ചി ഒളിച്ചോടിപ്പോയി എന്നു പറഞ്ഞിട്ട് എല്ലാം വിശദമായി ഞാൻ അപ്പനോട് പറഞ്ഞതാ..”

“എന്നിട്ട്….?”

“എന്നിട്ടിപ്പോ എന്നാ… ആരും കാണാതെ പോകുന്നതല്ലേ ഒളിച്ചോട്ടം..? എല്ലാരുടെയും മുന്നിൽ വച്ച് ഒരുത്തന്റെ ബൈക്കിൽ കയറിപ്പോയാൽ അതെങ്ങനെ ഒളിച്ചോട്ടമാകുമെന്നു ചോദിച്ചിട്ട് ജിമ്മിൽ കേറിയിരുന്നു മസിലു പെരുപ്പിക്കുന്നു….”

“അല്ല നിനക്കിപ്പോ പെങ്ങള് ഒളിച്ചോടിപ്പോയതാണോ അതോ അപ്പന്റെ മസിലാണോ ശരിക്കുള്ള പ്രശ്നം…?” അനിത അടുക്കളയിലേക്ക് നടക്കുന്നതിനിടയ്ക്ക് വിളിച്ചു ചോദിച്ചു.

ഐവിൻ ദയനീയമായി മോളിക്കുട്ടിയെ നോക്കി.

“എടാ നിന്റമ്മയെ കെട്ടുന്ന കാലത്തും ഷിന്റോച്ചൻ ഇങ്ങനെ തന്നാ… അപ്പന്റെ ശരീരം കണ്ടിട്ട് മോൻ കിടന്ന് എളകണ്ട… നീ ഐറിൻ മോളേ കണ്ടു പഠിക്ക് അവള് അപ്പന്റെ മോളു തന്നാ.. നിന്നേം അങ്ങനെ തന്നല്ലേ അവൻ പഠിപ്പിച്ചത്…? നീയല്ലേ മടിപിടിച്ചു നടക്കുന്നത്…?” മോളിക്കുട്ടി കിട്ടിയ അവസരം കളഞ്ഞില്ല.

“എന്നിട്ടിപ്പോ എന്തിയേ അപ്പന്റെ പ്രിൻസസ്… സുന്ദരിക്കോത…? അപ്പന്റെ ബുള്ളറ്റേലല്ലാരുന്നോ നടപ്പ്..? എന്നാണേലും അപ്പന്റെ ബുള്ളറ്റും കൊണ്ട് ഒളിച്ചോടാൻ തോന്നാത്തത് നന്നായി… അതവിടെ കിടപ്പൊണ്ട് കോളേജിന്റെ മുറ്റത്ത് അനാഥപ്രേതം പോലെ..” ഐവിന്റെ കലിപ്പ് ഒട്ടും കുറഞ്ഞില്ല.

“എടീ അനിതേ… അപ്പോ ഈ ചെറക്കനീ പറയുന്നതിൽ കാര്യം വല്ലോമോണ്ടോടീ… ഐറിൻ കൊച്ച് ചാടിപ്പോയോ…? നിങ്ങക്ക് രണ്ടിനും ഒരു കൂസലുമില്ലല്ലോ”

“അയ്യോ എന്റെ പൊന്നമ്മച്ചീ ഒളിച്ചു പോയതൊന്നുമല്ല… പോയിട്ടൊണ്ടങ്കീ അത് അവൾക്ക് യോഗ്യനെന്നു തോന്നിയ ഒരുത്തൻ വിളിച്ചിട്ടു തന്നാരിക്കും…”

“നീയെന്നാ കന്നന്തരമാടീ ഇപ്പറയണത്..? നമ്മുടെ കുടുംബത്തീന്ന് ഒരു പെണ്ണ് ഒരുത്തന്റെ കൂടെ ചാടിപ്പോകുക എന്നു വച്ചാൽ…”

“അയ്യോ അമ്മാമ്മേ ചാടിപ്പോയതല്ല.. യോഗ്യന്റെ കൂടെ ബൈക്കിൽ കേറിപ്പോയി… അങ്ങനെ പറയണം..” ഐവിൻ മുറ്റത്തേക്ക് ചാടിയിറങ്ങിയിട്ട് അതുപോലെ തിരിച്ചു കയറി വന്നു.

“…. അല്ല അമ്മാമ്മ പറ ഏതെങ്കിലും ഒരപ്പൻ പെൺ മക്കൾക്ക്‌ കൊടുക്കുന്ന ഉപദേശമാണോ ഞങ്ങടപ്പൻ ചേച്ചിക്കു കൊടുത്തത്… അപ്പനെപ്പോലെ യോഗ്യനായ ഒരുത്തനെക്കണ്ട് ഇഷ്ടപ്പെട്ടാൽ പൊക്കോ… നിന്റെ ഇഷ്ടം എന്ന്… ത്ഫൂ..!!”

“അപ്പൻ അവൾക്കു മാത്രമല്ല നിനക്കും തന്നിട്ടില്ലേ ഉപദേശം…?” അനിത അവർക്കിടയിൽ സോഫയിൽ വന്നിരുന്നു.

“….. നിന്റപ്പൻ നിന്റമ്മയെ സ്നേഹിക്കുന്നപോലെ ഏതെങ്കിലും ഒരു പെണ്ണിനെ സ്നേഹിക്കാൻ കഴിയുമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ, അവൾക്ക് നിന്നെ ഇഷ്ടമായാൽ വിളിച്ചുകൊണ്ടു പോരേയെന്ന്…. എന്നിട്ട് എന്റെ മോൻ ചെയ്തതോ…?

“അത് ലയയുടെ കാര്യത്തിൽ എനിക്ക് അങ്ങനെ ഉറപ്പൊക്കെ ആയിരുന്നു…. പക്ഷേ ഈ അപ്പൻ..”

“അയ്യോടീ.. ഇവന് ഇഷ്ടപ്പെട്ട പെണ്ണിനെ ഷിന്റോച്ചൻ വേണ്ടാന്ന് പറഞ്ഞോ…. ഇതെപ്പോ?” മോളിക്കുട്ടി മൂക്കത്തു വിരൽ വച്ചു.

“ആഹാ.. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു…” അനിത ചിരി ഒതുക്കി.

“അമ്മച്ചീ വേണ്ടാ….” ഐവിൻ അനിതയുടെ വാ പൊത്താൻ ഒരു വിഫലശ്രമം നടത്തി.

“അതങ്ങനെ അല്ലമ്മച്ചീ ഇവൻ കോളേജിൽ ഒരു പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്തു….”

“എന്നിട്ട്…?” മോളിക്കുട്ടിക്ക് ആകാംഷയായി.

“ആ പെണ്ണ് ഇവനോട് പറഞ്ഞത്രേ ‘ഡാ ഐവിനേ ഈ പ്രൊപ്പോസ് ചെയ്തത് നിന്റെ അപ്പനെങ്ങാനും ആയിരുന്നെങ്കിൽ കണ്ണും പൂട്ടി നിന്ന് രണ്ടുകയ്യും നീട്ടി ഞാനങ്ങു സ്വീകരിച്ചേനെ… എന്നാ മരണ മാസ് ലുക്കാടാ നിന്റപ്പൻ… കട്ട മസിലേൽ ഒട്ടിക്കിടക്കണ ടി ഷർട്ടുമിട്ട് സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അങ്ങേര് ആ ബുള്ളറ്റിൽ വരുന്നതു കാണുമ്പോ ഇടനെഞ്ചിന്റെ ഉള്ളില് ദാ.. ഇവിടെ ഒരു പഞ്ചാരിമേളമാ… എന്നെങ്കിലും നിന്റപ്പന് നിന്റമ്മയെ വേണ്ടാന്ന് തോന്നിയാ ഈയുള്ളവൾക്ക് ഒരു ചാൻസ് തരാൻ പറയണേ’എന്ന്…”

മോളിക്കുട്ടി ആർത്തു ചിരിച്ചു.

“വെറുതെയല്ല കുറച്ചുനാളായിട്ട് ഇവന് അപ്പന്റെ മസിലിനോട് ഒരു പുച്ഛം..!!”

“… എനിക്കിനി അവളെ വേണ്ടേ വേണ്ട.. വിളിച്ചോണ്ട് വന്നിട്ട് വെറുതെ അമ്മേടെ മനസമാധാനം കളയുന്നതെന്തിനാ..?”

“ആരുടെ മനസമാധാനം കളയുന്ന കാര്യമാടാ…?” ഐവിനോടു ചോദിച്ചു കൊണ്ട് ഷിന്റോച്ചൻ തന്റെ വ്യായാമമുറിയിൽ നിന്ന് വരാന്തയിലേക്കു വന്നു.

“വേറെ ആരുടേയാണേലും അപ്പന്റെ ആയിരിക്കില്ല… സ്വന്തം മോള് ചാടിപ്പോയി എന്നറിഞ്ഞിട്ടും പോകാത്ത മനസമാധാനം കളയാൻ ആരെക്കൊണ്ടു പറ്റും…?”

“എടാ നീ ഓർഡർ ചെയ്ത ലാപ്ടോപ് കിട്ടിയോ..?”

“പുകുപുകാന്ന് ഏറു വരുന്നതിനിടയിലാ അപ്പന്റെയൊരു പുളിങ്കുരു കച്ചവടം..” ഐവിൻ പിറുപിറുത്തു.

“എന്തോന്നാ..?”

“ഒന്നുമില്ല, കിട്ടി എന്നു പറയുവാരുന്നു.”

“ഏതു കടയിൽ നിന്നാ അത് മേടിച്ചത്?”

“ആ ആർക്കറിയാം… ഓൺലൈനിലല്ലേ ഓർഡർ ചെയ്തത്..?”

“അപ്പോ ആരാ കാശുകൊടുത്തത്..?”

“അപ്പൻ തന്നെയല്ലിയോ അപ്പാ.. അപ്പന്റെ കാർഡുകൊണ്ട്, അപ്പന്റെ ബാങ്കിൽ നിന്ന്….”

“ആന്നേ…. എവിടെയാണെന്നോ ആരാണെന്നോ പോലുമറിയാത്ത ഒരു കടക്കാരന് ലാപ്ടോപ് അയച്ചു തരുമെന്നു വിശ്വസിച്ച് ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാനുള്ള വിശ്വാസം നിനക്കുണ്ടെങ്കിൽ… വല്ലപ്പോഴും മാത്രം ഞാൻ കയറിയിറങ്ങുന്ന എന്റെ ബാങ്കിൽ അത്രയും പണം സുരക്ഷിതമായി കിടപ്പുണ്ടെന്നും അത് നീ പറയുമ്പോൾ പറയുന്ന ആൾക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുമെന്നുമുള്ള വിശ്വാസം നിനക്കുണ്ടെങ്കിൽ… ജനിപ്പിച്ചു വളർത്തി നന്മതിന്മകൾ തിരിച്ചറിയാൻ പാകമാക്കിയ എന്റെ മക്കൾ തെറ്റു ചെയ്യില്ല എന്ന ഉറച്ച വിശ്വാസത്തിൽ ഞാനും നിന്റെ അമ്മയും യാതൊരു കുലുക്കവുമില്ലാതെയിരിക്കുന്നതിൽ എന്തു തെറ്റാണുള്ളത് ഐവിൻ…?”

ഐവിന് ഉത്തരം മുട്ടിപ്പോയി.

ഐറിന്റെ ബുള്ളറ്റിന്റെ ശബ്ദം മുറ്റത്തു നിന്നും കേട്ടു. വണ്ടി പോർച്ചിൽ പാർക്കു ചെയ്തിട്ട് അവൾ അകത്തേക്ക് കയറി വന്നു.

“അപ്പാ… കോളേജിലെ ഒരുത്തൻ കുറച്ചു നാളായി എന്റെ പിന്നാലെ നടക്കുന്നു, അവന്റെ പേര് ജിൻസൺ, അവനോട് എത്രതവണ പറഞ്ഞിട്ടും കാര്യങ്ങൾ മനസ്സിലാകുന്നില്ലായിരുന്നു. ഞാൻ അവന്റൊപ്പം അവന്റെ വീട്ടിൽ വരെപ്പോയി. അവന്റെ അച്ഛനോടും അമ്മയോടും വെടിപ്പായിട്ട് കാര്യം പറഞ്ഞു….. അവർക്ക് നല്ലോണം മനസ്സിലായി. പോരാൻ നേരം അവർക്ക് അപ്പനെ ഒന്നു കാണണമെന്നു പറഞ്ഞു.”

ഗേറ്റ് കടന്നു വന്ന ഒരു ബെൻസ് മുറ്റത്ത് ഒതുക്കിയിട്ട് ഇറങ്ങിവന്നവരെ ഷിന്റോച്ചൻ അകത്തു സ്വീകരിച്ചിരുത്തി.

ജിൻസന്റെ അച്ഛൻ സ്വയം പരിചയപ്പെടുത്തി.

“രണ്ടു കാര്യങ്ങൾക്കു വേണ്ടിയാണ് ഞാൻ താങ്കളെ കാണണമെന്ന് മോളോട് പറഞ്ഞത്. ഒന്ന് എന്റെ മോന്റെ പെരുമാറ്റത്തിനു ക്ഷമ ചോദിക്കാൻ, രണ്ട് നിങ്ങളെ അഭിനന്ദിക്കാൻ..”

ഷിന്റോച്ചനും അനിതയും പരസ്പരം നോക്കി.

“…. എന്റപ്പനോളം യോഗ്യതയുള്ള ഒരാളെയേ അംഗീകരിക്കൂവെന്ന് മോൾ പറഞ്ഞപ്പോൾ നിങ്ങളുടെ ശരീരമാണ് എന്റെ മോൻ കണ്ടത്… നിങ്ങളോളമില്ലെങ്കിലും അവൻ കഷ്ടപ്പെട്ടു കുറച്ചൊക്കെ ഒപ്പിച്ചിട്ടുണ്ട് കേട്ടോ…” അയാൾ ചിരിച്ചുകൊണ്ട് അല്പം മുന്നോട്ട് ആഞ്ഞിരുന്നു.

“പക്ഷേ ഇന്ന് നിങ്ങളുടെ മോൾ എന്റെ വീട്ടിൽ വന്ന് എന്നോടു സംസാരിച്ചപ്പോൾ ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങളുടെ സംസ്കാരവും വ്യക്തിത്വവും നിങ്ങൾ അവളിൽ അർച്ചിട്ടുള്ള വിശ്വാസവും ഞാൻ കണ്ടു.”

ഐറിൻ രണ്ടു കപ്പ് ചായയുമായി കടന്നു വന്നു.

“ചായ കുടിക്കു…” അനിത ചിരിച്ചുകൊണ്ടു പറഞ്ഞു.

“ജിൻസൺ കാറിൽ ഉണ്ടല്ലോ… ഞാൻ വിളിക്കാം… ചേച്ചി ഒരു കപ്പ് ചായ കൂടിയെടുക്ക്…” ഐവിൻ പുറത്തേക്ക് നടക്കാൻ തുടങ്ങി.

“വേണ്ട.. ഇതിപ്പോ പെണ്ണുകാണലൊന്നുമല്ലല്ലോ..” ഐറിൻ പെട്ടെന്നു തന്നെ പറഞ്ഞു.

“ഹഹഹ…. മോളു പറഞ്ഞതാ അതിന്റെ ശരി….” ജിൻസന്റെ അച്ഛൻ ചിരിച്ചു.

ചായകുടിച്ചിട്ട് പോകാൻ എഴുന്നേൽക്കുമ്പോൾ അയാൾ വീണ്ടും പറഞ്ഞു.

“എന്നെങ്കിലും ഒരു കാലത്ത് വീണ്ടും ഇവിടെ വന്നിരുന്നു ചായ കുടിക്കാൻ കഴിയുമെന്നും അന്ന് മൂന്നു ചായയുമായി ഈ മോൾ ഞങ്ങളുടെ മുന്നിൽ വരുമെന്നുമുള്ള വിശ്വാസത്തോടെയാണ് ഞങ്ങൾ പോകുന്നത്…”

“വിശ്വാസം… അതല്ലേ എല്ലാം..!!”അതുവരെ മിണ്ടാതിരുന്ന മോളിക്കുട്ടിയുടെ വകയായിരുന്നു ഡയലോഗ്.

എല്ലാവരും ചിരിച്ചു.

അവർ കാറിന്റെ അടുത്തു ചെല്ലുമ്പോൾ ജിൻസൺ കാറിനു വെളിയിൽ നിൽപുണ്ടായിരുന്നു.

“എന്നാതാടീ അവന്റെ മുഖത്തൊരു വാട്ടം…? നീ കൈ വല്ലതും വച്ചോ?” ഷിന്റോച്ചൻ മോളെ ചേർത്തു നിർത്തി.

“ഹേയ്…. ഇല്ലപ്പാ… അതിനൊള്ള യോഗ്യതയൊന്നും അവന് ആയിട്ടില്ല!” അവൾ ഒരു പ്രാവിനെപ്പോലെ കുറുകിക്കൊണ്ട് അയാളോടു ചേർന്നു നിന്നു.

അതുവരെ പമ്മിപ്പമ്മി മാറി നടന്നിരുന്ന ഐവിനും ഷിന്റോച്ചന്റെ അടുത്തേക്കു വന്നു.

“അല്ലപ്പാ… ചേച്ചിയും പിന്നെ ദാ ഇപ്പൊക്കണ്ട അങ്കിളും ആന്റിയും പോലും അപ്പനെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ എനിക്കെന്താ മനസ്സിലാകാത്തേ…?”

“നീ കുട്ടിയല്ലേടാ….” ഷിന്റോച്ചൻ മകനെയും അടുത്തേക്ക് ചേർത്തു.

“അതല്ലേലും അങ്ങനാടാ… പെൺകുട്ടികൾക്ക് മനസ്സിലാകുന്ന പോലെ അപ്പൻമാരെ ആൺകുട്ടികൾക്ക് അത്ര എളുപ്പമൊന്നും പിടികിട്ടത്തില്ല..”

“കുറച്ചു താമസിച്ചിട്ടാണെങ്കിലും മനസ്സിലാകുമായിരിക്കും അല്ലേ അപ്പാ…?”

“ഉം…. അമർത്തിയൊന്നു മൂളിക്കൊണ്ട് ഷിന്റോച്ചൻ ഭിത്തിയിൽ ചില്ലിട്ടു വച്ചിരിക്കുന്ന സ്വന്തം അപ്പന്റെ ഫോട്ടോയിലേക്കു നോക്കി.