രചന : ദിവ്യ കശ്യപ്
:::::::::::::::::
“ഇയ്യിത് എന്ത് ഭാവിച്ചാ റാഫി…ഇനിയെങ്കിലും അനക്കാ കൊച്ചിൻ്റെ കണ്ണീരു ഒന്ന് കാണാൻ പറ്റൂ ല്ലെ…”
വെറുതെ ഒന്ന് കയറിയതാണ്..കോയാക്കാൻ്റെ പീടികേലോട്ട്….അപോഴാണ് അവിടെ സോഡ അടിക്കുന്ന അബ്ദുക്കാൻ്റെ വക പറച്ചില്..
“അതൊന്നും ശരിയാവില്ല അബ്ദുക്കാ…”റാഫി ചിരിച്ചു…
“ഒരാള് നീറ്റിയിട്ട് പോയ പെടച്ചിലു ഒരുവശത്ത്..ഉമ്മ തളർന്നു കിടക്കുന്ന പെടച്ചില് വേറെ വശത്ത്..അതിനിടെ ഇനി ഭാഗ്യമുള്ള ഒരു പെണ്ണിനെ കൂരേല് കൊണ്ടുവന്നു അതിൻ്റെ ഭാഗ്യം കെടുത്തി റേഷനരി തീറ്റിക്കണോ…”
“എടാ മോനേ.. അൻ്റെ വേവലാതി അറിയാഞ്ഞോന്നുമല്ല അബ്ദുക്ക ഈ പറയണത്…അതിൻ്റെ കണ്ണീരു തോരണില്ലെടാ റാഫി…ഇപ്പൊ ഇപ്പൊ ഓളൂടെ വാപ്പായും ഒന്നും മുണ്ടണില്ല അതിനോട്..ഇഷ്ടമുള്ളത് പോലെ ആയിക്കോന്നാ ഓനും പറയണത്..”
“ആ…വേണ്ട അബ്ദുക്കാ…അതൊന്നും ശരിയാവില്ല..കൊണ്ട് വന്നിട്ട് സന്തോഷം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതും എനക്ക് ഒരു ഭാരമാവും..ഇപ്പോഴത്തെ ഈ സങ്കട ഭാരം തന്നെ എന്നെ കൊണ്ട് താങ്ങാൻ പറ്റണില്ല ഇക്കാ…”
അവിടിരുന്ന് ഒരുപാട് ഉള്ള് നീറിയപ്പോൾ അവനിറങ്ങി നടന്നു…അന്തിച്ചുവപ്പു തിങ്ങി നിൽക്കുന്ന കടലിൻ്റെ ഓരത്തേക്ക്…അവിടെ പോയി ആ വെളുത്ത മണലിൽ ഇരുന്നു കൊണ്ട് അഗാധമായ കടലിൻ്റെ ആഴങ്ങളിലേക്ക് നോക്കിയിരിക്കുമ്പോൾ അതിലും ആഴത്തിൽ കുറെയേറെ മുറിവുകൾ അവനെ വന്നു പിടിച്ചുലച്ചു…
പത്താം തരം എത്തി നിന്നപ്പോഴുള്ള വാപ്പാടെ ഇറങ്ങി പോക്ക്…കൂട്ടത്തിൽ പണി ചെയ്തിരുന്ന ഒരു തമിഴത്തിയുടെ കൂടെ…കരഞ്ഞു തളർന്നു മുന്നോട്ട് എന്ത്…എങ്ങനെ.. എന്ന ചോദ്യ ചിഹ്നവുമായി മൂന്നു വയസുള്ള ഇളയ അനിയത്തിയുമായി തന്നെ ആശ്രയത്തോടെ നോക്കി നിന്ന ഉമ്മ..
ഒന്നും ചിന്തിക്കാതെ മാർക്കറ്റിലെ പച്ചക്കറി കടയിൽ എടുത്ത് കൊടുപ്പുകാരനായി പോയി നിന്നത്…കിട്ടുന്ന തുച്ഛമായ വരുമാനം മിച്ചം പിടിച്ച് വെച്ച് ഒരു കച്ചോടം തുടങ്ങാൻ ആഗ്രഹിച്ചത്…കൂട്ടത്തിൽ അനിയത്തി രഹ്നയെ പഠിപ്പിക്കാനും…നിക്കാഹ് നടത്തി വിടാനും…
ഉമ്മാക്കും അറിയാരുന്ന് തൻ്റെ ഉള്ളിലെ ആഗ്രഹം..അവർക്ക് വേണ്ടി ജീവിച്ചപ്പോൾ …അവർക്ക് വേണ്ടി മിച്ചം പിടിച്ചപ്പോൾ ജീവിക്കാൻ മറന്നു പോയാരുന്നു താൻ..
പലപ്പോഴും മാർക്കറ്റിൽ നിന്നും തിരികെ വരുമ്പോഴും പോകുമ്പോഴും..കവലയിലെ ബസ് സ്റ്റോപ്പിൽ വെച്ചും തന്നെ നോക്കുന്ന ആ കണ്ണുകളിലെ ഇഷ്ടം കണ്ടില്ലെന്നു വെച്ചതും അത് കൊണ്ട് തന്നെയാണ്…ഫാത്തിമ..എല്ലാരുടെയും പാത്തൂ..
പക്ഷെങ്കില് രഹ്നമോൾ എല്ലാം തകിടം മറിച്ചു..കരുതി വെച്ചിരുന്ന കാശുമായി പതിനെട്ട് തികയും മുൻപ് ഓള് ഒരുത്തനുമായി ഒളിച്ചോടി..ഇപ്പൊ എവിടെയാന്നു അറിയില്ല..തിരക്കാനും തോന്നിയില്ല…വാപ്പാൻ്റെ ഗുണം കാണിച്ചതാവും…പൈസ പോയതിൽ തെല്ലും വിഷമമില്ല…പക്ഷേ അതറിഞ്ഞപ്പോ ഉണ്ടായ സങ്കടം… ഓളൂടെ പഠിത്തവും കല്യാണവും തൻ്റെ ഒരു സ്വപ്നമായിരുന്നു… ഓള് പോയതറിഞ്ഞ് തളർന്നു വീണതാണ് ഉമ്മാ..അത് അതിലും വലിയ സങ്കടം…
സാമാന്യം ഭേദപ്പെട്ട വീട്ടിലെ മോളാണ് ഫാത്തിമ..ഉമ്മായില്ലെങ്കിലും അതറിയിക്കാതെ പൊന്നു പോലെയാണ് ഓളൂടെ ഉപ്പ ഓളെ വളർത്തിയത്..പഠിപ്പിച്ച് മിടുക്കിയാക്കി..ഇപ്പൊ ജില്ലാ ആശുപത്രിയിൽ നേഴ്സ് ആണ്…പക്ഷേ കല്യാണത്തിന് ഓള് പിടികൊടുത്തിട്ടില്ല… ആ നെഞ്ച് നിറച്ചും താനാണത്രേ…
പക്ഷേ വേണ്ട…ഈ ഭാഗ്യമില്ലാത്തവൻ്റെ കൂടെ വന്നു ഓളൂടെ ഭാഗ്യം കൂടി കെടണ്ട…
എന്തൊക്കെയോ ചിന്തിച്ചിരുന്നു…നേരം ഇരുട്ടിയത് റാഫി അറിഞ്ഞില്ല…
“ഡാ..റാഫി..ഇയിത് ഇവിടെ ഇരിക്കാണോ..വേഗം പുരെലേക്ക് ചെല്ല്.. അൻ്റെ ഉമ്മാക്ക് ദീനം കൂടി..”അബ്ദുക്കായാണ് ഓടി വന്നു പറഞ്ഞത്..
പാഞ്ഞു പറിച്ച് അവിടെ ചെല്ലുമ്പോൾ ആരൊക്കെയോ രണ്ടു മൂന്നു പേര് വീട്ടുമുറ്റത്ത് ഉണ്ട്…
“റാഫി..ഉമ്മാനെ ആശുപത്രിയിലോട്ട് കൊണ്ടുപോയി തേക്കെമ്മേലെ പാത്തൂ.. ഓള് അവിടെ നേഴ്സ് കുട്ടി അല്ലേ…”
ആശുപത്രിയിൽ ചെല്ലുമ്പോൾ ഉമ്മ കണ്ണടച്ച് മയങ്ങുകയാണ്…അരികിൽ ഉമ്മയുടെ തലമുടി ഒതുക്കി വെച്ച് കൊണ്ട് പാത്തുവും…
റാഫിയെ കണ്ട് ഓള് എഴുന്നേറ്റ് നിന്നു…
“നിലവിളി കേട്ട് ഓടിച്ചെന്നതാ…നോക്കിയപ്പോ താഴെ വീണു കിടക്കുന്നു…വെള്ളം എടുക്കാൻ കൈനീട്ടിയപ്പോ വീണതാ… എവിടെ പോയാലും സന്ധ്യക്ക് മുൻപേ പുരയിൽ എത്തിക്കൂടെ ഇങ്ങക്കു…ഉമ്മാക്ക് വയ്യാത്ത ആണെന്ന് അറിഞ്ഞു കൂടെ”
ദേഷ്യത്തിൽ അവള് പറഞ്ഞത് കേട്ടപ്പോൾ തന്നെ മനസിലായി അത്രേം നേരം കൊണ്ട് അവളു അനുഭവിച്ച പേടി…
ചെറിയൊരു ചിരി അറിയാതെ ചുണ്ടിൽ വന്നു..അത് കണ്ടിട്ടാവണം അബ്ദുക്കാ പറഞ്ഞു..
“പോയത് ഓർത്ത് കരഞ്ഞൊണ്ടിരുന്നിട്ട് എന്താ കാര്യം റാഫി..ഇന്നിൻ്റെ ഒപ്പം ജീവിക്കണം..ഒരിടത്ത് നിന്നും കിട്ടാത്തത് മറ്റൊരിടത്ത് നിന്നും തരും പടച്ച തമ്പുരാൻ…ഒപ്പം നിൽക്കുന്നവരെ സ്നേഹത്തോടെ ചേർത്ത് നിർത്തൂ മോനെ…സ്നേഹം കണ്ടില്ലെന്നു നടിക്കരുത്…”
അബ്ദുക്കാക്ക് ഒരു ചിരി കൊടുത്തു കൊണ്ട് ആ ചിരിയോടെ തന്നെ ഓളെ നോക്കിയപ്പോ അവിടെയും ഒരു ചിരി കണ്ടൂ..നല്ല വെണ്ണിലാവിൻ്റെ തിളക്കമുള്ള ചിരി…
“അപ്പോ എങ്ങനാ..പാത്തുവെ..റേഷനരി തിന്നാൻ പോരുന്നോ…”??
“റേഷനരിക്ക് എന്താ കുഴപ്പം റാഫിക്കാ..നല്ല ഒന്നാന്തരം സുരേഖ അരി മാറി നിൽക്കും ഇപ്പൊ റേഷനരി…”
🤣🤣🤣(കൂട്ടച്ചിരി)