മഹറ്
രചന: സജിമോൻ തൈപറമ്പ്.
::::::::::::::::::::::::
ഇന്ന് ഞാനെന്റെ ഭർത്താവിന് വേണ്ടി ,പെണ്ണ് കാണാൻ പോവുകയാണ്.
കേൾക്കുമ്പോൾ നിങ്ങൾ നെറ്റി ചുളിക്കുന്നുണ്ടാവും.
പക്ഷേ സത്യമാണ് ,അതും ,ഏറെനാള് കൊണ്ടുള്ള എന്റെ ശ്രമഫലമായിട്ടാണ് കെട്ടൊ?
കാരണം, എനിക്ക് എന്റെ ഭർത്താവിന്റെ ചോ രയിൽ ഉണ്ടായൊരു കുഞ്ഞിനെ തന്നെ വേണം എന്ന ,അദമ്യമായ ആഗ്രഹം കൊണ്ടാണ് ,ഞാനിങ്ങനൊരു കടുംകൈക്ക് മുതിരുന്നത്.
അതും, ഞാനിനി ഒരിക്കലും ഗർഭിണിയാകില്ല ,എന്ന് എനിക്ക് തന്നെ നൂറ് ശതമാനം ഉറപ്പായത് കൊണ്ട് മാത്രം.
അത് മറ്റൊന്നുമല്ല ,ഒരു വർഷം മുൻപ് എനിക്ക് യൂട്രസ്സ് റിമൂവ് ചെയ്യേണ്ടി വന്നു.
ഞങ്ങളുടെ കല്യാണം കഴിഞ്ഞ് അഞ്ച് വർഷം കഴിഞ്ഞിരുന്നു അപ്പോൾ.
വന്ധ്യതാ ചികിത്സ നടക്കുന്നതിനിടയിലാണ്, ഗർഭപാത്രത്തിലെ മുഴകളെ കുറിച്ചറിയുന്നത് .
അപ്പോഴേക്കും ഒരു പാട് വൈകിപ്പോയിരുന്നു.
പിന്നെ എന്റെ ഇക്കയുടെ പിന്തുണയും, ആശ്വാസ വാക്കുകളും ഒന്ന് കൊണ്ട് മാത്രമാണ്, ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത്.
ആ പാവത്തിനെ ഞാൻ ബ്ലാ ക്ക് മെയിൽ ചെയ്താണ് ഇപ്പോൾ ഈ പെണ്ണുകാണലിന് സമ്മതിപ്പിച്ചത്.
ഇക്ക ,എന്റെ ആഗ്രഹപ്രകാരം മറ്റൊരു പെണ്ണ് കെട്ടി എനിക്കൊരു കുഞ്ഞിനെ തന്നില്ലെങ്കിൽ, ഞാൻ ഇക്കയെ ഉപേക്ഷിച്ച്, എന്റെ വീട്ടിലേക്ക് പോകുമെന്ന്, ആ പാവത്തിനെ ഞാൻ ഭീഷണിപ്പെടുത്തിയിരുന്നു.
സംസാരിച്ച് നേരം പോയതറിഞ്ഞില്ല, ദാ പെണ്ണിന്റെ വീടിന് മുന്നിൽ ഞങ്ങളുടെ കാറെത്തി. ബാക്കിയൊക്കെ നിങ്ങൾ നേരിട്ട് കണ്ടോളു.
“ഉമൈബാ… ദാ അവര് വന്നിട്ടുണ്ട്”
ഉസ്മാൻ വാതിൽക്കൽ നിന്ന് കൊണ്ട്, അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.
“വരു ,കയറിയിരിക്കു നിങ്ങൾ രണ്ടാളേ ഉള്ളോ?
ഉസ്മാൻ സംശയത്തോടെ ചോദിച്ചു.
“അത് പോരെ ,ഞങ്ങളുടെ വീട്ടിലും ഞങ്ങൾ രണ്ട് പേരും മാത്രമേയുള്ളു, അത് കൊണ്ട് നിങ്ങളുടെ മോൾക്കവിടെ മറ്റ് ബുദ്ധിമുട്ടുകളൊന്നുമുണ്ടാവില്ല”
റസിയയാണ് മറുപടി പറഞ്ഞത്.
നവാസ് ഒന്നും മിണ്ടാതെ അകത്ത് കയറി കുഷ്യൻ സെറ്റിയിൽ ഇരുന്നു ,കൂടെ റസിയയും.
“മോള് നല്ല മനസ്സോടെയാണല്ലോ ഇതിന് ഇറങ്ങി തിരിച്ചത് ,സാധാരണ ഇങ്ങനൊന്നും കേട്ട് കേൾവി പോലുമില്ലാത്തതാ”
ഷബാനയുടെ ബാപ്പ സംശയം പ്രകടിപ്പിച്ചു.
“അതെന്താ, ഷബനാടെ ബാപ്പയ്ക്ക് ഞാൻ ഇന്നലെ പറഞ്ഞതൊന്നും വിശ്വാസമായില്ലേ ?
“അതല്ല മോളേ എന്നാലും ഒരിത്”
“ഒന്നുമില്ല ,നിങ്ങളുടെ മോളേ എന്റെ ഭർത്താവിന്റെ കെട്ടിയോളാക്കുന്നതിൽ, നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറഞ്ഞാൽ മതി”
“അയ്യോ !അങ്ങനൊന്നുമില്ല മോളേ, രണ്ട് വർഷമായി വിധവയായി നില്ക്കുന്ന അവൾക്ക്” ഞങ്ങൾ മരിക്കുന്നതിന് മുമ്പ് നല്ലൊരു ജീവിതമുണ്ടായി കാണണമെന്നായിരുന്നു, ഞങ്ങളുടെ ആഗ്രഹം ,സാധാരണ ഒരു പെൺകുട്ടിയെ കെട്ടിക്കുന്നതിനെക്കാൾ ,കൂടുതൽ പൊന്നും പണവുമാ, ഭർത്താവ് മരിച്ച ഒരു സ്ത്രീയെ കല്യാണം കഴിക്കാൻ ,പലരും ചോദിക്കുന്നത്, അതിന് ഈ വാടക വീട്ടിൽ കിടക്കുന്ന ഞങ്ങളെ കൊണ്ട് നിവൃത്തിയില്ലെന്ന് മോൾക്കറിയാമല്ലോ ,അല്ലേൽ പിന്നെ ഏതെങ്കിലും കിഴവന്മാർക്ക് പിടിച്ച് കൊടുക്കണം, അതിന് മനസ്സനുവദിക്കാത്തത് കൊണ്ടാണ്, മോളുടെ ആഗ്രഹം ,എന്നോട് പറഞ്ഞതപ്പോൾ, ആദ്യം എനിക്ക് ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് ഞാൻ സമ്മതിച്ചത്., എത്രയോ സ്ഥലത്ത് ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു പുരുഷൻ, മൂന്നും നാലും ഭാര്യമാരുമായി സന്തോഷത്തിൽ ജീവിക്കുന്നില്ലേ ?അങ്ങനെ നോക്കുമ്പോൾ ,എന്റെ മോൾക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ബന്ധമാണിതെന്ന് തോന്നി”
ഉസ്മാൻ പറഞ്ഞ് നിർത്തി.
“ഉം ശരി, ഇനി വെറുതെ സമയം കളയണ്ടാ, മോളെ വിളിച്ചേ ഞങ്ങളൊന്ന് കാണട്ടെ?
റസിയ, തിടുക്കം കൂട്ടി.
“ഉമൈബാ …അവളെ ഇങ്ങ് വിളിക്ക്”
അടുക്കളയിലേക്കുള്ള ഡോർ കർട്ടൻ വകഞ്ഞ് മാറ്റി ,ഒരു ഡ്രേയിൽ, രണ്ട് ഗ്ളാസ്സ് ചായയുമായി നടന്ന് വരുന്ന പെണ്ണിനെ കണ്ട്, റസിയ അമ്പരന്നു പോയി.
ഇത് തന്റെ സ്കൂളിൽ തന്നോടൊപ്പം പഠിച്ചിരുന്ന ഷബാനയല്ലേ?
നവാസിന്റെ മുഖത്ത് നോക്കാതെ ആദ്യം ഒരു ഗ്ളാസ്സ് ചായയെടുത്ത് കൊടുത്തിട്ട്, റസിയയുടെ അടുത്ത് വന്ന് അവൾക്കും ചായകൊടുക്കുമ്പോഴാണ് ഷബാനയും ഞെട്ടിയത്.
“ഷബാന …ഇത് നിന്റെ വീടായിരുന്നോ? അന്ന് ഗൾഫിൽ വച്ച്, ആക്സിഡൻറിൽ നിന്റെ ഭർത്താവായിരുന്നോ?
റസിയ, മുഴുമിക്കുന്നതിന് മുമ്പ് ഷബാന വാ പൊത്തിപിടിച്ചോണ്ട് ഓടി അകത്തേക്ക് പോയി .
തൊട്ട് പുറകെ റസിയയും ചെന്നു.
ഏറെ നേരത്തിന് ശേഷം പുഞ്ചിരിച്ച മുഖവുമായിട്ടാണ് റസിയ ഇറങ്ങി വന്നത്.
“എങ്കിൽ നമുക്ക് ഇറങ്ങാം ഇക്ക, ബാപ്പാ.. ഉമ്മാ.. ഞങ്ങൾ പേയിട്ട് അടുത്ത ഞായറാഴ്ച്ച മഹറുമായി വരാം ,അന്ന് ഷബനയെ ബാപ്പ കൈപിടിച്ച്, ഇക്കാടെ കൈയ്യിൽ കൊടുക്കണം കെട്ടോ?
“ഇൻശഅള്ളാഹ്, അങ്ങനെയാകട്ടെ മോളേ….”
പിറ്റേ ഞായറാഴ്ച ഷബാനായെ നിക്കാഹ് കഴിച്ച് വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ, റസിയയ്ക്ക്, താൻ ഒരു വലിയ കടമ നിർവ്വഹിച്ച ചാരിതാർത്ഥ്യമായിരുന്നു.
ആ ദിവസം, തന്റെ ഭർത്താവിന്റെ മണിയറയിലേക്ക്, ഷബാനയെ പാൽ ഗ്ളാസ്സും കൊടുത്ത് കയറ്റി വിടുമ്പോൾ, റസിയയ്ക്ക് ഉളള് പിടഞ്ഞെങ്കിലും, ഒരു കുഞ്ഞിനെ താലോലിക്കാനുള്ള തന്റെ ആഗ്രഹ പൂർത്തീകരണത്തിനായ്, പാതിയെ പകുത്ത് നല്കാനായി , അവൾ തന്റെ മനസ്സിനെ, നേരത്തെ തന്നെ പാകപ്പെടുത്തിയിരുന്നു.
മണിയറ വാതില്ക്കൽ നിന്നും തിരിച്ച് ,അത് വരെ ഉപയോഗശൂന്യമായി കിടന്നിരുന്ന മുകൾ നിലയിലെ ഗസ്റ്റ് ബെഡ് റൂമിലേക്ക് നടക്കുമ്പോൾ, തന്റെ ഹൃദയം വഴിയിലുപേക്ഷിച്ചിട്ട് പോകുന്നത് പോലെ അവൾക്ക് തോന്നി.
താഴെ മണിയറയിൽ നവാസ് പുതുമഴ നനഞ്ഞ നിർവൃതിയിലാണ്ടുറങ്ങിയപ്പോൾ, റസിയ ,മുകളിലെ മുറിയിൽ എരിയുന്ന നെഞ്ചുമായി ഉറങ്ങാതെ നേരം വെളുപ്പിച്ചു .
രാവിലെ അടുക്കളയിൽ, നവാസിന് ഇഷ്ടപ്പെട്ട അരിപ്പത്തിരിയും ബീ ഫും റസിയ തയ്യാറാക്കുമ്പോൾ, ഷബാന കുളി കഴിഞ്ഞ് അങ്ങോട്ട് വന്നു.
“ങ്ഹാ , ഷബാനാ .. നീ ഈ കറിയൊന്ന് നോക്കിക്കോ, ഞാൻ ഇക്കാക്ക് ചായകൊടുത്തിട്ട് വരട്ടെ, ഇല്ലെങ്കിൽ ഇപ്പോൾ വിളി തുടങ്ങും”
“അത് ഞാൻ, പിന്നെ കൊണ്ട് കൊടുത്തോളാം, ഇക്ക ഇപ്പോൾ നല്ല ഉറക്കത്തിലാ”
അത് കേട്ടപ്പോൾ, റസിയയ്ക്ക് വല്ലാത്ത അരോചകത്വം തോന്നി.
“ഇപ്പോൾ, തന്റെ ഇക്കയ്ക്ക് ഒരു അവകാശികൂടി ഉണ്ടായിരിക്കുന്നു, എന്ന തിരിച്ചറിവ് അവളെ അസ്വസ്ഥയാക്കി.
ഷബാന കുറച്ച് കഴിഞ്ഞപ്പോൾ ചായയുമായി മണിയറയിലേക്ക് പോയി.
“നാസ്ത റെഡിയായിട്ടുണ്ട്”
പത്ത് മണിയായിട്ടും ,നവാസിനെയും, ഷബാനയെയും പുറത്തേക്ക് കാണാത്തത് കൊണ്ട് റസിയ, ഉറക്കെ വിളിച്ച് പറഞ്ഞു.
നവാസ്, ഭക്ഷണം കഴിക്കാനിരിക്കുന്ന കസേരയുടെ, അരികിൽ കിടന്ന കസേരയിൽ ,സാധാരണ പോലെ നാസ്തയും വിളമ്പിവച്ച്, റസിയ കാത്തിരുന്നു.
മണിയറ വാതിൽ തുന്ന്, നവാസും ഷബാനയും ഇറങ്ങി വന്നു.
നവാസ് ,തന്റെ ഇരിപ്പിടത്തിൽ ആസനസ്തനായി.
വലത് വശത്തായി ഷബാനയും ഇരുന്നു.
റസിയ രണ്ട് പേർക്കും ഭക്ഷണം വിളമ്പി കൊടുത്തു.
അവൾ സ്നേഹവായ്പോടെ ,നവാസിന്റെ മുഖത്ത് പലവുരു നോക്കിയെങ്കിലും, അയാളുടെ മുഖം കടന്നല് കുത്തിയത് പോലെ ഇരിക്കുകയായിരുന്നു .
റസിയയെ മൈൻഡ് ചെയ്യാതെ ,നവാസ്, ഷബാനയോട് ഓരോന്ന് ചോദിച്ചും പറഞ്ഞുമിരുന്നു.
എന്ത് പറ്റിയതാവും, തന്നോടിങ്ങനെ മുഖം കറുപ്പിക്കാനും മാത്രം എന്തുണ്ടായി.
അവൾക്ക് സങ്കടം അടക്കാനായില്ല.
കരഞ്ഞ് പോകുമെന്നായപ്പോൾ റസിയ, പാതി കഴിച്ച ഭക്ഷണ പാത്രവുമായി എഴുന്നേറ്റു.
അടുക്കളയിൽ ചെന്ന് പാത്രം കഴുകുമ്പോൾ, ഷബാന അങ്ങോട്ട് വന്നു.
“നീ ഒന്നും കഴിച്ചില്ലല്ലോ റസിയ”
“ങ്ഹാ എനിക്ക് വിശപ്പില്ലായിരുന്നു.”
“എടീ പിന്നേ.. ഇന്നലെ നവാസിക്ക എന്നോട്, പഴയ കാര്യങ്ങളൊക്കെ ചോദിച്ചു, നമ്മുടെ സ്കൂൾ ജീവിതത്തെ കുറിച്ചൊക്കെ”
അത് കേട്ടപ്പോൾ റസിയ, ജിജ്ഞാസയോടെ അവളെ തിരിഞ്ഞ് നോക്കി.
“എന്നിട്ട് ?
“എന്നിട്ടെന്താ.. ഞാനെല്ലാമങ്ങ് തുറന്ന് സംസാരിച്ചു, കൂട്ടത്തിൽ നിന്റെയും, ഷബീറിന്റെയും പ്രേമത്തെക്കുറിച്ചും പറഞ്ഞു, നീയതൊന്നും അദ്ദേഹത്തോട് ഇത് വരെ പറഞ്ഞിട്ടില്ലായിരുന്നോ?
“അതിന് പറയാനും മാത്രം എന്താടീ ഞാനും ഷബീറും തമ്മിൽ ഉണ്ടായിരുന്നത്”
റസിയ തിരിച്ച് ചോദിച്ചു .
“ഒന്നുമില്ലായിരുന്നെങ്കിൽ, നീ അഞ്ചാറ് കൊല്ലം മുമ്പുള്ള നമ്മുടെ ആദ്യ രാത്രിയിൽ തന്നെ, എന്നോട് എല്ലാം തുറന്ന് പറയുമായിരുന്നു, റസിയ..നിനക്ക് പറയാൻ പാടില്ലാത്ത പലതും സംഭവിച്ചിട്ടുള്ളത് കൊണ്ടല്ലേ ,നീയെന്നോട് ഇത്രയും നാളും എല്ലാം മറച്ച് പിടിച്ചത്, എന്റെ ജീവിതത്തിലേക്ക് ഷബാന വന്നത് കൊണ്ട്, ഇപ്പോഴെങ്കിലും ഞാനിതറിഞ്ഞു”
വാതില്ക്കൽ വന്ന് നിന്ന് നവാസ് അത് പറയുമ്പോൾ റസിയ ഞെട്ടിത്തരിച്ച് പോയി.
“ഇക്കാ…. എന്തൊക്കെയാണീ പറയുന്നത്,”
“നീ മിണ്ടരുത് ,ഇനി എന്നെ ഇക്കാ എന്നും വിളിക്കരുത് ,ഇനി എന്നെ അങ്ങനെ വിളിക്കാനുള്ള ഏക അവകാശി ഷബാന മാത്രമാണ്”
അത് കേട്ടപ്പോൾ താൻ നിന്ന നില്പിൽ, മയ്യത്തായി പോയിരുന്നെങ്കിൽ എന്നവൾ ആശിച്ച് പോയി.
താമസിയാതെ തന്നെ റസിയ,തനിക്ക് പറ്റിയ അമളിയോർത്ത് വ്യാകുലപ്പെട്ടു .
കൈയ്യിലിരുന്നത് പോകുകയും ചെയ്തു, ഉത്തരത്തിലിരുന്നത് എടുക്കാനും പറ്റിയില്ല, എന്ന അവസ്ഥയിൽ റസിയയ്ക്ക് ആ വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്നു.