അയാൾക്ക് പറയാനുളളത്…
രചന: പ്രവീൺ ചന്ദ്രൻ
::::::::::::::::::::::::
ആ കാഴ്ച്ച കണ്ട് എന്റെ കൈകാലുകൾ വിറച്ചു…നെറ്റിയിൽ വിയർപ്പു പൊടിഞ്ഞുകൊണ്ടിരുന്നു……
“ഈശ്വരാ എന്താണ് ഞാനീ കാണുന്നത്?” ഈ കാഴ്‌ച കാണനാണോ വീട്ടിലേക്ക് പോയിരുന്ന എന്നെ നീ ഇവിടെ എത്തിച്ചത്..
മനസ്സാക്ഷി നടുങ്ങുന്ന തരത്തിലുളള ആ കാഴ്ച്ച ഞാൻ ജീവിതത്തിലാദ്യമായാണ് കാണുന്നത്.
എന്റെ മുന്നിലെ നദിയിൽ അയാൾ മുങ്ങിത്താഴുകയാണ്…അയാൾ ജീവന് വേണ്ടി കേണുകൊണ്ടിരിക്കുകയാണ്….
കൂടിനിക്കുന്നവർ അലറിവിളിക്കുന്നതല്ലാതെ അയാളെ രക്ഷിക്കാനുളള ഒരു നടപടിയും സ്വീകരിക്കുന്നത് ഞാൻ കണ്ടില്ല.. കണ്ണിൽ ചോരയില്ലാത്ത ക്രൂ രന്മാർ..
അയാളുടെ ഭാരൃയും കുട്ടിയും കരയിൽ നിന്ന് അലമുറയിട്ട് കരയുന്നുണ്ട്… അവരുടെ കുടുംബത്തിന്റെ അത്താണിയാണ് അവരുടെ മുന്നിൽ മുങ്ങിത്താന്നുകൊണ്ടിരിക്കുന്നത്…
ഞാനൊരു പാറയുടെ അരികിലാണ് നിന്നിരുന്നത്.മുങ്ങിത്താഴുന്നതിനിടക്ക് അയാൾ എന്നെ നോക്കി അവ്യക്തമായി എന്തോ പറയുന്നുണ്ട്..
പാവം എന്നോട് രക്ഷക്കായ് കേഴുകയായിരിക്കാം.
എനിക്കാണെങ്കിൽ നീന്തലും വശമില്ലായിരുന്നു.. എന്തു ചെയ്യണമെന്നറിയാതെ ഞാനൊരു നിമിഷം നിസ്സഹായനായി നിന്നു….
എന്നെ അത്യതികം വിഷമിപ്പിച്ചുകൊണ്ട് ചിലരതാ ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നു…
“ഛീ നിർത്തിനെടാ പട്ടികളെ” ഞാനലറിവിളിച്ചു..
പക്ഷെ ആ ബഹളത്തിനിടയിൽ എന്റെ ശബ്ദം ആരു കേൾക്കാൻ…
രക്ഷപെടുത്താൻ ആരും വരില്ലെന്ന് മനസ്സിലാക്കിയെന്നോണം അയാൾ എല്ലാം ദൈവത്തിലർപ്പിച്ച് വെളളത്തിനടിയിലേക്ക് മുങ്ങിത്താണു…
എന്റെ മനസ്സു പിടഞ്ഞു.. ആ കുടുംബത്തിന്റെ വേദയിൽ പങ്കുചേരാൻപോലും നിൽക്കാതെ പലരും തിരിച്ചു പോയ്ക്കൊണ്ടിരുന്നു…
ഫയർഫോഴ്സ് വന്നു ബോഡിക്കായുളള തിരച്ചിൽ ഊർജിതമായിക്കൊണ്ടിരുന്നു…
“ഹും..അല്ലേലും അവർക്ക് വേണ്ടത് ബോഡിയാണല്ലോ?”
അവിടെക്കൂടെ നിന്നവരിൽ ഒരാളെങ്കിലും മനസ്സ് വച്ചിരുന്നെങ്കിൽ അയാൾ രക്ഷപ്പെട്ടേനെ എന്നെനിക്കുതോന്നി…
എല്ലാം സാമദ്രോ ഹികൾ കണ്ണിൽ ചോ രയില്ലാത്തവർ…
അയാളുടെ കുടുംബം അലമുറയിട്ട് കരയുകയാണ്..
നിസ്സഹായനായി ഞാൻ നദിയിലേക്ക്ത്തന്നെ നോക്കിക്കൊണ്ട് നിന്നു…നേരം ഇരുട്ടിയിരുന്നു.. ഫയർഫോഴ്സിന് ഇതുവരെ ബോഡി കണ്ടെത്താനായിട്ടില്ല…
ആകാംഷയോടെ ഞാൻ നദിയിലേക്ക് നോക്കി ക്കൊണ്ടിരുന്നു…
പെട്ടന്നതാ നദിയിൽ നിന്നും ഒരു രൂപം നടന്നു വരുന്നു..
അതെ അതയാൾത്തന്നെയാണ്..ഒരു നിമിഷം എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല…
അയാൾ തന്റെ കുടുംബത്തിന്റെ അരികിലെത്തി നിറകണ്ണുകളോടെ അവരെ നോക്കി നിന്നു..
അതെ അതയാളുടെ ആത്മാവാണ്…
അതിനുശേഷം അയാളുടെ നോട്ടം എന്നിലേക്കായി
ഒരു നിമിഷം ഭയം എന്നെ കീഴ്പെടുത്തിക്കളഞ്ഞു.
അയാൾ എന്നെ ലക്ഷൃമാക്കി വന്നുകൊണ്ടിരുന്നു..
എന്റെ ഭയം കൂടിക്കൂടി വന്നു..തൊണ്ട വറ്റുന്നപോലെ…
എന്റെ അഭിമുഖമായി അയാൾ നിന്നു…
ആ കണ്ണുകളിൽ ദയനീയഭാവമായിരുന്നു…
“എന്തേ എന്നെ രക്ഷിച്ചില്ല?”
അയാളുടെ ആ ചോദ്യം എന്നെ ആകെയൊന്നുലച്ചു…
“അത്…ഞാൻ..” എന്റെ ചുണ്ടുകൾ വിറച്ചു…
പൊടുന്നനെ ആ രൂപം അപ്രതൃക്ഷമായിരുന്നു..
എനിക്ക് നീന്തലറിയാത്തത് കൊണ്ടാണ് അയാളെ രക്ഷിക്കാൻ കഴിയാതിരുന്നത് എന്നെനിക്ക് അയാളോട് പറയണമെന്നുണ്ടായിരുന്നു.. പക്ഷെ അതിനുമുൻമ്പെ അയാൾ… എനിക്ക് വല്ലാത്ത വിഷമം തോന്നി…
എന്തിനായിരിക്കും അയാൾ എന്നോട് അങ്ങനെ പറഞ്ഞത് എന്നുളള ചിന്ത എന്നെ വല്ലാതെ അലട്ടി…
തിരിഞ്ഞു നടക്കാനൊരുങ്ങവെ എന്റെ കാലിൽ എന്തോ തടഞ്ഞു…
ഒരു വലിയ ടയർ ട്യൂബ് ആയിരുന്നു അത്..അവിടെ കുളിക്കാൻ വന്നവരാരോ മറന്നുവച്ചതാകാം…
ഒരു നിമിഷം എന്റെ മനസ്സിലൊരു കൊളളിയാൻ മിന്നി…
“ഈശ്വരാ…”
അറിഞ്ഞുകൊണ്ടല്ലെങ്കിലും ഇങ്ങനെ എത്രയോ സംഭവങ്ങളിൽ തെറ്റുകാർ നമ്മൾത്തന്നെയല്ലേ.. മറ്റുളളവരുടെ പേരിൽ പഴിചാരാനായിരിക്കും പലപ്പോഴും നാം ആദ്യം ശ്രമിക്കുക