വിശപ്പ്
രചന : സോണി അഭിലാഷ്
::::::::::::::::::
” നാരായണി നീയിത് എങ്ങോട്ടാ..”
പുറകിൽ നിന്നും കരുണാകരൻ വിളിച്ചു ചോദിച്ചുകൊണ്ട് നാരായണിയുടെ പിറകെ ഓടി..ഇത് കരുണാകരനും നാരായണിയും ചെറുവെട്ടൂർ എന്ന ഗ്രാമത്തിലാണ് ഇവരുടെ താമസം.
മക്കളുണ്ടായിട്ടും അനാഥരാക്കപ്പെട്ട രണ്ടുപേർ.. കരുണാകരൻ ഈ പ്രായത്തിലും ജോലിക്കുപോയാണ് അവരുടെ അടുപ്പ് പുകയുന്നത്.
നാരായണിക്ക് ചില സമയങ്ങളിൽ മാനസിക പ്രശനങ്ങൾ ഉണ്ടാവാറുണ്ട് ആ ദിവസങ്ങളിൽ ഈ കാഴ്ച്ച ആ നാട്ടുകാർക്ക് പരിചിതമാണ്.പക്ഷേ ഈ ഇടെയായി ഈ കാഴ്ച്ച മിക്ക ദിവസങ്ങളിലുമുണ്ട്..കൊറോണ കാരണം ആ നാട്ടിൽ പണിയില്ലാതെയായ കുറെ ആളുകളുണ്ട്.
അതിൽ കരുണാകരനുമുണ്ട്. പ്രായം സമ്മതിക്കാത്തത് കൊണ്ട് ഭാരപ്പെട്ട ജോലി ചെയ്യാൻ അയാളെക്കൊണ്ട് കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ പലപ്പോഴും വീട്ടിൽ അടപ്പ് പുകഞ്ഞിരുന്നില്ല. വിശപ്പ് കലശലാകു മ്പോൾ നാരായണിയുടെ മാനസികനില ഒന്നുകൂടി വഷളാവും..
” അല്ല കരുണാകരേട്ടാ നിങ്ങളിത് എങ്ങോട്ടാ ഓടണത്..? ” ചായക്കടക്കാരൻ ബഷീർ വിളിച്ചു ചോദിച്ചു.
” ഒരുത്തി ദേ ഓടിപോകുന്നത് കണ്ടോ… എനിക്ക് വയ്യാ അവളുടെ പിറകെ ഓടാൻ “
മുന്നിൽ ഓടുന്ന നാരായണിയെ ചൂണ്ടി കാണിച്ചിട്ട് അയാൾ പറഞ്ഞു.
” അതെന്താ ഇന്നും വീട്ടിലൊന്നും ഉണ്ടായില്ലേ കഴിക്കാൻ..”
ബഷീറിന്റെ ചോദ്യത്തിന് മുന്നിൽ കരുണാകരന്റെ തല കുനിഞ്ഞു…അത് കണ്ട് ബഷീറിന് വിഷമമായി..
” കണാരേട്ട നിങ്ങളെന്നും ഇങ്ങോട്ട് ബരിൻ വലിയ കച്ചോടമൊന്നുമില്ല..എന്നാലും നിങ്ങൾക്ക് രണ്ടാൾക്കും ഒരു നേരം കഴിക്കാനുള്ളത് ഞാൻ തരാം..ഇല്ലങ്കിൽ നിങ്ങളെന്നും ഇങ്ങനെ ഓടേണ്ടി വരും.”
” അതൊന്നും വേണ്ട ബഷീറേ..” അയാൾ മറുപടി പറഞ്ഞു
” ഇങ്ങളിപ്പോ ഒന്നും പറയണ്ട..ങ്ഹാ ദേ ചേച്ചി വരുന്നുണ്ടല്ലോ..”
ബഷീറ് പറയുന്നത് കേട്ട് കരുണാകരൻ നോക്കുമ്പോൾ ആരോ കൊടുത്ത എന്തോ ഭക്ഷണം കഴിച്ചുകൊണ്ട് നാരായണി വരുന്നുണ്ടയിരുന്നു..
ആ കാഴ്ച്ച കരുണാകരന്റെ നെഞ്ചിലൊരു വിങ്ങലായി. നാരായണി അയാളുടെ അടുത്തെത്തി..
” നീയെന്ത് പണിയാ കാണിച്ചത്..ഈ വയസുകാലത്തു എന്നെയിങ്ങനെ എന്തിനാ ഓടിക്കുന്നത്..”
സങ്കടവും ദേഷ്യവും ചേർന്ന സ്വരത്തിൽ അയാൾ ചോദിച്ചു. അവർ ഒരു നിമിഷം അയാളെ നോക്കി നിന്നിട്ട് പറഞ്ഞു.
” അതെനിക്ക് വിശന്നിട്ടല്ലേ..”
അവർ സംസാരിക്കുമ്പോൾ ബഷീറ് വന്നു ഒരു പൊതി നാരായണിക്ക് കൊടുത്തിട്ട് പറഞ്ഞു.
” ചേച്ചി ഇനി ഇങ്ങനെ ഓടരുത്. ഇത് കൊണ്ടുപോയി കഴിക്ക്.നാളെ മുതൽ കഴിക്കാനുള്ളത് ഞാൻ തരാട്ടോ..”
അതും മേടിച്ചിട്ട് ബഷീറിനെ ഒന്ന് നോക്കികൊണ്ട് കരുണാകരൻ നാരായണിയുടെ കൈപിടിച്ചു നടന്നു..ആ കാഴ്ച്ച കണ്ട ബഷീറിന്റെ കണ്ണ് നിറഞ്ഞു.
” എങ്ങിനെ ജീവിച്ച മനുഷ്യനാണ്..ഇപ്പോ ഈ അവസ്ഥയിലായി…”
ആ ഗ്രാമത്തിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു കരുണാകരന്റെ അച്ഛൻ ദാസൻ. സമ്പത്തിന്റെ നടുവിലായിരുന്നു കരുണാകരന്റെ ജനനം പക്ഷേ അച്ഛന്റെ ധൂർത്തും രാഷ്ട്രീയവും കാരണം സമ്പത്ത് പതുക്കെ നഷ്ടമായി തുടെങ്ങി. അച്ഛൻ ദാസൻ മരിക്കുമ്പോൾ വീടും അതിരിക്കുന്ന കുറച്ചു സ്ഥലവും മാത്രമായി.
നാരായണിയെ കല്ല്യാണം കഴിച്ചു കൊണ്ടുവരുമ്പോൾ കരുണാകരന് തയ്യലായിരുന്നു ജോലി അവർക്ക് രണ്ട് ആൺമക്കളുമുണ്ടായി വലിയ കുഴപ്പമൊന്നുമില്ലാതെയായിരുന്നു അവരുടെ ജീവിതം. ഒരു ദിവസം അപ്രതീക്ഷതമായിട്ട് അവരുടെ മൂത്ത മകൻ ദാമു മരിച്ചത് പൊതുവെ അസുഖക്കാരനായിരുന്നു ദാമു.
പക്ഷേ ആ മരണം നാരായണിയുടെ മനസിന്റെ താളം തെറ്റിച്ചു. എന്നാലും വലിയ പ്രശനങ്ങൾ ഒന്നുമില്ലാതെ ഇളയ മകൻ രാമുവുമായി അവർ ജീവിച്ചു. തയ്യലിൽ നിന്നും കിട്ടുന്ന വരുമാനമായിരുന്നു ഏക ആശ്രയം.. രാമു പത്താം തരം കഴിഞ്ഞപ്പോൾ അവനും കടയിൽ അച്ഛനെ സഹായിക്കാൻ കൂടി.
ഇടക്കിടക്ക് നാരായണിയെ ഡോക്ടറെ കാണിച്ച് മരുന്ന് കൊടുക്കുന്നത് കൊണ്ട് വീട്ടിലെ എല്ലാ കാര്യങ്ങളും അവർ ചെയ്തിരുന്നു. എന്നാലും ഇടക്കെല്ലാം അവർ തനിയെ കരച്ചിലും ആരോടും സംസാരിക്കാതാവുകയും ഒക്കെ ചെയ്തിരുന്നു. എന്നാലും ഭർത്താവിന്റെയും മകന്റെയും കാര്യങ്ങളിൽ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല.
വർഷങ്ങൾ കടന്നുപോയി കഷ്ടപ്പാടുകൾ ക്കിടയിലും തന്റെ കുടുംബത്തിന്റെ കഴിഞ്ഞകാലങ്ങൾ കരുണാകരന്റെ മനസിലൂടെ ഇടക്കിടക്ക് കടന്നുപോയി..
അച്ഛന്റെ പിടിപ്പുകേടാണ് ഇന്ന് ഈ അവസ്ഥക്ക് കാരണം. ഇട്ടുമൂടാൻ സ്വത്തും സമ്പത്തുമുണ്ടായിട്ടും ഒരിക്കലും അമ്മയും ഒറ്റ മകനായ താനും സന്തോഷവും സമാധാനവും അനുഭവച്ചിരുന്നില്ല. എന്നും അച്ഛൻ വീട്ടിൽ എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടാക്കുമായിരുന്നു. ശരിക്ക് പറഞ്ഞാൽ അച്ഛനെ ഞങ്ങൾക്ക് പേടിയായിരുന്നു.
അതുകൊണ്ട് തന്നെ അച്ഛനെ എതിർക്കാനോ തിരുത്താനോ ശ്രെമിച്ചില്ല. ആ നാട്ടിലെ ജന്മിയായിരുന്നു അച്ഛൻ ഇഷ്ടംപോലെ സ്ഥലവും കൃഷിയും അതുപോലെ കള്ളുഷാപ്പും ഒക്കെയുള്ള പേരുകേട്ട പണക്കാരൻ..അതുകൊണ്ട് തന്നെ കൂട്ടുകാർക്കും ഒപ്പം പുകഴ്ത്തലുകാർക്കും ഒരു പഞ്ഞവുമില്ലായിരുന്നു.
ഇടതുപക്ഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു അതുകൊണ്ട് തന്നെ അന്നത്തെ വലിയ വലിയ നേതാക്കളെല്ലാം അച്ഛന്റെ തോളിൽ കൈയിട്ടായിരുന്നു നടത്തം. അക്കാലങ്ങളിൽ ഉണ്ടായിരുന്ന രാഷ്ട്രീയ കേസുകളിൽപെട്ട പല നേതാക്കളും വീടിന്റെ മച്ചിനുമുകളിൽ ഒളിച്ചു താമസിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു.
അവർക്കുള്ള ഭക്ഷണവും വെള്ളവും ക ള്ളുമെല്ലാം എത്തിച്ചുകൊടുക്കാൻ അച്ഛൻ തന്നെയും ചുമതലപെടുത്തി യിരുന്നു. രാഷ്ട്രീയം തലയ്ക്ക് പിടിച്ചപ്പോൾ പുകഴ്ത്തലുകാരുടെ വാക്കുകളിൽ മയങ്ങി അച്ഛൻ സ്വയം മറന്നപ്പോൾ നിലനില്പിന്റെ അടിത്തറ ഇളകുന്നത് അറിഞ്ഞില്ല.
നേതാക്കന്മാരെ കേസുകളിൽ നിന്നും രക്ഷിക്കാനായി ഏക്കറു കണക്കിന്നുണ്ടായിരുന്ന ഭൂമി കഷ്ണങ്ങളായി മുറിച്ചു വിൽക്കാൻ തുടെങ്ങി.
വെറുതെ കവലയിലൂടെ നടക്കുന്ന സമയത്തു വേലു മൂപ്പന്റെ തയ്യൽ കടയിൽ പോയിരിക്കുമായിരുന്നു അച്ഛനറിയാതെ അവിടെയിരുന്നു തയ്യൽ പഠിച്ചു.ഇതിന്റെ ആവശ്യം നിനക്കുണ്ടോയെന്ന് വേലു മൂപ്പൻ ചോദിക്കുമ്പോൾ ഭാവിയിൽ ആവശ്യം വന്നാലോയെന്ന് തമാശക്ക് മറുപടിയും കൊടുത്തിരുന്നു.
കൃഷിചെയ്യാൻ പലർക്കായി പാട്ടത്തിനു കൊടുത്ത ഭൂമിയുടെ പട്ടയം പോലും എവിടെയാണെന്ന് അച്ഛനറിയില്ലായിരുന്നു. രാഷ്ട്രീയ ല ഹരിയിൽ മതിമറന്നപ്പോൾ ഒരു വശത്തുകൂടി കൈയിലുണ്ടായിരുന്ന സ്വത്തുക്കൾ ചോർന്നുപോകുന്നത് അറിയാതെ പോയി.. അവസാനം തിരിച്ചറിവ് വന്നപ്പോൾ ഈ വീടും ഇതിനു ചുറ്റുമുള്ള കുറച്ചു സ്ഥലവും മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു.
ഒരു രാത്രി പശ്ചാത്താപത്താൽ തന്നെയും അമ്മയെയും ചേർത്തുപിടിച്ചു ക്ഷമ പറഞ്ഞു കരഞ്ഞ അച്ഛൻ പിറ്റേദിവസം മുറ്റത്തു നിൽക്കുന്ന മാവിന്റെ കൊമ്പിൽ ഒരു മുഴം കയറിൽ തൂങ്ങി കിടക്കുമ്പോൾ താൻ വെറും പതിനെട്ട് വയസുകാരനായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ സമയം അച്ഛൻ ഒരു ജോലിക്കും പോകാൻ സമ്മതിച്ചിരുന്നില്ല.
തളർന്നുപോയ അമ്മയെ ചേർത്തുപിടിച്ചു കൊണ്ട് കരുണാകരൻ നിന്നൂ. അച്ഛന്റെ ആവശ്യങ്ങൾ കഴിഞ്ഞ് ഒരു ദിവസം വേലു മൂപ്പന്റെ അടുത്തു ചെന്ന് ഒരു ജോലി താരോന്നു ചോദിച്ചു തന്റെ അവസ്ഥകൾ അറിയാവുന്നത് കൊണ്ട് അന്ന് മുതൽ അവിടെ തയ്യിക്കാനായി ചേർന്നു.വലിയ വരുമാനമൊന്നും ഇല്ലങ്കിലും തൽക്കാലം കഴിഞ്ഞു പോകാനുള്ളത് കിട്ടുമായിരുന്നു.
ഇരുപത്തിരണ്ടാം വയസിൽ നാരായണി ജീവിത്തിലേക്ക് വന്നു പിന്നെ രണ്ട് മക്കൾ ദാമുവും രാമുവും വലിയ അല്ലലില്ലാതെ ജീവിതം മുന്നോട്ട് പോയി ഇതിനിടയിൽ അമ്മ മരിച്ചു..മക്കൾ ഒരു വിധം വലുതായി അതിനിടയിലാണ് ദാമു ഒരു അസുഖക്കാരനാണെന്ന് അറിഞ്ഞത്.. പതിനഞ്ചാം വയസിൽ ദാമു മരിച്ചു. അതോടു കൂടി നാരായണിക്ക് ചില മാനസിക പ്രശനങ്ങൾ തുടെങ്ങി.
” അച്ഛനിതെന്താ ആലോചിച്ചിരിക്കുന്നെ കഴിക്കുന്നില്ലേ…” രാമുവിന്റെ ചോദ്യമാണ് കരുണാകരനെ ഓർമയിൽ നിന്നുണർത്തിയത്.
” ങ്ഹാ വാ കഴിക്കാം..അമ്മ കഴിച്ചോ..”
” കഴിച്ചു മരുന്നും കൊടുത്തു കിടത്തി.. പിന്നെ അച്ഛാ ആ ബ്രോക്കർ ഒരു കല്ല്യാണ കാര്യം പറഞ്ഞു കേട്ടിട്ട് നല്ലതാണെന്ന് തോന്നുന്നു..”
” മ്മ് നല്ലതാണെന്ന് തോന്നുന്നെങ്കിൽ നീ അയാളുമായി പോയി കാണു എന്നിട്ട് തീരുമാനിക്കാം..”
രാമു ബ്രോക്കറുമായി പോയി പെണ്ണ് കണ്ടു പെണ്ണിന്റെ പേര് കാത്തു.
പരസ്പരം ഇഷ്ടമായതുകൊണ്ട് കല്യാണവും പെട്ടന്ന് കഴിഞ്ഞു.കാത്തു ആ വീടിന്റെ മരുമകളായി വന്നു. എല്ലാവരോടും നല്ല സ്നേഹമായിരുന്നു അവൾക്ക് കല്ല്യാണം കഴിഞ്ഞു രണ്ടുവർഷമായി അവർക്ക് ഒരു കുഞ്ഞുണ്ടായി മണിക്കുട്ടൻ.
പിന്നെയും വർഷം രണ്ട് കടന്നുപോയി മണികുട്ടന് രണ്ടു വയസായി.. ഇപ്പോൾ അടിക്കടി നാരായണിക്ക് അസുഖം ഉണ്ടാകുന്നുണ്ട്.
അങ്ങിനെയിരിക്കെ ഒരു ദിവസം പെട്ടന്നാണ് ഹർത്താൽ ഉണ്ടായത് ഉച്ചക്ക് ശേഷം എല്ലാ കടകളും അവർ അടപ്പിച്ചു..ഇനി ഊണ് വീട്ടിൽ പോയി കഴിക്കാമെന്ന് രാമു പറഞ്ഞത് കൊണ്ട് അവന്റെ സൈക്കിളിൽ അവർ വീട്ടിലേക്ക് പോയി.
വീടിനടുത്തേക്ക് അടുക്കുന്തോറും കാത്തുവിന്റെ വലിയ ഒച്ചയും കേൾക്കുന്നുണ്ട് അവർ വേഗം അങ്ങോട്ട് ചെന്നു.അപ്പോൾ കണ്ട കാഴ്ച്ച ഒരു വടികൊണ്ട് നാരായണിയെ തല്ലുന്ന കാത്തുവിനെയാണ്..കരുണാകരൻ ഓടി അങ്ങോട്ട് ചെന്നു.
” എന്താ..എന്തിനാ നീയവളെ തല്ലുന്നത്..?”
ദേഷ്യത്തോടെ കരുണാകരൻ ചോദിച്ചു അപ്പോഴേക്കും രാമുവും എത്തി..
” അച്ഛൻ ആ കുഞ്ഞിനെ നോക്ക് അതിന്റെ നെറ്റികണ്ടോ..? “
കാത്തു പറഞ്ഞത് കേട്ട് അവർ കുഞ്ഞിനെ നോക്കി..അവന്റെ നെറ്റിയുടെ ഒരു വശം മുഴച്ചു നിൽക്കുന്നു. രാമു വേഗം ചെന്ന് കുഞ്ഞിനെ എടുത്തു അവളുടെ അടുത്തേക്കു ചെന്ന് ചോദിച്ചു
” എടി കാത്തു കുഞ്ഞിന് ഇത് എന്ത് പറ്റിയതാ..? “
” നിങ്ങള് നിങ്ങടെ അമ്മയോട് ചോദിക്ക് അവര് പറയും..”
” സുഖമില്ലാത്ത അമ്മയാണോ ഇപ്പോ ഇതിന് ഉത്തരം പറയുന്നത്..” അവൻ ദേഷ്യത്തോടെ ചോദിച്ചു
” ഞാൻ കുഞ്ഞിനൊരു മുട്ട പുഴുങ്ങി കൊടുത്തു അപ്പോൾ അത് അമ്മയ്ക്ക് വേണം അതിന് മുൻപ് പുഴുങ്ങി കഴിച്ചതാ ഞാൻ പറഞ്ഞു ഇനി നാളെ താരാന്ന്. അതും പറഞ്ഞു ഞാൻ അകത്തേക്ക് കയറിയപ്പോൾ കുഞ്ഞിനെ പിടിച്ചു ഒരു തള്ള് അവൻ ആ കല്ലിൽ വീണ് നെറ്റിയിടിച്ചു മുഴച്ചു..”
അത് കേട്ട കരുണാകരൻ നാരായണിയുടെ അടുത്തു ചെന്നു കാര്യം ചോദിച്ചു അവർ ഒന്ന് മിണ്ടാതെ തല താഴ്ത്തി നിന്നു.
” ദേ രാമുച്ചേട്ടാ ഇനിയിവിടെ ഞാൻ നിൽക്കില്ല നമുക്ക് എന്റെ വീട്ടിൽ പോകാം. തയ്യൽ കട അവിടെയും ഇടലോ.”
കാത്തു പറയുന്നത് കേട്ട രാമു കരുണാകരന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.
” അച്ഛാ ഇനിയവിടെ നിന്നാൽ അമ്മയ്ക്ക് ഭ്രാന്ത് മൂത്ത് എന്റെ കൊച്ചിനെ കൊല്ലും അതുകൊണ്ട് ഞങ്ങൾ അവളുടെ വീട്ടിലേക്ക് പോവാണ്..”
” ഇനിയിവർ മരിച്ചിട്ടേ ഞാനീ വീട്ടിലേക്ക് വരൂ.” കാത്തു പറഞ്ഞു
അങ്ങിനെ അവർ പോയി കഴിഞ്ഞപ്പോൾ അടുത്തുള്ളവർ അങ്ങോട്ട് വന്നു. അതിൽ പ്രായമായ ഒരു സ്ത്രീ പറഞ്ഞു.
” കരുണകാരാ അവൾ പറഞ്ഞത് നുണയാ..നിങ്ങള് രാവിലെ പോയാൽ രാത്രിയല്ലേ വരുന്നത് അതുവരെ എല്ലാ ജോലിയും അവൾ ഇവളെ കൊണ്ടാ ചെയ്യിക്കുന്നത്. നാരായണിക്ക് അവൾ ശരിക്കും ഭക്ഷണം കൊടുക്കാറില്ല അതാണിപ്പോൾ ഇവൾക്ക് അസുഖം വരുന്നത്..മിക്കവാറും ദിവസങ്ങളിൽ തല്ലുകയും ചെയ്യും. ഇന്ന് കൊച്ചു തന്നെ വീണ് തല മുട്ടിയതാ.”
എല്ലാം കേട്ട അയാൾ നാരായണിയെ കൂട്ടി അകത്തേക്ക് പോയി..പിന്നെ എന്നും രാവിലെ കരുണാകരൻ ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടാണ് കടയിൽ പോകുന്നത്. നാരായണിയെ ശ്രെദ്ധിക്കാൻ അയൽക്കാരോട് അയാൾ പറഞ്ഞിരുന്നു.
വലിയ പ്രശനങ്ങളില്ലാതെ ദിവസങ്ങൾ പോയി രാമുവോ കാത്തുവോ പിന്നെയാ വീട്ടിലേക്ക് വന്നതില്ല. അപ്പോഴാണ് നാട്ടിൽ കൊറോണയുടെ തുടക്കം. ഗവണ്മെന്റ് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ കടയിൽ പോകാനോ കരുണാകരന് പറ്റാതെയായി.
ആദ്യ ദിവസങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല കുറച്ചു സാധനങ്ങൾ വീട്ടിലുണ്ടായിരുന്നു പിന്നെ ഗവണ്മെന്റ് കൊടുത്തതും അല്ലാതെ കിട്ടിയതുമായ സഹായങ്ങൾ ഉണ്ടായതുകൊണ്ട് കഞ്ഞി കുടിച്ചു പോകാമായിരുന്നു..പിന്നെ പിന്നെ കാര്യങ്ങൾ കൈവിട്ട് പോകാൻ തുടെങ്ങി.
നാരായണിക്ക് വീണ്ടും മാനസികനില തെറ്റി എപ്പോഴും വിശപ്പ് എന്നൊരു ചിന്ത മാത്രമേ അവർക്കുള്ളയിരുന്നു. മറ്റുള്ളവർ സഹായിക്കുന്നതിന്റെ പരിധിയും കഴിഞ്ഞു. ഇടക്കെല്ലാം പോയി കട തുറന്നിട്ടും കാര്യമായ തയ്യലൊന്നും കിട്ടിയതുമില്ല.. നാരായണിക്ക് വിശപ്പ് കൂടുമ്പോൾ ഇറങ്ങിയോടുന്നത് പതിവായി.
ഇന്നിറങ്ങി ഓടുന്നത് കണ്ടിട്ടാണ് ബഷീർ ഭക്ഷണം കൊടുത്തതും ഇനിയെന്നും കൊടുക്കാമെന്ന് പറഞ്ഞതും. അതൊരു ആശ്വാസമായി തോന്നിയെങ്കിലും പിന്നീട് ഉള്ള ദിവസങ്ങൾ ആളുകൾ ഓരോന്ന് പറയുന്നത് കരുണാകരന് കേൾക്കേണ്ടി വന്നു..
പലരും നാരായണിയെ അടുത്തുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ ഉപദേശിച്ചു. അവിടെയാകുമ്പോൾ ഭക്ഷണവും മരുന്നും കിട്ടുമെന്ന് പറഞ്ഞത് കേട്ട് നാരായണിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. എന്നാൽ അവരവിടെ കിടക്കാതെ തിരിച്ചു വീട്ടിലേക്ക് പോന്നു.
തിരിച്ചു വന്ന നാരായണിക്ക് മുന്നിൽ വിശപ്പ് വീണ്ടും വെല്ലുവിളിയായി. കരുണാകരൻ ആകെ വിഷമത്തിലുമായി. പലവട്ടം രാമുവിനെ വിളിച്ചെങ്കിലും അവൻ സംസാരിക്കാനോ ഒന്ന് വന്ന് വിവരം തിരക്കാനോ കൂട്ടാക്കിയില്ല..അതിനിടയിൽ അവർക്ക് രണ്ടുപേർക്കും കൊറോണയും വന്നതോടെ നാട്ടുകാർക്കിടയിൽ അവർ ഒറ്റപെട്ടു..അന്ന് രാത്രിയും വിശപ്പ് സഹിക്കാതെയുള്ള നാരായണിയുടെ കരച്ചിൽ അയൽവാസികൾ കേട്ടിരുന്നു.
ഒരു ദിവസം ആ നാടുണർന്നത് ഒരു ദുരന്ത വാർത്തയോടെയാണ്…
പണ്ട് കരുണാകരന്റെ അച്ഛൻ കെട്ടി തൂങ്ങിയ മാവിന്റെ കൊമ്പിൽ ഒരു കയറിന്റെ രണ്ടറ്റങ്ങളിലായി കരുണാകരനും നാരായണിയും തൂങ്ങി നിന്നു..അതെല്ലാവർക്കും ഒരു നൊമ്പര കാഴ്ച്ചതന്നെയായിരുന്നു. ഒരു ജന്മിയുടെ മകനായി ജനിച്ചിട്ട് ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ തൂങ്ങി മ രിക്കേണ്ടി വന്ന കരുണാകരനെയോർത്തു നാട്ടുകാർ നെടുവീർപ്പിട്ടു..
അധികൃതരെത്തി രണ്ടുപേരുടെയും ശരീരങ്ങൾ അവിടന്ന് മാറ്റി..ബാക്കി നിയമ നടപടികൾ പൂർത്തിയാക്കി ആരെയും കാണിക്കാതെ അന്ത്യകർമങ്ങൾ ഒന്നും ചെയ്യാതെ അവരെ അഗ്നിയേറ്റു വാങ്ങി..
കഷ്ടതയുടെ സമയത്ത് മാതാപിതാക്കളെ സംരക്ഷിക്കാതിരുന്ന രാമു വിവരമറിഞ്ഞു ഓടിയെത്തിയെങ്കിലും അവരെയൊന്ന് കാണാൻപോലും കഴിഞ്ഞില്ല…
എന്നും അയൽവാസികൾ കേട്ടിരുന്ന നാരായണിയുടെ വിശപ്പിന്റെ നിലവിളിയും അവർക്കൊപ്പം എന്നത്തേക്കുമായി വിട പറഞ്ഞു…