പുഞ്ചിരിയോടെ തന്നെ അവർ അന്വേഷിച്ചു. ഇല്ല എന്ന് തലകുലുക്കാൻ മാത്രമേ അയാൾക്ക് കഴിഞ്ഞുള്ളൂ….

_upscale

നിങ്ങൾക്ക് എന്തിന്റെ കേടാ..?

രചന : നിള

:::::::::::::::::::::::::::

രാവിലെ മുതൽ വനജ എന്തൊക്കെയോ ആലോചനയിലാണ്. അത് അവരുടെ ഭർത്താവ് മനസ്സിലാക്കിയിരുന്നു. അവരുടെ ആലോചനകൾ അതിരു കടക്കുന്നു എന്ന് കണ്ടതോടെ ഭർത്താവ് അവരെ സമീപിച്ചു.

” നീയെന്താ രാവിലെ മുതൽ ഈ ആലോചിച്ചു കൂട്ടുന്നത്..? രാവിലെ മുതൽ നിന്നെ ഞാൻ ശ്രദ്ധിക്കുകയാണ്. നിന്റെ മനസ്സ് ഇവിടെയൊന്നുമല്ല.. “

അയാൾ ആശങ്കയോടെ പറഞ്ഞു. അവർ തിരിഞ്ഞ് അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“എനിക്ക് കുഴപ്പമൊന്നുമില്ല ഏട്ടാ.. ഞാൻ ചില കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയായിരുന്നു..”

അവർ പറഞ്ഞപ്പോൾ അയാൾ അവരെ തന്നെ നോക്കി.

“രാവിലെ മുതൽ ഇങ്ങനെ നിന്ന് ആലോചിക്കാൻ മാത്രം എന്ത് കാര്യമാണുള്ളത്..? ജീവിതത്തെക്കുറിച്ച് ഓർത്ത് ഇങ്ങനെ ടെൻഷൻ അടിക്കാനും മാത്രം ഒന്നുമില്ലല്ലോ നമുക്ക് ഇപ്പോൾ.. മക്കൾ രണ്ടാളുണ്ടായിരുന്നത് വളർന്നു അവരുടെ വിവാഹം കഴിഞ്ഞു കുട്ടികളായി. അവരെക്കുറിച്ച് ഒന്നും ഓർത്ത് നമ്മളിപ്പോൾ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ലല്ലോ. പിന്നെ താൻ എന്താ ആലോചിക്കുന്നത്..?”

അയാൾ കളിയായി ചോദിച്ചപ്പോൾ അവരും പുഞ്ചിരിച്ചു.

” നമുക്കൊക്കെ എത്ര പെട്ടെന്നാണല്ലേ വാർദ്ധക്യം ആകുന്നത്..? “

അവർ ചോദിച്ചതിന്റെ അർത്ഥം മനസ്സിലാകാതെ അയാൾ അവരെ തുറിച്ചു നോക്കി.

” ഞാൻ ചോദിച്ചതിന്റെ അർത്ഥം എന്താണെന്ന് ഏട്ടനു മനസ്സിലായില്ല അല്ലേ..? “

പുഞ്ചിരിയോടെ തന്നെ അവർ അന്വേഷിച്ചു. ഇല്ല എന്ന് തലകുലുക്കാൻ മാത്രമേ അയാൾക്ക് കഴിഞ്ഞുള്ളൂ.

” ചേട്ടൻ നേരത്തെ പറഞ്ഞില്ലേ നമുക്ക് രണ്ടു കുട്ടികളുണ്ടെന്ന്.. നേരത്തെ മോൻ വിളിച്ചിട്ടുണ്ടായിരുന്നു. വർഷങ്ങളായി അവൻ ഒരു പ്രവാസി ആണല്ലോ.. അവൻ വളർന്നതും പഠിച്ചതും ജോലി കിട്ടിയതും ഒക്കെ എത്ര പെട്ടെന്നായിരുന്നു.. അവനു ജോലി കിട്ടി വിദേശത്തേക്ക് പോയപ്പോൾ നമ്മൾ എത്ര വിഷമിച്ചു..അന്ന് അവൻ നമ്മളോട് പറഞ്ഞിരുന്നു അവിടെ പോയി അവൻ ഒന്ന് സെറ്റ് ആയാൽ നമ്മളെ അവിടെ കാണിക്കാൻ കൊണ്ടു പോകാമെന്ന്. അന്നൊക്കെ എത്ര പ്രതീക്ഷയോടെ നമ്മൾ കാത്തിരുന്നിട്ടുണ്ട് അവൻ ഒരിക്കൽ എങ്കിലും നമ്മളെ അങ്ങോട്ട് കൊണ്ടു പോയിരുന്നെങ്കിൽ എന്ന്.. പക്ഷേ പിന്നീട് ഒരിക്കലും അവൻ അതിനെക്കുറിച്ച് നമ്മളോട് പറഞ്ഞിട്ടില്ല.”

അവർ പറഞ്ഞപ്പോൾ അയാളും ആ ഓർമ്മയിൽ ആയിരുന്നു.

” ശരിയാണ്.. പക്ഷേ പിന്നീട് അവന്റെ അനിയത്തിയുടെ വിവാഹം നടത്തിയതും അതിന്റെ പേരിൽ ഉള്ള കടങ്ങളും ഒക്കെയായപ്പോൾ അവന് സാധിക്കാത്തത് കൊണ്ടല്ലേ ..? “

അയാൾ ചോദിച്ചപ്പോൾ അത് ശരിയാണെന്ന് മട്ടിൽ അവരും തലകുലുക്കി.

“അതെ. അവൻ വിദേശത്ത് പോയി രണ്ടുവർഷം കഴിഞ്ഞ് ലീവിന് വന്നപ്പോൾ അവന്റെ അനിയത്തിയുടെ വിവാഹം നടത്തി. നമ്മൾ കരുതി വച്ചിരുന്നതും അവനായിട്ട് ഉണ്ടാക്കിയതും ഒക്കെ കൊടുത്താണ് അവളെ വിവാഹം കഴിപ്പിച്ചു വിട്ടത്. അതിന്റെ പേരിൽ കുറച്ചൊക്കെ കടങ്ങൾ അവനു ഉണ്ടാവുകയും ചെയ്തു. അതോടെ അത് വീട്ടി തീർക്കാനുള്ള നെട്ടോട്ടത്തിൽ ആയി അവൻ. അതുകഴിഞ്ഞപ്പോൾ അവന്റെ വിവാഹമായി. വിവാഹം കഴിഞ്ഞ് അധികം വൈകാതെ അവൻ അവളെ അവിടേക്ക് കൂട്ടിക്കൊണ്ടു പോയി. അവർക്ക് രണ്ടു കുട്ടികൾ ഉണ്ടായി. പ്രസവസമയത്ത് മാത്രം അവൾ നാട്ടിൽ വന്ന് പ്രസവവും അതിനോട് അനുബന്ധിച്ച് ചടങ്ങുകളും കഴിഞ്ഞ് തിരികെ പോയി. ശരിയല്ലേ..?”

അവർ ചോദിച്ചപ്പോൾ അയാൾ സമ്മതിച്ചുകൊണ്ട് തലകുലുക്കി.

” ഇതിനിടയിൽ എപ്പോഴെങ്കിലും അച്ഛനോ അമ്മയോ അവിടേക്ക് വരുന്നുണ്ടോ എന്നൊരു ചോദ്യം അവളോ അവനോ ചോദിച്ചിട്ടില്ല.. നമ്മളെ പാടെ ഉപേക്ഷിച്ച മട്ടാണ് അവൻ. ഇന്ന് അവൻ വിളിച്ചപ്പോൾ ഞാൻ അവനോട് പറഞ്ഞു അച്ഛനും അമ്മയ്ക്കും കൂടി അവിടേക്ക് വരാൻ ഒരു വിസ എടുത്തു തരാൻ. അവൻ എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ.. ഈ വയസ്സുകാലത്ത് അമ്മയ്ക്കും അച്ഛനും വേറെ പണിയൊന്നുമില്ലേ എന്ന്..? വിമാനത്തിൽ ഒക്കെ കയറി അവിടെ വരെ ചെല്ലുമ്പോൾ നമുക്ക് എന്തെങ്കിലും അസുഖം വന്നാൽ ചികിത്സിക്കാൻ പോലും അവന്റെ കയ്യിൽ പണമില്ല എന്ന്.. അവൻ തരുന്ന പൈസയും കൊണ്ട് ഇവിടെയെങ്ങാനും നിന്നാൽ പോരെ എന്നാണ് അവൻ ചോദിക്കുന്നത്.. അവൻ തരുന്ന പൈസ എന്നൊക്കെ പറയുമ്പോൾ ലക്ഷങ്ങൾ ഉണ്ടാകും എന്ന് തോന്നും. മാസത്തിൽ 5000 രൂപയാണ് അവൻ ഇവിടേക്ക് അയച്ചു തരുന്നത്. അതിന്റെ കൂടെ തന്നെ അവൻ അവിടെ കൊടുക്കണം ഇവിടെ കൊടുക്കണം എന്നൊക്കെ പറഞ്ഞ് വലിയൊരു ലിസ്റ്റ് തരും. ചുരുക്കത്തിൽ പറഞ്ഞാൽ അവൻ തരുന്ന പണവും ഏട്ടൻ ജോലി ചെയ്യുന്ന പണവും കൂടി ചേർത്ത് അവൻ പറയുന്ന ആവശ്യങ്ങൾ നടത്താൻ മാത്രമേ വരൂ.. “

ചിരിയോടെ അവർ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് അയാൾക്കും തോന്നുന്നുണ്ടായിരുന്നു.

” ഇനി നമ്മുടെ മോളുടെ കാര്യമാണെങ്കിലോ..? അവളെയും ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു. നമ്മൾ അടുത്ത ആഴ്ച അവളുടെ അടുത്തേക്ക് ചെല്ലുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അവളും പറഞ്ഞത് അവളുടെ ഏട്ടൻ പറഞ്ഞ അതേ ഡയലോഗ് തന്നെയായിരുന്നു. ഈ വയസ്സുകാലത്ത് ട്രെയിനും കയറി അവിടേക്ക് ചെല്ലേണ്ട എന്തെങ്കിലും കാര്യം നമുക്കുണ്ടോ എന്ന്..? അവിടെ ചെന്നാൽ നമ്മളെ ശ്രദ്ധിക്കാൻ അവൾക്ക് നേരമില്ല എന്ന്. അവൾക്കും അവളുടെ ഭർത്താവിനും ജോലിക്ക് പോകാനുള്ളതു കൊണ്ട്, നമ്മൾ ചെന്നിട്ടും കാര്യമൊന്നുമില്ല എന്ന്.. മക്കളൊക്കെ ഒരുപാട് വലുതായിപ്പോയി അല്ലേ ചേട്ടാ..? അച്ഛനെയും അമ്മയെയും ഒഴിവാക്കാനും മാത്രം അവരൊക്കെ വളർന്നു.. “

കണ്ണീരോടെ അവർ പറഞ്ഞപ്പോൾ അയാൾക്കും സങ്കടം തോന്നി.

” അവർക്കു വേണ്ടി നമ്മളും ഒരുപാട് കാര്യങ്ങൾ വേണ്ടെന്ന് വെച്ചിട്ടില്ലേ..?ഇന്നത്തെപ്പോലെ ജോലിയും സൗകര്യങ്ങളും ഒന്നുമില്ലാത്ത ഒരുകാലത്ത് അവർക്ക് ഒരു കുറവും വരുത്താതെ നമ്മൾ വളർത്തിയിട്ടില്ലേ..? ഇന്ന് ഇങ്ങനെയൊക്കെ പറഞ്ഞാൽ ആളുകൾ പറയും കണക്ക് പറയുന്നുവെന്ന്. അല്ലെങ്കിൽ മക്കളെ ജനിപ്പിച്ചാൽ വളർത്തേണ്ടത് അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്വമാണ് എന്ന് പറയും. അപ്പോൾ വാർദ്ധക്യത്തിലേക്ക് കടക്കുന്ന അമ്മയെയും അച്ഛനെയും സംരക്ഷിക്കാനുള്ള കടമ ഈ മക്കൾക്ക് ഇല്ലേ..? സമൂഹം എന്തുകൊണ്ടാണ് അത് മറന്നു പോകുന്നത്..?മക്കളെ വളർത്തി വലുതാക്കി വിവാഹം കഴിപ്പിച്ചു വിടുന്നതോടെ അവരുടെ കാര്യത്തിലുള്ള അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്വവും അവകാശങ്ങളും അവസാനിച്ചു എന്നാണോ..? പിന്നീട് ഒരിക്കലും അവരുടെ കാര്യത്തിൽ നമുക്കാർക്കും അവകാശമില്ലെന്ന് ആണോ..? “

അത്രയും പറഞ്ഞപ്പോഴേക്കും അവരുടെ സ്വരം ഇടറി പോയിരുന്നു.

” താൻ വിഷമിക്കാതെ.. ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതിയാൽ മതി.അവർ പറഞ്ഞതു പോലെ നമ്മളെ ഒപ്പം കൂട്ടിയാൽ ചിലപ്പോൾ അവർക്ക് നാണക്കേടായിരിക്കും. അവർക്ക് അവരുടേതായ ജോലിത്തിരക്കുകളും മറ്റു ജീവിത തിരക്കുകളും ഒക്കെ ഉണ്ടാവില്ലേ..? അതിനിടയിൽ നമ്മൾ കൂടിയായാൽ നമ്മളെ ശ്രദ്ധിക്കാൻ അവർക്ക് പറ്റില്ല എന്ന് അവർക്ക് തോന്നുന്നുണ്ടായിരിക്കും.ഈ പ്രായത്തിൽ താൻ അതൊന്നും ആലോചിച്ചു വിഷമിക്കേണ്ട. തനിക്ക് ഞാനില്ലേ..? എനിക്ക് താനും.. “

അത്രയും പറഞ്ഞുകൊണ്ട് അയാൾ ചേർത്തു പിടിക്കുമ്പോൾ അവർക്ക് വല്ലാത്ത സന്തോഷം തോന്നി.

” എന്തായാലും നമ്മൾക്ക് ജീവിതം ഒന്നല്ലേ ഉള്ളൂ.. അത് കഴിയുന്നത്ര ആഘോഷിക്കുക തന്നെ വേണം. ഈ പ്രായം വരെയും മക്കൾക്കും കുടുംബത്തിനും വേണ്ടി മാത്രമേ ജീവിച്ചിട്ടുള്ളൂ. ഇനിയെങ്കിലും നമുക്ക് വേണ്ടി ജീവിക്കണം.. അവർക്കു വേണ്ടി നമ്മൾ മാറ്റിവെച്ച നമ്മുടെ കുറെ ആഗ്രഹങ്ങൾ ഒക്കെ ഇല്ലേ.. അതൊക്കെ നമുക്ക് നടത്തിയെടുക്കണം.. “

അവർ പ്രതീക്ഷയോടെ പറഞ്ഞപ്പോൾ അയാൾ അവരെ നോക്കി.

” ഒരുപാട് യാത്രകൾ പോകണമെന്നൊക്കെ വിവാഹം കഴിഞ്ഞ നാളിൽ ഏട്ടൻ സ്വപ്നമായി പറയാറില്ലായിരുന്നോ..നമുക്ക് അങ്ങനെ കുറച്ച് യാത്രകൾ പോയാലോ..?”

അവരുടെ സ്വരത്തിൽ വല്ലാതെ ആകാംക്ഷയുണ്ടായിരുന്നു.

“എവിടേക്ക് പോകുന്ന കാര്യമാണ്..?”

അയാൾ ചിരിയോടെ അന്വേഷിച്ചു.

“ഇപ്പോൾ തൽക്കാലം നമുക്ക് ബീച്ചിലേക്ക് പോകാം.വൈകുന്നേരം നിങ്ങളുടെ കൈയും പിടിച്ച് അവിടെയൊക്കെ നടക്കണമെന്ന് എന്റെ മോഹമായിരുന്നു. കൂട്ടിന് ഒരു പൊതി കപ്പലണ്ടിയും..”

അത് പറഞ്ഞ് അവർ പൊട്ടിച്ചിരിച്ചപ്പോൾ അയാൾക്കും ചിരിക്കാതിരിക്കാൻ ആയില്ല.

” പിന്നെ അത് കഴിഞ്ഞിട്ട് നമുക്ക് ഒരു ലോങ്ങ് ട്രിപ്പിനെ കുറിച്ച് ആലോചിക്കാം. ഇപ്പോൾ ഇങ്ങനെ യാത്രകൾ ഒരു സംഘടിപ്പിക്കുന്ന ഒരുപാട് ട്രാവൽ ഏജൻസികൾ ഉണ്ടല്ലോ.. നമുക്ക് അവരുമായി ബന്ധപ്പെട്ട്, ഒരു യാത്ര പോകുന്നതിനെ കുറിച്ച് ആലോചിക്കാം.. അഥവാ ഇപ്പോഴൊന്നും അത് പറ്റിയില്ലെങ്കിലും നമ്മുടെ കയ്യിൽ പണമാകുന്ന കാലത്ത് അത് ചെയ്യാമല്ലോ..!”

പ്രതീക്ഷയോടെ അവരത് പറയുമ്പോൾ അവരെ നിരാശപ്പെടുത്താൻ അയാൾക്ക് തോന്നിയില്ല.

” ഒക്കെ തന്റെ ഇഷ്ടം പോലെ.. ഇപ്പോൾ പോയി റെഡിയാകാൻ നോക്ക്.. നമുക്ക് ബീച്ചിലേക്ക് പോകണ്ടേ..? “

അയാളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവർ മുറിയിലേക്ക് നടന്നു.

NB: പ്രായമായതല്ലേ നിങ്ങൾക്ക് ഇതൊക്കെ ഇപ്പോൾ എന്തിനാ എന്നൊരു ചോദ്യം മാതാപിതാക്കളോട് ചോദിക്കുമ്പോൾ അവരുടെ മനസ്സ് എത്രത്തോളം വേദനിക്കും എന്ന് നമുക്കറിയില്ല. നമ്മുടെ ആയുസ്സിന് ആരോഗ്യത്തിനും വേണ്ടി അവരുടെ ആയുസ്സും ആരോഗ്യവും പണയം വെച്ചവരായിരിക്കും അവരിൽ പലരും. അവരെന്തെങ്കിലും ഒരു ആഗ്രഹം പറഞ്ഞാൽ നമ്മളെ കൊണ്ട് സാധിക്കുന്നതാണെങ്കിൽ അതങ്ങ് സാധിച്ചു കൊടുക്കണം. ഇല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും ചെയ്തു കൊടുക്കണം. അല്ലാതെ ഒരിക്കലും നിങ്ങൾക്കതിന്റെ ആവശ്യമുണ്ടോ എന്നൊരു ചോദ്യത്തിൽ അവരെ നിശബ്ദരാക്കരുത്..