തട്ടുകടയടക്കം എല്ലാ വിശേഷ വിഭവങ്ങളും രുചിച്ചതിനുശേഷം ഞങ്ങൾ വധൂ വരന്മാർക്ക്…

ഒരു ടീ പാർട്ടിക്കഥ

രചന: പ്രവീൺ ചന്ദ്രൻ

:::::::::::;;;;

ഭാര്യവീട്ടിൽ പോയി മടങ്ങിവരുന്ന സമയത്താണ് അച്ഛന്റെ ഫോൺ കോൾ വന്നത്..കാർ സൈഡി ലേക്ക് ഒതുക്കി നിർത്തി ഞാൻ ഫോണെടുത്തു..

“ഡാ നീ വരണവഴി തോപ്പിൽ കല്ല്യാണ്ഡപത്തിൽ ഒരു കല്ല്യാണ പാർട്ടിക്ക് കയറോ? എന്റെ ഒരു ഗഡീടെ മോന്റെയാ..”

പാർട്ടി എന്ന് കേട്ടപ്പോഴേ നാവീന്ന് വെളളമൂറി… ചെറുപ്പം മുതലേ കല്ല്യാണ ടീപ്പാർട്ടികൾ എനി ക്കൊരു ഹരമായിരുന്നു…

പണ്ട് ഒരു ബോക്സിനകത്തായിരുന്നു പാർട്ടി വിഭ വങ്ങൾ ഉണ്ടായിരുന്നത്..ആ ബോക്സ് മുന്നിലെ ത്തുംമ്പോൾ ഒരു തരം ആകാംക്ഷയാണ് അതിന കത്ത് എന്തൊക്കെ വിഭവങ്ങളാണെന്നറിയാൻ…

പഫ്സ്,സമൂസ,ലഡു,ജിലേബി,മിക്സർ,മിഠായി, അങ്ങനെ പോകുന്നു അതിനുളളിലെ വിഭവങ്ങ ൾ..പെട്ടി തുറക്കുമ്പോൾ നാവിലൂടെ വെളളം ഊറി വരും…അവസാനം ഒരു ഐസ്ക്രീമും കൂടി കിട്ടി യാ പാർട്ടി ഭേഷായി….

ഇന്നിപ്പോ കാലംമാറി തട്ടുകട വരെ പാർട്ടി പന്തലി നുളളിലായി… പണ്ടത്തെ ബോക്സിന്റെ അത്ര വരി ല്ലെങ്കിലും ടീ പാർട്ടി എല്ലാവർക്കും ഇപ്പോഴും ഒരു ഹരം തന്നെയാണ്…

“ശരി അച്ഛാ ഞങ്ങൾ പോകാട്ടാ”

ഫോൺ കട്ട് ചെയ്ത് ഞങ്ങൾ ആ പാർട്ടി ഹാളിനെ ലക്ഷ്യമാക്കി നീങ്ങി…

നല്ല വമ്പൻ പാർട്ടിയാണെന്ന് പുറത്ത് നിന്നേ ഞങ്ങൾക്ക് മനസ്സിലായി…

കാർ പാർക്ക് ചെയ്ത് ഞങ്ങൾ ഹാളിനകത്തേക്ക് പ്രവേശിച്ചതും തടിച്ച് കൊഴുത്ത ഒരു കാരണവർ ഞങ്ങളെ സ്വീകരിക്കാനെത്തി…

“പ്ലീസ് കം…എന്തൊക്കെയുണ്ട് സുഖം തന്നെയ ല്ലേ?”അയാൾ ഞങ്ങളോടായി വിശേഷം തിരക്കി..

അച്ഛന്റെ കൂട്ടുകാരനായിരിക്കണം അയാൾ.. ഞങ്ങളെ കണ്ടപാടെ മൂപ്പർക്ക് മനസ്സിലായിക്കാ ണണം..ഛെ!..എന്നാലും തിരക്കിനിടയിൽ അച്ഛന്റെ കൂട്ടുകാരന്റെ പേരു ചോദിക്കാനും മറന്നു…

“സുഖായിരിക്കുന്നു അങ്കിൾ..അച്ഛന് വരാൻ പറ്റിയില്ല..അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്”

അദ്ദേഹം അല്പം ആലോചിച്ചതിനുശേഷം..

“എനിക്കങ്ങ്ട് അത്ര പിടി കിട്ടിയില്ല.. മോനെവിട ത്തെയാ”

“ഞാൻ പുത്തൂര് നിന്നാ..ചന്ദ്രൻ എന്റെ അച്ഛനാ!”

“ഹോ..ചന്ദ്രന്റെ മകനാണോ..നീ അമേരിക്കയില ല്ലേ?”

“അല്ല അബുദാബിയിലാ..”

“ആണോ..അച്ഛനോട് അന്വേഷണം പറയണേ.. ഭക്ഷണം റെഡിയാണ്..അങ്ങോട്ടേക്കിരുന്നോളൂ”..

അദ്ദേഹം ഞങ്ങളെ ഒരു ഒഴിഞ്ഞ ടേബിളിലിലേക്കി രുത്തി…

തട്ടുകടമുതൽ ആടിനെ അങ്ങനെത്തന്നെ ചു ട്ടത് വരെ അവിടെയുണ്ടായിരുന്നു..പോരാത്തതിന് നല്ല വിശപ്പും..

“എന്നാലും നിങ്ങൾക്ക് അച്ഛനോട് ആ കൂട്ടുകാര ന്റെ പേരെങ്കിലും ചോദിക്കാമായിരുന്നു” ഭാരൃ കുറച്ച് വിഷമത്തോടെ പറഞ്ഞു..

“ആ വിട്ടുകള..എന്തായാലും നല്ല ഗംഭീര പാർട്ടി തന്നെ..”

തട്ടുകടയടക്കം എല്ലാ വിശേഷ വിഭവങ്ങളും രുചിച്ചതിനുശേഷം ഞങ്ങൾ വധൂ വരന്മാർക്ക് ആശംസകൾ നേരാനായി സ്റ്റേജിലേക്ക് കയറി…

ഇതിനിടയ്ക് പലരോടും പരിചയഭാവേന ചിരിക്കാ നും ഞങ്ങൾ മറന്നില്ല..

ഷാരോൺ എന്നാണ് മകന്റെ പേര് എന്ന് എനിക്ക് ബോർഡിൽ നിന്നു മനസ്സിലായി…

വരന് ഷേക്ക് ഹാന്റ് കൊടുത്തുകൊണ്ട് അന്ത സ്സോടെ ഞാൻ സ്വയം പരിചയപെടുത്തി..

“കൺഗ്രാറ്റ്സ്.. ഞാൻ താങ്കളുടെ അച്ഛന്റെ സുഹൃ ത്തിന്റെ മകനാണ്.”

“ഓ..ശ്രീകുമാർ അങ്കിളി ന്റെ മകനാണോ?” അവൻ ആശ്ചര്യത്തോടെ ചോദിച്ചു”

“അല്ല..ചന്ദ്രൻ..പുത്തൂരുളളത്..അങ്കിളിനെ ഞങ്ങൾ വെളിയിൽ മീറ്റ് ചെയ്തു….”

അതുപറഞ്ഞതും അവന്റെ മുഖം മങ്ങി…

“എന്റെ അച്ഛനോ..അച്ഛൻ മരിച്ചിട്ട് അഞ്ചു വർഷമായല്ലോ?”

ഷോക്കേറ്റത് പോലെയായി ഞാൻ…

“അല്ലാ അപ്പോൾ പുറത്ത് നിന്നിരുന്ന ആ തടിച്ച ആൾ..ഞാൻ വിക്കി വിക്കി ചോദിച്ചു..

“ഓ അതോ അത് വൈഫി ന്റെ ഫാദറാണ്..മേ ബി അദ്ദേഹത്തിന്റെ ഫ്രണ്ട് ആയിരിക്കും താങ്കളുടെ ഫാദർ”

എനിക്കാകെ കൺഫ്യൂഷനായി.. ശരിയാണ് എന്ന ഭാവേന തലകുലുക്കി സ്റ്റേജിൽ നിന്നിറങ്ങുമ്പോ ഴും എന്റെ മനസ്സിൽ ഒരു സംശയം ബാക്കിയായി…

“ഇനി അച്ഛൻ കൂട്ടുകാരന്റെ മകൾ എന്നായിരി ക്കോ പറഞ്ഞത്” ഭാര്യ ആകാംക്ഷയോടെ ചോദിച്ചു…

ശരിയാവാം..എന്തായാലും അച്ഛനെ വിളിച്ചൊന്നു ചോദിച്ചേക്കാം

പക്ഷെ അച്ഛൻ നോട്ട് റീച്ചബിളായിരുന്നു…

എനിക്കെന്തൊ ഒരു പന്തികേട് തോന്നി.. വയറ്റിൽ നിന്ന് ആട് കരയുന്നപോലെ ഒരു ശബ്ദം…

എന്തായാലും ഇനി അവിടെ നിക്കുന്നത് അത്ര പന്തിയല്ലെന്ന് ഞങ്ങൾക്കു തോന്നി..

അവിടന്നിറങ്ങാൻ നേരം ആ തടിച്ച മനുഷ്യൻ ഞങ്ങളെ വീണ്ടും പിടികൂടി..

“എനിക്കിപ്പോഴാട ശരിക്കും ആളെ പിടികിട്ടിയ ത്..നേവിയിലുണ്ടായിരുന്ന വൺ മിസ്റ്റർ ചന്ദ്രൻ മേനോന്റെ മകനല്ലേ?”

തൽക്കാലത്തിന് അവിടന്ന് രക്ഷപെടാൻ അതെ എന്ന് ഉത്തരം പറയുകയേ നിവൃത്തിയുണ്ടായിരു ന്നുളളൂ…

പക്ഷെ അത് അതിനേക്കാൾ പുലിവാലായി… അതു കേട്ടതും അയാൾ ഞങ്ങളെ അവിടെ മൊ ത്തം കൊണ്ട് നടന്ന് എല്ലാവർക്കും പരിചയ പെടു ത്തി… തിന്നതെല്ലാം അതോടെ ദഹിച്ചുകഴിഞ്ഞി രുന്നു..

അവസാനം ഒരു വിധേന ഞങ്ങളവിടന്ന് രക്ഷപെട്ടോടി…

വീട്ടിലെത്തിയതും അച്ഛൻ ഉമ്മറപടിയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു..

ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കി വച്ചിട്ട് നിൽക്കുന്നത് കണ്ടില്ലേ…

“എങ്ങനുണ്ടാടന്നടാ പാർട്ടിയൊക്കെ?” അച്ഛൻ ചോദിച്ചു..

“അടിപൊളി..പക്ഷെ കൂട്ടുകാരന്റെ മകളുടെ കല്ല്യാണമായിരുന്നല്ലേ?..ഞങ്ങൾ വിചാരിച്ചു മകന്റെ യാണെന്ന്..ആകെ അമളി പറ്റി” ഞാൻ വിഷമത്തോടെ പറഞ്ഞു..

അച്ഛൻ പക്ഷേ തലചൊറിയുകയായിരുന്നു അപ്പോൾ..

“അയ്..എന്തൂട്ടാ നീയീ പറയണെ അവന് ഒരു മകനല്ലേയുളളൂ..രാജീവ്”

വീണ്ടും ഒരിടിവെട്ടു കൂടെ ഏൽക്കേണ്ടി വന്ന അവസ്ഥയിലായി ഞങ്ങൾ..

“അച്ഛാ..ആ കല്ല്യാണ കുറി ഒന്നു കാണിക്കാമോ” ടെൻഷനോടെ ഞാൻ ചോദിച്ചു..

അച്ഛനാ കുറി കാണിച്ചതും കാര്യങ്ങളുടെ നടന്നതി ന്റെ ഏകദേശ ധാരണ എനിക്കു പിടികിട്ടി…

“അച്ഛാ..ഇനിയെങ്കിലും ഇങ്ങനെ വിളിച്ചു പറയു മ്പോൾ ആ കണ്ണാടി എടുത്ത് വച്ച് തിയ്യതിയെ ങ്കിലും കറക്റ്റായി പറയണെ..ഈ കല്ല്യാണം അടുത്ത മാസം പതിനഞ്ചിനാ…”

വിളിക്കാത്ത കല്ല്യാണത്തിന് പോയി ശാപ്പാടടിച്ച് നാണം കെട്ടതിന് ഭാര്യയുടെ വക നന്നായി കേട്ടു..

അതേപ്പിന്നെ ടീ പാർട്ടി എന്ന് കേൾക്കുമ്പോഴേ എന്തോ ഒരു ചമ്മലുപോലെ…

എന്നാലും ഞാനാലോചിക്കുകയായിരുന്നു എത്ര പേർ ഇങ്ങനെ അറിഞ്ഞും അറിയാതെയും ഓരോ കല്ല്യാണങ്ങളിലും പങ്കെടുക്കുന്നുണ്ടാവും.. കേരളീയരുടെ വിശാലമനസ്സ് കാരണം ആരും കല്ല്യാണ കുറി ചോദിക്കാറില്ല…ശരിയല്ലേ??..