തന്റെ കഴുത്തിലെ മാലയിൽ വിരല് ചുറ്റികൊണ്ട് അവൾ അങ്ങനെ പറഞ്ഞു കഴിഞ്ഞതും ബെഡ്റൂമിലെ ലൈറ്റ് തെളിഞ്ഞു….

കടത്ത് തോണി

രചന: നിവിയ റോയ്

::::::::::::::::::::::::

സന്തു… നീ ഇങ്ങോട്ട് കയറി വരുന്നത് ആരും കണ്ടില്ലല്ലോ?

തന്റെ ബെഡ്റൂമിന്റെ കതക് തുറന്ന് ഉള്ളിലേക്ക് കടന്ന സന്തോഷിനോട് കീർത്തി ചോദിച്ചു.

ഇല്ല…. പതിഞ്ഞ അവന്റെ സ്വരത്തിന് പതർച്ചയുണ്ടായിരുന്നു .

വീടിന്റെ പുറകിലുള്ള ഇടവഴിയിലൂടെ അല്ലേ നീ വന്നത്?

അതെ…

ഈശ്വരാ… ഭാഗ്യം ആരും കണ്ടില്ലല്ലോ. തന്റെ കഴുത്തിലെ മാലയിൽ വിരല് ചുറ്റികൊണ്ട് അവൾ അങ്ങനെ പറഞ്ഞു കഴിഞ്ഞതും ബെഡ്റൂമിലെ ലൈറ്റ് തെളിഞ്ഞു.

സന്തോഷിന്റെ പുറകിലായി വാതിൽ പിടിയിൽ പിടിച്ചു നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി

അ…മ്മ…..

ആദ്യമായി തന്റെ മകൾ അമ്മയെന്ന് വിളിച്ച നിമിഷമാണ് നന്ദിനിയുടെ ഓർമ്മയിലേക്ക് വന്നത്. തന്റെ മനോധൈര്യം നഷ്ടപ്പെടും എന്ന് അവൾക്ക് തോന്നിയെങ്കിലും, ഞെട്ടിത്തിരിഞ്ഞ് തന്നെ നോക്കുന്ന സന്തോഷിനു നേരെ മേശയുടെ അടുത്തുള്ള കസേര നോക്കി അവൾ പറഞ്ഞു.

ഇരിക്ക്….അനങ്ങാതെ അവളെ തന്നെ നോക്കി പകച്ചുനിൽക്കുന്ന അവനോട്‌ അവൾ ഒരിക്കൽ കൂടി കനത്ത സ്വരത്തിൽ പറഞ്ഞു അവിടെ ഇരിക്ക്…

പിന്നെ കട്ടിലിലേക്ക് ചൂണ്ടി അവൾ മകളോട് അജ്ഞാപിച്ചു. നീയും….

തീപാറുന്ന അവളുടെ നോട്ടത്തെ അഭിമുഖീകരിക്കാനാവാതെ തലതാഴ്ത്തി കീർത്തിയും കട്ടലിന്റെ ഓരം ചേർന്നിരുന്നു.

നന്ദനി പതിയെ റൂമിലേക്ക് കടന്നു കതകടച്ചു.

അമ്മേ…..ഞാൻ…കീർത്തി എന്തോ പറയാൻ ഭാവിച്ചു.

മിണ്ടരുത്… ഇനി ഞാൻ സംസാരിക്കും. നിങ്ങൾ രണ്ടാളും കേൾക്കണം ഇത്രയും നാളും നീ പറഞ്ഞത് ഞാൻ കണ്ണുമടച്ചു വിശ്വസിച്ചു.

നിനക്ക് ഓർമ്മയുണ്ടോ രണ്ടാഴ്ച മുമ്പ് അച്ഛൻ വന്നിട്ട് പോയ ദിവസം രാത്രിയിൽ ഞാൻ ജനൽ പടിയിൽ ഒരു കൈകണ്ട് അലറി വിളിച്ചു.അതുകേട്ട് നീയും കണ്ണനും നമ്മുടെ ജോലിക്കാരി കനിമൊഴിയും ഓടിവന്നു കാര്യം തിരക്കിയ നിങ്ങളോട് ഞാൻ പറഞ്ഞു ഒരു കൈ എന്റെ മൂക്കിനെ തൊട്ടുമാറി എന്ന്.ഞാൻ പരിഭ്രമത്തിൽ ചാടി എഴുന്നേറ്റപ്പോൾ ആ രൂപം എന്തോ പിറുപിറുത്തു കൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി വന്നു…നിലാവെട്ടത്ത് എന്റെ മുഖം കണ്ടതും ആ രൂപം വീടിന് പുറകുവശ ത്തേക്ക് ഓടിയെന്ന്. അന്ന് വീടിന്ചു റ്റും എല്ലാവരും അന്വേഷിച്ചു ആരെയും കണ്ടില്ല.

എനിക്ക് തോന്നിയതാണെന്ന് എല്ലാവരും വാദിച്ചു നീ അടക്കം.അച്ഛൻ വന്നപ്പോൾ നീ എന്താണ് അച്ഛനോട് കളിയാക്കി പറഞ്ഞത്. ഒരു ജോലിയും ഇല്ലാതെ വെറുതെ വീട്ടിൽ ഇരുന്ന് അമ്മ ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് കൂട്ടുന്നതാണ്. അമ്മയ്ക്ക് ഡിപ്രഷൻ ആയി. അമ്മേ ഡോക്ടറെ കാണിക്കണം എന്നുവരെ നീ പറഞ്ഞു.അല്ലെങ്കിൽ അമ്മ കാതിൽ ചെമ്പരത്തി പൂ വെച്ച് നടക്കുന്നത് കാണാം എന്നൊക്കെ എത്ര കളിയാക്കി.അവളുടെ കണ്ണുകളിൽ നനവ് പടർന്നു.

എന്നെ നീ ഒത്തിരി കുറ്റക്കാരിയാക്കാൻ ശ്രമിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനുമുൻപ് എന്റെ ശ്രദ്ധ മുഴുവൻ പാവം കനിമൊഴിയിലായിരുന്നു. അവളെ തിരക്കിയാണ് ആ രാത്രിയിൽ ആ ആൾ വന്നതെന്ന് ഞാൻ വിശ്വസിച്ചു. കാരണംഅയാൾ എന്തോ പേര് വിളിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു. ഞാൻ അവ്യക്തമായിട്ടാണ് ആ പേര് കേട്ടത്. അത് എന്റെ മകൾ കാർത്തിക എന്നല്ല ജോലിക്കാരി കളമൊഴി എന്നാണ് ഞാൻ വിശ്വസിച്ചത്. കാരണം ഒരു അമ്മയ്ക്കും സ്വന്തം മക്കളെ അവിശ്വസിക്കാൻ സാധിക്കില്ലല്ലോ?

നിന്നെ ഞാൻ കൂടുതൽ ശ്രദ്ധിച്ചെങ്കിലും ഒരു തുമ്പും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. കാരണം നിന്നെപ്പോലെ നന്നായിട്ട് അഭിനയിക്കാൻ കഴിയുന്ന ഒരാൾക്ക് നിൽക്കാനും അറിയാം. നല്ല കള്ളന് പിടിച്ചുനിൽക്കാനും നന്നായിട്ട് അറിയാമല്ലോ?തന്റെ മനോധൈര്യം കൈവിടാതെയാണ് നന്ദന സംസാരിച്ചതെങ്കിലും അവളുടെ നെറ്റിയിലൂടെയും തൊണ്ടയിലൂടെയും വിയർപ്പ് ചാലുകൾ സൃഷ്ടിച്ചിരുന്നു. തന്റെ ശരീരം തളരുന്ന പോലെ നന്ദിനിയ്ക്ക് തോന്നുന്നുണ്ടായിരുന്നു.അവൾ കതകി നോട് കൂടുതൽ ചേർന്ന് നിന്നു. ചെറിയൊരു കിതപ്പും അവളുടെ സംസാരത്തിൽ അനുഭവപ്പെട്ടു തുടങ്ങി. ഇപ്പോളല്ലേ മനസ്സിലായത് അന്നും ഇതുപോലെ ഇവൻ തന്നെയാണ് വന്നതെന്ന് .നീയാണെന്ന് വിചാരിച്ചാണ് എന്നെ തൊട്ടത്.എന്റെ മുഖം കണ്ടതും ഓടി മറഞ്ഞു …കുറച്ചു നേരം ആരും ഒന്നും സംസാരിച്ചില്ല .പിന്നെ അവൾ തുടർന്നു .

മോളെ നിന്നെ ഇത്രക്കും സ്വാതന്ത്ര്യം തന്നു വളർത്തിയ നിന്റെ അച്ഛനോടും അമ്മയോടും നിനക്ക് ഇതെങ്ങനെ ചെയ്യുവാൻ തോന്നി?അവൾ സന്തോഷിന് നേരെ തിരിഞ്ഞു.മോനെ നിന്നെ ഈ വീട്ടിലെ ഒരു അംഗത്തെ പോലെയല്ലേ ഞങ്ങൾ കണ്ടിരുന്നത്? ഇവിടെ എപ്പോൾ വരുവാനും കീർത്തിയുടെ റൂമിൽ കടന്നുചെല്ലുവാനും നിനക്ക് ഞങ്ങൾ സ്വാതന്ത്ര്യം തന്നു. ങ്ഹ…ഒരു കണക്കിന് കുറ്റം ഞങ്ങളുടേതു തന്നെയാണ്.ഞങ്ങൾ നിങ്ങളുടെ പ്രായം അത് മറന്നു. കുറച്ച് നിയന്ത്രണങ്ങൾ പാലിക്കേണ്ടതു തന്നെയായിരുന്നു.

നിനക്ക് അറിയാമല്ലോ കീർത്തി…നിന്റെ ഏത് ആവശ്യവും കണ്ണന്റെ ആവശ്യങ്ങൾക്ക് മുന്നേ അച്ഛൻ സാധിച്ചു തരുമായിരുന്നു.കണ്ണൻ പലപ്പോഴും പരിഭവം പറഞ്ഞിട്ടുമുണ്ട്അ.ച്ഛനു കൂടുതൽ ഇഷ്ടം നിന്നോടാണെന്ന്.കഴിഞ്ഞപ്രാവശ്യം അച്ഛൻ വന്നപ്പോൾ നീയൊരു ആടുന്ന ചൂരൽ കസേര ചോദിച്ചു.അപ്പോൾ തന്നെ അത് അച്ഛൻ വാങ്ങി കെട്ടി തന്നു. നീ അതിലിരുന്ന് ആടുന്നത് കണ്ട് അച്ഛൻ പറഞ്ഞത് എന്താണെന്ന് നിനക്ക് അറിയാമോ? നമ്മുടെ മകൾ വളർന്നന്നെ ഉള്ളൂ അവളുടെ മനസ്സ് ഇപ്പോഴും കുട്ടികളുടേതു പോലെയാണ്. അവൾക്ക് ഒന്നുമറിയില്ല… അവൾ ഒരു പാവമാണ്. ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങൾ വായിച്ചും കേട്ടും ചങ്ക് പൊട്ടി പോവുകയാണെന്ന്. അച്ഛന്റെ മകൾ ഇത്രമാത്രം വളർന്നെന്ന് അച്ഛൻ അറിയാതിരിക്കട്ടെ.അച്ഛന് ഒരിക്കലും അത് താങ്ങാൻ ആവുന്നതല്ല.

ഇപ്പോൾ ഈശ്വരാനുഗ്രഹം കൊണ്ടാണ് ഞാൻ നിങ്ങളെ കണ്ടത്.സാധാരണ രാത്രിയിൽ ഞാൻ കുടിക്കാനുള്ള വെള്ളം എടുത്ത് മുറിയിൽ വയ്ക്കാറുള്ളതാണ്. ഇന്ന് ഞാൻ വെള്ളം എടുത്തു വയ്ക്കുവാൻ മറന്നു.ഒന്ന് മയങ്ങി വരികയായിരുന്നു, നല്ല ദാഹം തോന്നി. കതക് തുറന്നു ഞാൻ താഴേക്ക് പോകാൻ ഗോവണി ഇറങ്ങുമ്പോഴാണ് കീർത്തിയുടെ മുറിയിൽ നിന്നും അടക്കിപ്പിടിച്ചുള്ള സംസാരം ഞാൻ കേൾക്കുന്നത്.ഞാൻ വാതിലിനോട് ചേർന്ന് നിന്ന് ശ്രദ്ധിച്ചു. സന്തു…അമ്മ ഇപ്പോൾ ഉറങ്ങിക്കാണും എന്നാലും നീ ഒരു 12 മണിയൊക്കെ കഴിഞ്ഞു വന്നാൽ മതി. ഞാൻ പറഞ്ഞ വഴിയിലൂടെ വരണം. വീടിന്റെ പുറകുവശത്തെ വാതിൽ ലോക്ക് തുറന്നിടാം….

ആരോടാണ് അവൾ സംസാരിക്കുന്നത്.സന്തു എന്നല്ലേ അവൾ വിളിച്ചത്. .ഒരു വിറയലോടെയാണ് നിന്റെ സംസാരം ഞാൻ കേട്ടു നിന്നത്.അപ്പുറത്ത് നിന്നുള്ള സംസാരം കേൾക്കുന്നില്ലല്ലോ ഹെഡ്ഫോൺ ഉപയോഗിച്ചിട്ടുണ്ടാകും.ഞാൻ ഓർത്തു. ഒരു മകളുടെ കിടപ്പു മുറിയുടെ താക്കോൽ പഴുതിലൂടെ ഒളിഞ്ഞു നോക്കേണ്ട ഗതികേട് ഈ അമ്മയ്ക്ക് ഉണ്ടായി.അത് പറയുമ്പോൾ അവൾ തേങ്ങിയിരുന്നു.

നീ അപ്പോൾ കാതിൽ ഹെഡ്ഫോൺ വെച്ച് കമിഴ്ന്നു കിടന്ന് വീഡിയോ ചാറ്റ് ചെയ്യുവാണ്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കണോ എന്റെ കണ്ണുകളെകാളധികം വിശ്വസിച്ച എന്റെ മകളെ വിശ്വസിക്കണോ എന്നറിയാതെ പോയ നിമിഷങ്ങൾ. അപ്പുറത്തുള്ള ആളെ കാണുവാനും സാധിക്കുന്നില്ല.പക്ഷെ നീ ഇടയ്ക്ക് സന്തു എന്ന് വിളിക്കുന്നത് കേട്ട് എനിക്ക് മനസ്സിലായി.

ഞാൻ തളർന്നുവീണു പോകുമെന്ന് എനിക്ക് തോന്നി. ദേഹമാസകലം തീ കോരിയിട്ടതുപോലെ ഞാൻ വെന്തുരുകുകയായിരുന്നു.കതകിൽ മുട്ടാൻ ആഞ്ഞതാണ്. ഒരു നിമിഷം ഞാൻ ചിന്തിച്ചു.ഒരു തരത്തിലും നീ അംഗീകരിക്കില്ല.വീണ്ടും എന്നെ ഒരു മടിയും കൂടാതെ ഭ്രാന്തിയായി നീ ചിത്രീകരിക്കും.പ്രേമം തലയ്ക്കു പിടിച്ചിരിക്കുകയല്ലേ?പുച്ഛത്തോടെ അവൾ പറഞ്ഞു.

നിനക്ക് അറിയാം…ഞാനും നിന്റെ അച്ഛനും പ്രണയിച്ചിട്ടുണ്ട്. ആറു വർഷങ്ങൾ….അന്ന് എന്റെ വീട് ഒരു ഓലക്കുടിൽ ആയിരുന്നു.ഓലകൊണ്ട് മറച്ച വേലിയും.പ്രണയിച്ച നാളുകളിൽ ഒരിക്കൽ പോലും എന്റെ രാമേട്ടൻ ആ വേലി കടന്ന് ഒരു രാത്രിയും എന്നെ കാണാൻ വന്നിട്ടില്ല.ഞാൻ വിളിച്ചിട്ടുമില്ല.

നിങ്ങളുടെ ഉള്ളിൽ യഥാർത്ഥ പ്രണയമൊന്നും ഇല്ല കുഞ്ഞുങ്ങളെ. കണ്ണ് കണ്ട് മോഹിക്കുന്നത് സ്വന്തമാക്കും വരെയുള്ള പിടച്ചിൽ അത്രേയുള്ളൂ.

പ്രണയം ഹൃദയത്തിൽ പിറക്കണം എങ്കിലേ ശുദ്ധിയുണ്ടാകൂ..ഇന്ന് കുറെ വൈകൃതങ്ങൾ നിറഞ്ഞ സിനിമകളും വീഡിയോ ക്ലിപ്പുകളും സൈറ്റ് കളുമാണ് നിങ്ങളുടെ പ്രണയങ്ങുടെ താക്കോൽ. ഇതൊക്കെ കൗമാര മനസ്സുകളെ തെറ്റിദ്ധാരണ കളിലേക്കും വൈകൃതങ്ങളിലേക്കും അതിക്രമങ്ങളിലേക്കുമാണ് തള്ളിവിടുന്നത്. ചിന്തിച്ചു പ്രവർത്തിക്കാൻ പക്വതയുള്ള ഒരു പ്രായമല്ല കൗമാരപ്രായം പലപ്പോഴും വിവേകത്തോടെ ചിന്തിക്കുവാൻ അവർക്ക് സാധിക്കുകയില്ല വികാരങ്ങൾക്ക് അടിമപ്പെട്ട ഒരു കാലം. കുരുന്നുകളുടെ ആ ഒരു കാലയളവിനെ ചൂഷണം ചെയ്യുവാൻ വേണ്ടി പല കച്ചവട തന്ത്രങ്ങളുടെ കൂട്ടത്തിൽ ഇതുംകൂടിയായിട്ടുണ്ട് .കോടികളുടെ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഇത്തരം വൈകൃതങ്ങളെ നിയമം കൊണ്ട് പൂട്ടുവാൻ ആർക്കാണ് ധൈര്യം?മക്കൾ നഷ്ടപ്പെട്ടുപോയാൽ വഴിതെറ്റിപ്പോയാൽ അവർക്ക് അരുതാത്തത് സംഭവിച്ചാൽ ഇവർക്കൊക്കെ എന്ത് ചേതം?സ്നേഹിച്ചു കഷ്ടപ്പെട്ട് വളർത്തുന്ന മാതാപിതാക്കൾക്ക് പോയി. അത്രതന്നെ.

അവൾ തിരിഞ്ഞ് സന്തോഷിനോട് പറഞ്ഞു. നിന്റെ അച്ഛനും അമ്മയും ചെയ്യ്ത നന്മ കൊണ്ടായിരിക്കും ഇത് ഇങ്ങനെ ആയിതീർന്നത് .അതല്ല ഞാൻ നീ ഇവളുടെ മുറിയിൽ കയറിയതിനു ശേഷമാണ് പുറത്തിറങ്ങുന്നതും നിന്നെ കാണുന്നതുമെങ്കിൽ ഇതായിരിക്കുമായിരുന്നില്ല അവസ്ഥ.

രാത്രിയിൽ ഒരുത്തനെ മുറിയിലേക്ക് വിളിച്ചു വരുത്താൻ സാമർത്ഥ്യം കാണിച്ച ഇവൾ നിന്നെ ഞാൻ കണ്ടിരുന്നെങ്കിൽ എന്തായിരിക്കും ചെയ്യുക. അലറി വിളിക്കും നീ അതിക്രമിച്ചു കയറിയതാണെന്ന് തന്നെ പറയും.നിനക്ക് ഈ വീടും പരിസരവും നല്ല പരിചയം ഉള്ളതുകൊണ്ട് നീ കടന്നു വന്നതാണ് എന്ന് അവൾ സമർത്ഥിക്കും. തീർച്ചയായും ഒരു അമ്മ എന്ന നിലയിൽ ഞാൻ അതുതന്നെ വിശ്വസിക്കും. അതേ എനിക്ക് വിശ്വസിക്കാൻ പറ്റു. പിന്നീട് എന്തായിരിക്കും നടക്കുന്നത് എന്ന് നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. പോലീസ്… കേസ്.. കോടതി മാധ്യമങ്ങളുടെ നിറമുള്ള കഥകൾ….വാർത്തകൾ ഇതെല്ലാമായിരിക്കും എല്ലായിടത്തും. ഉയർന്നു വരുന്ന കിതപ്പ് അവളുടെ സംസാരത്തെ കുറച്ചു നേരം തടുത്തു നിർത്തി.

നിനക്ക് ഒരു അനിയത്തി ഇല്ലേ?അമ്മയും അച്ഛനും ഇല്ലേ അവരുടെ കാര്യം നീ ഒന്ന് ആലോചിച്ചു നോക്കിയോ? ഒരുത്തി രാത്രി വീട്ടിലേക്ക് വിളിച്ചാൽ ഇറങ്ങി അവിടെ ചെല്ലാൻ മാത്രമുള്ള ബുദ്ധിയെ നിനക്കൊക്കെ ഉള്ളോ? ഇതിന്റെ പേരിൽ ജീവിതം തന്നെ നിനക്ക് നഷ്ടമായേനെ. നിനക്ക് മാത്രമല്ല നിന്റെ കുടുംബക്കാരുടെയും അനിയത്തിയുടെയും.

അവൾ തിരിഞ്ഞു മകളോട് ചോദിച്ചു. ഒന്നു വിളിച്ചാൽ ഏത് പാതിരാത്രിയിലും കയറി വരുന്നവൻ അവന്റെ സ്വഭാവം എന്തായിരിക്കും? നിനക്ക് ഊഹിക്കാല്ലേ? ഈ സംഭവം പുറത്തറിഞ്ഞാലുള്ള അവസ്ഥ നീ ആലോചിച്ചു നോക്കൂ. എല്ലാവരും ഞങ്ങളെ കുറ്റം വിധിക്കും….നിനക്കൊക്കെ ഇത്രയും സ്വാതന്ത്ര്യം നൽകിയതിന്. നിന്റെ ആങ്ങള ഒരുത്തന് പുറത്തിറങ്ങി നടക്കാൻ പറ്റുമോ? നിന്റെ കാര്യം എന്താകും?.അവൾ തിരിഞ്ഞ് സന്തോഷിനോട് ചോദിച്ചു. രാത്രിയിൽ ഒരു കൂസലുമില്ലാതെ സ്വന്തം കിടപ്പറയിലേക്ക് ഒരുത്തി നിന്നെ വിളിക്കുമ്പോൾ അവളുടെ സ്വഭാവം എന്താണെന്ന് നിനക്കും ഊഹിച്ചു കൂടെ?

കൂടുതലൊന്നും പറയാനാവാതെ നന്ദനി ആ തറയിൽ ചാരിയിരുന്നു. സന്തോഷ് പതിയെ കസേരയിൽ നിന്നും എഴുന്നേറ്റ് നന്ദിനിയുടെ മുൻപിൽ വന്നു നിന്ന് കൈകൾ കൂപ്പി.ആന്റി എന്നോട് ക്ഷമിക്കണം.ഞാൻ ഒന്നും ചിന്തിച്ചില്ല.എന്റെ വീട്ടിൽ ഇത് അറിഞ്ഞാൽ…. ആന്റി ഞാനിനി ഇത് ഒരിക്കലും ആവർത്തിക്കില്ല. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. നിനക്ക് കാർത്തികയോട് ശരിക്കും ഇഷ്ടമുണ്ടെങ്കിൽ പഠിപ്പ് പൂർത്തിയാക്കി ഒരു ജോലി നേടി ഈ വീടിന്റെ മുൻവശത്തുകൂടി പകൽ വരൂ.അന്ന് അവൾക്കും നിന്നെ ഇഷ്ടമുണ്ടെങ്കിൽ ഞാൻ രണ്ട് കയ്യും നീട്ടി സ്വീകരിക്കും.പക്ഷെ ഇനി ഇതുപോലെ ആവർത്തിച്ചാൽ ഇതായിരിക്കില്ല എന്റെ പ്രതികരണം.

അവൻ എന്തോ പറയാൻ തുനിഞ്ഞെങ്കിലും. അവൾ സമ്മതിച്ചില്ല. ഇപ്പോൾ നിനക്ക് പോകാം ….മുറിക്ക് പുറത്തേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു. അവളുടെ ആജ്ഞ മറുക്കാൻ ആവാതെ അവൻ തലകുനിച്ചു പുറത്തേക്ക് നടന്നു …അവൻ പുറത്ത് കടന്നതും കാർത്തിക നന്ദനയുടെ അടുത്തേക്ക് ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ അമ്മയെ തെറ്റിദ്ധരിപ്പിച്ചു… പറ്റിച്ചു… എന്നോട് ക്ഷമിക്കണം. അവൾ അത് പറഞ്ഞു നിർത്തിയതും നന്ദന കൈ വീശി അവളുടെ മുഖത്ത് അടിച്ചു ഇതൊരു അമ്മയുടെ സ്നേഹത്തിന്റെ അടയാളമായി നീ കൂട്ടിയാൽ മതി. മുറിഞ്ഞു തുടങ്ങിയ വാക്കുകൾ മുഴുമിപ്പിച്ചുകൊണ്ട് നന്ദനി മുറിവിട്ട് പുറത്തേക്ക് ഇറങ്ങി….

കീർത്തി ഓർത്തു അമ്മ പലപ്പോഴും ഉപദേശിച്ചിട്ടുണ്ട്.ഇപ്പോഴുള്ള കുട്ടികളുടെ മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച്.താൻ അതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചില്ല. ചിന്തിക്കാൻ തോന്നിയില്ല. അമ്മ പറഞ്ഞത് സത്യമാണ് അശ്ലീലമായ പല കാര്യങ്ങളും കണ്ടു കണ്ട് മറ്റു പല കാര്യങ്ങളിലേക്ക് മനസ്സ് തിരിഞ്ഞു പോയിട്ടുണ്ട്….

ആ പ്രാവശ്യം അച്ഛൻ വന്നപ്പോൾ അമ്മയോട് ചോദിക്കുന്നത് കീർത്തി കേട്ടു.

നന്ദൂട്ടി നിനക്കെന്താ പറ്റിയെ നിന്റെ പഴയ പ്രസരിപ്പും സന്തോഷമൊക്കെ പോയല്ലോ? ഇപ്പോഴും നിന്നെ പേടിപ്പെടുത്തുന്നുണ്ടോ അന്നത്തെ ആ സംഭവം.അതൊക്കെ വെറും തോന്നലല്ലേ നന്ദൂട്ടിയെ…. എന്റെ മകൾ പറയും പോലെ നീ ഓരോന്ന് വെറുതെയിരുന്ന് ആലോചിച്ചു കൂട്ടുന്നതാണ്. അത് കേട്ട് കീർത്തിയുടെ ഉള്ള് വേദനിച്ചു.

അച്ഛാ അമ്മയ്ക്കൊരു കുഴപ്പവുമില്ല. അച്ഛൻ അടുത്ത പ്രാവശ്യം വരുമ്പോൾ നോക്കിക്കോ അമ്മയെ ഞാൻ ഓക്കേ ആക്കിയിരിക്കും അത് പറഞ്ഞവൾ ചിരിച്ചു. ഇപ്പോൾ കീർത്തി സ്കൂൾ വിട്ടു വന്നാൽ അമ്മ കാൺകെ തന്റെ മൊബൈൽ ഫോൺ മേശപ്പുറത്ത് വയ്ക്കും. അമ്മ ഉണ്ടാക്കിവെച്ച ചായ കുടിക്കുന്നതിനിടയിൽ സ്കൂളിലെ വിശേഷങ്ങളൊക്കെ പറയും. മുറ്റത്ത് നട്ട പൂച്ചെടികൾ അവർ ഒന്നിച്ചു നനയ്ക്കും… കൂടാതെ ഇത്തവണ അച്ഛൻ വന്നപ്പോൾ അവൾ അലങ്കാരം മത്സ്യങ്ങൾ മേടിച്ചു… മുറ്റത്ത് കിളിക്കൂട് വച്ചു. അമ്മേ ഇത്തവണ അച്ഛൻ വരുമ്പോൾ നമുക്കൊരു പട്ടിക്കുട്ടിയെക്കൂടെ മേടിക്കണം…. പഴയ നിഷ്കളങ്കതയോടെ സ്നേഹത്തോടെ അമ്മയുടെ മടിയിൽ കിടന്നാണ് അവളത് പറയുന്നത്…ഇപ്പോൾ അവരുടെ മുറ്റത്ത് നിറയെ പൂവുകൾ പൂത്തിട്ടുണ്ട് തൊടിയിലും വീട്ടിലും എല്ലാം പുതു പൂക്കളുടെ സൗരഭ്യവും ഉണ്ട് …. അലങ്കാര മത്സ്യങ്ങൾ ചില്ലു കുപ്പിയിൽ ചിറകുകൾ വിരിച്ചു നീന്തി തുടിക്കുന്നുണ്ട്….കിളികൾ വാതോരാതെ വർത്തമാനങ്ങൾ പറയുന്നുണ്ട്.കണ്ണൻ മൊബൈൽ ഫോണിൽ ഏറെ നേരം ഗെയിം കളിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോൾ അവൾ ഒരു ചേച്ചിയെപ്പോലെ അവനെ വഴക്കിടും.നീ എപ്പോഴും ഇതിൽ തോണ്ടി കൊണ്ടിരുന്നോ .വല്ലപ്പോഴും നിനക്ക് ചുറ്റും ചലിക്കുന്ന ഒരു ലോകമുണ്ടെന്ന് നീ ഓർക്കണം. ഭംഗിയുള്ളതും സന്തോഷകരവുമായ എത്രയോ നല്ല നിമിഷങ്ങളാണ് ഈ മൊബൈലിന്റെ അമിത ഉപയോഗം കാരണം നമുക്ക് നഷ്ടമാകുന്നത്നി…നക്കറിയാമോ ഇതൊക്കെ ? ആദ്യമൊക്കെ കണ്ണൻ കാർത്തികയുമായി വാക്ക് തർക്കത്തിലും വഴക്കിലുമായിരുന്നു . പിന്നീട് പിന്നീട് അവനും അവരോടൊപ്പം കൂടി.

രാമചന്ദ്രൻ വന്ന് കഴിയുമ്പോൾ വൈകുന്നേരങ്ങളിൽ അവർ നാലാളും വരാന്തയിൽ വന്നിരിക്കും.

അച്ഛാ….അച്ഛൻ തോണി തുഴഞ്ഞ കഥയൊക്കെ പറ…കുട്ടികൾ പറയും.കുടവിരിച്ചു നിൽക്കുന്ന ചെമ്മാനം നോക്കി അയാൾ ഒരു പഴയ പാട്ട് പാടും…എന്നിട്ട് തന്റെ കുട്ടിക്കാലത്തെ കഥകൾ പറഞ്ഞു തുടങ്ങും ..മക്കളെ ….പണ്ട് ഇങ്ങനെ ഒന്നും അല്ലായിരുന്നു…

അപ്പോൾ ഒരു തോണിയിലെ പോലെ അവർ മൂന്നുപേരും ചേർന്നിരിക്കുന്നത് നോക്കി നിറയുന്ന പല കണ്ണുകളും അടുത്ത വീടുകളിലെ ജനലുകളുടെ മറവിൽ അവരെ തഴുകി നില്കുന്നുണ്ടായിരുന്നു …..