രേഷ്മയുടെ അച്ഛൻ പറയുമ്പോൾ, അത് ഗീതയ്ക്ക് വല്ലാത്തൊരു ബുദ്ധിമുട്ടായി തോന്നി…

കല്യാണം കഴിഞ്ഞാലും പഠിക്കാലോ…

രചന : നിള

:::::::::::::::::

“അല്ല.. ഇപ്പൊ പെട്ടെന്ന് കല്യാണം എന്നൊക്കെ പറഞ്ഞാൽ.. ഈ പെണ്ണുകാണൽ തന്നെ അവൾക്ക് വലിയ താല്പര്യം ഉണ്ടായിട്ട് ഒന്നുമല്ല. നിങ്ങൾ വന്ന് കണ്ടോട്ടെ എന്ന് ഒരുപാട് തവണ ചോദിച്ചപ്പോൾ സമ്മതിച്ചു എന്നേയുള്ളൂ. വിവാഹത്തിന് ഇത്തിരി സാവകാശം കിട്ടും എന്നാണ് ഞാൻ കരുതിയത്. ഈ രണ്ടു മാസത്തിനകത്ത് വിവാഹം എന്നൊക്കെ പറഞ്ഞാൽ അത് നടക്കില്ല.”

രേഷ്മയുടെ അച്ഛൻ പറയുമ്പോൾ, അത് ഗീതയ്ക്ക് വല്ലാത്തൊരു ബുദ്ധിമുട്ടായി തോന്നി.

“ഇപ്പോൾ വിവാഹം നടത്തില്ലെന്ന് പറയാൻ എന്താ കാര്യം..? “

സൗഹൃദ ഭാവത്തിൽ ഗീത അന്വേഷിച്ചു.

” അവൾ ചെറിയ കുട്ടിയല്ലേ..? പത്തൊൻപത് വയസ്സല്ലേ ആയിട്ടുള്ളൂ. പഠിക്കേണ്ട പ്രായം..അതിനിടക്ക് ഒരു കുടുംബവും ഉത്തരവാദിത്തവും ഒന്നും അവൾക്ക് പറ്റില്ല. “

രേഷ്മയുടെ അച്ഛൻ ചന്ദ്രൻ ചിരിയോടെ തന്നെ പറഞ്ഞു.

” യ്യോ.. അതോർത്താണോ നിങ്ങൾ ഈ ആലോചന വേണ്ടെന്ന് വെയ്ക്കുന്നത്..? കല്യാണം കഴിഞ്ഞാൽ കൊച്ചിനെ ഇവര് പഠിപ്പിക്കില്ലേ..? അതിനൊരു ജോലി കിട്ടുന്ന വരേം അവർ പഠിപ്പിക്കും. “

ബ്രോക്കർ ഇടപെട്ടു. എന്നിട്ട് താൻ പറഞ്ഞത് ശരിയല്ലേ എന്നൊരു ഭാവത്തിൽ ഗീതയെ നോക്കി.

” അതേ. ഞങ്ങൾക്ക് സന്തോഷം ഉള്ള കാര്യം തന്നെയാ അത്.”

ഗീത സമ്മതിച്ചപ്പോൾ ചന്ദ്രന്റെ മനസ്സിൽ ഒരു ചാഞ്ചാട്ടം ഉണ്ടായി.

” അതിപ്പോ.. അങ്ങനെ ഒക്കെ പറഞ്ഞാൽ.. “

അയാൾ പാതി മനസ്സോടെ പറഞ്ഞു.

“നിങ്ങൾ ഒന്നിങ്ങോട്ട് വന്നേ ചന്ദ്രേട്ടാ.. “

അയാൾ പകുതി സമ്മതത്തിൽ ആണെന്ന് കണ്ടപ്പോൾ ബ്രോക്കർ അയാളെ വിളിച്ചു കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു.

” നിങ്ങൾക്ക് സ്വപ്നം കാണാൻ പറ്റുന്നതാണോ ചന്ദ്രേട്ടാ ഈ ബന്ധം..? അവർക്ക് ആണേൽ സ്ത്രീധനമായിട്ട് ഒരു രൂപ പോലും വേണ്ട. പെങ്കൊച്ചിനെ ആണേൽ അവർ പഠിപ്പിച്ചോളും. ആ ചെലവ് പോലും ചന്ദ്രേട്ടൻ നോക്കണ്ട.. അവർക്ക് ആകെ ഉള്ളൊരു ഡിമാൻഡ് പെൺകുട്ടിയെ കാണാൻ സുന്ദരി ആയിരിക്കണം എന്നാണ്. ഇവിടെ നമ്മുടെ കൊച്ചു എന്താ മോശം ആണോ…? “

അയാൾ ഒളികണ്ണിട്ട് ചന്ദ്രനെ നോക്കി. അയാൾ എന്തോ ഗഹനമായ ആലോചനയിൽ ആണെന്ന് കണ്ടപ്പോൾ അയാൾക്ക് സന്തോഷം തോന്നി.

” എന്തായാലും നിങ്ങൾ എടുത്തു ചാടി ഒരു തീരുമാനം പറയണ്ട. നന്നായ് ഒന്ന് ആലോചിക്ക്. എന്നിട്ട് വിവരം എന്നെ വിളിച്ചു പറഞ്ഞാൽ മതി. “

ചന്ദ്രന്റെ കൈയിൽ പിടി മുറുക്കി ബ്രോക്കർ പറയുമ്പോൾ അത് സമ്മതിച്ചു കൊണ്ട് തല ഇളക്കി ചന്ദ്രൻ.

“എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ.. വിവരം എന്താണെന്ന് വച്ചാൽ വിളിച്ചു അറിയിച്ചാൽ മതി. “

പയ്യന്റെ അച്ഛൻ സോമൻ യാത്ര പറഞ്ഞു.

” നിങ്ങൾ നേരത്തെ പറഞ്ഞ പോലെ മോളുടെ പഠിത്തം ആണ് പ്രശ്നം എങ്കിൽ, അത് കാര്യമാക്കണ്ട കേട്ടോ. എന്റെ സ്വന്തം മോളെ പോലെ ഞാൻ നോക്കിക്കോളാം. മോളേ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടത് കൊണ്ട് കൈവിട്ട് കളയാൻ തോന്നുന്നില്ല. “

രേഷ്മയുടെ കൈയിൽ ഒന്ന് തഴുകി പറഞ്ഞു കൊണ്ട് ഗീത ചന്ദ്രനെ നോക്കി. പിന്നെ യാത്ര പറഞ്ഞിറങ്ങി. അവർ പോയ കൂട്ടത്തിൽ തന്നെ ബ്രോക്കറും പോയിരുന്നു.

” എന്താ ചന്ദ്രേട്ടാ ഈ ആലോചിച്ചു കൂട്ടുന്നത്..? “

അവർ വന്നു പോയപ്പോൾ മുതൽ എന്തൊക്കെയോ ആലോചനയിലിരിക്കുന്ന ചന്ദ്രനെ നോക്കി അയാളുടെ ഭാര്യ ചോദിച്ചു.

” ഞാൻ അവർ പറഞ്ഞതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. മോളെ പഠിപ്പിക്കാം എന്നൊക്കെ അവർ പറയുമ്പോൾ, ഇത്രയും നല്ലൊരു ആലോചന വിട്ടു കളയാൻ മനസ്സു വരുന്നില്ല. “

അയാൾ പറഞ്ഞപ്പോൾ അത് ശരിയാണ് എന്നൊരു ഭാവമായിരുന്നു ഭാര്യയിലും.

” ഞാനും അതു തന്നെയാണ് പറയാൻ വന്നത്. ഇപ്പോൾ ഈ വന്നതു പോലെ ഒരു ആലോചന ഇനി എപ്പോഴെങ്കിലും അവൾക്ക് വരുമോ..? നല്ല കുടുംബവും ചുറ്റുപാടും ഒക്കെയുള്ള ആളുകൾ. ചെക്കനും കാണാൻ തരക്കേടില്ല. നമ്മുടെ മോൾക്ക് ചേരും. പിന്നെ കല്യാണം കഴിഞ്ഞാലും അവളെ പഠിപ്പിക്കാം എന്നൊക്കെ പറയുന്നുണ്ടല്ലോ. ഇതിൽ പരം ഭാഗ്യം എങ്ങനെ കിട്ടാനാണ്..? “

ഭാര്യ കൂടി അങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക് വിവാഹം നടത്തിയാൽ കൊള്ളാം എന്നൊരു ആലോചനയിൽ എത്തി.

“നമ്മൾ മോളുടെ അഭിപ്രായം ഒന്നും ചോദിച്ചില്ലല്ലോ.. അവള് എന്താ തീരുമാനിച്ചിരിക്കുന്നത് എന്നു കൂടി ഒന്ന് അന്വേഷിക്കാം. എന്നിട്ട് മതി അവസാനമായി ഒരു തീരുമാനമെടുക്കുന്നത്.”

ചന്ദ്രൻ പറഞ്ഞത് കേട്ടപ്പോൾ ഭാര്യക്ക് ദേഷ്യം വന്നു.

” ഈ വക കാര്യങ്ങളിൽ ഒക്കെ തീരുമാനമെടുക്കുന്നത് അച്ഛനമ്മമാരാണ്. അത് മക്കൾ അനുസരിക്കുകയാണ് പതിവ്. ഇവിടെ ആ പതിവിൽ മാറ്റം ഒന്നും വരുത്തണ്ട. “

അവർ പറഞ്ഞത് കേട്ടുകൊണ്ടാണ് രേഷ്മ അവിടേക്ക് വന്നത്.

” അമ്മ പറഞ്ഞതു പോലെ വിവാഹ കാര്യമൊക്കെ അച്ഛനും അമ്മയും തീരുമാനിക്കുന്നത് പണ്ടാണ്. ഇപ്പോൾ കാലം മാറിയമ്മ.. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒക്കെ ഇപ്പോൾ കൃത്യമായ നിലപാടുകളും ആശയങ്ങളും ഒക്കെയുള്ള കാലഘട്ടമാണ്. എന്റെ വിവാഹ കാര്യമല്ലേ..അപ്പോൾ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.”

അതും പറഞ്ഞു കൊണ്ട് അമ്മയ്ക്കും അച്ഛനും ഒപ്പം അവളും വന്നിരുന്നു. പക്ഷേ അവൾ ആ പറഞ്ഞത് ഇഷ്ടപ്പെടാതെ അവളുടെ അമ്മയുടെ നെറ്റി ചുളിഞ്ഞു.

” അച്ഛാ.. എനിക്കിപ്പോൾ ഒരു വിവാഹത്തിന് താല്പര്യം ഇല്ല. ഞാൻ പഠിക്കുന്നേ ഉള്ളൂ എന്ന് അച്ഛനു അറിയാമല്ലോ. സത്യം പറഞ്ഞാൽ ഒരു വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. അതിനുള്ള പ്രായവും എനിക്ക് ആയിട്ടില്ല.. ഇപ്പോൾ പഠിക്കുന്നതിനെ കുറിച്ചും ഒരു ജോലി വാങ്ങുന്നതിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. പുറത്തേക്ക് ഒന്നിനെക്കുറിച്ചും എന്റെ മനസ്സിലില്ല. ഇപ്പോൾ തന്നെ ഒരു കുടുംബവും പ്രാരാബ്ദവും ഒന്നും ഏറ്റെടുക്കാൻ ഞാൻ തയ്യാറല്ല. “

തനിക്ക് പറയാനുള്ളത് അവൾ പറഞ്ഞു.

“പക്ഷേ മോളെ വിവാഹം കഴിഞ്ഞാലും നിന്റെ പഠനം ഉപേക്ഷിക്കേണ്ടി വരില്ല എന്നല്ലേ അവർ പറഞ്ഞത്..? നിന്നെ പഠിപ്പിച്ചോളാം എന്നും നിനക്ക് നല്ലൊരു ജോലി വാങ്ങി തന്നോളാം എന്നും അവർ ഉറപ്പ് തന്നതല്ലേ..? അങ്ങനെ ഒരു ഫേവർ നമുക്ക് ചെയ്തു തരാമെന്ന് പറയുമ്പോൾ ആലോചന പാടെ തള്ളിക്കളയണ്ട എന്നാണ് അച്ഛന്റെയും അഭിപ്രായം.”

അയാൾ പറഞ്ഞത് കേട്ടപ്പോൾ ഭാര്യയുടെയും മുഖം തെളിഞ്ഞു. അവൾ രണ്ടുപേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.

” അച്ഛനും അമ്മയ്ക്കും എന്റെ കൂട്ടുകാരി രമ്യയെ അറിയില്ലേ..? “

അവൾ രണ്ടുപേരെയും മാറിമാറി നോക്കി.

” കഴിഞ്ഞ വർഷം കല്യാണം കഴിഞ്ഞ ആ പെൺകുട്ടിയല്ലേ..?”

ഓർമ്മയിൽ പരതി കൊണ്ട് അമ്മ ചോദിച്ചു. അതെ എന്ന അർത്ഥത്തിൽ അവൾ പുഞ്ചിരിച്ചു.

” അതെ.അവൾ തന്നെയാണ് ആള്. അവളുടെ ജാതകപ്രകാരം 18 വയസ്സിൽ തന്നെ വിവാഹം നടന്നില്ലെങ്കിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് ഏതോ ഒരു ജ്യോത്സ്യൻ പറഞ്ഞു കൊടുത്തത് അനുസരിച്ചാണ് 18 വയസ്സിൽ തന്നെ അവളെ കെട്ടിച്ചു വിട്ടത്. അവൾക്കും ഇതുപോലെ വിവാഹം ആലോചിച്ചു വന്ന ആളുകൾ തുടർന്ന് പഠിപ്പിക്കാമെന്നും, ജോലി വാങ്ങിക്കൊടുക്കാം എന്നുമൊക്കെ വാക്കു കൊടുത്തതാണ്. പക്ഷേ വിവാഹം കഴിഞ്ഞ് അവൾ പിന്നെ പഠിക്കാൻ വന്നിട്ടില്ല. ഒരിക്കൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ അറിഞ്ഞു അവൾ പ്രഗ്നന്റ് ആണെന്ന്. കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ അവൾക്ക് വിശേഷം ആയിരുന്നു. ഡെലിവറി കഴിഞ്ഞ ശേഷം ഡിസ്റ്റൻഡ് ആയി പഠിച്ചോളാം എന്നാണ് അന്ന് അവൾ ഞങ്ങളോട് പറഞ്ഞത്. പക്ഷേ ഡെലിവറി കഴിഞ്ഞതോടെ അവളുടെ ഉത്തരവാദിത്തങ്ങൾ കൂടി. പഠിക്കാനുള്ള സാഹചര്യം ഇല്ലാതായി. അവളുടെ വീട്ടുകാർ അതിനുള്ള താല്പര്യം കാണിച്ചില്ല എന്ന് പറയുന്നതാണ് ശരി. പഠിപ്പിച്ചോളാം എന്ന വാക്ക് കൊടുത്തവർ പിന്നീട് അത് മറന്ന പോലെയായി. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഉണ്ടായിരുന്ന പെൺകുട്ടിയാണ്. തന്റെ അച്ഛനും അമ്മയും തനിക്ക് വേണ്ടി കഷ്ടപ്പെട്ടതു കൊണ്ട് നല്ലൊരു ജോലി വാങ്ങി അവരെ സംരക്ഷിക്കണം എന്ന് മനസ്സിൽ ഒരു തീരുമാനം ഉണ്ടായിരുന്നതാണ് അവൾക്ക്. പക്ഷേ ഇപ്പോൾ സ്വന്തം വീട്ടിൽ അച്ഛനോ അമ്മയ്ക്കോ എന്തെങ്കിലും കൊടുക്കണമെങ്കിൽ ഭർത്താവിന്റെ മുന്നിലും അമ്മായിയമ്മയുടെ മുന്നിലും കൈ നീട്ടേണ്ട അവസ്ഥയാണ്.അവൾക്ക് വേണ്ടി ഒരു രൂപ ചെലവാക്കുന്നുണ്ടെങ്കിലും അവർ അതിന് 100 കണക്കുകൾ പറയും. ജീവിതം ആകെ മടുത്തിരിക്കുകയാണ് എന്ന് ഇന്നലെ കൂടി അവൾ വിളിച്ചപ്പോൾ പറഞ്ഞതേയുള്ളൂ. “

അത്രയും പറഞ്ഞുകൊണ്ട് അവൾ ചന്ദ്രന്റെ മുഖത്തേക്ക് നോക്കി.

അയാളപ്പോൾ ആ ബ്രോക്കറുടെ നമ്പർ ഡയൽ ചെയ്യുകയായിരുന്നു.

” ആഹ്.. രവീ.. ഞാൻ നന്നായി ആലോചിച്ചു. ഇപ്പോൾ എന്തായാലും എന്റെ മകളുടെ കല്യാണം നടത്തുന്നില്ല. എത്ര കൊമ്പത്തെ ആലോചന ആണെങ്കിലും ഇനി അതും കൊണ്ട് ഇങ്ങോട്ട് വരികയും വേണ്ട. അവൾ പഠിക്കട്ടെ.. പഠിച്ച് നല്ലൊരു ജോലി വാങ്ങട്ടെ.. അതിനുശേഷം അവൾക്ക് സ്വയം തോന്നുമ്പോൾ മാത്രം ഒരു വിവാഹത്തിനെ കുറിച്ച് ആലോചിക്കാം.. “

അത്രയും പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്ത് അയാൾ മകളെ ചേർത്തു പിടിച്ചു. ആ സമയം അയാളുടെ ഭാര്യയുടെ ചുണ്ടിലും പുഞ്ചിരിയായിരുന്നു.