പ്രവാസി…
രചന : നിള
:::::::::::::::::::
” എടാ മോനെ.. നമുക്ക് വീടിന്റെ കുറച്ചു പണി കൂടെ ബാക്കി ഉണ്ട്.. “
ഫോണിലൂടെ അമ്മ പറഞ്ഞത് കേട്ട് രഞ്ജു ഒന്ന് പകച്ചു. വീട്ടിൽ പണി ബാക്കി ഉണ്ടെന്നോ..? രണ്ട് മാസം മുൻപാണ് മുഴുവൻ പണിയും തീർത്ത വീടിന്റെ പാലുകാച്ചൽ നടത്തിയത്. എന്നിട്ടിപ്പോ വീണ്ടും പണി എന്ന് പറഞ്ഞാൽ…
അതെ അതിശയം തന്നെ ആയിരുന്നു അവന്റെ വാക്കുകളിലും നിറഞ്ഞത്.
” അമ്മ ഇതെന്താ ഈ പറയുന്നേ..? വീടിന്റെ സകല പണിയും കഴിഞ്ഞല്ലേ നമ്മൾ രണ്ട് മാസം മുൻപ് പാല് കാച്ചൽ നടത്തിയത്..? അതൊക്കെ കഴിഞ്ഞു ഞാൻ ഇങ്ങോട്ട് വന്നിട്ട് ആകെ അത്രയ്ക്കുള്ള ദിവസം അല്ലേ ആയുള്ളൂ.. അതിനിടക്ക് എന്താ അമ്മേ ഇത്..? “
ദേഷ്യവും അമർഷവും ഒക്കെ ഉണ്ടായിരുന്നു രഞ്ജുവിന്റെ ശബ്ദത്തിൽ.
പക്ഷെ അവൻ പറഞ്ഞത് അവന്റെ അമ്മയ്ക്ക് ഇഷ്ടമായില്ല.
” വല്ല നാട്ടിലും ചെന്ന് കിടക്കുന്ന നിനക്ക് നാട്ടിലെ പുരോഗതിയെ കുറിച്ചോ, ഇവിടെ എന്തൊക്കെ ചെലവുകൾ ആണെന്നോ ഒക്കെ അറിയാമോ.? “
അവർ ദേഷ്യത്തിൽ തന്നെയാണ് പ്രതികരിച്ചത്. അതിനു മറുപടി ആയി അവൻ ഒന്നും പറഞ്ഞില്ല.അവന്റെ മൗനം അവർക്ക് ഒരു അനുഗ്രഹം ആയി.
” നിന്നെ പോലെ തന്നെ വിദേശത്ത് ജോലി ചെയ്യുന്നതല്ലേ പ്രണവ്..? അവന്റെ വീട് കണ്ടിട്ടുണ്ടോ നീ..? അങ്ങനെ ഒരു വീട് ഈ അടുത്തൊന്നും വേറെ ഇല്ല. അവിടെ ഇല്ലാത്ത എന്തെങ്കിലും ഉണ്ടോ.? എല്ലാ സൗകര്യങ്ങളും ഉള്ള നല്ലൊരു വീടാണ് അത്. നിനക്ക് ഇതൊന്നും കാണുകയും കേൾക്കുകയും ഒന്നും വേണ്ടല്ലോ.. നാട്ടുകാരുടെ ഓരോ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് ഞാനാണല്ലോ.. “
ദേഷ്യത്തോടെ അവർ വീണ്ടും വീണ്ടും പറയുമ്പോൾ താൻ ഇതിൽ കൂടുതൽ എന്ത് ചെയ്യാനാണ് എന്നാണ് അവൻ ഓർത്തത്.
” അമ്മ പറയുന്ന പ്രണവ് ഇവിടെ വലിയൊരു കമ്പനിയിൽ എച്ച് ആർ മാനേജർ ആണ്. പക്ഷേ എനിക്ക് അതാണോ ജോലി..? ഇവിടെ ഒരു സർവീസ് സെന്ററിൽ ജോലി ചെയ്യുന്ന എനിക്ക് ഇത്രയൊക്കെ ചെയ്യാനേ പറ്റൂ.. ഇപ്പോൾ ഈ വീടിനു വേണ്ടി എടുത്ത ലോൺ തന്നെ എത്ര വർഷം കൊണ്ടാണ് ഞാൻ അടച്ചു തീർക്കേണ്ടത് എന്നറിയാമോ..? ചോര നീരാക്കി ഞാൻ കഷ്ടപ്പെടുന്ന പണം, ഒരു രൂപ കുറയാതെ ബാങ്കുകാരും കൊണ്ടുപോകും.. ഞാനെന്തു ചെയ്യാനാണ്..? “
ദയനീയമായി അവൻ ചോദിച്ചെങ്കിലും അതൊന്നും അവരുടെ മനസ്സിളക്കാൻ പോന്നതായിരുന്നില്ല.
” അല്ലെങ്കിലും നിനക്ക് എല്ലാ കാലത്തും ഉള്ളതാണ് ഈ ദാരിദ്ര്യം പറച്ചിൽ. ഇനിയെങ്കിലും നിനക്ക് ഇതൊക്കെ ഒന്ന് നിർത്തിക്കൂടെ..? നീ ജോലി ചെയ്യുന്ന കാര്യം നീ പറഞ്ഞല്ലോ.. എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത്..? നമുക്ക് നല്ല രീതിയിൽ ജീവിക്കാൻ വേണ്ടിയല്ലേ..? ആ നല്ല രീതിയിലുള്ള ജീവിതത്തിൽ പെടുന്നതാണ് ഈ വീടിന്റെ കാര്യങ്ങളൊക്കെ.. “
അമ്മ വീണ്ടും നിർബന്ധിച്ചപ്പോൾ അവൻ ആകെ പെട്ടു.
” നമ്മുടെ വീട്ടിൽ ഇപ്പോൾ ഉള്ള പെയിന്റിന് എന്താ പ്രശ്നം..? അമ്മയ്ക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് അമ്മ സ്വന്തം ഇഷ്ടത്തിന് അടിപ്പിച്ചതല്ലേ അത്..? അമ്മ അമ്മയുടെ ഏതോ കൂട്ടുകാരിയുടെ വീട്ടിൽ കണ്ടു നല്ല ഭംഗിയുണ്ട് എന്നൊക്കെ പറഞ്ഞു ചെയ്യിച്ചതല്ലേ.. എന്നിട്ട് ഇപ്പോൾ രണ്ടുമാസം തികച്ചായിട്ടില്ല.. ഇതിനൊക്കെ ഓരോ തവണയും എത്ര രൂപ ചെലവാകുമെന്ന് അറിയാമോ..? “
അവൻ ദേഷ്യത്തോടെ ചോദിച്ചു.
” നീ പറഞ്ഞത് ശരിയാ. ആ പെയിന്റ് ഞാൻ തന്നെയാണ് തെരഞ്ഞെടുത്തത്. പക്ഷേ അതൊരു അബദ്ധമായി പോയി എന്ന് എനിക്ക് മനസ്സിലായത് കഴിഞ്ഞ ദിവസമാണ്. ഇപ്പോൾ എല്ലായിടത്തും ഈ പെയിന്റ് തന്നെയാണ് ഉപയോഗിക്കുന്നത്. ചുറ്റുവട്ടത്ത് തന്നെ മിക്കവാറും എല്ലാ വീട്ടിലും ഈ കളർ പെയിന്റാണ്. അപ്പോൾ പിന്നെ നമ്മുടെ വീടിന് എന്താ ഒരു പ്രത്യേകത ഉള്ളത്..? “
പരിഭവം കലർത്തി അവർ ചോദിച്ചപ്പോൾ അവൻ ഞെട്ടിപ്പോയി.
” ഇതൊക്കെ ഒരു കാരണമാണോ..? ആളുകൾ അവർക്ക് പൈസ ഉള്ളതനുസരിച്ച് അവരുടെ ഇഷ്ടത്തിന് ഓരോന്ന് ചെയ്യുന്നു. ആരെയും അനുകരിച്ച് ജീവിക്കരുതെന്ന് അമ്മയോട് പണ്ടും ഞാൻ പറഞ്ഞിട്ടുള്ളതാണ്. നമ്മൾ ആരെങ്കിലും അനുകരിക്കാൻ ശ്രമിക്കുമ്പോഴാണ് നമുക്ക് ഒരുപാട് ചിലവ് വരുന്നത്. അല്ലെങ്കിൽ സാധാരണ പോലെ ജീവിച്ചു പോകാൻ അത്രയ്ക്കുള്ള ചെലവേ ഉണ്ടാകൂ..”
അവൻ പറഞ്ഞപ്പോൾ അവർ പരിഹാസത്തോടെ ചിരിച്ചു.
” ഇപ്പോൾ ഈ വീട് വെച്ചത് തന്നെ അമ്മ പറഞ്ഞത് പ്രകാരമാണ്. മൂന്നുപേരു മാത്രമുള്ള നമ്മുടെ വീട്ടിൽ 5 ബെഡ്റൂമിന്റെ ആവശ്യം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. ആൾക്കാരെ ഹുങ്ക് കാണിക്കാൻ വേണ്ടി അമ്മ കാണിച്ചു കൂട്ടിയ ആർഭാടത്തിന്റെ പേരിൽ ഞാനാണ് വർഷങ്ങൾ കടത്തിലായത്.”
തന്റെ ദേഷ്യവും അമർഷവും ഒക്കെ അവൻ അറിയാതെ തന്നെ പുറത്തേക്ക് വരികയായിരുന്നു.
“അതിന് ഞാനെന്ത് ആർഭാടം കാണിച്ചു എന്നാണ് നീ പറഞ്ഞു വരുന്നത്..? എല്ലാ വീട്ടിലും ചെയ്യുന്നതു പോലെയൊക്കെ തന്നെ ഇവിടെയും ചെയ്തിട്ടുള്ളൂ. പിന്നെ ഇതൊക്കെ ഏതു കാലത്താണെങ്കിലും നിനക്ക് തന്നെ ഉള്ളതാണ്. നിനക്ക് നല്ലൊരു കുടുംബത്തിൽ നിന്ന് ആലോചന വരണമെങ്കിൽ ഇതുപോലെ നല്ല വീടും സൗകര്യങ്ങളും ഒക്കെ വേണം.അതൊക്കെ നോക്കിയാണ് ഇപ്പോൾ കല്യാണാലോചനകൾ തന്നെ. നിന്റെ നല്ലതിന് വേണ്ടിയാണ് അമ്മ ഇതൊക്കെ ചെയ്തത്. എന്നിട്ടിപ്പോൾ കുറ്റം മുഴുവൻ എന്റെയായി.. “
അവർ സ്വരത്തിൽ വിഷമം ചാലിച്ച് പറഞ്ഞപ്പോൾ അവനും സങ്കടം തോന്നി.
“അമ്മ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല. നമ്മുടെ അവസ്ഥ എന്താണെന്ന് അമ്മ ബോധവതിയായിരിക്കണം. ഇനിയും ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ടല്ലോ. അടുത്ത മാസം അമ്മയുടെ അനിയത്തിയുടെ മോളുടെ കല്യാണം അല്ലേ..അതിനു നല്ലൊരു ചെലവ് വരില്ലേ..? അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എന്ന് ആലോചിച്ചിട്ട് ഇപ്പോഴും എനിക്കൊരു രൂപവും കിട്ടുന്നില്ല. “
നിസ്സഹായത നിറഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞപ്പോൾ അവർ ആകെക്കൂടി കേട്ടത് കല്യാണത്തിനെ കുറിച്ചാണ്.
” അതിന് കല്യാണത്തിന് എന്തെങ്കിലും കൊടുക്കണം എന്നല്ല കേട്ടോ. നല്ല കാണപ്പെട്ടത് എന്തെങ്കിലും തന്നെ കൊടുക്കണം. സ്വർണ്ണമായിട്ടു തന്നെ വേണം. കുറഞ്ഞത് ഒരു അഞ്ചു പവൻ എങ്കിലും. നമ്മളെ ഒരുപാട് സഹായിച്ചിട്ടുള്ളതാണ് അവർ. “
അവർ അത്യാഗ്രഹത്തോടെ അത് പറഞ്ഞപ്പോൾ അവന്റെ കണ്ണ് തള്ളി.
“അഞ്ചു പവനോ..? അമ്മ എത്ര നിസ്സാരമായിട്ടാണ് 5 പവൻ എന്ന് പറഞ്ഞത്..? ഇപ്പോഴത്തെ വിലയ്ക്ക് രണ്ടരലക്ഷം രൂപയെങ്കിലും വേണ്ടേ..? ഞാനിതൊക്കെ ഇവിടെ നിന്ന് കുഴിച്ചെടുക്കുന്നതാണോ..?”
അവന് നല്ല രീതിയിൽ തന്നെ ദേഷ്യം വന്നു തുടങ്ങിയിരുന്നു.
” അവർ നമ്മളെ എങ്ങനെ സഹായിച്ചു എന്നാണ് അമ്മ പറഞ്ഞത്..? അച്ഛൻ മരിച്ചുപോയി ഞങ്ങൾ രണ്ടു മക്കളെയും കൊണ്ട് അമ്മ കഷ്ടപ്പെടുമ്പോൾ ഒരു ദിവസം പോലും അവർ നമ്മുടെ വീട്ടിലേക്ക് വന്നതായിട്ടോ എന്തെങ്കിലും ഒരു സഹായം ചെയ്തതൊ എനിക്ക് ഓർമ്മയില്ല.. ഞാൻ ഒരു പ്രവാസിയായി നമ്മുടെ ജീവിതം രക്ഷപ്പെട്ടു എന്ന് തോന്നിയതിനു ശേഷം ആണ് അവർ അടുപ്പം കൂടാൻ നമ്മുടെ വീട്ടിലേക്ക് വന്നിട്ടുള്ളത്. എന്നിട്ടും സ്വന്ത ബന്ധവും ഒക്കെ നോക്കിയിട്ടാണ് എന്തെങ്കിലും ചെയ്തു കൊടുക്കണം എന്ന് ഞാൻ പറഞ്ഞത്. അത് ഇത്രയും വലിയൊരു ചെലവിലേക്ക് അമ്മ കൊണ്ട് എത്തിക്കും എന്ന് ഞാൻ കരുതിയില്ല. “
അവൻ അത് പറഞ്ഞപ്പോൾ അവരുടെ മുഖം വീർത്തു.
” അല്ലെങ്കിലും ഇപ്പോൾ ഞാൻ എന്തു പറഞ്ഞാലും നിനക്ക് ഇഷ്ടപ്പെടാറില്ലല്ലോ. നീ അയക്കുന്ന പൈസ മുഴുവൻ ഞാനിവിടെ എന്തൊക്കെയോ ചെയ്യുന്നു എന്നാണ് നിന്റെ ഭാവം. നീ അയക്കുന്ന പൈസയൊക്കെ നിന്റെ കാര്യങ്ങൾക്ക് വേണ്ടി തന്നെയാണ് ഞാൻ ചെലവാക്കുന്നത്. അല്ലാതെ ഒരു രൂപ പോലും ഞാൻ എന്റെ ആവശ്യങ്ങൾക്കു വേണ്ടി എടുക്കുന്നില്ല. നിന്നോട് സംസാരിച്ചു നിന്നാൽ എനിക്ക് ദേഷ്യം വരും.”
അത്രയും പറഞ്ഞു അവർ ഫോൺ കട്ടാക്കിയപ്പോൾ അവൻ ഓർത്തത് തന്റെ അമ്മയെ കുറിച്ച് ആയിരുന്നു.
താനൊരു പ്രവാസി ആയപ്പോൾ മുതൽ അമ്മയുടെ സ്വഭാവം പൂർണമായും മാറിത്തുടങ്ങി. പണം ചെലവാക്കുന്നത് ഒരു നിയന്ത്രണവും ഇല്ലാതെയായി. അമ്മയ്ക്ക് ഇഷ്ടപ്പെടുന്ന സാരികൾ ആഭരണങ്ങൾ ഒക്കെയായി മാസം തോറും നല്ലൊരു തുക തന്നെ ചെലവാക്കാറുണ്ട്.ഇതൊക്കെ എവിടുന്ന് ഉണ്ടാകുന്നു എന്ന അമ്മ ചിന്തിക്കാറില്ല. ഇവിടെ പട്ടിണി കിടന്നു ഉറക്കം കളഞ്ഞു ഉണ്ടാക്കുന്നതാണ് എന്നൊരു ധാരണ പോലും അമ്മയ്ക്കില്ല. സ്വന്തം സുഖസൗകര്യങ്ങളും ആർഭാട ജീവിതവും മാത്രമാണ് അമ്മയ്ക്ക് വലുത്.
മിക്ക പ്രവാസികളുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയായിരിക്കും.. പ്രവാസികളുടെ ശാപവും അതൊക്കെ തന്നെയാണ്.
ചിന്തിച്ച് നിൽക്കുന്നതിനിടയിൽ, അവനു അവന്റെ ജോലിക്ക് കയറാനുള്ള അലാറം അടിച്ചു.ഇനിയുള്ള കുറെ മണിക്കൂർ മറ്റൊന്നും ഓർക്കാൻ സമയമില്ലല്ലോ…!