നിനക്ക് ഇനിയുള്ള ജീവിതം ഇവന്റെ കൂടെ ജീവിച്ചു തീർക്കാൻ തന്നെയാണല്ലോ താല്പര്യം…

രചന : അപ്പു

::::::::::::::::::

“അവസാനമായിട്ട് നിന്നോട് ഞാൻ ഒരിക്കൽ കൂടി ചോദിക്കുകയാണ്.നിനക്ക് ഇനിയുള്ള ജീവിതം ഇവന്റെ കൂടെ ജീവിച്ചു തീർക്കാൻ തന്നെയാണല്ലോ താല്പര്യം..? അതിൽ വ്യത്യാസം ഒന്നും ഇല്ലല്ലോ..?”

കട്ടിലിൽ തളർന്നു കിടക്കുന്ന അനിരുദ്ധനെ ചൂണ്ടി കാണിച്ചുകൊണ്ട് മാളുവിനോട് ആയി മാധവൻ ചോദിച്ചു. അവളുടെ നോട്ടം ഒരു നിമിഷം കട്ടിലിൽ കിടക്കുന്ന അനിയിൽ ചെന്ന് നിന്നു.

” എന്റെ ആ അഭിപ്രായത്തിന് ഈ നിമിഷം വരെയും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇനിയൊരിക്കലും അങ്ങനെയൊരു മാറ്റം ഉണ്ടാകാനും പോകുന്നില്ല.”

ഉറച്ച ശബ്ദത്തിൽ അവൾ അത് പറയുമ്പോൾ മാധവൻ അവളെ നോക്കി ചിരിച്ചു.

” നിന്റെ തീരുമാനം നിന്റെ പ്രായത്തിന്റെ എടുത്തുചാട്ടം കൊണ്ട് ഉണ്ടാകുന്നതാണ്. കുറച്ചുനാൾ കഴിയുമ്പോൾ ഇതൊരു തെറ്റായിപ്പോയി എന്ന് നിനക്ക് തോന്നും. ആ സമയത്ത് കയ്യും കാലും അടിച്ചിട്ട് ഒരു കാര്യവുമില്ല.”

പുച്ഛത്തോടെ മാധവൻ പറഞ്ഞപ്പോൾ അവൾ അത് ചിരിയോടെ കേട്ടു നിന്നതേയുള്ളൂ.

” എനിക്ക് അങ്ങനെ ഒരു ചിന്ത ഒരുകാലത്തും ഉണ്ടാകാൻ പോകുന്നില്ല. അഥവാ ഉണ്ടായാലും ഞാൻ ഒരിക്കലും ഒരു സഹായവും ചോദിച്ചു നിങ്ങളുടെ മുന്നിലേക്ക് വരില്ല. അത്രയും അറിഞ്ഞാൽ പോരെ..? “

മുന്നിൽ നിൽക്കുന്നത് അച്ഛനാണെന്ന് വിസ്മരിച്ചു കൊണ്ടാണ് അവൾ ഒരു നിമിഷം ആ മറുപടി പറഞ്ഞത്.

“അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്റെ മകളുടെ കാര്യത്തിൽ അത് അനുഭവിച്ചറിയാനാണ് എന്റെ വിധി.”

അത്രയും പറഞ്ഞു ദേഷ്യത്തോടെ അനിയെ ഒന്നു നോക്കിക്കൊണ്ട് മാധവൻ പുറത്തേക്കിറങ്ങിപ്പോയി.

അച്ഛൻ പോയ വഴിയെ തന്നെ നോക്കി നിൽക്കുന്ന മാളുവിനെ കണ്ടപ്പോൾ അനിക്ക് ചെറിയ സങ്കടം തോന്നി.

തനിക്കു വേണ്ടിയാണ് ഇന്ന് അവൾക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്.

ആ ചിന്ത അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.

” എന്തിനാടോ താൻ എനിക്ക് വേണ്ടി.. “

അത് ചോദിക്കാതിരിക്കാൻ അവന് കഴിഞ്ഞില്ല.

” തനിക്ക് വേണ്ടി ഒന്നുമല്ല ഞാൻ അത് എനിക്ക് വേണ്ടി എടുത്ത തീരുമാനമാണ്. “

ലാഘവത്തോടെ അവൾ അത് പറയുമ്പോൾ അവൻ അവളെ തുറിച്ചു നോക്കി.

” തനിക്ക് വേണ്ടി എടുത്ത തീരുമാനമാണെന്നോ..? അതെങ്ങനെയാ തനിക്ക് വേണ്ടി..?”

സംശയത്തോടെ അനി ചോദിച്ചു.

“കാരണം.. നിങ്ങളോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമാണ്. പ്രണയമാണ്.. അത് നഷ്ടപ്പെടുത്തി കളയാൻ എനിക്ക് പറ്റില്ല.”

അവനെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞ് അവൾ അടുക്കളയിലേക്ക് കയറിപ്പോയി.

അവളെ നോക്കി കിടക്കുമ്പോൾ അനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

മാളു. കോളേജിൽ തന്റെ ജൂനിയർ ആയിരുന്നു. ആദ്യ ദിവസം തന്നെ ഒരു ഫൈറ്റോടു കൂടിയാണ് തമ്മിൽ കണ്ടത്.അതും വെറുതെ ഒരു ഫൈറ്റ് ഒന്നുമായിരുന്നില്ല.

കോളേജിലെ ആദ്യദിനത്തിലെ റാഗിംഗ് മിക്കവാറും എല്ലാ കോളേജുകളിലും സീനിയേഴ്സ് നടത്തി വരുന്ന കാര്യമാണല്ലോ.. തങ്ങളുടെ കോളേജിലും ആ ഒരു കാര്യത്തിൽ മാറ്റം ഒന്നുമില്ല.

ഞങ്ങളായിരുന്നു മാളുവിന്റെ ടീമിനെ കോളേജിലേക്ക് വെൽക്കം ചെയ്യേണ്ടിയിരുന്നത്. ആദ്യദിവസം തന്നെ എല്ലാവർക്കും ചെറിയ രീതിയിൽ പണികൾ കൊടുത്തത് തന്നെയാണ് ക്ലാസിലേക്ക് കയറ്റി വിടാൻ ഞങ്ങൾ പ്ലാൻ ചെയ്തത്.

മാളു ക്ലാസിലേക്ക് വന്നത് ഒരു ജീൻസും ടോപ്പും ഒക്കെ ഇട്ടാണ്. അത് കണ്ടപ്പോൾ തന്നെ സീനിയഴ്സിന്റെ കൂട്ടത്തിൽ കുറച്ചു പേരൊക്കെ മുറുമുറുപ്പ് തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ അവളെ പ്രത്യേകമായി നോട്ട് ചെയ്തു വയ്ക്കുകയും ചെയ്തു.

“ഡി.. ഒന്ന് ഇങ്ങു വന്നേ..”

മാളു ഞങ്ങൾക്കടുത്തെത്തിയപ്പോൾ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയാണ് വിളിച്ചത്.യാതൊരു കൂസലും ഇല്ലാതെ അവൾ മുന്നിൽ വന്നു നിന്നപ്പോൾ മറ്റുള്ളവർക്കൊക്കെ അവളോട് ദേഷ്യം തോന്നി.

” ഇന്ന് നിന്റെ കോളേജിലെ ആദ്യ ദിവസമല്ലേ..? എന്നിട്ടും ഇങ്ങനെ ഒരു കോലത്തിൽ ഇവിടേക്ക് കയറി വരാൻ നിനക്ക് നാണം തോന്നിയില്ലേ..? “

കൂട്ടത്തിലെ പെൺകുട്ടി ചോദ്യം ചോദിച്ചപ്പോൾ അവൾ ആദ്യം സ്വയം നോക്കുകയാണ് ചെയ്തത്.

“എന്റെ ഡ്രസ്സിങ്ങിന് എന്താ കുഴപ്പം..? ശരീരം മുഴുവൻ മറക്കുന്ന രീതിയിൽ തന്നെയാണല്ലോ ഞാൻ ഡ്രസ്സ് ചെയ്തിട്ടുള്ളത്..? എന്തെങ്കിലും എക്സ്പോസ്ഡ് ആണെങ്കിൽ നിങ്ങൾ ഈ പറയുന്നതിൽ കാര്യമുണ്ട്. അല്ലാതെ പിന്നെ ഞാനെന്തു വേണം എന്നുള്ളത് എന്റെ ഇഷ്ടമല്ലേ..?”

അവളുടെ ആ സംസാരവും ഭാവവും ഒന്നും ആർക്കും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.

” ഞങ്ങൾ നിന്റെ സീനിയേഴ്സ് ആണ്. ആ ഒരു ബഹുമാനം ഉണ്ടായേ പറ്റൂ. ഇന്നെന്തായാലും നീ ഈ വേഷം കെട്ടി ഇങ്ങോട്ട് വന്ന സ്ഥിതിക്ക് നിനക്ക് പണിഷ്മെന്റ് ഉണ്ട്. “

കൂട്ടത്തിലെ ഒരു വിരുതൻ അത് പറഞ്ഞുകൊണ്ട് ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റു. അപ്പോൾ പോലും അവളുടെ മുഖഭാവത്തിൽ യാതൊരു മാറ്റവും ആരും കണ്ടില്ല.

” കോളേജുകൾ റാഗിംഗ് ഫ്രീ ആണെന്ന് നിങ്ങൾക്കാർക്കും അറിയില്ലേ..? ഞാൻ പോയി ഒരു കമ്പ്ലൈന്റ് കൊടുത്താൽ തീരാവുന്നതേയുള്ളൂ നിങ്ങളുടെ ഈ ചാട്ടം. വെറുതെ എന്നെ കൊണ്ട് അത് ചെയ്യിക്കരുത്. “

ഒരു ഭീഷണി പോലെ അവളത് പറയുമ്പോൾ എല്ലാവർക്കും അവളോട് വല്ലാത്ത ദേഷ്യം തോന്നി. ആദ്യദിവസം തന്നെ വന്നു കയറിയ ഒരു ജൂനിയർ പെൺകുട്ടി സീനിയേഴ്സിനെ മുഴുവൻ വിരട്ടുന്നു എന്ന് കാണുമ്പോൾ മറ്റുള്ളവർക്ക് നല്ല കാഴ്ചയാണല്ലോ.. ഇവിടെയും അതുതന്നെ സംഭവിച്ചു.

ഞങ്ങൾക്ക് ചുറ്റും ഒരുപാട് ആളുകൾ കൂടി. പലരും ഈ രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്യുക കൂടി ചെയ്യുന്നത് കണ്ടപ്പോൾ ആകെപ്പാടെ പെട്ടുപോയി എന്നു പറയുന്നതാണ് ശരി.

” നീ ഇത്രയും ഷോ കാണിച്ച സ്ഥിതിക്ക് ഞങ്ങളോട് ഒരു മാപ്പ് പറഞ്ഞിട്ട് പോയാൽ മതി.”

ആ ചളിപ്പ് ഒഴിവാക്കാൻ വേണ്ടിയാണ് ആ സമയത്ത് ഞാൻ അങ്ങനെ പറഞ്ഞത്. പക്ഷേ അതിനു മറുപടിയായി അവൾ എന്നെ നോക്കി കണ്ണുരുട്ടുകയായിരുന്നു.

” ഞാനെന്ത് കാര്യത്തിനാ മാപ്പ് പറയേണ്ടത്..? ശരിക്കും പറഞ്ഞാൽ എന്നോട് ക്ഷമ ചോദിക്കേണ്ടത് നിങ്ങളാണ്. വെറുതെ ഈ വഴിയിൽ കൂടി നടന്നു പോയ എന്നെ വിളിച്ചു നിർത്തി എന്റെ ഡ്രസ്സിങ്ങിന്റെ പേരും പറഞ്ഞ് എന്നെ അപമാനിച്ചു.അത് വളരെ വലിയൊരു തെറ്റാണ്. നിങ്ങൾ തന്നെ ക്ഷമ പറയണം. “

കൈകൾ മാറിൽ പിണച്ച് കെട്ടിക്കൊണ്ട് അവൾ അത് പറഞ്ഞപ്പോൾ ഞങ്ങൾക്കൊക്കെയും അവളെ കൊ ല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.

അതിന്റെ പേരിൽ അവിടെ കുറെയേറെ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. അവസാനം അധ്യാപകർ ഇടപെട്ടിട്ടാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. അതും അവൾ പറഞ്ഞപോലെ അവളോട് ക്ഷമ പറയേണ്ടി വന്നു. ആ കോളേജ് റാഗിംഗ് ഫ്രീ ആക്കി മാറ്റുകയും ചെയ്തു.

ആ ഒരു സംഭവത്തോടെ തന്നെ സീനിയേഴ്സിനെയും മറ്റു കുട്ടികളുടെയും മുന്നിൽ അവൾ തന്റേടിയും അഹങ്കാരിയും ഒക്കെയായി മാറിയിരുന്നു.

പിന്നീട് ഒരിക്കൽ അവളെ നേർക്കു നേരെ കണ്ടത് എന്നോട് പ്രണയം പറയാൻ വന്നപ്പോഴായിരുന്നു. ആ ഒരു കാലഘട്ടം കൊണ്ട് തന്നെ അവളോട് ഉള്ളിന്റെയുള്ളിൽ അറിയാതെ തന്നെ ഒരു വെറുപ്പ് ഉണ്ടായതുകൊണ്ട് അവളുടെ ഇഷ്ടം സ്വീകരിക്കാൻ തോന്നിയില്ല.

എന്നോട് പ്രണയം പറഞ്ഞ അവളെ ആട്ടിപായിക്കുകയാണ് ചെയ്തത്.അതുമാത്രമല്ല കൂട്ടുകാർക്ക് മുന്നിൽ വച്ച് അവളെ അപമാനിക്കുക കൂടി ചെയ്തു.

എന്നിട്ടും അവൾ ഒന്നും പറയാതെ പുഞ്ചിരിച്ചു കൊണ്ട് നടന്നകന്നു.

വളരെ അപ്രതീക്ഷിതമായിട്ടാണ് കോളേജിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിക്ക് ഒരു ആക്സിഡന്റ് ഉണ്ടായത്. അതിൽ ശരീരത്തിന്റെ അര ഭാഗം മുഴുവൻ തളർന്നു പോയിട്ടും മനസ്സിന്റെ ധൈര്യം മാത്രം കൈവിട്ടു പോയില്ല.

അച്ഛനും അമ്മയും മാത്രം അടങ്ങുന്ന ഒരു കുടുംബമായിരുന്നു എന്റേത്.അച്ഛനും അമ്മയും കൂലിപ്പണിക്ക് പോകുന്നുണ്ട്. ഞാനും പണിക്കു പോകാറുണ്ട്.

പക്ഷേ ആക്സിഡന്റ് പറ്റി തളർന്നു കിടന്നു പോയപ്പോൾ പിന്നീട് എന്തുവേണം എന്നറിയാതെ ആയിപ്പോയി.

പെട്ടെന്നൊരു സുപ്രഭാതത്തിൽ അവൾ എന്റെ വീട്ടിലേക്ക് ഇടിച്ചു കയറി വന്നതാണ്. ഞാൻ ഇനി ഇവിടെയാണ് ഇവന്റെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം എന്ന് മാത്രമാണ് അവൾ പറഞ്ഞത്.

അതിന്റെ പിന്നാലെയാണ് അവളുടെ അച്ഛൻ അവളെയും അന്വേഷിച്ച് ഇവിടേക്ക് വന്നത്.

ഇപ്പോഴും അവളുടെ അഹങ്കാരത്തിനും തന്റേടത്തിനും മാത്രം ഒരു കുറവുമില്ല..!

അതോർക്കുമ്പോൾ അനിക്ക്, മുൻപത്തേതു പോലെ വെറുപ്പ് അല്ല പകരം ചെറിയൊരു ഇഷ്ടം തോന്നുന്നുണ്ട് എന്ന് അവനു ഓർമ്മ വന്നു.

അപ്പോഴേക്കും അവനു കുടിക്കാനുള്ള കഞ്ഞിയുമായി അവൾ അടുത്തേക്ക് എത്തിയിരുന്നു.

✍️ അപ്പു