രചന : അപ്പു
:::::::::::::::::::::::
പ്രതീക്ഷ മുഴുവൻ അവസാനിച്ചതു പോലെയാണ് ആ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് അനു പുറത്തേക്ക് ഇറങ്ങി വന്നത്. നിർവികാരതയോടെയുള്ള അവളുടെ നടപ്പ് കണ്ടപ്പോൾ മഹിയുടെ നെഞ്ച് പിടഞ്ഞു.
“അനു.. നീ ഇങ്ങനെ വിഷമിക്കല്ലേ മോളെ..”
അവളെ ആശ്വസിപ്പിക്കാൻ വേണ്ടി അവൻ ചേർത്തുപിടിച്ചെങ്കിലും അവനിൽ നിന്ന് അകന്നു മാറാനാണ് ആ നിമിഷം അവൾക്ക് തോന്നിയത്. അവളുടെ മനസ്സ് അറിയുന്നതുകൊണ്ട് തന്നെ അവളുടെ ആ പെരുമാറ്റം അവനെ വേദനിപ്പിച്ചില്ല.
” നീ ഇങ്ങനെ എന്നിൽ നിന്ന് അകന്നു നിന്നു എന്ന് കരുതി നമ്മുടെ വിഷമത്തിന് പരിഹാരം ഉണ്ടാകുമോ..? ” സങ്കടത്തോടെ മഹി ചോദിച്ചപ്പോൾ അതിനെക്കാളേറെ വിഷമത്തോടെ അനു അവനെ നോക്കി.
” എനിക്ക് എങ്ങനെയെങ്കിലും എന്റെ വിഷമം പുറത്തേക്ക് ഒഴുക്കി കളയണ്ടേ..?ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ..?ഇനി ഒരു ഹോപ്പും വയ്ക്കേണ്ട എന്ന് തന്നെയല്ലേ ആള് പറഞ്ഞത്..? ഈ സാഹചര്യത്തിൽ വിഷമമമല്ലാതെ എനിക്ക് മറ്റെന്ത് ഫീലിംഗ്സ് ആണ് ഉണ്ടാവേണ്ടത്..? “
ദേഷ്യത്തോടെയും സങ്കടത്തോടെയും അവൾ ചോദിക്കുമ്പോൾ അവളെ ആശ്വസിപ്പിക്കാൻ ഒരു മാർഗവും ഇല്ലല്ലോ എന്നൊരു ചിന്തയായിരുന്നു അവനിൽ..!
“നമ്മളെ ദൈവം അങ്ങനെയൊന്നും കൈവിടില്ലടോ.ഒന്നുമില്ലെങ്കിലും നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എത്രയോ ആളുകളുണ്ട്..”
അവൾക്ക് ആശ്വാസം നൽകാനായി പറഞ്ഞത് വലിയൊരു അബദ്ധമായി പോയി എന്ന് പിന്നീടുള്ള അവളുടെ ചോദ്യത്തിൽ നിന്നാണ് അവനെ മനസ്സിലായത്.
” നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരുടെ കൂട്ടത്തിൽ നമ്മുടെ നല്ലതിനുവേണ്ടി മാത്രമല്ലാതെ പ്രാർത്ഥിക്കുന്നവരും ഉണ്ടാകുമല്ലോ. എത്രയോ പേരുടെ കണ്ണീര് വീഴ്ത്തിയാണ് നമ്മൾ പുതിയൊരു ജീവിതം കെട്ടിപ്പടുത്തത്..? അങ്ങനെയുള്ളപ്പോൾ നമുക്ക് സമാധാനവും സന്തോഷവും ദൈവം വിധിച്ചിട്ടുണ്ടാവില്ല. “
നിരാശയോടെ അവൾ പറഞ്ഞ വാക്കുകൾ അവനെ വല്ലാതെ വേദനിപ്പിച്ചു.
“ഒന്നും വേണ്ടിയിരുന്നില്ല എന്ന് തനിക്ക് ഇപ്പോൾ തോന്നുന്നുണ്ടോ..?”
നിരാശയോടെ തന്നെയാണ് അവൻ ചോദിച്ചത്.അവൾ ഞെട്ടലോടെ അവനെ നോക്കി.
“ഒരിക്കലുമല്ല.ഞാനൊരിക്കലും അങ്ങനെ ചിന്തിക്കില്ല.നിന്നെ എന്റെ ജീവിതത്തിലേക്ക് ചേർത്തു വയ്ക്കാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ നേട്ടം എന്നാണ് ഈ നിമിഷവും ഞാൻ ചിന്തിക്കുന്നത്. അങ്ങനെയുള്ള എന്നോട് നീ ഈ ചോദ്യം ചോദിച്ചത് തന്നെ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു.”
അത്രയും പറഞ്ഞു കൊണ്ട് അവന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ അവൾ അവനിലേക്ക് ചാഞ്ഞു.
ആ നിമിഷം രണ്ടുപേരുടെയും മനസ്സിലൂടെ കടന്നു പോയത് തങ്ങളുടെ വിവാഹം നടക്കാൻ ഉണ്ടായ സാഹചര്യങ്ങൾ ആയിരുന്നു.
അനുവും മഹിയും കോളേജിൽ ഒരുമിച്ചു പഠിച്ചവരാണ്. സഹപാഠികൾ തമ്മിലുള്ള സൗഹൃദത്തിനേക്കാൾ ഉപരി ഇരുവരും തമ്മിൽ പ്രണയത്തിൽ ആകാൻ അധികം സമയം വേണ്ടി വന്നില്ല.
ആ വിവരം അധികം വൈകാതെ തന്നെ അനുവിന്റെയും മഹിയുടെയും വീട്ടിൽ അറിയുകയും ചെയ്തു. മഹിയുടെ വീട്ടിൽ ആ ബന്ധത്തിനോട് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.
അനുവിനെ അവർക്കെല്ലാം ഇഷ്ടമാവുകയും ചെയ്തിരുന്നു.പക്ഷേ അനുവിന്റെ വീട്ടിൽ അവസ്ഥ നേരെ തിരിച്ചായിരുന്നു.
മഹിയെ അംഗീകരിക്കാൻ അനുവിന്റെ വീട്ടുകാർ തയ്യാറായില്ല.ജാതിയിൽ തങ്ങളെക്കാൾ ഒരുപാട് താഴെയാണ് മഹി എന്നൊരു കാരണം പറഞ്ഞുകൊണ്ട് അനുവിന്റെ വീട്ടുകാർ അവളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു.
ഇത്രയൊക്കെ പറഞ്ഞിട്ടും അവളുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും കാണാത്തതുകൊണ്ട് തന്നെ വീട്ടുകാർ പിന്നീട് നയപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് ഉപദ്രവമായി കാര്യങ്ങൾ ചെയ്യുന്നതിലേക്ക് മാറിയിരുന്നു.
അങ്ങനെ അവരുടെ മനസ്സു തോന്നിയ ഒന്നായിരുന്നു മഹിയെ ഉപദ്രവിക്കുക എന്നുള്ളത്. അവന് ഒരു ആക്സിഡന്റ് നടത്തി അവനെ തളർത്തി കിടത്തി കഴിഞ്ഞാൽ പിന്നീട് അവളെ അവന്റെ അടുത്തേക്ക് വിടാതിരുന്നാൽ മതിയല്ലോ.. വേണമെങ്കിൽ അവൻ അവളെ പറ്റിച്ചു പോയി എന്നൊരു കഥയും ഉണ്ടാക്കാം.
അവരുടെ പ്ലാൻ പ്രകാരം മഹിക്ക് ആക്സിഡന്റ് ഉണ്ടാവുക തന്നെ ചെയ്തു. പക്ഷേ അവരുടെ പ്ലാനിങ്ങിൽ ചെറിയൊരു പിഴവും സംഭവിച്ചു.മഹിക്ക് ആക്സിഡന്റ് ഉണ്ടാവുമ്പോൾ അവനോടൊപ്പം അനുവും ഉണ്ടായിരുന്നു.
രണ്ടുപേർക്കും സാരമായ പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും അനുവിന് താരതമ്യേന പരിക്കുകൾ കുറവായിരുന്നു. അതുകൊണ്ടുതന്നെ അവൾ വളരെ എളുപ്പം റിക്കവർ ആയി.
അവളുടെ വീട്ടുകാർക്ക് ഒരു ഷോക്ക് തന്നെയായിരുന്നു അവളുടെ ആക്സിഡന്റ്. മഹിയെ കൊന്നു കളയണം എന്നൊരു ഉദ്ദേശം ഉണ്ടായിരുന്നെങ്കിലും ഒരിക്കലും അനുവിനെ തീർത്തു കളയണം എന്ന് അവരാരും ചിന്തിച്ചിട്ടില്ല.
ആക്സിഡന്റ് മനപൂർവ്വമായി സൃഷ്ടിച്ചതാണെന്ന് അറിയാവുന്നതു കൊണ്ടുതന്നെ അത് ആരാണ് ചെയ്തതെന്നും അനുവിനും മഹിക്കും വ്യക്തമായ ധാരണ ഉണ്ടായിരുന്നു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടും അനു സ്വന്തം വീട്ടിലേക്ക് പോകാൻ തയ്യാറായില്ല. മഹിയോടൊപ്പം തന്നെ നിന്നോളാം എന്നായിരുന്നു അവളുടെ വാശി.
എത്രയൊക്കെ പറഞ്ഞിട്ടും അവൾ തങ്ങളുടെ വഴിക്ക് വരുന്നില്ല എന്ന് കണ്ടതോടെ സ്വരം ഭീഷണിയുടേതായി മാറി.
” അച്ഛൻ ഇനി എന്തൊക്കെ പറഞ്ഞാലും ഇങ്ങനെയൊക്കെ വാശി പിടിച്ചാലും മഹി അല്ലാതെ മറ്റൊരാളും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ സമ്മതിച്ചില്ലെങ്കിൽ ഞങ്ങൾ ഒന്നിച്ചു മരിച്ചോളാം.അതിന് ആരുടേയും സഹായം വേണ്ടല്ലോ.. “
വാശിയോടെ മുന്നിൽ നിന്ന് അവൾ വിളിച്ചു പറയുമ്പോൾ അവളുടെ വാശിക്ക് മുന്നിൽ തോറ്റു കൊടുക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗ്ഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
” ഇനിയുള്ള നിന്റെ ജീവിതം ഇവനോടൊപ്പം ജീവിച്ചു തീർക്കാൻ ആണ് നീ ഉദ്ദേശിക്കുന്നതെങ്കിൽ, ഞങ്ങൾക്ക് ഇങ്ങനെ ഒരു മകളില്ല എന്ന് ഞങ്ങൾ കരുതും.”
അവളുടെ അച്ഛൻ അത് പറഞ്ഞിട്ടും അവൾക്ക് യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല. അത് സമ്മതിച്ചു കൊടുക്കുന്നത് പോലെയായിരുന്നു അവളുടെ മുഖഭാവം.
അന്ന് മഹിയുടെ കൈപ്പിടിച്ചതാണ് അനു. പക്ഷേ ആദ്യമൊക്കെ അനുവിനോട് മഹിയുടെ വീട്ടുകാർക്ക് താല്പര്യമായിരുന്നെങ്കിലും മഹിക്ക് ആക്സിഡന്റ് പറ്റിയതിനു ശേഷം മഹിയുടെ വീട്ടുകാർക്കും അവൾ ശത്രുവായി മാറി.
അവൾ കാരണമാണ് അവൻ ഇങ്ങനെ കിടക്കേണ്ടി വന്നത് എന്നൊരു ധാരണ അവർക്കുണ്ടായിരുന്നു.അതിന്റെ പേരിൽ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആയപ്പോൾ മഹി തന്നെയാണ് മറ്റൊരു വീട് എടുത്തുമാറാം എന്നൊരു ആശയം അനുവിന് മുന്നിൽ അവതരിപ്പിച്ചത്.
അവർ മറ്റൊരു വീട്ടിലേക്ക് താമസം മാറിയപ്പോൾ വീട്ടുകാരുടെ ഭാഗത്തുനിന്ന് സ്വാഭാവികമായും എതിർപ്പുകളും ശാപവചനങ്ങളും ഒക്കെ ഉണ്ടായി.
വിവാഹം കഴിഞ്ഞ് നല്ലൊരു രീതിയിൽ തന്നെയാണ് അവർ ജീവിച്ചത്. കുട്ടികൾ ഇല്ല എന്നൊരു വിഷമം മാത്രമാണ് അവർക്ക് ഉണ്ടായിരുന്നത്.
ഇപ്പോഴും അനു വിശ്വസിക്കുന്നത് രണ്ടു വീട്ടുകാരുടെയും കണ്ണീര് കണ്ടുകൊണ്ട് ജീവിതം തുടങ്ങിയതു കൊണ്ടാണ് അവർക്ക് കുട്ടികൾ ഉണ്ടാകാത്തത് എന്നാണ്.
അവളെ ഒരുവിധം ആശ്വസിപ്പിച്ചു, അവളെയും കൊണ്ട് ഒന്നും ബീച്ചിൽ ഒക്കെ പോയതിനുശേഷം ആണ് തിരികെ വീട്ടിലേക്ക് പോയത്.
പക്ഷേ വഴിയിൽ വച്ച് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ അനുവിനെ പോലെ തന്നെ മഹിയും പേടിച്ചു.
ബൈക്ക് വഴിയോരത്തേക്ക് മഹി ചേർത്തു നിർത്തി.
” ഇതെവിടുന്നാ മഹി ഒരു കുഞ്ഞിന്റെ ശബ്ദം കേൾക്കുന്നത്..?”
ചുറ്റും നോക്കിക്കൊണ്ട് അനു ചോദിക്കുമ്പോൾ അതേ സംശയം തന്നെയായിരുന്നു മഹിക്കും ഉണ്ടായത്.
“അറിയില്ല നമുക്ക് നോക്കാം..”
ഇരുവരും വണ്ടിയിൽ നിന്നിറങ്ങി ആ പ്രദേശം ഒന്നാകെ തിരച്ചിൽ നടത്തി.
ഒടുവിൽ ഒരു ചവർ കൂനയ്ക്ക് മുന്നിൽ എത്തിയപ്പോൾ കുഞ്ഞിന്റെ ശബ്ദം കുറച്ചു കൂടി ഉച്ചത്തിൽ കേട്ടു. അതോടെ അവർ കൂടുതൽ കാര്യക്ഷമമായി തന്നെ അവിടെ മുഴുവൻ തിരഞ്ഞു.
ഒടുവിൽ ചവറുകൾക്കിടയിൽ കിടക്കുന്ന പിഞ്ചുകുഞ്ഞിനെ കണ്ടപ്പോൾ അനുവിന്റെ കണ്ണ് നിറഞ്ഞു.
മറ്റൊന്നും ചിന്തിക്കാതെ അവൾ ഓടി പോയി ആ കുഞ്ഞിനെ കയ്യിലെടുത്തു. അതിന്റെ മുഖത്തേക്ക് വാൽസല്യത്തോടെ നോക്കി. പിന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ഈ കാഴ്ചകളൊക്കെയും മഹി വല്ലാത്തൊരു നിർവികാരതയോടെയാണ് നോക്കി നിന്നത്.
” മഹി..നമ്മുടെ പ്രാർത്ഥന ദൈവം കേട്ടെന്നു തോന്നുന്നു.കണ്ടില്ലേ നമുക്ക് വേണ്ടി ദൈവം ഒരു കുഞ്ഞിനെ കാത്തുസൂക്ഷിച്ചത്..? “
അനു അത് പറഞ്ഞിട്ടും അംഗീകരിക്കാൻ മഹിക്ക് കഴിയുന്നുണ്ടായിരുന്നില്ല.
“അങ്ങനെയല്ല.. നമുക്ക് ഈ കുഞ്ഞിനെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാം. അല്ലെങ്കിൽ ചിലപ്പോൾ നാളെ എന്തെങ്കിലും പ്രശ്നമായാലോ..?”
മഹി ചെറിയൊരു ടെൻഷനോടെ ചോദിച്ചു.
“അങ്ങനെ ഒരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ല.കാരണം, കുഞ്ഞിനെ വേണം എന്നുള്ള മാതാപിതാക്കൾ ആയിരുന്നെങ്കിൽ ഒരു കാരണവശാലും ചവർകൂനയിൽ ഉപേക്ഷിക്കില്ലല്ലോ. കുഞ്ഞിനെ എന്തായാലും ഞാൻ തിരിച്ചു കൊടുക്കില്ല. ഇത് നമ്മുടെ കുഞ്ഞാണ്..”
അവളുടെ സന്തോഷത്തോടെയുള്ള പറച്ചിൽ കേട്ടില്ലെന്ന് നടിക്കാൻ അവന് കഴിയുമായിരുന്നില്ല.
അവളെയും കുഞ്ഞിനെയും ഒരുപോലെ ചേർത്തു പിടിക്കുമ്പോൾ ഇനിയെന്ത് വന്നാലും, അത് ഫേസ് ചെയ്യാം എന്നൊരു ധൈര്യം അവനു വന്നു ചേർന്നിരുന്നു.
✍️ അപ്പു