അത്രയും പറഞ്ഞ് നിറഞ്ഞ് തുളുമ്പിയ മിഴികളോടെ അവൾ ഇറങ്ങിപ്പോകുന്നത് രാഹുൽ നോക്കി നിന്നു…

Actress Aishwarya Rajesh @ WE Family Utsav 2014 Inauguration Stills

രചന: സജി തൈപ്പറമ്പ്

:::::::::::::::::::::::::

രാഹുലേട്ടാ… അപ്പുറത്ത് പുതിയ വാടകക്കാര് വന്നിട്ടുണ്ടന്ന് തോന്നുന്നു

ടെറസ്സിൽ കഴുകിയ തുണികൾ വിരിക്കാൻ കയറിയ റജിന, മുകളിൽ നിന്ന് അയാളോട് വിളിച്ച് പറഞ്ഞു.

അത് കേട്ടപ്പോൾ പത്രം വായിച്ചോണ്ടിരുന്ന രാഹുൽ എഴുന്നേറ്റ് നിന്ന് മതിലിന്റെ മുകളിലൂടെ അയൽ വീട്ടിലേക്ക് എത്തി നോക്കി.

നിതംബം മറയുന്ന കേശഭാരത്തോടെ പുറംതിരിഞ്ഞ് നില്ക്കുന്ന ഒരു ചുരിദാറ്കാരിയെയാണ് ആദ്യം കണ്ടത്.

അനുപമേ … നീയാ ചെറിയ ബാഗുകളൊക്കെ ഇങ്ങോട്ടെടുത്തോ, ഫർണിച്ചറൊക്കെ ഇറക്കാൻ ലോഡിങ്ങ്കാര് ഇപ്പോൾ വരും

ഭാഗികമായി നരച്ച ഒരാൾ ,അകത്ത് നിന്ന് ഇറങ്ങി വന്ന് അവളോട് പറയുന്നു.

കുറച്ച് ഏജ്ഡ് ആണെങ്കിലും സംസാരത്തിൽനിന്നുo, അത് അവളുടെ ഭർത്താവാണെന്ന് തോന്നുന്നു

അയാൾ പറഞ്ഞത് കേട്ട് മുറ്റത്തേക്ക് തിരിച്ചിറങ്ങിയ അവളുടെ മുഖത്തേക്ക് രാഹുൽ ,വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി.

അതെ, ഇതവളല്ലേ, താൻ,താലി കെട്ടുന്നതിന് തൊട്ട് മുൻപ് കതിർമണ്ഡപത്തിൽ നിന്ന്, അവിടെ കൂടിയ അബാലവൃദ്ധം ജനങ്ങളെയും നിശ്ചലരാക്കി കൊണ്ട് കാമുകനോടൊപ്പം ഇറങ്ങിപ്പോയ അനുപമ.

അന്ന് ആ കാമുകനൊപ്പം എന്തിനും പോന്ന ആയുധധാരികളായ കുറച്ച് ചെറുപ്പക്കാരുമുണ്ടായിരുന്നത് കൊണ്ട് ആർക്കുo, അവരെ തടയാൻ കഴിഞ്ഞില്ല

അന്ന് തനിക്കേറ്റ അപമാനത്തിൽ നിന്നും കരകയറാൻ ഒരുപാട് സമയമെടുത്തു.

പക്ഷേ അതിലും വലിയ ദുരന്തമായിരുന്നു അവളുടെ വീട്ടിലുണ്ടായത്.

മകളുടെ പ്രവൃത്തി മൂലമുണ്ടായ അപമാനഭാരവും തന്റെ വീട്ടുകാരുടെ ചോദ്യങ്ങളെ പ്രതിരോധിക്കാനുള്ള നിസ്സഹായതയും മൂലം, പാവം അവളുടെ അച്ഛൻ ആത്മഹത്യ ചെയ്തു.

ആറേഴ് കൊല്ലം മുമ്പ് നടന്ന ആ സംഭവത്തെക്കുറിച്ച് ഓർക്കുമ്പോൾ രാഹുലിന് ഇപ്പോഴും നടുക്കം തോന്നുന്നുണ്ടായിരുന്നു.

അവളുടെ നോട്ടം, തന്റെ വീടിന് നേരെ തിരിയുന്നത് കണ്ടപ്പോൾ അയാൾ താഴേക്ക് കുനിഞ്ഞ് കസേരയിലിരുന്നു.

അവര് മലയാളികളാണ് ചേട്ടാ .. ഉച്ചകഴിഞ്ഞ് നമുക്ക് അങ്ങോട്ടൊന്ന് ചെന്ന് പരിചയപ്പെടാം, പുതുതായി വന്നവരല്ലേ ,ഇത് ചെന്നൈ ആയത് കൊണ്ട് ചിലപ്പോൾ ,നമ്മളും തമിഴൻമാരാണെന്ന് കരുതി അവർ അനങ്ങാതിരിക്കും

റജിനയുടെ , സംസാരത്തിൽ നിന്നും അവൾക്ക് ലക്ചറടിക്കാൻ ഒരു മലയാളി അയൽവാസിയെ കിട്ടിയ സന്തോഷത്തിലാണ് ,അവളെന്ന് രാഹുലിന് മനസ്സിലായി.

പക്ഷേ, പണ്ട് തന്നെ അപമാനിച്ച് പോയ പ്രതിശ്രുത വധുവും ഭർത്താവുമാണ് അപ്പുറത്ത് താമസത്തിന് വന്നിരിക്കുന്നതെന്ന് അറിഞ്ഞാൽ, എന്തായിരിക്കും അവളുടെ പ്രതികരണം.

രാഹുൽ അത് പറയാൻ ഒരുങ്ങിയെങ്കിലും പിന്നീട് വേണ്ടന്ന് വച്ചു.

വേണ്ട നേരിട്ട് , കാണുമ്പോൾ ,തന്നെ കണ്ടിട്ട് അനുപമയ്ക്ക് എന്തായാലും ഞെട്ടലുണ്ടാകും ,അപ്പോൾ അവളുടെ മുന്നിൽ വച്ച് ചില ചോദ്യങ്ങൾ തനിക്ക് അവളോട് ചോദിക്കണം ,ആ ചോദ്യത്തിന് മുന്നിൽ നിന്ന് അവളുരുകുന്നത് കണ്ട് ,റജിന സന്തോഷിച്ചാൽ മതി.

റജീ.. നീ ബ്രേക്ക് ഫാസ്റ്റ് എടുത്ത് വയ്ക്ക് ഞായറാഴ്ചയായത് കൊണ്ടാണെന്ന് തോന്നുന്നു, നല്ല വിശപ്പ്

ഹ ഹ ഹ, അത് ഞായറാഴ്ച ആയത് കൊണ്ടൊന്നുമല്ല അടുക്കളയിൽ നിന്നും ചിക്കൻ മസാലയുടെ മണമടിച്ചിട്ടല്ലേ?

ചിരിച്ച് കൊണ്ടവൾ അടുക്കളയിലേക്ക് നടന്നപ്പോൾ ,രാഹുൽ കൈ കഴുകി തീൻമേശയിൽ ചെന്നിരുന്നു.

ഏട്ടാ.. ഞാൻ കുളിക്കാൻ കയറുവാണേ..നിങ്ങള്കഴിച്ചിട്ട് വേഗം ഒരുങ്ങിക്കോ ,കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ഇവിടുന്ന് പത്ത് നാല്പത് കിലോമീറ്റർ ദൂരമുണ്ട്

ഓഹ്, അതൊക്കെ എനിക്കറിയാമെടീ നാല്പതല്ല, നാന്നൂറ് കിലോമീറ്ററാണങ്കിലും സമയത്ത് തന്നെ ,ഞാൻ അവിടെ പറന്നെത്തിയിരിക്കും

അയ്യോ വേണ്ടായേ .. എനിക്കറിയാം നിങ്ങള് പറത്തുന്ന ആളാണെന്ന് ,അവസാനം ഓവർ സ്പീഡെന്ന് പറഞ്ഞ് മോട്ടോർ വകുപ്പിന്റെ ഒരു നോട്ടീസ് വരും, പിഴയടക്കണമെന്നും പറഞ്ഞ്, മര്യാദയ്ക്ക് സമാധാനത്തിൽ പോയാൽ പോരെ, അപ്പോൾ പിഴയും അടക്കണ്ടാ ,കുറച്ച് നാള് കൂടി ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യാം

മ്ഹൂo.. ശരി, ശരി

അവളെയൊന്ന് ഇരുത്തി നോക്കിയിട്ട്, അയാൾ ചിക്കന്റെ കാല് കടിച്ച് പറിച്ചു.

ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് രാഹുൽ, ബെഡ് റൂമിൽ കയറി ഡ്രസ്സ് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് , ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്.

ധരിക്കാൻ എടുത്ത ജീൻസ് കട്ടിലിൽ തിരിച്ചിട്ട് ,മുൻവശത്ത് വന്ന് , വാതിൽ തുറന്ന് നോക്കുമ്പോൾ, അതാ, അവൾ വിഷാദം നിറഞ്ഞ മുഖവും കൈയ്യിൽ ഒരു പാത്രവുമായി നടന്ന് വരുന്നു.

തന്നെ കണ്ടിട്ടും അവളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലെന്നറിഞ്ഞപ്പോൾ അയാൾക്ക് അത്ഭുതം തോന്നി.

മേഡമില്ലേ? കുറച്ച് ഐസ് വാട്ടർ കിട്ടുമോന്നറിയാനാ

അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചപ്പോൾ ചുണ്ടുകൾ വിതുമ്പുന്നത് പോലെ അയാൾക്ക് തോന്നി.

മാഡം കുളിക്കുവാ, പാത്രം തരു, ഞാനെടുത്ത് തരാം

അയാൾ അകത്ത് പോയി ഫ്രിഡ്ജിലിരുന്ന,തണുത്ത വെള്ളം പാത്രത്തിലാക്കി, അവളുടെ കൈയ്യിൽ കൊണ്ട് കൊടുത്തു.

തനിക്ക് എന്നെ മനസ്സിലായില്ലേ? അതോ മനസ്സിലാകാത്ത പോലെ അഭിനയിക്കുകയാണോ?

തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ അവളോട് രാഹുൽ ചോദിച്ചു.

നിങ്ങളെ , കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു ,പക്ഷേ ഞാൻ ഞെട്ടാതിരുന്നത് അതിലും വലിയ ഒരു പാട് ഞെട്ടലുകൾ എന്റെ ജീവിതത്തിൽ നടന്ന് കഴിഞ്ഞത് കൊണ്ടാ, ഇനിയിപ്പോൾ മനസ്സിലായിട്ടും കാര്യമൊന്നുമില്ലല്ലോ ,എന്റെ ബുദ്ധിമോശം കൊണ്ട് ഞാനെന്റെ ജീവിതം തന്നെ നശിപ്പിച്ച് കളഞ്ഞില്ലേ? പിന്നെ ഒരു ജീവശ്ഛവമായിട്ട്, ഇങ്ങനെ ജീവിക്കുന്നത്, അയാൾ എനിക്ക് സമ്മാനമായി തന്നിട്ട് പോയ എന്റെ മകളുടെ ഭാവിയെങ്കിലും എനിക്ക് ഭദ്രമാക്കണം എന്ന് കരുതി മാത്രമാണ്

ങ്ഹേ, അപ്പോൾ കൂടെയുള്ളയാൾ നിന്റെ ഭർത്താവല്ലേ?

അല്ല, ഞാൻ ജീവന് തുല്യം സ്നേഹിച്ച അശ്വിന്റെ, ബോസ് ആണ് അയാൾ ,അതായത് എന്റെ ശരീരത്തിന്റെ ഇപ്പോഴത്തെ അവകാശി

അപ്പോൾ അയാൾ നിന്നെ കല്യാണം കഴിച്ചിട്ടില്ലേ?

ഇല്ല , ഇയാളുടെ കൈയ്യിൽ നിന്നും അശ്വിൻ വാങ്ങിയ ലക്ഷക്കണക്കിന് രൂപ തിരിച്ച് കൊടുക്കാൻ വേറെ നിർവ്വാഹമില്ലാത്തത് കൊണ്ട് ,എന്നെ ചതിയിൽ പെടുത്തി , ഇയാളുടെ വെപ്പാട്ടിയാക്കി കൊണ്ട് കൊടുത്തതായിരുന്നു, തൊട്ടതിന്നും പിടിച്ചതിനുമൊക്കെ , സംശയത്തിന്റെ നിഴലിലൂടെ മാത്രം എന്നെ നോക്കുന്ന ഇയാൾ, വണ്ടിയിലുണ്ടായിരുന്ന ഫർണ്ണിച്ചിറക്കാൻ വന്ന ,തൊഴിലാളിയുമായി ഞാൻ ,എന്തൊ പറഞ്ഞ് ചിരിച്ചെന്ന കാരണത്താലാണ്, എന്റെ കവിളിൽ, ദാ.. ഈ കാണുന്ന അയാളുടെ അഞ്ച് വിരലുകൾ പതിഞ്ഞത്

ഹ ഹ ഹ, നിനക്കിത് തന്നെ വേണമെടീ…ആറേഴ് കൊല്ലം മുമ്പ് ഞാൻ അനുഭവിച്ച അപമാനത്തിനും ,നൊന്ത് പെറ്റ നിന്റെ അമ്മയോടും ,വളർത്തി വലുതാക്കിയ പാവം ആ അച്ഛനോടും ചെയ്ത ക്രൂ രതയ്ക്ക് ദൈവം തന്ന ശിക്ഷയാണിത് ,അനുഭവിച്ചോ

രാഹുൽ ,തനിക്കുണ്ടായ സന്തോഷം അവളുടെ മുന്നിൽ പ്രകടിപ്പിച്ചു.

അറിയാം, പക്ഷേ ,ചെയ്ത് പോയതൊന്നും തിരുത്താനാവാത്ത വിധം, കുരുക്കിലകപ്പെട്ടു പോയി ഞാൻ, എന്നോട് ക്രൂ ര ത കാണിക്കുമെങ്കിലും എന്റെ മോളോട് വലിയസ്നേഹമാണയാൾക്ക് ,അശ്വിന്റെ മകളെ സ്വന്തം മകളായി കരുതുന്ന കാലത്തോളമേ അതുമുണ്ടാവൂ ,നിങ്ങൾക്ക് വേണമെങ്കിൽ അവിടെ വന്ന്, ഈ സത്യങ്ങളെല്ലാം അയാളോട് വിളിച്ച് പറയാം,അതോടെ എന്റെയും മകളുടെയും കാര്യത്തിൽ ഒരു തീരുമാനമാവും ,അങ്ങനെയെങ്കിലും, നിങ്ങൾക്ക് എന്നോടുള്ള പക തീരുമല്ലോ ,അല്ലാതെ ,മാപ്പ് ചോദിക്കാൻ ഞാൻ അർഹയല്ല, അത് കൊണ്ട് പറഞ്ഞ് പോയതാ

അത്രയും പറഞ്ഞ് നിറഞ്ഞ് തുളുമ്പിയ മിഴികളോടെ അവൾ ഇറങ്ങിപ്പോകുന്നത് രാഹുൽ നോക്കി നിന്നു .

വേണ്ട രാഹുലേട്ടാ ,ഈ തുറന്ന് പറച്ചില് തന്നെ അവളുടെ ക്ഷമാപണമാണ് ,ഇപ്പോൾ തന്നെ ആവശ്യത്തിലേറെ ശിക്ഷ അവൾക്ക് കിട്ടി കഴിഞ്ഞു ,ഇനിയവൾ എങ്ങനെയെങ്കിലും ജീവിച്ച് പോട്ടെ ,അവള് പോയത് കൊണ്ടല്ലേ, നിങ്ങൾക്ക് എല്ലാം തികഞ്ഞൊരു ഭാര്യയെ കിട്ടിയത്

പിറകിൽ നിന്നും റജിനയുടെ ശബ്ദം കേട്ട് രാഹുൽ തിരിഞ്ഞ് നോക്കി.

എങ്ങനെ.. എങ്ങനെ… ഞാൻ വന്ന് കെട്ടിയില്ലായിരുന്നേൽ നിന്നെ ഇത് പോലൊരു അശ്വിൻ വന്ന് അടിച്ചോണ്ട് പോയേനെ

പിന്നേ… പിന്നേ …. അനുപമയല്ല ഞാൻ, അവനെങ്ങാനും എന്റെയടുത്താണീ പണി കാണിച്ചിരുന്നതെങ്കിൽ, ഞാൻ അവന്റെ മുന്നിൽ 22 ഫീമെയിൽ കോട്ടയത്തിലെ നായികയായേനെ

അതും പറഞ്ഞവൾ, ഡ്രെസ്സ് മാറാൻ ബെഡ് റൂമിലേക്ക് കയറിയപ്പോൾ, ഒരു കള്ളച്ചിരിയോടെ , രാഹുലും കൂടെ കയറി.