ഈ ചേട്ടന്റെ ഒരു കാര്യം…കൂട്ടുകാർ ലഡ്ഡു എന്ന് കേട്ടപ്പോഴേ അവിടെ ചേട്ടനെ പൊതിയുന്ന ശബ്ദം കേൾക്കാം…

രചന: രേഷ്ജ അഖിലേഷ്

“ചേട്ടോയ് ഇന്ന് വരുമ്പോ ലഡ്ഡു വാങ്ങി വരണേ “

“ലഡ്ഡു…എന്തിനാ…എന്താ വിശേഷം…”

“അതൊക്ക പറയാം.”

ഈ ചേട്ടന്റെ ഒരു കാര്യം…കൂട്ടുകാർ ലഡ്ഡു എന്ന് കേട്ടപ്പോഴേ അവിടെ ചേട്ടനെ പൊതിയുന്ന ശബ്ദം കേൾക്കാം…

അഞ്ചര ആയല്ലോ ഈ ചേട്ടൻ ഇതെവിടെപ്പോയി കിടക്കാ…ആ…കടയിൽ എല്ലാം കയറി ഇറങ്ങി വരണ്ടേ…അത് വരെ ഫോണിൽ കളിച്ചിരിക്കാം. വന്നാൽ പിന്നെ ഫോണിൽ ചുണ്ണാമ്പ് തേച്ചിരിക്കണത് കണ്ടാൽ മോന്ത കുട്ടിക്കലം കേറ്റി വെച്ച പോലെയാ…

ഫോണിന്റെ ലോക്ക് തുറന്ന് ഡാറ്റ ഓൺ ചെയ്തപ്പോൾ അഭിനന്ദനങ്ങളുടെ വരവാണ്…ശ്ശോ ഇത്രേം കോൺടാക്ട്സ്‌ എന്റെ ഫോണിൽ ഉണ്ടായിരുന്നോ…

എന്തായാലും എല്ലാവർക്കും താങ്ക്സ് പറഞ്ഞേക്കാം കൂടെ ഉമ്മ വെയ്ക്കുന്ന സ്മൈലിയും ഇട്ടേക്കാം നമ്മളായിട്ടെന്തിനാ കുറയ്ക്കണേ…

“ഇപ്പൊ തന്നെ വേണായിരുന്നോ ” ചേച്ചിയുടെ മെസ്സേജ് ആണ്…ഇവൾക്കെന്താ…അസൂയ അല്ലാണ്ട് എന്താ…അവൾക് ആ മുളക് കടിച്ചു എരിവ് കേറി ചൊക ചൊകാന്നിരിക്കണ ഇമോജി ഇട്ടു കൊടുക്കാം…അല്ല പിന്നെ…

മുറ്റത്ത് ബൈക്ക് വന്നു നിന്നതിന്റെ ശബ്ദം കേട്ടു.അപ്പോഴേക്കും ഉറങ്ങിക്കിടന്ന കുറുമ്പൻ എഴുന്നേറ്റു കരയാൻ തുടങ്ങി. “വാവേ അച്ഛ വന്നെടാ ” എന്നും പറഞ്ഞു അവനേം എടുത്ത് ‘പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ‘ആവാൻ പോയി.

കൈയ്യിലെ പൊതിയെല്ലാം വാങ്ങി കുട്ടിയെ ഏൽപ്പിച്ചു അകത്തേയ്ക്ക് നടന്നു.
“ലഡ്ഡു…”

“ലഡ്ഡു മാത്രല്ല ജിലേബി മൈസൂർ പാക്ക് എല്ലാംണ്ട്…”

“എന്തിനാപ്പൊ എല്ലാം കൂടി വാങ്ങ്യെ “

“അതെന്റെ ഒരു സന്തോഷം…എല്ലാവരെയും അറിയിച്ചിട്ടുണ്ട് ഇപ്പൊ വരും.”

“ആഹാ…അതൊന്നും വേണ്ടായിരുന്നു…ശ്ശേ എനിക്ക് വഷളായിട്ട് വയ്യാ…”

“ഓ പിന്നെ ഇത്‌ ആദ്യത്തെ ഒന്നും അല്ലല്ലോ ഇത്രേം നാണിക്കാൻ…”

“ആദ്യത്തെ അല്ലന്നോ…ചേട്ടനെന്താ പറയണേ…”

“നീയെന്താ എന്നെ പൊട്ടൻ കളിപ്പിയ്ക്ക…എനിക്കറിയില്ലാന്ന് വെച്ചോ …ലഡ്ഡു വാങ്ങാൻ പറഞ്ഞപ്പോഴേ ഞാൻ ഊഹിച്ചു.ഇതെന്തായാലും പെൺകുട്ടി ആയിരിക്കും.”

“അല്ല മനുഷ്യ നിങ്ങൾ ഇത്‌ എന്തൊക്കെയാ പറയണേ.കള്ള് കുടിക്കില്ലാന്ന് അറിയാം…ഇനി വല്ല കഞ്ചാവും?”

“നീ അപ്പോ ഗർഭിണി അല്ലേ “

“ദേ മനുഷ്യ…എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്…ആദ്യത്തെ കുട്ടിയ്ക്ക് രണ്ടു വയസ്സ് തികഞ്ഞിട്ടില്ല അപ്പോഴാ രണ്ടാമത്തേത്…”

“അപ്പൊ ലഡ്ഡു…”

“ഓ അതോ…ഞാൻ രണ്ടീസം മുന്നേ ഒരു കഥ എഴുതി ഇട്ടായിരുന്നില്ലേ ഫേസ്ബുക്കില്…അതിന് നൂറു ലൈക് കിട്ടി…അതിന്റെ സന്തോഷാ…ഞാൻ അപ്പൊ തന്നെ അത് സ്ക്രീൻ ഷോട്ട് എടുത്ത് സ്റ്റാറ്റസും ഇട്ടു.”

“അവള്ടെ ഒരു കഥ…ലഡ്ഡു വാങ്ങിക്കാൻ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു…ഞാൻ ആണേൽ എല്ലാർക്കും വിളിച്ചു പറയേം ചെയ്തു.”

“ആഹാ അതാണ് കാര്യം…ചേച്ചി ഇപ്പോ തന്നെ വേണോന്ന് ചോദിച്ചത് അതാണ്‌…ചെലവ് വേണമെന്ന് പറഞ്ഞു നിങ്ങടെ അനിയത്തി പീപ്പി ഊതിക്കൊണ്ടിരിക്കണ സ്മൈലി ഇട്ടത് അതാണ്… “

“ഇനിയിപ്പോ എന്ത് ചെയ്യും?”

“എന്ത് ചെയ്യാൻ… പറ്റിച്ചേ എന്നും പറഞ്ഞു എലി പുന്നെല്ല് കണ്ട പോലെ ചിരിക്കണ ഒരു സ്മൈലി സ്റ്റാറ്റസ് അങ്ങ് ഇടാം “

പാവം ചേട്ടൻ …അത് കേട്ട് ‘പിനോക്ക്യോ ‘ സ്റ്റൈൽ ഇമോജി പോലെ ഒറ്റ നിൽപ്പായി.