ഇടറിയ സ്വരത്തിൽ അവൾ പറയുന്നത് കേട്ടപ്പോൾ അവർക്കും വല്ലാത്ത വിഷമം തോന്നി.

ബർത്ഡേ….

രചന: നിള

::::::::::::::::::::::::::

രാവിലെ തന്നെ അടുക്കളയിൽ തിരക്കിട്ട പണിയിലാണ് മാളു. കൂടെ അമ്മയുണ്ട്. അമ്മ എന്നു പറഞ്ഞാൽ അമ്മായിയമ്മ.

പക്ഷേ മാളുവിനെ സംബന്ധിച്ച് അവർ അമ്മ തന്നെയാണ്. വന്ന നാൾ മുതൽ ഇന്നു വരെയും യാതൊരു മുഖം കറുപ്പിക്കലും ഇല്ലാതെ സ്വന്തം മകളായി തന്നെ ആ അമ്മ ചേർത്തു പിടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർക്കിടയിൽ നല്ലൊരു ആത്മബന്ധം രൂപപ്പെട്ടിരുന്നു.

പെട്ടെന്നാണ് മാളുവിന്റെ ഫോൺ ബെല്ലടിച്ചത്. അവൾ ചെയ്തു കൊണ്ടിരുന്ന പണി പകുതിക്ക് നിർത്തിക്കൊണ്ട് ഫോൺ എടുക്കാൻ പോയി. അത് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അമ്മ തന്റെ പണി തുടർന്നു.

” ആഹ്.. താങ്ക്സ് ഡീ. എന്നാലും നീ മറന്നില്ലല്ലോ..!”

അതിയായ സന്തോഷത്തോടെ ഫോണിൽ സംസാരിച്ചു കൊണ്ട് മാളു തിരികെ അടുക്കളയിലേക്ക് വന്നു.

“ഏയ്…സദ്യ ഒന്നുമല്ല ഡീ. രാവിലെ തന്നെ ഞാൻ കുറച്ച് തിരക്കിലാണ്. നിന്നെ പിന്നീട് ഞാൻ അങ്ങോട്ട് വിളിക്കാം.”

മാളു പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു. സന്തോഷത്താൽ വിടർന്ന അവളുടെ മുഖത്തേക്ക് അമ്മ അത്ഭുതത്തോടെ നോക്കി. അവളുടെ സന്തോഷം കണ്ട് അവർക്കും സന്തോഷം തോന്നാതിരുന്നില്ല.

“എന്താ മോളെ..? ഇന്ന് എന്തെങ്കിലും വിശേഷം ഉണ്ടോ..? ആരാ വിളിച്ചേ..?”

ഒന്നിലധികം ചോദ്യങ്ങൾ അവരിൽ ഉണ്ടായിരുന്നു. അവരുടെ ചോദ്യങ്ങൾ കേട്ട് മാളു പുഞ്ചിരിച്ചു.

” എന്റെ ഒരു കൂട്ടുകാരിയാണ് വിളിച്ചത്. ഇന്ന് എന്റെ പിറന്നാൾ ആണമ്മേ.. അതുകൊണ്ട് എന്നെ വിഷ് ചെയ്യാൻ വേണ്ടി വിളിച്ചതാണ്.”

അവൾ പറഞ്ഞ വാർത്ത അവർക്ക് പുതിയൊരു അറിവായിരുന്നു.

” ആഹാ.. ഇന്നാണോ മോളുടെ പിറന്നാൾ..?എന്നിട്ട് ഇപ്പോഴാണോ ഈ വിവരം പറയുന്നത്..? നേരത്തെ പറഞ്ഞിരുന്നു എങ്കിൽ ഇന്ന് നമുക്കൊരു പായസം എങ്കിലും വയ്ക്കാമായിരുന്നല്ലോ മോളെ..”

അവരുടെ വാക്കുകളിൽ വല്ലാത്തൊരു നിരാശയുണ്ടായിരുന്നു.പക്ഷേ അത് മാളുവിന് സന്തോഷമാണ് നൽകിയത്.

ഒന്നും ചെയ്തു തന്നില്ലെങ്കിലും ഇങ്ങനെ ചെയ്യാമായിരുന്നു എന്നെങ്കിലും അവർ പറയുന്നുണ്ടല്ലോ..!

” അതൊന്നും സാരമില്ല അമ്മേ.. “

പുഞ്ചിരിയോടെ തന്നെ അവൾ പറഞ്ഞു.

” ഹാപ്പി ബർത്ത് ഡേ മോളെ.. നേരത്തെ പറയാൻ മറന്നു പോയി. “

പെട്ടെന്ന് ഓർത്തത് പോലെ അമ്മ പറഞ്ഞപ്പോൾ അവൾക്ക് ചിരി വന്നു.

“താങ്ക്യൂ അമ്മേ..”

“അവൻ ഒന്നും പറഞ്ഞു കേട്ടില്ലല്ലോ മോളെ.. അവന് അറിയില്ലേ ഇന്നാണ് മോളുടെ പിറന്നാൾ എന്ന് ..?”

ആശങ്കയോടെ അവർ അന്വേഷിച്ചു.

” അറിയാമായിരിക്കും അമ്മേ.. എന്നോട് ഇന്നലെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. ചിലപ്പോൾ എന്തെങ്കിലും സർപ്രൈസ് തരാൻ ആയിരിക്കും. “

വല്ലാത്തൊരു ആവേശത്തോടെ അവൾ പറഞ്ഞു. അതു നോക്കി അമ്മ ചിരിച്ചു.

” മാളു.. ഒന്നിങ്ങോട്ട് വന്നേ.. “

ആ സമയത്ത് തന്നെയാണ് ബെഡ്റൂമിൽ നിന്ന് അവൻ വിളിക്കുന്നത്. അത് കേട്ട് അമ്മയും മകളും പരസ്പരം നോക്കി ചിരിച്ചു.

” ചെല്ല് ചെല്ല്. അവൻ സമ്മാനം എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടാവും.. “

അമ്മ അവളെ പ്രോത്സാഹിപ്പിച്ചു.അവളുടെയും ചിന്ത അങ്ങനെ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ തിടുക്കത്തിൽ അവൾ മുറിയിലേക്ക് നടന്നു.

മുറിയിൽ നിൽക്കുന്ന അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവനും തിരികെ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു.

” എന്തിനാ ചേട്ടാ വിളിച്ചേ..? എനിക്ക് എന്തെങ്കിലും സമ്മാനം തരാനാണോ..? “

സന്തോഷത്തോടെ ചോദിച്ചു.

” സമ്മാനം തരാനോ..? ഞാനെന്തിനാ നേരം വെളുക്കുന്നതിനു മുന്നേ നിനക്ക് സമ്മാനം തരുന്നത്..? ഇന്ന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ..? “

അത് കേട്ടപ്പോൾ അവളുടെ മുഖം വാടി. അവനിൽ നിന്ന് അത്തരത്തിൽ ഒരു പ്രതികരണം ആയിരുന്നില്ല അവൾ പ്രതീക്ഷിച്ചത്.

“ഒന്നൂല്ല.. എന്നെ എന്തിനാ വിളിച്ചേ..? അത് പറയു…എനിക്ക് അടുക്കളയിൽ വേറെ പണിയുണ്ട്.”

പരിഭവത്തോടെ അവൾ പറഞ്ഞു.

” ഞാൻ ഇന്ന് പുറത്തു പോകുന്നുണ്ട്. അവന്മാരൊക്കെ വരുന്നുണ്ട്. അതൊന്നു പറയാൻ വേണ്ടിയാണ്. നീ പെട്ടെന്ന് എനിക്ക് ചായയും കഴിക്കാൻ ഉള്ളതൊക്കെ എടുത്തു വയ്ക്കു. ഞാൻ വേഗം പോയി റെഡിയായി വരട്ടെ.. “

തിരക്കിട്ട് പറഞ്ഞു കൊണ്ട് അവൻ ബാത്റൂമിലേക്ക് കയറി. അവൾക്ക് ആകെ സങ്കടം വന്നു.

ആ സങ്കടത്തോടെ തന്നെയാണ് അവൾ അടുക്കളയിലേക്ക് തിരികെ എത്തിയത്. അവളുടെ വാടിയ മുഖം കണ്ട് അമ്മയ്ക്കും വിഷമം തോന്നി.

“എന്താ മോളെ..എന്തുപറ്റി..? മുഖമൊക്കെ ആകെ വാടിയല്ലോ..!”

അവളെ നോക്കി വാത്സല്യത്തോടെ അവർ പറഞ്ഞു.അവൾ ഒന്നും മിണ്ടാതെ അവരെ ഒന്നു നോക്കുക മാത്രം ചെയ്തു.

” അവൻ നിനക്ക് സമ്മാനം ഒന്നും തന്നില്ലേ..? “

അവർ അന്വേഷിച്ചു.

” ഇല്ലമ്മേ.. ഏട്ടൻ മറന്നു പോയെന്ന് തോന്നുന്നു.”

ഇടറിയ സ്വരത്തിൽ അവൾ പറയുന്നത് കേട്ടപ്പോൾ അവർക്കും വല്ലാത്ത വിഷമം തോന്നി.

“അതവൻ വെറുതെ പറയുന്നതായിരിക്കും. എന്തായാലും ഇക്കാര്യം അവൻ മറന്നു പോകുമെന്ന് എനിക്ക് തോന്നുന്നില്ല. “

അവർ അവളെ ആശ്വസിപ്പിച്ചു.

” നിന്നോട് ഞാൻ ആഹാരം എടുത്ത് വയ്ക്കാൻ പറഞ്ഞിട്ട് നീ ഇവിടെ വന്നു നിന്ന് കഥ പറയുകയാണോ..? “

പുറകിൽ അവന്റെ ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി. കലങ്ങി ചുവന്ന അവളുടെ കണ്ണുകൾ കണ്ടപ്പോൾ അവൻ കാര്യം അറിയാതെ അമ്മയെ നോക്കി.

“എന്താ അമ്മേ അവളുടെ മുഖം എന്താ വല്ലാതിരിക്കുന്നത്..?”

അവൻ അമ്മയോട് ചോദിക്കുന്നത് കേട്ടപ്പോൾ തന്നെ അവർക്ക് ഉറപ്പായി, ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ച് അവന് അറിയില്ലെന്ന്.

“ആ കൊച്ചിനെ ഇട്ട് കളിപ്പിച്ചത് മതിയെടാ.. അതിന്റെ പിറന്നാളായിട്ട് അവനെ ഇങ്ങനെ വട്ട് തട്ടാൻ നിനക്ക് പാവം തോന്നുന്നില്ലേ..? നീ വാങ്ങി വെച്ച ആ ഗിഫ്റ്റ് എടുത്ത് അവൾക്ക് കൊടുത്തേ..”

അമ്മ പറഞ്ഞത് കേട്ടപ്പോൾ അവൻ ആകെ പെട്ടെന്ന് പോലെയായി.അവൻ ആ നിമിഷമാണ് ഇതിനെക്കുറിച്ച് ആലോചിക്കുന്നത് തന്നെ.

” അല്ലെങ്കിൽ വേണ്ട..നിങ്ങൾ ഇവിടെ നിന്ന് സംസാരിക്ക്.ഞാൻ പോയിട്ട് നീ വാങ്ങിക്കൊണ്ടു വച്ച ഗിഫ്റ്റ് എടുത്തിട്ട് വരാം..”

അമ്മ അത് പറയുമ്പോൾ അവളിലും അവനിലും ഒരുപോലെ അമ്പരപ്പായിരുന്നു.

തന്നെ ഇത്രത്തോളം പറ്റിച്ചല്ലോ എന്ന് ഓർത്തായിരുന്നു അവൾക്ക് അമ്പരപ്പ് എങ്കിൽ, താൻ അങ്ങനെയൊരു സമ്മാനവും അമ്മയുടെ കയ്യിൽ കൊടുത്തിട്ടില്ലല്ലോ എന്നോർത്തായിരുന്നു അവന്റെ അമ്പരപ്പ്.

” എന്നെ പറ്റിച്ചതാണ് അല്ലേ..? “

അവൾ കുസൃതിയോടെ ചോദിച്ചപ്പോൾ അവൻ ചിരിച്ചു. പക്ഷേ മനസ്സറിഞ്ഞ് ഒരു ചിരി ആയിരുന്നില്ല അത്.

” സോറി.. “

പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു.

” അത് സാരമില്ല. “

പുഞ്ചിരിയോടെ തന്നെ അവൾ പറയുമ്പോൾ അവൻ അവളെ ദയനീയമായി നോക്കി.

“ഹാപ്പി ബർത്ത് ഡേ..”

അവൻ അവളെ ആശംസിച്ചു. അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.

” ദാ..ഇത് മോളുടെ കയ്യിലേക്ക് കൊടുക്ക്..”

അപ്പോഴേക്കും ഒരു കവറും കൊണ്ട് അമ്മ അവിടേക്ക് വന്നിരുന്നു. അതു കണ്ട് അവൻ ഒന്ന് അമ്പരന്നു പോയി. പിന്നെ അമ്മയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ആ കവർ വാങ്ങി അവളെ ഏൽപ്പിച്ചു.

സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു ആ സമയം അവൾ.

” താങ്ക്യൂ സോ മച്ച് .. “

അവനെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ സന്തോഷം അറിയിച്ചു.അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് അമ്മയ്ക്കും ചിരി വന്നു.

” അതെന്താണെന്ന് തുറന്നു നോക്കുന്നില്ലേ മോളെ.. “

അവർ ചോദിച്ചു. അപ്പോൾ തന്നെ അവൾ ആ കവർ തുറന്നു നോക്കി. നല്ലൊരു സാരി ആയിരുന്നു അതിനകത്തുണ്ടായിരുന്നത്.അത് കണ്ട് അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.

“ഞാൻ പോയി ഇതൊന്ന് ഉടുത്തിട്ട് വരാം.. ഭംഗിയുണ്ടോ ഇല്ലയോ എന്നൊക്കെ അപ്പോൾ അറിയാം.”

രണ്ടു പേർക്കും ഒരു ചിരി സമ്മാനിച്ചുകൊണ്ട് അവൾ അകത്തെ മുറിയിലേക്ക് നടന്നു.

” അമ്മയ്ക്ക് ഈ സാരി എവിടുന്നാ കിട്ടിയത്..? “

അവൾ പോയെന്ന് കണ്ടതും അവൻ അമ്മയോട് അന്വേഷിച്ചു.

” ഇത് കഴിഞ്ഞ ഓണത്തിന് നിന്റെ പെങ്ങൾ എനിക്ക് വാങ്ങിത്തന്നതാണ് . ആ സമയത്ത് അവൾ അവളുടെ വീട്ടിൽ പോയിരുന്നത് കാരണം ഈ സാരി അവൾ കണ്ടിട്ടുമില്ല. ഞാൻ അതാണ് എടുത്തു ഇപ്പോൾ അവൾക്ക് കൊടുത്തത്. അല്ലെങ്കിൽ ഇന്ന് നല്ലൊരു ദിവസമായിട്ട് അത് കരഞ്ഞ് ഇവിടെ നടക്കുന്നത് ഞാൻ കാണേണ്ടി വന്നേനെ. നിനക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ എങ്കിലും ഒന്ന് ഓർത്തു വച്ചൂടെ..?”

അമ്മ ശാസനയോടെ പറഞ്ഞപ്പോൾ അവന്റെ തല കുനിഞ്ഞു പോയി. അവൻ തിരികെ മുറിയിലേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ് മുന്നിൽ നിൽക്കുന്ന അവളെ കാണുന്നത്.

സംസാരിച്ചതൊക്കെയും അവൾ കേട്ടു എന്ന് ഉറപ്പായതോടെ അവന് വല്ലാത്ത ജാള്യത തോന്നി. അവൾ ഇനി എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. ചെറിയൊരു ഭയത്തോടെയാണ് അവൻ അവളെ നോക്കിയത്.

പക്ഷേ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു. പിന്നെ അമ്മയ്ക്ക് ഒരു മുത്തം നൽകി.

അതിലുണ്ടായിരുന്നു അവൾക്ക് പറയാനുള്ളതൊക്കെയും…!!