താൻ പറഞ്ഞതിന്റെ കുഴപ്പമാണോ എന്നറിയാൻ അയാൾ ഒരിക്കൽ കൂടി അതേ വാക്കുകൾ ആവർത്തിച്ചു….

മകളും…മകനും…

രചന : നിള

::::::::::::::::::::::::::

“നീ നിന്റെ മോനെ ഇതെന്താണ് പഠിപ്പിച്ചത്..? എവിടെയെങ്കിലും ഒരു ജോലിക്ക് പോകണം എന്നൊരു ചിന്ത ഈ ഒരു പ്രായത്തിലും അവനില്ല. ഇത്രയും വയസ്സും പ്രായവുമായി ഞാൻ ജോലിക്ക് പോയിട്ട് വേണം അവനു ചെലവിന് കൊടുക്കാൻ.ലോകത്ത് ഒരച്ഛനും ഇത്രയും ഗതികേട് വരരുതെന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.. “

രാവിലെ തന്നെ സുധാകരൻ ഒച്ചയെടുക്കാൻ തുടങ്ങി. അത് കേട്ടു കൊണ്ടാണ് രമ അടുക്കളയിൽ നിന്ന് വന്നത്.

” രാവിലെ തന്നെ നിങ്ങൾക്ക് എന്തിന്റെ കേടാ സുധേട്ടാ.. ആ ചെറുക്കൻ കിടന്നുറങ്ങുകയാണെങ്കിൽ ഉറങ്ങിക്കോട്ടെ.. അവന്റെ മുറിയുടെ വാതിൽക്കൽ ചെന്നു നിന്ന് ഇങ്ങനെ ബഹളം വയ്ക്കുന്നത് എന്തിനാണ്.. വെറുതെ ഉറങ്ങുന്നവരെ ശല്യം ചെയ്യുന്നത് എനിക്ക് തീരെ ഇഷ്ടമല്ലാത്ത ഒരു പ്രവർത്തിയാണ്. “

അയാളുടെ കൈ പിടിച്ച് വലിച്ചു കൊണ്ട് രമ പറഞ്ഞത് അയാൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

” നീ ഇത് എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്..? അവിടെ കിടന്നുറങ്ങുന്ന നിന്റെ മോന് രണ്ടും മൂന്നും വയസ്സ് അല്ല പ്രായം.. വയസ്സ് 26 ആയി. ഇന്നു വരെ സ്വന്തമായി ഒരു ജോലി വേണമെന്ന് ഒരു വരുമാനം വേണമെന്നോ ഒരു ചിന്ത അവനില്ല. ഞാനറിയാതെ എന്റെ പോക്കറ്റിൽ നിന്ന് പൈസ അടിച്ചു മാറ്റി എങ്ങനെ ജീവിക്കാം എന്നാണ് അവന്റെ ചിന്ത. ഇങ്ങനെ മുന്നോട്ടു പോയാൽ അവൻ എങ്ങനെ രക്ഷപ്പെടും എന്നാണ്.. അവന്റെ പ്രായത്തിലുള്ള ഓരോ പിള്ളേർ ജോലിക്ക് പോയി അധ്വാനിക്കുന്നത് കാണുമ്പോൾ കൊതി വരും. ഓരോ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് അവന്റെ പ്രായത്തിലുള്ള പിള്ളേരാണ്. ഇവിടെ ഇവൻ ഏതു കാലത്താണ് ആ ഒരു രീതിയിലേക്ക് എത്തുന്നത് എന്ന് എനിക്കറിയില്ല..”

അയാൾ സങ്കടത്തോടെയും ദേഷ്യത്തോടെയും പറഞ്ഞപ്പോൾ രമ അയാളെ ഒന്ന് നോക്കി.

“നിങ്ങൾക്ക് എന്താ സുധേട്ടാ.. ഇവിടെ ഇപ്പോൾ കുടുംബം കഴിയാൻ അവൻ ജോലിക്ക് പോയിട്ട് വേണോ..? നിങ്ങൾ എന്തായാലും ജോലിക്ക് പോകുന്നുണ്ടല്ലോ.. അതുകൊണ്ട് നമ്മൾ യാതൊരു അല്ലലുമില്ലാതെ ജീവിക്കുന്നുണ്ട്.പിന്നെ ഇപ്പോൾ അവൻ ജോലിക്ക് പോയാൽ എന്താണ് പോയില്ലെങ്കിൽ എന്താണ്..?”

അവർ പറഞ്ഞപ്പോൾ അയാൾ അവരെ ദേഷ്യത്തോടെ നോക്കി.

” നിനക്ക് ഇത്രയ്ക്ക് വിവരവും ബോധവും ഒന്നും ഇല്ലേ രമേ..? നാളെ ഒരു സമയത്ത് എനിക്ക് ജോലിക്ക് പോകാൻ പറ്റാതെ ഞാൻ വീണുപോയാൽ പിന്നെ ഈ കുടുംബത്തിന്റെ അവസ്ഥ എന്താകും എന്നാണ്.. ഇപ്പോൾ ഇവൻ ഇതൊന്നും ചെയ്യാതെ ഇരുന്നിട്ട് ആ സമയത്ത് ജോലി ചെയ്യും എന്ന് വിശ്വസിക്കാനും മാത്രം മണ്ടൻ ഒന്നുമല്ല ഞാൻ.”

അയാൾ പറഞ്ഞപ്പോൾ അവർ വെപ്രാളത്തോടെ അയാളെ നോക്കി.

” നിങ്ങൾ ഇങ്ങനെ ആവശ്യമില്ലാത്ത ഒന്നും പറയാതിരിക്കുക.. നിങ്ങൾക്ക് എല്ലാ കാലത്തും ആയുസ്സും ആരോഗ്യവും തരണേ എന്നാണ് എന്റെ പ്രാർത്ഥന. എന്നും ജോലിക്ക് പോകാനും ഞങ്ങളെ നോക്കാനും പറ്റണം എന്ന് എല്ലാ ദിവസവും ഞാൻ പ്രാർത്ഥിക്കാറുണ്ട്. അതിനിടയിൽ നിങ്ങൾ ഇങ്ങനെ ദൈവദോഷങ്ങൾ ഒന്നും പറയരുത്. “

അവർ പറഞ്ഞപ്പോൾ അയാൾക്ക് സഹതാപമാണ് തോന്നിയത്.

” എന്തായാലും നിങ്ങൾ ചായ കുടിച്ചിട്ട് ജോലിക്ക് പോകാൻ നോക്ക്. അവൻ എഴുന്നേറ്റു വരാൻ വേണ്ടി കാത്തു നിന്നാൽ ഇന്നിവിടെ നിൽക്കുകയുള്ളൂ.. “

അവർ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അയാൾക്ക് എന്തു മറുപടി പറയണമെന്ന് പോലും അറിയാതെ ആയി.

പിന്നീട് കൂടുതൽ തർക്കത്തിന് നിൽക്കാതെ അയാൾ ചായയും കുടിച്ച് ജോലിക്ക് പോയി. വൈകുന്നേരം ജോലി കഴിഞ്ഞു വന്നയാൾ അല്പം ദേഷ്യത്തിൽ ആയിരുന്നു.

” എന്തുപറ്റി ചേട്ടാ.. ആകെ ദേഷ്യത്തിൽ ആണല്ലോ..? “

അയാൾക്ക് അടുത്തേക്ക് ചെന്നിരുന്നു കൊണ്ട് രമ അന്വേഷിച്ചു.

” എന്തുപറ്റിയെന്ന്.. നീ നിന്റെ മോനെ കുറിച്ച് അന്വേഷിച്ചോ..? അവൻ ഏതോ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നാണ് കവലയിലെ ഒരു സംസാരം.”

അയാൾ പറഞ്ഞപ്പോൾ അവർ പുഞ്ചിരിച്ചു.

” ഭാഗ്യം.. രക്ഷപ്പെട്ടു.. ഇങ്ങനെ ഒരു നല്ല കാര്യം ഉണ്ടായിട്ടാണോ സുദേട്ടാ നിങ്ങൾ ഇങ്ങനെ ദേഷ്യപ്പെട്ട് വീട്ടിലേക്ക് കയറി വന്നത്..? “

അവർ സന്തോഷത്തോടെ ചോദിച്ചപ്പോൾ അയാൾ അവരെ തുറിച്ച് നോക്കി.

” ഞാൻ പറഞ്ഞത് എന്താണെന്ന് വ്യക്തമായി കേട്ടിട്ടാണോ ഈ പറയുന്നത്..? നമ്മുടെ മോൻ ഏതൊ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലാണ് എന്നാണ് ഞാൻ പറഞ്ഞത്.”

താൻ പറഞ്ഞതിന്റെ കുഴപ്പമാണോ എന്നറിയാൻ അയാൾ ഒരിക്കൽ കൂടി അതേ വാക്കുകൾ ആവർത്തിച്ചു.

” എനിക്ക് ചെവിക്ക് കുഴപ്പമൊന്നുമില്ല. ചേട്ടൻ പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടതാണ്. എന്തൊക്കെയായാലും അതൊരു നല്ല കാര്യമല്ലേ.. അവന്റെ ഈ സ്വഭാവത്തിന് അവന് എവിടെ നിന്ന് പെണ്ണ് കിട്ടാനാണ്..? ഒരു ജോലിക്കും പോകില്ല വീട്ടുകാര്യവും നോക്കാതെ ഏതെങ്കിലും പയ്യൻമാർക്ക് ഏതെങ്കിലും വീട്ടുകാർ പെണ്ണിനെ കൊടുക്കുമോ..? അപ്പോൾ ഇങ്ങനെ ഏതെങ്കിലും പെൺകുട്ടിയെ വിളിച്ചു കൊണ്ടു വന്നാൽ അവന് ഒരു കുടുംബമായി ജീവിക്കാം..”

അവർ പറയുന്നത് കേട്ടപ്പോൾ അയാൾക്ക് പുച്ഛം തോന്നി.

” അപ്പോൾ മോന്റെ ഭാഗത്തു നിന്ന് എന്തൊക്കെ തെറ്റുകളാണ് ഉള്ളതെന്നും നിനക്ക് അറിയാം.. എന്നിട്ടും ഒരു പെൺകുട്ടിയുടെ ഭാവി ഇല്ലാതാക്കാൻ വേണ്ടിയല്ലേ നീ ഈ പറയുന്നത്..? അവൻ അങ്ങനെ ഒരു പെൺകുട്ടിയെ കൊണ്ടുവന്നാൽ അവളുടെ ചെലവ് ആര് നോക്കും എന്നാണ്..? “

അയാൾ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അവർ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.

” ഇനി ആ ചെലവും കൂടി ഞാൻ നോക്കും എന്നായിരിക്കും ഇവളുടെ വിചാരം. എന്ത് വിധിയാണെന്ന് നോക്കണേ..!”

അയാൾ ആത്മഗതം പോലെ പറഞ്ഞു.

ഒരു ദിവസം രാവിലെ പുറത്തേക്ക് പോയ മകൻ കൂടെ ഒരു പെൺകുട്ടിയെയും കൊണ്ടാണ് വീട്ടിലേക്ക് വന്നത്. ആ കാഴ്ച കണ്ട സുധാകരൻ പകച്ചു പോയി.

” രമേ…നീ നോക്കിയേ. ദേ നിന്റെ മോൻ ഒരു പെൺകുട്ടിയെയും കൊണ്ടു വന്നിരിക്കുന്നു..”

എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം നിന്നിട്ട് അയാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

പെട്ടെന്ന് തന്നെ അവർ അകത്തു നിന്ന് വരികയും ചെയ്തു.

“ആരാടാ ഇത്..?”

രമ അന്വേഷിച്ചു.

“അത് പിന്നെ അമ്മ.. ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് ഇവളെ വിവാഹം കഴിക്കേണ്ടി വന്നു..”

ആ പെൺകുട്ടിയെ ചേർത്തു പിടിച്ചു കൊണ്ട് മകൻ പറയുന്നത് കേൾക്കെ രമയുടെ മുഖം വിടർന്നു.

“എന്തായാലും നടക്കാനുള്ളതൊക്കെ നടന്നു. നീ ആ പെൺകൊച്ചിനെയും വിളിച്ച് അകത്തേക്ക് കയറാൻ നോക്ക്.”

അവർ അതിയായ സന്തോഷത്തോടെ പറഞ്ഞപ്പോൾ,അയാൾ അവരെയൊന്നു നോക്കി.

” നീ ഇങ്ങനെ മുന്നും പിന്നും ആലോചിക്കാതെ ഓരോന്ന് പറയല്ലേ രമേ.. മോള് തൽക്കാലം മോളുടെ വീട്ടിലേക്ക് ചെല്ല്.. ഇവനു ഇപ്പോൾ ജോലിയൊന്നുമില്ലെന്ന് മോൾക്ക് അറിയാമല്ലോ..? ഇവൻ കുറച്ചുനാൾ കൂടി കഴിഞ്ഞ് ഒരു ജോലിയൊക്കെ സമ്പാദിച്ച് നിങ്ങൾക്ക് അപ്പോഴും ഈ ഒരു ഇഷ്ടം ഉണ്ടെങ്കിൽ ഞങ്ങൾ തന്നെ മോളുടെ വീട്ടിലേക്ക് വന്നു വിവാഹം ആലോചിക്കാം. അതുവരെ മോള് തൽക്കാലം മോളുടെ വീട്ടിൽ തന്നെ നിൽക്കുക.. “

അയാൾ ആ പെൺകുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“നിങ്ങൾ ഇതെന്തു വർത്തമാനമാണ് പറയുന്നത്..? നമ്മുടെ മോന്റെ കൂടെ ജീവിക്കാൻ വേണ്ടി ഇറങ്ങി വന്നതല്ലേ ഈ പെൺകുട്ടി..? എന്നിട്ട് അവളെ പറഞ്ഞു വിടാനോ..? അച്ഛൻ അങ്ങനെയൊക്കെ പറയും… നിങ്ങൾ അകത്തേക്ക് കയറി വാ മക്കളെ..”

സന്തോഷത്തോടെ പറഞ്ഞു കൊണ്ട് അവർ അവരെ രണ്ടാളെയും അകത്തേക്ക് കയറ്റി.

അതെ നിമിഷം തന്നെയാണ് അയാളുടെ ഫോൺ ബെല്ലടിച്ചത്. മറുവശത്തു നിന്ന് കേട്ട വാർത്ത അയാളെ പാടെ തകർത്തിക്കളഞ്ഞു.

” രമേ.. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന നമ്മുടെ മോള് ആരുടെയോ കൂടെ ഇറങ്ങിപ്പോയെന്ന്.. അവളുടെ വിവാഹവും കഴിഞ്ഞു എന്നാണ് അറിഞ്ഞത്.. “

വേദനയോടെ അയാൾ പറയുമ്പോൾ അവരും നെഞ്ചത്തടിച്ചു കരയാൻ തുടങ്ങിയിരുന്നു.

” എന്നാലും നമ്മളെ ഒന്നും ഓർക്കാതെ അവൾ ഈ ചതി നമ്മളോട് ചെയ്തല്ലോ ചേട്ടാ.. “

കരയുന്നതിനിടയിൽ അവർ പറഞ്ഞപ്പോൾ അയാൾക്ക് ദേഷ്യമാണ് തോന്നിയത്.

” നിർത്തെടി.. നിന്റെ മോൻ ഇതുപോലെ ഒരു പെൺകുട്ടിയെ വിളിച്ചു കൊണ്ടു വന്നപ്പോൾ അവളുടെ വീട്ടുകാരുടെ കണ്ണീര് കാണാൻ നിനക്ക് തോന്നിയില്ലല്ലോ..എന്നിട്ട് സ്വന്തമായി ഒരു അനുഭവം വന്നപ്പോൾ കരയാൻ നടക്കുന്നു..”

പുച്ഛത്തോടെ അയാൾ പറഞ്ഞപ്പോൾ അവരുടെ തലകുനിഞ്ഞു.

” എന്നാലും എന്റെ ഈശ്വരാ.. ഇവനെപ്പോലെ ജോലിയും കൂലിയും ഇല്ലാത്ത ഒരുവൻ ആവാതിരുന്നാൽ മതിയായിരുന്നു…”

അവരുടെ പ്രാർത്ഥന കേട്ടയാൾ പകച്ച് അവരെ നോക്കി.. പിന്നെ അറിയാതെ തന്നെ അയാൾ ഒന്നു പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.