രചന : അപ്പു
::::::::::::::::::::::::::
” എടൊ.. ഒന്ന് നിന്നെ.. “
പിന്നിൽ നിന്ന് കേൾക്കുന്ന വിളിയൊച്ച തനിക്ക് വേണ്ടി ഉള്ളതാണെന്ന് അറിയാം. പക്ഷെ, തിരിഞ്ഞ് നോക്കാൻ തോന്നിയില്ല.
” തന്നെ തന്നെയാ വിളിച്ചേ.. “
അതും പറഞ്ഞു ഒരുവൻ ഓടി മുന്നിലേക്ക് കയറി നിന്നു. ആ ഒരു പ്രവർത്തിയിൽ പകച്ചു പോയെങ്കിലും, അത് പുറത്ത് കാണിച്ചില്ല. ഗൗരവത്തോടെ അവനെ നോക്കി.
“തനിക്ക് ചെവി കേൾക്കാൻ പാടില്ലേ..? “
ദേഷ്യത്തോടെ അവൻ ചോദിച്ചപ്പോൾ തനിക്കും ദേഷ്യം തോന്നി.
” താൻ എന്തിനാ എന്നെ വിളിക്കുന്നെ..? താൻ വിളിക്കുമ്പോ ഒക്കെ ഞാൻ തിരിഞ്ഞു നോക്കണമെന്നുണ്ടോ..? “
ദേഷ്യത്തോടെ ചോദിച്ചു. അവന്റെ ചുണ്ടിൽ ഇത്തവണ പുഞ്ചിരി ആയിരുന്നു.
” ഞാൻ വിളിക്കുമ്പോൾ താൻ തിരിഞ്ഞു നോക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്. “
പുഞ്ചിരി കൈവിടാതെ തന്നെ അവൻ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്.
” അങ്ങനെ താൻ ഓരോന്നും പറഞ്ഞു നിർബന്ധിച്ചും എനിക്ക് ചീത്ത പേരുണ്ടാക്കി വയ്ക്കരുത്. അതിന്റെ ഒരു കുറവ് മാത്രമാണ് എന്റെ ജീവിതത്തിലുള്ളത്. “
ദേഷ്യത്തോടെയാണ് പറഞ്ഞു തുടങ്ങിയെങ്കിലും അവസാനം എത്തിയപ്പോഴേക്കും അത് സങ്കടത്തിലേക്ക് മാറി.
” തന്നെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കണമെന്ന് ആഗ്രഹം എനിക്കില്ല. പക്ഷേ എനിക്ക് പറയാനുള്ളത് താൻ കേൾക്കാതെ ഓടിയൊളിക്കുമ്പോൾ തന്നെ തടഞ്ഞു നിർത്തി പറയാൻ അല്ലേ എനിക്ക് പറ്റൂ..”
അവൻ പറഞ്ഞപ്പോൾ അവനെ ഒരു നിമിഷം നോക്കി.
” തനിക്ക് എന്താ പറയാനുള്ളത്..? “
ചോദിക്കുമ്പോൾ അവന്റെ മറുപടി എന്തായിരിക്കും എന്ന് വ്യക്തമായി തന്നെ അറിയാമായിരുന്നു.
” ഇത്രയും നാളായിട്ടും എനിക്ക് തന്നോട് എന്താ പറയാനുള്ളത് എന്ന് തനിക്ക് മനസ്സിലായില്ലേ..?”
ദേഷ്യമോ സങ്കടമോ ഒക്കെ ആയിരുന്നു അവന്റെ സ്വരത്തിൽ ഉണ്ടായിരുന്നത്.
” തനിക്ക് മനസ്സിലായിട്ടും മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നതാണ് എന്ന് എനിക്കറിയാം. പക്ഷേ എന്റെ കാര്യം തന്റെ മുന്നിൽ തുറന്നു പറയേണ്ടത് എന്റെ ആവശ്യമാണല്ലോ. അതുകൊണ്ട് പറയാം. എനിക്ക് തന്നെ ഇഷ്ടമാണ്. “
അവൻ പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു.
” താൻ ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയാം. എല്ലാവരെയും പോലെ തമാശ കളിക്കുന്നത് അല്ല ഞാൻ. ശരിക്കും തന്നെ ആത്മാർത്ഥമായും തന്നെ ഇഷ്ടമാണ്. ജീവിതത്തിൽ കൂടെ കൂട്ടണമെന്ന് ആഗ്രഹവും ഉണ്ട്. “
അവൻ അത് പറഞ്ഞപ്പോൾ എവിടെയൊക്കെയോ അവനിൽ വല്ലാത്തൊരു പ്രതീക്ഷ ഉണ്ടായിരുന്നു.
” താൻ എന്നെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞിട്ടാണോ എന്നെ ജീവിതത്തിലേക്ക് കൂടെ കൂട്ടണം എന്നൊക്കെ പറയുന്നത്..? “
ഞാൻ ചോദിക്കുമ്പോൾ ഇനി എന്തെങ്കിലും ഞാൻ അറിയാൻ ബാക്കിയുണ്ടോ എന്നൊരു ഭാവമായിരുന്നു അവനിൽ ഉണ്ടായിരുന്നത്.
” തനിക്ക് അറിയാവുന്നതും അറിയാത്തതുമായ കുറെയധികം കാര്യങ്ങൾ ഉണ്ട് എന്റെ ജീവിതത്തിൽ. ഞാനിപ്പോൾ താമസിക്കുന്നത് എന്റെ ചെറിയമ്മയുടെ കൂടെയാണ് എന്നറിയാമല്ലോ..? ചെറിയമ്മ എന്നുപറഞ്ഞാൽ എന്റെ അമ്മയുടെ അനിയത്തിയോ എന്റെ അച്ഛന്റെ അനിയന്റെ ഭാര്യയോ ഒന്നുമല്ല. എന്റെ രണ്ടാനമ്മയാണ്. അച്ഛൻ ചെയ്ത നല്ല കാര്യമാണോ മോശം കാര്യമാണോ അവരുമായുള്ള വിവാഹം എന്നെനിക്കറിയില്ല.അച്ഛനും അമ്മയും ഞാനും മാത്രമുള്ള സന്തുഷ്ട കുടുംബം ആയിരുന്നു ഞങ്ങളുടേത്. പക്ഷേ ദൈവത്തിന് ഞങ്ങളുടെ ജീവിതം അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ കൈകുഞ്ഞായിരുന്ന എന്നെ ഉപേക്ഷിച്ച് അമ്മയ്ക്ക് ദൈവത്തിനടുത്തേക്ക് പോകേണ്ടി വന്നത് . “
അത് പറഞ്ഞപ്പോൾ അറിയാതെ കഴിഞ്ഞ കാലത്തെ സങ്കടങ്ങളെല്ലാം മുന്നിലേക്ക് തെളിഞ്ഞു വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
” ഞാൻ ചെറുതായതുകൊണ്ട് തന്നെ എന്നെ നോക്കാൻ ഒരാൾ വേണമെന്ന് പറഞ്ഞ് എല്ലാവരും കൂടി നിർബന്ധിച്ചാണ് ചെറിയമ്മയെ അച്ഛനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. സാധാരണ കഥകളിലൊക്കെ കാണുന്നതു പോലെ ചെറിയമ്മയ്ക്ക് എന്നെ വലിയ സ്നേഹം തന്നെയായിരുന്നു.പക്ഷേ, അവർക്ക് സ്വന്തമായി ഒരു കുഞ്ഞു ജനിക്കുന്നത് വരെ മാത്രമായിരുന്നു അവർക്ക് എന്നോട് സ്നേഹം ഉണ്ടായിരുന്നത്. അതിനുശേഷം അവരുടെ ജീവിതത്തിൽ ഞാൻ ഒരു അധികപ്പറ്റാണ് എന്ന് ചെറിയമ്മയ്ക്ക് തോന്നിത്തുടങ്ങി.അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ ഒക്കെ എന്നെ ഉപദ്രവിക്കാറുണ്ട്. എങ്കിലും അതൊന്നും കാര്യമാക്കാതെയാണ് ഞാൻ മുന്നോട്ട് പോയത്. ആരോടും പരാതി പറയാൻ പോലും പറ്റില്ലായിരുന്നു.മുൻപൊക്കെ അച്ഛനോട് പറയാറുണ്ടായിരുന്നു. പക്ഷേ അച്ഛനും പതിയെ പതിയെ എന്നെ അവഗണിക്കുന്നത് തിരിച്ചറിഞ്ഞതോടെ അച്ഛനോടും ഞാൻ സഹായം ചോദിച്ച് ചെല്ലാതായി. “
അത്രയും പറഞ്ഞു ഞാൻ ഒന്നു നെടുവീർപ്പിട്ടു.
” പക്ഷേ കുറച്ചു നാളുകൾ കഴിഞ്ഞ് അച്ഛന് ഒരു അപകടം ഉണ്ടായി. ഒരു വണ്ടി ആക്സിഡന്റ് പറ്റിയതാണ്. അതോടെ അച്ഛൻ തളർന്നു കിടപ്പിലുമായി. വീട്ടിലെ കാര്യങ്ങളൊക്കെ ആകെ ബുദ്ധിമുട്ടലായി തുടങ്ങി. ഞാനും അച്ഛനും ചെറിയമ്മയും അവരുടെ കുഞ്ഞുമകളും ഉൾപ്പെടുന്ന നാലുപേർ പട്ടിണിയിലായി എന്ന് പറയുന്നതാണ് സത്യം.ഞാൻ സ്കൂളിൽ പഠിക്കാൻ പോകുന്നതുകൊണ്ട് ഉച്ചയ്ക്കുള്ള എന്റെ ആഹാരത്തിന് ഒരു മുട്ടലും ഉണ്ടായിട്ടില്ല. എന്റെ പഠിത്തം നിർത്താൻ ചെറിയമ്മ കുറെയൊക്കെ ശ്രമിച്ചെങ്കിലും അച്ഛന്റെ വാശി കൊണ്ടാണ് എനിക്ക് പഠിക്കാൻ പോകാൻ കഴിഞ്ഞിരുന്നത്. ഗവൺമെന്റ് സ്കൂളിൽ ആയതുകൊണ്ട് ഫീസ് ഒന്നും കൊടുക്കേണ്ടല്ലോ. പിന്നെ എന്റെ അവസ്ഥ അറിയാവുന്ന ടീച്ചർമാർ ബുക്കുകളും പുസ്തകങ്ങളും ഒക്കെ വാങ്ങി തരികയും ചെയ്യും. അച്ഛന് സുഖമില്ലാത്ത ആയതിനുശേഷം ഉച്ചയ്ക്ക് എനിക്ക് കിട്ടുന്ന ചോറ് എടുത്തുവെച്ച് വൈകുന്നേരം വീട്ടിൽ കൊണ്ടുവന്ന് കുഞ്ഞുവാവയ്ക്ക് കൂടി ഞാൻ പകർന്നു കൊടുക്കുമായിരുന്നു. എങ്കിലും അങ്ങനെ എത്ര കാലം മുന്നോട്ടു ജീവിക്കാൻ പറ്റും എന്ന് ചെറിയമ്മയ്ക്ക് സംശയമായിരുന്നു. അതുകൊണ്ടാണ് വീടിനോട് ചേർന്ന് ഒരു ചായക്കട തുടങ്ങിയത്. അയൽക്കാരുടെ ഒക്കെ സഹായത്തോടു കൂടിയാണ് ആ ഒരു സംരംഭം തുടങ്ങിയത്. ഞങ്ങളുടെ ഭാഗ്യം കൊണ്ടായിരിക്കണം അത് നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നത്.”
അതും പറഞ്ഞു അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ശ്രദ്ധ മുഴുവൻ ഞാൻ പറയുന്ന കാര്യങ്ങളിൽ തന്നെയായിരുന്നു.
” പത്താം ക്ലാസ് കഴിഞ്ഞതിൽ പിന്നെ പഠിക്കാൻ പോകാൻ ചെറിയമ്മ സമ്മതിച്ചിട്ടില്ല. ചെറിയമ്മയോടൊപ്പം കടയിൽ സഹായങ്ങളൊക്കെ ചെയ്തു നിൽക്കാനായിരുന്നു എന്നോട് പറഞ്ഞത്. എത്രയൊക്കെ വാശി പിടിച്ചാലും പഠിക്കാൻ പോകണം എന്നുള്ള എന്റെ ആഗ്രഹം നടക്കില്ല എന്ന് ഉറപ്പായതുകൊണ്ട് തന്നെ, കൂടുതൽ വാശി പിടിക്കാതെ ചെറിയമ്മയോടൊപ്പം കടയിൽ തന്നെ നിന്നു. എന്റെ അച്ഛന്റെയോ ചെറിയമ്മയുടെയോ നിറം അല്ലല്ലോ എന്റേത്. പലരും കളിയാക്കി പറയുന്നതുപോലെ കാക്ക കറുപ്പാണ്. കടയിൽ നിന്നു തുടങ്ങിയ സമയം മുതൽ തന്നെ പലരും പല അർത്ഥത്തിലും എന്നെ നോക്കുന്നതും കമന്റ് അടിക്കുന്നതും ഒക്കെ ഞാൻ കാണാറുണ്ട്. അവരോടൊക്കെ മറുപടി പറയാനും തർക്കിക്കാനും നിന്നാൽ അതിനു മാത്രമേ സമയം വരൂ എന്ന് അറിയാവുന്നതു കൊണ്ടാണ് എല്ലാം കണ്ടിട്ടും കണ്ടിട്ടില്ല എന്നൊരു ഭാവത്തിൽ നടക്കുന്നത്. പിന്നെ മാഷിന്റെ കാര്യം. മാഷും ഞാനും തമ്മിൽ ചേരില്ല മാഷേ.. കാഴ്ചയിൽ മാത്രമല്ല ഒരുപാട് കാര്യങ്ങളിൽ നമ്മൾ തമ്മിൽ അന്തരമുണ്ട്.”
ഞാൻ പറഞ്ഞപ്പോൾ അത് എന്താണെന്ന് അറിയാൻ അയാൾ എന്നെ നോക്കുന്നുണ്ട്.
” നാളെ നമ്മൾ രണ്ടാളും കൂടി നടന്നു പോകുമ്പോൾ കൊക്കും കാക്കയും കൂടി ഒരുമിച്ച് പോകുന്നു എന്ന് ആളുകൾ പറയും. എന്തിനാ വെറുതെ ആളുകളെക്കൊണ്ട് അതും ഇതും പറയിക്കുന്നത്..? ഇങ്ങനെ മുന്നോട്ടു പോയാൽ എനിക്കും സമാധാനമുണ്ട് മാഷിനും സമാധാനമുണ്ട്. അതുകൊണ്ട് മാഷിന്റെ മനസ്സിൽ തോന്നിയ ആഗ്രഹം വേണ്ടെന്നു വെച്ചേക്ക്..”
മനസ്സിനെ കല്ലാക്കി അത്രയും പറയുമ്പോൾ ഉള്ളിൽ തോന്നിയ ഇഷ്ടം അടക്കി വയ്ക്കുകയായിരുന്നു ഞാൻ.
” ആരെന്തു പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അങ്ങേയറ്റം ആത്മാർത്ഥമായി തന്നെയാണ്. നിന്നെ എന്നോടൊപ്പം കൂട്ടണം എന്നുള്ള എന്റെ ആഗ്രഹം കൊണ്ട് തന്നെയാണ് ഞാൻ അത് പറഞ്ഞത്. നീ എത്രയൊക്കെ എതിർത്താലും അത് തന്നെയാണ് സംഭവിക്കാൻ പോകുന്നത്. “
വാശിയോടെ അവൻ വിളിച്ചു പറയുമ്പോൾ എനിക്ക് ഒരു വല്ലായ്മ തോന്നി. മറുപടി പറയാതെ അവന്റെ മുന്നിൽ നിന്ന് ഓടി ഒളിക്കുമ്പോൾ ഇനി എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ഒരു ഭയം എനിക്കുണ്ടായിരുന്നു.
പക്ഷേ തീരെ പ്രതീക്ഷിക്കാതെ ഒരുനാൾ അവൻ അച്ഛനോടും അമ്മയോടും ഒപ്പം ഞങ്ങളുടെ ചെറിയ വീട്ടിലേക്ക് കയറി വന്നു. മകന്റെ വധുവായി എന്നെ തന്നെ വേണമെന്ന് അവന്റെ അച്ഛൻ പറയുമ്പോൾ, ഞാൻ നോക്കിയത് അവനെ ആയിരുന്നു. തന്റെ പ്രണയം സ്വന്തമാക്കാൻ ഒരുങ്ങുന്ന സന്തോഷമാണ് അവന്റെ കണ്ണിൽ ഞാൻ കണ്ടത്.
അവരിൽ ആർക്കെങ്കിലും എതിർപ്പ് ഉണ്ടാകുമോ എന്നറിയാൻ മൂന്നു പേരെയും മാറി മാറി വീക്ഷിച്ചെങ്കിലും എല്ലാവർക്കും നല്ല സന്തോഷമായിരുന്നു.
ആ ഒരു കാഴ്ച മതിയായിരുന്നു വിവാഹത്തിനു സമ്മതം മൂളാൻ എനിക്ക്..!!
✍️അപ്പു