October 9, 2021

കൃഷ്ണവേണി-പാർട്ട് 3, രചന: സന്തോഷ് അപ്പുക്കുട്ടൻ

വാതിലിൽ മേൽ തുടരെയുള്ള മുട്ട് കേട്ട് കൃഷ്ണ ഞെട്ടിയുണർന്നു.

കിടന്നിട്ട് ഇത്തിരിനേരമല്ലേ ആയുള്ളൂ എന്ന ചിന്തയിൽ ബെഡിൽ നിന്ന് ചാടിയിറങ്ങി അവൾ ഓടി ചെന്ന് വാതിൽ തുറന്നു.

‘ഗുഡ് മോർണിങ്ങ് “

മുന്നിലേക്ക് ആവി പറക്കുന്ന ചായകപ്പ് നീട്ടി,വിനു വിഷ് ചെയ്തപ്പോൾ അവൾ ജാള്യതയോടെ ചുറ്റും നോക്കി.

ജനൽ വിടവിലൂടെ അരിച്ചെത്തുന്ന പ്രകാശം നടുത്തളത്തിൽ ചിത്രം വരയ്ക്കുന്നത് കണ്ട് അവൾ ഒരു ചമ്മലോടെ വിനുവിൻ്റെ നേർക്ക് പാളി നോക്കി.

ഇന്നലെ കണ്ട ആ കൂറ രൂപമായിരുന്നില്ല വിനുവിന് അപ്പോൾ.

താടിയൊക്കെ വടിച്ച്, കുളിച്ച് കുട്ടപ്പനായി നെറ്റിയിൽ നനവ് മാറാത്ത ചന്ദന കുറിയുമായ്…

അവൾ ചായയും വാങ്ങി അത്ഭുതത്തോടെ നോക്കി നിൽക്കുമ്പോൾ, അവൻ പോക്കറ്റിൽ നിന്നു പേഴ്സ് എടുത്തു അവൾക്കു നേരെ നീട്ടി.

“ഇതൊക്കെ സൂക്ഷിച്ചു വെക്കേണ്ടേ. ഡൈനിങ്ങ് ടേബിളിനടുത്തെ തറയിൽ അലക്ഷ്യമായി കിടക്കുകയായിരുന്നു “

“സോറി “

അവൾ പേഴ്സ് വാങ്ങി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“സോറി ഒന്നും വേണ്ട. പേഴ്സ് സൂക്ഷിച്ചതിനുള്ള പ്രതിഫലം ഞാൻ എടുത്തിട്ടുണ്ട് “

അതേ പുഞ്ചിരിയോടെ തന്നെ അവൾ വിനുവിനെ നോക്കി നിന്നു.

” അമ്പലത്തിലേക്ക് പോകുമ്പോൾ ഇത്തിരി ചില്ലറ പൈസയുടെ ആവശ്യം ഉണ്ടായിരുന്നു. അത് ഇതിൽ നിന്നു എടുത്തു “

“അത് സാരല്ല്യ”

അവൾ ചായ ചുണ്ടിലേക്ക് അടുപ്പിച്ച് പറഞ്ഞു.

“സാരമുണ്ടായിട്ടും കാര്യമില്ല. കാരണം കുറച്ചു നാൾ കഴിഞ്ഞാൽ നമ്മളുടെ ഫാമിലികൾ ഒന്നല്ലേ?”

വിനുവിൽ നിന്നുയർന്ന വാചകം കേട്ടതോടെ ചുണ്ടോട് അടുപ്പിച്ച ചായ തുളുമ്പി തറയിൽ വീണു.

“ഈ ചായ ആര് ഉണ്ടാക്കിയതാ?”

മനസ്സിലെ പതർച്ച പുറത്ത് കാട്ടാതിരിക്കാനെന്നവണ്ണം അവൾ ചോദിച്ചു.

” ഞാൻ – എന്താ കൊള്ളൂ ലേ ?”

നീളൻമുടി പിന്നിലേക്ക് ഒതുക്കി ഒരു പ്രത്യേകഭാവത്തോടെ വിനു ചോദിച്ചപ്പോൾ, അവൾ ഒഴിഞ്ഞ ചായക്കപ്പ് അവനു നേരെ നീട്ടി.

“അസ്സലായിട്ടുണ്ട് ചേട്ടാ “

ചായക്കപ്പും വാങ്ങി തിരിച്ചു പോകുമ്പോൾ, അവൻ ഒരു നിമിഷം തിരിഞ്ഞു നിന്നു.

“ഈ വേഷം സൂപ്പറാ. ഇതങ്ങ് സ്ഥിരമാക്കിയാലോ?”

വിനു ചോദിച്ചപ്പോൾ അവൾ ചമ്മലോടെ തല കുനിച്ചു.

കിച്ചനിലേക്ക് കടന്ന വിനുവിനെ പുറത്തേക്ക് കാണാതെ ആയപ്പോൾ, അവൾ പതിയെ അങ്ങോട്ടേക്ക് നടന്നു.

മുന്നിൽ കണ്ട ദൃശ്യം കണ്ട് അവൾക്ക് വിശ്വസിക്കാനായില്ല.

തലയിൽ ഒരു തോർത്ത് മുണ്ട് വട്ടംകെട്ടി, പലകയിൽ ചപ്പാത്തി പരത്തുന്ന വിനുവിനെ രണ്ട് നിമിഷത്തോളം അവൾ നോക്കി നിന്നു.

” ഞാൻ പരത്തി തരാം ചേട്ടാ”

അവൾ വിനുവിൻ്റെ അടുത്തേക്ക് ചെന്നതും അവൻ തടഞ്ഞു.

” അതിഥി ദേവോ ഭവ: എന്നല്ലേ? അപ്പോൾ പിന്നെ അവരെ കൊണ്ട് പണിയെടുപ്പക്കാൻ പാടുണ്ടോ?”

അതും പറഞ്ഞ് ഒരു മൂളിപ്പാട്ടോടെ അവൻ ചപ്പാത്തി പരത്താൻ തുടങ്ങി.

“അമ്മയെവിടെ?”

അവൾ ചുറ്റും നോക്കി ചോദ്യത്തോടൊപ്പം വിനുവിൻ്റെ നേർക്ക് നോട്ട മയച്ചു.

“അമ്മ കുളിയും ജപവുമൊക്കെ കഴിഞ്ഞ് ഇത്തിരി നേരാവും പുറത്തു വരാൻ “

അവൻ ഒരു ചിരിയോടെ അവൾക്കു നേരെ നോട്ട മയച്ചു.

” സെർവൻ്റിനെ നിർത്താൻ മടിയാ. ഇങ്ങിനെ ഭക്ഷണമുണ്ടാക്കി അമ്മയ്ക്ക് കൊടുക്കുന്ന സുഖം കിട്ടില്ലല്ലോ?”

അവൾ പുഞ്ചിരിച്ചു കൊണ്ട് ചുറ്റും നോക്കി.

എത്ര വലിയ കിച്ചൻ!

എല്ലാം ഭംഗിയോടും, ചിട്ടയോടും കൂടി അടക്കിവെച്ചിരിക്കുന്നു.

” ഇത്രയും വലിയ വീട്ടിൽ വിനുവും, അമ്മയും എങ്ങിനെ കഴിയുന്നു?”

പുഞ്ചിരിയോടെ അവൾ ചോദിച്ചപ്പോൾ, അവൻ ചപ്പാത്തിയിൽ നിന്ന് ശ്രദ്ധ തിരിക്കാതെ പറഞ്ഞു.

“ഇനി ഞങ്ങൾ രണ്ടു പേർ മാത്രമല്ലല്ലോ -പുതിയ ഒരാൾ വരാൻ പോകുന്നില്ലേ?”

വിനുവിൻ്റെ ചോദ്യം കേട്ടതും, കൃഷ്ണയുടെ ചുണ്ടിലെ ചിരി മാഞ്ഞു.

ഇന്നലെ രാത്രി അമ്മയും, മോനും തമ്മിലുള്ള സംസാരത്തിൻ്റെ തുടർച്ചയായാണ് വിനു പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായി.

എന്തു പറയണമെന്നറിയാതെ അവൾ നിൽക്കുമ്പോൾ, വിനുവിൻ്റെ ശബ്ദം വീണ്ടും ഉയർന്നു.

” ഇങ്ങിനെ അമാന്തിച്ചു നിൽക്കാതെ വേഗം ഫ്രഷാക്.’ നമ്മൾക്കു പോകണ്ടെ?

” എങ്ങോട്ട്?”

കൃഷ്ണയുടെ ശബ്ദം വിളറിയിരുന്നു.

“നമ്മൾ തൻ്റെ വീട് വരെ ഒന്നു പോകുകയാണ് “

“എന്തിന്?”

കൃഷ്ണയുടെ ശബ്ദം ഉയർന്നതും, വിനു അവളെ നോക്കി.

” വീടുകാണണമെന്ന് പറഞ്ഞാൽ സന്തോഷത്തോടെ അവരെ വരവേൽക്കുകയല്ലേ വേണ്ടത്. അല്ലാതെ ഇങ്ങിനെ വലിയ ശബ്ദത്തിൽ എന്തിനാണോ എന്നാ ചോദിക്കാ?”

വിനുവിൻ്റെ ചോദ്യം കേട്ടതും ഒരു ചമ്മിയ ചിരി അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

“അതല്ല.വെറുതെ ചോദിച്ചതാ”

“വെറുതെ ചോദിക്കാൻ നിന്നിട്ട് സമയം കളയല്ലേ. വേഗം ഫ്രഷായി വാ – അമ്മ കുളി കഴിഞ്ഞു വന്നാൽ പിന്നെ എല്ലാം എടുപിടീന്ന് ആവും കാര്യങ്ങൾ “

അവൻ ശബ്ദത്തിൽ പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം അവൻ്റെ അടുത്തേക്ക് നീങ്ങി നിന്നു.

“ചേട്ടാ – ഇന്നലെ ചേട്ടനും അമ്മയും രാത്രി ഡൈനിങ് ടേബിളിലിരുന്നു സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു”

കൃഷ്ണയുടെ വാക്കുകൾ കേട്ടപ്പോൾ അവൻ ചിരിയോടെ അവളെ നോക്കി.

“എല്ലാം മനസ്സിലായിട്ടാണോ പിന്നെ എന്തിനാ നമ്മൾ വീട്ടിലേക്ക് പോകുന്നതെന്ന് ചോദിച്ചത് ഝാൻസി റാണി ?”

“അതല്ല “

നിറയുന്ന മിഴികളോടെ അവൾ വിനുവിനെ നോക്കി.

“പിന്നെ? “

“ഒരാൾക്ക് എന്നോടു വല്ലാത്ത ഇഷ്ടമാണ്. “

മുഖം താഴ്ത്തി അവൾ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു.

” കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കണ്ടാൽ ഏത് ഒരു ചെറുപ്പക്കാരനും ഒന്ന് ഇഷ്ടപ്പെടും. അത് സ്വഭാവികം “

കല്ലിൽ ചപ്പാത്തി മറിച്ചിട്ടു അവൻ മായാത്ത ചിരിയോടെ അവളെ നോക്കി.

” അത് പക്ഷെ ഹൃദയം തൊട്ടുള്ള, മനസ്സറിഞ്ഞുള്ള പ്രണയം ആയിരിക്കണമെന്നില്ല എപ്പോഴാണ് നഷ്ടപ്പെടുന്നതെന്നറിയാത്ത, ഒരു ഗ്യാരണ്ടിയുമില്ലാത്ത സൗന്ദര്യം കണ്ടുള്ള വെറും ആകർഷണം”

വിനു, തണുത്തു തുടങ്ങിയ ചായ വലിച്ചു കുടിച്ചു കൊണ്ട് തുടർന്നു.

” ആ സൗന്ദര്യം നഷ്ടപ്പെട്ടാൽ അതോടെ തീർന്ന് ആ പ്രണയം. ഇന്നേ വരെ കണ്ട ജീവിതത്തിലൊക്കെ ഞാൻ കണ്ടത് അങ്ങിനെയാണ്.”

അവൻ പറയുന്നതും കേട്ട് അവൾ മിണ്ടാതെ നിന്നു.

” അതു പോട്ടെ. തനിക്ക് ഇഷ്ടമാണെന്ന് അയാളോട് തുറന്നു പറഞ്ഞിട്ടുണ്ടോ?”

വിനുവിൻ്റെ ചോദ്യത്തിന് ഇല്ലായെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

” അപ്പോ പിന്നെ പ്രശ്നമില്ല. ആ പ്രണയം ഇവിടെ വെച്ച്, മനസ്സിൽ കുഴിച്ചുമൂടുക “

“അതു പറ്റില്ല “

കൃഷ്ണയുടെ മനസ്സിൽ നിന്നു അറിയാതെ ഉയർന്ന ശബ്ദമായിരുന്നു അത്.

വിനു രണ്ടു നിമിഷം കണ്ണടച്ചു നിന്നു.

ആ ചുണ്ട് ഇളകുന്നത് കാത്ത് അവളും!

” ആട്ടെ ചെക്കൻ എന്തു ചെയ്യുന്നു?”

ഒടുവിൽ പതിയെ കണ്ണ് തുറന്ന് അവൻ ചോദിച്ചു.

“ബിവറേജിലാ ജോലി “

അത് പറഞ്ഞപ്പോൾ വിനുവിൻ്റെ ചുണ്ടിൽ പരിഹാസത്തിൻ്റെ ഒരു ചിരിയുതിർന്നതു പോലെ അവൾക്കു തോന്നി.

“എനിക്കും ഇഷ്ടമുണ്ടായിരുന്നില്ല ഇങ്ങിനെയൊരു ബന്ധത്തിന്. പക്ഷേ അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തന്നെ “

അവൻ ഒന്നു നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി.

” പ്രഷറും, ഷുഗറും, ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ട് അമ്മയ്ക്ക്. ഇനിയും അമ്മയുടെ ആഗ്രഹത്തെ കണ്ടില്ലെന്ന മട്ടിൽ നടന്നാൽ അത് പിന്നെ ഒടുവിൽ ഒരു തീരാവേദനയായലോ? ഒരിക്കലും വീട്ടാൻ പറ്റാത്ത കടമായി മാറിയാലോ?”

വിനുവിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത മട്ടിൽ കൃഷ്ണ നിന്നു.

മൗനം അവർക്കിടയിൽ നിമിഷങ്ങളോളം തങ്ങി നിന്നു.

കുക്കറിൻ്റെ വിസിൽ കേട്ട് ചിന്തയിൽ നിന്നുണർന്ന കൃഷ്ണ, വിനുവിനെ നോക്കാതെ തിരിഞ്ഞു നടന്നു.

“താൻ ഒരു കാര്യം ചെയ്യ്. അമ്മയോടു എല്ലാം തുറന്നു പറയൂ. ഞാൻ പറഞ്ഞാൽ ഇതിൽ നിന്ന് ഒഴിവാകുവാൻ കള്ളം പറയുന്നതാണെന്ന് വിചാരിക്കും”

പിന്നിൽ നിന്നു വിനുവിൻ്റെ പറച്ചിൽ കേട്ട നേരം, ഒരു കടമ്പ കടന്നെന്ന ആശ്വാസത്തോടെ അവൾ അവനു നേർക്ക് തിരിഞ്ഞു നടന്നു.

” വിനുവിന് എന്നെക്കാളും പഠിപ്പും, വിവരവും, ഭംഗിയുമുള്ള ഒരു പെണ്ണിനെ കിട്ടും”

അത് കേട്ടതോടെ ചിരിച്ചു കൊണ്ട് അവൻ അവൾക്കു നേരെ കൈകൂപ്പി .

” അയ്യോ പൊന്നേ. ആ ഡയലോഗ് കേൾക്കുമ്പോൾ ചിരിക്കാനാണ് തോന്നുന്നത്?”

അവൾ മൊരിഞ്ഞ ഒരു ചപ്പാത്തിയെടുത്ത് അവനെ ചോദ്യഭാവത്തോടെ നോക്കി.

” തേച്ചു പോകുന്ന പെണ്ണുങ്ങളുടെ ക്ലീഷേ ഡയലോഗ് ആണത്. അതു കേട്ടാൽ എനിക്ക് ഞാനൊരു പരാജിതനായ കാമുകനാണെന്ന് തോന്നിപ്പോകും.”

അവൻ കുറച്ചു നേരം അവളെ നോക്കി നിന്നു.

” ഇനിയും തേപ്പ് വാങ്ങാൻ എൻ്റെ ഹൃദയത്തിന് ശക്തിയില്ല കുട്ടീ”

അവൻ ഒരു പ്രത്യേകഭാവത്തോടെ പറഞ്ഞപ്പോൾ, കൃഷ്ണ ചിരിച്ചു കൊണ്ട് ചപ്പാത്തി കഴിച്ചു തുടങ്ങി.

” ഭവതി പല്ലു,തേച്ചിട്ടില്ല”

വിനു ചിരിയോടെ പറഞ്ഞപ്പോൾ, കൃഷ്ണ അവനെ നോക്കി ഒന്നു കണ്ണു വിടർത്തി.

” പകുതി വരെ കഴിച്ചിട്ടാണോ പറയുന്നത്?

അവളുടെ ചോദ്യം കേട്ട് അവൻ അമ്പരന്നു നിൽക്കുന്നത് കണ്ടതോടെ അവളിലെ കൃത്രിമ ഭാവം ഊർന്നു വീഴുകയും, അതോടൊപ്പം പൊട്ടിച്ചിരി ഉയരുകയും ചെയ്തു.

അതേ സമയം തന്നെയാണ് രണ്ട് കാറുകൾ ഗേറ്റ് കടന്നു വരുന്നത് അവർ ജാലകപ്പഴുതിലൂടെ കണ്ടത്.

“നിങ്ങൾ ഇവിടെ കളിച്ചു ചിരിച്ചു നിൽക്കാതെ വേഗം പോയി വസ്ത്രം മാറ് കുട്ടികളെ? കൃഷ്ണയുടെ വീട്ടിലേക്ക് പോകാനായി ഇളയച്ഛൻ്റെയും അമ്മാവൻ്റെയും കാറുകൾ ഗേറ്റ് കടന്നു വരുന്നുണ്ട് “

അമ്മയുടെ സ്വരം പിന്നിൽ നിന്ന് ഉയർന്നതോടെ, ഒന്നും സംസാരിക്കാനാകാതെ കൃഷ്ണ വിനുവിനെ നോക്കി.

” നിൻ്റെ ചേട്ടൻമാരോട് വിളിച്ചു പറഞ്ഞപ്പോൾ, പെണ്ണുകാണുന്നത് വീഡിയോ കോളിൽ കാണിക്കാൻ പറഞ്ഞു. അനിയത്തിയെ കാണാൻ ചേടത്തിമാർക്കാണ് വല്ലാത്ത തിടുക്കം “

അതും പറഞ്ഞ് കൃഷ്ണയുടെ കവിളിൽ ഒന്നു നുള്ളികൊണ്ട് പുറത്തേക്ക് പോയപ്പോൾ, കൃഷ്ണ ചോര വറ്റിയ മിഴികളോടെ വിനുവിനെ നോക്കി.

ആ നോട്ടം കണ്ടില്ലെന്നു നടിച്ച് വിനുവും പോയപ്പോൾ, എല്ലാം തകർന്നവളെ പോലെ അവൾ നിന്നു.

ഈ അവസാന നിമിഷം തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞാൽ ആയമ്മയുടെ നെഞ്ച് തകർന്ന് എന്തെങ്കിലും സംഭവിച്ചാൽ….

രണ്ട് ദിവസത്തെ പരിചയമുള്ളുവെങ്കിലും, മനസ്സിലങ്ങിനെ പറ്റി ചേർന്നിരിക്കുകയാണ് അമ്മ.

കുട്ടിക്കാലത്ത് നഷ്ടപ്പെട്ട അമ്മ പുനർജനിച്ചതാണോ എന്നു പോലും തോന്നിയിട്ടുണ്ട്.

ആ മാതൃവാത്സല്യത്തിൻ്റെ ഭസ്മസുഗന്ധം ഇപ്പോഴും തനിക്കു ചുറ്റും അലയടിക്കുന്നുണ്ട്.

ആയമ്മയുടെ കണ്ണുകളിലേക്ക് നോക്കി ഒന്നും നിഷേധിക്കാൻ കഴിയില്ല തനിക്ക് .

അതു കൊണ്ട് തന്നെയാണ് വിനു പലവട്ടം കണ്ണു കാണിച്ചിട്ടും, ആയമ്മയുടെ അടുത്തെത്തുമ്പോൾ പറയാൻ വരുന്നത് മറന്നു പോകുന്നത് .

കാറിലിരിക്കുമ്പോഴും, അവളുടെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നത് ആരും കാണാതെ അവൾ തുടച്ചു.

കാറിലിരിക്കുന്നവർ അത്ഭുതത്തോടെ -തന്നെ നോക്കുന്നത് അവൾ കണ്ടില്ലെന്നു നടിച്ചു.

വിദൂരതയിലേക്ക് നോക്കി ഡ്രൈവ് ചെയ്യുന്ന വിനുവിനെ അവൾ ഒന്നു പാളി നോക്കിയെങ്കിലും ആ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.

മലകളും, കുന്നുകളും, പാടങ്ങളും താണ്ടി, കാറുകൾ ഹൈവേയിലേക്ക് പ്രവേശിച്ചതും, ഒരു ജ്വല്ലറിക്കു മുന്നിൽ കാർ നിർത്തി.

കൃഷ്ണയുടെയും, വിനുവിൻ്റെയും വിരലിന് പാകമായ മോതിരങ്ങൾ അയാൾ എടുത്തതും., അയാളെ കടുപ്പിച്ചൊന്നു നോക്കി അവൾ കാറിലേക്ക് തന്നെ ഓടി കയറി.

വീടും, സ്ഥലവും, പരിസരവും കണ്ട് ഇഷ്ടപ്പെടാതെ അമ്മ,തിരിച്ചു പോകണമേ എന്നായിരുന്നു അവളുടെ പ്രാർത്ഥന!

രണ്ടാം കെട്ടുക്കാരൻ തന്ത നാലു കാലിൽ നിൽക്കുമ്പോഴായിരിക്കണം വീട്ടിലേക്ക് കയറി ചെല്ലേണ്ടത് എന്ന് അവൾ മനമുരുകി ആശിച്ചു.

അവളുടെ ചിന്തകളെ ഭേദിച്ചു കൊണ്ട് വണ്ടി സ്റ്റാർട്ട് ആയപ്പോഴും, അവൾ പ്രാർത്ഥനയിലേക്ക് തന്നെ തിരിച്ചെത്തി.

സിഗ്നലിൽ വണ്ടി നിർത്തിയപ്പോഴാണ് അവൾ, തങ്ങളുടെ വണ്ടിക്ക് ചാരെ ചേർന്നു വന്നു നിൽക്കുന്ന ബുള്ളറ്റിനെ ശ്രദ്ധിച്ചത്.

അയാൾ ഹെൽമെറ്റ് എടുത്ത് തല കുടഞ്ഞതും, ഒരു നിമിഷം അരികിലെ കാറിൽ ഇരിക്കുന്ന കൃഷ്ണയെ കണ്ടു അമ്പരന്നു.

നോട്ടം കൂട്ടിമുട്ടിയതും, അവൾ വേദനയോടെ തല കുമ്പിട്ടിരുന്നു.

പച്ച കത്തിയതും വണ്ടികളോരോന്ന് മുന്നോട്ട് എടുത്ത് കുറച്ചു കഴിഞ്ഞപ്പോൾ അവൾ തലയുയർത്തി നോക്കി.

അസംഖ്യം വാഹനങ്ങൾക്കിടയിൽ അഭിയുടെ ബുള്ളറ്റും മുങ്ങി പോയെന്ന് മനസ്സിലായപ്പോൾ ആശ്വാസത്തിൻ്റെ ഒരു നെടുവീർപ്പ് അവളിൽ നിന്നുയർന്നു.

കണ്ണടച്ചു സീറ്റിൽ ചാരി കിടക്കെ, തൻ്റെ ഹൃദയം മിടിക്കുന്നതു പോലെ ഒരു ശബ്ദം കേട്ട് അവൾ കണ്ണു തുറന്നു.

കുറെ നേരം ചെവിയോർത്തതിന് ശേഷം അവളുടെ മിഴികൾ റിയർവ്യൂ മിററിലേക്ക് പാളി വീണപ്പോഴാണ് അവൾ ആ കാഴ്ച കണ്ട് കണ്ണീരണിഞ്ഞത്.

അകലെ നിന്ന് തങ്ങളുടെ കാറിനെ ലക്ഷ്യമാക്കി വരുന്ന അഭിയുടെ ബുള്ളറ്റ് കണ്ടവൾ, വല്ലാത്തൊരു വേദനയോടെ സീറ്റിലേക്ക് ചാരിയിരുന്നു.

ഇടയ്ക്കിടെ കാറിൽ നിന്നും മുഖം പുറത്തേക്കിട്ട് പിന്നിൽ വരുന്ന അഭിയെ നോക്കുമ്പോഴും,കാറ്റിൽ മുഖത്തേക്ക് വീശിയടിക്കുന്ന മുടിയിഴകൾ കണ്ണിരിൽ നനയുന്നത് അവളറിഞ്ഞില്ല

മനസ്സിൻ്റെ നിയന്ത്രണം തെറ്റിയാണ് അഭി, വരുന്നതെന്ന് ഓർത്തപ്പോൾ അവൾ ഒന്നു ഞെട്ടി.

ഇത്രയും വാഹനങ്ങൾക്കിടയിലൂടെ നിയന്ത്രണമില്ലാത്ത മനസ്സുമായി വരുമ്പോൾ?

ഒന്നും സംഭവിക്കല്ലേയെന്ന് നെഞ്ചിൽ കൈവെച്ച്, കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് അവൾ സീറ്റിൽ ചാരിയിരുന്നു.

കൃഷ്ണ യാന്ത്രികമായി പറഞ്ഞുകൊണ്ടിരുന്ന വഴി കളിലൂടെ, ഓടിയ കാർ ടാറിട്ട റോഡും കടന്ന് ചരൽ വഴിയിലൂടെ വീടിൻ്റെ പടിക്കൽ എത്തിയതും, മുന്നിൽ കണ്ട കാഴ്ച അവളുടെ ശിരസ്സിൽ വീണ ആദ്യത്തെ വെള്ളിടിയായി.

പറമ്പ് ഒക്കെ വൃത്തിയായി, ഒരു ചവറു പോലുമില്ലാതെ തിളങ്ങുന്നു.

എത്ര വൃത്തിയാക്കിയിട്ടാലും അതൊക്കെ ഒരു നിമിഷം കൊണ്ട് കാളയെ പോലെ ഉഴുതു മറിക്കുന്ന തന്ത ഇന്നലെ കള്ള് കുടിച്ചിട്ടില്ലായെന്ന് അവൾക്കു തോന്നി.

അവളുടെ സംശയത്തിനെ ശരിവെക്കും വിധം, കുളിച്ചൊരുങ്ങി പുതിയ വസ്ത്രങ്ങളുമണിഞ്ഞ് വീടിറങ്ങി വരുന്ന രണ്ടാം കെട്ടുക്കാരൻ തന്തയയും, അമ്മയെയും കണ്ടപ്പോൾ ആവനാഴിയിലെ അസ്ത്രങ്ങൾ ഓരോന്നും നഷ്ടപ്പെടുകയാണെന്ന് അവളറിഞ്ഞു.

കാറിൻ്റെ അടുത്തെത്തിയതും, ലക്ഷ്മിയമ്മയെ കണ്ടപ്പോൾ ശാരദ അവർക്ക് അരികിലേക്ക് ഓടിചെന്നു.

“ഇന്നലെ ഫോൺ ചെയ്ത ചേച്ചിയാണോ?”

ശാരദ സന്തോഷം കൊണ്ട് വിടർന്ന മുഖത്തോടെ ചോദിച്ചപ്പോൾ ലക്ഷ്മിയമ്മ പുഞ്ചിരിയോടെ തലയാട്ടി.

” ദേ ഇങ്ങട് വന്നേന്. ശരിക്കും കവിയൂർ പൊന്നമ്മയുടെ പോലെ ഐശ്വര്യം നിറഞ്ഞ മുഖമുള്ള ഒരു ചേച്ചി’

ദിവാകരനെ കൈകാണിച്ചു വിളിച്ചു കൊണ്ട് ശാരദ പറയുമ്പോൾ, കൃഷ്ണയ്ക്ക് എല്ലാം കൈവിട്ടു eപാകുകയാണെന്നു തോന്നി.

“മോളേ – നമ്മുടെ ഓട്ടോ എവിടെ?”:

കൃഷ്ണയുടെ അരികെ വന്ന് ശാരദ തേനിൽ ചാലിച്ച ആ ചോദ്യമുയർത്തിയപ്പോൾ, അവളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി.

ഇന്നലെ വരെ മോളെയെന്നുള്ള വാക്കിനു മുന്നിൽ പലതും ചേർത്തു വിളിക്കുമായിരുന്ന അമ്മയുടെ മറ്റൊരു മുഖം കണ്ടപ്പോൾ അവളുടെ നാവിറങ്ങി പോയി.

” അത് വീട്ടിലുണ്ട് ശാരദേ! ഞങ്ങൾ ഒരു കാര്യം പറയാനാണ് ഇങ്ങോട്ടേക്ക് വന്നത്”

ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ ദിവാകരൻ ശാരദയുടെ അടുത്തെത്തി.

“വീട്ടിലേക്ക് വന്നവരെ വഴിയിൽ തടഞ്ഞു നിർത്തിയാണോ സംസാരിക്കുന്നത് ശാരദേ ?”

ദിവാകരൻ്റെ ചോദ്യം കേട്ടതും, ശ്വാസം വിടാതെ കൃഷ്ണ അയാളെ തന്നെ നോക്കി നിന്നു.

വഴിതെറ്റി പറമ്പിലേക്ക് കയറിയവനെ പോലും, കുഴിയിൽ കിടക്കുന്ന തന്തയ്ക്ക് വരെ വിളിക്കുന്ന ഇയാൾ?

” അയ്യോ! നിങ്ങളെ കണ്ട സന്തോഷത്തിൽ ഞാനത് മറന്നു. ഞങ്ങൾ കുറച്ച് സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് ഇറങ്ങിയതാ. അത് പിന്നെ ആകാം. നിങ്ങള് വാ “

അതും പറഞ്ഞ് ശാരദ മുന്നോട്ടു നടന്നപ്പോൾ, കാർ വഴിയരികിൽ പാർക്ക് ചെയ്ത്, അവരും അവൾക്കു പിന്നാലെ നടന്നു.

രണ്ട് കാറുകളിൽ വന്നവർ ശാരദയുടെ വീട്ടിലേക്ക് നടന്നു പോകുന്നത് കണ്ട് അയൽവാസികൾ ആകാംക്ഷയോടെ, വേലിക്കരികിൽ വന്നു നിന്നു.

വിനു, ഒരു നിമിഷം കൃഷ്ണയെ നോക്കിയതും അവൾ മുഖം തിരിച്ചു.

ഇളയച്ചൻ്റെയും, അമ്മാവൻ്റെയും അടക്കിപ്പിടിച്ച സംസാരധ്വനി പരിഹാസത്തിൻ്റേതെന്ന് മനസ്സിലായപ്പോൾ അവൻ പതിയെ ചിരിച്ചു.

ഓടി വന്ന ഒരു കുറിഞ്ഞി പൂച്ച കൃഷ്ണയുടെ കാലിൽ മുട്ടിയിരുമ്മിയപ്പോൾ, അവൾ പതിയെ അതിനെ കോരിയെടുത്ത് മാറോട് ചേർത്തു.

വൃത്തിയാക്കിയ മുറ്റത്ത്, ചാണകമെഴുതി പൂക്കളമിട്ടിരിക്കുന്നത് കണ്ട ലക്ഷ്മിയമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുതിർന്നു .

“ഇന്നാണല്ലോ അത്തം. ഞാനതങ്ങ് മറന്നു “

ലക്ഷ്മിയമ്മ, ആങ്ങളയുടെ കൈ പിടിച്ചു കൊണ്ട് വിഷമത്തോടെ പറഞ്ഞു.

” ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷെ നിനക്ക് ഏതൊരു ആഘോഷങ്ങളെക്കാളും വലുതിപ്പോൾ ഇവൻ്റെ വിവാഹമല്ലേ? അതു കൊണ്ട് തന്നെ അത്തമാണെന്ന് ഞങ്ങളും മന: പൂർവ്വം മറന്നു. അല്ലേ ഗോപാലാ ?”

അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് അമ്മാവൻ അതു ചോദിച്ചപ്പോൾ, ഇളയച്ഛൻ്റെ ചുണ്ടിൽ ഒരു പരിഹാസം മിന്നുന്നത് വിനു കണ്ടു.

ചെറിയ ആ ഓടിട്ട വീട്ടിലേക്ക് എല്ലാവരും കടന്നതിനു ശേഷം, കൃഷ്ണ, പ്രതിക്ഷയോടെ ഒന്നു തിരിഞ്ഞു നോക്കിയതും, റോഡിനരികിൽ ബുള്ളറ്റിലിരുന്നു അഭി,തന്നെ നോക്കുന്നത് കണ്ട അവൾ ഓടി വീടിനകത്തേക്ക് കയറി.

ഉള്ള കസേരകളിലും, നിലത്ത് വിരിയിച്ച കൈതോല പായയിലുമായ് വന്നവരെ ഇരുത്തി, ശാരദ ചോദ്യഭാവത്തോടെ ലക്ഷ്മിയമ്മയെ നോക്കി.

” ഞങ്ങൾ വന്നത് ഇവിടുത്തെ മോളെ പെണ്ണു ചോദിക്കാൻ ആണ് ?”

ലക്ഷ്മിയമ്മയുടെ ചോദ്യം കേട്ടതും, തലകറങ്ങിയ ശാരദ, ദിവാകരനെ നോക്കി.

ഭാവഭേദങ്ങളൊന്നും കാണിക്കാതെ ദിവാകരൻ ലക്ഷ്മിയമ്മയെ നോക്കി.

“എൻ്റെ മോൻ വിനുവിന് ഈ “

കൃഷ്ണയെ ചൂണ്ടി കാണിച്ചു കൊണ്ട് ലക്ഷ്മിയമ്മ പറയുമ്പോഴെക്കും വിനു ആ കൈകളിൽ പിടുത്തമിട്ടതും, അവർ മകനെ ചോദ്യഭാവത്തോടെ നോക്കി.

” അമ്മയും, അമ്മാവനും, ഇളയച്ഛനും ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക “

വിനു അതു പറഞ്ഞു കൊണ്ട് അവരെ നോക്കിയ ശേഷം, ഒടുവിൽ കൃഷ്ണയുടെ നേരെ നീണ്ടു.

ആ കണ്ണീരണിഞ്ഞ മിഴികളിൽ ഒരു നക്ഷത്രം ഉദിക്കുന്നത് അവൻ കണ്ടു.

“കൃഷ്ണയ്ക്ക് വേറെ ഒരു പ്രണയമുണ്ട് “

വിനുവിൽ നിന്ന് ആ വാക്ക് ഉതിർന്നതോടെ, പൊടുന്നനെ എല്ലാവരും നിശ്ചലമായി.

ലക്ഷ്മിയമ്മയുടെ കത്തുന്ന കണ്ണുകൾ കൃഷ്ണയുടെ നേർക്കു പാഞ്ഞു.

” ശപിക്കരുത് അമ്മേ അവളെ.അമ്മയോടു പറയാൻ അവൾക്ക് വിഷമമായിട്ടാ. അവൾ ഇത്രയും വരെ ഒരു മെഴുക് തിരി പോലെ ഉരുകിയൊലിച്ചത്.”

ഒന്നും മനസ്സിലാവാതെ ലക്ഷ്മിയമ്മ, വിനുവിനെ നോക്കി.

” കാരണം രണ്ട് ദിവസം കൊണ്ട് അമ്മ, അവൾക്ക് സ്വന്തം അമ്മയായി തീർന്നിരുന്നു ആ അമ്മയെ വേദനിപ്പിക്കാൻ അവൾക്ക് പറ്റില്ലായിരുന്നു

പറഞ്ഞതു നിർത്തി അവൻ ചുമരിൽ ചാരി നിൽക്കുന്ന കൃഷ്ണയെ നോക്കി.

” അല്ലെങ്കിലും നമ്മൾക്ക് ഇങ്ങിനെ ഒരു ആഗ്രഹമുണ്ടെന്ന് അമ്മ കൃഷ്ണയോട് പറഞ്ഞിട്ടില്ലല്ലോ?”

വിനുവിൻ്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ലക്ഷ്മിയമ്മ പതിയെ തലയാട്ടി.

“പിന്നെന്തിനാണ് നീ ഞങ്ങളെ ഈ വേഷം കെട്ടിച്ചു ഇങ്ങോട്ട് എഴുന്നുള്ളിച്ചത്? “

ഉറക്കെ ചോദിച്ചുക്കൊണ്ട് ഇളയച്ചൻ എഴുന്നേറ്റു പുറത്തേക്ക് നടക്കുമ്പോഴേക്കും, ആ കൈയിൽ പിടിച്ചു വിനു.

“ഇളയച്ചൻ പിണങ്ങി പോകല്ലേ -പ്ലീസ്”

വിനുവിൻ്റെ യാചന കണ്ടപ്പോൾ അയാളുടെ ദേഷ്യമൊന്നു തണുത്തു.

” വേഷം കെട്ടിച്ചു കൊണ്ടു വന്നത് എന്തിനാണെന്ന് ഇളയച്ഛൻ ചോദിച്ചില്ലേ? കല്യാണ നിശ്ചയം നടത്താൻ തന്നെയാണ് “

വിനുവിൻ്റെ സംസാരം കേട്ടതോടെ അമ്മാവനും, ഇളയച്ഛനും ഒന്നും മനസ്സിലാവാതെ ലക്ഷ്മിയമ്മയെ നോക്കി.

“കൃഷ്ണയുടെയും, അവൾ പ്രണയിക്കുന്ന പയ്യൻ്റെയും നിശ്ചയം നടത്താൻ “

വിനു പറഞ്ഞപ്പോൾ, ഇളയച്ഛനും, അമ്മാവനും തലയാട്ടി കൊണ്ട് അമ്മയെ നോക്കുന്നത് അവൻ കണ്ടു.

കുടിച്ചു കുടിച്ചു നിൻ്റെ മോന് ഭ്രാന്തായോ എന്നൊരു ചോദ്യചിഹ്നമുണ്ടായിരുന്നു ആ നോട്ടത്തിലെന്ന് വിനു ഊഹിച്ചു.

“എനിക്ക് ഭ്രാന്തായത് അല്ല ഇളയച്ഛാ ! ഒരു രാത്രി, കൊടുങ്കാട്ടിൽ സ്വന്തം സുരക്ഷിതത്വം നോക്കാതെ എൻ്റെ ജീവനു വേണ്ടി കാവലിരുന്നവളോടുള്ള കടപ്പാട്.തീർത്താൽ തീരാത്ത കടപ്പാട് ആണെന്നറിയാം. എന്നാലും എനിക്ക് ഇത്രയെങ്കിലും ചെയ്‌തേ തീരൂ “

അവൻ പറഞ്ഞു നിർത്തി ചുറ്റുമൊന്നു നോക്കി.

എല്ലാവരും നിശബ്ദതയിലാണ്ട നിമിഷം!

“ആരാടീ അവൻ?”

കൈയെത്തും ദൂരത്ത് വെച്ച് നിധി നഷ്ടപ്പെട്ടവളെ പോലെ ശാരദ അവൾക്കു നേരെ പാഞ്ഞടുത്തതും, വിനു തടഞ്ഞു.

” ഒരു മുഹൂർത്തത്തിൻ്റെ സമയമാണ് .ഷോ കാണിക്കരുത് “

ചെറിയ ശബ്ദത്തിൽ അവൻ പറഞ്ഞപ്പോൾ, ശാരദ പിടിച്ചുകെട്ടിയതുപോലെ നിന്നു.

“കൃഷ്ണാ, ഇതാ നിനക്കും, അഭിയ്ക്കുമുള്ള റിങ്ങ് “

ജ്വല്ലറിയുടെ കവർ അവൾക്ക് നീട്ടി വിനു, അത് പറഞ്ഞപ്പോൾ കൃഷ്ണ അവിശ്വസനീയ തോടെ അവനെ നോക്കി.

” ജ്വല്ലറിയിൽ ചെന്ന് മോതിരം വാങ്ങിയത് എനിക്ക് ആണെന്നു വിചാരിച്ചോ- ഒരു അളവ് കിട്ടാൻ വേണ്ടിയിട്ടാണ് എൻ്റെ വിരൽ കാണിച്ചു കൊടുത്തത് . പിന്നെ രണ്ടാളുടെയും പേര് എഴുതിയിട്ടുണ്ട് മോതിരത്തിൽ ‘

ഒരു കരച്ചിലോടെ അവൾ വിനുവിൻ്റെ നേർക്ക് പാഞ്ഞുചെന്നു, കുനിയുവാൻ തുടങ്ങിയതും, അവൻ തടഞ്ഞു.

” ഇങ്ങിനെ കുനിയുന്ന പെണ്ണിൻ്റെ ചിത്രമല്ല പുഞ്ചിരിയോടെ ആയുധമെടുത്ത പെണ്ണിൻ്റെ ചിത്രമാണ് മനസ്ലിൽ – അത് മായ്ക്കരുത്”

വിനുവിൻ്റെ വാക്ക് കേട്ടതോടെ കണ്ണീരിലൂടെ ഒരു പുഞ്ചിരി അവൾ നൽകി.

ഇവരെന്ത് തേങ്ങയാണ് പറയുന്നതെന്ന് ഓർത്ത് മറ്റുള്ളവർ ഒന്നുമറിയാതെ പരസ്പരം നോക്കി.

പൊടുന്നനെ മുറ്റത്ത് നിഴലുകൾ ചലിക്കുന്നതു പോലെ തോന്നിയപ്പോൾ വിനു തിരിഞ്ഞു നോക്കി.

“കയറി വരൂ അഭീ “

വിനു പുറത്തേക്ക് ചെന്ന് അഭിയുടെ കൈപിടിച്ച് അകത്തേക്ക് കയറ്റി.

കൂടെ അഭിയുടെ അച്ഛനും, അമ്മയും, കുറച്ചു ബന്ധു ക്കാരും അകത്തേക്ക് വന്നു.

ഒരു കല്യാണ ചെക്കൻ്റെ വേഷത്തിൽ അഭിയെ കണ്ടതും, ഇതൊക്കെ ഒരു സ്വപ്നമാണോ എന്ന് കൃഷ്ണ സന്ദേഹിച്ചു.

വായും തുറന്ന് അഭിയെ നോക്കി നിൽക്കുന്ന കൃഷ്ണയെ കണ്ട് അവൻ പുഞ്ചിരിച്ചു.

” ഇത് സ്വപ്നമല്ല കൃഷ്ണാ. യഥാർത്ഥ്യമാണ്”

വിനുവിൻ്റെ ശബ്ദമുയർന്നപ്പോൾ, അഭിയിൽ നിന്ന് കണ്ണെടുത്ത് കൃഷ്ണ അവനെ തിരിഞ്ഞു നോക്കി.

“അഭിയെ ഞാൻ അറിയും! അന്ന് ഡൈനിങ്ങ് ടേബിളിനടുത്ത് നിന്ന് കിട്ടിയ പേഴ്സിൽ, ഏതോ കല്യാണ ആൽബത്തിൽ നിന്ന് ചീന്തിയെടുത്ത അഭിയുടെ ഫോട്ടോ ഉണ്ടായിരുന്നു. ഫോട്ടോയ്ക്ക് പിന്നിൽ ഫോൺ നമ്പറും “

വിനുവിൻ്റെ സംസാരം കേട്ടതും, അവൾ അഭിയെ ഒന്നു പാളി നോക്കി ചമ്മലോടെ മുഖം താഴ്ത്തി.

“ചില പെണ്ണുങ്ങൾ ഇങ്ങിനെയാണ് അഭീ. ഉള്ളിൽ കടലോളം സ്നേഹമുണ്ടാകും. പക്ഷെ പുറത്തേക്ക് ഒരു തുള്ളി പോലും ചാടാതെ തടയണ കെട്ടിവെച്ചിരിക്കും അവർ

വിനു എഴുന്നേറ്റു അഭിയുടെ അടുത്തേക്ക് ചെന്നു.

” ഞാൻ കണ്ടതിൽ ഏറ്റവും ഭാഗ്യവാൻ ആരാണെന്ന് ചോദിച്ചാൽ ഒന്നും ആലോചിക്കാതെ അഭിയെന്നു പറയും ഞാൻ കാരണം ഇങ്ങിനെയൊരു റെയർ പീസിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതു കൊണ്ട് “

അത് പറയുമ്പോൾ സന്തോഷം കൊണ്ട് വിനു വിൻ്റെ കണ്ണ് നനഞ്ഞിരുന്നു.

അഭി പൊടുന്നനെ കൃഷ്ണയെ കണ്ണൊന്നു കാണിച്ച് പുറത്തേക്കിറങ്ങിയപ്പോൾ അവൾ പിന്നാലെ ചെന്നു.

” അവർക്ക് ചായ കൊടുക്കേണ്ടേ? ചായയും കഴിക്കാനുള്ള പലഹാരങളും ഞാൻ കൊണ്ടുവന്നിട്ടുണ്ട് “

അതും പറഞ്ഞ് പെട്ടിഓട്ടോയുടെ അടുത്തേക്ക് നടക്കുന്ന അഭിയെ, കൃഷ്ണ അത്ഭുതത്തോടെ നോക്കി.

“വിനു വിളിച്ചു പറഞ്ഞപ്പോൾ മുതൽ എല്ലാം സെറ്റപ്പ് ആക്കി നിന്നതാ- നിങ്ങളെ കാണാതെ ആയപ്പോഴാണ് ഞാൻ ബൈക്ക് എടുത്ത് ഇറങ്ങിയതും, സിഗ്നലിൽ വെച്ചു കണ്ടതും “

ഒരു അത്ഭുത കഥ കേൾക്കുന്നതു പോലെ അഭി-പറയുന്നതും കേട്ടു അവൾ വായ് പൊളിച്ചിരുന്നു.

ചായയും, പലഹാരങ്ങളും അടുക്കളയിൽ എത്തിക്കുമ്പോഴും അവൾ വിനുവിനെ കുറിച്ച് ഓർക്കുകയായിരുന്നു.

ഒന്നും പിടി തരാത്ത മനുഷ്യൻ.

” അപ്പോൾ എത്രയും പെട്ടെന്ന് ഈ ചടങ്ങ് നടത്തിയിട്ട് മടങ്ങിപോകല്ലേ ?”

ഇളയച്ഛൻ പറഞ്ഞപ്പോൾ മറ്റുള്ളവരും ശരിവെച്ചു.

” അഭീ,കൃഷ്ണയ്ക്ക് വാങ്ങിയ ഡ്രസ്സ് കൊടുക്ക് .അത് അണിഞ്ഞു വന്നാൽ ഈ ചടങ്ങ് എത്രയും പെട്ടെന്ന് നടത്താം”

വിനു പറഞ്ഞതും പെട്ടെന്ന് കൃഷ്ണ കരഞ്ഞപ്പോൾ ചുറ്റുമുള്ളവർ പകപ്പോടെ അവളെ നോക്കി.

വിനു ചെന്ന് പതിയെ കൃഷ്ണയുടെ താടിയുയർത്തി മറ്റുള്ളവരെ നോക്കി.

“ഈ കരച്ചിലിൽ പേടിക്കാൻ ഒന്നുമില്ല. ഈ നല്ല മുഹൂർത്തിൽ പ്രിയപ്പെട്ട ഒരാളുടെ അഭാവം കൊണ്ടാണ് ഈ കണ്ണീർ പുഴ “

മനസ്സറിഞ്ഞതുപോലെ വിനു പറഞ്ഞപ്പോൾ കണ്ണീർ തുടച്ചു കൊണ്ട് അവൾ അയാളെ കണ്ണു ചിമ്മാതെ നോക്കി നിന്നു.

ദിവാകരനും, ശാരദയും പരസ്പരം നോക്കി കണ്ണു മിഴിച്ചു.

” ഞാൻ പറഞ്ഞത് സത്യമല്ലേ കൃഷ്ണാ. കൈയോ, കാലോ വളരുന്നതെന്ന് നോക്കി ഒരമ്മയെ പോലെ നീ വളർത്തിയ അനിയത്തി.

വേണി.

അവൾക്കു വേണ്ടിയാണ് നീ നിൻ്റെ ജീവിതം ജീവിച്ചു തീർക്കുന്നത്. നന്നായി പഠിച്ചിരുന്ന നീ അവൾക്കു വേണ്ടിയാണ് വഴിയൊഴിഞ്ഞ് ഓട്ടോക്കാരിയായത്! രാത്രിയിൽ ഉറങ്ങാതെ, വാക്കത്തിയും പിടിച്ച് കാവലിരുന്നത് അവൾക്കു വേണ്ടി തന്നെയായിരുന്നു…

പക്ഷേ നീ ഓരോ നിമിഷവും തോറ്റു കൊണ്ടിരിക്കുകയാണ് കൃഷ്ണാ!

അവൾ തോൽപ്പിച്ചു കൊണ്ടിരിക്കുകയാണ്.”

അല്ലെങ്കിൽ, തന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന ചേച്ചിയുടെ മോതിരമാറ്റം കാണാൻ അവൾ വരാത്തതെന്തുകൊണ്ട്?”

വിനു പറയുന്നതും കേട്ട് കൃഷ്ണ പതിയെ പല്ല് കടിച്ച് അഭിയെ നോക്കി.

“നീ അഭിയെ നോക്കി പേടിപ്പിക്കണ്ട കൃഷ്ണാ! ഞാൻ പറഞ്ഞതൊക്കെ സത്യമല്ലേ?

വിനുവിൻ്റെ ചോദ്യം കേട്ടതും അവൾ ഒന്നും പറയാൻ കഴിയാതെ കണ്ണീർ വാർത്തു.

” ചേച്ചി എനിക്ക് അമ്മയെ പോലെ ആണ്. ആ ജീവിതം എനിക്ക് വേണ്ടിയാണ് ഉരുകി തീരുന്നത്- ചേച്ചി അറിയാതെ ഒരു കാര്യവും ഞാൻ ചെയ്യില്ല എന്നൊക്കെ വാ,തോരാതെ പറയും. പക്ഷെ അതൊക്കെ വെറും ഡയലോഗ് മാത്രമാണ്. അവൾ അഭിനയിക്കാൻ പഠിച്ചവളാണ്.പെരുംകള്ളി

” വിനൂ നീകാട് കയറുന്നു “

കൃഷ്ണയുടെ ശബ്ദം വല്ലാതെ ഉയർന്നു.

അവളുടെ ഭാവം കണ്ട് അവിടെയുള്ളവർ പകച്ചു.

“ഇനി ഒരു അക്ഷരം വേണിയെ പറ്റി സംസാരിച്ചാൽ ഇതുവരെ തന്ന സഹായങ്ങൾ മറക്കും ഞാൻ. ആ നിമിഷം എല്ലാവരെയും പടി കടത്തും ഞാൻ – “

അവൾ കിതച്ചു കൊണ്ട് അഭിയെ നോക്കി.

“നിന്നോടും കൂടിയാ പറഞ്ഞത് “

അവൾ അതും പറഞ്ഞ് ചുമരിൽ ചാരി നിന്നു കിതച്ചു.

എന്താണ് നടക്കുന്നതെന്നറിയാതെ ലക്ഷ്മിയമ്മയും, ഇളയച്ഛനും, അമ്മാവനും അഭിയെ നോക്കി.

സന്തോഷത്തിൻ്റെ നിമിഷങ്ങൾ പൊടുന്നനെ മുകതയിലേക്ക് കൂപ്പുകുത്തിയപ്പോൾ എല്ലാവരും പകച്ചിരുന്നു.

“കൂൾ ഡൗൺ കൃഷ്ണാ “

അവളുടെ തോളിൽ തട്ടി കണ്ണിലേക്ക് തറപ്പിച്ചു നോക്കി വിനു.

“നിനക്ക് വല്ലാതെ വേദനിക്കുന്നുണ്ട് അല്ലേ? അപ്പോൾ ‘ഇതൊക്കെ ഞാൻ പറയുമ്പോൾ, അവളെ ഇത്രയും കാലം കാത്തിരുന്ന ഞാൻ എത്ര മാത്രം സ്വയം വേദനിക്കുന്നുണ്ടോയെന്ന് നിനക്കറിയോ?”

വിനുവിൻ്റെ ചോദ്യം കേട്ടതും ഒരു ഞെട്ടലോടെ കൃഷ്ണ അവനെ നോക്കി.

” പ്രാണനെ പോലെ സ്നേഹിച്ചവൾ മരിച്ചോ, ജീവിച്ചോ എന്നറിയാതെ ജീവിതം ഉരുകി തീർക്കുന്നവൻ്റെ വേദന നിനക്കറിയില്ല,കൃഷ്ണാ നിനക്കെന്നല്ല ആർക്കും “

അവൻ്റെ കണ്ണിൽ നീർനിറഞ്ഞു തുടങ്ങിയിരുന്നു.

“അപകടം പറ്റാം, കൈയോ കാലോ പോകാം, ജീവിതാന്ത്യം വരെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ പറ്റാതാവാം! അപ്പോഴും മനസ്സ് എന്ന ഒരു സാധനം അവിടെ ഉണ്ടാവില്ലേ? അതിനുള്ളിലെ സ്നേഹം വറ്റിപോകോ ?”

“വിനൂ”

ഒരു കരച്ചിലോടെ കൃഷ്ണ അവൻ്റെ മുഖം പിടിച്ചുയർത്തി.

അവൻ പതിയെ കണ്ണീരോടെ തലയാട്ടി.

” ഏത് ഉറക്കത്തിലും എൻ്റെ ശബ്ദം കേട്ടാൽ തിരിച്ചറിയുന്നവളാണ്. ഇത്രയും നേരം എൻ്റെ സംസാരം കേട്ടിട്ട് അവൾ ഒന്നു പുറത്തു വന്നോന്ന് നോക്ക് “

വിനു പറഞ്ഞു തീർന്നതും.പൊടുന്നനെ തെക്കേമുറിയിലെ ഇരുട്ടിൽ പൊട്ടിക്കരച്ചിലുയർന്നു.

കൂടി നിന്നവർ അമ്പരന്നു നിൽക്കെ കൊടുങ്കാറ്റ് പോലെ ഒരു പെൺക്കുട്ടി കുതിച്ചു വന്ന് വിനുവിൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“ഈ കോലത്തിൽ ഞാനെങ്ങിനെയാ എൻ്റെ വിനുവിനെ “

പറഞ്ഞതു മുഴുമിപ്പിക്കാനാകാതെ അവൾ അവൻ്റെ മുഖത്ത് തെരുതെരെ ചുംബനമർപ്പിച്ചു.

അവൻ ശക്തിയോടെ വേണിയെ നെഞ്ചോട് ചേർത്ത് അത്ഭുതപ്പെട്ട് നിൽക്കുന്ന കൃഷ്ണയെ നോക്കി.

” ആ പേഴ്സിൽ അഭിയുടെ ഫോട്ടോയോടൊപ്പം തന്നെ വേണിയുടെ ഫോട്ടോയും ഉണ്ടായിരുന്നു…

പിന്നെ അഭിയോട് ചോദിച്ച പ്പോഴാണ് ആക്സിഡൻ്റിനെ പറ്റി അറിയുന്നത്….

ഇനിയും ഇവൾ എന്നെ ഉൾക്കൊള്ളുമോ എന്ന ചിന്തയിലാണ് അവിടെ വെച്ച് ഈ കാര്യങ്ങൾ കൃഷ്ണയോട്, സോറി ചേച്ചിയോടു പറയാതിരുന്നത് “

“എന്നെ കാണാൻ വരുന്ന തിരക്കിൽ മണ്ടി ചീറി വരുന്ന ബസ്സിനെ നോക്കിയിട്ടുണ്ടാവില്ല “

അതും പറഞ്ഞ് അവളുടെ ശിരസ്സിൽ സന്തോഷ കണ്ണീരോടെ അവൻ ചുംബിക്കുമ്പോൾ, കൂടി നിന്നവരുടെ കണ്ണും നിറഞ്ഞു.

സന്തോഷ തിരത്തള്ളലോടെ വിനു അമ്മയെ നോക്കി.

“ഇന്നു തന്നെ ഇവളെ കൊണ്ടു പോകാം നമ്മൾക്ക്. അതിനു മുൻപ് ഒരു ചടങ്ങിനെന്നവണ്ണം മോതിരമാറ്റം നടത്താം”

“അതു ശരിയാ”

അമ്മാവനും, ഇളയച്ഛനും അനുകൂലിച്ചപ്പോൾ, അവൻ വേണിയെ നോക്കി.

“എന്നാൽ നമ്മൾക്ക് രണ്ട് മോതിരം വാങ്ങി വന്നാലോ?”

“ഈ ചളുങ്ങിയ മുഖം വെച്ചിട്ടോ?”

അവൾ വേദനയോടെ അവനെ നോക്കി.

“എൻ്റെ മുഖം ചേർത്തുവെക്കാം പൊന്നേ “

അതും പറഞ്ഞ് ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് അവൻ മുഖം ചേർത്ത് വെച്ചു.

” ഞങ്ങളെ കണ്ടപ്പോൾ എന്തിനാ പൂക്കളമിടുന്നതും നിർത്തി വീട്ടിലേക്ക് ഓടി പോയത്?”

അവൻ ചോദിച്ചപ്പോൾ അവൾ സങ്കടത്തോടെ വലത്തെ കവിളിൽ നിന്നും കഴുത്ത് വരെ ഒന്നു തലോടി.

“അതൊക്കെ മാറ്റാം പെണ്ണേ.ഒരു പ്ലാസ്റ്റിക്ക് സർജറിയിലൂടെ “

” അത്തക്കളം അടിപൊളിയായിട്ടുണ്ട് ട്ടാ”

വേണിയുടെ കവിളിൽ ചുണ്ടമർത്തി അവനതു പറഞ്ഞപ്പോൾ അവളാകെ കോരിത്തരിച്ചു.

രണ്ട് വർഷത്തെ ഇരുട്ടിലെ വാസത്തിനു ശേഷം, പൊൻവെയിലിലേക്കിറങ്ങുന്ന അനിയത്തിയെ സന്തോഷത്തോടെ നോക്കി നിന്നു കൃഷ്ണ!

ഓണതുമ്പികൾ അവർക്കു മേൽ വട്ടമിട്ടു പറക്കുന്നത് കണ്ടപ്പോൾ, കഴിഞ്ഞതൊന്നും സ്വപ്നമല്ലല്ലോയെന്ന് അവൾ ശരീരത്തിൽ നുള്ളി നോക്കുന്നുണ്ടായിരുന്നു അപ്പോൾ!!!

ശുഭം

Leave a Reply

Your email address will not be published. Required fields are marked *