ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് വിനയനെ തീർത്തും നിരാശനാക്കി…

അവളുടെ ശരി അവന്റെയും

രചന: ഗിരീഷ് കാവാലം

രാത്രിയിൽ ഊണ് കഴിക്കാൻ ഭാര്യയുടെ വിളി വന്ന ശേഷം മ ദ്യ കുപ്പിയിലേക്ക് നോക്കിയ വിനയൻ ആലോചനയിൽ ആയി. കുപ്പിയിൽ ഒരു പെഗ്ഗ് ന് മുകളിൽ കുറവ്

“ങേ.. ഇതെങ്ങനെ പറ്റി ഇനി തോന്നലാണോ”

അല്പം ആശയക്കുഴപ്പത്തിൽ ആയെങ്കിലും രണ്ട് പെഗ്ഗ് വീശിയ ശേഷം വിനയൻ ഊണ് കഴിക്കാൻ ആയി പോയി

ഭാര്യയുടെ ചലനങ്ങൾ ശ്രദ്ധിച്ച വിനയന്റെ ചിന്താമണ്ഡലത്തിൽ എന്തോ മിന്നി മറഞ്ഞു

“ഇവൾ എന്താ ഒരു കാരണവും ഇല്ലാതെ ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നത് ഇനി ഇവൾ എങ്ങാനും മ ദ്യം കഴിച്ചോ.”

“ഏയ്‌..അങ്ങിനെ ഒരിക്കലും സംഭവിക്കില്ല. തനിക്ക് തോന്നിയതായിരിക്കും “

ഗവണ്മെന്റ് ജോലിക്കാരൻ ആയ വിനയൻ പൊതുവേ മാന്യനും സ്വയം അഭിമാനിയും ആണെങ്കിലും വൈകുന്നേരം ന്യായമായ രീതിയിൽ ഒന്ന് വീശുന്ന ശീലം ഉണ്ട്.

വിനയന്റെ മ ദ്യപാനത്തിനെതിരെ ഭാര്യ ശോഭ സ്ഥിരമായി പരാതിയും പരിഭവവും പറയുമായിരുന്നെങ്കിലും യാതൊരു മാറ്റവും ഇല്ലാത്തതിനാൽ ഇപ്പോൾ അത് നിർത്തി. ഇനി എങ്ങനെ എങ്കിലും ആകട്ടെ എന്ന് വിചാരിച്ച്‌ ഇപ്പോൾ ആ ഭാഗത്തേക്ക് ശ്രദ്ധ കൊടുക്കാറേ ഇല്ല അവൾ

വിനയൻ തന്റെ മ ദ്യപാനം ഒരു മാറ്റവും ഇല്ലാതെ തന്നെ തുടർന്നുകൊണ്ടിരുന്നു..

അടുത്ത ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ ഉടൻ വിനയന്റെ ദൃഷ്ടി പതിഞ്ഞത് മ ദ്യകുപ്പിയിലേക്ക് ആയിരുന്നു

കുപ്പിയിൽ നോക്കിയതും വിനയന്റെ മനസ്സിലെ സംശയം ബലപ്പെട്ടു.. ഇന്ന് രണ്ട് പെഗ്ഗ് ഓളം കുറവ്..

ഇതെങ്ങനെ സംഭവിക്കുന്നു. വീട്ടിൽ രണ്ട് കുട്ടികളും ഭാര്യയും താനും മാത്രം. വേറെ ആര് വരാനാ ഇവിടെ..

‘ചേട്ടാ വന്നേ ചായ കുടിക്കൂ.. ഇന്ന് ചേട്ടന്റെ സ്പെഷ്യൽ ഐറ്റം തന്നെയാ “

ഡൈനിങ് ടേബിളിന്റെ അടുത്ത് ചിക്കൻ കട്ലെറ്റ് വെച്ച പ്ലേറ്റ് മായി വന്ന് നിൽക്കുന്ന ശോഭ പതിവിലും സന്തോഷവതിയായിരുന്നു..

“ചേട്ടാ ജീവിതം ഒന്നല്ലേ ഉള്ളൂ അത് നമ്മൾ അടിച്ചു പൊളിച്ചു ആഘോഷിച്ച്‌ ജീവിക്കണം അല്ലേ “

വിനയൻ ഒന്ന് ഉറപ്പിച്ചു ഇവൾ മ ദ്യം കഴിച്ചിരിക്കുന്നു..

അവളുടെ സംസാരത്തിലെ നാക്ക് കുഴച്ചിൽ കൂടി ആയപ്പോൾ തന്റെ സംശയത്തിന് അടിവരയിട്ടപോലെയായി

“അടുത്ത് ചെന്ന് ഒന്ന് മണപ്പിച്ചു നോക്കിയാലോ…അതിലും കാര്യം ഇല്ല ഇന്നു വരുന്ന വഴി ബാറിൽ കയറി രണ്ടെണ്ണം വീശിയ കാരണം ഇവളുടെ മണം എനിക്ക് എങ്ങനെ അറിയാൻ “

ശോഭേ നീ മ ദ്യം കഴിച്ചോ ?

വിനയന്റെ ആ ചോദ്യം ഹൃദയത്തിൽ തട്ടിയായിരുന്നു

“ഇന്നലെ തൊട്ട് തുടങ്ങി… ചേട്ടൻ അല്ലേ എപ്പോഴും പറയാറുള്ളത് ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ രാത്രിയിൽ രണ്ടെണ്ണം വീശിയാലേ ടെൻഷൻ ഒക്കെ ഒന്ന് മാറി ഫ്രഷ് ആകുള്ളൂ എന്ന്.. ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കിയതാ.. ചേട്ടൻ പറഞ്ഞത് വളരെ ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു “

മുഖത്ത് അടിയേറ്റത് പോലെയായി വിനയന്.. ഒപ്പം എന്തോ തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നു എന്ന ചിന്ത അയാളിൽ ഉയർന്നു വന്നു..

തന്റെ ഭാര്യ മ ദ്യം കഴിക്കുമെന്നത് തികച്ചും അഭിമാനിയായ വിനയന് ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമായിരുന്നു

എല്ലാത്തിനും കാരണം താൻ തന്നെ. കുടി നിർത്താനായി പല പ്രാവശ്യം അവൾ ഉപദേശിച്ചെങ്കിലും അത് ചെവിക്കൊള്ളാത്ത തന്നോട് മധുര പ്രതികാരം ചെയ്യുകയാണ് ഇവൾ

അന്ന് വിനയന് ഉറക്കം വരാത്ത രാത്രി ആയിരുന്നു..അയാൾ ഒന്ന് തീരുമാനിച്ച് ഉറപ്പിച്ചു.. ഇനി തന്റെ കുടി എന്നെന്നേക്കുമായി നിർത്തുക..

അടുത്ത ദിവസം വിനയൻ ഓഫീസിൽ നിന്ന് വീട്ടിൽ എത്തിയത് പതിവിന് വിപരീതമായി മ ദ്യ കുപ്പി ഇല്ലാതെയാണ്

അന്ന് വൈകുന്നേരവും ശോഭ നല്ല സന്തോഷവതി ആയിരുന്നു..

അത് വിനയന്റെ ഹൃദയത്തിന്റെ താളം വർധിപ്പിക്കാൻ പോന്നതായിരുന്നു..

“ഇന്നും ഇവൾ കുടിച്ചിരിക്കുന്നോ.. ഒരു തുള്ളി മ ദ്യം പോലും ഇല്ലാതിരുന്ന ഈ വീട്ടിൽ ഇവൾ എങ്ങനെ കുടിച്ചിരിക്കുന്നു “

അടുത്ത് ചെന്ന് ഒന്ന് മണപ്പിച്ചു നോക്കിയ വിനയന് ഭൂമി കറങ്ങുന്നപോലെ തോന്നി.. അയാളുടെ മുഖത്ത് രക്തമയം ഇല്ലാതായി..

“ശോഭേ നീ ഇന്നും കുടിച്ചിരിക്കുന്നോ ഇന്ന് നിനക്ക് മ ദ്യം എവിടുന്ന് കിട്ടി “

“ചേട്ടാ അത് കഴിഞ്ഞ ദിവസങ്ങളിൽ ചേട്ടൻ വാങ്ങിക്കൊണ്ട് വന്ന കുപ്പിയിൽ നിന്ന് പല പ്രാവശ്യമായി ഞാൻ എടുത്തു സൂക്ഷിച്ചു വച്ചതിൽ നിന്ന് മിച്ചം വന്നതാ “

“ചേട്ടൻ ഇന്ന് എന്താ കുപ്പി വാങ്ങാഞ്ഞത് ?

“ഇനി ചേട്ടൻ ധൈര്യമായി വാങ്ങിച്ചോ ഒരു കമ്പനിക്ക് ഞാൻ ഉണ്ടല്ലോ “

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് വിനയനെ തീർത്തും നിരാശനാക്കി

“ശോഭേ ഞാൻ തോറ്റിരിക്കുന്നു… ഞാൻ സത്യം ചെയ്യുന്നു ഇനി ഒരിക്കലും ഞാൻ മ ദ്യം കഴിക്കില്ല. നിന്റെ ഈ അവസ്ഥ എന്നെ തളർത്തുവാണ്. നീ എനിക്ക് വാക്ക് താ ഇനി ഒരിക്കലും നീ കുടിക്കില്ലന്ന് “

“അത് ചേട്ടാ അല്പം ഒക്കെ കുടിക്കുന്നത് നല്ലതാ..ടെൻഷൻ ഫ്രീ ആകുമല്ലോ “

“ആര് പറഞ്ഞു ഇതൊക്കെ.. അതൊക്കെ ഞങ്ങൾ ആണുങ്ങൾ വെറുതെ പറയുന്നതാ.. മ ദ്യം കൊണ്ട് ദോഷമല്ലാതെ ഗുണം ഒന്നും ഇല്ല എന്റെ പെണ്ണേ “

അങ്ങനെ വിനയൻ പൂർണമായും മ ദ്യം ഉപേക്ഷിച്ചു

വർഷങ്ങൾ കഴിഞ്ഞു. ശോഭ തന്റെ ഭർത്താവിന്റെ മ ദ്യപാനം നിർത്തുന്നതിനുവേണ്ടി താൻ പ്രയോഗിച്ച ബുദ്ധി, അല്ലെങ്കിൽ കുപ്പിയിൽ നിന്ന് താൻ എടുത്ത മദ്യം വെളിയിൽ ഒഴിച്ച് കളഞ്ഞ ശേഷം കുടിച്ചതുപോലെയുള്ള തന്റെ അഭിനയം മരുമകളോട് പറയുമ്പോൾ ചിരിയടക്കാൻ പാട്പെടുകയായിരുന്നു ആ മരുമകൾ

പ്രത്യേകിച്ച്, താൻ മ ദ്യം കഴിച്ചോ എന്ന് മണപ്പിച്ച്‌ നോക്കാൻ വന്ന ഭർത്താവിന്റെ മുന്നിൽ ചുണ്ടുകളിൽ മ ദ്യം തൊട്ട് നനച്ചു നിന്ന ആ രംഗം വീണ്ടും വീണ്ടും ഓർത്ത ശോഭയും ചിരി നിർത്താൻ പാടുപെടുകയായിരുന്നു…