അങ്ങനെ ഒരു സംഭവം നടക്കാത്തത് പോലെയാണ് പലപ്പോഴും അവളുടെ പെരുമാറ്റം..

വീഴ്ച്ചയിൽ തളരാതെ….

രചന: പ്രവീൺ ചന്ദ്രൻ

::::::::::::::::::::::::::

“എന്തൊരു ഉറക്കമാ ചേട്ടാ ഇത്?” ഒന്നെഴുന്നേൽക്ക് നേരമെത്രയായീന്നാ..അഞ്ജുവിനെ സ്കൂളിൽ കൊണ്ടാക്കണ്ടെ..”

മകളുടെ ആ പരിഭവം പറച്ചിൽ കേട്ടാണ് ഞാനകത്തേക്ക് ചെന്ന് നോക്കിയത്…

“എന്താ മോളേ ഇത്?”

“ഇത് കണ്ടോ അച്ഛാ! ഈ ഏട്ടൻ കിടന്നു പോത്തു പോലെ ഉറങ്ങുന്നത്..എനിക്ക് ജോലിക്ക് പോണം എന്നറിയാത്തത് പോലെ..”

ഞാനവളെ അതിശയത്തോടെ നോക്കി..

“എന്തൊക്കെയാ മോളേ ഇത്..നിനക്കെന്താ പറ്റിയത്?”

“എനിക്കൊന്നും പറ്റിയിട്ടില്ല..മോളെ സ്കൂളിൽ വിടണം..എനിക്ക് ജോലിക്കു പോണം… അത്രതന്നെ”

“അവളെ ഞാൻ കൊണ്ട് വിടാം.. നീ വന്ന് എന്തെങ്കിലും കഴിക്ക് ആദൃം..”

“ശരി അച്ഛാ..ഏട്ടൻ എണീക്കുമ്പോൾ പറയണെ ഞാൻ പോയീന്ന്..പിന്നെ കുറി പൈസ അടക്കാറായിട്ടുണ്ട്..അജ്ഞുവിന്റെ സ്കൂൾ ഫീസ് ഞാൻ ഇന്നടക്കാം..പൈസ ഏട്ടൻ ഏൽപ്പിച്ചിട്ടുണ്ട്..”

അവളുടെ ആ വാക്കുകൾ എന്നെ വല്ലാത്തൊരു ആശങ്കയിലാക്കി…കാരണം അവളുടെ ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക് രണ്ടാഴ്ച്ച കഴിഞ്ഞിരിക്കുന്നു..

ഇത് വരെ അവൾ ഒന്ന് പൊട്ടി ക്കരഞ്ഞിട്ടുപോ ലുമില്ല..പിറ്റെ ദിവസം മുതൽ അവളിതുപോലെ യാണ്…

അങ്ങനെ ഒരു സംഭവം നടക്കാത്തത് പോലെയാണ് പലപ്പോഴും അവളുടെ പെരുമാറ്റം.. ഭർത്താവിനോടെന്നപോലെ വെറുതെ സംസാരിക്കുക..പരിഭവം പറയുക…

അവൾ അവനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.. അവനും.. അവളുടെയും കുട്ടിയുടേയും കാരൃങ്ങളെല്ലാം ഒരു കുറവും വരുത്തിയിരുന്നില്ല അവൻ..മരുമകനേക്കാൾ സ്വന്തം മകനായിരുന്നു എനിക്കവൻ..

വിധി കാൻസറിന്റെ രൂപത്തിൽ അവനെ ഞങ്ങളിൽ നിന്ന് തട്ടിയെടുത്തു കളഞ്ഞു..

ഓഫീസിൽ പോകാനായി തിരക്കിട്ടൊരുങ്ങി വന്ന അവളെ ഞാൻ തടഞ്ഞു നിർത്തി ചേർത്തു പിടിച്ചു..

“അച്ഛന്റെ കുട്ടിക്കെന്താ പറ്റിയേ..ഒന്നു പൊട്ടിക്കരഞ്ഞൂടെ ന്റെ കുട്ടിക്ക്..അച്ഛന്റെ ചങ്കു തകരുന്നു മോളെ നിന്നെ ഈ അവസ്ഥയിൽ കാണുമ്പോൾ”

“എന്താ അച്ഛാ ഇത്..എനിക്കൊന്നുമില്ല..പിന്നെ എന്റെ ഏട്ടൻ മരിച്ചൂന്ന് ഞാൻ വിശ്വസിക്കുന്നില്ല.. ഏട്ടൻ ഇവിടൊക്കെത്തന്നെയുണ്ട്..അതാ എന്റെ ധൈരൃം..അത് കൊണ്ട് തന്നെ ഞാനെന്തിന് കരയണം..”

ഞാൻ അവളെ ആശ്ചരൃത്തോടെ നോക്കി..

“ഏട്ടൻ പോകുന്നതിന് മുമ്പേ എന്നെ അതിന് തയ്യാറാക്കിയിരുന്നു..എന്നോട് കരയരുത് എന്ന് പറഞ്ഞിട്ടുണ്ട്..എപ്പോഴും ധൈരൃമായിരിക്കാൻ പറഞ്ഞിട്ടുണ്ട്..എന്നും ഏട്ടൻ കൂടെയുണ്ടാവു മെന്നും..ഞങ്ങൾക്ക് വേണ്ടതൊക്കെ ചെയ്ത് വച്ചിട്ടാ ഏട്ടൻ പോയിരിക്കുന്നത്..ഞാൻ കരഞ്ഞാ ആ ആത്മാവിന് നോവും..ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായിത്തന്നെ ഞങ്ങൾ ജീവിക്കും..എന്റെ ഏട്ടന് വേണ്ടി..ഞാൻ ഇറങ്ങട്ടെ അച്ഛാ..എന്നെയോർത്ത് അച്ഛൻ വിഷമിക്കരുത്..”

ദൃഢമായിരുന്നു ആ വാക്കുകൾ.. ഭർത്താവിന്റെ വിധവയായി ഒരു കോണിൽ മറ്റുളളവരുടെ കാരുണൃത്തിന് നിൽക്കാതെ ജീവിച്ചു കാണിക്കാൻ അവളെടുത്ത ചങ്കൂറ്റം..ഒരച്ഛൻ എന്ന നിലയ്ക്ക് എനിക്ക് ഏറ്റവും അഭിമാനം തോന്നിയ നിമിഷം..