കൃഷ്ണവേണി 2, രചന: സന്തോഷ് അപ്പുക്കുട്ടൻ

മുറുകെ പിടിച്ചിരുന്ന വാളിൽ നിന്നു കൈ സ്വതന്ത്രമാക്കി,വെളിച്ചം വീഴാത്ത വനത്തിനുള്ളl ൽ ഇല്ലിമുളക്കൂട്ടത്തിനരികിൽ അവൾ ഓട്ടോ നിർത്തി പിന്നിലേക്ക് നോക്കി.

” ഇവിടെ വരെ പോകാൻ കഴിയുകയുള്ളൂ. ഇനി ചേട്ടൻ ഇറങ്ങാൻ നോക്ക് “

അവളുടെ അനിഷ്ടത്തോടെയുള്ള സംസാരം കേൾക്കാതെ,അയാൾ എന്തോ ആലോചിക്കുന്നതു പോലെ കണ്ണടച്ചിരുന്നു.

മനസ്സിൽ എന്തോ പിറുപിറുത്തു കൊണ്ട് കൃഷ്ണ ഒന്നു ചുറ്റും നോക്കി.

വൃക്ഷങ്ങൾ ഇടതിങ്ങി വളർന്നു നിൽക്കുന്നതു കൊണ്ട് എങ്ങും ഇരുട്ട് പടർന്നിരുന്നു.

മരക്കൂട്ടങ്ങൾക്കുള്ളിൽ മഴ പെയ്യുമ്പോൾ ഇത്രയ്ക്കും ഭീതിദമായ ശബ്ദമാണെന്ന് അവൾ ആദ്യമായി അറിയുകയായിരുന്നു.

കാട്ടു പക്ഷികളുടെ ശബ്ദവും, ഇടയ്ക്കിടെ, അകലെയുള്ള കാടുകളിൽ നിന്ന് മുഴങ്ങുന്ന വന്യമൃഗങ്ങളുടെ ഗർജ്ജനവും അവളെ തെല്ല് പേടിപ്പെടുത്തി.

അടുത്തെങ്ങോ, ഒരു വെള്ളച്ചാട്ടത്തിൻ്റെ ശബ്ദം അവൾ കേട്ടു.

അയാളുടെ അരികെ വണ്ടി നിർത്താൻ തോന്നിയ സമയത്തെ ശപിച്ചുക്കൊണ്ട്,
അവൾ വാച്ചിലേക്ക് നോക്കി.

രണ്ട് മണി !

വെളിച്ചം പരന്നൊഴുകേണ്ട ഈ,സമയത്ത് ഇവിടെ നിറയെ ഇരുട്ട് പടർന്നിരിക്കുന്നത് അവളെ അത്ഭുതപ്പെടുത്തി.

ഇരുട്ടിനോടൊപ്പം, മഴയും പെയ്തു കൊണ്ടിരുന്ന ഭീതിപ്പെടുത്തുന്ന സ്ഥലത്ത് നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയോടെ അവൾ, അയാളെ കുലുക്കി വിളിച്ചു.

“ചേട്ടാ ആളെ ബുദ്ധിമുട്ടിക്കാതെ ഇറങ്ങാൻ നോക്ക്. എനിക്ക് ഇനി ഒരുപാട് ഓടിയാലേ വീട്ടിലെത്താൻ കഴിയൂ”

പാതി വിഷമത്താടെ അവൾ പറഞ്ഞു തീർത്തതും, അയാളുടെ ചുവപ്പ് രാശി പടർന്ന കണ്ണുകൾ വിടർന്നു.

” ഒരു അഞ്ചു മിനിറ്റ് കൂടി ഓടിയാൽ വിശാലമായ ഒരു പാറപരപ്പ് -ഉണ്ട്. അവിടെ എന്നെ ആക്കി താൻ പൊയ്ക്കോ?”

അയാളുടെ കുഴഞ്ഞ വാക്ക് കേട്ടതോടെ അവൾ ഒന്നാലോചിച്ച് ഓട്ടോ മുന്നോട്ട് എടുത്തു.

പൊട്ടിപ്പൊളിഞ്ഞ്, ചെറിയ കരിങ്കല്ല് കഷ്ണങ്ങൾ പുറത്ത് കാണുന്ന ദുർഘടം പിടിച്ച റോഡിലൂടെ ചാടി,ചാടി ഓട്ടോ പോകുമ്പോൾ ആമാശയം കലങ്ങുന്നതു പോലെ അവൾക്കു തോന്നി.

കുറച്ചു ദൂരം ഓടിയതും, അകലെ സമതലമായ പാറ കണ്ടതും, അവൾ ഒന്നു നിശ്വസിച്ചു.

“ഇവിടെ നിർത്തിക്കോ അവിടെയാണ് എൻ്റെ സ്വർഗ്ഗം “

കുറച്ചു ദൂരെ പാറയിലൂടെ ഒഴുകി വരുന്ന അരുവി ചൂണ്ടി കാണിച്ച് അയാൾ പറഞ്ഞപ്പോൾ അവൾ ഓട്ടോ നിർത്തി.

ഓട്ടോയിൽ നിന്നിറങ്ങിയ അയാൾ പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് മൂന്നാല് അഞ്ഞൂറിൻ്റെ നോട്ടുകൾ എടുത്ത് അവളുടെ കൈയിൽ ബലമായി പിടിപ്പിച്ചു.

മഴയും കൊണ്ട് നിൽക്കുന്ന അയാളെ അവൾ അത്ഭുതസ്തബ്ധയായി നോക്കി നിന്നു.

“വെച്ചോ താൻ, വണ്ടിയുടെ മെയിൻ്റനൻസിനും, പിന്നെ ഇവിടം വരെ ഭീതിയോടെ മിടിച്ച ആ ഹൃദയത്തിനും വേണ്ടി “

അവൻ ചിരിയോടെ വീണ്ടും പേഴ്സിൽ നിന്ന് ഒരു അഞ്ഞൂറിൻ്റെ നോട്ടെടുത്ത് അവളുടെ കൈയിൽ വീണ്ടും പിടിപ്പിച്ചു.

“ഹൃദയം മിടിച്ചെന്ന് ഞാൻ വെറുതേ പറഞ്ഞതാണ് ട്ടോ! ആ സ്ട്രോങ്ങ് ഹാർട്ട് എനിക്ക് ഇഷ്ടമായി. അതു കണ്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷത്തിനാ ഇത് “

അവൾ പുഞ്ചിരിയോടെ കൈയ്യിൽ പിടിച്ചിരുന്ന നോട്ടിൽ നിന്ന്, ഒരു നോട്ട് എടുത്ത് ബാക്കി തിരിച്ചു അയാൾക്കു നേരെ നീട്ടി.

” ഓട്ടത്തിനുള്ള പൈസ മതി ചേട്ടാ”

അയാൾ അഴിഞ്ഞു പോകുന്ന മുണ്ട് മുറുക്കിയുടുത്ത് കൊണ്ട് അവളെ നോക്കി ചിരിച്ചു.

“തൻ്റെ പ്രതിഫലം ഞാൻ തന്നു. അതിനി ഞാൻ തിരിച്ചു വാങ്ങില്ല.കാരണം സന്തോഷത്തോടെ നൽകുന്ന ഒന്നും ഞാൻ തിരിച്ചു വാങ്ങില്ല. അത് എൻ്റെ ഹൃദയമായാൽ പോലും “

അയാളുടെ കണ്ണ് നിറയുന്നത് കണ്ട, കൃഷ്ണ ഒന്നും പറയാതെ ആ പൈസ കൈയിൽ ചുരുട്ടി പിടിച്ചു.

അവൾക്കൊരു പുഞ്ചിരി കൊടുത്ത് അയാൾ പാറയിലൂടെ, അരുവിയുടെ അടുത്തേക്ക് പതിയെ നടന്നു.

കാലിടറി നടന്നു പോകുന്ന അയാൾ ഒരു നിമിഷം തിരിഞ്ഞു നിന്നു.

” ആ ചങ്കൂറ്റത്തിന് ഹൃദയത്തിൽ നിന്നൊരു ഒരു സല്യൂട്ട്..ഇത്രയും ഭയപ്പെടേണ്ട അവസ്ഥയിൽ തനിക്കെങ്ങിനെ പുഞ്ചിരിച്ചു കൊണ്ട് ആയുധം പിടിക്കാൻ കഴിയുന്നത്?”

അയാളുടെ ചോദ്യം കേട്ടതും അമ്പരപ്പോടെ കൃഷ്ണനോക്കി.

” സീറ്റിനടിയിലെ ആ ആയുധം ഞാൻ കണ്ടു. പക്ഷെ ഇടക്കിടെ മൂർച്ച കൂട്ടിവെക്കണം. ആക്രമിക്കാൻ വരുന്ന ശത്രുവിൻ്റെ കഴുത്ത് ഒറ്റ വെട്ടിന് നിലംപതിക്കണം”

അത്രയും പറഞ്ഞ് ഇടറിയിടറി നടന്നകലുന്ന ആ മനുഷ്യനെ എന്തിനാണെന്നറിയാതെ ഒരു നിമിഷം നോക്കി നിന്ന ശേഷം അവൾ ഓട്ടോ-സ്റ്റാർട്ട് ചെയ്തു.

വിജനമായ ഈ, വനപ്രദേശത്ത് ഒറ്റയ്ക്ക് നിൽക്കാൻ ഇയാൾക്ക് വല്ല മാനസികമായി വല്ല?

അറിയാതെയുയർന്ന ആ ചോദ്യത്തെ അറപ്പോടെ വിഴുങ്ങിയിട്ട്, വണ്ടി കുറച്ചു ദൂരം വണ്ടി ഓടിച്ചതും,അവൾ നെഞ്ചിൽ കൈവെച്ചു.

ഓട്ടോയിൽ നിന്നിറങ്ങി അവൾ ബാക്ക് ടയർ നോക്കിയതും, ഒരു ദീർഘനിശ്വാസം അകത്തേക്കെടുത്തു.

പഞ്ചറായ ടയറിനെയും നോക്കി നിന്ന അവൾ, ഒരു നിമിഷം ആലോചിച്ച ശേഷം അയാൾക്കരികിലേക്ക് ഓടി.

ആകാശത്ത് ഒരു ഇടി വെട്ടിയതിൻ്റെ അകമ്പടിയായി ഭൂമിയിൽ മിന്നൽ പിണർ പാഞ്ഞപ്പോൾ, അവളുടെ കണ്ണ് ഒരു നിമിഷം അടഞ്ഞുപോയി.

അകലെ പാറയിൽ മലർന്നു കിടക്കുന്ന അയാൾക്ക് അരികിലേക്ക് അവൾ വേഗതയിൽ ഓടുമ്പോൾ, അരുവി,താഴോട്ട് ഒഴുകി പാറയിൽ തലതല്ലി കരയുന്ന ഹുങ്കാരശബ്ദം അടുത്തടുത്തു വരുന്നുണ്ടായിരുന്നു.

കെട്ടിയുയർത്തിയ ഒരു ഇരുമ്പ് വേലിക്കുള്ളിലൂടെ നൂണ്ട് കടന്ന കൃഷ്ണ അയാൾക്കരികിൽ കിതച്ചു നിന്നു.

മലർന്നു കിടക്കുന്ന അയാൾ ഒരു നിമിഷം കണ്ണ് തുറന്നതും, മഴയിൽ കുളിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ എഴുന്നേറ്റിരുന്നു.

” ടയർ പഞ്ചറായി. മാറ്റിയിടാൻ ഒന്നു സഹായിക്കുമോ?”

സംസാരിക്കുന്നതോടൊപ്പം അവളുടെ ചുണ്ടിൽ നിന്ന് വെള്ളതുള്ളികൾ അയാളുടെ മുഖത്തേക്ക് തെറിക്കുന്നുണ്ടായിരുന്നു.

ഒരു നിമിഷം കൃഷ്ണയെ നോക്കിയ ശേഷം അയാൾ കണ്ണടച്ച് പാറയിലേക്കു കിടന്നതും അവൾ നിരാശയോടെ മുന്നോട്ട് നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ടു അവളുടെ കാലിടറി.

അരുവിയായ് പോകുന്ന വെള്ളം, താഴെ അത്യഗാധതയിൽ ചിന്നി ചിതറുന്നു.

ഒന്നു നോക്കിയ അവൾ പൊടുന്നനെ പിന്നോട്ടു വലിഞ്ഞു.

തല കറങ്ങുന്നതു പോലെ തോന്നിയപ്പോൾ, അയാൾക്കരികിൽ ഇരുന്നു അവൾ.

ഇരുട്ടു മൂടി കൊണ്ടിരുന്ന അന്തരീക്ഷത്തിൽ, എന്തു ചെയ്യണമെന്നറിയാതെ അവൾ പകച്ചിരുന്നു.

പൊടിയുന്ന ചാറൽ മഴയ്ക്ക് ഒപ്പം താഴെ വെള്ളച്ചാട്ടത്തിൻ്റെ ശബ്ദവും, വനത്തിൻ്റെ പച്ചപ്പും അവളിൽ ഒരു നിമിഷം സന്തോഷം പകർത്തിയെങ്കിലും, വീടെത്തണമെന്ന ചിന്ത ഉയർന്നതും, അവൾ പാറയിൽ നിന്ന് എഴുന്നേറ്റു.

അടിയിൽകല്ല് വെച്ച് ടയർ മാറ്റാമെന്ന ചിന്തയോടെ അവൾ കുറച്ചു ദൂരം നടന്നതും, ഏതോ ചിന്തയിൽ അവൾ തിരിച്ചു വന്നപ്പോൾ കേട്ടത് അയാളുടെ കൂർക്കം വലിയാണ്.

കുലുക്കി വിളിച്ചിട്ടും ഉണരാതെ ആയപ്പോൾ, അവൾ അയാളുടെ രണ്ട് കൈയും പിടിച്ച് വലിച്ചു.

“താനെന്താ ഈ കാട്ടുന്നത്. ഇങ്ങിനെ വലിക്കാൻ ഞാൻ ശവമൊന്നുമല്ല “

അയാൾ കൈ കുതറി കൊണ്ട് പറഞ്ഞപ്പോൾ അവൾ പല്ലുകടിച്ചു.

” ശവമാകാതിരിക്കാനാ ഞാൻ ഇങ്ങിനെ ചെയ്യുന്നത്. താഴോട്ട് വീണാൽ പൊടിപോലും കിട്ടില്ലാട്ടോ “

അവളുടെ മറുപടിക്ക് അയാളിൽ നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ല.

അവൾ തലയിൽ കൈ വെച്ച് അയാൾക്കരികിൽ ഇരുന്നു.

ആ വിജനതയിൽ അയാളെ ഒറ്റക്ക് ആക്കി പോകാൻ അവളുടെ മനസ്സ് സമ്മതിച്ചില്ല.

തണുത്ത കാറ്റിൽ, പാതിമയക്കത്തിലാണ്ട അവൾ പതിയെ ആ പാറയിൽ തല ചായ്ചു.

അകലെ ഏതോ കാട്ടിൽ നിന്ന് ഒരു കൊമ്പൻ്റെ ചിന്നം വിളിയുയർന്നപ്പോൾ അവൾ ഞെട്ടിയുണർന്ന് ചുറ്റും നോക്കി.

രാത്രിയായെന്ന് ഓർമ്മിക്കും വിധം, കാട്ടിൽ നിന്ന് മിന്നാമിന്നിക്കൂട്ടം, തീപ്പൊരി പോലെ ചിതറി വന്നപ്പോൾ അവളിൽ ഭീതിയേറി!

വളരെ താഴെ മിന്നാമിനുങ്ങുകൾ പോലെ, വൈദ്യുതി വെട്ടങ്ങൾ കണ്ടപ്പോൾ, തങ്ങൾ നിൽക്കുന്നത് ഒരു പാട് ഉയരത്തിലാണെന്ന് അവൾക്ക് മനസ്സിലായി.

പൊടുന്നനെ അയാളുടെ പോക്കറ്റിൽ കിടക്കുന്ന മൊബൈൽ അടിച്ചു….

രണ്ടു മൂന്നു തവണ അടിച്ചിട്ടും അയാൾ ഉണരുന്നില്ലെന്ന് കണ്ട അവൾ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു.

വീണ്ടും അടിച്ചപ്പോൾ ഡിസ്പ്ലേയിൽ’അമ്മ” എന്നു കണ്ട അവൾ മൊബൈൽ ഓണാക്കിയതും, ഒരു സ്ത്രീയുടെ കരച്ചിലോടെയുള്ള ചോദ്യം അവളുടെ കാതിൽ ഇരച്ചെത്തി.

“നീയെവിടെയാണ് വിനു മോനെ. അമ്മയെ തീ തീറ്റിച്ചാലേ നിനക്ക് സമാധാനം കിട്ടുകയുള്ളു അല്ലേ?”

കരച്ചിൽ പോലെയുള്ള ശബ്ദം, ശ്വാസം കിട്ടാതെ മുറിഞ്ഞപ്പോൾ അവൾ ഒരു നിമിഷം ആ ഫോണിലേക്കു നോക്കി നിന്നു.

“നീയെന്താടാ ഒന്നും മിണ്ടാത്തത്? നിനക്ക് വല്ലതും പറ്റിയോ മോനെ “

അപ്പുറത്തെ കരച്ചിലിന് ശബ്ദം കൂടുന്നതറിഞ്ഞ അവൾ ഒരു നിമിഷം ശ്വാസം പിടിച്ചു നിന്നു.

” ഞാൻ വിനു മോനല്ല അമ്മേ. ഞാനൊരു ഓട്ടോ ഡ്രൈവർ ആണ്. എൻ്റെ വണ്ടി വിളിച്ച് വിനു വാടക വന്നതാണ് “

“എന്നിട്ട് അവനെവിടെ മോളെ? എൻ്റെ മോനു എന്താ പറ്റിയത് “

ഒറ്റ ശ്വാസത്തിൽ അപ്പുറത്ത് നിന്ന് ചോദ്യം കേട്ടപ്പോൾ, കൃഷ്ണ ആയമ്മയോട് എല്ലാം തുറന്നു പറഞ്ഞു.

” അവനെ അവിടെ തനിച്ചാക്കി മോൾ ഒരുത്തിലേക്കും പോകല്ലേ. അമ്മ ഇപ്പോൾ വരാം”

മൊബൈൽ കട്ടായതും, അവൾ മലർന്നടിച്ചു കിടക്കുന്ന വിനുവിനെ നോക്കി.

തള്ളയെ തീ തീറ്റിച്ചു കറങ്ങി നടക്കുന്ന പാഴ്ജന്മം.

മനസ്സിൽ മന്ത്രിച്ചുക്കൊണ്ട് അവൾ വെറുപ്പോടെ വിനുവിനെ നോക്കി.

സഹതാപം, ഭയം സ്നേഹം, വെറുപ്പ്…..

അറിയാത്ത ഒരു മനുഷ്യൻ്റെ മേൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നിലുയർന്ന വികാരങ്ങളെ കുറിച്ചവൾ ചിന്തിച്ചു.

ആ നിമിഷം അവൾ അഭിയെ കുറിച്ചോർത്തു, വിനുവുമായി താരതമ്യം ചെയ്തു.

ഓരേ നുകത്തിൽ കെട്ടാൻ പറ്റിയവർ….

മുള്ളുവേലിക്കപ്പുറത്ത് കാറിൻ്റെ ഹെഡ്ലൈറ്റ് തെളിഞ്ഞതും പ്രതീക്ഷയോടെ അങ്ങോട്ടേക്ക് നോക്കി കൃഷ്ണ.

കുറച്ച് നിമിഷങ്ങൾക്കുള്ളിൽ മുള്ള് വേലി കടന്നു വന്ന രണ്ടു പേർ തന്നെ നോക്കി ഒന്നു മുറുമുറുത്തു കൊണ്ട് അഭിയെ തോളിട്ട് നടന്നു തുടങ്ങിയപ്പോൾ, അവളുടെ മനസ്സിൽ സങ്കടം നിറഞ്ഞു.

“മോൾ എന്തിനാ ഇവനെയും കൂട്ടി ഇങ്ങോട്ടേക്ക് വന്നത്. ഇവിടെക്കുള്ള പ്രവേശനം നിരോധിച്ചിട്ടുള്ളതാണെന്ന് മോൾക്ക് അറിയില്ലേ?”

കാറിൽ നിന്നിറങ്ങിയ ലക്ഷ്മിയമ്മയുടെ ചോദ്യം കേട്ടതും അവൾ ഒന്നും മിണ്ടാതെ നിന്നപ്പോൾ, ആ കൈ വന്ന് തന്നെ പൊതിയുന്നതവൾ അറിഞ്ഞു.

തനിക്കു മുകളിൽ ഒരു കുട നിവർന്നപ്പോൾ അവൾ ആയമ്മക്കു ചാരെ ചേർന്നു നിന്നു.

കിട്ടാക്കനിയായിരുന്ന മാതൃവാത്സല്യത്തിൻ്റെ ചൂട് നുകരുകയായിരുന്നു അവൾ ആ നിമിഷം.

ആയമ്മയുടെ ഭസ്മത്തിൻ്റെ സുഗന്ധം തന്നെയും പൊതിയുന്നത് അവൾ ഒരു ഹർഷത്തോടെ തിരിച്ചറിഞ്ഞു.

” അവർ കാറിൽ പൊയ്ക്കോട്ടെ – നമ്മൾക്ക് മോളുടെ വണ്ടിയിൽ പോകാം”

അതും പറഞ്ഞ് ഓട്ടോയ്ക്ക് അടുത്തേക്ക് നീങ്ങിയ ലക്ഷ്മിയമ്മയുടെ കൈ പിടിച്ചു കൃഷ്ണ.

” ടയർ പഞ്ചർ ആണമ്മേ. ഒന്നു മാറ്റിയിടാൻ “

“ടാ ശങ്കരാ-ഈ മോൾടെ വണ്ടിയുടെ ടയർ ഒന്നു മാറ്റിയിട്”

ലക്ഷ്മിയമ്മ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ വിനുവിനെ കാറിൽ കിടത്തി, അവർ ഓട്ടോയ്ക്ക് അടുത്തുവന്നു.

സ്റ്റെപ്പിനിയും, സ്പാനറും എടുത്ത് കൊടുത്ത് കൊണ്ട് അവൾ, അവർക്കരികിൽ നിന്നപ്പോൾ ശങ്കരൻ അവളെ നോക്കി മുൻ ഭാഗത്തെ പല്ല് പോയ മോണകാട്ടി ചിരിച്ചു.

” ഒരഞ്ചു മിനിറ്റ് ഇപ്പം ശരിയാക്കി തരാം”

ആ വാചകം കേട്ടപ്പോൾ ഉള്ളിലുയർന്ന ചിരി അടക്കി, ലക്ഷ്മിയമ്മയുടെ കുടക്കീഴിലേക്ക് ഓടി അവൾ.

ടയർ മാറ്റിയിട്ട ഓട്ടോ, കാറിനു പിന്നാലെ പതിയെ ഓടിച്ചു വരുമ്പോൾ, ഒരു കറുത്ത പൂച്ച കുറുകെ ചാടിയപ്പോൾ, ലക്ഷ്മിയമ്മ, കൃഷ്ണയുടെ തോളിൽ തൊട്ടു.

” പതിയെ പോയാ മതീട്ടാ ൻ്റെ മോൾ “

ആ വാത്സല്യസ്വരം കേട്ടപ്പോൾ, നിറയുന്ന കണ്ണുകളോടെ അവൾ തലയാട്ടി.

“മോളുടെ വീട് എവിടെയാ?”

“ഒരു ഇരുപത്തഞ്ച് കിലോമീറ്റർ അകലെ ആണമ്മേ “

അതു പറഞ്ഞതോടെ പിന്നിൽ പതിഞ്ഞ ഒരു ചിരി കേട്ടു .

“വെറുതെയല്ല അവൻ കൈ കാണിച്ചപ്പോൾ മോൾ ഓട്ടോ നിർത്തിയത്.ഇവിടെ ഒരാളും അവനെ വണ്ടിയിൽ കയറ്റില്ല “

“അതെന്താ അമ്മേ ?” അവൾ സംശയത്തോടെ ലക്ഷ്മിയമ്മയെ തിരിഞ്ഞു നോക്കി.

“വണ്ടിയിൽ കേറിയാൽ പിന്നെ അവൻ ഇറങ്ങില്ല. ബാറായ ബാറൊക്കെ കയറി, ഓട്ടോക്കാരെ വലയിപ്പിക്കും അവൻ “

ഒരു സാധാരണ കാര്യം പറയുന്നതുപോലെ മകൻ്റെ മദ്യപാനത്തെ കുറിച്ച് ഒരമ്മ പറയുന്നത് കേട്ടപ്പോൾ അവൾക്ക് അത്ഭുതമായി.

” എല്ലാ ദിവസങ്ങളിലും ഇല്ലട്ടാ മോളെ ഈ വഴിപാട്. എല്ലാ മലയാള മാസങ്ങളിലെയും കാർത്തിക നാളിൽ മാത്രം

എന്തോ ചോദിക്കണമെന്ന് കൃഷ്ണ ആഗ്രഹിച്ചെങ്കിലും അത് ഉള്ളിലൊതുക്കിയപ്പോൾ ആയമ്മ തുടർന്നു.

” കോളേജിൽ പഠിക്കുമ്പോൾ മോനൊരു പ്രണയം ഉണ്ടായിരുന്നു. വെറും പ്രണയമല്ല. ജീവനായിരുന്നു അവളെ. അവൻ്റെ മുറിയിൽ നിറയെ അവളുടെ ചിത്രങ്ങളാണ്. എന്നെയല്ലാതെ ആ മുറിയിലേക്ക് ആരെയും കയറ്റില്ല. അവൻ്റെ കൂടപ്പിറപ്പുകളെ പോലും “

അവർ ഒരു ദീർഘനിശ്വാസ മുതിർത്തു കൊണ്ട് പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു.

” അവളെ അമ്പലത്തിൽ നിന്ന് കൊണ്ടുവന്ന് എനിക്കു കാണിച്ചു തരാമെന്ന് പറഞ്ഞ് ഒരു കാർത്തിക നാളിൽ പോയതാണ് ൻ്റെ മോൻ. ആ കുട്ടിയുടെ നാൾ കാർത്തികയായിരുന്നു. പക്ഷേ നിരാശനായാണ് അവൻ മടങ്ങി വന്നത് “

ഇനി പറയാൻ പോകുന്നത് ദു:ഖസാന്ദ്രമായ കഥകൾ ആണെന്നറിഞ്ഞ കൃഷ്ണ ചോദ്യമുയർത്താതെ മൗനം പാലിച്ചു.

“ആദ്യം പറഞ്ഞ് അവൾ അവനെ തോൽപ്പിച്ചൂന്ന്. പിന്നെ പറഞ്ഞു മരിച്ചെന്ന്. അതിൽ പിന്നെ അവൻ ഇങ്ങിനെയാണ് “

“ഒന്നു അന്വേഷിക്കാമായിരുന്നില്ലേ? “

പതിയെ അവൾ ചോദിച്ചതും വീണ്ടും ദീർഘനിശ്വാസമുതിർത്തു അവർ.

“എവിടെ അന്വേഷിക്കാൻ? ശരിക്കുള്ള സ്ഥലം അവന് അറിയില്ല. ആ കുട്ടി ഹോസ്റ്റലിൽ നിന്നു പഠിച്ചിരുന്നതാണ്. അവർ ഇടയ്ക്കിടയ്ക്ക് ഇവിടെ വരാറുണ്ട് -ആ ഓർമ്മയിലാണ് കുടിച്ചു കഴിഞ്ഞാൽ അവൻ ഇവിടെയ്ക്കു വരുന്നത്!”

ലക്ഷ്മിയമ്മ പറഞ്ഞു നിർത്തി കണ്ണുകൾ അടച്ച് സീറ്റിൽ ചാരിയിരുന്നു.

നിശബ്ദമായ ആ അന്തരീക്ഷത്തിൽ ഓട്ടോയുടെ മുരൾച്ച മാത്രം അവർക്കിടയിൽ തങ്ങിനിന്നു.

ഒരു വലിയ ഗേറ്റിലൂടെ കാർ അകത്തേക്ക് കടന്നതും, ഓട്ടോയും അതിൻ്റെ പിന്നാലെ കടന്നു.

ആ വലിയ വീട് കണ്ട് അവൾ അമ്പരപ്പോടെ നോക്കി നിന്നു.

“മോൾ ഇറങ്ങ് “

ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ കൃഷ്ണ സ്നേഹപൂർവ്വം നിരസിച്ചു.

” ഇല്ല അമ്മേ.ഇപ്പോൾ തന്നെ നേരം ഒരുപാട് വൈകി “

അവൾ അതും പറഞ്ഞ് വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ ലക്ഷ്മിയമ്മ തടഞ്ഞു.

” കാറ്റും, മഴയും ഉള്ള ഈ സമയത്ത്, മലയിടുക്കിലൂടെ മോൾ ഒറ്റയ്ക്ക് വണ്ടി ഓടിച്ചു ഈ രാത്രിയിൽ പോകണ്ട. ഒന്നാമതെ-കെട്ട കാലമാണ് “

ലക്ഷ്മിയമ്മ അങ്ങിനെ പറഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ അവൾ നിന്നു.

പോകുന്ന വഴിക്ക് പെട്രോൾ പമ്പ് കിട്ടിയില്ലെങ്കിൽ, വണ്ടി വഴിയിൽ കിടക്കാൻ സാധ്യതയുണ്ട്.

റിസർവ് ആയി കിടക്കുന്ന പെട്രോൾ ടാങ്കിനെ ഓർത്തേപ്പോൾ, അവൾ കിക്കറിൽനിന്ന് കൈ എടുത്ത് ആയമ്മയെ നോക്കി.

“മോൾ ഇവിടുന്നു പോയാൽ, വീട്ടിലെത്തി എന്ന് വിളിച്ചു പറയുന്നതു വരെ ഈ അമ്മ തീ, തിന്നേണ്ടി വരും. നാല് മക്കളെ പെറ്റ വയറിൻ്റെ ദെണ്ണം കൊണ്ട് പറയുവാ അമ്മ”

ആയമ്മയെ നോക്കി നിന്നപ്പോൾ അവളുടെ കണ്ണുനിറഞ്ഞു.

ഒരു മകളോട് ഉള്ള ഉത്കണ്ഠ ആ ശബ്ദത്തിൽ നിറഞ്ഞിരുന്നു.

“മോൾ വണ്ടി ആ പോർച്ചിലേക്ക് കയറ്റിയിട്ട് ഇറങ്ങി വാ. മോൾടെ വീട്ടിലേക്ക് ഞാൻ വിളിച്ചു പറഞ്ഞോളാം”

ലക്ഷ്മിയമ്മയെ, നിഷേധിക്കാനാവാതെ അവൾ ഓട്ടോസ്റ്റാർട്ട് ചെയ്തു വിശാലമായ പോർച്ചിൽ കിടക്കുന്ന കാറുകൾക്കരികിൽ കുത്തി കയറ്റാൻ നോക്കിയപ്പോൾ, ലക്ഷ്മിയമ്മ ഓടി വന്നു.

“ആ ബുള്ളറ്റിൽ തട്ടരുത് ട്ടോ മോളെ,അവന് ഭ്രാന്തിളകും. അവനും ആ പെൺക്കുട്ടിയും ചുറ്റിയടിച്ചിരുന്ന ബുള്ളറ്റ് ആണ്”

ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ കണ്ണിലൊരു നനവുമായി ഓട്ടോ പാർക്ക് ചെയ്ത് വന്ന് ആ ബുള്ളറ്റിൻ്റെ പിൻസീറ്റിൽ പതിയെ അവൾ തഴുകി.

ജീവനേക്കാളേറെ പ്രണയിക്കുന്നവനെ തനിച്ചാക്കി മരണത്തിലേക്ക് എങ്ങിനെ പോകാൻ കഴിഞ്ഞു പെണ്ണേ ?”

മനസ്സിൽ പതിയെ മന്ത്രിച്ചു കൊണ്ട് അവൾ ലക്ഷ്മിയമ്മയുടെ കൈയും പിടിച്ച് അകത്തേക്ക് കയറിയ ആ വീടിൻ്റെ അകത്തളം കണ്ട് അമ്പരന്നു.

വില കൂടിയ ഗ്രാനൈറ്റിൽ തിളങ്ങുന്ന തറയിൽ കാൽ വഴുതിപോകുന്നതു പോലെ അവൾക്ക് തോന്നി.

” അതാണ് ബാത്ത് – റൂം. മോൾ പോയി ഒന്നു ഫ്രഷാകൂ”

അടുത്ത് കണ്ട ബാത്ത് റൂമിലേക്ക് കൈ ചൂണ്ടി ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ, അവരുടെ കൈയിലിരിക്കുന്ന ത്രീ- ഫോർത്തും, ടീ ഷർട്ടും കണ്ട് അവൾ ചിരിയോടെ അവരെ നോക്കി.

“ഇവിടെ പെണ്ണുങ്ങൾ ആരുമില്ല മോളെ ! നാല് ആൺമക്കളാണ് എനിക്ക്. മൂന്നു പേരും, അവരുടെ ഫാമിലിയും വിദേശത്താ! ഇവിടെ ഞാനും, തല തെറിച്ച എൻ്റെ താഴെയുള്ള ഈ-മോനും മാത്രമേയുള്ളൂ”

ചിരിയോടെ അവർ അത് പറയുമ്പോൾ, ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഫാമിലി ഫോട്ടോയിലേക്ക് അവളുടെ കണ്ണ് നീണ്ടു.

” അവരുടെ അച്ഛൻ പോയിട്ട് ഇപ്പോൾ ആറ് വർഷമായി. ഹെഡ്മാസ്റ്ററായിരുന്നു. ഞാൻ ആ സ്കൂളിലെ ടീച്ചറും. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത് “

ആ ഫോട്ടോയിലേക്ക് നോക്കി ലക്ഷ്മിയമ്മ പറയുമ്പോൾ, ഇപ്പോഴും അവസാനിക്കാത്ത പ്രണയത്തെ കുറിച്ച് പറയാതെ പറയുന്നുണ്ടായിരുന്നു അവരുടെ ചുവന്ന കവിൾത്തടം.

“വിനു എവിടെ?”

അവൾ ചോദ്യമുയർത്തിയ പ്പോൾ, ലക്ഷ്മിയമ്മ ഒന്നു പുഞ്ചിരിച്ചു.

” അവൻ്റെ കെട്ട് ഇറക്കാൻ പിന്നിലെ തോട്ടിൽ മുക്കാൻ കൊണ്ടുപോയിരിക്കാണ് അവർ “

അവൾ ചിരിയോടെ,തലകുലുക്കി ബാത്ത് റൂമിലേക്ക് നടന്നു.

കുളിയും കഴിഞ്ഞ്, ലക്ഷ്മിയമ്മ കൊടുത്ത ത്രീ ഫോർത്തും, ടീ ഷർട്ടും ധരിച്ച്, വാൾമിററിലേക്ക് നോക്കിയ അവൾ ഒന്നു പുഞ്ചിരിച്ചു.

“നീ ആള് ഇത്ര സുന്ദരിയായിരുന്നോ?”

ശരീരത്തിൽ നിന്ന് ദാരിദ്ര്യത്തിൻ്റെ ചുളിവുകൾ മാഞ്ഞു പോകുന്നതു പോലെ തോന്നിയപ്പോൾ അവൾ കുറച്ചു നേരം അങ്ങിനെ തന്നെ നിന്നു.

“എനിക്ക് ആ മോളെ ഇഷ്ടപ്പെട്ടു. ഇനി നീ ഒന്നും പറയണ്ട “

ബാത്ത് റൂമിൻ്റെ വാതിൽ തുറന്നതും, ഡൈനിങ്ങ് റൂമിൽ നിന്നുയർന്ന ശബ്ദം കേട്ട് അവൾ ഒരു നിമിഷം നിന്നു.

“എൻ്റെ കണ്ണീരോടെയുള്ള പ്രാർത്ഥനകൾക്ക് ദൈവം കൊണ്ടു വന്നതാ അവളെ

“അമ്മ എന്തു അറിഞ്ഞിട്ടാണ് ഈ പറയുന്നത്?”നാടും പേരും അറിയാത്ത, ചുറ്റുപാടുകൾ അറിയാത്ത ഒരു പെൺകുട്ടിയെ?”

അമ്മയെ നിരുത്സാഹപ്പെടുത്താൻ നോക്കുന്ന വിനുവിൻ്റെ വാദം.

” അവളുടെ ജാതിയോ, മതമോ, ഗോത്രമോ ഒന്നും എനിക്ക് അറിയണ്ട. പകരം ഒരു രാത്രി നിൻ്റെ ജീവനു വേണ്ടി അവൾ ആ കാട്ടിൽ കാത്തിരുന്നില്ലേ അത് മതി. ആ ഒരു മനസ്സ് മതി നല്ലൊരു ഭാര്യയാവാൻ “

വിനു തലയും കുടഞ്ഞ് അമ്മയ്ക്കു മുന്നിൽ നിന്നു.

“ഓരോ ആലോചനകൾ കൊണ്ടുവന്നപ്പോഴും നീ എതിർത്തു. ഇനി പറ്റില്ല വിനു. നാളെ നമ്മൾ അവളുടെ വീട്ടിൽ പോകാണ്”

“അമ്മേ’

കരച്ചിൽ പോലെ ഉയർന്ന വിനുവിൻ്റെ ശബ്ദം കേട്ടപ്പോൾ, ഭാഗ്യവതിയായ അവൻ്റെ കാമുകിയെ കുറിച്ചോർത്തു അവൾ.

“നീ ഇനി ഒന്നും പറയണ്ട വിനു. ഈ കാര്യം ഞാൻ തീരുമാനിച്ചു. എതിർക്കാനാണ് ഭാവമെങ്കിൽ പിന്നെ ഞാൻ ഈ ഭൂമിയിലുണ്ടാവുകയില്ല”

ആ വാക്കുകൾ കർണ്ണപുടത്തിൽ അടിച്ചപ്പോൾ അവളുടെ മിഴികളിൽ നീർ നിറഞ്ഞു.

കോരിച്ചൊരിയുന്ന മഴയിലൂടെ ബുള്ളറ്റിൽ വരുന്ന അഭിയുടെ രൂപം മനസ്സിൽ തെളിഞ്ഞതും, അവൾ ആദ്യമായി അവനെ ഒന്നു കാണണമെന്ന് ആഗ്രഹിച്ചു.

പാറക്കെട്ടുകൾക്കിടയിൽ നിന്ന് ഒരു പുൽനാമ്പ് മുള പൊട്ടി വരുന്നതു പോലെ, ഇത്രയും നാൾ മനസ്സിലൊളിപ്പിച്ച അവനോടുള്ള പ്രണയം മനസ്സിൽ മുളപൊട്ടുന്നത് അവളറിഞ്ഞു തുടങ്ങി.

ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…