രചന: സജി തൈപറമ്പ്
:::::::::::::::::::::
“ചേച്ചീ ഞാൻ രാവിലെ തറവാട്ടിലേക്ക് തിരിച്ച്പോകും കെട്ടോ?
“ങ്ഹേ, അതെന്താടീ കുറച്ച് ദിവസം ചേച്ചീടെ കൂടെ നില്ക്കണമെന്ന് പറഞ്ഞ് വന്നതല്ലേ നീ, എന്നിട്ട് ഇത്ര പെട്ടെന്ന് നിനക്ക് മടുത്തോ?
അനിയത്തിയുടെ അപ്രതീക്ഷിത തീരുമാനം കേട്ട് മീര, അമ്പരന്നു.
“അതല്ല ചേച്ചീ ,അവിടെ അച്ഛൻ ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ ,പകലു മുഴുവൻ അമ്മ തനിച്ചല്ലേ? മിണ്ടാന്നും പറയാനും പോലും ആരുമില്ലാതെ, അമ്മയ്ക്ക് ബോറടിക്കില്ലേ?
“അത് പിന്നെ നേരത്തെയും അങ്ങനെ തന്നെയായിരുന്നില്ലേ ?അച്ഛൻ ജോലിക്കും, നീ പഠിക്കാനും പോയിക്കഴിയുമ്പോഴും അമ്മ തനിച്ചായിരുന്നല്ലോ, മാത്രമല്ല നീ വന്നത് കൊണ്ടാണ് ശിവേട്ടൻ, എനിക്കൊരു സഹായത്തിനായ് നിന്നിരുന്ന ആയമ്മയെ പറഞ്ഞ് വിട്ടത് ,നീ പോയി കഴിഞ്ഞാൽ ഈ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഞാൻ ഒറ്റയ്ക്ക് എന്ത് ചെയ്യാനാ?
അതിന് മറുപടി ഒന്നും പറയാതെ സ്മൃതി ,മുറിയിൽ നിന്നിറങ്ങി പോയപ്പോൾ മീരയുടെ മനസ്സിൽ അരുതാത്ത ചിന്തകൾ കടന്ന് കൂടി.
എന്തായിരിക്കും പെട്ടെന്ന് അവൾക്കിങ്ങനെ തോന്നാൻ കാരണം, ഇന്നലെ വരെ അവൾ വളരെ സന്തോഷവതിയായിരുന്നു,ഡബിൾ ഡ്യൂട്ടി ഉണ്ടായിരുന്നത് കൊണ്ട് ശിവേട്ടൻ ഇന്നലെ ഉച്ചമുതൽ ഇവിടെ തന്നെയുണ്ടായിരുന്നു ,ഇനി നാളെ ഉച്ചയ്ക്കത്തെ ഷിഫ്റ്റിൽ കയറിയാൽ മതി ,ശിവേട്ടന്റെ ഭാഗത്ത് നിന്നും അരുതാത്തത് എന്തെങ്കിലും ഉണ്ടായി കാണുമോ?
ഞെട്ടലോടെയാണ് അങ്ങനൊരു സംശയം അവളുടെ ഉള്ളിൽ മുളച്ചത്.
കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകുന്നു, ഇന്ന് വരെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു മോശം പെരുമാറ്റമുള്ളതായി ആരും ഇത് വരെ പറഞ്ഞിട്ടില്ല.
സ്മൃതിക്കും ശിവേട്ടനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്.
പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ?
തന്റെ ഗർഭകാലം തൊട്ടെ മിക്കപ്പോഴും താൻ ഹോസ്പിറ്റലിൽ തന്നെയായിരുന്നു,
സാധാരണ പ്രസവത്തിനായി ബോഡി വീക്കായത് കൊണ്ട്, സിസ്റ്റേറിയൻ വേണ്ടി വന്നു .
ചുരുക്കി പറഞ്ഞാൽ ഒരു ഭാര്യയിൽ നിന്ന് കിട്ടേണ്ട,ശാരീരികവും, മാനസികവുമായിട്ടുള്ള സുഖങ്ങളൊന്നും കുറച്ച് മാസങ്ങളായി അദ്ദേഹത്തിന് കിട്ടുന്നുണ്ടായിരുന്നില്ല.
എന്ന് വച്ച് ഭാര്യയുടെ അനുജത്തിയെ പ്രാപിക്കണമെന്നുണ്ടോ?
ഛെ! എന്തൊക്കെ അധമ ചിന്തകളാണ് തന്നെ നയിക്കുന്നതെന്നോർത്ത് അവൾക്ക് ആത്മനിന്ദ തോന്നി.
“ഏട്ടാ… സ്മൃതി, നാളെ തറവാട്ടിലേക്ക് തിരിച്ച് പോകുവാണെന്ന് “
രാത്രി ,ടിവിയിൽ വാർത്ത കണ്ട് കൊണ്ടിരുന്ന ശിവന്റെ അരികിൽ വന്നിരുന്ന് മീര അവനോട് പറഞ്ഞു.
ഉം…
ശിവൻ ഒന്ന് മൂളുക മാത്രം ചെയ്തു .
“എന്തായിരിക്കും അവൾക്ക് പെട്ടെന്ന് ഇങ്ങനെ തോന്നാൻ ,നിങ്ങൾക്ക് അവളോട് പോകരുതെന്ന് പറഞ്ഞുടെ ?
ശിവന്റെ മനസ്സ് വായിക്കാൻ മീര ശ്രമിക്കുകയായിരുന്നു.
“അവൾക്ക് ഇവിടെ താല്പര്യമില്ലാത്തത് കൊണ്ടാവും പോകുന്നത് അതിന് നമ്മളെന്തിനാ തടയുന്നത് “
ശിവൻ നീരസത്തോടെയാണത് പറഞ്ഞത്.
പക്ഷേ, അപ്പോഴും മീരയുടെ മനസ്സിന് സംതൃപ്തിയുണ്ടായില്ല.
ശിവനോട് ഗുഡ് നൈറ്റ് പറഞ്ഞ് , മീര തിരിച്ച് ബെഡ് റൂമിലെത്തുമ്പോൾ, കട്ടിലിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ ചേർത്ത് പിടിച്ച്, സ്മൃതിയും ഉറക്കമായി കഴിഞ്ഞിരുന്നു.
അത്കണ്ടപ്പോൾ മീരയ്ക്ക് അവളോട് വല്ലാത്തൊരിഷ്ടം തോന്നി. രാവിലെ അവള് പോകുന്നതോർത്ത് അവൾ കുണ്ഠിതപ്പെട്ടു.
പിറ്റേന്ന് മീര ഉണരുമ്പോൾ കുളിച്ചൊരുങ്ങി ബാഗും തൂക്കി നില്ക്കുന്ന സ്മൃതിയെയാണ് കണ്ടത്.
“അല്ലാ നീ ഇത്ര പെട്ടെന്ന് റെഡിയായോ ,നിനക്ക് കാപ്പി കുടിക്കണ്ടേ? ഞാൻ വേഗം ദോശ ചുടാം, അത് കഴിച്ചിട്ട് ശിവേട്ടൻ നിന്നെ കൊണ്ട് വിട്ട് തരും”
“അതൊന്നും വേണ്ട ചേച്ചീ… 6.40 ന് അങ്ങോട്ടേക്കൊരു ബസ്സുണ്ട്, ഞാനതിന് പൊയ്ക്കൊള്ളാം ശിവേട്ടൻ ഉറങ്ങിക്കോട്ടെ “
ങ്ഹേ, ഇങ്ങനെ ധൃതി കാണിക്കാനും മാത്രം എന്താ ഈ കുട്ടിക്ക് പറ്റിയത്?
മീരയുടെ മനസ്സിൽ ,അസ്വസ്ഥത പടർന്ന് പന്തലിച്ചു.
ഗേറ്റ് തുറന്ന് ബാഗും തൂക്കി, സ്മൃതി അകലേക്ക് നടന്ന് മറയുന്നത്, നിറമിഴികളോടെ മീര നോക്കി നിന്നു.
പെട്ടെന്ന് രണ്ട് കൈകൾ പുറകിൽ നിന്നുo അവളെ വാരി പുണർന്നു.
ശിവൻ ആയിരുന്നു അത്.
“ശിവേട്ടാ.. അവള് ദേ പോണു “
സങ്കടത്തോടെ മീര അവന്റെ നെഞ്ചിലേക്ക് വീണു.
“പോട്ടെടൊ ,ഈ ചെറിയ വീട്ടിൽ ഞാനുo നീയും ,പിന്നെ നമ്മുടെ കുഞ്ഞോളുമില്ലേ? അത് മതി”
കുറച്ച് നാളുകളായി സ്വാതന്ത്ര്യത്തോടെ തന്റെ ഭാര്യയെ ഒന്ന്ചേർത്ത് പിടിക്കാൻ കഴിഞ്ഞതിന്റെ സാക്ഷാത്കാര നിർവ്വതിയിലായിരുന്നു, അപ്പോൾ അയാൾ.
അതിന് വേണ്ടി കഴിഞ്ഞ ദിവസം അനിയത്തിയോട് കുറച്ച് അനിഷ്ടമൊക്കെ കാണിക്കേണ്ടി വന്നു.
“ഈ ശിവേട്ടന് പഴയത് പോലെ എന്നോട് ഒരു സ്നേഹവുമില്ല” എന്ന് അവൾ പരിഭവം പറഞ്ഞപ്പോൾ , “അതെങ്ങനാ നീയിപ്പോൾ ഞങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാനല്ലേ ഇങ്ങോട്ട് വന്നത്? എന്ന് ഒരൊറ്റ ചോദ്യമേ അവളോട് ചോദിച്ചുള്ളു,
അതിനാ അവള് പെട്ടിയുമെടുത്തോണ്ട് തറവാട്ടിലേക്ക് തിരിച്ച് പോയതെന്ന് തന്റെ ഭാര്യയോട് പറയാൻ പറ്റുമോ? എന്ന് ഒരു കള്ളച്ചിരിയോടെ ശിവൻ ഓർത്തു .