രചന: സജിമോൻ തൈപറമ്പ്.
::::::::::::::::::::::::
പെണ്ണ് കാണാൻ വന്നവർ, ചടങ്ങ് കഴിഞ്ഞ് തിരിച്ച് പോയപ്പോഴാണ്, ശിവന്യ കോളേജ് ഹോസ്റ്റലിൽ നിന്ന് വന്നത്.
“ചിന്നൂ..നീയൊരല്പം കൂടി നേരത്തെ വന്നിരുന്നെങ്കിൽ നിന്റെ ഏട്ടനെ കാണാമായിരുന്നു”
ശിവന്യയെ ചിന്നുവെന്നും ,ശില്പയെ ചിപ്പിയെന്നുമാണ് വീട്ടിൽ എല്ലാവരും വിളിക്കുന്നത്.
“ങ്ഹേ.. ഏട്ടനോ അതാരാ ചിപ്പീ?
ഒന്നും മനസ്സിലാകാതെ ശിവന്യ ചേച്ചിയോട് ചോദിച്ചു .
“ഇന്ന് എന്നെ പെണ്ണ് കാണാൻ വന്ന ചെക്കനെ കുറിച്ചാ ഞാൻ പറഞ്ഞെ”
“ഓഹ് ,എടി ചേച്ചിപ്പെണ്ണെ അവര് വന്ന് കണ്ടതല്ലേയുള്ളു ,അതിന് മുമ്പേ നീയതങ്ങ് ഉറപ്പിച്ചോ?
അത് കേട്ടപ്പോൾ ശില്പയ്ക്ക് നാണം വന്നു.
“എനിക്കിഷ്ടായി ,കാണാൻ നല്ല ലുക്കാ”
“നീയാള് കൊള്ളാമല്ലോ? മിണ്ടാപ്പൂച്ചയെ പോലെയിരുന്നിട്ട് ഇപ്പോൾ പറയുന്നത് കേട്ടില്ലേ”
“ങ്ഹാ,,വന്നോ കാന്താരി ,ഇനി നീ ആരുമായിട്ട് വഴക്കടിക്കുമെടീ ,ചിപ്പി ഇനി ഒരു മാസം കൂടിയേ ഇവിടെ ഉണ്ടാവൂ”
അവരുടെ ഇടയിലേക്ക് അമ്മ സൗദാമിനി കടന്ന് വന്നു.
“ഓഹ് എന്റമ്മേ.. അത് പറഞ്ഞ് ഇപ്പോഴേ ഞങ്ങളെ കരയിക്കല്ലേ സമയമാകുമ്പോൾ ഞങ്ങള്കരഞ്ഞോളാം”
അതും പറഞ്ഞ് സങ്കടം നിറഞ്ഞ മുഖവുമായി ശിവന്യ അവളുടെ മുറിയിലേക്ക് പോയി.
ഡ്രസ്സ് മാറാനായി വാതിലടച്ച് കുറ്റിയിട്ടിട്ട്, ആദ്യമവൾ വാട്ട്സ്ആപ് ഓപ്പൺ ചെയ്തു നോക്കി.
നന്ദു, ഇപ്പോഴും ഓൺലൈനിൽ വന്നിട്ടില്ല
രണ്ട് ദിവസം മുമ്പാണ് അവസാനമായി ചാറ്റ് ചെയ്തത്.
അവന്റെ പിണക്കം മാറിയിട്ടില്ലെന്ന് തോന്നുന്നു.
അവൻ പണ്ടേ ഇങ്ങനെ തന്നെയാ നിസ്സാര കാര്യത്തിന് പോലും പിണങ്ങും.
പക്ഷേ ഇപ്പോൾ, പിണങ്ങിയിരിക്കുന്നത് കുറച്ച് സീരിയസ്സായിട്ടാ.
അവന് ഉടനെ വിവാഹം നടത്തണമെന്ന്.
പെങ്ങളുടെ കല്യാണത്തിന് ശേഷം വീട്ടിൽ തനിച്ചായ അവന്റെ അമ്മ ,അവനെ നിർബന്ധിച്ച് കൊണ്ടിരിക്കുകയാണെന്ന്.
പക്ഷേ ,തനിക്ക് പെട്ടെന്ന് എടുത്ത് ചാടി ഒരു തീരുമാനം എടുക്കാൻ പറ്റില്ലെന്നും, ഒരു ചേച്ചിയുണ്ട് ,അവളുടെ വിവാഹം കഴിഞ്ഞാൽ മാത്രമേ ,നമ്മുടെ ബന്ധത്തെക്കുറിച്ച് പോലും ഞാൻ വീട്ടിൽ പറയുകയുള്ളുവെന്നും പറഞ്ഞപ്പോഴാണ് അവന് ദേഷ്യം വന്നത്.
“എന്നാൽ നീ മൂക്കിൽ പല്ലും മുളച്ച് അവിടിരുന്നോ, ഞാൻ ഇനി നിന്നെ കാത്തിരിക്കില്ല, എന്റെ അമ്മ കാണിച്ച് തരുന്ന ഏതെങ്കിലും പെണ്ണിനെ കെട്ടിക്കൊള്ളാം”
“എന്നാൽ പോയി കെട്ട് നിനക്കെന്നെ വേണ്ടെങ്കിൽ, എനിക്ക് നിന്നെയും വേണ്ട”
അങ്ങനെയാണ്, ചാറ്റിങ്ങ് അവസാനിപ്പിച്ച് ,അവനന്ന് നെറ്റും ഓഫാക്കി പോയത്.
ഇപ്രാവശ്യത്തെ പിണക്കം കുറച്ച് സീരിയസ്സാണല്ലോ എന്നോർത്ത് ശിവന്യയുടെ ഉള്ളൊന്നാളി.
‘
അവൾ ഡ്രസ്സഴിക്കാൻ തുടങ്ങുമ്പോൾ കതകിൽ തുടരെ മുട്ട് കേട്ട്, പോയി തുറന്നു.
“തല്ക്കാലം നീ വേണോങ്കിൽ ചെക്കന്റെ ഫോട്ടോ ഒന്ന് കണ്ട് നോക്ക് ,എന്നിട്ട് പറ എങ്ങനെയുണ്ടെന്ന്”
ഒരു കവറും നീട്ടിപ്പിടിച്ച് കൊണ്ട് ശില്പ ,അനുജത്തിയോട് പറഞ്ഞു,
വ്യഗ്രതയോടെ ശിവന്യ കവറിൽ നിന്നും ഫോട്ടൊ ,ഊരിഎടുത്ത് നോക്കി.
“ഉം, നീ പറഞ്ഞത് നേരാണല്ലോ ചേച്ചീ.. ആളൊരു സിനിമാനടനെ പോലെയുണ്ടല്ലോ”
“അതെന്റെ ഭാഗ്യം , രസമിതൊന്നുമല്ല , ചേട്ടന് വേണ്ടി പെണ്ണ് ചോദിക്കാൻ വന്ന ,ചെറുക്കന്റെ അനുജനാണിത്, കാരണം ചെറുക്കൻ പെണ്ണ് ചോദിക്കാൻ വന്നത് നിന്നെയാ, അപ്പോൾ അച്ഛൻ പറഞ്ഞു ,മൂത്തവൾ നില്ക്കുമ്പോൾ എങ്ങനെ അനുജത്തിയുടെ കല്യാണം നടത്തുമെന്ന് ,അതിനൊരു ഉപായമായിട്ട് ഈ അനുജനാ പറഞ്ഞത് അയാൾക്ക് എന്നെ ഇഷ്ടമായി ,വിരോധമില്ലെങ്കിൽ അയാള് എന്നെ കെട്ടാക്കോളാമെന്ന്”
“ങ്ഹേ.. എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു?
ശിവന്യ ജിജ്ഞാസയോടെ ചോദിച്ചു.
“അച്ഛൻ പറഞ്ഞു ,നീ വരട്ടെ നിന്നോട് ചോദിച്ചിട്ട് ഒരു മറുപടി പറയാമെന്ന്”
അത് കേട്ടപ്പോൾ ശിവന്യ, ആകെ വിഷമ സ്ഥിതിയിലായി.
ഈശ്വരാ.. ചേച്ചി ഒത്തിരി സന്തോഷത്തിലാണ് ,തന്റെ ഒരു മൂളലിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്.
താൻ മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ, തകരാൻ പോകുന്നത് തന്റെ ചേച്ചിയുടെ പ്രതീക്ഷകൾ മാത്രമല്ല, അച്ഛന്റെയും, അമ്മയുടെയും മനസ്സ് കൂടിയാണ്.
പക്ഷേ, താൻ ഫോട്ടോ കണ്ടിട്ട് സമ്മതമറിയിച്ചാൽ, തന്റെ കുടുംബം സന്തോഷിക്കും പക്ഷേ തന്റെ നന്ദു അവനിത് ‘ഒരിക്കലും താങ്ങാനാവില്ല
“നീയെന്തായാലും ഈ ഫോട്ടോ കൂടി ഒന്ന് നോക്ക്, നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എനിക്കും വേണ്ട ,എന്തായാലും ഇന്ന് കണ്ട ചെക്കനെയോർത്ത് ഞാനൊരിക്കലും എന്റെ കൂടപ്പിറപ്പിനോടുള്ള സ്നേഹത്തിന് ഒട്ടും കുറവ് കാണിക്കില്ല”
ശില്പയുടെ നിർബന്ധം സഹിക്കാതെ, ഒടുവിൽ ശിവന്യ രണ്ടാമത്തെ ഫോട്ടോയിലേക്ക് നിർവ്വികാരതയോടെ നോക്കി.
പെട്ടെന്നവളുടെ മുഖത്ത് അതിശയോക്തിയുണ്ടായി.
അവൾ കണ്ണ് തിരുമ്മി കൊണ്ട് വീണ്ടും ആ ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കി.
അവൾക്ക്, തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല
“ഇത്, ഇത് നന്ദുവല്ലേ?
അതെ മോളേ.. മോളുടെ കൂട്ടുകാരൻ നന്ദകുമാർ തന്നെയാണ് അത് ,അയാൾ ഞങ്ങളോട് എല്ലാം തുറന്ന് പറഞ്ഞു.
പക്ഷേ, ചേച്ചിയുടെ കാര്യം അച്ഛൻ പറഞ്ഞപ്പോൾ, കൂടെ വന്ന നന്ദന്റെ പേരമ്മയുടെ മകനാണ് പറഞ്ഞത് , ആ സമയത്ത് അങ്ങോട്ട് ചായയുമായി വന്ന ,ചിപ്പിയെ, അയാൾക്ക് ഇഷ്ടമായെന്നും വിവാഹം കഴിക്കാൻ തയ്യാറാണെന്നും”
“അത് കേട്ടപ്പോൾ ഒരു കുടുംബത്തിലേക്ക് തന്നെ എന്റെ രണ്ട് മക്കളെയും അയക്കാമെല്ലോ , അവർക്ക് എപ്പോഴും പരസ്പരം കാണുകയും ചെയ്യാമല്ലോ എന്നോർത്തപ്പോൾ അച്ഛന് സന്തോഷം തോന്നി, പിന്നെ നിനക്ക് കുറച്ച് സർപ്രൈസ് തരാമെന്ന് കരുതിയാ, ഞങ്ങൾ ഇത്രയും സസ്പെൻസൊക്കെ ഇട്ടത്”
“ആ കുടുംബത്തിൽ വരുമ്പോഴും, നീ എന്നോട് വഴക്കിന് വരുമോടീ?
ശില്പ, അനുജത്തിയോട് കളിയാക്കി ചോദിച്ചു.
“ഒന്ന് പോടീ.. ചേച്ചീപ്പെണ്ണെ”
സന്തോഷവും ലജ്ജയും കൊണ്ട് ശിവന്യയുടെ മുഖം വിവർണ്ണമായി.
അപ്പോൾ വാട്ട്സ്ആപ്പിൽ, നോട്ടിഫിക്കേഷൻ വന്നു.
ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ, അവൾ കണ്ടത് ,ചിരിച്ച് കൊണ്ട് നില്ക്കുന്ന നന്ദുവിന്റെ, ഒരു സെൾഫിയായിരുന്നു .